Monday, June 6, 2011

അമ്മയെ ഓര്‍ക്കാന്‍. ( കഥ )

ശ്രീദേവിയമ്മ കയ്യിലിരിക്കുന്ന കത്തിലേക്ക് നോക്കി. കാഴ്ച മറഞ്ഞു തുടങ്ങിയ അവരുടെ കണ്ണുകളില്‍ ഒരു നക്ഷത്രത്തിളക്കം..! മുറിയുടെ മൂലയില്‍ സ്ഥാപിച്ചിരുന്ന ചെറിയൊരു മേശയുടെ അരികിലേക്ക് അവര്‍ വേച്ച് വേച്ച് നടന്നു. മേശയുടെ വലിപ്പ് തുറന്ന്‌ ഗോള്‍ഡന്‍ ഫ്രയിമുള്ള പഴയൊരു കണ്ണട എടുത്ത് മുഖത്ത് വെച്ചു. കട്ടിലില്‍ ഇരുന്ന് ഉത്സാഹത്തോടെ കത്ത് തുറന്നു.

എത്ര ശ്രമിച്ചിട്ടും വായിക്കാനാവുന്നില്ല!അതിലെ അക്ഷരങ്ങള്‍, അരികിലുണ്ടായിട്ടും കയ്യെത്തിപ്പിടിക്കാനരുതാത്ത ആഗ്രഹങ്ങള്‍ പോലെ തെന്നി തെന്നി മാറുന്നു.

കണ്ണട മാറ്റേണ്ടിയിരിക്കുന്നു. അക്ഷരങ്ങളെല്ലാം വികലങ്ങളും അവ്യക്തങ്ങളുമാകുന്നു. അടുത്തും അകലെയും പിടിച്ച് പലവുരു ശ്രമിച്ച് പരാജയപ്പെട്ടു ശ്രീദേവിയമ്മ.

തുറന്ന് പിടിച്ച കത്ത് ശ്രീദേവിയമ്മയുടെ കൈവിറയലിനനുസരിച്ച് ഇളകിക്കൊണ്ടിരുന്നു. അവ്യക്തങ്ങളായ നിഴലുകളില്‍ നിന്ന്‌ വിസ്മൃതിയുടെ മുഖപടങ്ങള്‍ ഒതുക്കി മാറ്റി ഓര്‍മ്മകളുടെ വീണ്ടെടുക്കലുകളിലേക്ക് അക്ഷരങ്ങള്‍ രൂപങ്ങളായി, കാലങ്ങളായി, ജീവിതങ്ങളായി പരിണമിക്കുന്നു.പൊതുനിരത്തില്‍ നിന്ന്‌ തട്ടും തിലാനുമുള്ള ഇരുനില മാളികയിലേക്ക് തുളസിച്ചെടികളാല്‍ അതിരിട്ട വിശാലമായ മുറ്റം വരെ നീണ്ട് കിടക്കുന്ന വൃത്തിയുള്ള നടവഴി. രണ്ടേക്കറിലേറെ പരന്ന് കിടക്കുന്ന പറമ്പില്‍ എന്തെല്ലാം മരങ്ങള്‍..! നടവഴിക്ക് ഇരുവശവും തെച്ചിയും ചെട്ടിപ്പൂവും ചമ്പകവും ഗന്ധരാജനുമൊക്കെ സമൃദ്ധിയായി പൂത്തു നിന്നിരുന്നു.

ഓര്‍മ്മകളിലെ ബാല്യം പ്രതാപസുന്ദരമായിരുന്നു. കൂട്ട്കുടുംബത്തിന്‍റെ സമൃദ്ധിയില്‍ ഒറ്റപ്പെടലിന്‍റെ അസ്വസ്ഥത ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ല.തെക്കന്‍ തിരുവിതാംകൂറില്‍ നിന്ന് ഇടക്കിടക്ക് വന്നിരുന്ന സംഗീതവിദ്വാന്മാരും പക്കമേളക്കാരും ആഴ്ചകളോളം വീട്ടിലുണ്ടാകുമായിരുന്നു. കല്ല്യാണിയും കാംബൂജിയും മോഹനവുമെല്ലാം തംബുരുവിന്‍റെ ശ്രുതിനാദങ്ങള്‍ക്കും മൃദംഗത്തിന്‍റെ സ്വരജതികള്‍ക്കുമൊത്ത് സ്വര്‍ഗ്ഗീയാനുഭൂതി നല്‍കിയിരുന്ന ഉത്സവസമാനമായ നാളുകള്‍.!!

അച്ഛന് സംഗീതമെന്നാല്‍ ജീവിതം തന്നെയായിരുന്നു!ചെറിയച്ഛന്മാര്‍ അന്നും അമ്മയെ ഗുണദോഷിച്ചിരുന്നു.“ ലക്ഷ്മ്യേ……. ഈ പോക്ക് അത്ര നല്ലതിനല്ല്യാട്ടോ…! ഇങ്ങനെ പോയാ…തെവിടെ ച്ചെന്നാ….നിക്കാ…..? പത്തും ഇരുപതും വരുന്ന നൃ്ത്തക്കാര്‍ക്കും സംഗീതക്കാര്‍ക്കും വെച്ച് വെളമ്പി ഈ തറവാട് മുടിയും..!!”അവരുടെ ഉത്കണ്ഠക്ക് മുന്നില്‍ വിഷാദമഗ്നമായ ഒരു ചിരിയില്‍ ഉത്തരമൊതുക്കി അമ്മ നിശബ്ദയാവും.“ ഊം…..!! നീയ്യ് ചിരിച്ചോ….! കാലടിച്ചോട്ടിലെ മണ്ണൊലിച്ച് തീര്‍ന്നാല്‍ തലേം തല്ലി വീഴും…! പറഞ്ഞില്ല്യാന്ന് വേണ്ടാ…”രോഗഗ്രസ്തനായി അച്ഛന്‍ പൂര്‍ണ്ണമായി കിടപ്പിലാവുന്നത് വരെ ചെറിയച്ചന്മാരുടെ ഉത്കണ്ഠ അസ്ഥാനത്തായിരുന്നു. അച്ഛന്‍റെ വരുമാനം നിലക്കുകയും ചികിത്സക്കായി ഭാരിച്ച ചെലവും ഉണ്ടായപ്പോള്‍ ഗൃഹാന്തരീക്ഷവും പതിയെ മാറാന്‍ തുടങ്ങി. പറമ്പിലെ വരുമാനം വീട്ടിലെ ചെലവിന് പോലും തികയാതെ വന്നു.

അച്ഛന്‍റെ ധാരാളിത്തത്തില്‍ മുന്‍പേ പുകഞ്ഞിരുന്ന അസ്വാരസ്യങ്ങള്‍ അടക്കം പറച്ചിലില്‍ നിന്ന്‌ പൊട്ടിത്തെറിയിലേക്ക് പരിണമിക്കാന്‍ അധികം താമസമുണ്ടായില്ല.നിലനില്പിന്‍റെ സമരത്തില്‍ ബന്ധങ്ങള്‍ വ്യക്തികളിലേക്കും വ്യക്തികളില്‍ നിന്ന്‌ മുദ്രക്കടലാസുകളിലേക്കും കൂട് മാറ്റപ്പെട്ടു. ചുരുട്ടിപ്പിടിച്ച ഒരു മുദ്രക്കടലാസും ചലനമില്ലാത്ത അച്ഛനെയും സ്വപ്നങ്ങളുടേയും വര്‍ണ്ണങ്ങളുടേയും പുറകേ ഗമിക്കുന്ന തന്നേയും കൊണ്ട് അമ്മ തറവാടിന്‍റെ പടിയിറങ്ങി. അന്നും അമ്മയ്ക്കായി അമ്മയുടെ കണ്ണുകളില്‍ കണ്ണീരില്ലായിരുന്നു. പൊഴിച്ച കണ്ണുനീരത്രയും അച്ഛന്‍റെ നിസ്സഹായതയിലേക്കായിരുന്നു.പലരും പല വഴിക്ക്-ചിലര്‍ കൊല്‍ക്കത്തയില്‍, ചിലര്‍ ഡല്‍ഹിയില്‍.ജീവിതാവസ്ഥകളുടെ വ്യത്യസ്ത മാനങ്ങള്‍ക്ക് മനുഷ്യരിട്ടിരിക്കുന്ന പേരുകളാണ് കൊല്‍ക്കത്തയെന്നും ബോംബെയെന്നും ദില്ലിയെന്നുമൊക്കെ എന്ന് ചിന്തിച്ചിട്ടുണ്ട്.രാത്രിയും പകലുമിരുന്ന്‌ തയ്യല്പണി ചെയ്ത് അമ്മ തന്നേയും അച് ഛനേയും പോറ്റി. രാത്രിയില്‍ ഇരുന്ന് തയ്ച്ചുണ്ടാക്കുന്ന കുഞ്ഞുടുപ്പുകള്‍ തറവാട്ടിലെ പഴയ ആശ്രിതനായിരുന്ന ശങ്കുണ്ണിയുടെ കയ്യില്‍ നഗരത്തിലെ കടകളിലെത്തിക്കും. കിട്ടുന്നതില്‍ നിന്ന്‌ ചെറിയൊരംശം ശങ്കുണ്ണിക്ക് കൊടുക്കും.പാവം അമ്മ-

ക്ഷീണിതഗാത്രയായ അമ്മയുടെ രൂപം കണ്ട് അച്ഛന്‍ വിതുമ്പുന്നത്‌ എത്ര തവണ കണ്ടിരിക്കുന്നു. കട്ടിലില്‍ അച്ഛനരികിലിരുന്ന്‌ ആ കണ്ണീരൊപ്പി അമ്മ ആശ്വസിപ്പിക്കും. ഒരു ഭാഗത്തേക്ക് കോടിയ ചുണ്ടുകള്‍ വൃഥാ ഇളക്കി എന്തോ പറയാന്‍ ശ്രമിക്കും അച്ഛന്‍. പരാജയപ്പെടുമ്പോള്‍ അവ്യക്തമായ ശബ്ദത്തില്‍ പൊട്ടിക്കരയും. അച്ഛന്‍റെ കൈകള്‍ നെഞ്ചോട് ചേര്‍ത്ത് അമ്മയും കരയും. രണ്ട് പേര്‍ക്കുമിടയില്‍ അച്ഛന്‍റെ നെഞ്ചില്‍ തല ചായ്ച്ച് താനും.

അല്പനേരത്തെ മൂകതയ്ക്ക് ശേഷം വീണ്ടും യാഥാര്‍ത്ഥ്യങ്ങളുടെ കയ്പ്പിലേക്ക് തിരിച്ച് പോകും.ഒരു ദിവസം-

തന്നെയും അമ്മയേയും മാത്രം കരയാന്‍ ബാക്കിയാക്കി അച്ഛന്‍ യാത്രയായി. അന്ന് തനിക്ക് മെട്രിക്ക് എക്സാമിനേഷന്‍റെ സമയമായിരുന്നു.അച്ഛനില്ലാതെ കാലം പിന്നെയും മുന്നോട്ട്‌-താനും അമ്മയും അടങ്ങുന്ന കുടുംബം. അമ്മ സമ്മതിക്കാതിരുന്നിട്ടും നിര്‍ബന്ധപൂര്‍വ്വം അമ്മയെ സഹായിക്കാന്‍ തുടങ്ങി. ആദ്യമാദ്യം ബട്ടണ്‍സ് തുന്നി പിടിപ്പിക്കാനും ഹോള്‍സ് തുന്നാനുമൊക്കെ. പിന്നെ പിന്നെ അമ്മയുടെ കാഴ്ച കുറഞ്ഞപ്പോള്‍ അല്പാല്പമായി തയ്യലും ആരംഭിച്ചു. പ്രീഡിഗ്രിയുടെ എക്സാം കഴിഞ്ഞിരിക്കുമ്പോളാണ് അമ്മ തീര്‍ത്തും കിടപ്പിലായത്. ഓപ്പറേഷന്‍ കഴിഞ്ഞിട്ടും കണ്ണുകള്‍ക്ക് പൂര്‍ണ്ണമായി കാഴ്ച തിരിച്ച് കിട്ടിയില്ല. കൂടാതെ വാതരോഗവും.

അമ്മയുടെ ആവലാതിയും ചിന്തയും തന്നെ കുറിച്ച് മാത്രമായിരുന്നു. അമ്മയില്ലാതായാലുള്ള തന്‍റെ അവസ്ഥയെ പറ്റി മാത്രമായിരുന്നു അമ്മയുടെ ചിന്ത.

ഡിഗ്രിക്ക് രണ്ടാം വര്‍ഷം പഠിച്ചു കൊണ്ടിരിക്കുമ്പോളാണ് അച്ഛന്‍റെ അനുഗ്രഹം പോലെ, അമ്മയുടെ ഒടുങ്ങാത്ത പ്രാര്‍ത്ഥന പോലെ ഒരാള്‍ തന്‍റെ ജീവിതത്തിലേക്ക് കടന്ന്‌ വന്നത്. ഒരു യു.പി സ്കൂള്‍ അധ്യാപകനായ ഗോപിമാഷ്.വീട്ടിലെ സാഹചര്യങ്ങള്‍ എല്ലാം അറിഞ്ഞ് കൊണ്ട് തന്നെ തനിക്കൊരു ജീവിതം നല്‍കാന്‍ പൂര്‍ണ്ണമനസ്സോടെ വന്ന ദൈവദൂതന്‍ എന്നാണ് മനസ്സില്‍ തോന്നിയത്. അമ്മയ്ക്കും ഒരു പുതുജീവന്‍ ലഭിച്ചത് പോലെ.

പരിമിതങ്ങളായ ജീവിത സൌകര്യങ്ങളിലൂടെ പരിധികളില്ലാത്ത സന്തോഷങ്ങളുടെ മധുരം നുണഞ്ഞ്‌…….

ജീവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നു. നല്ലൊരു കുടുംബിനിയായി….സുരക്ഷിതവും സ്നേഹനിര്‍ഭരവുമായ തന്‍റെ കുടുംബജീവിതം കണ്ട് ആസ്വദിച്ച് നിറഞ്ഞ സംതൃപ്തിയോടെയാണ് അമ്മയും കടന്ന് പോയത്.

അമ്മ ജീവിതം തുന്നിയുണ്ടാക്കിയ ആ തയ്യല്‍ മെഷീന്‍ ഇന്നും ഒരു കാവലായി, ധൈര്യമായി മണ്ടകത്തുണ്ട്. അത് കാണുമ്പോള്‍ ആ ചക്രങ്ങള്‍ക്ക് പിറകില്‍ കൂനിയിരിക്കുന്ന അമ്മയെ കാണാം.

ജീവിതം ഇങ്ങനെയാണ്. ചക്രങ്ങള്‍ തിരിഞ്ഞ് കൊണ്ടേയിരിക്കും. ചവിട്ടുന്ന പാദങ്ങള്‍ മാത്രം മാറുന്നു.വര്‍ണ്ണങ്ങള്‍ക്ക് പിറകെ, പൂക്കള്‍ക്ക് പിറകെ, ചിത്രശലഭങ്ങള്‍ക്ക് പിറകെ ഓടിയിരുന്ന ശ്രീദേവിയില്‍ നിന്ന്‌-

വിദ്യാര്‍ത്ഥിയും പ്രരബ്ദക്കാരിയുമായ ശ്രീദേവിയില്‍ നിന്ന്-

ഭാര്യയും അമ്മയുമായ ശ്രീദേവിയിലൂടെ എത്ര ദൂരം….??അതിരുകള്‍ കല്ലടയാളങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന ഒരു വ്യവസ്ഥിതിയില്‍ നിന്ന് മുള്‍ വേലികളിലേക്കും മതിലുകളുടെ ബന്ധനങ്ങളിലേക്കും കാലവും ക്രമേണ പറിച്ച് നടപ്പെട്ടു. ഒരു സ്വീകരണമുറിയില്‍ പ്രപഞ്ചം തന്നെ ഒതുങ്ങിപ്പോയ വര്‍ത്തമാനത്തിന്‍റെ വ്യര്‍ത്ഥമായ നേട്ടങ്ങളിലേക്ക് എത്തുമ്പോള്‍ പിന്നിട്ട വഴികളിലെ മുള്ളുകള്‍ പോലും നോവൂറുന്ന സുഖങ്ങളാവുന്നു.സ്നേഹിക്കുന്നവരുടെ വേര്‍പാടുകള്‍ മാത്രമാണ് ഉണങ്ങാത്ത മുറിവുകളായി ശരീരവും മനസ്സും വേദനിപ്പിക്കുന്നത്. അച്ഛന്‍, അമ്മ….ഒടുവില്‍ ഓരോ അണുവിലും കൂടെ നിന്ന ഗോപിമാഷ്…തൊടിയുടെ തെക്ക് ഭാഗത്ത് ഓരോ നെയ്ത്തിരിക്കും കാവലായി മൂന്ന് കുഴിമാടങ്ങള്‍!!!ഒരിക്കല്‍ മകനും ഭാര്യയും ദുബായില്‍ നിന്ന് വന്നപ്പോള്‍ കട്ടായം പറഞ്ഞതാണ് ഈ സ്ഥലം വില്‍ക്കാന്‍. അത് കൊണ്ട് തന്നെ പടുത്തുയര്‍ത്തിയ ആ കല്ലറകള്‍ പൊളിച്ച് കളയണമെന്നും. മൂന്ന്‌ ശവക്കല്ലറകളുള്ള പറമ്പ് വാങ്ങാന്‍ ആളുകള്‍ വിസമ്മതിക്കുമത്രെ. ദുബായ് പണം കയ്യിലെമ്പാടുമുള്ള മുസ്ലീങ്ങള്‍ തീര്‍ത്തും അതിന് തയ്യാറില്ലത്രെ.തന്‍റെ മരണശേഷമല്ലാതെ അത് നടക്കില്ലെന്ന വിസമ്മതത്തിന് മുന്നില്‍ ദേഷ്യപ്പെട്ടാണ് അവന്‍ തിരിച്ച് പോയത്.

തന്‍റെ അന്ത്യാഭിലാഷമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം – തന്‍റെ അച്ഛന്‍റേയും അമ്മയുടേയും ഗോപിമാഷിന്‍റേയും അടുത്ത് സ്വന്തമായി ആറടി മണ്ണ് തനിക്കും –

ഇല്ല!! അതൊരു അപ്രാപ്യമായ മോഹമാണെന്ന് ശ്രീദേവിയമ്മ തിരിച്ചറിയുന്നു.

ഓര്‍മ്മകള്‍ ഗതകാലത്തിന്‍റേതാണെങ്കിലും വര്‍ത്തമാനത്തിലെ ചൂടാണ് കണ്ണീരാവുന്നത്.ശ്രീദേവിയമ്മയുടെ കയ്യിലെ കത്തിലേക്ക് കണ്ണുനീര്‍ ഇറ്റു വീണു.“ എന്തിനാ അമ്മേ… സങ്കടപ്പെടുന്നത്….?”മുറിയിലേക്ക് കടന്ന് വന്ന ഗ്രേസിയുടേതായിരുന്നു ചോദ്യം.“ ആ….ഹാ….!! കത്ത് വായിച്ച് സന്തോഷിക്കയല്ലേ വേണ്ടത്…? ദാ….ഇതിലൊന്ന് ഒപ്പിട്ടോളൂ……ഒരു പാര്‍സലുമുണ്ട്.”ശ്രീദേവിയമ്മ കണ്ണട മാറ്റി നിറഞ്ഞ കണ്ണുകള്‍ തുടച്ചു. വിറയ്ക്കുന്ന വിരലുകല്‍ പരമാവധി നിയന്ത്രിച്ച് റെസിപ്റ്റ് വൌചറില്‍ ഒപ്പ് വെച്ചു. തിരിച്ചു പോകാന്‍ തുടങ്ങിയ ഗ്രേസിയോട് ശ്രീദേവിയമ്മ പറഞ്ഞു.“ മോളേ….കത്ത് വായിച്ചില്ല. കണ്ണ്‌ പിടിക്കുന്നില്ല…”“ അതിനെന്താ അമ്മേ… ഞാന്‍ വായിച്ച് തരാം.”ഗ്രേസി ശ്രീദേവിയമ്മയുടെ അടുത്തിരുന്ന് കത്ത് വായിക്കാന്‍ തുടങ്ങി.പ്രിയപ്പെട്ട അമ്മയ്ക്ക്,

അമ്മയ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.

വരുന്ന മാതൃദിനത്തിന് മുമ്പ് തന്നെ ഈ കത്ത്‌ അമ്മയുടെ കൈകളിലെത്താന്‍ പ്രാര്‍ത്ഥിയ്ക്കുന്നു. ഫോണ്‍ ചെയ്യാമായിരുന്നു. ഫോണ്‍ ഇരിക്കുന്നിടം വരെ അമ്മയ്ക്ക് നടക്കാനാവില്ലല്ലോ…?

ഞങ്ങള്‍ക്കിവിടെ സുഖമാണമ്മേ.. തിരക്കാണ്. മക്കള്‍ക്കാണെങ്കില്‍ പഠിപ്പിന്‍റെ തിരക്കും.

അമ്മയുടെ കാല്‍മുട്ടിന്‍റെ വേദനയ്ക്ക് കുറവുണ്ടൊ…?

ഫാദറുമായി ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഡൊണേഷനായി ഒരു തുകയും അയച്ചിട്ടുണ്ട്. അവര്‍ അമ്മയെ കൂടുതല്‍ ശ്രദ്ധിക്കും. ഇതോടൊപ്പം അമ്മയ്ക്ക് ഒരു സമ്മാനവും അയക്കുന്നുണ്ട്.

പിന്നെ… അമ്മേ…., നമ്മുടെ സ്ഥലം വാങ്ങാന്‍ ഒരു പാര്‍ട്ടി തയ്യാറായിട്ടുണ്ട്. അമ്മ സമ്മതിക്കുമല്ലോ…?

സ്നേഹപൂര്‍വ്വം

അമ്മയുടെ മകനും മരുമകളും മക്കളും.കത്ത് വായിച്ച് ഗ്രേസി മിണ്ടാതിരുന്നു. സജലങ്ങളായ കണ്ണുകള്‍ ശ്രീദേവിയമ്മ കാണാതിരിക്കാന്‍ അവള്‍ ശ്രമിച്ചു.

വിദൂരതയിലേക്ക് മിഴി നട്ടിരുന്ന ശ്രീദേവിയമ്മ ഒരു നെടുവീര്‍പ്പോടെ ഗ്രേസിയിലേക്ക് തിരിച്ച് വന്നു.“ മോളെ… ആ സമ്മാനപ്പൊതിയിലുള്ളത്‌ ഇവിടെയുള്ളവര്‍ക്ക് വീതിച്ച് കൊടുത്തോളൂ. “ഗ്രേസി സമ്മാനപ്പൊതി കൈയ്യിലെടുത്തു.പാര്‍സല്‍ കവറിന് മുകളില്‍ ഒട്ടിച്ചിരുന്ന മേല്‍വിലാസത്തില്‍ അവളുടെ കണ്ണുകള്‍ ഉടക്കി നിന്നു.

മിസ്സിസ്. ശ്രീദേവി ഗോപിനാഥന്‍

സ്നേഹഭവന്‍ ശരണാലയം

തിരുവനന്തപുരം

കേരള.