Friday, March 12, 2010

ഞാനും സത്യവും...( കവിത )

ലോകം
വളരെ ചെറുതാണ്.
ഞാനാണ് വലുത്.
വലുതുകള്‍ ചേര്‍ന്ന് ചേര്‍ന്ന്
ഭൂമി, എന്തിന്
പ്രപഞ്ചം തന്നെ
കവിഞ്ഞു പോയി.

ഏദനില്‍
ബലാത്സംഗം ചെയ്യപ്പെട്ട പുരുഷന്‍
അവസ്ഥാന്തരങ്ങളോട്
സന്ധി ചെയ്ത് മരിയ്ക്കുന്നു.
സാത്താനോട്
സന്ധി ചെയ്ത് സ്ത്രീ
കൈകള്‍ കഴുകി
വിശുദ്ധയാകുന്നു.


രാജ്യങ്ങള്‍ കണ്ടെത്തിയ
യാത്രകള്‍ക്കൊടുവില്‍
സഞ്ചാരികള്‍ കാണാതെ പോയത്
അവനിലേക്ക് ചുരുങ്ങിയ
ആറടി മണ്ണ്!!!

ഞാനവസാനിക്കുന്നിടത്ത്
ലോകമവസാനിക്കുന്നു.
ബാക്കിയായവരുടെ ലോകത്ത്
ദുര്‍ഗന്ധജന്യമാം വെറും
ശവമവശേഷിയ്ക്കുന്നു...!!!

നിരപരാധികളുടെ
നിവേദനങ്ങളില്‍
നിയമം പടച്ചവനെ
പാടച്ചവന്‍ കഴുവേറ്റി!
സൃഷ്ടിയില്ലാത്തവന്റെ
സംഹാരനിയമങ്ങള്‍
സ്രഷ്ടാവിനേയും
തുറുങ്കിലടച്ചു..!!

അന്വേഷണം വഴിമുട്ടുന്നിടത്ത്
സത്യത്തിന്റെ ഹത്യ..!!!
ഞാനെന്നെങ്കിലും
സത്യമന്വേഷിച്ചാല്‍
വലുതാകുമീ ഭൂമിയും
പ്രപഞ്ചം തന്നെയും....!!!!

Thursday, March 4, 2010

ഭീകരതയുടെ ബലിയാടുകള്‍. ( കഥ )

അകലെ നിന്ന് കേട്ടു തുടങ്ങിയ പോലിസ് ജീപ്പിന്റെ അപായനിലവിളി തന്റെ വീടിന്റെ ഗേറ്റ് കടന്നു പോയിട്ടും രവിയെ ബാധിച്ചിരുന്ന ഉത്കണ്‍ഠയും ആധിയും വിട്ടു മാറിയില്ല.

പുറകില്‍ അപ്പോഴും അവളുടെ കരച്ചിലും പറച്ചിലും കേള്‍ക്കാമായിരുന്നു.

ഇന്നിന്റെ കാഴ്ച്ചകള്‍ എത്ര വിചിത്രമായാണ് കണ്ണുകളെ അധീനപ്പെടുത്തുന്നത്! കണ്ടതിനപ്പുറത്തേക്ക് ചിന്തിയ്ക്കുകയും കാഴ്ച്ചകള്‍ക്ക് പുതിയ രൂപവും തലവും ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അത് മനസ്സിന്റെ വ്യഭിചാരമായി പരിണമിക്കുന്നില്ലെ..? യാഥാര്‍ത്ഥ്യങ്ങളുടെ വര്‍ണ്ണങ്ങള്‍ കണ്ണുകള്‍ ധിഷണയിലേക്ക് എത്തിച്ചിട്ടും അതിനെ സങ്കല്‍പ്പങ്ങളാല്‍ മറികടക്കുന്ന മനസ്സ്.

പുറത്ത് ഇപ്പോഴും മഴ ചാറുന്നുണ്ട്. രാത്രിയില്‍ തുടങ്ങിയ മഴ കൂടിയും കുറഞ്ഞും പെയ്തു കൊണ്ടേയിരിക്കുന്നു.

ഭൂമിക്ക് കുളിരേകി, ഭൂമിയെ നനച്ച് പെയ്യുന്ന മഴ!

ചുട്ടുപൊള്ളുന്ന മണ്ണിന്റെ തേട്ടം കേട്ട് ആകാശത്ത് നിന്ന് ആരൊ ശിരസ്സില്‍ കൈ വെച്ച്

അനുഗ്രഹിക്കുന്നത് പോലെ...മഴ! കാരുണ്യത്തിന്റെ തലോടല്‍ പോലെ.

ചിലപ്പോള്‍ രൗദ്രതയാര്‍ജ്ജിക്കുന്ന മഴയ്ക്ക് ഒരു പകപോക്കലിന്റെ ഭാവവുമാണ്.


തലയണയില്‍ മുഖമമര്‍ത്തി കരയുന്ന ശാലിനിയുടെ ശബ്ദം പിന്നില്‍, പുറത്തെ മഴ പോലെ ഉയര്‍ന്നും താഴ്ന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

എന്ത് പറഞ്ഞാണ് അവളെ സമാധാനിപ്പിക്കേണ്ടത്? തന്റെ ഉള്ളിലെ വിങ്ങലൊതുക്കി, ഒന്നു കരയാന്‍ പോലുമാകാതെ എത്ര നാള്‍ തനിക്ക് പിടിച്ച് നില്‍ക്കാനാവും.?

ജന്നലഴികളില്‍ മുഖം അമര്‍ത്തി അറിയാതെ നിറയുന്ന കണ്ണുനീര്‍ അവള്‍ കാണാതെ രവി തുടച്ചു.


ബാംഗ്ലൂരില്‍ നിന്ന് ഹസ്സന്‍ റാവുത്തര്‍ ഫോണ്‍ ചെയ്ത് പറഞ്ഞപ്പോള്‍ ഇത്രയും സീരിയസായ വിഷയമാണെന്ന് നിനച്ചിരുന്നില്ല.

തന്റെ കോളേജ് വിദ്യാഭ്യാസ കാലം മുഴുവന്‍ കൂടെയുണ്ടായിരുന്ന ഏറ്റവും നല്ല സഹയാത്രികനായ റാവുത്തരുടെ സംരക്ഷണയില്‍ ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ ഒരു എഞ്ചിനീറിംഗ് കോളേജില്‍ തന്റെ ഒരേയൊരു മകന്‍ എലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിന് പഠിയ്ക്കുന്നു എന്നത് ജീവിതത്തിലെ അമൂല്യമായ നേട്ടങ്ങളില്‍ ഒന്നായി തോന്നിയിരുന്നു.


അവനെ പിരിഞ്ഞ് നില്‍ക്കാന്‍ ഏറെ വിഷമം ശാലിനിയ്ക്കായിരുന്നു. അന്നും അവള്‍ തടഞ്ഞിരുന്നു. കാണാമറയത്തുള്ള പഠനമൊന്നും വേണ്ടെന്ന് വിലക്കിയിരുന്നു. അന്ന് കാര്യകാരണസഹിതം അവളെ പറഞ്ഞ് മനസ്സിലാക്കി ധൈര്യം നല്‍കിയത് താന്‍ തന്നെ. മകന്റെ താത്പര്യവും ബാംഗ്ലൂരില്‍ പോയി പഠിയ്ക്കാനായിരുന്നു. പോരാത്തതിന് റാവുത്തരുടെ പിന്‍ബലവും കൂടിയായപ്പോള്‍ അധികമൊന്നും ചിന്തിച്ചില്ല.

റാവുത്തരുടെ കാര്യക്ഷമമായ ഇടപെടല്‍ മൂലമാണ് കോളേജില്‍ അഡ്മിഷ്യന്‍ കിട്ടിയത്. ഉന്നതരുടെ മക്കളും വിദേശികളും പഠിയ്ക്കുന്ന കോളേജ്. ബാംഗ്ലൂരിലെ കെങ്കേരിയില്‍ വശ്യസുന്ദരമായ നഗരഭംഗിയില്‍ നിന്ന് തെല്ല് മാറി തലയുയര്‍ത്തി നില്‍ക്കുന്ന കലാക്ഷേത്രം.


ആദ്യകാലങ്ങളില്‍ റാവുത്തരുടെ ഫ്ളാറ്റിലയിരുന്നു മകന്റെ താമസം. പിന്നെപ്പിന്നെ, പഠന സൗകര്യം കൂടുതല്‍ ലഭ്യം കോളെജ് ഹോസ്റ്റല്‍ ആണെന്ന അവന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹോസ്റ്റലിലേക്ക് മാറാന്‍ സമ്മതിക്കുകയായിരുന്നു. അപ്പോഴും ശാലിനിക്ക് താത്പര്യമില്ലയിരുന്നു. റാവുത്തരുടെ ഭാര്യ സഫിയാബിയും ഒട്ടു വിഷമിച്ചു. സ്വന്തം മകനെ പോലെ അവര്‍ അവനെ സ്നേഹിച്ചിരുന്നു.


റാവുത്തരുടെ ഫൊണ്‍ വിളിക്ക് ശേഷം ധൃതിപ്പെട്ട് ബംഗ്ലൂരിലേക്ക് യാത്ര തിരിക്കാന്‍ തുടങ്ങിയ തന്റെ കൂടെ ശാലിനിയും വരണമെന്ന് ശഠിച്ചതാണ്. താന്‍ സമ്മതിച്ചില്ല.

"പ്രിന്‍സിപ്പാളിന് എന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു.... അതിന് താനെന്തിനാ...? പഠനസം ബന്ധമായി എന്തെങ്കിലും സംസാരിക്കാനാവും. അതിനപ്പുറം മറ്റൊന്നും ചിന്തിയ്ക്കണ്ട...എന്തെങ്കിലും ഉണ്ടെങ്കില്‍ റാവുത്തരും സഫിയാബിയുമൊക്കെ പറയാതിരിക്കുമോ...? "

വിതുമ്പി നില്‍ക്കുന്ന ശാലിനിയുടെ കവിളില്‍ തട്ടി പറഞ്ഞു.

"പേടിയ്ക്കണ്ടാ...സമാധാനമായിരിക്ക്...എന്തെങ്കിലും വയ്യായ്ക ഉണ്ടെങ്കില്‍ അവനെ ഞാനിങ്ങ് കൊണ്ടു വരാം ...പോരെ..? "

വളരെ ബുദ്ധിമ്മുട്ടിയാണ് ശാലിനിയെ സമ്മതിപ്പിച്ച് യാത്ര തിരിച്ചത്.


എയര്‍പോര്‍ട്ടില്‍ റാവുത്തര്‍ ഉണ്ടായിരുന്നു.

പല പ്രാവശ്യം ചോദിച്ചിട്ടും ഫ്ളാറ്റില്‍ എത്തുന്നത് വരെ റാവുത്തര്‍ ഒന്നും പറഞ്ഞില്ല. തന്റെ സംശയങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി തരാതെ തെന്നി മാറുന്ന റാവുത്തരോട് തോന്നിയ ദേഷ്യം ഉള്ളിലൊതുക്കി ഫ്ളാറ്റിനകത്തേക്ക് കയറി.


സഫിയാബി കൊണ്ടുവന്ന ചൂട് ചായ കുടിച്ചിറക്കി സോഫയില്‍ ഇരുന്നു.

"പറയൂ..റാവുത്തര്‍...എന്തു പറ്റി എന്റെ മകന്..? ഗൗരവമായതൊന്നും ഇല്ല എന്ന് വിശ്വസിക്കാനാവുന്നില്ല. ഒന്നുമില്ലാതെ നീ എന്നെ ഇങ്ങോട്ട് വരുത്തുകയുമില്ല..."


റാവുത്തരും സഫിയാബിയും മുഖത്തോട് മുഖം നോക്കി.

"യെസ്..രവി...ഇറ്റ്സ് ഏന്‍ ആക്സിഡെന്റ്..ഓര്‍ ..ഏ.. ട്രാപ്.."

"എന്റെ മോന്....? "


ഇരുന്നിടത്ത് നിന്ന് അറിയാതെ എഴുന്നേറ്റ്പോയ രവിയെ റാവുത്തര്‍ സമാധാനിപ്പിച്ച് ഇരുത്തി.

"രവി ...സംശയത്തിന്റെ ചെറിയൊരു നിഴല്‍ മാത്രം...അത്രേയുള്ളൂ..സോളിഡ് പ്രൂഫുകള്‍ ഒന്നുമില്ല. അതു കൊണ്ടു തന്നെ ഭയപ്പെടാനില്ല. "


ദുരൂഹത വര്‍ദ്ധിച്ചു വരുന്ന റാവുത്തരുടെ സംസാരം രവിയെ എല്ലാ നിയന്ത്രണങ്ങള്‍ക്കും വിരാമമിടാന്‍ നിര്‍ബന്ധിതനാക്കി.

"തുറന്ന് പറയു...റാവുത്തര്‍...ഒന്നും മനസ്സിലാവുന്നില്ല."


"രണ്ടാഴ്ച്ചകള്‍ മുന്‍പ് ഫൈസലാബാദിലുണ്ടായ സ്ഫോടനത്തോട് ബന്ധപ്പെട്ട് പിടിക്കപ്പെട്ട മൂന്ന് പേരില്‍ രണ്ട് നൈജീരിയന്‍ സ്റ്റൂഡന്റ്സും ഒരു ഡല്‍ഹിക്കാരനുമായിരുന്നു. ആ നൈജീരിയന്‍ സ്റ്റുഡന്റ്സ് രാഹുലിന്റെ കോളേജിലെ കുട്ടികളാണ്. അതിലൊരാള്‍ രാഹുലിന്റെ റൂം മാറ്റ് ആയിരുന്നു...."

റാവുത്തര്‍ പറയുന്നത് ഉള്‍ക്കൊള്ളാനാവാതെ രവി വിയര്‍ത്തു.

"പ്രാഥമികാന്വേഷണത്തില്‍ ആ നൈജീരിയന്‍ സ്റ്റുഡന്റ് മൊഴി നല്‍കിയത് ബോംബ് നിര്‍മ്മിക്കാനുള്ള സാങ്കേതികോപദേശവും സഹായവും നല്‍കിയത് നമ്മുടെ രാഹുല്‍ ആണെന്നാണ്. "


"നോ.....! ഇല്ല; ഒരിക്കലുമില്ല. എന്റെ മോനതിന് കഴിയില്ല. "

"അറിയാം.......! അറിയാം...രവി. നമ്മുടെ മോന് അതിന് കഴിയില്ല. കൂള്‍ ഡൗണ്‍..രവി...റിലാക്സ്..."


"എന്റെ മോന്‍ എവിടുണ്ട്..? എനിക്കവനെ കാണണം...നമുക്കങ്ങോട്ട് പോകാം ....പ്ലീസ്..എഴുന്നേല്‍ക്ക്.."

"സമാധാനമായിരിക്ക്...രവി. അവന്‍ ഞങ്ങള്‍ക്കും മകനാണ്. "

"വിശദമായ അന്വേഷണത്തിന്റെ ഭാഗമായി രാഹുലിനെയും റൂമിലുണ്ടായിരുന്ന മറ്റൊരു കുട്ടിയേയും അറസ്റ്റു ചെയ്തു. ഇത്തരം കേസുകളില്‍ പോലിസ് സ്വീകരിയ്ക്കുന്ന രഹസ്യ സ്വഭാവം നമ്മളെ സഹായിച്ചു എന്നു വേണം കരുതാന്‍. ന്യൂസ് ഫ്ളാഷാവുന്നതിന് മുന്‍പേ പോലിസ് അവരെ വിട്ടയച്ചു. വിശദമായ അന്വേഷണത്തില്‍ ഒരു ഹിന്ദുവിന്റെ പേര് മനഃപ്പൂര്‍വ്വം പറഞ്ഞതാണെന്ന് അവന്‍ തന്നെ പിന്നീട് സമ്മതിച്ചു. മാത്രവുമല്ല; ഇത്രയും റെപ്പ്യൂട്ടഡ് ആയ ഒരു സ്ഥാപനത്തിലെ ഏറ്റവും നല്ല സ്റ്റുഡന്റ്സുകളില്‍ ഒരാളായ രാഹുലിനെ രക്ഷിയ്ക്കാന്‍ കോളേജ് അധികൃതരും നല്ല സ്വാധീനം ചെലുത്തി."

രവിയുടെ മുഖത്തെ അവിശ്വസനീതയും ആശ്വാസവും റാവുത്തര്‍ക്ക് വായിച്ചെടുക്കാമായിരുന്നു.


"അവരിപ്പോഴെത്തും. സ്റ്റേഷനില്‍ സൈന്‍ ചെയ്യാന്‍ പോയതാണ്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടം വിട്ടു പോകാന്‍ പാടില്ലെന്നാണ് ഓര്‍ഡര്‍. "


വരും വരായ്കകള്‍ ഓര്‍ത്ത്, തന്റെ മകന്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴം ഓര്‍ത്ത് അസ്വസ്ഥനായി രവി. ശാലിനിയോട് എന്തു പറയും എന്ന ചിന്തയും രവിയെ വല്ലാതെ അലട്ടി.

തുടര്‍നടപടികളെ പറ്റി ആലോചിച്ചും റാവുത്തരുമായി സംസാരിച്ചും സമയം നീങ്ങവേ...കാളിങ്ങ് ബെല്‍ ശബ്ദിച്ചു. സഫിയാബി വാതില്‍ തുറന്ന് കൊടുത്തു.

സഫിയാബിയുടെ സഹോദരന്റെ കൂടെ തളര്‍ന്നവശനായി തന്റെ പൊന്നുമോന്‍. അവന്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. മുഖത്തെ പ്രസരിപ്പെല്ലാം മാഞ്ഞിരിക്കുന്നു.

രവിയെ കെട്ടിപ്പിടിച്ച് കൊച്ചു കുട്ടിയെ പോലെ അവന്‍ കരഞ്ഞു. രവിക്കും കരച്ചിലടക്കാനായില്ല.

ഏതൊ അനിഷ്ടസംഭവങ്ങളുടെ കെടുതികള്‍ തന്റെ സന്തുഷ്ടകരമായ കുടുമ്പജീവിതത്തിലേക്ക് കരിനിഴല്‍ വിരിക്കുന്നതായി കണ്ട് രവിയുടെ ഹൃദയം കൂടുതല്‍ മിടിച്ചു. എങ്കിലും സധൈര്യം മകനെ ആശ്വസിപ്പിച്ചു. ധൈര്യം നല്‍കി.


മകനോടൊത്ത് ഭക്ഷണം കഴിക്കുന്നതിന്റെയും ഒരുമിച്ചിരിക്കുന്നതിന്റെയും ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ശാലിനിയെ തൃപ്തിപ്പെടുത്താന്‍ തത്കാലം ഇത് മതിയാവും. അമ്മയുമായി ഫോണില്‍ സംസാരിപ്പിക്കുകയും ചെയ്തു.


തിരിച്ചു പോരുന്നതിന് മുന്‍പ് വക്കീലിനെ കണ്ടു. കോളേജ് അധികൃതരെ കണ്ടു. ഉന്നത പോലിസ് ഓഫീസര്‍മാരെ കണ്ടു. എല്ലാവരില്‍ നിന്നും ഒരു പോലെ ഉറപ്പ് കിട്ടി.

" നത്തിങ്ങ് ടു വറീ...ഹി വില്‍ ബി ഫ്രീ..."

അയയാനും മുറുകാനും ഇടയുള്ള ഒരു കുരുക്കിലാണ് തന്റെ മകന്‍ അകപ്പെട്ടിരിക്കുന്നത് എന്ന് അറിയാമെങ്കിലും എല്ലാം ദൈവത്തിലര്‍പ്പിച്ച് മകനെ റാവുത്തരെ ഏല്‍പിച്ച് തത്കാലം മടങ്ങി.


സത്യമറിയാത്ത ശാലിനിയുടെ മുന്നില്‍ ഒരു അപരാധിയെ പോലെ നില്‍ക്കേണ്ട ഒരു നാള്‍ വരല്ലേ..എന്നും അതിന് മുമ്പ് എല്ലാ കെട്ടുകളും പൊട്ടിച്ച് സംശയത്തിന്റെ നേരിയ നിഴല്‍ പോലുമില്ലാതെ തന്റെ പൊന്നുമോന്‍ പടി കടന്ന് വരാനും രവി നെഞ്ചില്‍ കൈ വെച്ച് പ്രാര്‍ത്ഥിച്ചു.

ആക്സിഡന്റ് നിസ്സാരമായിരുന്നെങ്കിലും അവനെയിങ്ങ് കൊണ്ടു പോരാമായിരുന്നില്ലെ എന്ന ശാലിനിയുടെ കണ്ണീരിന്റെ നനവുള്ള കുറ്റപ്പെടുത്തല്‍ താനനുഭവിയ്ക്കുന്ന മാനസിക സമ്മര്‍ദ്ധങ്ങള്‍ക്ക് മേല്‍ എത്രയൊ നിസ്സാരമാണെന്ന് രവി തിരിച്ചറിയുന്നു. എങ്കിലും....

പുറത്തെ നിരത്തില്‍ നിന്നുയരുന്ന പോലിസ് വാഹനത്തിന്റെ സൈറണും അകത്ത് നിന്ന് ഉയരുന്ന ടെലിഫോണ്‍ ബെല്ലും രവിയുടെ നെഞ്ചിടിപ്പ് ഒരു മാത്രയെങ്കിലും നിശ്ചലമാക്കുന്നു