Friday, December 31, 2010

മരുഭൂമിയിലെ കാക്കകള്‍ ( കവിത )
കദളിവാഴക്കയ്യില്‍ നിന്ന്

കടല്‍ താണ്ടി വന്നതത്രെ കാക്കകള്‍.

കാക്കകള്‍ ദേശാടനക്കാരല്ലെന്ന് ചിലര്‍!

അതിജീവനത്തിന്‍ കാറ്റില്‍ പെട്ട്

ദൂരമറിയാതെ കടല്‍ കടന്നവയെന്ന്‌

കാക്കകളുടെ ചരിത്രം പഠിച്ചവര്‍..!കൊത്തിപ്പെറുക്കാനും തട്ടിപ്പറിക്കാനും

വെയില്‍ മാത്രമുള്ള മരുഭൂവില്‍

കാലം ചെയ്യുകയാണധികവും...!


വിഴുപ്പ് തിന്നുന്നവയെന്ന് മുദ്രണം ചെയ്തവര്‍

വിളിച്ചിട്ടില്ലൊരിക്കലുമൊരു പിടി-

വിരുന്നുണ്ണുവാന്‍, ബലിച്ചോറിനല്ലാതെ..!


ചത്ത് മലച്ചവന്‍റെ

ചങ്ക് കൊത്തിപ്പറിക്കുന്നവയ്ക്ക്

ചാവുകാരുടെ ബലിയൌദാര്യം..!!

ഹൃദയമില്ലാത്തവന് ആത്മശാന്തിക്കായ്

ചാമയും എള്ളും ചേര്‍ത്ത ചൊറുരുള..!!

രണ്ടേരണ്ട് വറ്റ് ജീവനുള്ളപ്പോളേകുകില്‍

ആത്മശാന്തിക്കെന്തിന് ബലിച്ചോറ്‌...???


മരുഭൂമിയില്‍ കാക്കകള്‍

ആയുസ്സൊടുങ്ങി മരിക്കുന്നില്ല!

കറുത്തതെല്ലാം നരച്ച്

പക്ഷങ്ങള്‍ കരിഞ്ഞ്

തളര്‍ന്നൊടുങ്ങുകയാണ് പതിവ്.

പേരുകള്‍, ജാതികള്‍ പലതായാലും

നിറവും കരച്ചിലിനൊച്ചയുമൊന്നാണ്.

വഴി ചോദിച്ചും വഴി തെറ്റിയും

വന്നവരുമുണ്ട് കൂട്ടത്തില്‍.


തിരിച്ച് പറക്കാന്‍ ചിറകുകളില്ലാത്തവയും

കാറ്റിനൊത്ത് പറന്ന് തളര്‍ന്ന് വീഴുന്നവയും..!!

മുന മുറിഞ്ഞ കൊക്കുമായ് തിരിച്ചെത്തി

അശാന്തിയുടെ മരക്കൊമ്പിലിരിക്കണമിനിയും

നിത്യശാന്തിയുടെ കൈയ്യടിയൊച്ച കാതോര്‍ത്തും

താന്‍ താനല്ലെങ്കില്‍ ആരെങ്കിലും

ചത്തെങ്കിലെന്ന ഒടുക്കത്തെ പ്രാക്കുമായ്...!!!!

Sunday, December 26, 2010

ആദര്‍ശങ്ങളില്‍ നഷ്ടപ്പെടുന്നവര്‍ ( കഥ )

മാനം കറുക്കുന്നതും കിളികള്‍ കൂടണയാന്‍ തുടങ്ങുന്നതും അയാള്‍ കാണുന്നുണ്ടായിരുന്നില്ല. റോസ് വില്ലയുടെ ജന്നലുകള്‍ക്കിടയിലൂടെ വലിഞ്ഞ് കയറിയ മുല്ലവള്ളികളിലെ വിരിയാന്‍ പാകമായ മൊട്ടുകളും അയാള്‍ കാണുന്നുണ്ടായിരുന്നില്ല. മഴയുടെ ആരംഭമെന്നോണം പതുക്കെ വീശിയ കാറ്റ് ഇലകളില്‍ തട്ടി മര്‍മ്മരം പുറപ്പെടുവിച്ചു. അവക്കിടയില്‍ അകത്ത് നിന്ന് ഉയര്‍ന്ന് വന്നിരുന്ന തേങ്ങലിന്‍റെ സ്വരവും അയാള്‍ കേള്‍ക്കാതായി. റോസ് വില്ലയില്‍ ഏറെ ശബ്ദമുഖരിതമാകേണ്ടിയിരുന്ന ഒരു പകല്‍ തീര്‍ത്തും മൌനത്തിലമര്‍ന്നിരിക്കുന്നു.

ദീനമായ് കരഞ്ഞുകൊണ്ട് കടന്നു വന്ന ഒരു തണുത്ത കാറ്റിന്‍റെ സാന്ത്വനത്തില്‍ അയാള്‍ എപ്പോഴൊ മയങ്ങി.

ജന്നലഴികള്‍ക്കുള്ളിലൂടെ ഉള്ളിലേക്കടിച്ചു കൊണ്ടിരുന്ന ശീതല്‍ ഭാഗികമായി അയാളുടെ മുഖത്തും പതിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ‍മെല്ലെ ഉണര്‍ന്നു.

പുറത്ത് തിമര്‍ത്ത് പെയ്യുന്ന മഴയായിരുന്നു.


പച്ചയും നീലയും ചുവപ്പും കടലാസ് റിബണുകള്‍ക്കിടയില്‍ ഓക്സിജന്‍ നഷ്ടപ്പെട്ട ബലൂണുകള്‍ നോക്കി സോണിമോള്‍ അസന്തുഷ്ടയാകുന്നത് അയാള്‍ നിര്‍വ്വികാരതയോടെ നോക്കിയിരുന്നു.

പാതി തുറന്ന് കിടന്നിരുന്ന കിടപ്പ്മുറിയുടെ വാതിലിന്നിടയിലൂടെ അയാള്‍ എത്തിവലിഞ്ഞു നോക്കി. പാവം!! തലയണയില്‍ മുഖമമര്‍ത്തി അതേ കിടപ്പാണ്. അല്ലെങ്കിലും അവള്‍ അങ്ങനെയാണ്. ചെറിയൊരു കാര്യം മതി കരയാന്‍. കരയുന്ന കാര്യത്തില്‍ താനും മോശക്കാരനല്ലല്ലോ…!

കവിളില്‍ ഉണങ്ങിപ്പിടിച്ചിരുന്ന കണ്ണീര്‍പ്പാടുകള്‍ കഴുകി കളഞ്ഞ് വീണ്ടും കസേരയില്‍ ചാഞ്ഞ് കിടന്നു.

മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. ചെറിയ തോതില്‍ ഇടി വെട്ടുന്നുണ്ട്.


അയാള്‍ മഴത്തുള്ളികളെ നോക്കുകയായിരുന്നു. നിയോണ്‍ ബള്‍ബുകളുടെ പ്രകാശത്തില്‍ അവയ്ക്ക് കൂടുതല്‍ ഭംഗിയുള്ളതായി തോന്നി. പുറത്ത് ഗേറ്റ് കരയുന്നതും ആരൊ നടന്നടുക്കുന്നതിന്‍റെ പാദപതനവും അവ്യക്തമെന്നോണം അയാള്‍ കേട്ടു.

ശീലക്കുട മടക്കി ഇറയത്ത് വെച്ച് സച്ചിദാനന്ദന്‍ വരാന്തയിലേക്ക് കയറി.

“മഴ ഒന്ന് കുറയാന്‍ കാത്തു.. കുറഞ്ഞെന്ന് കരുതി ഇറങ്ങിയതാ… ദാ പിന്നെം കനത്തു.”

പതിവിന് വിപരീതമായി ആരുടെയും പ്രതികരണമില്ലാതെ വന്നപ്പോള്‍ അയാള്‍ ജിജ്ഞാസുവായി.

അകത്തെ മുറിയില്‍ ടേബിള്‍ ലാമ്പിന് കീഴെ നിവര്‍ത്തി വെച്ച ചിത്രപുസ്തകത്തില്‍ തല ചായ്ച്ച് സോണിമോള്‍ ഉറങ്ങുന്നു.

വരാന്തയില്‍ തൂണിന്‍റെ മറവില്‍ നിന്ന് നേര്‍ത്ത ഒരു സ്വരം.

“ സച്ചീ….”

“ ആ..ഹാ.. നീ യിവിടെ ഇരിക്ക്യാണോ….? ഇന്നെന്താ…പുതിയൊരു സറ്റൈല്‍…?“

അതിനയാള്‍ മറുപടി പറഞ്ഞില്ല. സച്ചിദാനന്ദന്‍ കസേര വലിച്ചിട്ട് അയാള്‍ക്കടുത്തിരുന്നു. “ എന്ത് പറ്റി….സാലി….?“

ശക്തിയായ മിന്നല്‍.അതിന്‍റെ വെളിച്ചത്തില്‍ സാലി ഇസ്മായിലിന്‍റെ കരഞ്ഞ് കലങ്ങിയ കണ്ണുകളും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര്‍പ്പാടുകളും..!!

അകലെയെവിടെയോ നിന്ന് ഒഴുകിയെത്തുന്ന വെടിമരുന്നിന്‍റെ ഗന്ധം..! ഇടിമിന്നലേറ്റ് തല കരിഞ്ഞ തെങ്ങിന്‍റെ മണം..!! ആ മിന്നല്‍ എവിടെയൊ ഏറ്റിരിക്കുന്നു..!!!

“എന്തേ… സാലി..? എന്ത് പറ്റി….?”

സാലി ഇസ്മായിലിന്‍റെ കണ്ണുകള്‍ ജനല്‍തിണ്ടിലേക്ക് തിരിയുന്നതും മഴത്തുള്ളികളുടെ തലോടലില്‍ വിലാസം വികൃതമായ ഒരു ഇല്ലെന്‍റില്‍ അവ തങ്ങി നില്‍ക്കുന്നതും സച്ചിദാനന്ദന്‍ കണ്ടു.

അയാള്‍ മെല്ലെ അതെടുത്തു. ശീതല്‍ ഏറ്റ് മഷി പടര്‍ന്ന അക്ഷരങ്ങളിലൂടെ അയാളുടെ കണ്ണുകള്‍ പരതി നടന്നു. വായനയുടെ അന്ത്യത്തില്‍ അയാള്‍ നിശ്ശബ്ദനാവുകയും റോസ് വില്ലയുടെ വരാന്തയില്‍ ചേതന നഷ്ടപ്പെട്ട മറ്റൊരു സാലി ഇസ്മായിലായി അയാള്‍ രൂപാന്തരപ്പെടുകയും ചെയ്തു.

നീണ്ടു നിന്ന മൌനം അസഹ്യമായപ്പോള്‍ സച്ചിദാനന്ദന്‍ തന്നെ തുടങ്ങി.

“ സലീനാ….? “

“അകത്ത്‌ കിടക്കുന്നു…..”

“ ഈ വിവരം…..? “

“ അറിഞ്ഞു..”

പിന്നെയും മൌനം. ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ചിരുന്ന അവരുടെ മനസ്സുകള്‍ ഇരുവഴികളായി പിരിഞ്ഞു. പിന്നെ പല കൈവഴികളായി.

“ മഴയ്ക്ക് അലപം കുറവുണ്ട്…., നമുക്കൊന്ന്‌ പുറത്തിറങ്ങാം….”

“വേണ്ട സച്ചീ…”

സച്ചിദാനന്ദന്‍റെ നിര്‍ബന്ധം അധികമായപ്പോള്‍ അയാള്‍ നിശ്ശബ്ദനായി പടികളിറങ്ങി. ഗേറ്റ് വീണ്ടും കരഞ്ഞു.

റോഡിനിരുവശവും ഓടകള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. സ്റ്റ്രീറ്റ് ലൈറ്റിന്‍റെ അരണ്ട വെളിച്ചത്തില്‍ സച്ചിദാനന്ദന്‍റെ പുറകില്‍ ഒരു നിഴല്‍ പോലെ അയാള്‍ അനുഗമിച്ചു.

“ പെന്‍ഷ്യന്‍ കുടിശ്ശിക വാങ്ങാന്‍ വന്ന രാഖവന്‍ മാഷ് പറഞ്ഞ്….ഞാന്‍ ഇന്നലെ തന്നെ വിവരമറിഞ്ഞിരുന്നു. …”

സച്ചിദാനന്ദന്‍ സന്ദേഹത്തോടെയാണ് അത് പറഞ്ഞത്.

ചളിയും മഴവെള്ളവും കുത്തിക്കലര്‍ന്ന ഓടകള്‍ക്കരികില്‍ സന്താപം കൊണ്ടൊ സന്തോഷം കൊണ്ടൊ അലമുറയിട്ടിരുന്ന തവളകളുടെയും ചിവീടുകളുടേയും ശബ്ദം സാലി ഇസ്മായിലിനെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയിരുന്നു.

“ ഇനിയിപ്പോ….ദുഃഖിച്ചിട്ട്……, വരാനുള്ളത്…വന്നു…!! “

പറഞ്ഞു തീരും മുന്‍പെ അയാള്‍ പറഞ്ഞു. “ വേണ്ട സച്ചി….. നമുക്ക്‌ തിരിച്ച് നടക്കാം..”

സച്ചിദാനന്ദന്‍ മൌനിയായി അല്പം നിന്നു. പിന്നെ സാവധാനം പറഞ്ഞു.

“ ശരി. പ്ലീസ് സാലി…നിന്‍റെയീ…വിഷമം …ആ പെണ്ണിനെ കൂടി…കൂടുതല്‍ തളര്‍ത്തുകയേയുള്ളൂ…പ്ലീസ്… ഡോണ്ട് ബി അപ്സെറ്റ്…”

അയാള്‍ ഒന്ന് മൂളുക മാത്രം ചെയ്തു.

തിരിച്ച് റോസ് വില്ലയിലെത്തുന്നത് വരെ ആരുമൊന്നും പറഞ്ഞില്ല. യാത്ര പാറഞ്ഞ് സച്ചിദാനന്ദന്‍ തിരിച്ച് നടന്നു. ഗേറ്റടച്ച് കൊളുത്തിട്ട് സാലി ഇസ്മായില്‍ റോസ് വില്ലയിലേക്ക് നടന്നു.

സച്ചി പറഞ്ഞത് ശരിയാണ്. തന്നേക്കാള്‍ ദുഃഖം സലീനക്കാണ്. എല്ലാത്തിനും കാരണക്കാരി അവളാണെന്ന് കരുതുന്നു, പാവം!

സലീന അതേ കിടപ്പാണ്. അയാള്‍ അടുത്ത് ചെന്നു.

“ സലീനാ…, മോളുറങ്ങി….ഉണര്‍ത്തി എന്തെങ്കിലും….”

അയാളുടെ മുഖത്ത് നോക്കിയപ്പോള്‍ അവളുടെ സര്‍വ്വനിയന്ത്രണങ്ങളും അറ്റു. ശക്തിയായി ഇടി വെട്ടി. പുറത്ത് വീണ്ടും മഴ. അയാള്‍ എഴുന്നേറ്റ് ചെന്ന് ജനല്‍ പാളികള്‍ ചേര്‍ത്തടച്ചു. തിരിച്ച് വന്ന് കട്ടിലില്‍ ഇരിക്കുമമ്പോള്‍-

“ ഞാന്‍ കാരണമാണ് എല്ലാം…”

അയാള്‍ അവളെ ഒന്ന് തറപ്പിച്ച് നോക്കുക മാത്രം ചെയ്തു.

“ അല്ലെങ്കിലും എന്നെ സ്നേഹിച്ചവാര്‍ക്കൊക്കെ വേദന മാത്രമെ എനിക്ക് നല്‍കാനായിട്ടുള്ളൂ…”

“ നോക്കൂ സലീന. ആരും ആരെയും കുറ്റപ്പെടുത്തണ്ട. എല്ലാം സഹിയ്ക്കാന്‍ തയ്യാറായവരാണ് നാം.”

“പക്ഷെ…ഇത്….” അവള്‍ വീണ്ടും കരയാനുള്ള ഒരുക്കമാണ്.

പ്ലീസ് ….പ്ലീസ് സലീനാ….! എഴുന്നേറ്റ് മുഖം കഴുകി ഭക്ഷണമെടുത്ത് വെയ്ക്ക്…മോളുറങ്ങി…”

സോണിമോള്‍ ഭക്ഷണത്തിന് മുന്നിലിരുന്നും ഉറക്കം തൂങ്ങുകയാണ്. പരസ്പരം സമാധാനിപ്പിക്കാനായി അല്പം കഴിച്ചെന്ന് വരുത്തി ഇരുവരും.

പുറത്ത് മഴ തോര്‍ന്നിരുന്നു.

അയാള്‍ വരാന്തയിലെ ചാരുകസേരയില്‍ സിഗററ്റിന്‍റെ ധൂമവലയങ്ങള്‍ക്കിടയില്‍ മുഖം പൂഴ്ത്തി ശൂന്യതയില്‍ ദൃഷ്ടികളൂന്നി മലര്‍ന്ന് കിടന്നു.

വോള്‍ട്ടേജിന്‍റെ അഭാവത്തില്‍ കെട്ടു പോയ മെര്‍കുറിക് ട്യൂബിന്‍റെ പ്രതിഷേധം മിന്നി മിന്നി പ്രകടമാവാന്‍ തുടങ്ങിയപ്പോള്‍ അത് മറ്റൊരു അസ്വാസ്ഥ്യമായി അയാളില്‍ പടരാന്‍ തുടങ്ങി. പിന്നെ അലക്ഷ്യമായി പുറത്തേക്ക് നോക്കിയിരിക്കെ ഇറയത്ത് നിന്ന് ഉതിര്‍ന്ന് വീഴുന്ന മഴത്തുള്ളികളില്‍ മെര്‍ക്യുറിക് ട്യൂബിന്‍റെ പ്രതിഷേധം ഏതൊ ഒരു കലാകാരന്‍റെ ചാരുതയാര്‍ന്ന കലയായി മാറവെ അയാള്‍ അവയിലേക്ക് തന്നെ ശ്രദ്ധിയ്ക്കാന്‍ തുടങ്ങി.

നനുനനുത്ത സ്വരത്തോടൊപ്പം തണുത്ത കൈവിരലുകള്‍ തോളിലുമമര്‍ന്നപ്പോള്‍ അയാള്‍ തിരിഞ്ഞു. അവള്‍ ചോദിച്ചു.

“കിടക്കുന്നില്ലേ…?”

“ ഉറക്കം വരില്ലാ…”

മോളുണര്‍ന്ന് കരഞ്ഞപ്പോള്‍ അവള്‍ അകത്തേക്ക് പോയി.

വീണ്ടും ട്യൂബ് ലൈറ്റിന്‍റെ പ്രതിഷേധത്തിനിടയില്‍ ഖരാവൊ ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥനെ പോലെ അസഹ്യനായി അയാള്‍ ഇരുന്നു. ക്രമേണ ട്യൂബ് ലൈറ്റിന്‍റെ മിന്നല്‍ അയാള്‍ കാണാതായി.


നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്-

ഒരു സെപ്തംബറിലെ നനഞ്ഞ പ്രഭാതത്തിലേക്ക് അയാള്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. ഭൂതകാലത്തിന്‍റെ മാറാല കെട്ടിയ വാതായനങ്ങള്‍ തള്ളി തുറന്ന് അകത്ത് കടക്കുകയായിരുന്നു അയാള്‍.

യാത്രയുടെ അന്ത്യത്തില്‍ –

മഞ്ഞപ്പാവട്ടയും കാട്ടപ്പയും വളര്‍ന്ന് പിടിച്ച ശ്രീകൃഷ്ണ കോളേജിന്‍റെ ഓരോ കോണിലും അയാള്‍ നടന്നെത്തി. ചിതറിക്കിടക്കുന്ന ചെങ്കല്‍ പാറകളിലെല്ലാം സാലി ഇസ്മയിലിന്‍റെ ഭൂതം ദര്‍ശിച്ചു.

കെമിസ്ട്രി ലാബിന്‍റെ ഇടനാഴിയില്‍, ലൈബ്രറി ഹാളിന്‍റെ കോണുകളില്‍, രാവുണ്ണിയേട്ടന്‍റെ ചായക്കടയില്‍ …..ഒടുവില്‍-

സാലി ഇസ്മായിലിന്‍റെ ശബ്ദം പ്രതിദ്ധ്വനിക്കുന്ന ഓരോ ക്ലാസ്സ് മുറികളിലും വേദനയൊടെ അയാള്‍ കയറി ഇറങ്ങി. എവിടെയെല്ലാമൊ രക്തം മണക്കുന്നു.

നഷ്ടപ്പെട്ട സൌഹൃദങ്ങള്‍..!!

സാലി ഇസ്മായിലിലെ കലാകാരനെ ഇഷ്ടപ്പെട്ടവര്‍, രാഷ്ട്രീയക്കാരനെ ഇഷ്ടപ്പെട്ടവര്‍, ഇതിനിടയില്‍ എപ്പോഴായിരുന്നു സലീനയെ….??

ആനിജോസഫായിരുന്നു പരിചയപ്പെടുത്തിയത്. ബൂര്‍ഷ്വാവിരുദ്ധ പ്രസ്ഥാനത്തിന്‍റെ ചുവപ്പിനെ ഉള്ളില്‍ ആവാഹിച്ചിരുന്നെകിലും ഒരു പെറ്റിബൂര്‍ഷ്വ എന്ന് ഞങ്ങള്‍ കളിയാക്കാറുണ്ടായിരുന്ന ആനിജോസഫ്.

“ഇത്…സലീന. സലീനാ ആന്‍റണി. ഈ വര്‍ഷം മുതല്‍ ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍.“

ചെറുതായൊന്ന് മന്ദഹസിച്ച് നിശ്ശബ്ദയായി കടന്ന് പോയ ആ പെണ്‍കുട്ടിയെ പറ്റി പിന്നീട് അറിഞ്ഞപ്പോള്‍ അത്ഭുതത്തോടൊപ്പം നേരിയ വേദനയും തോന്നിയിരുന്നു. മനസ്സിലും തോള്‍സഞ്ചിയിലും വിപ്ലവം കുത്തി നിറച്ച പെണ്‍കുട്ടി.

വളരെ കുറച്ച് മാത്രം സംസാരിക്കുന്ന സലീന തനിക്ക് കിട്ടിയ നല്ലൊരു കൂട്ടായിരുന്നു.

മാവോയും ചെഗുവേരയും ക്യൂബന്‍ കാടുകളിലെ ഗറില്ലകളും നവമ്പര്‍ വിപ്ലവവുമൊക്കെ സംസാരത്തിനിടക്ക് കയറി വരുമ്പോള്‍ അവള്‍ അറിയാതെ വാചാലയാവും. അവള്‍ക്ക് അതിനെ കുറിച്ചൊക്കെ ഒരു പാട് പറയാനുണ്ടാവും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് അക്കാലത്ത് അനുഭവിക്കേണ്ടി വന്ന പീഢനങ്ങളിലൂടെ ചര്‍ച്ച നീണ്ട് പോകുമ്പോള്‍ സലീന ആവേശഭരിതയാവുന്നത് സന്തോഷത്തൊടെയാണ്‌ കണ്ടിരുന്നത്. ഏത് കാര്യത്തിലും സ്വന്തമായ വീക്ഷണമുണ്ടായിരുന്ന സലീന ഒരിക്കല്‍ പറഞ്ഞു.

“ നോക്കൂ സാലീ…, മുതലാളിയും തൊഴിലാളിയും നിലനില്‍പ്പിന്‍റെ തുല്യ പ്രാധാന്യമുള്ള രണ്ട് ഘടകങ്ങളാണ്. ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല. ഇത് രണ്ടുമില്ലെങ്കില്‍ ലോകവുമില്ല.!! മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യാത്ത ഒരു സമൂഹം..!! സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്താണ് സാലി ഇതൊക്കെ. സ്വാര്‍ത്ഥരഹിതസമൂഹം..!! സ്വാര്‍ത്ഥത ലോകാവസാനത്തിന് അതീതമായി നിലനില്‍ക്കും. അതാണല്ലോ പാരത്രികജീവിതത്തോടുള്ള മനുഷ്യന്‍റെ വിശ്വാസത്തിനടിസ്ത്ഥാനം.”

സാലിയോട് മാത്രമെ സലീന ഇത്രയും തുറന്ന് സംസാരിക്കാറുള്ളൂ എന്ന് ആനിജോസഫ് ഇടയ്ക്ക് കയറി പറയുമ്പോള്‍ അവാച്യമായ ഒരു അനുഭൂതി തന്നെ വലയം ചെയ്യും.

ആയിടെ സലീന കോളേജില്‍ വരുന്നത് വളരെ കുറവായിരുന്നു.

വന്നാല്‍ തന്നെ തീര്‍ത്തും വിഷാദമുഖിയായിരിക്കും അവള്‍.

ആനിജോസഫില്‍ നിന്ന് സലീനയെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോളാണ് അറിയാതെ മനസ്സ് അവളിലേക്ക് കൂടുതല്‍ അടുത്തത്.

അപ്പച് ഛന്‍റെ രൂപം പോലും അവള്‍ക്ക് ഓര്‍മ്മയില്ല! അമ്മ രണ്ടാമത് വിവാഹിതയായി. പിന്നെ ക്രമേണ അവള്‍ അവിടെ അന്യയാവുകയായിരുന്നു. വീട്ടിലെ നരകയാതനയില്‍ നിന്നുള്ള താത്കാലിക രക്ഷപ്പെടലാണ് കോളെജ്. അതും അയാള്‍ക്കിഷ്ടമില്ല.”

ദുഃഖം ഘനീഭവിക്കുന്ന മനസ്സിന്‍റെ ഭാരം കൈകളില്‍ താങ്ങി അസ്വസ്ഥനായിരിക്കവേ…ആനിജോസഫ് തുടര്‍ന്നു.

“അര്‍ഹിക്കാത്തതാണെന്ന് അറിഞ്ഞിട്ടും സലീന അല്പമെങ്കിലും ആശ്വാസം കണ്ടെത്തിയത് തന്‍റെ സാമീപ്യത്തിലാണ്.”

അവിശ്വാസ്യതയോടെ തലയുയര്‍ത്തി നോക്കി.

ശരിയാണ് സാലി. ഇടക്കെങ്കിലും അവളിപ്പോള്‍ കോളെജിലെത്തുന്നത് തന്‍റെ സാമീപ്യത്തിന് വേണ്ടി മാത്രമാണ്.”

നമ്രശിരസ്കനായിരുന്നിരുന്ന തനിക്ക് മുന്നില്‍ നിന്ന് ആനിജോസഫ് എപ്പോഴോ നടന്നകന്നിരുന്നു.


അടുത്ത ദിവസങ്ങളിലെല്ലാം അയാള്‍ അവള്‍ക്കായി കാത്തിരുന്നു. കാത്തിരിപ്പ് അസഹ്യമായ ഒരു ദിവസം ആനിജോസഫിനെ തന്നെ ശരണം പ്രാപിച്ചു. ലൈബ്രറിഹാളിന്‍റെ ഒഴിഞ്ഞ കോണിലിരുന്ന് അക്കൌണ്ടന്‍സിയുടെ നോട്ട്സ് പകര്‍ത്തിയിരുന്ന ആനിജോസഫ് തികച്ചും ഖിന്നയായി കാണപ്പെട്ടു. തന്നോടെന്തൊക്കെയോ മറയ്ക്കാന്‍ ശ്രമിക്കുന്നതായി തോന്നാതിരുന്നില്ല. ഒടുവില്‍ തന്‍റെ നിര്‍ബന്ധം ആനിയെ വാചാലയാക്കി.

“ സാലിയെ അറിയിക്കരുതെന്ന് പറഞ്ഞതാ…അവള്‍. അല്പനേരത്തെ മൌനത്തിന് ശേഷം പതുക്കെ ആനി ജോസഫ് പറഞ്ഞു.

അവള്‍....അവള്‍...മഠത്തില്‍ ചേരാന്‍ പോകുന്നു‍..!! അയാളുടെ ശല്യവും അമ്മയുടെ അവഗണനയും. ഒരു പെണ്ണിന്‍റെ നിസ്സഹായത.”

“ ഇനി…വരില്ലാ…”

“ വരും. തന്നെ കാണാതെ, പറയാതെ അവള്‍ക്കെങ്ങും പോകാനാകില്ലല്ലൊ..?!“

അത്‌ പറഞ്ഞപ്പൊള്‍ ആനിജോസഫിന്‍റെ വാക്കുകളിലെ പുച്ഛം ശരിക്കും വായിച്ചെടുക്കാമായിരുന്നു.


ഒരു തിങ്കളാഴ്ച-

സലീന വന്നു. വെയ്റ്റിങ്ങ് ഷെഡ്ഡിന്‍റെ പുറകിലെ അക്കേഷ്യയുടെ തണലില്‍ അവള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. നിറഞ്ഞ കണ്ണുകളോടെ വാക്കുകള്‍ക്കായി പരതുന്ന സലീന ഒരു നോവായി അയാളില്‍ പെയ്തു.

നീണ്ട് നിന്ന മൌനത്തിന്‍റെ അന്ത്യമെന്നോണം അയാളുടെ ശബ്ദം ഒരു പ്രതിജ്ഞയുടെ ശക്തിയോടെ പ്രതിദ്ധ്വനിക്കവെ അവര്‍ക്ക് പുറകില്‍ നിന്നുയര്‍ന്ന ആനിജോസഫിന്‍റെ കയ്യടിയൊച്ച കോമ്പൌണ്ടിനകത്ത് മുഴുവനും സന്തോഷത്തിന്‍റെ കൊച്ചലകളായി അരിച്ചു നടന്നു.


ഉറച്ച തീരുമാനമായിരുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും എതിര്‍പ്പ്‌., ഉപദേശങ്ങള്‍, ഭീഷണികള്‍ ..!! ഒന്നും വകവെച്ചില്ല.

“ അനക്ക്…. ഞമ്മളെ ജാതീന്നാ…മതത്തീന്നാ ഒന്നിനേം കിട്ടീല്ലെടാ….? ഈ നസ്രാണിച്ചീനന്നെ ബേണല്ലേ….? ത്ഫൂ…….!!! “

“ബാപ്പാ…”

ബ്ഫാ….!! ബാപ്പേ….? അനക്കീടെ…..ബാപ്പേല്ലാ….ഉമ്മേം ല്ലാ….! കടന്ന് പൊയ്ക്കൊ….ശെയ്ത്താനെ….!!”

കട്ടളയ്ക്കപ്പുറത്ത് ശബ്ദമടക്കി കരയുന്ന ഉമ്മയുടെ നേര്‍ക്ക് ബാപ്പ കയര്‍ത്തു.

“മുണ്ടാണ്ട്…നിന്നോ…… കൊന്ന് കളേം….ഹാ..!!!”

ഉമ്മ തട്ടം കൊണ്ട് വായ പൊത്തി.

“ അന്‍റെ കണ്ണില് ഇതൊക്കെ സര്യാകും…! പക്ഷേല്…., ഇയ്യ്…ഈ തള്ളേനെ പറ്റി ഓര്‍ക്കണ്ടേര്‍ന്ന്….മാറ്റാന്‍ കുടീല് കഴിയണ അന്‍റെ പെങ്ങന്മാരെ പറ്റി ഓര്‍ക്കണ്ടേര്‍ന്ന്…”

ചാരുകസേരയില്‍ തളര്‍ന്നിരുന്ന് വളരെ പതുക്കെയാണ് ബാപ്പ അത് പറഞ്ഞത്. ഒരു പിതാവിന്‍റെ ഹൃദയം! നിശ്ശബ്ദനായി തല കുനിച്ച് നില്‍ക്കാനെ കഴിഞ്ഞുള്ളൂ.

“ ഊം……. നിക്കണ്ടാ…., ഇനി ഈ പടി ചൌട്ടണ്ടാ….!! ഞമ്മക്കിങ്ങനെ ഒരു മോനില്ലാന്ന് കൂട്ടിക്കൊളാ…”

അടക്കിനിര്‍ത്തിയിരുന്ന തേങ്ങല്‍ പൊട്ടിക്കരച്ചിലായി കട്ടളയ്ക്കപ്പുറത്ത് നിന്ന്‌ ചെവികളിലേക്ക് തെറിച്ചു വീണു. ഒരിക്കല്‍ കൂടി തിരിഞ്ഞ് നോക്കാനുള്ള മാനസികശേഷി നഷ്ടമായിരുന്നു. മെല്ലെ പടികളിറങ്ങി.


“മാഷേ….മാഷേ…..?”

അസമയത്ത് കയറിവന്ന ആരുടെയൊ വിളിയില്‍ സാലി ഇസ്മയിലിന്‍റെ ഓര്‍മ്മകള്‍ മുറിഞ്ഞു. ഓര്‍മ്മകളില്‍ നിന്നുണര്‍ന്നപ്പോള്‍ മാത്രമാണ് താന്‍ പൂര്‍ണ്ണ അന്ധകാരത്തിലാണെന്ന് അയാള്‍ക്ക് ബോധ്യമായത്. എഴുന്നേറ്റ് ചെന്ന് ലൈറ്റിന്‍റെ സ്വിച്ച് ഓണ്‍ ചെയ്തു. കറണ്ട് പോയിരിക്കുകയാണ്. അയാള്‍ തപ്പിത്തടഞ്ഞ് മുറിയിലെത്തി.

കിച്ചണില്‍ ഒരു മെഴുക് തിരിയില്‍ നിന്ന് മറ്റൊന്നിലേക്ക് തീ പടര്‍ത്തുകയായിരുന്നു സലീന. സലീന കൊളുത്തി വെച്ച മെഴുക് തിരിയുടെ വെളിച്ചത്തില്‍ റോസ് വില്ലയില്‍ നിന്ന് ഇരുട്ട് വീണ്ടും പിന്മാറി.

ക്ലോക്കില്‍ മണി പത്തടിയ്ക്കുന്നു.

ഉരുകിയൊലിക്കുന്ന മെഴുക് തിരിയിലേക്കും സാലി ഇസ്മായിലിന്‍റെ തളര്‍ന്ന മുഖത്തേക്കും അവള്‍ മാറി മാറി നോക്കി. പിന്നെ ഉള്ളിലെരിയുന്ന തിരിയുടെ മെഴുകെന്നോണം കവിളിലൂടെ കണ്ണീര്‍ ധാരധാരയായി ഒഴുകാന്‍ തുടങ്ങി.

റോസ് വില്ലയുടെ ജന്നല്‍ തിണ്ടില്‍ സലീന കത്തിച്ച് വെച്ച മെഴുക് തിരി മഴയ്ക്കൊപ്പം അകത്തേക്ക് ആഞ്ഞ് വീശുന്ന കാറ്റില്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുന്നത് അയാള്‍ കണ്ടു.

പുറത്ത് നിന്ന് വീണ്ടും ആരുടേയൊ വിളി.

“മാഷേ….മാഷെ……!!“

പുറത്ത് തിമര്‍ത്ത് പെയ്യുന്ന മഴയില്‍ വലിയൊരു ചേമ്പില തലയില്‍ ചൂടി കുഞ്ഞീവിത്ത നിന്ന് വിറയ്ക്കുന്നു.

“എന്തേ… എന്ത് പറ്റി…?”

കുഞ്ഞീവിത്ത മഴ നനയാതെ ഇറയത്തേക്ക് കയറി നിന്നു.

മോനെ….ഒന്ന് ന്റ്റെ... കൂടെ വരോ….? ഇച്ചിരി മൊളേന്‍റെ എല പൊട്ടിക്കാനാ…

“ എന്തിനാ കുഞ്ഞീവിത്താ.. മൊളെന്‍റെലാ ഈ അസമയത്ത്…?

“ങ്ങള് കേട്ടാ…മാഷെ…? ഓള് കാറണ കാറല്‍..?“

മഴയുടെ താളാത്മകമായ പെയ്ത്തിനിടയില്‍ കുഞ്ഞീവിത്തയുടെ ആടിന്‍റെ ചങ്ക് കാറുന്ന കരച്ചില്‍ അപ്പോള്‍ മാത്രമെ അയാള്‍ ശ്രദ്ധിച്ചുള്ളൂ.

“എന്തേ…ആടിന്…? “

“ പേറ്റ്നോവ്‌….!! മണിക്കൂറെത്രായി…ഈ ഹാല് തൊടങ്ങീട്ട്.! “


ടോര്‍ച്ചും കുടയുമെടുത്ത് കുഞ്ഞീവിത്തയുടെ പുറകെ നടന്നു.

“മജീദില്ലെ…കുഞ്ഞീവിത്ത അവിടെ..?“

“മജീദ്!! ഓന്‍റെ കാര്യം പറയാണ്ടിരിക്ക്യാ…മാഷെ…ഭേദം. നേരണ്ട് മോന്ത്യായപ്പോ….പോയതാ… സടീ ക്ലാസ്സൂന്നും പറഞ്ഞ്…”

വെറുതെ ഒന്ന് മൂളി. കുഞ്ഞീവിത്ത തുടരുകയാണ്.

മാഷ്…കേട്ട മാഷേ…. ഒന്നിനെ പെറ്റ് കിട്ടാന്‍ ആ തള്ള പെടണ പാട്…? ബളര്‍ന്ന് ബല്ല്യ ആളാവുമ്പോ മക്കക്കത് മനസ്സിലാവോ…?”


ദൂരെയെവിടെയൊ ഇടി വെട്ടി. മഴ വീണ്ടും കനം വെക്കുകയാണ്. മുളയില പറിച്ച് കുഞ്ഞീവിത്തയെ വീട്ടിലാക്കി തിരിച്ച് നടക്കുമ്പോള്‍ മനസ്സ് നിറയെ അവര്‍ പറഞ്ഞ വാക്കുകള്‍ ആയിരുന്നു. തിരിച്ച് റോസ് വില്ലയിലെത്തി കുട ചുരുക്കി പുറത്ത് വെച്ച് മുടിയിലെ വെള്ളം തുവര്‍ത്തുമ്പോള്‍ കുഞ്ഞീവിത്തയുടെ ആടിന്‍റെ കരച്ചില്‍ തന്‍റെ ഉമ്മയുടെ തേങ്ങലുകളായും പിന്നെ പൊട്ടിക്കരച്ചിലായും പരിണമിക്കാന്‍ തുടങ്ങി.


ഒരു ഒഴിവ് ദിവസമായിരുന്നു അന്ന്‌-

തികച്ചും അവിചാരിതമായിട്ടാണ് ഉമ്മ റോസ് വില്ലയിലേക്ക് കടന്ന് വന്നത്. ഉമ്മയുടെ ചുണ്ടുകള്‍ വിതുമ്പുന്നുണ്ടായിരുന്നു. പിന്നെ ആ കരവലയങ്ങളില്‍ അയാളൊരു കൊച്ചു കുഞ്ഞായി. അധരത്തില്‍ പതിഞ്ഞ കണ്ണീര്‍ തുള്ളികളില്‍ മുലപ്പാലിന്‍റെ രുചി തിരിച്ചറിഞ്ഞു. തൊട്ടിലില്‍ ഉറങ്ങുന്ന സോണിമോളെ വാരിയെടുത്ത് തെരുതെരെ ഉമ്മ വെച്ചു. അപരാധിയെ പോലെ ഒരു ഭാഗത്ത് മാറി നിന്ന സലീനയെ ചേര്‍ത്ത് പിടിച്ചു. അവളുടെ ഒഴിഞ്ഞ കൈത്തണ്ടയിലും കഴുത്തിലും തലോടി അന്ന് ഉമ്മ പറഞ്ഞു.

“ എന്താടാ….ഇത്രെം ആയിട്ടും ഒരു പൊന്നിന്‍റെ തരി വാങ്ങിക്കൊടുക്കാന്‍ മോനെക്കൊണ്ടായില്ലെ….?”

യാത്ര പറയാന്‍ നേരത്ത് ഗദ്ഗദം വാക്കുകളെ തടഞ്ഞു. തലയിലെ തട്ടത്തിന്‍റെ തല കടിച്ച് പിടിച്ച് ഉമ്മ കരച്ചിലൊതുക്കാന്‍ പ്രയാസപ്പെട്ടു. ഉമ്മയുടെ വരവില്‍ സലീനക്കായിരുന്നു ഏറെ സന്തോഷം.

ഒരു മധ്യവേനലവധിക്കാലത്താണ് ഉമ്മ രണ്ടാമത് റോസ് വില്ലയിലെത്തിയത്. ഒരു ജോഡി കമ്മലും ഒരു ചെയിനും സലീനയെ അണിയിച്ച് അന്ന് ഉമ്മ പറഞ്ഞു.

“ മോള് പൊരുത്തപ്പെടണംട്ടാ….., ഉമ്മാടെ കയ്യീ….ഇതേ ഉള്ളൂ…”

പുറത്ത് നിന്ന് നിര്‍ത്താതെയുള്ള ഹോണ്‍ മുഴങ്ങിയപ്പോള്‍ ഉമ്മയുടെ മുഖം വിളറി. നിരത്തില്‍ കൂട്ടിലിട്ട സിംഹത്തെ പോലെ ബാപ്പ. ഉമ്മ യാത്ര പോലും പറയാതെ പുറത്തിറങ്ങി. ഉമ്മയ്ക്ക് പുറകില്‍ വരാന്തയില്‍ നില്‍ക്കുമ്പോള്‍ ഗേറ്റ് കടന്ന് റോഡിലെത്തിയ ഉമ്മയുടെ ചുളിവാര്‍ന്ന കവിളില്‍ ബാപ്പയുടെ തഴമ്പുള്ള കൈതലം പതിഞ്ഞത് അവിശ്വസനീയതയൊടെയാണ് കാണാന്‍ കഴിഞ്ഞത്. സാലി ഇസ്മയില്‍ വേദന കൊണ്ട് പുളഞ്ഞു. ഓടി ഗേറ്റിനടുത്ത് എത്തുമ്പോഴേക്കും വണ്ടി അകന്ന് കഴിഞ്ഞിരുന്നു. റൊസ് വില്ലയുടെ ഗേറ്റില്‍ പിടിച്ച് അയാള്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.

അറബിക് പഠിപ്പിക്കുന്ന റഷീദ് മാഷ് പറഞ്ഞാണ് ഉമ്മ കിടപ്പിലാണെന്ന് അറിഞ്ഞത്. ശരീരത്തിന്‍റെ വലത് ഭാഗം തളര്‍ന്ന് ആഴ്ചകളോളമായി ഉമ്മ കിടപ്പിലാണെന്ന് അറിഞ്ഞപ്പൊള്‍ എങ്ങനെയെകിലും ഉമ്മയെ കണ്ടേ തീരു എന്ന് തീരുമാനിച്ചു.

സലീനയെ അറിയിക്കാതെയാണ് പുറപ്പെട്ടത്. ചുട്ട്പൊള്ളുന്ന മീനച്ചൂടിന് താഴെ നിരത്ത് പഴുത്ത് കിടക്കുന്നു.

ഒരു ഉച്ച സമയത്താണ് അയാള്‍ വീട്ടിലെത്തിയത്. നെറ്റിയിലെ വിയര്‍പ്പ് തുടച്ച് ചവിട്ട് പടിയിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോള്‍ കോലായുടെ ഒരു മൂലയില്‍ നിന്ന് ബാപ്പയുടെ പരുഷമായ ശബ്ദം കാതിലലച്ചു.

ഊം….ന്താ….? കുടുംബോണ്ടെന്ന് ഓര്‍മ്മ ബന്നപ്പ ബന്നതാ….അല്ലാ….ഓള്….ബേറെ ബല്ലോന്‍റേം കൂടെ ഓടിപ്പോയാ…..?

കേട്ടതായി ഭാവിക്കാതെ കോലായിലേക്ക് കയറുമ്പോള്‍ വീണ്ടും..

“ കേറണ്ടാ…”

അയാളറിയാതെ തന്നെ കാലുകള്‍ നിശ്ചലങ്ങളായി. പിന്നെ ഉറച്ച കാല്‍വെപ്പുകളോടെ അകത്തേക്ക് നടന്നു. അത് ബാപ്പയെ കൂടുതല്‍ പ്രകോപിപ്പിച്ചു.

“ എറങ്ങടാ…പൊറത്ത്…..!! ശക്തിയായ തള്ളലില്‍ മുറ്റത്തേക്ക് വീഴാതിരിക്കാന്‍ തൂണില്‍ ചുറ്റിപ്പിടിച്ചു. നസ്സഹായനായി നില്‍ക്കുന്ന തന്‍റെ ദയനീയ അവസ്ഥ മനസ്സിലാക്കിയിട്ടൊ എന്തൊ ബാപ്പ പറഞ്ഞു.

ഊം……. പോയി കണ്ടൊ…..!! അന്നോടുള്ള പിരിശം കൊണ്ടല്ല. ഓളെ …ഓര്‍ത്തിട്ടാ….”

കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി.

“ഊ…ഹും….. മോങ്ങണ്ട…, ഇച്ചിരി ബെശം കൂടി കരുതിക്കോ….ഓള്‍ക്ക് കൊടുക്കാലാ…”

അകത്ത്-

ഡിം ലൈറ്റിന്‍റെ മങ്ങിയ വെളിച്ചത്തില്‍ മാറാല കെട്ടിയ മച്ചിലേക്ക് മിഴികളയച്ച് മലര്‍ന്ന് കിടക്കുകയായിരുന്നു ഉമ്മ. തന്നെ കണ്ടപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങുന്നത് അയാള്‍ കണ്ടു.

പിഞ്ഞാണത്തില്‍ വെളിച്ചെണ്ണയും ചോറും കൂട്ടിക്കുഴച്ച് തന്നെയൂട്ടാന്‍ തനിക്ക് പുറകെ ഓടി നടന്നിരുന്ന തന്‍റെ ഉമ്മ. തനിക്ക് വാരിത്തന്നിരുന്ന ആ കൈകള്‍.. അവ ഇന്ന് നിശ്ചലങ്ങളാണ്. പതുക്കെ ഉമ്മയുടെ കണ്ണുകള്‍ നിറയുന്നതും ചെന്നിയിലൂടെ കണ്ണുനീര്‍ തുള്ളികള്‍ അടര്‍ന്ന് വീഴുന്നതും എന്തൊ പറയാനായി ആ ചുണ്ടുകള്‍ വിതുമ്പുന്നതും അയാളറിഞ്ഞു. ശോഷിച്ച് നിര്‍ജ്ജീവങ്ങളായ ആ കാലുകളില്‍ കെട്ടിപ്പിടിച്ച് മതിവരുവോളം കരഞ്ഞു.

തിരിച്ച് നടക്കുമ്പോള്‍ മനസ്സ്‌ നിറയെ കുറ്റബോധമായിരുന്നു.

കുഞ്ഞീവിത്തയുടെ ആട് ഒരിക്കല്‍ കൂടി കരഞ്ഞു. പിന്നെ അതും ഇല്ലാതായി. മഴയുടെ ശക്തിയും കുറഞ്ഞിരിക്കുന്നു.

ജന്നല്‍ തിണ്ടില്‍ കത്തിച്ച് വെച്ചിരുന്ന മെഴുക്‌ തിരി ഉരുകിയൊലിച്ച് ഇല്ലന്‍റിലേക്ക് പടരാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ വേഗം അതെടുത്തു. ഒരാവര്‍ത്തി കൂടി വായിച്ച് പുറത്തെ മഴയിലേക്ക് വലിച്ചെറിഞ്ഞു. ചാറ്റല്‍ മഴയുടെ തലോടലില്‍ അതിലെ അക്ഷരങ്ങള്‍ അവ്യക്തങ്ങളാകുന്നതും മെഴുക് തിരിയുടെ മങ്ങിയ പ്രഭയെ ഏറ്റ് വാങ്ങുന്ന മഴത്തുള്ളികളിലേക്ക് അവ കൂട് മാറുന്നതും അയാള്‍ കാണുന്നുണ്ടായിരുന്നു. ഇടക്ക് കടന്ന് വരുന്ന മിന്നല്‍ വെളിച്ചത്തില്‍ അക്ഷരങ്ങള്‍ പാടെ മാഞ്ഞ് തീര്‍ന്ന ഇല്ലന്‍റില്‍ ബാല്യത്തില്‍ തനിക്ക് പുറകെ ഓടി നടന്നിരുന്ന ഉമ്മയുടെ ആര്‍ത്ത് ചിരിക്കുന്ന മുഖം അയാള്‍ കണ്ടു. പിന്നെ വാര്‍ദ്ധക്യം മുഖത്ത് വര്‍ച്ചുണ്ടാക്കിയ ചുളിവുകളില്‍ തെളിഞ്ഞ് കിടന്ന വിരല്‍ പാടുകള്‍ കണ്ടു.!

ശക്തിയായി മിന്നി മറഞ്ഞ ഒരു മിന്നല്‍ വെളിച്ചത്തില്‍ വെളുത്ത വസ്ത്രത്തില്‍ *കഫന്‍ ചെയ്ത് കിടത്തിയിരുന്ന തന്‍റെ പ്രിയപ്പെട്ട ഉമ്മയുടെ മയ്യത്തിന്‍റെ മുഖം അവസാനമായി കാണാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍.

പെട്ടെന്നാണ് അയാള്‍ കണ്ടത്. വെളുത്ത വസ്ത്രം ധരിച്ച താടിയും തലപ്പാവുമുള്ള കുറെ മനുഷ്യര്‍..!! അവര്‍ അയാള്‍ക്ക് നേരെ അടുക്കുകയാണ്. അവരുടെ കയ്യിലെ കല്ലുകളും കുപ്പിച്ചില്ലുകളും അവര്‍ അയാള്‍ക്ക് നേരെ വലിച്ചെറിഞ്ഞു. മുറിവേറ്റ ഹൃദയവും ശരീരവുമായി തളര്‍ന്ന് വീഴുമ്പോള്‍ അയാള്‍ വെറുതെ മന്ത്രിക്കുന്നുണ്ടായിരുന്നു.

“എന്‍റെ തെറ്റെന്താണ്…..? ഞാന്‍ ചെയ്ത തെറ്റെന്താണ്….?“

അയാള്‍ വീണ്ടും വീണ്ടും അത് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.

അയാളുടെ സ്വരം ഉച്ചത്തിലാവുന്നതും റോസ് വില്ലയുടെ ഇരുട്ട് മൂടിയ മുറികള്‍ക്കുള്ളില്‍ അത് പ്രതിദ്ധ്വനിക്കുന്നതും അയാള്‍ അറിഞ്ഞില്ല. എപ്പോഴോ മയങ്ങിപ്പോയ സലീന ഞെട്ടിയുണരുമ്പോള്‍ സാലി ഇസ്മയില്‍ നിലത്ത് വിയര്‍പ്പില്‍ കുളിച്ച് കിടക്കുകയായിരുന്നു.

പുറത്ത് അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.

Monday, November 15, 2010

തെരുവ് ( കവിത )

മ്മറ വിളക്കുകള്‍ കെടുത്തിയീ-

ഇരുളിന്‍റെ കോലായിലുറങ്ങുന്നു

വെയില്‍ തിന്ന പകലുമൊരു-

വ്യഥയോടെ തെരുവിലനാഥമായ്.ദൂരം കുറിച്ചിട്ട നാഴികക്കല്ലുകള്‍

ദൂരമറിയാ ശിലാജന്മസുകൃതങ്ങള്‍..!!

പഥികര്‍ ചവിട്ടി പതം വന്ന മാറിലൊരു

പാല്‍കുടം പിന്നെയും തുളുമ്പാന്‍ വെമ്പുന്നു.

കാല്‍പ്പാടുകള്‍ മായ്ച്ച്, മുറുക്കിച്ചുവപ്പിച്ച

തുപ്പലോടൊപ്പം വേര്‍തിരിക്കുവാനരുതാത്ത

നിശിത വാള്‍തലകള്‍ കൊലവള്ളിയറുത്ത

തപിത യൌവ്വനങ്ങള്‍ തന്‍ ചോരപ്പാടുകള്‍.

ഗായകന്‍ മറന്നിട്ട പാട്ടുകള്‍ക്കും

വ്രണിതഹൃദയന്‍റെ ചൊല്‍ക്കിനാക്കള്‍ക്കും

തിരസ്കരിക്കപ്പെട്ടേതൊരശരണര്‍ക്കും

ശ്രോതാവു, മമ്മയും നഗ്നയാമീ തെരുവ്..!!


മാര്‍ച്ചുകള്‍, ജാഥകളാഘോഷയാത്രകള്‍

ശ്വാസം നിലച്ച സ്വപ്നങ്ങള്‍ തന്‍ മരവിച്ച

അന്ത്യയാത്രയും കണ്ണീരിലിഴ ചേര്‍ന്ന നോവാല്‍

നെഞ്ചകം തകര്‍ന്ന അനുധാവനങ്ങളും....!

മദിച്ച് നടക്കുന്നതും മരിച്ച് കിടക്കുന്നതും

മലര്‍ന്ന് കിടക്കുമീ തെരുവിന്‍റെ മാറില്‍.
അനുഗമിച്ചവരോടാരായുന്നു നിര്‍ദ്ദയം

“ആരു നീ...? ഉണ്ട്.., എവിടെയോ കണ്ടൊരോര്‍മ്മ..!!”

തുടങ്ങാനുമേറെ ദൂരം താണ്ടാനുമുയരാനും

തുണയാകുമെന്നെ ആരോര്‍ക്കു, മെങ്കിലും

വെറുതെ ഓര്‍മിപ്പിയ്ക്കാം..” മറക്കാതിരിക്കുക,

നടന്നു പിന്നിട്ട വഴികളൊരിക്കലും....”

Saturday, October 30, 2010

ദുര്‍നടപ്പുകാരന്‍റെ ആത്മഗതം ( കവിത)

എന്‍റെ കവിതകള്‍‍ ചേറുക

പതിരൊഴിവാക്കി

മൊഴികളെടുക്കുക.

കുരുന്നുകളുടെ

കണ്ണുകള്‍‍ പൊത്തുക.

വരികള്‍ മാത്രം

കാതില്‍ പറയുക.കുഴയുന്ന നാക്കും

പിഴയ്ക്കുന്ന വാക്കും

വിറക്കുന്ന വാക്യവും

പിഴവിന്‍റെ സന്തതികള്‍.

പിഴച്ച് പിഴച്ച്

പാതയോരത്തൊരിക്കല്‍

‍വഴിപിഴച്ചവന്‍റെ

ഗുണപാഠമായ്

ഉറുമ്പരിക്കേണ്ടവന്‍..!!
ബോധമുള്ള നിങ്ങള്‍

ബോധമില്ലാത്തയെന്നെ

ബുദ്ധനെന്ന് വിളിക്കരുത്.

എന്‍റെ അക്ഷരങ്ങള്‍‍

ശരിയെന്ന് കരുതുന്ന

വലിയൊരു തെറ്റാണ് ഞാന്‍!!നിരന്തരമെന്നെ പിന്തുടര്‍ന്ന

കൂരമ്പുകള്‍...

എന്‍റെ മക്കളാം കവിതകള്‍..!!

തുണിയില്ലാതെയും

ഈച്ചയാര്‍ത്തും ഉറുമ്പരിച്ചും

പാതി മരിച്ച് തെരുവില്‍

കിടക്കുമ്പോള്‍

കേള്‍ക്കാതെ പോയ ശകാരം

അക്ഷരങ്ങളുടേതായിരുന്നു.

വഴിപിഴച്ചൊരച്ഛനെ

പഴി പറയുന്ന മക്കള്‍.!!
വൈകിയാണെങ്കിലുമുപചാരവും

ബഹുമതിയുടെ വെടിയൊച്ചയും

അലങ്കരിച്ച പെട്ടിയിലൊരു

അഹങ്കരിച്ച കിടപ്പും തന്നത്

ഞാന്‍‍ തന്നെ അനാഥമാക്കിയ

എന്‍റെ അക്ഷരങ്ങള്‍......
ആറാമിന്ദ്രിയമുണ്ടായിരുന്നെങ്കില്‍

ജീവിതത്തില്‍ ‍ ലഭിയ്ക്കാത്തത്

മരണത്തില്‍ ലഭ്യമെന്നറിഞ്ഞിരുന്നെങ്കില്‍

ഞാനെന്നേ മരിച്ചേനെ....!!


**********************

ഹൃദയത്തിലൊരു പൂവ്

കാത്ത് വെച്ച കവേ…

അമ്ലവീര്യത്തിലും

കരിയാത്ത പൂവിനെ

കാണാതെ പോയവര്‍ ഞങ്ങള്‍

മാപ്പ്….മാപ്പ്…..മാപ്പ്.

Thursday, October 28, 2010

ശ്വാനരാഷ്ട്രീയം ( കവിത )

ഒരുക്കൂട്ടാം പടക്കോപ്പുകള്‍


തുടലഴിയ്ക്കാം കുരക്കട്ടെ പട്ടികള്‍.


മുരണ്ടും കുരച്ചും കിടന്ന ശ്വാനന്മാര്‍


മുരടനക്കി, മൂരി നിവര്‍ത്തി കവാത്ത് തുടങ്ങി.
നഖമുനകളില്‍, പല്ലുകളിലെന്തിന്


നാവിലൂടൂറും ഉമിനീരിലുമുണ്ട്


നാഭിയില്‍ സൂചിമുന കുത്താനുതകും


ഭ്രാന്തിന്‍ മൂര്‍ത്തമാം പേവിഷവിത്തുകള്‍...!!
നാലുകാലിലോടും ഗുണമൊന്നുമില്ലേലും


നാണമില്ലാതെ മുക്കാലിലാണ് പെടുക്കല്‍.


രഹസ്യമായ് തുടങ്ങി നടുറോഡിലൊടുക്കം


പരസ്യമായാലുമില്ലിവയ്ക്ക് നടുക്കം.
കൊടുത്ത കയ്യെന്നൊ കൊടുക്കാത്ത കയ്യെന്നോ


കക്ഷിഭേദമില്ലാതെ കടിക്കും, ചിലപ്പോള്‍


ചിണുങ്ങി നിന്ന് നക്കിയും കൊല്ലും..!


തുടലില്‍ കിടന്ന് മൃഷ്ടാന്ന ഭോജനം


തെരുവിലാണെങ്കില് എച്ചിലും തിന്നും.


മുരളും ചിണുങ്ങും കാല്ക്കീഴിലമരും


നാണമില്ലാതാടുന്നൊരു വാലിന്‍ ബലത്തില്‍.

Thursday, September 23, 2010

പിരമിഡുകള്‍ ഉണ്ടാകുന്നത് ( കഥ ) സൈനുദ്ദീന്‍ ഖുറൈഷി

“ മന്സന്മാര് ഒക്കേം കണ്ട് പിടിച്ചിക്കണ്….ന്നാല്…മന്സന്മാര്ടെ മനസ്സളക്കണെ യെന്ത്രം..കണ്ട് പിടിച്ചാ…..അന്‍റെ ..സയിന്സ്‌….?”

അബ്ദുട്ടിക്കയുടെ ചോദ്യമാണ്. ഏകാന്തതകളില്‍ പലപ്പോഴും അനുവാദമില്ലാതെ മനസ്സിലേല്ക്ക് വരികയും പോകുകയും ചെയ്യുന്ന ഒരു ചോദ്യം. മനുഷ്യമനസ്സിനെ പഠിയ്ക്കുക ദുഷ്കരം തന്നെ. അതിന്‍റെ ചലനാന്തരങ്ങള്‍ അവനവന്‍റെ തന്നെ ഗ്രാഹ്യനൈപുണ്യങ്ങള്‍ക്ക് അതീതമാണ്.


ഒരു കാലത്ത്-

അബുദാബിയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയില്‍ ഉമ്മല്‍നാര്‍ കഴിഞ്ഞാല്‍ പിന്നെയങ്ങോട്ട് ദുബായ് ട്രേഡ് സെന്‍റര്‍ വരെ , കത്തിയുംകരിഞ്ഞും, നനഞ്ഞും മരവിച്ചും, വന്യതയും വശ്യതയും പുതച്ച് നീണ്ട് കിടക്കുന്ന മരുഭൂമിയായിരുന്നു. വശങ്ങളില്‍ നിന്ന് റോഡിലേക്കിറങ്ങി ഗതാഗത തടസ്സവും മരണങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളുമുണ്ടാക്കുന്ന ഒട്ടകക്കൂട്ടങ്ങള്‍ അന്നൊക്കെ സ്ഥിരം കാഴ്ചകളായിരുന്നു.

എന്‍റെ പ്രവാസജീവിതത്തിന്‍റെയും സ്വപ്നസൌധങ്ങള്‍ക്കുള്ള ശിലാന്യാസത്തിന്‍റേയും ആരംഭദശ.

ഒരു മാര്‍ച്ച് മാസത്തിലെ മെയ്യ് പൊള്ളിക്കാത്ത ഗ്രീഷ്മാന്തസായന്തനത്തില്‍ പച്ചയുടുത്ത ഗ്രാമം പിന്നിലാക്കി ഒരു മരുശൈത്യകാലത്തിലേക്ക് പറന്നിറങ്ങി.

പിന്നിലുപേക്ഷിച്ച ഹരിതാഭയേക്കാള്‍ വര്‍ണ്ണഭരിതമായിരുന്നു നെഞ്ചിലുറഞ്ഞ സ്വപ്നങ്ങള്‍. യാത്രാമൊഴിയോടെ കൈകൂപ്പി നിന്ന സുന്ദരിയായ എയര്‍ഹോസ്റ്റസിന് താങ്ക്സ് പറഞ്ഞാണ് ഫ്ളൈറ്റില്‍ നിന്ന് ഈ സ്വപ്നഭൂമിയിലേക്ക് ഇറങ്ങിയത്. ( നിര്‍വ്വികാരതയോടെ അനുവര്‍ത്തിച്ച് പോരുന്ന ഒരു തൊഴില്‍ ചര്യയായിരുന്നു അതെന്ന് മനസ്സിലായത് പിന്നീടുള്ള യാത്രകളിലാണ്.)


അബുദാബിയിലെ ഒരു ഷേക്കിന്‍റെ പ്രൈവറ്റ് ഡിപ്പാര്‍ട്ട്മെന്‍റിലായിരുന്നു ജോലി ലഭിച്ചത്.

ഞങ്ങള്‍ ഇരുപത്തിമൂന്ന് പേരുണ്ടായിരുന്നു ആ ബാച്ചില്‍. അതിരാവിലെ തന്നെ അബുദാബിയിലുള്ള ഓഫീസില്‍ എത്തി. ആകെ പരിചയമുള്ളത് കണ്ണൂര്‍ സ്വദേശി മുജീബിനെ മാത്രം. അവന്‍റെ ഉപ്പയുടെ ഗ്രോസറി ഞങ്ങള്‍ താമസിക്കുന്ന ബില്‍ഡിങ്ങിലായിരുന്നു.

യു.പിക്കാരായിരുന്നു രണ്ട് പേര്‍. മിര്‍സാ ഗാലിബിന്‍റെ മനോഹരമായ കവിതകള്‍ എനിക്ക് സുപരിചിതമാക്കിയ അല്പം പ്രായമുള്ള ഗാലിബ്. പിന്നെ അവസരത്തിലും അനവസരത്തിലും വെറുതെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഫൈദാന്‍ അഹമെദ്. ബാക്കി എല്ലാവരും മലയാളികള്‍. അധികവും കണ്ണൂര്‍ സ്വദേശികള്‍. മിക്കവരേയും പരിചയപ്പെട്ടു.

പിന്‍ഭാഗം ടാര്‍പ്പാള്‍ കൊണ്ട് കവര്‍ ചെയ്ത ഒരു പിക്കപ്പില്‍ സൈറ്റിലേക്കുള്ള യാത്ര. മാര്‍ച്ച് മാസാവസാനമായിരുന്നിട്ടും ആ പുലരിയിലെ തണുപ്പ് ഇന്നും മേനിയാകെ കുളിര്‍ കോരിയിടുന്നു. ഇന്ന് കാലവും മാറി, കാലാവസ്ഥയും.


മെയിന്‍ റോഡില്‍ നിന്ന് ഏകദേശം പത്തറുപത് കിലോമീറ്ററോളം ഉള്ളിലേക്ക് സഞ്ചരിച്ച് വേണം കൊട്ടാരത്തിലെത്താന്‍. ഹെക്ടര്‍ കണക്കിന് വിശാലമായ കോമ്പൌണ്ടില്‍ സര്‍വ്വ പ്രൌഢികളോടെയും തലയുയര്‍ത്തി നില്‍ക്കുന്ന രാജമന്ദിരം.

കൊട്ടാരകവാടത്തിലെ പട്ടാളക്കാരുടെ പരിശോധനയ്ക്ക് ശേഷം കോമ്പൌണ്ടിനകത്തേക്ക്. ഇരുവശവും പൂച്ചെടികള്‍ നട്ട് പിടിപ്പിച്ച രാജപാതയിലൂടെ സാവധാനം ഓഫീസിന് മുന്നിലെത്തി. അവിടുത്തെ ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാക്കി വീണ്ടും പിക്കപ്പില്‍.

കുണ്ടും കുഴിയുമുള്ള കച്ച റോഡിലൂടെയായിരുന്നു പിന്നത്തെ യാത്ര.

കഷ്ടിച്ച് അരമണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷം വൃത്തിഹീനമായ ഒരിടത്തെത്തി.

പ്രഥമദൃഷ്ട്യാ മനസ്സിനിണങ്ങാത്ത ഒരു അന്തരീക്ഷം. പല വൃത്തികെട്ട വാടകളുടെയും സമ്മിശ്രമായ രൂക്ഷഗന്ധം.

അവിടെ മലയാളികള്‍ വേറെയുമുണ്ട്. അധികവും പഠാണികളും പഞ്ചാബികളും ബലൂച്ചികളും ആയിരുന്നു. അല്പം ഭംഗിയിലും വൃത്തിയിലും സം‌വിധാനിച്ച ഒരു കാരവന്‍റെ മുന്നിലേക്ക് ഞങ്ങളെ കൊണ്ടുപോയി. പുറത്തേക്ക് വന്ന പഠാണിയോട് ഞങ്ങളെ കൊണ്ടു വന്ന ഇറാനി ചോദിച്ചു.

“ ഹാജി സാബ് ഹെ അന്തര്‍…?”

അയാള്‍ ഉണ്ടെന്ന് പറഞ്ഞ് അകത്തേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ അരോഗദൃഢഗാത്രനും കാണാന്‍ പ്രൌഢിയുമുള്ള ഒരു പഠാണ്‍ ഞങ്ങളുടെ മുന്നിലെത്തി.

“അസ്സലാമു അലൈക്കും ഹാജിസാബ്….” ഇറാനി അഭിവാദ്യം ചെയ്തു.

“വ അലൈക്കും സലാം….”

ഓഫീസില്‍ നിന്ന് കൊടുത്ത കടലാസുകള്‍ ഹാജിസാബിനെ ഏല്പിച്ച് ഇറാനി സ്ഥലം വിട്ടു.

ഹാജി സാബിനോടൊപ്പം ശിങ്കിടികള്‍ എന്ന് തോന്നുന്ന വേറെയും പഠാണികള്‍ ചുറ്റുമുണ്ട്. അവരെ നോക്കി ഹാജിസാബ് പറഞ്ഞു.

“സാരാ…മര്‍വാഡാ..ഹെ…”

എല്ലാവരും മലയാളികളാണെന്നാണ് അയാള്‍ പറഞ്ഞത് എന്ന് പിന്നീട് ഗാലിബ് ആണ് പറഞ്ഞ് തന്നത്.

“യൂനുസ് കിദര്‍ ഹെ…? ഉസ്കൊ ബുലാവൊ….യേ..ലോഗ്ക്കാ കമരോംകാ ഇന്തജാം കരാവൊ.”

കൂട്ടത്തില്‍ ഞങ്ങള്‍ ഒന്ന് രണ്ട് പേര്‍ക്ക് മാത്രമെ ഭാഷാപ്രതിസന്ധി ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരെല്ലാം ഹിന്ദിയും ഉറുദുവുമൊക്കെ അറിയുന്നവരായിരുന്നു. സ്കൂളില്‍ പഠിച്ചതും ഹിന്ദി സിനിമകള്‍ തന്നതുമായ പ്രാഥമിക അറിവ് ഒരു പരിധി വരെ എന്നെ സഹായിച്ചു.

അല്പം കഴിഞ്ഞപ്പോള്‍ യൂനുസ് വന്നു. ഞാന്‍ കരുതിയ പോലെ അതൊരു പഠാണിയായിരുന്നില്ല. ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരു ഒന്നാന്തരം മലയാളി. കാസര്‍ഗോട്ടുകരന്‍. കഷ്ടിച്ച് അഞ്ച് അടി ഉയരം കാണും. എന്‍റെ തന്നെ പ്രായമെ യൂനുസിനും കാണൂ.

യൂനുസ് ഞങ്ങളെ ഓരൊ റൂമുകളില്‍ ഒഴിവനുസരിച്ച് കൊണ്ട് ചെന്നാക്കി. മലയാളികളെ മലയാളികളുടെ റൂമില്‍ തന്നെ. ഗാലിബിനെയും ഫൈദാനെയും ആന്ധ്രക്കാരുടെ മുറിയിലുമാക്കി. എനിക്കും മുജീബിനും യൂനുസിന്‍റെ മുറിയില്‍ തന്നെയാണ് താമസം തരപ്പെട്ടത്. മൊത്തം ആറ് കട്ടില്‍. ഞങ്ങള്‍ മൂന്ന് പേരെ കൂടാതെ പിന്നെയുള്ള മൂന്ന് പേരില്‍ ഒരാള്‍ മാട്ടൂക്കാരന്‍ സലാമുക്ക, ഒരാള്‍ താനൂര്‍ക്കാരന്‍ അബ്ദുല്ല മറ്റൊരാള്‍ വടകരയുള്ള മൊയ്തുക്ക. മൊയ്തുക്ക മാത്രം പ്രായക്കൂടുതലുള്ള ആളായിരുന്നു. അദ്ധേഹം ക്യാമ്പിലെ കൂക്ക് ആയിരുന്നു.

പൊതുവെ സംസാരപ്രിയനായ സലാമുക്കയുമായി പെട്ടെന്ന് അടുക്കാനായി. ജോലിയെ കുറിച്ചും ക്യാമ്പിലെ രീതികളെ പറ്റിയും ഓരൊ മലയാളികളെ പറ്റിയും സലാമുക്ക വിവരിച്ചു. യൂനുസ് മുറിയിലില്ലാത്ത തക്കം നോക്കി യൂനുസിനെ പറ്റിയും.

ഹാജിസാബ് പാലസിലെ മസൂല്‍ ആണ്. മിഴിച്ചിരിക്കുന്ന ഞങ്ങളോട് മൊയ്തുക്ക പറഞ്ഞു. “മസൂല്‍ എന്ന് വെച്ചാ…. സൂപ്പര്‍ വൈസര്‍. ഈടെ ഓന്‍റെ ഭരണാ…“

തെല്ലൊരു അമ്പരപ്പോടെ ഇരിക്കുന്ന ഞങ്ങളെ സലാമുക്ക സമാധാനിപ്പിച്ചു.

“ഏയ്.. പേടിക്ക്യൊന്നും വേണ്ടാപ്പാ… നമ്മള്‍ കണ്ടും കേട്ടും നിന്നാ മതി.“

ഡിഗ്രി കഴിഞ്ഞ് ആദ്യമായി പ്രവേശിക്കുന്ന ജോലിയാണെന്നറിഞ്ഞപ്പോള്‍ മൊയ്തുക്കയും സലാമുക്കയും ദേഷ്യപ്പെട്ടു.

“നീയ്ന്ത്നാപ്പാ…ഈ പണിക്ക് വന്നെ…?ആമല്‍ നദാഫാന്ന് വെച്ചാ കണക്കെഴുതണ പണിയാന്ന് വെച്ചാ…?”

അപ്പോള്‍ മാത്രമാണ് എന്ത് തസ്തികയിലേക്കാണ് താന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് അറിയുന്നത്. കൊട്ടാരം ക്ലീനേര്‍സ്.! ഓഫീസ് ബോയ് പോലുമല്ല. അതിലും താഴെ. രാത്രിയില്‍ മുജീബുമായി എന്‍റെ ദുഖം പങ്ക് വെയ്ക്കുകയും ചെയ്തു.

“എന്ത് പണ്യായാലും എന്താ ഭായി….? ചെയ്യാനുള്ള മനസ്സ് മതി. ഇതിപ്പൊ നല്ല ശമ്പളം,..താമസം…ഭക്ഷണം….!! പിന്നെന്താ…വേണ്ടീ…..? ശീലാവുമ്പോ…ഒക്കെ ശര്യാകും..“


ക്യാമ്പിലെ ആദ്യത്തെ രാത്രി-

കൃത്യം പത്തരക്ക് ലൈറ്റ് ഓഫ് ചെയ്തു. എല്ലാവരും ഉറക്കത്തിലേക്ക്.

കണക്കിന്‍റെ ലോകത്ത് നിന്ന് ക്ലീനിങിന്‍റെ മരുഭൂവിശാലതയിലേക്ക് മനസ്സിനെ പറിച്ച് നട്ടു. എന്ത് ജോലിയും ചെയ്യാനുള്ള ഉള്‍ക്കരുത്ത് ക്യൂബന്‍ കാടുകളെയും ഗറില്ലാസമരങ്ങളെയും മറികടന്ന് ഈ മരുഭൂമിയിലെ കൊച്ചു മരക്കുടിലിലേക്ക് സന്നിവേശിക്കുന്നത് ഞാന്‍ അറിഞ്ഞു. ഇതാണ് വിപ്ലവം.! മനുഷ്യനിര്‍മ്മിതമായ പ്രത്യയശാസ്ത്രങ്ങളെ അപ്പാടെ വിഴുങ്ങി സോവിയറ്റ് രാജ്യങ്ങളിലെ മഞ്ഞുരുകുന്നതും ഉത്തരായനവും ദക്ഷിണായനവും കടന്ന് ഇന്ത്യയിലെ കടലുകളും സമതലങ്ങളും കൃഷിയിടങ്ങളും ചുവന്ന് തുടുക്കുന്നത് സ്വപ്നം കാണുന്നതിനേക്കാള്‍ എത്രയോ പ്രായോഗികമാണ് കുടുംബത്തില്‍ നിന്ന് തുടങ്ങേണ്ട വിപ്ലവം ഇവിടെ സമാരംഭിക്കുന്നത്.!!

ഒരു വ്യക്തി സമം ഒരു കുടുംബം . അങ്ങനെയെങ്കില്‍ ഒരു സമൂഹം തന്നെ എത്ര വേഗത്തില്‍ സ്വയം പര്യാപ്തരാവും. മനസ്സില്‍ ഉറച്ച തീരുമാനങ്ങളോടെ കണ്ണടച്ച് കിടന്നു.


നേരം പുലര്‍ന്ന് വരുന്നേയുള്ളൂ. ക്യാമ്പിനു ചുറ്റും പരന്ന് കിടക്കുന്ന അതിവിശാലമായ മരുഭൂമി പുലര്‍മഞ്ഞ് കാരണം അവ്യക്തമായിരുന്നു. ദൂരെയുള്ള ടോയ് ലെറ്റുകളിലേക്ക് പോയി വരുമ്പോഴേക്കും ദേഹമാസകലം ചാറ്റല്‍ മഴ പോലെ പെയ്യുന്ന മഞ്ഞ് മൂലം നനഞ്ഞിരുന്നു. നല്ല തണുപ്പും അനുഭവപ്പെട്ടിരുന്നു.

രാവിലത്തെ ഷിഫ്റ്റ് ആറ് മണി മുതല്‍ പന്ത്രണ്ട് മണി വരെ. ഉച്ചക്ക് മൂന്ന് മുതല്‍ അഞ്ച് വരെ. കൊട്ടാരത്തിന്‍റെ പ്രധാന കവാടം മുതല്‍ ഉള്ളിലെ ഗേറ്റ് വരെ ഏകദേശം രണ്ടര കിലൊമീറ്റര്‍ ദൂരത്തില്‍ വണ്‍ വെയ് റോഡാണ്. ആ റോഡിന്‍റെ ഇരുവശങ്ങളിലും മരുക്കാറ്റില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണല്‍ അടിച്ചു കോരി വൃത്തിയാക്കുക എന്നതായിരുന്നു ഞങ്ങള്‍ നാലു പേര്‍ക്ക് കിട്ടിയ ജോലി.

പണിയായുധങ്ങള്‍ ചുവന്ന നിറത്തിലുള്ള ഒരു ഹാര്‍ഡ് ബ്രഷ്, ഒരു സാധാരണ ബ്രഷ് പിന്നെയൊരു ഡസ്റ്റ്പാനും അര്‍ബാനയും. ( ഉന്ത് വണ്ടി പോലെയുള്ളത്. )

രാവിലത്തെ തണുപ്പില്‍ ശരീരം ചൂടാവാന്‍ നല്ല വ്യായാമമാണെന്ന് അപ്പോള്‍ തോന്നി. സമയം മുന്നോട്ടിഴയുന്തോറും മഞ്ഞുരുകി ചൂട് തുടങ്ങി. പത്ത് മണി ആകുമ്പോഴേക്കും ചൂടിന്‍റെ കാഠിന്യം കൂടി. ഉഷ്ണം അതിലേറെ. ഇടക്കിടെ ഗേറ്റിനടുത്തുള്ള കൂളറില്‍ നിന്ന് കുപ്പിയില്‍ വെള്ളം നിറച്ച് കൊണ്ട് വരും.


ജോലിക്കിടയില്‍ യൂനുസ് രണ്ട് മൂന്ന് തവണ മോട്ടോര്‍ സൈക്കിളില്‍ അതിലെ കടന്നു പോയി. വെള്ളമെടുത്ത് വരുന്ന എന്നോട് യൂനുസ് പറഞ്ഞു.

“ഉള്ള നേരം വെള്ളമെടുക്കാന്‍ പോയീം വന്നും നിക്കണ്ട. ഹാജിടെ കണ്ണീ പെട്ടാല്‍ *ഖാന ഖറാബാകും.”

ആദ്യദിവസം തന്നെ മുദ്രാവാക്യത്തിനും അദ്ധ്വാനത്തിനും തമ്മിലുള്ള അന്തരം വ്യക്തമായി.

റൂമില്‍ വന്നപ്പോള്‍ സലാമുക്കയാണ് പറഞ്ഞത് യൂനുസ് പഠാണികളുടെ ഒരു ചംച്ച ( ഒറ്റുകാരന്‍ ) ആണെന്നും അവനെ സൂക്ഷിക്കണം എന്നും.


“ശുഭ്രപതാക ചോരയില്‍ മുക്കി

ചെങ്കൊടിയായി പാറിക്കും..”

ചെങ്കല്ല് നിറഞ്ഞ കോളേജ് കാമ്പസില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ കാതിലലച്ചു.

“കരിങ്കാലിപ്പണി ചെയ്താല്‍ ഏതവനായാലും വിടില്ല.“

അമര്‍ഷത്തോടെ ഞാനത് പറഞ്ഞപ്പോള്‍ സലാമുക്ക ചിരിച്ചു.


തലക്ക് മുകളിലെ കത്തുന്ന ചൂടും വീശിയടിക്കുന്ന മണല്‍കാറ്റും ഇടക്കിടെയുള്ള പഠാണികളായ മസൂല്‍മാരുടെ മാനസികപീഡനവും ഒഴിച്ചാല്‍ ജോലിയും ക്യാമ്പ് ജീവിതവുമായി ഏറെക്കുറെ സമരസപ്പെട്ടു എന്ന് പറയാം. കോളേജ് കാമ്പസ് പകര്‍ന്ന് തന്ന വിപ്ലവവീര്യം തിളച്ച് പൊന്തുന്നതും നിവൃത്തിയില്ലെന്നറിഞ്ഞ് സ്വയം ആറിത്തണുത്തിരുന്നതും മസൂലന്മാരായ പഠാണികളുടെയും മലയാളി കൂടിയായ യൂനുസിന്‍റെയും ചൂഷണങ്ങള്‍ കാണുമ്പോളായിരുന്നു. സഹമുറിയനായിട്ട് പോലും കൃത്യമായ അകലം സൂഷിച്ചിരുന്നു അവന്‍. സദാസമയവും പഠാണികളുടെ കൂടെയായിരിക്കും അവന്‍. ഡ്യൂട്ടി സമയത്ത് മോട്ടോര്‍ സൈക്കിളില്‍ റോന്ത് ചുറ്റിക്കൊണ്ടിരിക്കും. ആരെല്ലാം എന്തെല്ലാം ചെയ്യുന്നു എന്ന റിപ്പോര്‍ട്ട് സമര്‍പ്പണമാണത്രെ പ്രധാന പണി.


1984 ഒക്ടോബര്‍ 31.

ഇന്ത്യയെ നടുക്കിയ ദാരുണമായ ഒരു കൊലപാതകം നടന്ന ദിവസം.

സ്വന്തം അംഗരക്ഷകരാല്‍ ശ്രീമതി. ഇന്ദിരാഗാന്ധി വെടിയേറ്റ് കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെയെല്ലാം ഞെട്ടിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യെ എല്ലാവരെയും ആ വാര്‍ത്ത ദുഃഖത്തിലാഴ്ത്തി.

പഠാണികളുടെ മുറികളില്‍ സന്തോഷത്തിന്‍റെ തിരയിളക്കം കേള്‍ക്കാം. അവര്‍ക്കേതൊ ക്രിക്കറ്റ് മാച്ച് ജയിച്ച പ്രതീതിയായിരുന്നു. ഞങ്ങളെല്ലാം വാര്‍ത്ത കേട്ട് , മൌനം പാലിച്ച് മുറിയില്‍ ഇരിക്കുകയായിരുന്നു. കയ്യില്‍ ഒരു തളിക നിറയെ ലഡുവുമായി ഹാജിസാബിന്‍റെ ശിങ്കിടികള്‍ മുറിയിലേക്ക് വന്നു.

“അരെയോ…മുസല്‍മാന്‍ ലോഗോം….., മീഠാ…ഖാവൊ…..ഖുശി മനാവൊ…..സാലീ…മര്‍ഗയീ…!!“

മറുപടി ഉച്ചത്തില്‍ വിളിച്ച് പറയണമെന്നുണ്ട് എല്ലാവരിലും. പക്ഷെ, ആരും അതിന് തുനിഞ്ഞില്ല. പഠാണികള്‍ വീണ്ടും ക്ഷണിച്ചു.

“അരെ മല്‍ബാരി ലോഗോം,……ലേലൊ….ഖാഒ….”.

ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മരണം ആഘോഷിക്കുകയാണ് പാക്കിസ്താന്‍ പഠാണികള്‍. യൂനുസിന്‍റെ കൈ തളികയ്ക്ക് നേരെ നീണ്ടതും എന്‍റെ കാല് കൊണ്ടുള്ള പ്രഹരത്തില്‍ തളിക വായുവില്‍ ഉയര്‍ന്നതും ഒരുമിച്ചായിരുന്നു.

ലഡുവെല്ലാം തറയില്‍ വീണുരുണ്ടു. തളികയുടെ വക്ക് തട്ടി എന്‍റെ കാലില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങി. രോഷാകുലരായ പഠാണികള്‍ തലങ്ങും വിലങ്ങും എന്നെ തല്ലുകയും വായിലെ നസ് വാര്‍ മുഖത്തേക്ക് തുപ്പുകയും ചെയ്തു.

ഇടക്ക് പലരും ഇടപെട്ട് പഠാണികളെ ശാന്തരാക്കി പറഞ്ഞയച്ചു. സത്യത്തില്‍ ഞാന്‍ തളര്‍ന്ന് പോയിരുന്നു. തല്ല് കൊണ്ടിട്ടല്ല; ഒരു മലയാളി പോലും എന്നെ സഹായിച്ചില്ലല്ലൊ എന്നോര്‍ത്ത്.

പഠാണികളെല്ലാം പോയപ്പോള്‍ കൂടെയുള്ളവരെല്ലാം അടുത്ത് കൂടി. മുറിവില്‍ മരുന്ന് വെച്ചു. സ്നേഹത്തോടെ ശാസിച്ചു. അല്പം അത്ഭുതവും ആശ്വാസവും നല്‍കിയത് ഹാജി അബ്ദുല്‍ സലാം ആയിരുന്നു. അയാളും പാക്കിസ്ഥാനിയാണ്. എന്‍റെ അടുത്ത് വന്ന് ശബ്ദം താഴ്ത്തി അയാള്‍ പറഞ്ഞു.

“യെ ലോഗ് പാകല്‍ ലോഗ് ഹെ..! അണ്‍പഠ് ലോഗ്. തൂ ഇസ് സെ പങ്ക മത്ത് ലോ…! അപ്പനാ ഖ്യാല്‍ കരൊ …“ അത്രയും പറഞ്ഞ് അയാള്‍ ദൈന്യതയോടെ എന്നെ നോക്കി ദീര്‍ഘശ്വാസമയച്ച് പുറത്ത് പോയി.

ലോകത്ത് ഇത്രയേറെ വിധേയത്വമുള്ള ഒരേയൊരു ജനത മലയാളികളാണെന്ന് തോന്നി അന്ന്.

മുറിയിലേക്ക് കയറിവന്ന യൂനുസ് പരിഹസിച്ചു.

“ജീവിക്കാന്‍ പഠിക്ക് ആദ്യം. സഖാവ് കളിക്കാനാണെങ്കി ഇങ്ങോട്ട് വരണോ..”

ആരും ഒന്നും പറഞ്ഞില്ല, ഞാനും.

മുറിഞ്ഞ കാലുമായി, പിരമിഡ് പോലെ കെട്ടി ഉയര്‍ത്തിയ കരിങ്കല്‍ തറയിലെ മണല്‍ അടിച്ചു വാരലായിരുന്നു ശിക്ഷ. എളുപ്പമുള്ള ജോലിയായിരുന്നില്ല എന്നല്ല ഒരിക്കലും സാധിക്കാത്ത ജോലിയായിരുന്നു അത്. എങ്കിലും കൊടും ചൂടില്‍ ആ പ്രയത്നം തുടര്‍ന്നു. പത്ത് ദിവസത്തോളം ഉണ്ടായിരുന്നു ആ ശിക്ഷ.

അപ്പോഴെല്ലാം മനസ്സില്‍ പഴുത്ത് പൊള്ളിയിരുന്നത് യൂനുസിനോടുള്ള പക മാത്രമായിരുന്നു.

നാളുകള്‍ക്ക് ശേഷം-

ഒരു ദിവസം ഉച്ചയ്ക്ക് ശേഷമുള്ള ഡ്യൂട്ടി ടൈം.

മതില്‍കെട്ടിന് പുറത്തുള്ള ഒട്ടകങ്ങളുടെ മസ്റയില്‍ ക്ലീനിങിലായിരുന്നു ഞാനും മുജീബും ജമീലും. ജമീല്‍ കോഴിക്കോട് സ്വദേശിയാണ്. ഞങ്ങളുടെ കൂട്ടത്തില്‍ വളരെ ചെറുപ്പവും പേര് പോലെ തന്നെ സുമുഖനും ആയിരുന്നു ജമീല്‍.

കളിതമാശകളൊക്കെ പറഞ്ഞ് ജോലിയില്‍ വ്യാപൃതരായിരിക്കെ, ഹാജിസാബിന്‍റെ മകനും യൂനുസും കൂടി വന്ന് ജമീലിനെ പാലസിനകത്ത് പണിയുണ്ടെന്ന് പറഞ്ഞ് കൊണ്ടു പോയി. അഞ്ച് മണിക്ക് മുന്നെ ജോലികള്‍ തീര്‍ക്കാനുള്ള തിരക്കിലായിരുന്നു ഞങ്ങള്‍. കുറച്ച് കഴിഞ്ഞപ്പോള്‍ യൂനുസ് ജമീലുമൊത്ത് മസ്‌റയിലെത്തി. ജമീല്‍ കരയുന്നുണ്ടായിരുന്നു. മുഖത്ത് അടിയുടെ പാടുകളും ഉണ്ടായിരുന്നു. ചുണ്ട് പൊട്ടി ചെറുതായി രക്തം കിനിഞ്ഞിരുന്നു.

പോകുന്നതിന് മുന്‍പ് യൂനുസ് പറഞ്ഞു.

“തല്ല് വേടിക്കേണ്ട വല്ല കാര്യോണ്ടാ….? തേരാ പാംവ് ഭാരി നയ് ഹോഗാനാ..?”

പൊടി പാറിച്ച് യൂനുസ് കടന്നു പോയി. ജമീല്‍ ഞങ്ങള്‍ക്കരികില്‍ തളര്‍ന്നിരുന്നു. വളരെയേറെ നിര്‍ബന്ധിച്ചപ്പോഴാണ് അവന്‍ സംഭവിച്ചതെന്താണെന്ന് പറഞ്ഞത്.

ഷേക്കിന്‍റെ ബെഡ്റൂം ക്ലീന്‍ ചെയ്യാന്‍ കൊണ്ട് പോയിട്ട് പല വാഗ്ദാനങ്ങളും നല്‍കി സ്വവര്‍ഗ്ഗരതിക്ക് നിര്‍ബന്ധിക്കുകയായിരുന്നു ഹാജിസാബിന്‍റെ മകന്‍. വഴങ്ങാതായപ്പോള്‍ ബലാത്കാരമായി. ഉന്തും തള്ളുമായി. ഒടുവില്‍ മര്‍ദ്ധനമായി. ഒരു വിധത്തില്‍ വാതില്‍ തുറന്ന് പുറത്ത് വന്ന ജമീലിനെ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചു യൂനുസ്.

“കള്ള നായീന്‍റെ മോനെ…..തൊട്ടാ…കൊന്ന് കളേം…പന്നി….”

ജമീലിന്‍റെ ഭാവപ്പകര്‍ച്ച യൂനുസിനെ പിന്തിരിപ്പിച്ചു.

“വൊ…..ബേന്‍ ചൂത്ത്ക്കൊ…ലേക്കിജാ…..യഹാംസെ….”

പിന്നില്‍ വിത്ത്കാളയെ പോലെ മുക്രയിട്ട് പഠാണ്‍.


വായില്‍ നിന്ന് രക്തമൊലിച്ച് നടന്നു വരികയായിരുന്ന ജമീലിനെ പറഞ്ഞ് വശത്താക്കിയാണ് യൂനുസ് മസ്റയിലെത്തിച്ചത്. സംഗതി പുറത്ത് പറഞ്ഞാല്‍ ജോലി നഷ്ടപ്പെടുക മാത്രമല്ല, എന്തെങ്കിലും കേസുണ്ടാക്കി ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തിയത്രെ.

“ഇതിങ്ങനെ വിട്ടാ പറ്റില്ല. ആദ്യം ആ നായിന്‍റെ മോനെ ഒന്ന് കാണണം. ബാക്കി പിന്നെ….” എനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. “

“ജമീലെ…വാ…..ചോദിച്ചിട്ട് തന്നെ കാര്യം.”

മൂന്ന് പേരും കൂടി ക്യാമ്പിലെത്തി. ക്ഷുഭിതനായി നില്‍ക്കുന്ന എന്നെ സലാമുക്ക സമാധാനിപ്പിച്ചു.

“ആരോട് പരാതിപ്പെട്ടിട്ടും കാര്യമില്ല. ഇതൊക്കെ ഇവിടെ സാധാരണാ…! അയ്നായിട്ട് കൊറെ നാണോം മാനോം ഇല്ലാത്തോരും ഇവടെണ്ട്…”

“ഇല്ല സലാമുക്ക. ഇത് കമ്പ്ലൈന്‍റ് ചെയ്യണം. ഹാജിയോടല്ല. പോലിസില്‍.“

ഞാന്‍ എന്തായാലും പോലിസില്‍ പരാതിപ്പെടുമെന്ന തീരുമാനത്തില്‍ ഉറച്ച് നിന്നു.

കുറച്ചപ്പുറത്ത് സ്ഥാപിച്ചിട്ടുള്ള പബ്ലിക്‍ റ്റെലിഫോണ്‍ ബൂത്ത് മാത്രമാണ് ഏക അവലംബം. ഞാന്‍ സലാമുക്കയുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ പുറത്തേക്കിറങ്ങവെ എതിരില്‍ യൂനുസ് കടന്നു വന്ന് പറഞ്ഞു. നിങ്ങളെ രണ്ടാളെം ഹാജിസാബ് വിളിക്കുന്നു എന്ന്. മടിച്ച് നിന്ന ജമീലിനെയും കൂട്ടി ഞാന്‍ ഹാജിസാബിന്‍റെ കാരവനിലെത്തി. അവിടെ അയാളുടെ മകനും മറ്റ് പഠാണികളും ഉണ്ടായിരുന്നു.

വളരെ സൌമ്യമായി ഹാജിസാബ് ഞങ്ങളെ മുറിയിലേക്ക് ക്ഷണിച്ചു. ഞങ്ങളുടെ മുന്നില്‍ വെച്ച് അയാള്‍ മകനെ തല്ലി. ജമീലിനോട് മാപ്പ് ചോദിക്കാന്‍ പറഞ്ഞു. മകന്‍ തത്തയെ പോലെ അത് അനുസരിക്കുകയും ചെയ്തു. എത്ര ലാഘവത്തോടെ അയാള്‍ ഈ പ്രശ്നം ഒതുക്കിയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. യൂനുസ് എന്നെ നോക്കി ചിരിച്ചു. പരിഹാസത്തോടെ.

ഹാജിസാബ് ഖമീസിന്‍റെ കീശയില്‍ നിന്ന് ഇരുനൂറ് ദിര്‍ഹംസ് എടുത്ത് ജമീലിന് നല്‍കി. എന്നിട്ട് പറഞ്ഞു.

“ഉസ് സെ ഗല്‍ത്തി ഹോഗയി ഹെ…, ഹം സബ് മുസല്‍മാനെ…., യേ ലോ…ആജ് മേരി തരഫ് സെ മീഠാ…ഖാഒ….”

ജമീല്‍ ഒരു സങ്കോചവുമില്ലാതെ ആ പണം വാങ്ങി. ഹാജി എന്‍റെ നേരെ നോക്കി വന്യമായി ചിരിച്ച് കൊണ്ട് ചോദിച്ചു “ അഭി ശിക്കായത്ത് കര്‍ണാഹെ ക്യാ…?”

അയാള്‍ പിന്നെയും ചിരിച്ചു. ഉച്ചത്തില്‍. മറ്റ് പഠാണികളും അയാളോടൊപ്പം കൂടി. കൂട്ടത്തില്‍ ഏറ്റവും ഉച്ചത്തില്‍ അവന്‍റെ ശബ്ദമായിരുന്നു, യൂനുസിന്‍റെ.


മുറിയില്‍ വന്ന് ആരോടും മിണ്ടാതെ കുറെ നേരമിരുന്നു. ജമീലിനോട് ദേഷ്യം തോന്നിയില്ല. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിലാണ് പ്രാരബ്ദങ്ങളുടെ ഭാണ്ഡങ്ങള്‍ പേറുന്ന അവന് താത്പര്യം. എല്ലാവരും സ്വയം ഒതുങ്ങുന്നതും അതു കൊണ്ടാവണം.

എല്ലാം മറക്കാം, പൊറുക്കാം. എന്നാല്‍ സ്വന്തം വര്‍ഗ്ഗശത്രുവിന്‍റെ ചെയ്തികളെ മറക്കാനും പൊറുക്കാനും എത്ര ശ്രമിച്ചിട്ടും ആകുന്നില്ല. യൂനുസിനോടുള്ള ദേഷ്യം ദിനം പ്രതി കൂടി വന്നു. പുറത്തെ വെയിലില്‍ ഞാന്‍ മാത്രം റോഡ് വൃത്തിയാക്കി വിയര്‍ക്കുമ്പോള്‍ അനുനിമിഷം ആ പക ഏറി വന്നു.

സുദീര്‍ഘമായ ചിന്തകള്‍ക്കൊടുവിലായിരുന്നു എന്‍റെ നല്ലൊരു സുഹൃത്തായിരുന്ന സുലൈമാന്‍റെ സഹായം തേടാന്‍ ഞാന്‍ ഉറച്ചത്. സുലൈമാന്‍ ഇറാനിയാണ്. ഈ കാലത്തിനിടയില്‍ പരിചയപ്പെട്ട നല്ലൊരു കൂട്ടായിരുന്നു സുലൈമാന്‍.

മരുഭൂമിയിലെ ഗന്ധകമടങ്ങിയ മണ്ണ് മാറ്റി ഫലഭൂയിഷ്ടമായ അല്‍ഐനിലെ മണ്ണ് കൊണ്ട് വന്ന് നിറക്കുന്ന ഒരു ടിപ്പറിലെ ഡ്രൈവറായിരുന്നു സുലൈമാന്‍. ഈ മണ്ണടിക്കല്‍ ഉള്ളതിനാല്‍ റോഡില്‍ എപ്പോഴും ടിപ്പറുകളുടെ തിരക്കാണ്. സുലൈമാനെ സംബന്ധിച്ചിടത്തോളം ഒരു ആക്‍സിഡന്‍റ് വളരെ നിസ്സാരം.

“മരിക്കുന്ന തരത്തിലാവരുത്. കിടപ്പാവണം. പിന്നെ എഴുന്നേല്‍ക്കരുത്. അത്ര മതി.“

കഥകള്‍ ഒക്കെ കേട്ടതിന് ശേഷം സുലൈമാന്‍ സമ്മതിച്ചു. അവനത് ഒരു ഗൌരവമുള്ള കാര്യമേ അല്ലെന്ന് തോന്നി. ദിവസവും സമയവും നിശ്ചയിച്ചു. വ്യാഴാഴ്ച്ച ഉച്ചക്ക്, യൂനുസ് ക്യാമ്പിലേക്ക് മോട്ടോര്‍സൈക്കിളില്‍ വരുന്ന വഴിക്ക് റൌണ്ടില്‍ വെച്ച്…..


ഇനി രണ്ട് ദിവസം ബാക്കി.

എന്തെന്നില്ലാത്ത ഒരു ഭീതിയും ഉത്കണ്ഠയും എന്നെ ആകെ വലയം ചെയ്തിരുന്നു. ആക്‍സിഡന്‍റ് വലുതായാല്‍ …. , വിചാരിച്ച പോലെ സുലൈമാന്‍റെ കൈപ്പിടിയില്‍ കാര്യങ്ങള്‍ നിന്നില്ലെങ്കില്‍ ……, അവനെങ്ങാനും മരിച്ചാല്‍……, ഹോ….വേണ്ട. ഒന്നും വേണ്ടിയിരുന്നില്ല.

ഇനി സുലൈമാനെ കോണ്ടാക്‍റ്റ് ചെയ്യാനും വഴിയില്ല. വല്ലാത്തൊരു അവസ്ഥയിലായി ഞാന്‍.


വ്യാഴാഴ്ച്ച-

ജോലിക്ക് പോയില്ല. ആകെ ഒരു മരവിപ്പ്‌. രാവിലെ ക്യാമ്പില്‍ വെള്ളമെടുക്കാന്‍ വന്ന വണ്ടിക്കാരില്‍ സുലൈമാനെ തിരഞ്ഞു. കണ്ടില്ല. കണ്ടെങ്കില്‍ അരുതെന്ന് പറയാമായിരുന്നു. ശരീരമാസകലം ഒരു പരവേശം…സമയം നീങ്ങുന്തോറും പറയാനാവാത്ത ഒരു വിമ്മിഷ്ടം. നാലഞ്ച് തവണ ടോയ് ലെറ്റില്‍ പോയി.

മുറിയിലെ എസിക്ക് തണുപ്പ് ഇല്ലാത്തത് പോലെ.

സമയം പന്ത്രണ്ട്.

റോഡിലൂടെ ട്രക്കുകളും ടിപ്പര്‍ ലോറികളും ചീറിപ്പായുന്നു. സമയം പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു. ഇത് വരെ ആരും ഒന്നും പറഞ്ഞ് കേട്ടില്ല. ആശ്വാസം.


മണി ഒന്ന് കഴിഞ്ഞു.

ഹോ..ആശ്വാസം. അല്ലാഹുവിന് സ്തുതി. അനിഷ്ടകരമായി ഒന്നും സംഭവിച്ചില്ലല്ലൊ. കൂളറില്‍ നിന്ന് വെള്ളമെടുത്ത് കുടിച്ച് ആശ്വാസത്തോടെ നില്‍ക്കുമ്പോള്‍ മൊയ്തുക്ക ഓടി വരുന്നു.

“വേഗം..വാ..…അവിടെ ആക്‍സിഡന്‍റ്. നമ്മുടെ യൂനുസ്….! യൂനുസ് മരിച്ചൂന്നാ കേട്ടത്.”

നെഞ്ചിടിപ്പ്‌ ഒരു നിമിഷത്തേക്ക് നിശ്ചലമായി. തലക്ക് കൈകളൂന്നി തറയില്‍ ഇരുന്നു പോയി. കൊല്ലാന്‍ ഞാന്‍ പറഞ്ഞിരുന്നില്ലല്ലോ….!! സുലൈമാനെ ചതിച്ചല്ലോ..നീ….”

മൊയ്തുക്കയുടെ കൂടെ റോഡിലേക്ക് കുതിച്ചു. ദൂരമറിയാതെയുള്ള ഓട്ടം.

അവിടെ ആളുകള്‍ കൂടിയിരുന്നു. യൂനുസ് ഓടിച്ചിരുന്ന മോട്ടോര്‍ സൈക്കില്‍ നിശ്ശേഷം നശിച്ചിരിക്കുന്നു. പകുതി മണ്ണിലും പകുതി റോഡിലുമായി യൂനുസ് രക്തത്തില്‍ കുളിച്ച് കിടക്കുന്നു. ഇടിച്ചിട്ട ടിപ്പര്‍ ലോറി റോഡിന് നടുക്കുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്നു.

ഒരു ഞെട്ടലോടെ ഞാന്‍ കണ്ടു. അത് സുലൈമാന്‍റെ ടിപ്പര്‍ ലോറി അല്ലായിരുന്നു. പിന്നെ ആരൊ പറയുന്നത് കേട്ടു, ഒരു സര്‍ദാര്‍ജിയായിരുന്നു ഡ്രൈവര്‍ എന്ന്. അയാളെ മറ്റ് ലോറിക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത്രെ.

ഞാന്‍ മെല്ലെ യൂനുസിന്‍റെ അടുത്ത് ചെന്നു. മനസ്സ് കൊണ്ട് തെറ്റ് പറഞ്ഞു. ഞാന്‍ മൂലമല്ലെന്ന് അറിഞ്ഞിട്ടും കുറ്റബോധം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു.

യൂനുസിന്‍റെ പോക്കറ്റില്‍ നിന്ന് തെറിച്ച് വീണ പേഴ്സില്‍ നിന്ന് ഒരു ഇന്‍ലെന്‍റ് കാറ്റില്‍ പറക്കാവുന്ന രീതിയില്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നുണ്ടായിരുന്നു.

വിറയാര്‍ന്ന കൈകളാലെ ആ കത്തെടുത്തു.

മുഹമ്മദ് യൂനുസ്, പി.ബി.നംബര്‍ ……….., അബുദാബി. അയച്ചിരിക്കുന്നത് ഒരു കയ്യുമ്മാബി , കാസര്‍ഗോഡ്,

പതുക്കെ ആ എഴുത്ത് തുറന്നു. മറ്റൊരാളുടെ കത്ത് വായിക്കരുതെന്ന് മനസ്സ് വിലക്കുന്നുണ്ടെങ്കിലും അപ്പോള്‍ അത് തുറന്ന് വായിക്കാനാണ് തോന്നിയത്.


“പിരിശത്താല്‍..ഉമ്മാടെ പൊന്നുമോന്,

ഉമ്മാക്കും പെങ്ങന്മാര്‍ക്കും ഇവിടെ സുഖം തന്നെ. അതിലുപരി ന്റ്റെ.. പൊന്നുമോനും…സുഖമായിരിക്കാന്‍ പടച്ചവനോട് ദുആയിരക്കുന്നു. “

ഞാനത് വായിക്കുകയായിരുന്നില്ല. ആ പാവം ഉമ്മ എന്‍റെ കാതില്‍ മന്ത്രിക്കുകയായിരുന്നു.

“മോനയച്ച പൈസാ കിട്ടി. താത്താന്റ്റെ പുയ്യാപ്ലക്കത് കൊടുത്തിന്……., ഓള്‍ക്കിപ്പൊ..പെരുത്ത് സന്തോശം…... ,ലൈലാക്ക് ഒരാലോചന ബന്നിന്…., അതും കൂടി കയ്ഞ്ഞാല്‍ മോന്‍റെ മീത്ത കെട്ടിബെച്ച കെട്ട് കൊറച്ച് കൊറയും…..അന്‍റെ ബാപ്പ മയ്യത്താമ്പോ അനക്ക് പത്ത് ബയസ്സാ….., അന്നേ..തൊടങ്ങീതല്ലെ..ന്റ്റെ മോന്‍റെ കഷ്ടപ്പാട്… !! ഉമ്മാന്‍റെ പൊന്നുമോനെ റബ്ബ് കാക്കും…

ന്റ്റെ മോനിക്ക് അല്ലാഹു ബര്‍ക്കത്ത് തരും….!! “

അങ്ങനെയങ്ങനെ നീണ്ട് പോകുന്നു ആ കത്ത്. വരികളിലെ ഗദ്ഗദം എന്‍റെ ചങ്കില്‍ തടയുന്നത് ഞാനറിഞ്ഞു.

തന്‍റെ കയ്യിലിരിക്കുന്നത് ഒരു കത്തല്ലെന്നും ഒരു ഉമ്മയുടെ മനസ്സാണെന്നും അറിയുന്തോറും..എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറുകയായിരുന്നു. പോലിസ് വരുന്നതും ബോഡി കൊണ്ട് പോകുന്നതുമെല്ലാം യാന്ത്രികമെന്നോണം കണ്ട് നിന്നു.

അബ്ദുട്ടിക്ക പറഞ്ഞതാ ശരി. മനസ്സ് പഠിയ്ക്കാനുള്ള യന്ത്രം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

Wednesday, September 8, 2010

ഒരു പെരുന്നാള്‍ വിചാരം

കുട്ടികള്‍ ഇപ്പോഴും നല്ല ഉറക്കത്തിലാണ്. രാത്രി മൈലാഞ്ചിയിടലും മറ്റുമൊക്കെ കഴിഞ്ഞ് ഒത്തിരി വൈകിയാണ് കിടന്നത്.


നീണ്ട മുപ്പത് നാളുകളിലെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം ഇന്ന് ആത്മസംശുദ്ധിയുടെ പുത്തനുഷസ്സിലേക്ക് ഉണര്‍ന്നിരിക്കുന്നു. ധ്യാനനിമഗ്നമായിരുന്ന ആ ദിനങ്ങളിലെ അര്‍പ്പണബോധം തുടരാനാവട്ടെ നാഥാ…


തിടുക്കത്തില്‍ കുളിയും മറ്റ് പ്രഭാതകൃത്യങ്ങളും കഴിഞ്ഞു.

ടേബിളില്‍ ചായയുണ്ട്. എത്ര നല്ലവള്‍ എന്‍റെ ഭാര്യ. ഒരു മാസത്തെ ഇടവേളയുണ്ടായിട്ടും അവള്‍ പതിവുകള്‍ മറക്കുന്നില്ല. മാത്രവുമല്ല; ഞാന്‍ കുളിമുറിയിലേക്ക് പോകുമ്പോള്‍ അവള്‍ നല്ല ഉറക്കവുമായിരുന്നു.

"റബ്ബേ..നിനക്ക് നന്ദി. ഇത്രയും കുഫ്ഫൊത്ത ഒരു ഭാര്യയെ എനിക്ക് തന്നതിന്."

വ്രതദിനങ്ങള്‍ക്ക് ശേഷമുള്ള ആദ്യ പ്രഭാത ചായ അവളുടെ കൈ കൊണ്ട് തന്നെ ആവട്ടെ.

“ഖദീജാ…..“

ശബ്ദം താഴ്ത്തി നീട്ടി വിളിച്ചു. അവള്‍ കിച്ചണില്‍ നിന്ന് വന്നു. എന്തിനെന്നറിയാതെ നില്‍ക്കുന്ന അവളോട് പറഞ്ഞു.

“ആ ചായ തന്‍റെ കൈ കൊണ്ട് തന്നെ താ…”


അവള്‍ ചിരിച്ച് കൊണ്ട് ഒന്നിരുത്തി മൂളി. എന്‍റെ ജീവിതത്തിലെ അവളുടെ പ്രാതിനിധ്യം അടിവരയിടുന്ന ഇത്തരം കോപ്രായങ്ങള്‍ അഭിമാനത്തോടെ അവള്‍ സ്വീകരിക്കുന്നു. അത് തന്നെയാണ് ഞങ്ങളുടെ ജീവിതവിജയവും. അപ്പുറത്തെ ഫ്ളാറ്റിലെ സുലൈക്കയുടെ പരാതി ഇതിന് വിപരീതമാണ്. എന്തിനും ഏതിനും ആ മനുഷ്യന് ഞാന്‍ വേണം. എന്നാണ് സുലൈക്കയുടെ പരാതി. അതിന്മേല്‍ മോശമല്ലാത്ത വഴക്കും മിണ്ടാട്ടവും മുറക്ക് ഉണ്ട് താനും. മനുഷ്യര്‍ പലവിധം.


കുറച്ച് കഴിഞ്ഞപ്പോള്‍ മകനെ ഉണര്‍ത്തി കുളിക്കാന്‍ പറഞ്ഞയച്ചു.


ഇനി പെരുന്നാള്‍ നമസ്കാരം.

ഞങ്ങള്‍ എത്തുമ്പോഴേക്കും ഈദ്ഗാഹ് ജനനിബിഢമായിരുന്നു.

ഭക്തിസാന്ദ്രമായ ആരാധനയ്ക്കും പ്രസംഗത്തിനും ശേഷം ആത്മസംതൃപ്തിയോടെ വീട്ടിലേക്ക് തിരിച്ചു.

രാവിലത്തെ പ്രാതല്‍ തയ്യാര്‍. പെണ്മക്കളും ഉണര്‍ന്ന് കുളിച്ച് പുതിയ ഉടുപ്പുകള്‍ ധരിച്ചിരുന്നു.

ഡൈനിങ് ടേബിളിന്‍ മുന്നില്‍ എല്ലാവരും ഒത്ത് കൂടി. പ്രാതലിന് ഞങ്ങള്‍ മാത്രം. പത്തിരിയും കോഴിക്കറിയും. ഭാര്യയോടും മക്കളോടുമൊത്തുള്ള ഈ നിമിഷങ്ങള്‍ മാത്രം മതി പെരുന്നാളിനെ അമൂല്യമാക്കാന്‍.

ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ഡോര്‍ ബെല്‍ ശബ്ദിച്ചു. മകള്‍ ചെന്ന് വാതില്‍ തുറന്നു നോക്കി

“ ഐ തിങ്ക്…എ ബെഗ്ഗെര്‍…..”

“ഊ..ഹും..” മകളെ വിലക്കി. “ സക്കാത്ത് വാങ്ങാന്‍ വന്നവരെ ബെഗ്ഗെര്‍ എന്ന് പറയരുത്. നമ്മള്‍ കൊടുക്കുന്നത് ഭിക്ഷയല്ല. നിര്‍ബന്ധമായും കൊടുക്കേണ്ട പാവപ്പെട്ടവന്‍റെ അവകാശമാണ്. നമ്മള്‍ കൊടുത്തില്ലെങ്കില്‍ അവര്‍ക്കത് പിടിച്ചെടുക്കാന്‍ അവകാശമുണ്ട്. ഓ..ക്കെ..മോളൂ…”

അവള്‍ കുറ്റബോധത്തോടെ തലയാട്ടി.

വീട്ടില്‍ ഉമ്മയും ഇങനെയാണ്. വരുന്നവരെ ശരിക്കും വിചാരണ ചെയ്ത് ഫേയ്ക് അല്ലെന്ന് ഉറപ്പ് വരുത്തിയെ എന്തെങ്കിലും കൊടുക്കൂ. പലപ്പോഴും ഞാന്‍ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ വെക്കേഷ്യനില്‍ നാട്ടില്‍ ചെന്നപ്പോള്‍ തികച്ചും പരിതാപകരമായ ഒരു അനുഭവത്തിന് സാക്ഷിയാകേണ്ടി വന്നു.

ഒരു പുലരിയില്‍ പത്രം വായിച്ച് , ഒരു ചായയും കുറേശെ കുടിച്ച് വരാന്തയിലിരിക്കുമ്പോള്‍ ഗേറ്റ് തുറന്ന് ഒരു സ്ത്രീ മുറ്റത്ത് വന്നു. മുപ്പത് വയസ്സില്‍ കൂടില്ലെങ്കിലും അതിലേറെ അവശത അവരുടെ മുഖത്ത് ഉണ്ടായിരുന്നു. മടിച്ച് മടിച്ച് അവര്‍ കാര്യം പറയുമ്പോഴേക്കും ഉമ്മ ഉമ്മറത്തേക്ക് വന്നു. ഉമ്മയുടെ നിശിതമായ ചോദ്യം ചെയ്യലില്‍ ആ സാധു വാക്കുകള്‍ പോലും വിഴുങ്ങാന്‍ തുടങ്ങി.

ഞങ്ങളുടെ തൊട്ടടുത്ത ഗ്രാമത്തില്‍ ഉള്ളതാണവര്‍. കഷ്ടിച്ച് രണ്ട് കിലൊമീറ്റര്‍ ദൂരത്ത്. അവരുടെ ഭര്‍ത്താവ് അപകടത്തില്‍ പെട്ട് കിടപ്പിലാണെന്നും ചികിത്സക്കുള്ള പണം സ്വരൂപിക്കലാണ് വരവിന്‍റെ ഉദ്ദേശമെന്നും അവര്‍ ബുദ്ധിമുട്ടി പറഞ്ഞൊപ്പിച്ചു. എന്നാല്‍ ഉമ്മക്ക് ഇതൊന്നും സ്വീകാര്യമല്ല. ഉമ്മക്ക് അറിയാത്തവരെ ഞാനെങ്ങനെ അറിയും. കഥയാണോ സത്യമാണൊ എന്ന ചിന്താകുഴപ്പത്തില്‍ ഞാന്‍ ഇരിക്കുമ്പോള്‍ ഉമ്മയുടെ ശബ്ദം.

“ഗള്‍ഫുകാര്‍ നാട്ടില്‍ വന്നു എന്ന് കേട്ടാല്‍ ഇല്ലാത്ത കഥകളുണ്ടാക്കി വരും..ഓരോരുത്തര്‍…”

ഞാന്‍ ഉമ്മയെ വിലക്കി.

ആ സ്ത്രീയാണെങ്കില്‍ കണ്ണ് നിറഞ്ഞ് പൊട്ടിക്കരച്ചിലിന്‍റെ വക്കത്താണ്.


ചൂട് വെള്ളത്തില്‍ വീണ പൂച്ചകളെ പോലെയാണ് എന്‍റെ ഉമ്മയടക്കമുള്ള പല ഉമ്മമാരും.


ആ സ്ത്രീയെ സമാധാനിപ്പിച്ച് വെയ്റ്റ് ചെയ്യാന്‍ പറഞ്ഞ് ഞാന്‍ അകത്ത് പോയി. നൂറ് രൂപയെടുത്ത് തിരിച്ച് വരുമ്പോള്‍ ഗേറ്റ് കടന്ന് ബിരിയാണി വെപ്പുകാരി രമണിയേച്ചി വരുന്നു. തറവാട്ടില്‍ ചെന്നപ്പോള്‍ ഉമ്മ ഇവിടെയാണെന്ന് അറിഞ്ഞ് ഉമ്മയെ കാണാന്‍ വന്നതാണ്.

രമണിയേച്ചി ആ സ്ത്രീയെ കണ്ട പാടെ ചോദിച്ചു.

“ഡേ…..ശെരീഫാ…നീയെന്താ…ഈ പുലര്‍ച്ചക്കന്നെ…ഇവിടെ….?”

അവര്‍ ജാള്യത മറക്കാന്‍ ശ്രമിച്ചു. പിന്നെ സാരിത്തലപ്പ് കൊണ്ട് പകുതി മുഖം മറച്ചു. ഉമ്മറപ്പടിയിലിരുന്ന് പൊട്ടിക്കരഞ്ഞു. രമണിയേച്ചി അവരെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.

“സാരല്ലഡേ……നീ കരയണ്ട….”

രമണ്യേച്ചിക്ക് അറിയോ….ഇവരെ….”

അറിയോന്നാ…ഇവര്‍ കുന്നത്ത് ലക്ഷം വീട്ടിലാ താമസം…ന്റ്റെ കൂടെ ബിരിയാണിപ്പണിക്കും വാര്‍പ്പിനും ഒക്കെ വന്നിരുന്നതാ..ഇവള്‍ടെ കെട്ട്യോന്‍. ഒരീസം…വാര്‍പ്പിന്‍റെ പലക തെന്നി വീണതാ…… ദേ….ഇപ്പൊ അടുത്താ..സംഭവം….നട്ടെല്ലിനാത്രെ…ചതവ്…”


എനിക്ക് വല്ലാതെ സങ്കടം വന്നു. രമണ്യേച്ചി തുടര്‍ന്നു.


അവനിവളെ പൊന്ന് പോലെ നോക്ക്യേര്‍ന്നതാ….!! എന്തിന്….. പച്ചക്കറി വാങ്ങാന്‍ പോലും പുറത്തേക്ക് അയച്ചിരുന്നില്ല ഇവളെ…..ആ മോളാ…ഈ കൈ നീട്ടി നിക്കണത്….” രമണ്യേച്ചിയുടെ ശബ്ദമിടറി, കണ്ണുകള്‍ നിറഞ്ഞു.

“ദൈവത്തിന്‍റെ ഓരോ…കളികള്‍. മോനേ ….മനസ്സറിഞ്ഞ് സഹായിക്കണം.“


ഞാന്‍ നൂറ് രൂപാ നോട്ട് പോക്കറ്റില്‍ വെച്ചു. അപ്പോഴത്തെ സാഹചര്യത്തില്‍ പറ്റുന്ന ഒരു തുക കൊടുത്തു. തിരിച്ച് അബുദാബിയിലെത്തിയാല്‍ വേണ്ടത് ചെയ്യാമെന്നും വാക്ക് കൊടുത്തു.


കട്ടളക്കപ്പുറം പമ്മി നില്‍ക്കുന്ന ഉമ്മയോട് പറഞ്ഞു.

“ഉമ്മാ…നമ്മുടെ വീട്ട്പടി കയറി വരുന്നവരെ വെറും കയ്യോടെ പറഞ്ഞയക്കരുത്. അവര്‍ നേരൊ നുണയൊ ആവട്ടെ. അത് അവരുടെ കബറിലേക്ക്. നമ്മള്‍ ചെയ്യുന്ന നന്മ നമ്മുടെ കബറിലേക്കും.”


കത്തിത്തീരാറായ സിഗരറ്റ് ഖദീജയാണ് വിരലുകള്‍ക്കിടയില്‍ നിന്ന് എടുത്ത് കളഞ്ഞത്.

“എന്താ ആലോയ്ക്കണത്….? ഭക്ഷണം കഴിഞ്ഞാല്‍ പുറത്ത് പോണ്ടെ…?“

“ഊം…പോകാം. “

പെരുന്നാള്‍ സദ്യക്ക് ശേഷം ഒരു ഔട്ടിങ്ങ്.

അതിഥികളെല്ലാം ഭക്ഷണശേഷം യാത്ര പറഞ്ഞ് പിരിഞ്ഞു. ഗള്‍ഫ് ജീവിതം സമ്മാനിച്ച പതിവുകളിലൊന്ന് – ഉച്ചയുറക്കം – പലരേയും യാത്ര പറയാന്‍ ധൃതി വെപ്പിച്ചു. ഒരു കണക്കിന് നന്നായി. ചെറിയൊരു വിശ്രമശേഷം പുറത്ത് പോകാം.


കോര്‍ണേഷ് പാര്‍ക്കില്‍ തിരക്കിന്‍ കുറവില്ല.

സെപ്തംബര്‍ ആദ്യവാരം കഴിഞ്ഞിട്ടും ചൂടിന്‍റെ കാഠിന്യം കുറഞ്ഞിട്ടില്ല. എങ്കിലും ബീച്ചിലും പാര്‍ക്കിലും ജനത്തിരക്ക് കൂടി വരുന്നത് കാണുമ്പോള്‍ കോര്‍ണേഷ് സന്ദര്‍ശനം ഒഴിച്ച് കൂടാനാവാത്ത ഒരു അനുഷ്ഠാനം പോലെ തോന്നി.

ഉഷ്ണം ഘനീഭവിച്ച് നില്‍ക്കുന്ന ആകാശച്ചരുവുകളില്‍ വിളറിയ ചിരി പോലെ സൂര്യന്‍. സായാഹ്നവും പിന്നിട്ടിരിക്കുന്നു. ഭംഗിയില്ലാത്ത അസ്തമയം നോക്കി ബീച്ചിലെ കൈവരിയില്‍ കൈകളൂന്നി ആളുകള്‍ നില്‍ക്കുന്നു. നിര്‍വ്വികാരത മാത്രം വായിച്ചെടുക്കാവുന്ന മുഖങ്ങള്‍. അതില്‍ ഏറിയ പങ്കും മലയാളികളാണ്.


കടലാഴങ്ങളിലെ പവിഴപ്പുറ്റുകളെയോ..കുമിഞ്ഞ് കിടക്കുന്ന ചിപ്പികളേയൊ..അതിനുള്ളിലെ മുത്തുകളേയോ..കുറിച്ചായിരിക്കില്ല അവര്‍ ചിന്തിക്കുന്നത്. കടല്‍ തിരകള്‍ക്ക് മുകളിലെ യാത്രക്കിടയിലെവിടെയൊ കളഞ്ഞ് പോയ സ്വന്തം ജീവിതച്ചിപ്പിയിലെ മുത്തുകളെ ഓര്‍ത്ത് മനസ്സില്‍ കരയുകയാവാം അവര്‍. ശൂന്യതയിലേക്ക് വെറുതെ നോക്കുന്നവര്‍ എന്ന് നമ്മുക്ക് തോന്നുമ്പോഴും പലയാവര്‍ത്തി വായിച്ച് തീര്‍ത്ത നഷ്ടസ്വപനങ്ങളുടെ ഗ്രന്ഥശേഖരം ഹൃദയത്തില്‍ സൂക്ഷിക്കുന്നു അവര്‍.


ഞങ്ങള്‍ നടത്തം നിര്‍ത്തി അല്പം തിരക്കൊഴിഞ്ഞ ഒരിടത്ത് ഇരുന്നു. കുട്ടികള്‍ കണ്ണെത്തും ദൂരത്ത് പല കളികളിലും ഇഴ ചേര്‍ന്നു.


മുന്നിലൂടെ രണ്ട് തവണയായി അയാള്‍ കടന്ന് പോകുന്നു. കയ്യിലെ പ്ലാസ്റ്റിക്‍ ബാഗില്‍ കുമ്പിളിലാക്കിയ കപ്പലണ്ടിയും കടലയുമാണ്. ഒരു കയ്യില്‍ ചിപ്സുമുണ്ട്. അധികം ഉച്ചത്തിലല്ലാതെ അയാള്‍ ചോദിക്കുന്നുമുണ്ട്..

“കപ്പലണ്ടീ..കടലാ….ചിപ്സ്……?” ഇടക്കിടക്ക് ഉര്‍ദുവിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. ചിലരൊക്കെ വാങ്ങുന്നുമുണ്ട്.

വളരെ തേജസ്സുള്ള മുഖമുള്ള ഒരു മനുഷ്യന്‍.

ഇയാളെ ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ട്. ശരിയാണ്. എല്ലാ നമസ്കാര വേളകളിലും നമസ്കാരശേഷം പള്ളിയുടെ പടവുകളിലെ മുകളിലത്തെ പടിയില്‍ അയാള്‍ ഇരിക്കാറുണ്ട്.

അപ്പോഴൊക്കെ ഞാന്‍ കരുതിയത് അയാള്‍ മാര്‍ക്കറ്റിലെ ഏതെങ്കിലും ചെറിയ കച്ചവടക്കാരനായിരിക്കുമെന്നാണ്. എപ്പോഴും വെളുത്ത കുപ്പായവും ഒരു ചാരനിറമുള്ള പാന്‍റ്സും ധരിച്ചാണ് കണ്ടിട്ടുള്ളത്. ഇപ്പോഴും അത് തന്നെ വസ്ത്രം. തലയില്‍ ഒരു തൊപ്പിയുമുണ്ട്. മേല്‍മീശ നേരിയതാക്കി വെട്ടിയിരിക്കുന്നു. താടിയുണ്ട്. ഒരു വിശ്വാസിയുടെ തേജസ്സ് ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കാവുന്ന ഒരു മനുഷ്യന്‍.

ഞാനിത്രയും കാര്യങ്ങള്‍ ഭാര്യയോടും പങ്കുവെച്ചു.

“മാര്‍ക്കറ്റില്‍ കച്ചവടം ഉണ്ടെങ്കില്‍ ഇവിടിങ്ങനെ കപ്പലണ്ടി വിക്കാന്‍ വരോ…?“

അവളുടെ സംശയവും നേര് തന്നെ.


അസ്തമയം കഴിഞ്ഞതും ഇരുള്‍ പരന്നതും കോര്‍ണേഷില്‍ ആരും അറിഞ്ഞില്ലെന്ന് തോന്നുന്നു. വെളിച്ചം പരന്നൊഴുകുന്ന ഈ നഗരങ്ങള്‍ക്ക് പകലിരവിന്‍റെ വ്യത്യാസമെവിടെ..?

കുറച്ച് മാറി സിമന്‍റ് ബെഞ്ചിലിരിക്കുകയാണ് അയാള്‍. ഇടക്ക് അതി കടന്ന് പോകുന്നവരോട് കപ്പലണ്ടി വേണൊ എന്ന് ചോദിക്കുന്നുമുണ്ട്. ആരും വാങ്ങാതെ കടന്നു പോകുമ്പോഴും അയാള്‍ അത് തന്നെ ആവര്‍ത്തിക്കുന്നു.

പിന്നെ അയാള്‍ ബെഞ്ചില്‍ ചാരിയിരുന്നു. വിയര്‍പ്പ് ഉറുമാല്‍ കൊണ്ട് തുടച്ചു. ഇടക്ക് മൂക്കും പിഴിയുന്നുണ്ട്. കണ്ണടയൂരി കണ്ണുകള്‍ തുടക്കുന്നത് കണ്ടപ്പോഴാണ് അയാള്‍ കരയുകയാണെന്ന് മനസ്സിലായത്.

ഖദീജയും അത് ശ്രദ്ധിച്ചിരുന്നു. കൈ കൊട്ടി അയാളെ വിളിച്ചു.

പ്രതീക്ഷയോടെ അയാള്‍ വന്നു. അഞ്ച് കുമ്പിള്‍ കപ്പലണ്ടി വാങ്ങി.

പൈസ വേടിച്ച് തിരിച്ച് നടക്കാന്‍ തുടങ്ങുന്ന അയാളോട് ചോദിച്ചു.


“ഇക്കയെ ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ട്, പള്ളിയില്‍ വെച്ച്.”


“അതെയോ…?”


“ഇതെന്താ… ഇന്ന് പെരുന്നാളായിട്ടും കച്ചവടം തന്ന്യാ…?”

അയാള്‍ ചിരിച്ചു. ദൈന്യതയാര്‍ന്ന ചിരി.


“ഞമ്മക്കൊക്കെ ന്ത്…പെരുന്നാളാ..മോനെ…?“ അത് പറഞ്ഞ് അടുത്ത് കൂടെ കടന്നു പോയവരെ നോക്കി കപ്പലണ്ടി….കടലാ…..ചിപ്സ്…എന്ന പല്ലവി ഉരുവിട്ടു.

“കുറെ കാലമായൊ..ഇവിടെ…?“

അയാള്‍ ഞങ്ങള്‍ക്കൊപ്പമിരുന്നു. പിന്നെ പറഞ്ഞു.

“പത്ത് മുപ്പത് കൊല്ലായി.“

മുപ്പത് കൊല്ലമായി ഗള്‍ഫില്‍ കഴിഞ്ഞിട്ടും ഇന്നും കപ്പലണ്ടി വില്‍ക്കുന്ന ഇയാള്‍ ഒരു അത്ഭുതമായി തോന്നി.

“ബോമ്പായീന്ന്…ലാഞ്ചില്‍ വന്നതാ….പഠിപ്പും വെവരോം ഇല്ലാത്ത ഞമ്മക്ക് എന്ത് പണി കിട്ടാനാ…? കൊറെ അറബിവീട്ടില്‍ നിന്നു. കച്ചോടം ചെയ്ത്…ഒന്നും രക്ഷപ്പെട്ടില്ല. ദേ…ഇപ്പഴും ഇങ്ങനെ….ഈനിടേല്…രണ്ട് മക്കളെ കെട്ടിച്ചയച്ച്…… അതന്നെ ഒരു കാര്യം….“

“ആണ്മക്കളില്ലെ…?” ഖദീജയുടേതായിരുന്നു ചോദ്യം.

അയാളുടെ കണ്ണുകള്‍ നിറഞ്ഞു. “ ഉണ്ടായിരുന്നു. പതിനാറാം വയസ്സില്‍ മരിച്ചു. ഹേതൂന് ഒരു പനി….!!

കുറച്ച് നേരത്തെ മൌനത്തിന് ശേഷം അയാള്‍ തുടര്‍ന്നു.

“ഇനീം ണ്ട്…രണ്ട് പെണ്‍കുട്ട്യോള്… അവരെ കൂടി കെട്ടിച്ചയക്കണം….അത് വരെ ഇങ്ങനെയൊക്കെ….പോണം…..”


അയാള്‍ പ്ലാസ്റ്റിക് ബാഗുകളെടുത്ത് എഴുന്നേറ്റു.


“ന്റ്റെ പെരേല്‍ രണ്ടീസം കയ്ഞ്ഞാ…പെരുന്നാള്‍…..!! ഇന്നും നാളേം ഒക്കെ ഇത് വിറ്റ് കിട്ടണ കായി അയച്ചിട്ട് വേണം…ഓര്‍ക്ക് പെരുന്നാച്ചോറ് തിന്നാന്‍.”

എത്ര നിര്‍ബന്ധിച്ചിട്ടും ഞാന്‍ നീട്ടിയ നൂറ് ദിര്‍ഹംസ് അയാള്‍ വാങ്ങിച്ചില്ല.

“വേണ്ട മോനെ …..പടച്ചോന്‍ ങ്ങളെ അനുഗ്രഹിക്കും.”

കപ്പലണ്ടി…കടലാ…ചിപ്സ്……

ആ വിളി ഉയര്‍ന്നും താഴ്ന്നും ഇടക്കിടെ കാറ്റിനൊപ്പം കാതില്‍ വീണിരുന്നു.

ഈ റമദാനില്‍ എത്രയോ ദാനം ചെയ്തു. സംഘടനകള്‍ക്ക് , വ്യക്തികള്‍ക്ക്, യത്തീം ഖാനകള്‍ക്ക്….അങ്ങനെയങ്ങനെ….

കണ്മുന്നില്‍ കഷ്ടപ്പെടുന്നവരെ തിരിച്ചറിയാനായില്ലല്ലൊ…സഹായിക്കാനായില്ലല്ലൊ..എന്ന ആകുലത വീട്ടിലെത്തിയിട്ടും എന്നെ അസ്വസ്ഥനാക്കിയിരുന്നു.

Tuesday, September 7, 2010

പ്രവാസത്തിന്റെ ആകുലതകള്‍ : സൈനുദ്ദീന്‍ ഖുറൈഷിയുടെ രചനകളെക്കുറിച്ച് .

ഒരു എഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരി വിജയിക്കുന്നത് തന്റെ ചുറ്റുപാടുകളെ സ്വതന്ത്രമായ വീക്ഷണകോണില്‍ നിന്ന് വീക്ഷിച്ച് അനുവാചകരിലെത്തിക്കുമ്പോഴാണ് . പൊതുവില്‍ എല്ലാ വിഷയങ്ങളും എഴുത്തിന് കാരണമാകുന്നുണ്ടെങ്കിലും പ്രവാസത്തിന്റെ ആകുലതകള്‍ , അതിന്റെ ഉള്ളുരുക്കങ്ങളാണ് കഥയിലൂടെയും കവിതയിലൂടെയും കൂടുതല്‍ കടന്ന് വരുന്നത് .
അത് കൊണ്ട് തന്നെ സൈനുദ്ദീന്‍ ഖുറൈഷിയുടെ രചനയുടെ സ്ഥായീഭാവം പ്രവാസത്തിന്റെ ആകുലതകള്‍ തന്നെയാണ് , പ്രവാസമെന്നത് ഓരോരുത്തര് പറഞ്ഞ് ക്ലീഷെയായിപ്പോകുന്ന വിഷയമായിട്ട് പോലും ആളുകളെ സ്വാധീനിക്കാന് കഴിയുന്ന് രീതിയില് എഴുതാന് കഴിയുന്നതാണ് ഒരു പ്രവാസ എഴുത്തുകാരന്റെ വിജയം .
ആധുനികതയുടെ സങ്കീര്ണ്ണതയോട് കലഹിച്ച് കൊണ്ടാണ് ഖുറൈഷി എഴുതുന്നത് , യാഥാസ്തിതികന്റെ നന്മയാണ് ഖുറൈഷിയുടെ എഴുത്തുകളെന്ന് ഒറ്റവാക്കില് പറയാം . ഫെമിനിസത്തെയും , ആധുനിക പ്രണയങ്ങളെയും ഉമ്മറത്ത് ചാരു കസേരയിലിരുന്ന് ശാസിക്കുന്ന കാരണവരെപ്പോലെ വിമര്ശിക്കുന്നതാണ് ഖുറൈഷിയുടെ ചില കവിതകള് , ഈ യഥാസ്ഥിതികത്വം ഒരു പാട് എതിര്പ്പുകള് സൃഷ്ടിച്ചെങ്കിലും പിന്നെയും എഴുതിക്കൊണ്ട് ഖുറൈഷി പറയുന്നു “ഞാന് യാഥാസ്തിതികനാണ് അതാണെന്റെ എഴുത്തുകളുമെന്ന് “ .
നവീന കഥാ സാഹിത്യത്തില് എന്നും സംവാദവിഷയമായ ഒന്നാണ് ആധുനിക – ഉത്തരാധുനിക – പാരമ്പര്യ സങ്കേതങ്ങള് . ഒരു പറ്റം ആളുകള് പരമ്പരാഗതമായ രചനാ സങ്കേതങ്ങളെ പുച്ഛത്തോടെ വീക്ഷിക്കുകയും ആധുനിക – ഉത്തരാധുനിക ശൈലിയുടെ പ്രചാരകരാവുമ്പോഴും പരമ്പരാഗത രചനാ സങ്കേതങ്ങളെ മുറുകെപ്പിടിച്ച് കൊണ്ട് അതിന് വേണ്ടി വാദിക്കുന്ന ഒരാളാണ് ഖുറൈഷി .
ജീവിതാനുഭവങ്ങളുടെ ഭാവനാമയമായ പുനരെഴുത്താണ് സാഹിത്യം , അതിനെ സങ്കീര്ണ്ണമാക്കുന്നതും ലളിതവല്ക്കരിക്കുന്നതും ഏതു വീക്ഷണകോണിലൂടെ അതിനെ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത് .
പ്രവാസികള്ക്കിടയില് അടുത്തയിടെ ഏറെ ചര്ച്ച ചെയ്യപ്പെട്ട ഒരു കൊച്ച് കഥയാണ് “ഞാന് പ്രവാസിയുടെ മകന് “ പ്രവാസത്തിന്റെ ഇതിവൃത്തത്തില് ഒരു പാട് പറഞ്ഞ് പോയതാണെങ്കില് തന്നെയും ഖുറൈഷിയുടെ രചനാശൈലിയുടെ സവിശേഷത കൊണ്ട് ഒരു കഥയുടെ മെറിറ്റിലുപരി വൈകാരികമായി പ്രവാസികളെ സ്വാധീനിച്ച ഒരു സൃഷ്ടിയാണ് , അതിന്റെ തെളിവായി പലയിടത്തും എഴുത്തുകാരന്റെ പേര് പരാമര്ശിക്കാതെ ഇത് പ്രചരിക്കുകയുണ്ടായി , ഒരു കലാസൃഷ്ടി അതിന്റെ ഉടമയില് നിന്ന് വേറിട്ട് സ്വതന്ത്രമായ സ്ഥാനം കൈവരിക്കുന്നത് അതിന്റെ ഉല്കൃഷ്ടതയെയാണ് ധ്വനിപ്പിക്കുന്നത് . എല്ലാ പ്രവാസ കഥകളെയും പോലെ തന്നെ “പ്രവാസിയുടെ മകനും “ പറഞ്ഞ് വെച്ചത് നാട്ടിലും വീട്ടിലും സ്വന്തം കഷ്ടപ്പാടുകള് മറച്ച് വെച്ച് കൊണ്ട് ജീവിക്കുന്ന, ജീവിപ്പിക്കുന്ന ഒരു മലയാളി പ്രവാസിയുടെ കഥ തന്നെയാണ് .വൈകാരികമായ മുഹൂര്ത്തങ്ങളെ ജീവിതത്തോട് ചേര്ത്ത് വെച്ച് കൊണ്ടാണ് കഥാപാത്രത്തിന്റെ അന്വേഷണത്തിലൂടെ കഥ നയിക്കപ്പെടുന്നു .കരുത്തി വെച്ച സങ്കല്പ്പങ്ങള്ക്കപ്പുറത്ത് സ്ഥാനമാനങ്ങളില് ഒരു പാട് താഴെയായിരുന്നു തന്റെ അച്ഛന് എന്ന് മനസ്സിലാവുമ്പോഴാണ് മകന് ആ അച്ഛന്റെ മഹത്വം മനസ്സിലാവുന്നത് .ഓരോ പ്രവാസിയുടെ മകന്റെയും ആത്മനൊമ്പരമായി മാറാന് ആ കഥക്ക് സാധിച്ചതും അത് കൊണ്ട് തന്നെയാണ് .
പ്രവാസജീവിതത്തിന്റെ ആകുലതകളാണ് സൈനുദ്ദീന് ഖുറൈഷിയുടെ രചനകളുടെ സത്വം “ഒറ്റമുറിയിലെ കുടുംബങ്ങള് “ പറയുന്നതും ശരാശരി മലയാളിയുടെ ജീവിത സ്വപ്നങ്ങളാണ് . വിരഹത്തിന്റെ നോവുകള്…അതിനെ മറി കടക്കാനായി നല്ല പാതിയെയും മക്കളെയും കൂടെ താമസിപ്പിക്കാന് കച്ചകെട്ടിയിറങ്ങുന്ന തുച്ഛ ശമ്പളക്കാരന്റെ ധര്മ്മ സങ്കടങ്ങള് , ഒറ്റമുറിയുടെ അസൌകര്യങ്ങള് , അതിനെതുടര്ന്നുണ്ടാകുന്ന സ്വാഭാവിക സംഭവങ്ങള് എല്ലാം തന്മയത്വത്തോടെ അവതരിപ്പിക്കാന് കഴിയുന്നത് അത് കണ്മുന്നില് കണ്ട് എഴുതിയത് കൊണ്ടാണ് , അനുഭവിച്ചത് കൊണ്ടാണ് .സുഹറയിലും പറയുന്നത് പ്രവാസത്തിന്റെ കഥയാണ് , പല ജീവിതങ്ങള് പല മനുഷ്യര് അവരുടെ പശ്ചാത്തലം ഒന്നായി മാറുന്നു .
അപ്രതീക്ഷിതമായ വേര്പാടിന്റെ വേദന കൂടിയാണ് സുഹറ പറയുന്നത് , വൈകാരികമായ തലത്തില് വളരെ ലളിതമായി രേഖീയമാായ തലത്തിലൂടെയാണ് ഖുറൈഷിയുടെ കഥകള് വായനക്കാരനോട് സംവദിക്കുന്നത് , സങ്കീര്ണ്ണതകളും ഉത്തരാധുനികതയും ആ കഥകള്ക്കന്യമാണ് , വായനക്കാരന് ഒറ്റവായനയില് വികാരങ്ങള് കൈമാറുക എന്നതാണ് ഖുറൈഷിയുടെ കഥകളുടെ പ്രത്യേകത .
യുദ്ധത്തെക്കുറിച്ചെഴുതുമ്പോള് ഇരകളെക്കുറിച്ചെഴുതാനും വേട്ടനായ്ക്കളുടെ ക്രൌര്യത്തോടെ ഉന്മൂലനം ചെയ്യുന്ന അധിനിവേശസേനയെയുമാണ് നാം വായിക്കാറുള്ളത് , നിസ്സഹയാരായ അവരിലെ മനുഷ്യരെ സ്വന്തം നാടും വീടുമുപേക്ഷിക്കേണ്ടി വരുന്ന മറ്റൊരഭയാര്ത്ഥിയായ ഭടനെ കാബൂളില് നിന്ന് സ്നേഹപൂര്വ്വം എന്ന കവിതയിലൂടെ വരച്ച് കാട്ടുന്നു ,
…പ്രിയതമേ…
ഫ്ളോറിഡയുടെ വസന്തമുറങ്ങും
വഴിയോരങ്ങളില്
നമ്മുടെ പ്രണയമന്ത്രങ്ങളുരുക്കഴിച്ച
ചുമ്പനജപങ്ങളുടെ
നിര്വൃതിയില്,
മഞ്ഞു പെയ്യുന്ന
നാടും വീടും വിട്ട് , പ്രിയപ്പെട്ടവരെ അകന്ന് , നിസ്സഹായമാം വിധം യുദ്ധം ചെയ്യേണ്ടി വരുന്ന ഭടനും ഒരു പ്രവാസി തന്നെയാണ് , ചോര കണ്ട് ഭയക്കാതിരിക്കാന് അവനൊരു യന്ത്രമല്ലല്ലോ മജ്ജയും മാംസവുമുള്ള മനുഷ്യന് തന്നെയാണ് , .സാമ്രാജ്യത്ത്വത്തിനെതിരെ , ,അധിനിവേശത്തിനെതിരെ ഒരു എതിര്പ്പായി പ്രവാസിയായ ഭടന്റെ വേദനയിലൂടെ വേറിട്ട രീതിയില് കൊണ്ട് വരുന്നതാണ് “കാബൂളില് നിന്ന് സ്നേഹപൂര്വ്വം “ എന്ന കവിതയില് നിന്ന് .
നടന്ന് പഴകിയ വഴികളില് പുതിയ കാഴ്ചകള് കാണിച്ച് തരുന്നതാണ് സൈനുദ്ദീന് ഖുറൈഷിയുടെ എഴുത്തുകള് , ഇനിയും അത്തരം കാഴ്ചകള് വായനക്കാര്ക്കായി അദ്ദേഹം തുറന്ന് തരട്ടെ.

Tuesday, August 31, 2010

പഞ്ചനദത്തിലെ മുത്തശ്ശി ( കവിത )

പത്രത്താളുകളെ ഭീകരവാദം കീഴടക്കിയ ഒരു കാലമുണ്ടായിരുന്നു ഇന്ത്യയില്‍. ഒരു പക്ഷെ ലോകം തന്നെ ഉറ്റ് നോക്കിയിരുന്ന കൊടും കുരുതികളുടെ കാലം. അഞ്ച് നദികളുടെ സംഗമമായ പഞ്ചാബിലെ അകാലിദല്‍ ഭീകരവാദം.

സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങുന്നവര്‍ നടന്നു കയറിയത് മരണത്തിലേക്കായിരുന്നു.

നഷ്ടപ്പെടലുകളുടെ മാത്രം കഥകള്‍ വായിച്ചിരുന്ന കാലത്ത് പഞ്ചാബിലെ ഒരു മുത്തശ്ശിയെ ആധാരമാക്കി എഴുതിയതാണീ കവിത. പഞ്ചാബിലെ ഭീകരവാദത്തിന്‍റെ അത്ര തന്നെ പഴക്കമുണ്ട് ഇതിന്. എങ്കിലും ഇതിലെ മുത്തശ്ശി ഇന്നും ജീവിക്കുന്നു. ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലും. അത് കൊണ്ട് തന്നെ ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. എന്നെ സ്നേഹിക്കുന്ന എന്‍റെ കൂട്ടുകാര്‍ക്ക് മുന്നില്‍.


പഞ്ചനദത്തിലെ മുത്തശ്ശി ( കവിത )വക്കുടഞ്ഞ മണ്‍കലത്തുണ്ടിലൊരുപിടി-

പച്ചരിച്ചോറുമായ് മുത്തശ്ശി

പടി കടന്നെത്തേണ്ട പേരക്കിടാവിനെ

വഴിക്കണ്ണ് നട്ടങ്ങിരിക്കുന്നുറങ്ങാതെ.എന്തിത്ര വൈകിയെന്നരുമക്കിടാവിന്ന്

സന്ധ്യകള്‍ക്കൊപ്പമിങ്ങെത്തുന്ന പൊന്നുമോന്‍!

ഉള്ളിലെ തീരാത്ത വ്യഥയായിരുന്നെന്‍റെ

ഉണ്ണിയെ ഉമ്മറ ഭ്രഷ്ടനായ് തീര്‍ത്തത്.ഇരുളില്‍ ലയിക്കുമത്തെരുവിലെ കൂരയില്‍

ഇറയത്ത് കാതോര്‍ത്തിരിക്കുന്നു മുത്തശ്ശി

ഇമ പാര്‍ത്ത്, ചെവിയോര്‍ത്ത്, കണ്ണുനീരാല്‍

പൂര്‍വ്വ കഥയോര്‍ത്ത് കേഴുന്നു സാധുവാ വൃദ്ധ.ഇടവത്തിലൊരു വര്‍ഷാനിശീഥത്തിലെന്നുണ്ണി

വിട കൊണ്ടതാണീ പടി കടന്നങ്ങ് ദൂരെ..

പോകുന്ന നേരത്ത് ചാരത്ത് നിന്നുണ്ണി

ചതുരനാം സേനാനിയെന്ന പോല്‍ ചൊല്ലി;


“വറുതികളിലെരിയുന്ന, എരിതീയിലുരുകുന്ന

വദനങ്ങളെത്ര നാം കാണുന്നു മുന്നില്‍..


അകലത്ത് ഗോതമ്പ് വിളയുന്ന നാട്ടിലെന്‍

അരുമയാം കൂട്ടരെ ചുട്ട് തിന്നുന്നു..

തടയരുത്, തടയുവാനാവില്ല മുത്തശ്ശി

വിട തരികയെന്‍ കര്‍മ്മവീഥിയില്‍ പുക്കുവാന്‍.“‘

ഓര്‍ത്തുപോയ് ഭൂതകാലത്തിന്‍റെ വേദന

തീര്‍ത്തുപോല്‍ യാത്രാ മൊഴിക്കന്ന് ചോദന.രാക്കിളികളുറങ്ങുന്നു, പൂങ്കോഴി കൂവുന്നു

രാവിന്‍ കരിമ്പടം പാടെ മറയുന്നു...

പൂവാകച്ചില്ലയില്‍ ഹിമകണം മിന്നുന്നു

എന്നിട്ടുമെന്‍റുണ്ണി എന്തിത്ര വൈകി നീ...??

തിമിരം പുകമറ തീര്‍ത്തൊരീ കണ്ണിലെ

തീരാത്ത കണ്ണുനീര്‍ വാര്‍ന്നൊലിക്കുന്നു

ശോകമാം ലൂതകള്‍ തീര്‍ത്ത മാറാലയില്‍

ശോണിതം പടരുന്നു പിടയുന്നു മനവും.

കലിയിളകിയൊഴുകുമീ നദികള്‍ക്കുമപ്പുറം

ചിതയെത്ര തീര്‍ത്തു മരിക്കുന്ന പകലിനായ്

എന്നിട്ടുമെന്‍റുണ്ണി എന്തിത്ര വൈകി നീ

ഇമ്മട്ടിലുരുകുമെന്‍ വേദനയോര്‍ത്തുവൊ..!!
തിരിയിളകിയാളുമാ മണ്‍ വിളക്കിന്‍ മുന്നില്‍

ഒരു ശിലാപ്രതിമയായ് മുത്തശ്ശി മാറി

കൈകള്‍ ബലം വെച്ചു, കാലുകള്‍ മരവിച്ചു

മണ്ണെണ്ണ തീര്‍ന്നൊരാ മണ്‍ വിളക്കും കെട്ടു...!!

മുത്തശ്ശിതന്‍ ചോര വാര്‍ന്നൊരാ മൂക്കിലും

പാതി തുറന്നൊരാ കണ്ണിലും വായിലും

മണ്‍കലത്തുണ്ടിലെ പച്ചരിച്ചോറിലും

ഇര തേടിയകലുന്നു കുനിയനുറുമ്പുകള്‍...!!


******************************************


ഗോതമ്പ് വയലുകള്‍ക്കോരത്ത് പാതയില്‍

നിണമറ്റ് ശവമായ്, പഥികന്‍റെ ശാപമായ്

നിശ്ചലം കിടന്നുണ്ണി , ചലിച്ചു പുഴുക്കളായ്

മണ്ണിന്ന് വളമായ് , ചെടികളില്‍ വിളയായ്

പരിവൃത്തി തീര്‍ത്തുണ്ണി ജന്മാന്തരങ്ങളില്‍.

Thursday, August 5, 2010

കൊലച്ചോറ്...!! (കവിത)

വരുന്നില്ലെ...?
ഒരു കൊലച്ചോറുണ്ട്.
തൊട്ട് നക്കാന്‍ ഇലത്തലക്കല്‍
ചോരമണമുള്ള ചമ്മന്തിയും..!!

പരാതിപ്പെട്ടപ്പോള്‍
പതിരും കതിരും ചേറി
പണ്ടം കലക്കി
കൊന്നതാണൊരുത്തനെ.


മാറോടണച്ച പുസ്തകങ്ങളിലെ
മാനം കാണാ മയില്‍പീലിയും
മരിച്ച സ്വപ്നങ്ങളും കൂട്ടി
മട്ടുപ്പാവില്‍ നിന്ന്
ചാടിച്ചത്തതാണൊരുത്തി..!


ബ്യൂറൊക്രസിയും പൊട്ടിച്ചിരികളും
തലച്ചോറും ചേര്‍ത്തരച്ച
തൊട്ട്കറികളുമുണ്ടവിടെ.


വയാഗ്ര വിഴുങ്ങി വിശപ്പേറിയവന്‍റെ
ബീജഭാരം താങ്ങാനരുതാതെ
ചോര വാര്‍ന്ന് ചത്തതാണൊരുത്തി..!


കൃഷിയിറക്കാന്‍ കടമെടുത്ത്
കടമൊടുക്കാന്‍ നിലം കൊടുത്ത്
കിടപ്പറയിലപരന്‍റെ വിളവ് കണ്ട്
കരള് പൊട്ടി,യുത്തരത്തില്‍ കെട്ടി-
തൂങ്ങിച്ചത്തതാണൊരുത്തന്‍...!!


വിദ്യാലയത്തില്‍ പോയ മകള്‍
വിവസ്ത്രയാം വിപണനോത്പന്നമായ്
വിശ്വവിരാജിതയായ്
സ്വയമൊടുങ്ങിയപ്പോള്‍
വിഷം കഴിച്ച് ചത്ത
അച്ഛനാണൊരുത്തന്‍.!!


ചട്ടം തെറ്റിച്ച ജലനൌകകള്‍
ജലധികളില്‍ മുക്കിക്കൊന്ന
ചട്ടമറിയാ പൈതങ്ങളുടെ
മൂപ്പെത്താത്തിറച്ചിയുമുണ്ട് പന്തിയില്‍.


രാഷ്ട്രീയ കലാശാലകള്‍
കൽപ്പിച്ച് നല്‍കിയ ബിരുദങ്ങളറുത്ത
യുവതയുടെ തലക്കറിയുണ്ട് കൂട്ടാന്‍.

നിരാലംബരാമമ്മമാരുടെ
മുലപ്പാലും കണ്ണീരുപ്പും കലര്‍ന്ന
പാല്‍ പായസവുമുണ്ട് കുടിയ്ക്കാന്‍.


ഖദറോ...വടിവൊത്ത
ശുഭ്ര വസ്ത്രങ്ങളോ ധരിയ്ക്കൂ..
കൈ കരുത്തിനടയാളമുള്ള
ത്രിവര്‍ണ്ണ പതാകയും,
കൊയ്ത്തരിവാള്‍ വിരചിച്ച
ചെമ്പട്ട് കൊടിയുമെടുക്കൂ...

അഹിംസയുടെ കുങ്കുമത്തില്‍
പങ്കത്താല്‍ പത്മം കറുപ്പിച്ച
ഫാസിസത്തിന്‍ കാവിയെടുക്കൂ..

പിഴിഞ്ഞാല്‍ രക്തനിറമിറ്റുന്ന
പച്ചിലച്ചേലുള്ള കൊടിയെടുക്കൂ..
ഒരു കൊലച്ചോറുണ്ട്....!!!

Sunday, July 18, 2010

സ്വപ്നങ്ങളിലെ അമ്മമാര്‍...!!! ( കഥ )

ശക്തമായി മഴ പെയ്യുന്നുണ്ടെങ്കിലും അന്തരീക്ഷം ഇരുണ്ട് തന്നെ ഇരിയ്ക്കുന്നു. നട്ടുച്ചക്കും നിലാവുള്ള രാത്രി പോലെ.

മഴയിലേക്ക് തന്നെ നോക്കി കിടക്കുകയായിരുന്നു രാധിക.
തൊടിയുടെ വടക്കെ മൂലയില്‍ പന്തലിച്ച് നില്‍ക്കുന്ന മുളം കാടുകള്‍ക്ക് മുകളിലൂടെ വിങ്ങിപ്പൊട്ടിയ ഗ്രാമകന്യകയെ പോലെ മഴമേഘങ്ങള്‍. പരിഭവിച്ച് മുഖം കറുപ്പിച്ച് മേഘങ്ങള്‍ക്കുള്ളില്‍ നിഷ്പ്രഭനായി സൂര്യന്‍. മുളംകാടുകളില്‍ കാറ്റ് തട്ടുമ്പോള്‍ എന്തെന്നില്ലാത്ത ഭംഗിയാണ്. തിരമാലകള്‍ പോലെ അവ ഒരു വശത്തേക്ക് ആര്‍ത്തലക്കുന്നു. പിന്നെ അത് പോലെ തിരിച്ച് പോകുന്നു.


അകത്തേക്ക് അടിച്ച് കയറുന്ന ശീതല്‍ മുഖത്തും മാറിലും പതിക്കുമ്പോള്‍ ഒരു തലോടലിന്‍റെ വികാരവായ്പ്പ് ഋതുഭേദങ്ങള്‍ക്ക് പുറകില്‍ നിന്ന് മനസ്സിനെയും തഴുകി കടന്നു പോകുന്നു.

പുറത്തെ മഴയുടെ സംഗീതത്തെ മറികടന്ന്‍ ഗുലാം അലി പാടുന്നു. ആഖിര്‍ ഭൈരവിയുടെ അനിര്‍വചനീയമായ ലയനചാരുതയില്‍ സംഗീതമഴ പെയ്യിക്കുന്നു ഗുലാം അലി.


ഫോണ്‍ ബെല്ലടിച്ചപ്പോള്‍ രാധിക മഴയില്‍ നിന്ന്‍ മുഖം തിരിച്ചു.
പ്രതീക്ഷയോടെ റിസീവറെടുത്തു.

കൊച്ചിയില്‍ നിന്ന് നാത്തൂനാണ്. താത്പര്യമില്ലാതെ അവളുടെ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പറഞ്ഞു. തന്‍റെ അതൃപ്തി അവളും മനസ്സിലാക്കിയെന്ന് തോന്നുന്നു.റിസീവര്‍ വെച്ച് തിരിച്ച് നടക്കുമ്പോള്‍ കാതിനും കരളിനും അമൃത വര്‍ഷമാകുന്ന നിത്യേനയുള്ള തന്‍റെ അനുമോന്‍റെ വിളിയെന്തേ ഇത്ര വൈകി എന്നായിരുന്നു ചിന്ത.

ഒറ്റക്കാണവന്‍......!
ഇവിടെ ആയിരുന്നപ്പോള്‍ ഒരു നിഴല്‍ പോലെ താനുണ്ടായിരുന്നു കൂടെ. അവനും അങ്ങനെ തന്നെ . എന്തിനും ഏതിനും അമ്മ വേണം.
അച്ഛന്‍റെ മുഖമാണവന്. ആകാരവും അത് പോലെ മുറിച്ചു വെച്ചിരിക്കുന്നു.

ഹരിയേട്ടനും സന്തോഷത്തോടെ പറയാറുള്ളതും അത് തന്നെ.

"എന്‍റെ കാല ശേഷവും നിനക്കെന്നെ കാണാം..നമ്മുടെ മകനിലൂടെ..."

അരുതെന്ന്‍ നിറഞ്ഞ കണ്ണുകളോടെ വിലക്കാറുണ്ട്.എങ്കിലും ഉള്ളില്‍ അത് സത്യമാണെന്ന് അംഗീകരിക്കാറുമുണ്ടായിരുന്നു.

അപര്‍ണ്ണയെ ഗര്‍ഭമുള്ളപ്പോള്‍ ഹരിയേട്ടന്‍ മുറി നിറയെ തന്‍റെ എന്‍ലാര്‍ജ് ചെയ്ത ഫോട്ടോകള്‍ കൊണ്ട് നിറച്ചിരുന്നു. മനസ്സ് കൊണ്ട് നിരന്തരം ആഗ്രഹിക്കുന്നതും സദാ വിചാരിക്കുന്നതും കണ്ടു കൊണ്ടിരിക്കുന്നതും ഗര്‍ഭസ്ഥ ശിശുവിനെ സ്വാധീനിക്കും എന്ന്‍ എവിടെയോ വായിച്ചതിന്റെ ഭാഗമായിരുന്നു അത്. ഇനി പിറക്കുന്നത് പെണ്‍കുട്ടി ആവണമെന്നും അവള്‍ക്ക് തന്‍റെ ച്ഛായ ഉണ്ടാവണമെന്നും ഹരിയേട്ടന് നിര്‍ബന്ധമുള്ളത് പോലെ.
എപ്പോഴും തന്നോട് പറയാറുമുണ്ട്, അമേരിക്കയില്‍ സ്വര്‍ണ്ണ നിറമുള്ള സായിപ്പിനും മദാമ്മക്കും ഇരുട്ട് പോലെ കറുത്ത മകനുണ്ടായതും അത് സ്വര്‍ഗ്ഗ തുല്യമായ അവരുടെ ജീവിതത്തിലേക്ക് സംശയത്തിന്‍റെ വിഷവിത്തുകള്‍ പാകിയതും അസ്വാസ്ഥ്യങ്ങള്‍ മൂര്‍ച്ചിച്ച് കേസ് കോടതിയിലെത്തിയതും...,

ഒടുവില്‍ കോടതി നിയമിച്ച അന്വേഷകസംഘം മദാമ്മയുടെ കിടപ്പ്മുറി പരിശോധിച്ചപ്പോള്‍ എപ്പോഴും കാണാന്‍ പാകത്തില്‍ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന - ജനലക്ഷങ്ങളുടെ ഹരമായിരുന്ന പോപ്‌സിങ്ങര്‍ ആയിരുന്ന ഒരു അമേരിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരന്‍റെ ചിത്രം....!! അതും സായിപ്പ് തന്നെ പ്രതിഷ്ടിച്ചത്.

താന്‍ പോലുമറിയാതെ ശാരീരം കൊണ്ടും രൂപം കൊണ്ടും മദാമ്മയിലേക്ക് കുടിയേറിയ ഒരു ദൌര്‍ബല്യം...!!

ഡി എന്‍ എ ടെസ്റ്റിലൂടെയും മാനസികാപഗ്രഥന ശാസ്ത്രത്തിന്റെ സഹായത്തോടെയും സംശയം മാറിയ സായിപ്പ് പക്ഷെ, ആ ചിത്രം അന്ന്‍ തന്നെ അവിടെ നിന്ന് മാറ്റിയെന്ന് പറഞ്ഞ് ചിരിച്ച് കൊണ്ടാണ് ഹരിയേട്ടന്‍ അവസാനിപ്പിച്ചത്.

"നീയും നിന്‍റെ ചിത്രം മനസ്സിലേറ്റുക. എന്‍റെ പോലെ തന്നെ എന്‍റെ മകളും ആവണേ എന്ന്‍ ധ്യാനം പോലെ കരുതുക. നമുക്ക് മകളാകും പിറക്കുക....നിന്‍റെ പോലെ..."

ഹരിയേട്ടന്‍റെ പ്രാര്‍ത്ഥന പോലെ തന്നെ പെണ്‍കുട്ടിയായിരുന്നു. തന്‍റെ പോലെ തന്നെ.
വന്നവരെല്ലാം പറഞ്ഞു.

" അമ്മയെ മുറിച്ച് വെച്ച പോലെ.....ആ നുണക്കുഴി പോലും അപ്പാടെയുണ്ട്. "

ഹരിയേട്ടന്‍റെ സന്തോഷം അവര്‍ണ്ണനീയമായിരുന്നു. അടുത്ത നിന്നിരുന്ന നഴ്സിനെ പോലും മറന്നു കൊണ്ടാണ് തന്‍റെ മുഖത്ത് ചുംബനങ്ങള്‍ കൊണ്ട് നിറച്ചത്.


ഫോണ്‍ ബെല്‍ പിന്നെയും ശബ്ദിച്ചു.

ഓടിച്ചെന്ന്‍ ഫോണെടുത്തപ്പോള്‍ മറുതലക്കല്‍ ഹരിയേട്ടനാണ്.

" അപര്‍ണ്ണ മോള്‍ വിളിച്ചോ..രാധി...?"

" ഇല്ല , അവള്‍ വരാനാവുന്നെയുള്ളൂ...ഹരിയേട്ടാ..."

" ഉം.....! മോന്‍ വിളിച്ചോ.....? "

" ഇല്ല..., " രാധികയുടെ ശബ്ദമിടറി.

" ഹേ....അവന്‍ വിളിച്ചോളും....ജോലിത്തിരക്കായിരിക്കും...."

"ഉം....."

"നമ്മുടെ അതിഥി എന്ത് പറയുന്നു....?"

"ആര്...? " രാധികക്ക് മനസ്സിലായില്ല.

" ഓ...മറന്നോ....? ആ...മഞ്ഞക്കിളി."

" ഓ...ഞാനതങ്ങ്....മറന്നു..., ഉം...ചുമ്മാ ചിണുങ്ങിക്കൊണ്ടിരിക്കുന്നു...,

" ഊം....അതിന്..എന്തെങ്കിലും തീറ്റയിട്ട് കൊടുക്ക്... ഞാന്‍ ഉടനെ വരാം...."


ഒരാഴ്ച മുന്‍പാണ് വഴി തെറ്റി പറന്നു വന്ന മഞ്ഞ നിറമുള്ള ഒരു പക്ഷിയെ കിട്ടിയത്. ഒരു റഷ്യന്‍ ജനുസ്സില്‍ പെട്ടതാണെന്ന് ഹരിയേട്ടന്‍ പറഞ്ഞു. ഇണയില്ലാത്ത ഒരു ആണ്‍പക്ഷി. കിട്ടുമ്പോള്‍ തളര്‍ന്നു പോയിരുന്നു അത്.

ഇപ്പോള്‍ തന്‍റെ എകാന്തതകളിലെ കൂട്ട്.
പുറത്ത് ഉഷ്ണം കൂടിയാല്‍ ഉറക്കെ കരഞ്ഞു കൊണ്ടിരിക്കും. കൂടെടുത്ത് അകത്തേക്ക് വെച്ച് ഫാനിട്ടാല്‍ മിണ്ടാതിരിക്കും. തന്‍റെ ഭാഷ അവനും അവന്‍റെ ഭാഷ തനിക്കും അറിയാം ഇപ്പോള്‍.

ക്ഷീണമെല്ലാം മാറിയപ്പോള്‍ ഒറ്റക്കാണെന്ന പരാതിയാണിപ്പോള്‍ മഞ്ഞക്കിളിക്ക്. അവനൊരു പുതിയ ഇണയെ കണ്ടെത്തണമെന്ന് പല തവണ ഹരിയേട്ടനോട് പറയുകയും ചെയ്തു. ഹരിയേട്ടന്‍റെ തിരക്ക് കാരണം ഇത് വരെ വാങ്ങിയില്ലെന്ന് മാത്രം...

ഹരിയേട്ടനെ കാണുമ്പോള്‍ ഉറക്കെ ഒച്ച വെയ്ക്കുന്ന കിളിയോട് കളിയായ്‌ ഹരിയേട്ടന്‍ പറയാറുണ്ട്‌.

" എന്‍റെ മോന്‍ വരട്ടെ...നിന്‍റെയും അവന്‍റെയും....കല്ല്യാണം ഒരേ പന്തലില്‍ .....അത് വരെ ..ക്ഷമിയ്ക്ക്....."

മഞ്ഞക്കിളിയുടെ കൂട്ടിലേക്ക് അല്പം ധാന്യം ഇട്ടു കൊടുത്ത് തിരിയുമ്പോള്‍ കൊതിയോടെ , ഗൂഡമായ ലക്ഷ്യത്തോടെ മുഖം തിരിച്ചിരിക്കുന്ന തടിച്ചിപ്പൂച്ച. രാധിക ഒരു നിമിഷം നിന്നു. പിന്നെ ഉച്ചത്തില്‍ പറഞ്ഞു.

" അതേയ്...ഇത് കണ്ടു പനിക്കണ്ട...."

രാധികയുടെ സൂചന മനസ്സിലാക്കിയിട്ടെന്നോണം പൂച്ച തല തിരിച്ചു.

" മുഖം തിരിയ്ക്കണ്ട......നിന്‍റെ ദുര്‍നടപ്പ് ഇത്തിരി കൂടുന്നുണ്ട്.... ആരാന്‍റെ ഗര്‍ഭവും താങ്ങി കിടക്കുന്നത് കണ്ടില്ലേ...? "

ഗര്‍ഭിണിയായ എന്നെ ഇങ്ങനെ കുത്തി നോവിക്കല്ലേ..എന്ന മട്ടില്‍ തടിച്ചിപ്പൂച്ച ഒന്ന് കൂടി നിലത്ത് അമര്‍ന്ന് കിടന്നു.

പുറത്ത് കാറിന്‍റെ ശബ്ദവും അകത്ത് ഫോണ്‍ബെല്ലും.. ഒരുമിച്ചായിരുന്നു. ജനലിലൂടെ നോക്കിയപ്പോള്‍ വന്നത് ഹരിയെട്ടനാണ് എന്ന്‍ മനസ്സിലായി.

രാധിക വേഗം ചെന്ന് ഫോണെടുത്തു.

അപ്പുറത്ത് തന്‍റെ പൊന്നുമോന്‍റെ ശബ്ദം.

" ഹോ...ഈശ്വരാ...നീ...വിളിക്കാനെന്തേ...വൈകിയേ...അനുക്കുട്ടാ....."

" വൈകിയില്ലല്ലോ അമ്മെ..., അമ്മ എന്‍റെ വിളി മാത്രം കാത്തിരിക്കുന്നോണ്ടാ .....വൈകിയെന്ന്‍ തോന്നുന്നേ..."

"പോട്ടെ സാരല്ല്യാ..... , മോന്‍ ഭക്ഷണം കഴിച്ചോ...? ജലദോഷം മാറിയോ....? മരുന്ന്‍ കഴിക്കുന്നില്ലേ...?"

ചോദ്യങ്ങളുടെ ഒരു നിര തന്നെയായിരുന്നു. മറുതലയ്ക്കല്‍ നിര്‍ത്താതെയുള്ള ചിരിയും...
എല്ലാറ്റിനും മറുപടിയായി അനു പറഞ്ഞു.

" എന്‍റെ പൊന്നമ്മയ്ക്ക് ഒരു ചക്കരയുമ്മ...."

ചോദ്യങ്ങള്‍ നിര്‍ത്തി രാധിക കരയാന്‍ തുടങ്ങുകയാണ്. അത് മനസ്സിലാക്കിയ ഹരി ഇടപെട്ടു.

"രാധി...എനിക്ക് താ..., ഞാനൊന്ന് സംസാരിക്കട്ടെ...നീ പോയി ഒരു ചായ കൊണ്ട് വാ...."

രാധിക മനമില്ലാ മനസ്സോടെ റിസീവര്‍ ഹരിക്ക് നല്‍കി അകത്തേക്ക് പോയി.

ഹരി റിസീവര്‍ പിടിച്ച് മൂകനായി നിന്നു. നിറഞ്ഞ കണ്ണുകളോടെ റിസീവര്‍ ക്രാഡിലില്‍ വെച്ച് സോഫയിലിരുന്നു.

ചായയുമായി വന്ന രാധിക ചോദിച്ചു.

" എന്ത് പറ്റി...? സംസാരിച്ചില്ലേ...മോനോട്..? "

" ഇല്ല. കട്ടായി.....പിന്നെ വിളിക്കുമായിരിക്കും...."

"ഹരിയേട്ടാ... അപര്‍ണ്ണ എത്തിയില്ലല്ലോ...? സാധാരണ വരേണ്ട സമയം കഴിഞ്ഞു.!!! "

ഒരു പുഞ്ചിരിയോടെ ഹരി പറഞ്ഞു.

"നീയിവിടെ ഇരിയ്ക്ക്.......മോള്‍ എനിക്ക് വിളിച്ചിരുന്നു...ഒരു മണിക്കൂര്‍ വൈകുമെന്ന്‍ പറഞ്ഞു...."

" ഉം ...എന്നിട്ട് ഹരിയേട്ടന്‍ സമ്മതിച്ചു....? !! അതേയ്...പെണ്‍കുട്ട്യാ.... സമയത്തിനു വീട്ടിലെത്താത്ത ഒരു പഠിപ്പും വേണ്ടാ..."

" അതല്ലാ രാധി..., അവള്‍ക്കിന്ന്‍ ഡാന്‍സ് പ്രാക്ടീസ് ഉണ്ട്...ഇപ്പൊ തന്നെ നാല്പത് മിനുറ്റ് കഴിഞ്ഞു....അര മണിക്കൂറിനുള്ളില്‍ അവളിങ്ങെത്തും..."

ആ മറുപടിയില്‍ സംതൃപ്തയല്ലാത്ത രാധിക മെല്ലെ ഗേറ്റിനടുത്തെക്ക് നീങ്ങി. ഹരി മനസ്സില്‍ ചിരിച്ചു. ഇവള്‍ക്കിനി അപര്‍ണ്ണ വീട്ടിലെത്തിയാലല്ലാതെ സമാധാനമുണ്ടാകില്ല.


മഴ പിന്നെയും കനത്തു.നല്ല ഇടിയും മിന്നലുമുണ്ട്‌.

പെട്ടെന്ന് അത്യുഗ്രമായ ഒരു ഇടിമുഴക്കത്തില്‍ രാധിക കുഴഞ്ഞുവീണു. മിന്നല്‍പിണര്‍ കണ്ണുകളെ അഞ്ചിപ്പിക്കുന്നതായിരുന്നു.
മെല്ലെ മെല്ലെ താന്‍ ഇരുട്ടിനെ പുണരുന്നത് രാധിക അറിഞ്ഞു.

ഇരുട്ടില്‍ മേഘ ശകലങ്ങല്‍ക്കിടയിലൂടെ .......നക്ഷത്ര ജാലങ്ങള്‍ക്കിടയിലൂടെ......രാധിക ഒഴുകിയൊഴുകി....അങ്ങനെ...അങ്ങനെ....


ഓപ്പറേഷന്‍ തിയേറ്ററിനു മുന്നില്‍ ഹരി അക്ഷമനായി കാത്തിരുന്നു.

തന്‍റെ കയ്യിലിരിക്കുന്ന ഫെര്‍റ്റിലിറ്റി ടെസ്റ്റിന്റെ റിസല്‍ട്ടിലൂടെ അയാള്‍ നിസ്സംഗതയോടെ കണ്ണുകള്‍ ഓടിച്ചു. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ഒരു പ്രാര്‍ത്ഥന പോലെ ചെയ്തു വന്ന ചികിത്സക്ക് ഫലം ഉണ്ടായിരിക്കുന്നു. പാവം ഈ കാലമത്രയും ഉള്ളിലെ ദുഃഖം തന്‍റെ മുന്നില്‍ കാണിക്കാതെ പ്രാര്‍ഥനയും വഴിപാടുമായി.....


മെഡിക്കല്‍ സയന്‍സിലെ അതിനൂതനമായ സാധ്യതകള്‍ ഉപയോഗിച്ച് രാധികയ്ക്ക് ഗര്‍ഭം ധരിക്കാമെന്നും നമ്മള്‍ മൂന്നു പേരല്ലാതെ നാലാമതൊരാള്‍ അറിയില്ലെന്നും ഡോക്ടര്‍ പറയുമ്പോള്‍ നിസ്സഹായനായി തല കുനിച്ചിരിക്കുന്ന തന്‍റെ കൈ പിടിച്ച് രാധികയാണ് പറഞ്ഞത്....
" വേണ്ട ഡോക്ടര്‍ .....ഞങ്ങള്‍ക്ക് ഞങ്ങളുടെ ചോരയില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ മതി. ദൈവം ഞങ്ങളെ കൈവിടില്ല...."

സ്പേം കൌണ്ട് അറുപത് മില്യണ്‍ സി സി യും അതില്‍ ആക്ടീവ് മോട്ടയില്‍ നാല്പത് മില്ല്യന്‍ സി സി യുമുള്ള ഏറെ സന്തോഷം പകരുന്ന ഒരു റിസല്‍ട്ടാണ് തന്‍റെ കയ്യില്‍ ഇരിക്കുന്നത് എന്ന തിരിച്ചറിവ് അയാളെ കൂടുതല്‍ ദുഖത്തിലാഴ്ത്തി. ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലെ വയിസ്റ്റ് ബിന്നില്‍ ഹരി ആ റിസല്‍റ്റ് ചീന്തിയിട്ടു.

പറന്നെത്തുന്ന കിളികളെയും പെറ്റ് കൂട്ടുന്ന പൂച്ചക്കുട്ടികളെയും താലോലിച്ചും അവയോട് കളി പറഞ്ഞും ശകാരിച്ചും പിണങ്ങിയും കാലം കഴിക്കുമ്പോഴും പ്രതീക്ഷയുടെ ഒരു വെളിച്ചം രാധികയുടെ കണ്ണുകളില്‍ തനിക്ക് കാണാമായിരുന്നു. പരസ്പരം താലോലിക്കാന്‍ നമുക്ക് നമ്മളുണ്ടെന്നു പറയുമ്പോള്‍ ഉള്ളില്‍ ഘനീഭവിച്ച ദുഖത്തിന്‍റെ നനവ് വാക്കുകളില്‍ ഉണ്ടായിരുന്നു.

ആര്‍ത്തവ ക്രമങ്ങളില്‍ ഉണ്ടായ മാറ്റവും ഇടക്കിടെ അനുഭവപ്പെടുന്ന അസഹ്യമായ വേദനയും നിയന്ത്രണാധീതമായപ്പോള്‍ തന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഡോക്ടറെ കണ്ടത്. ഗര്‍ഭ പാത്രത്തില്‍ വളര്‍ന്ന മുഴകള്‍ നീക്കം ചെയ്യുന്നതിന് സാധ്യതയില്ലെന്നും ഗര്‍ഭപാത്രം തന്നെ നീക്കം ചെയ്യണമെന്നും ഡോക്ടര്‍ കര്‍ശനമായി പറഞ്ഞപ്പോള്‍ തകര്‍ന്നത് രാധികയുടെ മനസ്സ് തന്നെയായിരുന്നു. ആ ഷോക്കില്‍ നിന്ന്‌ മുക്തയാവാനുള്ള താമസം മാത്രമാണ് ഓപ്പറേഷന്‍ ഇത്രയും വൈകിച്ചത്.

ഈതറിന്‍ മണമുള്ള ഓപ്പറേഷന്‍ തിയേറ്ററിന്റെ മുന്നിലെ ബെഞ്ചില്‍ രാധികയെ സമാധാനിപ്പിക്കാനുള്ള വാക്കുകള്‍ തിരഞ്ഞ് ഹരി ഇരുന്നു.

വെളിച്ചത്തിന്‍റെ സുതാര്യതയില്‍ നിന്ന്‌ ഇരുട്ടിലേക്കും വീണ്ടും വെളിച്ചത്തിലേക്കും മാറി മാറി സഞ്ചരിച്ച് രാധിക ഉണരുമ്പോള്‍ ആകാശ നീലിമയുടെ നിറമുള്ള ആശുപത്രി വസ്ത്രം ധരിച്ച് സ്ട്രെച്ചറില്‍ ആയിരുന്നു.

ഒരു മയക്കത്തിനും ഉണര്‍വ്വിനും ഇടക്ക് തന്‍റെ അനുമോനും അപര്‍ണയും തുള്ളിക്കളിക്കേണ്ട ഗര്‍ഭപാത്രം പിഴുതെറിയപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ നിന്ന്‌ കണ്ണുകളിലൂടെ ..പുറത്തേക്ക് ..ഒഴുകി.

ധാരധാരയായി ഒഴുകുന്ന രാധികയുടെ കണ്ണീര്‍ തുടച്ച് , സ്വയം നിയന്ത്രിച്ച് ഹരി സ്ട്രെച്ചരിനൊപ്പം അനുഗമിച്ചു.

Saturday, July 10, 2010

ഖല്ലി ജഹന്നം.......!!!

അയ്മന്‍ അഹമെദ് അല്‍ ഖിതാരി -
കയ്യിലെപ്പോഴും ഒരു തസ്ബിയുമായി ( ജപമാല) നടക്കുന്ന നന്മയുടെ പ്രതീകമായ ഒരു മനുഷ്യന്‍..!
ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്‍റ് ഹെഡ് ആയിരുന്നു അയ്മന്‍. സഹപ്രവര്‍ത്തകരോട് വലുപ്പ-ചെറുപ്പ-വര്‍ണ്ണ - ഗോത്ര - ദേശ വൈജാത്യമില്ലാതെ പെരുമാറുന്ന ഒരു നല്ല അറബി.
അയ്മന്‍ അഹമെദിന്റെ വേരുകള്‍ അങ്ങ് യമനിലാണ്. അദ്ധേഹത്തിന്റെ കുടുംബ വൃക്ഷ ശാഖകള്‍ ഇന്ത്യയിലെ ഹൈദ്രബാദിലെക്കും വ്യാപിച്ചു കിടക്കുന്നു. അദ്ദേഹത്തിന്റെ ഒരു അങ്കിള്‍ വിവാഹം കഴിച്ചിരിക്കുന്നത് ഹൈദ്രാഭാദില്‍ നിന്നാണ്. അതുകൊണ്ടാവാം ഇന്ത്യക്കാരെ വലിയ ഇഷ്ടവുമാണ്.
പട്ടാള ച്ചിട്ടകള്‍ പഠിപ്പിച്ച കാര്‍ക്കശ്യങ്ങള്‍ തൊഴിലില്‍ ഉണ്ടെങ്കിലും ആര്‍ക്കും വേദനിക്കാത്ത രീതിയില്‍ ഒരു സമതുലിതാവസ്ഥ ഞങ്ങളോടൊക്കെ പാലിക്കാന്‍ അയ്മന്‍ പ്രാപ്തനായിരുന്നു.
രാവിലെ കൃത്യ സമയത്ത് ഡ്യൂട്ടിക്ക് എത്തുന്ന അയ്മനെ ഞങ്ങള്‍ ഓരോരുത്തരും ക്യാബിനില്‍ ചെന്ന്‍ കണ്ട് സലാം പറയും. തമാശകള്‍ പറഞ്ഞു ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുന്ന അയ്മന്റെ ചിരിയില്‍ ഒന്നും മനസ്സിലായില്ലെങ്കിലും ഞങ്ങളും പങ്കു ചേരും.
ജോലികള്‍ കൃത്യമായി നടക്കുന്നതിനിടയില്‍ അയ്മന്‍ ക്യാബിനില്‍ നിന്ന് പുറത്തിറങ്ങി ഓരോ സ്റ്റാഫിന്‍റേയും ടേബിളില്‍ എത്തി അഞ്ച് മിനിറ്റ് ചെലവഴിക്കും. വിശേഷങ്ങള്‍ ചോദിക്കും. ദുഖത്തില്‍ പങ്കു ചേരും. സന്തോഷത്തില്‍ മബ്രൂക്ക് പറയും.
കൂടെയുള്ള ഫിലിപ്പൈനികള്‍ക്ക് അയ്മനെന്നു കേട്ടാല്‍ ജീവനാണ്. " ഹി ഈസ്‌ വെരി നൈസ് പാറെ..." എന്നാണു എല്ലാവരുടെയും നാക്കില്‍.
മതപരമായി നല്ലതും ഉറച്ചതുമായ വീക്ഷണമുള്ള അയ്മന്‍ ഇതര മതസ്ഥരെ ഒരു കാരണവശാലും വിമര്‍ശിക്കില്ല. അവര്‍ക്ക് അവരുടെ മതം, നമുക്ക് നമ്മുടേത്. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ സ്വന്തം കാഴ്ച്ചപ്പാടുകളും അറിവുകളും ഫിലിപ്പൈനികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.
അബുദാബിയില്‍ വര്‍ഷങ്ങള്‍ പിന്നിടുകയും പല തരക്കാരുമായി ഇടപഴകുകയും ചെയ്ത എനിക്ക് അയ്മന്‍ അഹമെദ് അല്‍ ഖിതാരി ഒരു അത്ഭുതാവതാരമായിരുന്നു. ഇത്രയും നല്ല മനുഷ്യരും ഈ ഭൂമിയില്‍ ഉണ്ടല്ലോ...!!!
ഫിലിപ്പൈനികളുടെ അയ്മന്‍സ്നേഹം എന്നെ തമിഴ് നാട്ടിലെ എം ജി ആര്‍ ആരാധകരെയാണ് ഓര്‍മ്മിപ്പിച്ചത്. ഞാനും മനസ്സില്‍ പറയാറുണ്ട് " മഹാനായ അയ്മന്‍..."
പതിവ് പോലെ ഒരു ദിവസം-
ക്യാബിനില്‍ ചെന്ന്‍ അയ്മന് സലാം പറഞ്ഞ് മനസ്സിലാകാത്ത തമാശ കേട്ട് താടിയെല്ല് കടയും വരെ ചിരിച്ചെന്നു വരുത്തി സ്വന്തം ഇരിപ്പിടത്തിലെത്തി.
അല്പം കഴിഞ്ഞപ്പോള്‍ അയ്മന്‍ പതിവ് പോലെ ക്യാബിനു പുറത്ത് വന്നു. ഓരോരുത്തരോടായി കുശലാന്വേഷണം നടത്തി വരുന്നു.
ഒഴിഞ്ഞു കിടന്നിരുന്ന ഫിലിപ്പിനോ സുന്ദരിയുടെ ടേബിളിനു മുന്നിലെത്തി അയ്മന്‍. ഉറക്കെ ചോദിച്ചു.
" ഒയിന്‍ ...ക്രിസ്തീന ...? ( എവിടെ ക്രിസ്തീന) "
രണ്ടു ടേബിള്‍ അപ്പുറത്തിരിക്കുന്ന ജിജോ ആണ് മറുപടി പറഞ്ഞത്.
"ഷി ഈസ്‌ ആബ്സന്റ്..."
"ലേശ്....മാ ജാഅ..? " ( എന്ത് കൊണ്ട് വന്നില്ല..?)
ജിജോ മൌനം. എല്ലാവരും മുഖത്തോടു മുഖം നോക്കി.
ക്രിസ്തീന സുന്ദരിയാണ്. അതിലുപരി നാട്ടിലെ അവളുടെ ദുരിത കഥകള്‍ ഒരു ദുരന്ത കഥയിലെ വിഷാദമുഖിയുടെ ചിത്രവും അവള്‍ക്ക് നല്‍കിയിട്ടുണ്ട്.
ആരും മിണ്ടാതായപ്പോള്‍ അയ്മന്‍ വീണ്ടും ഉച്ചത്തില്‍ ചോദിച്ചു.
"ലേശ് മാഫി കലാം...? ശൂഫി മുഷ്കിലാത്ത് അന്തി ഹാദാ മിസ്കീന്‍ ....? ( എന്താ മിണ്ടാത്തത് ...? എന്ത് വിഷമങ്ങള്‍ ആണ് അവള്‍ക്കുള്ളത്..? )
എന്‍റെ നേരെ നോക്കിയ അയ്മനോട് മടിച്ചാണ് പറഞ്ഞത്.
" ഷി ഈസ്‌ അണ്‍ ഫിറ്റ്‌ ഇന്‍ മെഡിക്കല്‍....."
"ശൂ..." !! ( എന്താ..!!)
" നഅം യാ സയ്ദീ ...ഹേര്‍ റിസള്‍ട്ട് വാസ് എച് ഐ വി പോസിടിവ് ....!! ഷി ഈസ്‌ അണ്ടെര്‍ കസ്റ്റഡി നൌവ്‌...."
" അഊദു ബില്ലാ......!!!" അതൊരു അലര്‍ച്ചയായിരുന്നു.
അയ്മന്‍ തന്‍റെ കയ്യിലെ തസ്ബി വലിച്ചറിഞ്ഞു. അതിന്‍റെ മണികള്‍ മാര്‍ബിള്‍ പാകിയ നിലത്ത് ചിതറി..... അയ്മന്‍ അബോധാവസ്ഥയില്‍ മുന്നിലെ ടേബിളിലേക്ക് മൂക്ക് കുത്തി.
അത്ഭുതപരവശരായി ഞങ്ങള്‍ നിന്നു.
അയ്മനെ മുഖത്ത് വെള്ളം തളിച്ച് ബോധാവസ്ഥയിലെത്തിച്ചു.
സ്വന്തം സഹപ്രവര്‍ത്തകയുടെ ദുരന്തത്തില്‍ ഇത്രയേറെ വേദനിക്കുന്ന ഒരു ഓഫീസറെ ആശ്ചര്യത്തോടെ നോക്കുമ്പോള്‍
ബോധം വന്ന
അയ്മന്‍ സമനില തെറ്റിയവനെ പോലെ ആക്രോശിക്കുകയും ക്രിസ്തീനയുടെ ടേബിളിലെ എല്‍ സി ഡി മോണിട്ടര്‍ അടിച്ചു തെറിപ്പിക്കുകയും ചെയ്തു.
"ഖല്ലി ജഹന്നം കുല്ലു ഫിലിപ്പിനോ..." ( എല്ലാ ഫിലിപ്പിനോസും നരകത്തില്‍ പോട്ടെ..) എന്ന്‍ പുലമ്പുന്നുമുണ്ടായിരുന്നു.
കുറച്ചൊക്കെ അറബി അറിയാവുന്ന മറ്റ് ഫിലിപ്പിനോ സ്ത്രീകള്‍ മുഖം കുനിച്ചു.
കൂടുതല്‍ സമചിത്തത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അയ്മനെ മറ്റ് ഓഫിസര്‍മാര്‍ വന്നു കൊണ്ടു പോയി. അപ്പോഴും അയ്മന്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു...
" കുസ് ഉമ്മക്ക് ....കുല്ലു ...ഫിലിപ്പിനോ...."
****************************************************************************************************
അവസാനത്തെ അയ്മന്റെ വാചകത്തിന് തര്‍ജ്ജമ എന്നെ കൊന്നാലും ഞാന്‍ പറയില്ല. സത്യം.

Thursday, July 1, 2010

ആത്മാക്കളുടെ കുമ്പസാരം (കവിത)

യാത്രയിലാണ് ഞാന്‍, സഹ-
യാത്രികരില്ലാതെ ...
തുടങ്ങിയത് പകലെങ്കിലും
തുടരേണ്ടതിനി യിരവുകളില്‍
ദൃശ്യനായദൃശ്യതയെ തിരഞ്ഞവന-
ദൃശ്യനായ് ദൃശ്യങ്ങള്‍ തിരയുന്നു...!!
കാഴ്ച്ചകളില്‍ തിമിരമില്ലെങ്കിലും
വാക്കുകള്‍ക്ക് വിലങ്ങുണ്ട്...!
അതീന്ദ്രിയ സ്പര്‍ശങ്ങളാല്‍
അറിയപ്പെടാതെയറിയുന്നു..!
വിദുരമാം വാത്മീകങ്ങള്‍ പൊതിഞ്ഞ്
വിദൂരതയിലേക്ക് അകലുന്നു...
ദാനത്തിന്‍ പുണ്യമറിയാതെ
ധനികനില്‍ നിന്ന്‍ ദരിദ്രനാകുന്നു.
അസ്തിത്വ സത്യങ്ങളറിയുന്നത്
അസ്ഥികള്‍ പോലുമന്യമാകുമ്പോള്‍...!!!

അവധി പറഞ്ഞു നടത്തിയവരെത്ര
ആട്ടിയോടിച്ചവരും കടം പറഞ്ഞവരും
ആകുലതകളില്‍ വെന്ത് ചത്തവരും.....

ശാന്തിമന്ദിരങ്ങളില്‍ ചിതറുന്നത്
നെഞ്ച് തുരന്നെടുത്ത ചെമ്പരത്തികള്‍
സുജൂദില്‍ നിന്ന്, ധ്യാനത്തില്‍ നിന്ന്
മോക്ഷത്തിലെക്ക് നിറയൊഴിക്കുന്നവര്‍.

വിരോധാഭാസങ്ങള്‍ പ്രാര്‍ത്ഥനയാവുന്നത്
വിശുദ്ധനെ തറച്ച മരക്കുരിശ്
വിശുദ്ധിയുടെ ആരാധ്യബിംബമാവുമ്പോള്‍..
പുതിയ, പഴയ നിയമങ്ങളിലേക്ക്
തന്തയില്ലാതെ വെളിപ്പെടുന്നവര്‍ക്ക്
ഭീഷണിയുടെ സങ്കലനമാണ് കുരിശ്‌.

അറിയാനും കേള്‍ക്കാനും വൈകുന്നത്
ആത്മാക്കളുടെ കുമ്പസാരവും നിറങ്ങളും.
വരിക, ശ്മശാനത്തിന്റെ മൂകതയിലെക്ക്
മണ്ണ് തിന്നു തീര്‍ത്ത ചെയ്തികള്‍ക്ക് മേല്‍
ഒരേ നിറമുള്ള ആത്മാക്കളെ കാണാമോ...??

Wednesday, June 16, 2010

ഇദ്ദ....!

ഈ മതിലിനപ്പുറത്താണ് സ്വര്‍ഗ്ഗം.


മതിലിന് പുറത്ത് പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന കാട്ടപ്പയുടെ ചെറു കാടുകള്‍ നോക്കണ്ട. അത് സംരക്ഷണത്തിന്‍റെ വെട്ടിത്തെളിക്കാത്ത കവചങ്ങളത്രെ. ഇടക്കിടെ പന്തലിച്ച് നില്‍ക്കുന്ന മരങ്ങളില്‍ വയസ്സ് മൂത്ത് മരിച്ച ബീവിമാരുടേയും ആശ മുഴുമിക്കാതെ മരിച്ച കാരണവന്മാരുടേയും ആത്മാക്കളുണ്ടത്രെ....!!


ഏക്കര്‍ കണക്കിന് പരന്ന് കിടക്കുന്ന പറമ്പിന് നടുവില്‍ മാളിക നില്‍ക്കുന്ന ഭാഗം നാലു പുറവും ചെങ്കല്ല് വെട്ടി പണിതുയര്‍ത്തിയ ഭീമന്‍ മതിലാണ്. മുന്‍വശത്തെ പടിപ്പുര കടന്ന് വേണം മാളികയിലേക്ക് എത്താന്‍. പടിപ്പുരയില്‍ നിന്ന് നോക്കിയാല്‍ മാളികയുടെ അകത്ത്നടുത്തളത്തില്‍ കെടാതെ കത്തുന്ന നിലവിളക്ക് കാണാം. പകലും രാത്രിയും ശാന്തമായി കത്തുന്ന നിലവിളക്ക് മാളികയുടെ ഐശ്വര്യത്തിന്‍റെ പ്രതീകമാണത്രെ.


പുറം ലോകത്തിന്‍റെ വര്‍ണ്ണാഭമായ കാഴ്ചകള്‍ അന്യമായ ബീവിമാരുടെ സ്വര്‍ഗ്ഗവും ഇതാണ്.

നിലവിളക്കില്‍ കത്തിയൊടുങ്ങുന്ന തിരികള്‍ പോലെ......,

മുറ്റത്തെ കൂട്ടില്‍ പെറ്റ് പെരുകുന്ന മുയലുകള്‍ പോലെ......!!!!


വാല്യക്കാര്‍ ചുമന്ന് കൊണ്ട് വന്ന പല്ലക്കിനുള്ളിലൂടെ പുറത്ത് കണ്ട കാഴ്ചകള്‍ അവസാനിച്ചത് മാളികയുടെ വിശാലമായ കൂടുകളിലാണ്. സമ്രുദ്ധമായി തീറ്റ ലഭിയ്ക്കുന്ന കൂടുകള്‍..!!


പ്രായമറിയിച്ചതിന്‍റെ ഇരുപത്തെട്ടാം നാളാണ് ഖയ്യാബിയെ ചുമന്ന പല്ലക്ക് മാളികയുടെ പടിപ്പുര കടന്നത്. അന്ന് ഖയ്യാബിക്ക് കഷ്ടിച്ച് പന്ത്രണ്ട് വയസ്സ്.

ഖയ്യാബിയുടെ പുത്യാപ്ല മാളിയെക്കല്‍ ഹാജിക്ക് അറുപതിലും ചെറുപ്പം.


അടയ്ക്ക ഇടിച്ച് പൊടിച്ച് മുറുക്കാനാക്കി ഹാജിക്ക് കൊടുക്കുമ്പോള്‍ ഹാജ്യാരുടെ രണ്ടാമത്തെ കെട്ട്യോള്‍ ഉമ്മാബി പറഞ്ഞു.


“......ങ്ങള്....ഒന്ന് സബൂറാക്കണം....ഓള്....കുട്ട്യല്ലേ......”

“ഊം....അന്നെ ഞമ്മള് കെട്ടിക്കൊണ്ടരുമ്പൊ.....അനക്കെത്രേര്‍ന്ന്...ബയസ്സ്.....? യ്യ്....ചെലക്കാണ്ട്....ഓളെ കാര്യം പറഞ്ഞ് മനസ്സിലാക്ക്.....”


കോളാമ്പിയിലേക്ക് നീട്ടിത്തുപ്പി ഹാജിയാര്‍.

അറബിനാട്ടില്‍ നിന്ന് കൊണ്ടുവന്ന ഊദിന്‍റെ സുഗന്ധമുള്ള അത്തറെടുത്ത് ഹാജിയാര്‍ ചെവികള്‍ക്ക് പുറകില്‍ പുരട്ടി.


“‘...ങ്ങളെ ..പേരക്കുട്ടീന്‍റെ ....പ്രായല്ലുള്ളു...ഓള്ക്ക്.....? ഒന്നടങ്ങീന്ന്.....ഇന്ന് സുബൈദാബീന്‍റെ മുറീല്...ആവാലോ....ഓളും ചെറുപ്പല്ലേ....? “‘


ഹാജിയാരുടെ മൂന്നാമത്തെ കെട്ട്യോളാണ് സുബൈദാ ബീവി.

പിരമിഡുകളുടെ നാട്ടിലെ ഫെറോവമാരുടെ രാജമന്ദിരങളില്‍ നിന്ന് വഴിതെറ്റി വന്ന ഹൂറിയെ പോലെ സുബൈദാബീവി. സുബൈദയുടെ അഴക് കണ്ട് കണ്ട് തളര്‍ന്നുറങ്ങിപ്പോയ നാളുകള്‍ ഉണ്ടത്രെ...ഹാജിയാര്‍ക്ക്.

പൂര്‍ത്തീകരിക്കപ്പെടാത്ത രതിനിര്‍വ്രുതികളുടെ നിരാശാജന്യമായ നിമിഷങ്ങളില്‍ നിയന്ത്രണം വിടുന്ന മനസ്സില്‍ നിന്ന് അറിയാതെ വമിയ്ക്കുന്ന സുബൈദാബിയുടെ നെടുവീര്‍പ്പ് തിന്നുന്ന വാക്കുകള്‍...!!ഉമ്മാബിയുടെ വാക്കുകള്‍ ഗൌനിക്കാതെ അറയിലേക്ക് പോയ ഹാജിയാര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ തളര്‍ന്ന് വീഴുകയായിരുന്നു. പേട്ടിച്ച് വിറച്ച് ഖയ്യാബി അറയുടെ വാതില്‍ തുറന്ന് പുറത്ത് വന്നു. ഉമ്മാബിയുടെ അരയ്ക്ക് വട്ടം പിടിച്ച് നിലവിളിച്ചു. പിന്നെ അറയിലേക്ക് ചൂണ്ടി പറഞ്ഞു....


“‘ ഉപ്പൂപ്പാ.....”


പിന്നില്‍ നിന്ന് ഒരു ആക്രോശം പ്രതീക്ഷിച്ച ഉമ്മാബി പക്ഷെ ഒന്നും കേട്ടില്ല..!!

സംശയത്തോടെയും ഭയത്തോടെയും അറവാതില്‍ തള്ളിത്തുറന്ന ഉമ്മാബി ഞെട്ടിപ്പോയി. അര്‍ദ്ധനഗ്നനായ ഹാജിയാര്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നു...!

ഖയ്യാബിയെ കെട്ടിപ്പിടിച്ച് ഉമ്മാബി നിര്‍ന്നിമേഷയായി തെല്ല് നിന്നു. കരയേണ്ടെന്ന് മനസ്സ് വിലക്കിയിട്ടും കൂട്ടാക്കാത്ത കണ്ണുകള്‍ മിഴിനീരൊലിപ്പിച്ചു കൊണ്ടിരുന്നു.

പുറകില്‍ തീക്ഷ്ണമായ ത്രിഷ്ണകളുടെ വേലിയേറ്റങ്ങളെ നെഞ്ചേറ്റി ദീര്‍ഘനിശ്വാസമയച്ച് സുബൈദാബിയും...


മാളികയുടെ പടിപ്പുര കടന്ന് മയ്യത്തുംകട്ടില്‍ തോളിറങ്ങി.

പന്ത്രണ്ടാം വയസ്സില്‍ വിധവയായ ഖയ്യാബിയടക്കം അസ്ഥികളില്‍ ലാവ തിളയ്ക്കുന്ന സുബൈദാബിയും മാളികയുടെ പ്രൌഢഗംഭീരമായ ഗ്രിഹനാഥസ്ഥാനം സ്വയം അലങ്കരിച്ച ഉമ്മാബിയും അടങ്ങുന്ന വിധവകളുടെ തേങ്ങലുകള്‍ക്കും സുഗന്ധദ്രവ്യങ്ങള്‍ കത്തുന്ന പുകച്ചുരുളുകള്‍ക്കും മരണം വിളിച്ചറിയിക്കുന്ന ഈണമുള്ള ഖുറാന്‍ പാരായണങ്ങള്ള്ക്കും നടുവില്‍ മാളിയക്കല്‍ ഹാജി ഒരു തൂവെള്ള തുണിക്കെട്ടായി പരിണമിച്ചു.


മാളികയുടെ പടിഞ്ഞാറ്റെയില്‍ കടലാമകളെ പോലെയുള്ള ഓട്ടുചെമ്പുകളില്‍ നെയ്ച്ചോറിനുള്ള വെള്ളം തിളയ്ക്കുന്നിടത്ത്

ഖയ്യാബി വെറുതെ നോക്കി നിന്നു.


“‘അല്ലാ....ബീവി....ങ്ങള്....ബടെ....നിക്കാണോ.....?“


തന്നേക്കാള്‍ എത്രയോ പ്രായമുള്ള മാളികയിലെ കാര്യസ്ഥന്‍ കുഞ്ഞോന്‍ക്ക തന്നോട് പറയുന്നത് കേട്ട് അത്ഭുതപ്പെട്ട് നിന്ന് ഖയ്യാബി.


“‘നല്ല രസണ്ട്.....വെള്ളം തെളക്കണത്....കാണാന്‍......എന്ത് ബെല്ല്യെ....ചെമ്പാ.....! ”


കുട്ടിത്തം മാറാത്ത ഖയ്യാബിയുടെ നിഷ്കളങ്കമായ മറുപടി കേട്ട് കുഞ്ഞോന്‍ സങ്കടപ്പെട്ടു.


“..ബീവി....ബടങ്ങനെ ....നിന്നൂടാ....അകത്ത് ബല്ല്യ ബീവിമാര്ടെ അടുത്ത് പോയി ഇരുന്നോളീ......”


കുഞ്ഞോന്‍ക്കാടെ നിര്‍ബന്ധം കൂടിയപ്പോള്‍ ഖയ്യാബി വലിയ ബീവിമാരുടെ അടുത്ത് ചെന്നിരുന്നു. സാമ്പ്രാണിയുടെ ഗന്ധം അവള്‍ക്ക് അസഹ്യമായി. മരത്തിന്‍റെ അഴികളുള്ള തട്ടികക്കപ്പുറം ഹാജിയാരുടെ മയ്യത്ത്. തറയില്‍ വിരിച്ചിട്ട തഴപ്പായയില്‍ കിടന്ന് അടക്കിപ്പിടിച്ച് കരയുന്ന വലിയ ബീവിമാരുടെ ഇടയില്‍ ഖയ്യാബി എപ്പൊഴോ..ഉറങ്ങിപ്പോയി.


ഹാജിയാരുടെ മക്കളെല്ലാം വന്നു.

അടുത്തും അകലെയും ഉള്ളവര്‍.

തെക്കെ ചായ്പ്പില്‍ കത്തിച്ച് വെച്ച ചന്ദനത്തിരിയുടെ സുഗന്ധത്തില്‍ മെയ് ലേ കുട്ടികള്‍ ഖുറാന്‍ ഓതുന്നു.

മാളികയുടെ നീണ്ട വരാന്തയില്‍ അന്നദാനം.


അത്ഭുതമൂറുന്ന മിഴികളോടെ ഖയ്യാബി എല്ലാം നോക്കി നടന്നു.

ഇദ്ധയിരിക്കുന്ന ഉമ്മാബിയും സുബൈദാബിയും അവളെ തടഞ്ഞില്ല. യാഥാസ്ഥിതികത്വത്തിന്‍റെ തലപ്പാവുള്ളവര്‍ മാത്രം അവളെ തടഞ്ഞു. സൌമ്യമായി ശകാരിച്ചു.

“ ഹാജിയാരുടെ കെട്ട്യോളാ...ഇജ്ജ്....! നാപ്പത് ദെവസം ഇദ്ദയിരിക്കണം....പൊറത്തെറങ്ങിക്കൂടാ......തിരിഞ്ഞാ....ബീവിക്ക്.....?”


അവള്‍ ഇല്ലെന്ന് തലയാട്ടി.


ഇല്ലായ്മയുടെ ചെറ്റവട്ടത്തില്‍ നിന്ന് മീന്‍ മണമുള്ള ഉടയാടകള്‍ വെടിഞ്ഞ്, കൈയ്യില്‍ മൈലാഞ്ചിയിട്ട്, അണിഞ്ഞൊരുങ്ങി ഉമ്മയോടും ഉണ്ണികളോടും കോഴികളോടും ആടുകളോടും സങ്കടത്തോടെ യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോള്‍ ചന്ദരത്തി പള്ളിയിലെ ചന്ദനക്കുടത്തിന് പോകുമ്പോള്‍ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നതും ഭയപ്പെടുന്നതും എന്ന ഉപ്പയുടെ ചോദ്യം മാത്രം മനസ്സില്‍ പ്രതിദ്ധ്വനിച്ചിരുന്നു.


മൂവന്തിയോട് അടക്കം പറയുന്ന മിന്നാമിനുങ്ങുകളെ ഉച്ചത്തില്‍ ശകാരിക്കുന്ന ചിവീടുകളുടെ ശബ്ദം കേട്ട് പല്ലക്കിലിരുന്ന് പാടം കടക്കുമ്പോള്‍ ഈ മഞ്ചല്‍ യാത്ര ഒരു ദുരിതാശ്വാസത്തിന്‍റെ പകരം വെക്കലാണെന്ന് തിരിച്ചറിയാനുള്ള പ്രായമെത്തിയിരുന്നില്ല ഖയ്യാബിക്ക്.


സാമ്പ്രാണിപ്പുകയില്‍ മനം മടുക്കുമ്പോള്‍ പുറത്തിറങ്ങി കയ്യാലക്കരികിലെ ഇരുമ്പാമ്പുളി മരത്തിനടുത്ത് വെറുതെ നില്‍ക്കും ഖയ്യാബി.

ചുറ്റും കാട്‌ പിടിച്ച മതില്‍ കെട്ടിനകത്തെ ഏകാന്തതയില്‍ ഖയ്യാബി സ്വന്തം കുടിലിനേയും ഉണ്ണികളേയും കളിക്കൂട്ടുകാരികളേയും പറ്റി വേദനയോടെ ഓര്‍ക്കും. മഞ്ചലില്‍ കയറാന്‍ നേരം ഉപ്പ പറഞ്ഞ ചന്ദനക്കുടം നേര്‍ച്ച ഇതു വരെ വരാത്തതെന്തെ എന്ന് പരിഭവിക്കും.


ഹാജിയാര്‍ മരിച്ച അന്ന് ഉപ്പ വന്നിരുന്നു.

തിരക്കിനിടയില്‍ ഒരു നോക്ക് കണ്ടു. തിരക്ക് കഴിഞ്ഞപ്പോള്‍ പോകാന്‍ നേരം ഉപ്പ ഖയ്യാബിക്കരികില്‍ വന്നു. കുറച്ച് നേരം ഖയ്യാബിയെ തന്നെ നോക്കി മൂകനായി നിന്നു. പുറകില്‍ തട്ടം കൊണ്ട് മൂക്ക് പിഴിഞ്ഞ് കണ്ണീരൊലിപ്പിച്ച് ഉമ്മ.

എങ്ങൊ അലക്ഷ്യമായി നോക്കിക്കൊണ്ട് മൂകനായി നില്‍ക്കുന്ന ഉപ്പയെ തറപ്പിച്ചു നോക്കുമ്പോള്‍ ഉമ്മയുടെ കണ്ണുകള്‍ കത്തുന്നത് പോലെ തോന്നി. പന്ത്രണ്ടാം വയസ്സില്‍ വിധവയായ മകളുടെ ദുര്യോഗത്തിന് കാരണക്കാരനായ ഉപ്പയുടെ നിരുത്തരവാദിത്തത്തിനെ കാര്‍ക്കിച്ചു തുപ്പി മനസ്സില്‍ ഖയ്യാബിയുടെ ഉമ്മ.


“മോള് ...പൊറത്ത് നിക്കണ്ടാ....അകത്ത് വല്ല്യ ബീവിമാരുടെ അടുത്ത് പോയിരിക്ക്...”‘ ഉമ്മ കണ്ണുകള്‍ തുടച്ച് ഖയ്യാബിയോട് പറഞ്ഞു.

എന്തിനെന്നറിയില്ലെങ്കിലും അവള്‍ തലയാട്ടി.

തിരിച്ചു നടന്ന് തുടങ്ങിയ ഉപ്പയെ പുറകില്‍ നിന്ന് വിളിച്ചു ഖയ്യാബി.


“ഉപ്പാ.....എന്നാ....ചന്ദനക്കുടം.....???”


സ്തബ്ദനായി നില്‍ക്കുന്ന ഉപ്പയുടെ മുഖത്ത് പ്രതീക്ഷയോടെ നോക്കി ഖയ്യാബി. അന്നാദ്യമായി ഉപ്പ കരയുന്നത് അവള്‍ കണ്ടു..!!


“ ഉമ്മാ....നിക്ക്....പള്ളിക്കൂടത്തീ....പോണം....”


അടക്കാനാവാത്ത വിമ്മിഷ്ടം ഒരു നിലവിളിയായി ഉമ്മയി നിന്ന് പുറത്ത് വന്നു. തന്‍റെ മുലപ്പാലിന്‍റെ ഗന്ധം ഖയ്യാബിയുടെ ഇളം ചുണ്ടുകളില്‍ നിന്ന് വായുവില്‍ പടരുന്നതും തനിക്കത് അനുഭവിക്കാനാവുന്നതും അവര്‍ അറിഞ്ഞു.

ഓടിച്ചെന്ന് മകളെ വാരിപ്പുണര്‍ന്നു.


“ ഉമ്മാനെ പിരാകരുത്...മോളേ....., ഉമ്മാടെ പൊന്നുമോള്‍ ഉമ്മാട് പൊറുക്കണം....”


കരച്ചിലിനിടയില്‍ അവ്യക്തമായി കേള്‍ക്കുന്ന വാക്കുകളുടെ പൊരുള്‍ ഖയ്യാബിക്ക് പൂര്‍ണ്ണമായി മനസ്സിലായീല്ല.

മെല്ലെ നടന്നു നീങ്ങുന്ന ഉമ്മയേയും ഉപ്പയേയും പടിപ്പുര കടന്ന് മറയുന്നത് വരെ അവള്‍ നോക്കി നിന്നു.


‘ ബീവീ...ങ്ങള്.....ഇബടെ....നിക്കാണൊ.....”


ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ പിന്നില്‍ കുഞ്ഞോന്‍ക്ക.


“ഉമ്മാബിത്ത ചോയ്ക്കണ്..ണ്ട്.....പോയി അറയില്‍ ഇരുന്നോളീ.....”


“ നീക്ക് വയ്യാ...കുഞ്ഞോന്‍ ക്കാ..... അവ്ടെ....മുയ്ക്കനൂം പൊകയാ....”


ഖയ്യാബിയുടെ അതേ പ്രായമുള്ള തന്‍റെ മകളെ കുറിച്ചാണ് കുഞ്ഞോന്‍ ക്ക അപ്പോള്‍ ഓര്‍ത്തത്.

പാവം ...!! ഈ കുട്ടിയുടെ ഒരു വിധി..!


“ അതല്ലാ..ബീവി. ഓല് കണ്ടാല്...ബയക്ക് പറേം....., ഇദ്ദയിരിക്കണ...ബീവിമാര്.... പൊറത്തെറങ്ങിക്കൂടാ.....അതാണ് വിധി...“


“ നിക്ക് .....ഇദ്ദ വേണ്ട....കുഞ്ഞോന്‍ ക്കാ.....”


നിസ്സഹായനായി കുഞ്ഞോന്‍ ക്ക ഖയ്യാബിയുടെ മുഖത്തേക്ക് വേദനയോടെ നോക്കി നിന്നു. ഈ കുട്ടിയെ എന്ത് പറഞ്ഞാണ് മനസ്സിലാക്കേണ്ടത് എന്നറിയാതെ അയാള്‍ വ്യസനിച്ചു. പിന്നെ ശബ്ദമടക്കി പറഞ്ഞു.


“ മോളെ... മാപ്ലാര് മരിച്ചാല്...ബീടര്...അന്യ ആണുങ്ങളെ കാണാതെം പറയാതേം...നാപ്പത് ദെവസം അകത്തിരിക്കണം..... അതാണ് ഇദ്ദ. മോള് ബേണ്ടാന്ന് പറഞ്ഞാലും സമുദായം മോള്ക്ക് തന്ന മുസീബത്താണിത്...!! “


നിര്‍ന്നിമേഷയായ് കുഞ്ഞോന്‍ ക്കയെ കേള്‍ക്കുന്ന ഖയ്യാബി പെട്ടെന്നാണ് പറഞ്ഞത്... “ അയിന്.....ഞാന്‍ ...ബീടരല്ലാലൊ.....?? ചന്ദരത്തി നേര്‍ച്ച കഴിഞ്ഞാല്.....നിക്ക് ...ന്റ്റെ ...കുടീ....പോവാലോ.....?? “‘


പിണ്ണാക്കും പഴത്തൊലിയുമിട്ട് കലക്കുന്ന കാടിവെള്ളത്തിലേക്ക് കുഞ്ഞോന്‍ ക്കയുടെ കണ്ണ്നീരിറ്റി.


മാളികയുടെ വരാന്തയില്‍ നിന്ന് പരുപരുത്ത ശബ്ദം.


“ഖയാബീവി...., അറയില്‍ ചെന്നിരിക്ക്.......!!! “


ആ ശബദത്തിന്‍റെ പ്രതിദ്ധ്വനിയ്ക്കൊപ്പം വെള്ളയുടുത്ത തലപ്പാവും അകത്തേക്ക് മറഞ്ഞു.

സങ്കോചത്തൊടെ അറയിലേക്ക് നടക്കുമ്പോള്‍ ഖയ്യാബി കുഞ്ഞോന്‍ ക്കയെ ദയനീയമായി നോക്കിക്കൊണ്ട് പറയുന്നുണ്ടായിരുന്നു...

“ കുഞ്ഞോന്‍ ക്കാ....നിക്ക് ഇദ്ദ വേണ്ടാ..... , നിക്ക് പള്ളിക്കൂടത്തീ...പോണം....!!!

Friday, March 12, 2010

ഞാനും സത്യവും...( കവിത )

ലോകം
വളരെ ചെറുതാണ്.
ഞാനാണ് വലുത്.
വലുതുകള്‍ ചേര്‍ന്ന് ചേര്‍ന്ന്
ഭൂമി, എന്തിന്
പ്രപഞ്ചം തന്നെ
കവിഞ്ഞു പോയി.

ഏദനില്‍
ബലാത്സംഗം ചെയ്യപ്പെട്ട പുരുഷന്‍
അവസ്ഥാന്തരങ്ങളോട്
സന്ധി ചെയ്ത് മരിയ്ക്കുന്നു.
സാത്താനോട്
സന്ധി ചെയ്ത് സ്ത്രീ
കൈകള്‍ കഴുകി
വിശുദ്ധയാകുന്നു.


രാജ്യങ്ങള്‍ കണ്ടെത്തിയ
യാത്രകള്‍ക്കൊടുവില്‍
സഞ്ചാരികള്‍ കാണാതെ പോയത്
അവനിലേക്ക് ചുരുങ്ങിയ
ആറടി മണ്ണ്!!!

ഞാനവസാനിക്കുന്നിടത്ത്
ലോകമവസാനിക്കുന്നു.
ബാക്കിയായവരുടെ ലോകത്ത്
ദുര്‍ഗന്ധജന്യമാം വെറും
ശവമവശേഷിയ്ക്കുന്നു...!!!

നിരപരാധികളുടെ
നിവേദനങ്ങളില്‍
നിയമം പടച്ചവനെ
പാടച്ചവന്‍ കഴുവേറ്റി!
സൃഷ്ടിയില്ലാത്തവന്റെ
സംഹാരനിയമങ്ങള്‍
സ്രഷ്ടാവിനേയും
തുറുങ്കിലടച്ചു..!!

അന്വേഷണം വഴിമുട്ടുന്നിടത്ത്
സത്യത്തിന്റെ ഹത്യ..!!!
ഞാനെന്നെങ്കിലും
സത്യമന്വേഷിച്ചാല്‍
വലുതാകുമീ ഭൂമിയും
പ്രപഞ്ചം തന്നെയും....!!!!

Thursday, March 4, 2010

ഭീകരതയുടെ ബലിയാടുകള്‍. ( കഥ )

അകലെ നിന്ന് കേട്ടു തുടങ്ങിയ പോലിസ് ജീപ്പിന്റെ അപായനിലവിളി തന്റെ വീടിന്റെ ഗേറ്റ് കടന്നു പോയിട്ടും രവിയെ ബാധിച്ചിരുന്ന ഉത്കണ്‍ഠയും ആധിയും വിട്ടു മാറിയില്ല.

പുറകില്‍ അപ്പോഴും അവളുടെ കരച്ചിലും പറച്ചിലും കേള്‍ക്കാമായിരുന്നു.

ഇന്നിന്റെ കാഴ്ച്ചകള്‍ എത്ര വിചിത്രമായാണ് കണ്ണുകളെ അധീനപ്പെടുത്തുന്നത്! കണ്ടതിനപ്പുറത്തേക്ക് ചിന്തിയ്ക്കുകയും കാഴ്ച്ചകള്‍ക്ക് പുതിയ രൂപവും തലവും ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അത് മനസ്സിന്റെ വ്യഭിചാരമായി പരിണമിക്കുന്നില്ലെ..? യാഥാര്‍ത്ഥ്യങ്ങളുടെ വര്‍ണ്ണങ്ങള്‍ കണ്ണുകള്‍ ധിഷണയിലേക്ക് എത്തിച്ചിട്ടും അതിനെ സങ്കല്‍പ്പങ്ങളാല്‍ മറികടക്കുന്ന മനസ്സ്.

പുറത്ത് ഇപ്പോഴും മഴ ചാറുന്നുണ്ട്. രാത്രിയില്‍ തുടങ്ങിയ മഴ കൂടിയും കുറഞ്ഞും പെയ്തു കൊണ്ടേയിരിക്കുന്നു.

ഭൂമിക്ക് കുളിരേകി, ഭൂമിയെ നനച്ച് പെയ്യുന്ന മഴ!

ചുട്ടുപൊള്ളുന്ന മണ്ണിന്റെ തേട്ടം കേട്ട് ആകാശത്ത് നിന്ന് ആരൊ ശിരസ്സില്‍ കൈ വെച്ച്

അനുഗ്രഹിക്കുന്നത് പോലെ...മഴ! കാരുണ്യത്തിന്റെ തലോടല്‍ പോലെ.

ചിലപ്പോള്‍ രൗദ്രതയാര്‍ജ്ജിക്കുന്ന മഴയ്ക്ക് ഒരു പകപോക്കലിന്റെ ഭാവവുമാണ്.


തലയണയില്‍ മുഖമമര്‍ത്തി കരയുന്ന ശാലിനിയുടെ ശബ്ദം പിന്നില്‍, പുറത്തെ മഴ പോലെ ഉയര്‍ന്നും താഴ്ന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

എന്ത് പറഞ്ഞാണ് അവളെ സമാധാനിപ്പിക്കേണ്ടത്? തന്റെ ഉള്ളിലെ വിങ്ങലൊതുക്കി, ഒന്നു കരയാന്‍ പോലുമാകാതെ എത്ര നാള്‍ തനിക്ക് പിടിച്ച് നില്‍ക്കാനാവും.?

ജന്നലഴികളില്‍ മുഖം അമര്‍ത്തി അറിയാതെ നിറയുന്ന കണ്ണുനീര്‍ അവള്‍ കാണാതെ രവി തുടച്ചു.


ബാംഗ്ലൂരില്‍ നിന്ന് ഹസ്സന്‍ റാവുത്തര്‍ ഫോണ്‍ ചെയ്ത് പറഞ്ഞപ്പോള്‍ ഇത്രയും സീരിയസായ വിഷയമാണെന്ന് നിനച്ചിരുന്നില്ല.

തന്റെ കോളേജ് വിദ്യാഭ്യാസ കാലം മുഴുവന്‍ കൂടെയുണ്ടായിരുന്ന ഏറ്റവും നല്ല സഹയാത്രികനായ റാവുത്തരുടെ സംരക്ഷണയില്‍ ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ ഒരു എഞ്ചിനീറിംഗ് കോളേജില്‍ തന്റെ ഒരേയൊരു മകന്‍ എലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിന് പഠിയ്ക്കുന്നു എന്നത് ജീവിതത്തിലെ അമൂല്യമായ നേട്ടങ്ങളില്‍ ഒന്നായി തോന്നിയിരുന്നു.


അവനെ പിരിഞ്ഞ് നില്‍ക്കാന്‍ ഏറെ വിഷമം ശാലിനിയ്ക്കായിരുന്നു. അന്നും അവള്‍ തടഞ്ഞിരുന്നു. കാണാമറയത്തുള്ള പഠനമൊന്നും വേണ്ടെന്ന് വിലക്കിയിരുന്നു. അന്ന് കാര്യകാരണസഹിതം അവളെ പറഞ്ഞ് മനസ്സിലാക്കി ധൈര്യം നല്‍കിയത് താന്‍ തന്നെ. മകന്റെ താത്പര്യവും ബാംഗ്ലൂരില്‍ പോയി പഠിയ്ക്കാനായിരുന്നു. പോരാത്തതിന് റാവുത്തരുടെ പിന്‍ബലവും കൂടിയായപ്പോള്‍ അധികമൊന്നും ചിന്തിച്ചില്ല.

റാവുത്തരുടെ കാര്യക്ഷമമായ ഇടപെടല്‍ മൂലമാണ് കോളേജില്‍ അഡ്മിഷ്യന്‍ കിട്ടിയത്. ഉന്നതരുടെ മക്കളും വിദേശികളും പഠിയ്ക്കുന്ന കോളേജ്. ബാംഗ്ലൂരിലെ കെങ്കേരിയില്‍ വശ്യസുന്ദരമായ നഗരഭംഗിയില്‍ നിന്ന് തെല്ല് മാറി തലയുയര്‍ത്തി നില്‍ക്കുന്ന കലാക്ഷേത്രം.


ആദ്യകാലങ്ങളില്‍ റാവുത്തരുടെ ഫ്ളാറ്റിലയിരുന്നു മകന്റെ താമസം. പിന്നെപ്പിന്നെ, പഠന സൗകര്യം കൂടുതല്‍ ലഭ്യം കോളെജ് ഹോസ്റ്റല്‍ ആണെന്ന അവന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹോസ്റ്റലിലേക്ക് മാറാന്‍ സമ്മതിക്കുകയായിരുന്നു. അപ്പോഴും ശാലിനിക്ക് താത്പര്യമില്ലയിരുന്നു. റാവുത്തരുടെ ഭാര്യ സഫിയാബിയും ഒട്ടു വിഷമിച്ചു. സ്വന്തം മകനെ പോലെ അവര്‍ അവനെ സ്നേഹിച്ചിരുന്നു.


റാവുത്തരുടെ ഫൊണ്‍ വിളിക്ക് ശേഷം ധൃതിപ്പെട്ട് ബംഗ്ലൂരിലേക്ക് യാത്ര തിരിക്കാന്‍ തുടങ്ങിയ തന്റെ കൂടെ ശാലിനിയും വരണമെന്ന് ശഠിച്ചതാണ്. താന്‍ സമ്മതിച്ചില്ല.

"പ്രിന്‍സിപ്പാളിന് എന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു.... അതിന് താനെന്തിനാ...? പഠനസം ബന്ധമായി എന്തെങ്കിലും സംസാരിക്കാനാവും. അതിനപ്പുറം മറ്റൊന്നും ചിന്തിയ്ക്കണ്ട...എന്തെങ്കിലും ഉണ്ടെങ്കില്‍ റാവുത്തരും സഫിയാബിയുമൊക്കെ പറയാതിരിക്കുമോ...? "

വിതുമ്പി നില്‍ക്കുന്ന ശാലിനിയുടെ കവിളില്‍ തട്ടി പറഞ്ഞു.

"പേടിയ്ക്കണ്ടാ...സമാധാനമായിരിക്ക്...എന്തെങ്കിലും വയ്യായ്ക ഉണ്ടെങ്കില്‍ അവനെ ഞാനിങ്ങ് കൊണ്ടു വരാം ...പോരെ..? "

വളരെ ബുദ്ധിമ്മുട്ടിയാണ് ശാലിനിയെ സമ്മതിപ്പിച്ച് യാത്ര തിരിച്ചത്.


എയര്‍പോര്‍ട്ടില്‍ റാവുത്തര്‍ ഉണ്ടായിരുന്നു.

പല പ്രാവശ്യം ചോദിച്ചിട്ടും ഫ്ളാറ്റില്‍ എത്തുന്നത് വരെ റാവുത്തര്‍ ഒന്നും പറഞ്ഞില്ല. തന്റെ സംശയങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി തരാതെ തെന്നി മാറുന്ന റാവുത്തരോട് തോന്നിയ ദേഷ്യം ഉള്ളിലൊതുക്കി ഫ്ളാറ്റിനകത്തേക്ക് കയറി.


സഫിയാബി കൊണ്ടുവന്ന ചൂട് ചായ കുടിച്ചിറക്കി സോഫയില്‍ ഇരുന്നു.

"പറയൂ..റാവുത്തര്‍...എന്തു പറ്റി എന്റെ മകന്..? ഗൗരവമായതൊന്നും ഇല്ല എന്ന് വിശ്വസിക്കാനാവുന്നില്ല. ഒന്നുമില്ലാതെ നീ എന്നെ ഇങ്ങോട്ട് വരുത്തുകയുമില്ല..."


റാവുത്തരും സഫിയാബിയും മുഖത്തോട് മുഖം നോക്കി.

"യെസ്..രവി...ഇറ്റ്സ് ഏന്‍ ആക്സിഡെന്റ്..ഓര്‍ ..ഏ.. ട്രാപ്.."

"എന്റെ മോന്....? "


ഇരുന്നിടത്ത് നിന്ന് അറിയാതെ എഴുന്നേറ്റ്പോയ രവിയെ റാവുത്തര്‍ സമാധാനിപ്പിച്ച് ഇരുത്തി.

"രവി ...സംശയത്തിന്റെ ചെറിയൊരു നിഴല്‍ മാത്രം...അത്രേയുള്ളൂ..സോളിഡ് പ്രൂഫുകള്‍ ഒന്നുമില്ല. അതു കൊണ്ടു തന്നെ ഭയപ്പെടാനില്ല. "


ദുരൂഹത വര്‍ദ്ധിച്ചു വരുന്ന റാവുത്തരുടെ സംസാരം രവിയെ എല്ലാ നിയന്ത്രണങ്ങള്‍ക്കും വിരാമമിടാന്‍ നിര്‍ബന്ധിതനാക്കി.

"തുറന്ന് പറയു...റാവുത്തര്‍...ഒന്നും മനസ്സിലാവുന്നില്ല."


"രണ്ടാഴ്ച്ചകള്‍ മുന്‍പ് ഫൈസലാബാദിലുണ്ടായ സ്ഫോടനത്തോട് ബന്ധപ്പെട്ട് പിടിക്കപ്പെട്ട മൂന്ന് പേരില്‍ രണ്ട് നൈജീരിയന്‍ സ്റ്റൂഡന്റ്സും ഒരു ഡല്‍ഹിക്കാരനുമായിരുന്നു. ആ നൈജീരിയന്‍ സ്റ്റുഡന്റ്സ് രാഹുലിന്റെ കോളേജിലെ കുട്ടികളാണ്. അതിലൊരാള്‍ രാഹുലിന്റെ റൂം മാറ്റ് ആയിരുന്നു...."

റാവുത്തര്‍ പറയുന്നത് ഉള്‍ക്കൊള്ളാനാവാതെ രവി വിയര്‍ത്തു.

"പ്രാഥമികാന്വേഷണത്തില്‍ ആ നൈജീരിയന്‍ സ്റ്റുഡന്റ് മൊഴി നല്‍കിയത് ബോംബ് നിര്‍മ്മിക്കാനുള്ള സാങ്കേതികോപദേശവും സഹായവും നല്‍കിയത് നമ്മുടെ രാഹുല്‍ ആണെന്നാണ്. "


"നോ.....! ഇല്ല; ഒരിക്കലുമില്ല. എന്റെ മോനതിന് കഴിയില്ല. "

"അറിയാം.......! അറിയാം...രവി. നമ്മുടെ മോന് അതിന് കഴിയില്ല. കൂള്‍ ഡൗണ്‍..രവി...റിലാക്സ്..."


"എന്റെ മോന്‍ എവിടുണ്ട്..? എനിക്കവനെ കാണണം...നമുക്കങ്ങോട്ട് പോകാം ....പ്ലീസ്..എഴുന്നേല്‍ക്ക്.."

"സമാധാനമായിരിക്ക്...രവി. അവന്‍ ഞങ്ങള്‍ക്കും മകനാണ്. "

"വിശദമായ അന്വേഷണത്തിന്റെ ഭാഗമായി രാഹുലിനെയും റൂമിലുണ്ടായിരുന്ന മറ്റൊരു കുട്ടിയേയും അറസ്റ്റു ചെയ്തു. ഇത്തരം കേസുകളില്‍ പോലിസ് സ്വീകരിയ്ക്കുന്ന രഹസ്യ സ്വഭാവം നമ്മളെ സഹായിച്ചു എന്നു വേണം കരുതാന്‍. ന്യൂസ് ഫ്ളാഷാവുന്നതിന് മുന്‍പേ പോലിസ് അവരെ വിട്ടയച്ചു. വിശദമായ അന്വേഷണത്തില്‍ ഒരു ഹിന്ദുവിന്റെ പേര് മനഃപ്പൂര്‍വ്വം പറഞ്ഞതാണെന്ന് അവന്‍ തന്നെ പിന്നീട് സമ്മതിച്ചു. മാത്രവുമല്ല; ഇത്രയും റെപ്പ്യൂട്ടഡ് ആയ ഒരു സ്ഥാപനത്തിലെ ഏറ്റവും നല്ല സ്റ്റുഡന്റ്സുകളില്‍ ഒരാളായ രാഹുലിനെ രക്ഷിയ്ക്കാന്‍ കോളേജ് അധികൃതരും നല്ല സ്വാധീനം ചെലുത്തി."

രവിയുടെ മുഖത്തെ അവിശ്വസനീതയും ആശ്വാസവും റാവുത്തര്‍ക്ക് വായിച്ചെടുക്കാമായിരുന്നു.


"അവരിപ്പോഴെത്തും. സ്റ്റേഷനില്‍ സൈന്‍ ചെയ്യാന്‍ പോയതാണ്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടം വിട്ടു പോകാന്‍ പാടില്ലെന്നാണ് ഓര്‍ഡര്‍. "


വരും വരായ്കകള്‍ ഓര്‍ത്ത്, തന്റെ മകന്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴം ഓര്‍ത്ത് അസ്വസ്ഥനായി രവി. ശാലിനിയോട് എന്തു പറയും എന്ന ചിന്തയും രവിയെ വല്ലാതെ അലട്ടി.

തുടര്‍നടപടികളെ പറ്റി ആലോചിച്ചും റാവുത്തരുമായി സംസാരിച്ചും സമയം നീങ്ങവേ...കാളിങ്ങ് ബെല്‍ ശബ്ദിച്ചു. സഫിയാബി വാതില്‍ തുറന്ന് കൊടുത്തു.

സഫിയാബിയുടെ സഹോദരന്റെ കൂടെ തളര്‍ന്നവശനായി തന്റെ പൊന്നുമോന്‍. അവന്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. മുഖത്തെ പ്രസരിപ്പെല്ലാം മാഞ്ഞിരിക്കുന്നു.

രവിയെ കെട്ടിപ്പിടിച്ച് കൊച്ചു കുട്ടിയെ പോലെ അവന്‍ കരഞ്ഞു. രവിക്കും കരച്ചിലടക്കാനായില്ല.

ഏതൊ അനിഷ്ടസംഭവങ്ങളുടെ കെടുതികള്‍ തന്റെ സന്തുഷ്ടകരമായ കുടുമ്പജീവിതത്തിലേക്ക് കരിനിഴല്‍ വിരിക്കുന്നതായി കണ്ട് രവിയുടെ ഹൃദയം കൂടുതല്‍ മിടിച്ചു. എങ്കിലും സധൈര്യം മകനെ ആശ്വസിപ്പിച്ചു. ധൈര്യം നല്‍കി.


മകനോടൊത്ത് ഭക്ഷണം കഴിക്കുന്നതിന്റെയും ഒരുമിച്ചിരിക്കുന്നതിന്റെയും ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ശാലിനിയെ തൃപ്തിപ്പെടുത്താന്‍ തത്കാലം ഇത് മതിയാവും. അമ്മയുമായി ഫോണില്‍ സംസാരിപ്പിക്കുകയും ചെയ്തു.


തിരിച്ചു പോരുന്നതിന് മുന്‍പ് വക്കീലിനെ കണ്ടു. കോളേജ് അധികൃതരെ കണ്ടു. ഉന്നത പോലിസ് ഓഫീസര്‍മാരെ കണ്ടു. എല്ലാവരില്‍ നിന്നും ഒരു പോലെ ഉറപ്പ് കിട്ടി.

" നത്തിങ്ങ് ടു വറീ...ഹി വില്‍ ബി ഫ്രീ..."

അയയാനും മുറുകാനും ഇടയുള്ള ഒരു കുരുക്കിലാണ് തന്റെ മകന്‍ അകപ്പെട്ടിരിക്കുന്നത് എന്ന് അറിയാമെങ്കിലും എല്ലാം ദൈവത്തിലര്‍പ്പിച്ച് മകനെ റാവുത്തരെ ഏല്‍പിച്ച് തത്കാലം മടങ്ങി.


സത്യമറിയാത്ത ശാലിനിയുടെ മുന്നില്‍ ഒരു അപരാധിയെ പോലെ നില്‍ക്കേണ്ട ഒരു നാള്‍ വരല്ലേ..എന്നും അതിന് മുമ്പ് എല്ലാ കെട്ടുകളും പൊട്ടിച്ച് സംശയത്തിന്റെ നേരിയ നിഴല്‍ പോലുമില്ലാതെ തന്റെ പൊന്നുമോന്‍ പടി കടന്ന് വരാനും രവി നെഞ്ചില്‍ കൈ വെച്ച് പ്രാര്‍ത്ഥിച്ചു.

ആക്സിഡന്റ് നിസ്സാരമായിരുന്നെങ്കിലും അവനെയിങ്ങ് കൊണ്ടു പോരാമായിരുന്നില്ലെ എന്ന ശാലിനിയുടെ കണ്ണീരിന്റെ നനവുള്ള കുറ്റപ്പെടുത്തല്‍ താനനുഭവിയ്ക്കുന്ന മാനസിക സമ്മര്‍ദ്ധങ്ങള്‍ക്ക് മേല്‍ എത്രയൊ നിസ്സാരമാണെന്ന് രവി തിരിച്ചറിയുന്നു. എങ്കിലും....

പുറത്തെ നിരത്തില്‍ നിന്നുയരുന്ന പോലിസ് വാഹനത്തിന്റെ സൈറണും അകത്ത് നിന്ന് ഉയരുന്ന ടെലിഫോണ്‍ ബെല്ലും രവിയുടെ നെഞ്ചിടിപ്പ് ഒരു മാത്രയെങ്കിലും നിശ്ചലമാക്കുന്നു