Friday, July 29, 2011

ദൈവത്തിനറിയാത്ത നിധി..!! ( കവിത )






കൊടുംചതിയറിയാതെത്ര നാളീ തിരുനടയില്‍

തൊഴുകയ്യാലഞ്ജലി കൂപ്പി വണങ്ങി നിന്നു…?

കാല്‍കീഴിലെത്ര കോടികളൊളിപ്പിച്ചു മൂകം, ജന-

കോടികളുടെ കണ്ണീര്‍ കാണാതെ നിന്നു…?

ഭിക്ഷാടനത്തിന്‍ നൂറില്‍ പത്തെടുത്ത് കാണിക്കയിട്ടു

ഭക്തിയോടശ്രുപൂജ ചെയ്തെത്ര ഹരിസഹസ്രങ്ങള്‍..!!

അന്തിയുറങ്ങാനിടമില്ലാത്തോര്‍ ഉടുതുണി പുതച്ച-

ന്തമില്ലാ സ്വപ്നങ്ങള്‍ കണ്ടുറങ്ങിയതുമീ..നടയില്‍.

മത്സരക്കുതിപ്പിന്‍ അനന്തപുരികളില്‍ നിറമുള്ള

മായക്കാഴ്ചകള്‍ കണ്ട് കണ്ട് മനം പിടയുമ്പൊഴും

മനസ്സിലൊന്നേ കല്പിച്ചുറപ്പിച്ചു ശ്രീപത്മനാഭാ..

വരുമൊരു ദിനം നിന്‍റെ തൃക്കണ്‍ തുറന്നേഴന്‍റെ

വ്രണിതഹൃത്തിന്‍ മുറിവുണക്കാനൊരു തൃക്കടാക്ഷം.



ദീക്ഷയുള്ളവര്‍ ചൊന്ന ചോരച്ചുവപ്പുള്ള വാക്കുകള്‍

ദാക്ഷിണ്യരഹിതമായുപേക്ഷിച്ചതോ തെറ്റ്, തെറ്റ്.!!

ദേവാലയങ്ങള്‍ പടച്ചതും ദേവാലയങ്ങളില്‍ പടച്ചതും

ദാരുകല്പനകളില്‍ പടപ്പിന്‍ മനോധര്‍മ്മം!!

ദൈവങ്ങളെല്ലാമെപ്പോളും മുകളിലാണ്

മുകളിലുള്ളോരെല്ലാം ദൈവങ്ങളുമാണ്.

ഒരിക്കലെങ്കിലും താഴോട്ട് നോക്കുകില്‍ കാണാം

സ്വര്‍ണ്ണത്തിളക്കത്തിലും ആരുടെയൊക്കെയൊ രക്തം,

കണ്ണീര്‍, കിടപ്പറ വിട്ടോടിയവരുടെ ചങ്കറുത്ത കിനാവുകള്‍.



പ്രതിഷ്ഠകള്‍ക്ക് ദിവ്യവിളിയുണ്ടായിരുന്നെങ്കിലെന്നേ..

വെളിപാടുകളാല്‍ ലോകമഖിലം“സുഖിനോ ഭവന്തു!!“

സമത്വത്തിന്‍ സമരഗാഥകള്‍ പാടി

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് ചുരങ്ങള്‍ താണ്ടവേ

ചോര വാര്‍ന്ന് മടച്ചവന്‍ സാക്ഷി- രക്തസാക്ഷി..!!

രക്തസാക്ഷികള്‍ തന്‍ മണ്ഡപത്തേക്കാളെന്ത് പുണ്യമീ-

കലാസാക്ഷികളാം കലവറപാലകരാം വെങ്കലങ്ങള്‍ക്ക്.

വെളിപാട് തറകള്‍ ശൂന്യം, നിശ്ശബ്ദമെന്നോ…??!!

ഇറങ്ങി വരിക ദന്തഗോപുരങ്ങളില്‍ നിന്ന്

ഉറക്കെയുദ്ഘോഷിക്കുക; കാത്തുവെച്ചത്-

കണ്ടെടുത്തവര്‍ക്ക് പകുത്തെടുക്കാനല്ല,പ്രിയ-

പ്രജകളുടെ കണ്ണീരിനിതെന്‍ വരപ്രസാദം…!!!

Sunday, July 24, 2011

ബ്ലോഗിടം...!! ( കവിത )

മറന്ന് വെച്ചത്

മാന്തിയെടുക്കാനാണ്

കുഴിയെടുത്തത്.

കുഴി പൂര്‍ണ്ണമായപ്പോള്‍

കുഴിച്ചവനും മറവിയിലേക്ക്.



ഇതാണെന്‍റെ ഖബറിടം.

എന്നെ ഓര്‍ക്കാന്‍ നിങ്ങള്‍

വരേണ്ടതുമിവിടം.

മരണക്കുറിപ്പില്‍

എഴുതി വെയ്ക്കും ഞാന്‍,

നിന്‍റെ കണ്ണുകളിലെ,യൊരിറ്റ്

കണ്ണീരിനവകാശം.

Tuesday, July 19, 2011

പാളങ്ങള്‍ ( കവിത )





ജീവനുകളെ വഹിച്ചുപോം പാളങ്ങള്‍

ജീവിതത്തിനോടൊരു സമദൂരത്തിന്‍റെ

അപ്രിയമാം അകലം പുലമ്പുന്നു..!

ഏകമാനയാനങ്ങളില്‍ തിരക്കിന്‍റെ

കഥ പറയുന്നവ,യെങ്കിലും,

സമാന്തരങ്ങള്‍ക്കിടയിലൊടുക്കത്തെ-

യാത്രയുടെ കാണാകാഴ്ചകള്‍ തിരയുന്നു..!!!



ഇവിടെ ഞാനും നിങ്ങളും തനിച്ചാണ്.

കാഴ്ചയുടെ ഗതിവേഗങ്ങള്‍ക്കപ്പുറം

നിയതമാമൊരു ബിന്ദുവെ കാണാതിരിക്കാം.

കിനാവുകളെ തൊട്ടുതൊട്ട് നടക്കാം

കോര്‍ത്ത് പിടിക്കാനൊരു

കൈതലം മാത്രം തരിക.



യാത്രയുടെ തുടക്കങ്ങളില്‍ നീട്ടിയ

ചെമ്പരത്തിപ്പൂക്കള്‍ ഹൃദയമെന്നും,

പാതിവഴിയില്‍ പകുത്ത് നല്‍കിയതിനെ

ചെമ്പരത്തിയെന്നും മുഖം തിരിക്കല്ലേ..!!



സാങ്കേതികത്തിളക്കത്തില,മ്മയുടെ

ഗര്‍ഭപാത്രത്തിന് വാടകച്ചീട്ട്...!!!

വിയര്‍പ്പ്‌ ‌ കുടിച്ച് കുടിച്ച്

മരുഭൂമികള്‍ പുഷ്പിച്ചു..!!

വേരുകള്‍ ചീഞ്ഞ മരം പോലെ

നീരൊഴിഞ്ഞ മെയ്യും മനവും..!



ദ്വിമുഖമുള്ള പാളങ്ങള്‍ പോലെ

ജീവിതവും വഴി തിരിയുന്നുവോ..!!

മുകളിലെ തിരക്കിനിടയിലും

തേടുകയാണിന്നുമൊരു കൈതലം

ബന്ധങ്ങള്‍ക്ക് പതിച്ചു നല്കിയതിനോടൊപ്പം

എടുക്കാന്‍ മറന്ന് വെച്ചൊരു പണയവസ്തു.

ഓര്‍ക്കാനിടക്കിടെ മനസ്സ് പറഞ്ഞെങ്കിലും

തിരക്കില്‍ കുതറിയകന്നൊരു പ്രണയം.