Wednesday, June 16, 2010

ഇദ്ദ....!

ഈ മതിലിനപ്പുറത്താണ് സ്വര്‍ഗ്ഗം.


മതിലിന് പുറത്ത് പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന കാട്ടപ്പയുടെ ചെറു കാടുകള്‍ നോക്കണ്ട. അത് സംരക്ഷണത്തിന്‍റെ വെട്ടിത്തെളിക്കാത്ത കവചങ്ങളത്രെ. ഇടക്കിടെ പന്തലിച്ച് നില്‍ക്കുന്ന മരങ്ങളില്‍ വയസ്സ് മൂത്ത് മരിച്ച ബീവിമാരുടേയും ആശ മുഴുമിക്കാതെ മരിച്ച കാരണവന്മാരുടേയും ആത്മാക്കളുണ്ടത്രെ....!!


ഏക്കര്‍ കണക്കിന് പരന്ന് കിടക്കുന്ന പറമ്പിന് നടുവില്‍ മാളിക നില്‍ക്കുന്ന ഭാഗം നാലു പുറവും ചെങ്കല്ല് വെട്ടി പണിതുയര്‍ത്തിയ ഭീമന്‍ മതിലാണ്. മുന്‍വശത്തെ പടിപ്പുര കടന്ന് വേണം മാളികയിലേക്ക് എത്താന്‍. പടിപ്പുരയില്‍ നിന്ന് നോക്കിയാല്‍ മാളികയുടെ അകത്ത്നടുത്തളത്തില്‍ കെടാതെ കത്തുന്ന നിലവിളക്ക് കാണാം. പകലും രാത്രിയും ശാന്തമായി കത്തുന്ന നിലവിളക്ക് മാളികയുടെ ഐശ്വര്യത്തിന്‍റെ പ്രതീകമാണത്രെ.


പുറം ലോകത്തിന്‍റെ വര്‍ണ്ണാഭമായ കാഴ്ചകള്‍ അന്യമായ ബീവിമാരുടെ സ്വര്‍ഗ്ഗവും ഇതാണ്.

നിലവിളക്കില്‍ കത്തിയൊടുങ്ങുന്ന തിരികള്‍ പോലെ......,

മുറ്റത്തെ കൂട്ടില്‍ പെറ്റ് പെരുകുന്ന മുയലുകള്‍ പോലെ......!!!!


വാല്യക്കാര്‍ ചുമന്ന് കൊണ്ട് വന്ന പല്ലക്കിനുള്ളിലൂടെ പുറത്ത് കണ്ട കാഴ്ചകള്‍ അവസാനിച്ചത് മാളികയുടെ വിശാലമായ കൂടുകളിലാണ്. സമ്രുദ്ധമായി തീറ്റ ലഭിയ്ക്കുന്ന കൂടുകള്‍..!!


പ്രായമറിയിച്ചതിന്‍റെ ഇരുപത്തെട്ടാം നാളാണ് ഖയ്യാബിയെ ചുമന്ന പല്ലക്ക് മാളികയുടെ പടിപ്പുര കടന്നത്. അന്ന് ഖയ്യാബിക്ക് കഷ്ടിച്ച് പന്ത്രണ്ട് വയസ്സ്.

ഖയ്യാബിയുടെ പുത്യാപ്ല മാളിയെക്കല്‍ ഹാജിക്ക് അറുപതിലും ചെറുപ്പം.


അടയ്ക്ക ഇടിച്ച് പൊടിച്ച് മുറുക്കാനാക്കി ഹാജിക്ക് കൊടുക്കുമ്പോള്‍ ഹാജ്യാരുടെ രണ്ടാമത്തെ കെട്ട്യോള്‍ ഉമ്മാബി പറഞ്ഞു.


“......ങ്ങള്....ഒന്ന് സബൂറാക്കണം....ഓള്....കുട്ട്യല്ലേ......”

“ഊം....അന്നെ ഞമ്മള് കെട്ടിക്കൊണ്ടരുമ്പൊ.....അനക്കെത്രേര്‍ന്ന്...ബയസ്സ്.....? യ്യ്....ചെലക്കാണ്ട്....ഓളെ കാര്യം പറഞ്ഞ് മനസ്സിലാക്ക്.....”


കോളാമ്പിയിലേക്ക് നീട്ടിത്തുപ്പി ഹാജിയാര്‍.

അറബിനാട്ടില്‍ നിന്ന് കൊണ്ടുവന്ന ഊദിന്‍റെ സുഗന്ധമുള്ള അത്തറെടുത്ത് ഹാജിയാര്‍ ചെവികള്‍ക്ക് പുറകില്‍ പുരട്ടി.


“‘...ങ്ങളെ ..പേരക്കുട്ടീന്‍റെ ....പ്രായല്ലുള്ളു...ഓള്ക്ക്.....? ഒന്നടങ്ങീന്ന്.....ഇന്ന് സുബൈദാബീന്‍റെ മുറീല്...ആവാലോ....ഓളും ചെറുപ്പല്ലേ....? “‘


ഹാജിയാരുടെ മൂന്നാമത്തെ കെട്ട്യോളാണ് സുബൈദാ ബീവി.

പിരമിഡുകളുടെ നാട്ടിലെ ഫെറോവമാരുടെ രാജമന്ദിരങളില്‍ നിന്ന് വഴിതെറ്റി വന്ന ഹൂറിയെ പോലെ സുബൈദാബീവി. സുബൈദയുടെ അഴക് കണ്ട് കണ്ട് തളര്‍ന്നുറങ്ങിപ്പോയ നാളുകള്‍ ഉണ്ടത്രെ...ഹാജിയാര്‍ക്ക്.

പൂര്‍ത്തീകരിക്കപ്പെടാത്ത രതിനിര്‍വ്രുതികളുടെ നിരാശാജന്യമായ നിമിഷങ്ങളില്‍ നിയന്ത്രണം വിടുന്ന മനസ്സില്‍ നിന്ന് അറിയാതെ വമിയ്ക്കുന്ന സുബൈദാബിയുടെ നെടുവീര്‍പ്പ് തിന്നുന്ന വാക്കുകള്‍...!!ഉമ്മാബിയുടെ വാക്കുകള്‍ ഗൌനിക്കാതെ അറയിലേക്ക് പോയ ഹാജിയാര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ തളര്‍ന്ന് വീഴുകയായിരുന്നു. പേട്ടിച്ച് വിറച്ച് ഖയ്യാബി അറയുടെ വാതില്‍ തുറന്ന് പുറത്ത് വന്നു. ഉമ്മാബിയുടെ അരയ്ക്ക് വട്ടം പിടിച്ച് നിലവിളിച്ചു. പിന്നെ അറയിലേക്ക് ചൂണ്ടി പറഞ്ഞു....


“‘ ഉപ്പൂപ്പാ.....”


പിന്നില്‍ നിന്ന് ഒരു ആക്രോശം പ്രതീക്ഷിച്ച ഉമ്മാബി പക്ഷെ ഒന്നും കേട്ടില്ല..!!

സംശയത്തോടെയും ഭയത്തോടെയും അറവാതില്‍ തള്ളിത്തുറന്ന ഉമ്മാബി ഞെട്ടിപ്പോയി. അര്‍ദ്ധനഗ്നനായ ഹാജിയാര്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നു...!

ഖയ്യാബിയെ കെട്ടിപ്പിടിച്ച് ഉമ്മാബി നിര്‍ന്നിമേഷയായി തെല്ല് നിന്നു. കരയേണ്ടെന്ന് മനസ്സ് വിലക്കിയിട്ടും കൂട്ടാക്കാത്ത കണ്ണുകള്‍ മിഴിനീരൊലിപ്പിച്ചു കൊണ്ടിരുന്നു.

പുറകില്‍ തീക്ഷ്ണമായ ത്രിഷ്ണകളുടെ വേലിയേറ്റങ്ങളെ നെഞ്ചേറ്റി ദീര്‍ഘനിശ്വാസമയച്ച് സുബൈദാബിയും...


മാളികയുടെ പടിപ്പുര കടന്ന് മയ്യത്തുംകട്ടില്‍ തോളിറങ്ങി.

പന്ത്രണ്ടാം വയസ്സില്‍ വിധവയായ ഖയ്യാബിയടക്കം അസ്ഥികളില്‍ ലാവ തിളയ്ക്കുന്ന സുബൈദാബിയും മാളികയുടെ പ്രൌഢഗംഭീരമായ ഗ്രിഹനാഥസ്ഥാനം സ്വയം അലങ്കരിച്ച ഉമ്മാബിയും അടങ്ങുന്ന വിധവകളുടെ തേങ്ങലുകള്‍ക്കും സുഗന്ധദ്രവ്യങ്ങള്‍ കത്തുന്ന പുകച്ചുരുളുകള്‍ക്കും മരണം വിളിച്ചറിയിക്കുന്ന ഈണമുള്ള ഖുറാന്‍ പാരായണങ്ങള്ള്ക്കും നടുവില്‍ മാളിയക്കല്‍ ഹാജി ഒരു തൂവെള്ള തുണിക്കെട്ടായി പരിണമിച്ചു.


മാളികയുടെ പടിഞ്ഞാറ്റെയില്‍ കടലാമകളെ പോലെയുള്ള ഓട്ടുചെമ്പുകളില്‍ നെയ്ച്ചോറിനുള്ള വെള്ളം തിളയ്ക്കുന്നിടത്ത്

ഖയ്യാബി വെറുതെ നോക്കി നിന്നു.


“‘അല്ലാ....ബീവി....ങ്ങള്....ബടെ....നിക്കാണോ.....?“


തന്നേക്കാള്‍ എത്രയോ പ്രായമുള്ള മാളികയിലെ കാര്യസ്ഥന്‍ കുഞ്ഞോന്‍ക്ക തന്നോട് പറയുന്നത് കേട്ട് അത്ഭുതപ്പെട്ട് നിന്ന് ഖയ്യാബി.


“‘നല്ല രസണ്ട്.....വെള്ളം തെളക്കണത്....കാണാന്‍......എന്ത് ബെല്ല്യെ....ചെമ്പാ.....! ”


കുട്ടിത്തം മാറാത്ത ഖയ്യാബിയുടെ നിഷ്കളങ്കമായ മറുപടി കേട്ട് കുഞ്ഞോന്‍ സങ്കടപ്പെട്ടു.


“..ബീവി....ബടങ്ങനെ ....നിന്നൂടാ....അകത്ത് ബല്ല്യ ബീവിമാര്ടെ അടുത്ത് പോയി ഇരുന്നോളീ......”


കുഞ്ഞോന്‍ക്കാടെ നിര്‍ബന്ധം കൂടിയപ്പോള്‍ ഖയ്യാബി വലിയ ബീവിമാരുടെ അടുത്ത് ചെന്നിരുന്നു. സാമ്പ്രാണിയുടെ ഗന്ധം അവള്‍ക്ക് അസഹ്യമായി. മരത്തിന്‍റെ അഴികളുള്ള തട്ടികക്കപ്പുറം ഹാജിയാരുടെ മയ്യത്ത്. തറയില്‍ വിരിച്ചിട്ട തഴപ്പായയില്‍ കിടന്ന് അടക്കിപ്പിടിച്ച് കരയുന്ന വലിയ ബീവിമാരുടെ ഇടയില്‍ ഖയ്യാബി എപ്പൊഴോ..ഉറങ്ങിപ്പോയി.


ഹാജിയാരുടെ മക്കളെല്ലാം വന്നു.

അടുത്തും അകലെയും ഉള്ളവര്‍.

തെക്കെ ചായ്പ്പില്‍ കത്തിച്ച് വെച്ച ചന്ദനത്തിരിയുടെ സുഗന്ധത്തില്‍ മെയ് ലേ കുട്ടികള്‍ ഖുറാന്‍ ഓതുന്നു.

മാളികയുടെ നീണ്ട വരാന്തയില്‍ അന്നദാനം.


അത്ഭുതമൂറുന്ന മിഴികളോടെ ഖയ്യാബി എല്ലാം നോക്കി നടന്നു.

ഇദ്ധയിരിക്കുന്ന ഉമ്മാബിയും സുബൈദാബിയും അവളെ തടഞ്ഞില്ല. യാഥാസ്ഥിതികത്വത്തിന്‍റെ തലപ്പാവുള്ളവര്‍ മാത്രം അവളെ തടഞ്ഞു. സൌമ്യമായി ശകാരിച്ചു.

“ ഹാജിയാരുടെ കെട്ട്യോളാ...ഇജ്ജ്....! നാപ്പത് ദെവസം ഇദ്ദയിരിക്കണം....പൊറത്തെറങ്ങിക്കൂടാ......തിരിഞ്ഞാ....ബീവിക്ക്.....?”


അവള്‍ ഇല്ലെന്ന് തലയാട്ടി.


ഇല്ലായ്മയുടെ ചെറ്റവട്ടത്തില്‍ നിന്ന് മീന്‍ മണമുള്ള ഉടയാടകള്‍ വെടിഞ്ഞ്, കൈയ്യില്‍ മൈലാഞ്ചിയിട്ട്, അണിഞ്ഞൊരുങ്ങി ഉമ്മയോടും ഉണ്ണികളോടും കോഴികളോടും ആടുകളോടും സങ്കടത്തോടെ യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോള്‍ ചന്ദരത്തി പള്ളിയിലെ ചന്ദനക്കുടത്തിന് പോകുമ്പോള്‍ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നതും ഭയപ്പെടുന്നതും എന്ന ഉപ്പയുടെ ചോദ്യം മാത്രം മനസ്സില്‍ പ്രതിദ്ധ്വനിച്ചിരുന്നു.


മൂവന്തിയോട് അടക്കം പറയുന്ന മിന്നാമിനുങ്ങുകളെ ഉച്ചത്തില്‍ ശകാരിക്കുന്ന ചിവീടുകളുടെ ശബ്ദം കേട്ട് പല്ലക്കിലിരുന്ന് പാടം കടക്കുമ്പോള്‍ ഈ മഞ്ചല്‍ യാത്ര ഒരു ദുരിതാശ്വാസത്തിന്‍റെ പകരം വെക്കലാണെന്ന് തിരിച്ചറിയാനുള്ള പ്രായമെത്തിയിരുന്നില്ല ഖയ്യാബിക്ക്.


സാമ്പ്രാണിപ്പുകയില്‍ മനം മടുക്കുമ്പോള്‍ പുറത്തിറങ്ങി കയ്യാലക്കരികിലെ ഇരുമ്പാമ്പുളി മരത്തിനടുത്ത് വെറുതെ നില്‍ക്കും ഖയ്യാബി.

ചുറ്റും കാട്‌ പിടിച്ച മതില്‍ കെട്ടിനകത്തെ ഏകാന്തതയില്‍ ഖയ്യാബി സ്വന്തം കുടിലിനേയും ഉണ്ണികളേയും കളിക്കൂട്ടുകാരികളേയും പറ്റി വേദനയോടെ ഓര്‍ക്കും. മഞ്ചലില്‍ കയറാന്‍ നേരം ഉപ്പ പറഞ്ഞ ചന്ദനക്കുടം നേര്‍ച്ച ഇതു വരെ വരാത്തതെന്തെ എന്ന് പരിഭവിക്കും.


ഹാജിയാര്‍ മരിച്ച അന്ന് ഉപ്പ വന്നിരുന്നു.

തിരക്കിനിടയില്‍ ഒരു നോക്ക് കണ്ടു. തിരക്ക് കഴിഞ്ഞപ്പോള്‍ പോകാന്‍ നേരം ഉപ്പ ഖയ്യാബിക്കരികില്‍ വന്നു. കുറച്ച് നേരം ഖയ്യാബിയെ തന്നെ നോക്കി മൂകനായി നിന്നു. പുറകില്‍ തട്ടം കൊണ്ട് മൂക്ക് പിഴിഞ്ഞ് കണ്ണീരൊലിപ്പിച്ച് ഉമ്മ.

എങ്ങൊ അലക്ഷ്യമായി നോക്കിക്കൊണ്ട് മൂകനായി നില്‍ക്കുന്ന ഉപ്പയെ തറപ്പിച്ചു നോക്കുമ്പോള്‍ ഉമ്മയുടെ കണ്ണുകള്‍ കത്തുന്നത് പോലെ തോന്നി. പന്ത്രണ്ടാം വയസ്സില്‍ വിധവയായ മകളുടെ ദുര്യോഗത്തിന് കാരണക്കാരനായ ഉപ്പയുടെ നിരുത്തരവാദിത്തത്തിനെ കാര്‍ക്കിച്ചു തുപ്പി മനസ്സില്‍ ഖയ്യാബിയുടെ ഉമ്മ.


“മോള് ...പൊറത്ത് നിക്കണ്ടാ....അകത്ത് വല്ല്യ ബീവിമാരുടെ അടുത്ത് പോയിരിക്ക്...”‘ ഉമ്മ കണ്ണുകള്‍ തുടച്ച് ഖയ്യാബിയോട് പറഞ്ഞു.

എന്തിനെന്നറിയില്ലെങ്കിലും അവള്‍ തലയാട്ടി.

തിരിച്ചു നടന്ന് തുടങ്ങിയ ഉപ്പയെ പുറകില്‍ നിന്ന് വിളിച്ചു ഖയ്യാബി.


“ഉപ്പാ.....എന്നാ....ചന്ദനക്കുടം.....???”


സ്തബ്ദനായി നില്‍ക്കുന്ന ഉപ്പയുടെ മുഖത്ത് പ്രതീക്ഷയോടെ നോക്കി ഖയ്യാബി. അന്നാദ്യമായി ഉപ്പ കരയുന്നത് അവള്‍ കണ്ടു..!!


“ ഉമ്മാ....നിക്ക്....പള്ളിക്കൂടത്തീ....പോണം....”


അടക്കാനാവാത്ത വിമ്മിഷ്ടം ഒരു നിലവിളിയായി ഉമ്മയി നിന്ന് പുറത്ത് വന്നു. തന്‍റെ മുലപ്പാലിന്‍റെ ഗന്ധം ഖയ്യാബിയുടെ ഇളം ചുണ്ടുകളില്‍ നിന്ന് വായുവില്‍ പടരുന്നതും തനിക്കത് അനുഭവിക്കാനാവുന്നതും അവര്‍ അറിഞ്ഞു.

ഓടിച്ചെന്ന് മകളെ വാരിപ്പുണര്‍ന്നു.


“ ഉമ്മാനെ പിരാകരുത്...മോളേ....., ഉമ്മാടെ പൊന്നുമോള്‍ ഉമ്മാട് പൊറുക്കണം....”


കരച്ചിലിനിടയില്‍ അവ്യക്തമായി കേള്‍ക്കുന്ന വാക്കുകളുടെ പൊരുള്‍ ഖയ്യാബിക്ക് പൂര്‍ണ്ണമായി മനസ്സിലായീല്ല.

മെല്ലെ നടന്നു നീങ്ങുന്ന ഉമ്മയേയും ഉപ്പയേയും പടിപ്പുര കടന്ന് മറയുന്നത് വരെ അവള്‍ നോക്കി നിന്നു.


‘ ബീവീ...ങ്ങള്.....ഇബടെ....നിക്കാണൊ.....”


ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ പിന്നില്‍ കുഞ്ഞോന്‍ക്ക.


“ഉമ്മാബിത്ത ചോയ്ക്കണ്..ണ്ട്.....പോയി അറയില്‍ ഇരുന്നോളീ.....”


“ നീക്ക് വയ്യാ...കുഞ്ഞോന്‍ ക്കാ..... അവ്ടെ....മുയ്ക്കനൂം പൊകയാ....”


ഖയ്യാബിയുടെ അതേ പ്രായമുള്ള തന്‍റെ മകളെ കുറിച്ചാണ് കുഞ്ഞോന്‍ ക്ക അപ്പോള്‍ ഓര്‍ത്തത്.

പാവം ...!! ഈ കുട്ടിയുടെ ഒരു വിധി..!


“ അതല്ലാ..ബീവി. ഓല് കണ്ടാല്...ബയക്ക് പറേം....., ഇദ്ദയിരിക്കണ...ബീവിമാര്.... പൊറത്തെറങ്ങിക്കൂടാ.....അതാണ് വിധി...“


“ നിക്ക് .....ഇദ്ദ വേണ്ട....കുഞ്ഞോന്‍ ക്കാ.....”


നിസ്സഹായനായി കുഞ്ഞോന്‍ ക്ക ഖയ്യാബിയുടെ മുഖത്തേക്ക് വേദനയോടെ നോക്കി നിന്നു. ഈ കുട്ടിയെ എന്ത് പറഞ്ഞാണ് മനസ്സിലാക്കേണ്ടത് എന്നറിയാതെ അയാള്‍ വ്യസനിച്ചു. പിന്നെ ശബ്ദമടക്കി പറഞ്ഞു.


“ മോളെ... മാപ്ലാര് മരിച്ചാല്...ബീടര്...അന്യ ആണുങ്ങളെ കാണാതെം പറയാതേം...നാപ്പത് ദെവസം അകത്തിരിക്കണം..... അതാണ് ഇദ്ദ. മോള് ബേണ്ടാന്ന് പറഞ്ഞാലും സമുദായം മോള്ക്ക് തന്ന മുസീബത്താണിത്...!! “


നിര്‍ന്നിമേഷയായ് കുഞ്ഞോന്‍ ക്കയെ കേള്‍ക്കുന്ന ഖയ്യാബി പെട്ടെന്നാണ് പറഞ്ഞത്... “ അയിന്.....ഞാന്‍ ...ബീടരല്ലാലൊ.....?? ചന്ദരത്തി നേര്‍ച്ച കഴിഞ്ഞാല്.....നിക്ക് ...ന്റ്റെ ...കുടീ....പോവാലോ.....?? “‘


പിണ്ണാക്കും പഴത്തൊലിയുമിട്ട് കലക്കുന്ന കാടിവെള്ളത്തിലേക്ക് കുഞ്ഞോന്‍ ക്കയുടെ കണ്ണ്നീരിറ്റി.


മാളികയുടെ വരാന്തയില്‍ നിന്ന് പരുപരുത്ത ശബ്ദം.


“ഖയാബീവി...., അറയില്‍ ചെന്നിരിക്ക്.......!!! “


ആ ശബദത്തിന്‍റെ പ്രതിദ്ധ്വനിയ്ക്കൊപ്പം വെള്ളയുടുത്ത തലപ്പാവും അകത്തേക്ക് മറഞ്ഞു.

സങ്കോചത്തൊടെ അറയിലേക്ക് നടക്കുമ്പോള്‍ ഖയ്യാബി കുഞ്ഞോന്‍ ക്കയെ ദയനീയമായി നോക്കിക്കൊണ്ട് പറയുന്നുണ്ടായിരുന്നു...

“ കുഞ്ഞോന്‍ ക്കാ....നിക്ക് ഇദ്ദ വേണ്ടാ..... , നിക്ക് പള്ളിക്കൂടത്തീ...പോണം....!!!