Friday, February 25, 2011

പ്രവാസിയുടെ കത്ത്

പ്രിയപ്പെട്ട ജാനൂം മക്കളും അറിയുവാന്‍,

നെനക്ക് അതിശയം തോന്നണ്ടാവും പ്രിയപ്പെട്ട ജാനൂ എന്ന വിളി വായിച്ചിട്ട്. മനസ്സീ തട്ടി തന്നെ എഴുതിയതാടീ… ന്റ്റെ ..നായിന്റെ മോളേ…..!
ഇപ്പൊ നെനക്ക് ഒരു മാതിരി സമാധാനം ആയിട്ടുണ്ടാവും. നെന്‍റെ ചേട്ടന്‍ മാറീട്ടില്ലാന്ന്.
സത്യം പറയാലൊ…? ഞാന്‍ ഇച്ചിരി മാറാന്‍ തന്നെ തീരുമാനിച്ചെടീ…

ഏയ്….നുമ്മക്കെന്തിലാടീ…കൊറവ്….?

അത്യാവശ്യം നല്ല ജോലീണ്ട്. നല്ല വരുമാനണ്ട്…, താമസാണെങ്കീ അടിപൊളി. ഇപ്പൊ പണ്ടത്തെ പോലെ തറയിലൊന്ന്വല്ല കെടപ്പ്. നല്ല ഉഗ്രന് കട്ടിലുണ്ട്. കെടക്കേണ്ട്. സൌദ്യേല് ഇണ്ടാര്ന്നേനേക്കാളും നല്ല താമസം. ഭക്ഷണാണെങ്കീ…ഓരോ ദെവസോം വ്യത്യാസപ്പെട്ടാ…നീ കലക്കിക്കൂട്ടി തന്നിരുന്ന ചാളക്കറിയൊന്ന്വല്ല. ഒരു ചൈനീസ് കൂക്കിനെ കൂടി ഉടന്‍ ഏര്‍പ്പാടാക്കൂന്ന് പറേണെ കേട്ടു.

ഇതൊക്കേണെങ്കിലും രണ്ടെണ്ണം പൂശാന് പറ്റണില്ലാട്ടാ. പക്ഷെ നിലവാരമനുസരിച്ച് തരം തിരിച്ച് ഒരു ബാറും ഒരു ചാരായഷാപ്പും അടുത്ത ബജറ്റിലുണ്ടത്രെ.

നമ്മുടെ നാട് നന്നാവും ട്ടാ… നിക്ക് പ്രതീക്ഷണ്ടെടീ….!!

ഇന്നലെ പാകിസ്താന്‍റെ കളി കാണാന്‍ പറ്റീല. ചാനലിന് എന്തൊ പ്രശ്നം.

ആ പിന്നേയ്… അടുത്ത മാസം പണമയക്കുമ്പോ… നീ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോണം ട്ടാ.. , വല്ല്യ പഠിപ്പൊന്നും വേണ്ടന്നേയ്.. ഇന്‍റര്‍നെറ്റ് ഉപയോഗിക്കേണ്ട സൂത്രം പഠിച്ചാല്‍ മതി. ഇവിടെ ഓരോരുത്തര്‍ക്കും ഓരൊ ലാപ്ടോപ് കൊടുക്കാന്‍ പരിപാടിയുണ്ട്. അത് കിട്ടിയാ പിന്നെ ചാറ്റിംഗ് തുടങ്ങാമെന്നേയ്..

നമ്മുടെ രാഷ്ട്രീയഭഗവാന്മാര്‍ക്ക് എന്നും പൂജ ചെയ്യണം. ദീര്‍ഘായുസ്സിന് പ്രാര്‍ത്ഥിക്കണം. മക്കളോടും പറയണം.

ദിനേശനോട് സവാരിഗിരിഗിരിക്ക് ചേര്‍ന്ന് പഠിക്കാന്‍ പറയണം. അത്യാവശ്യം കളരിയും കരാട്ടെയും പൃഥിരാജും ആവാം. കൊട്ടേഷന്‍ മെയിന്‍ ആയി എടുക്കാന്‍ പറയണം.

എടീ…. ഞാന്‍ സൌദ്യയില് വെറുതെ അഞ്ചെട്ട് കൊല്ലം കളഞ്ഞു അല്ലെ..?
ആ.. പോട്ടെ. അറബികളെയോക്കെ ഇവിടെ കൊണ്ട് വന്ന് കാണിക്കണം. കാണട്ടെ അവര്. കണ്ട് പഠിക്കട്ടെ.

നമ്മുടെ കുഞ്ഞാമു ഹാജിയുടെ സ്ഥലം വിറ്റോ..? ഇല്ലെങ്കില് ഞാന്‍ പോരുമ്പൊ ഏല്പ്പിച്ചിരുന്ന രണ്ട് ലക്ഷം കൊടുത്ത് കരാര്‍ എഴുതിക്കണം. ആറുമാസം കഴിഞ്ഞ് ഞാന്‍ വരുമ്പോള്‍ ബാക്കിയുള്ള അഞ്ച് ലക്ഷം കൂടി കൊടുത്ത് ആധാരമാക്കാം.
അടുത്ത പ്രൊജെക്റ്റിനുള്ള കൊട്ടേഷന്‍ ഞാന്‍ ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. പത്താണ് പറഞ്ഞിട്ടുള്ളത്, ചെലപ്പോ കൂടാനും മതി.

അല്ലെടീ…ജാനു.., ഞാനന്ന്‌ കൈ വെട്ടിയ ഭാസ്കരന്‍റെ അവസ്ഥ എന്താടീ…? എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചൂന്ന് കരുതി സന്തോഷിക്കണ്ടാവും നാറികള്‍!
മജീദ് എന്നെ കാണാന്‍ വന്നപ്പൊ പറഞ്ഞിരുന്നു അവര്‍ക്ക് കഷ്ടപ്പാടാണെന്ന്. ഭാസ്കരന്‍റെ പെണ്ണിനെ കാണുകാണെങ്കില് നീ കുറച്ച് കാശ് കൊടുക്കണം. എന്തായാലും നമുക്കീ നല്ല സ്ഥിതി വന്നത് അവര് വഴിയല്ലെ.. ? അത് മറക്കാമോടീ…?

പറ്റുമെങ്കീ.. ആരുടെയെങ്കിലും കയ്യോ കാലോ വെട്ടി ഭാസ്കരനോട് ഇങ്ങോട്ട് വരാന്‍ പറ. മോശമില്ലാത്ത വരുമാനം ഇവിടെം കിട്ടും, പോരാത്തതിന് ഇപ്പൊ വികലാംഗനും അല്ലെ.. ? പാവം!

എന്‍റെ തടിയൊക്കെ നന്നായി. അല്പം കളറും വെച്ചിട്ടുണ്ട്.
ഇപ്പൊ വല്ല്യ ആളുകളുമായും ബന്ധമുണ്ടെടീ…!! മന്ത്രിമാരും വമ്പന്മാരുമൊക്കെ ഉണ്ട്. അവര്‍ക്കൊക്കെ നല്ല സൌകര്യാ..ട്ടോ… നുമ്മക്ക് മോശായിട്ടല്ല.

നെന്‍റെ ഒരു കൊറവ് എടക്ക് തോന്നാറുണ്ട്. പ്രത്യേകിച്ച് ചിക്കന്‍ കഴിച്ച ദിവസങ്ങളില്‍. ഊം…. മെല്ലെ മെല്ലെ അതിനുള്ള ഏര്‍പ്പാടും ഉണ്ടാവും.
അയ്യേ… നീ തെറ്റിദ്ധരിക്കണ്ടാ. മാസത്തിലൊരിക്കല്‍ ഒന്ന് വന്ന് പോരാനുള്ള സൌകര്യം. അതാ ഉദ്ദേശിച്ചേ….!!

മരുഭൂമീല്… ഒട്ടകത്തിന്റെ ചവിട്ടും അറബിയുടെ തുപ്പും ഏറ്റ് ഇക്കണ്ട കാലം കഴിഞ്ഞിട്ട് എന്ത് കിട്ടി…? നമ്മുടെ നാട് സ്വര്‍ഗ്ഗാടീ....സ്വര്‍ഗ്ഗം!!!

നീ ഇങ്ങട്ട് വരണ്ടാ. ഇവിടുത്തെ പോലീസുകാര്ക്ക് ഞങ്ങളോട് അസൂയയാ. അവരിപ്പോഴും കൊമ്പത്ത് തന്ന്യാ. ഒരു പോലീസുകാരന്‍ എന്‍റടുത്ത് കാശ് കടം ചോദിച്ചിരിക്ക്യാ… മോളെ കല്ല്യാണത്തിനാത്രെ. പാവം.

ആരെങ്കിലും കൊട്ടേഷനു വന്നാല് ബൂക്കിംഗ് എടുക്കണ്ടാട്ടാ. സമയണ്ടാവില്ല.
എന്റെ ചങ്ങായി ബീരാനെ കാണുകാണെങ്കില് അവനോട് പറയണം.. ആരുടേങ്കിലും നെഞ്ചത്ത് കേറി ഇങ്ങോട്ട് പോരാന്‍. വിസയെന്നും പറഞ്ഞ് ഇല്ലാത്ത കാശും ഉണ്ടാക്കി വല്ലോനും കൊടുത്ത് പാപ്പരാവണ്ടാന്ന് പറ.

ഗള്‍ഫീ കിട്ടണേക്കാളും കൂടുതല് ഇവിടെ കിട്ടും. സുഖ താമസോം.

ഇനി അടുത്ത കത്തില്‍.
നെനക്കും കുട്ട്യോള്ക്കും ഒരായിരം മുത്തം.
പണത്തിന് ആവശ്യമുണ്ടെങ്കില് എഴുതണം.

സ്വന്തം

( ഒപ്പ് )

പെരുങ്കീരി ശശി.
ക്രമനമ്പര്‍ : 110 (സി ക്ലാസ്സ് )
സെണ്ട്രല്‍ ജയില്‍
തിരുവനന്തപുരം
കേരളം.

Thursday, February 17, 2011

ഇരകളുടെ വിലാപം..( കവിത )
എന്‍ഡൊസള്‍ഫാന്‍ ജീവിതം നരകമാക്കിയ സാധുക്കള്‍ക്ക് സമര്‍പ്പണം...
ജീവശ്ചവങ്ങള്‍തന്‍ ശവപ്പറമ്പാകുമീ-

കശുമാവിന്‍ തോപ്പിലൊരു മാത്ര നില്‍ക്കാം,

കണ്ണീരിലുയിരിട്ട, കരള്‍ പൊട്ടി ചാലിട്ട-

കളിചിരികള്‍ കുഴിച്ചിട്ട ഖബറുകള്‍ കാണാം.ഒരു മൂട്‌ കപ്പയിലൊരു കപ്പ്‌ ചായയില്‍

ദശാബ്ദങ്ങളായെത്ര സ്വര്‍ഗ്ഗങ്ങള്‍ തീര്‍ത്തവര്‍.!!

ചിരിക്കുവാനരുതാതെ, കരയുവാനാവാതെ

അസ്ഥികള്‍ പൊട്ടുന്ന വേദനകള്‍ താങ്ങാതെ..!!

ഉള്ളില്‍ നെരിപ്പോടിന്‍ തീക്ഷ്ണമാം നീറ്റല്‍

തൊണ്ടയില്‍ പിടയുന്ന വാക്കിന്‍ പെരുപ്പം..

ഓടാന്‍ കൊതിക്കുന്ന കാലിന്‍ കുതിപ്പുകള്‍..,

കാണാന്‍ വിതുമ്പുന്ന കണ്ണിന്‍റെ ദാഹങ്ങള്‍..,

ഒരു ചാണ്‍ വയറിന്‍ വിശപ്പിന്നു പകരമായ്

എന്തിനീ..കൊച്ചു കിനാക്കള്‍ കരിച്ചു നീ…?കുരുക്ഷേത്രമദ്ധ്യെ അപഹരിച്ചനിച്ചത്

കവചകുണ്ഡലമല്ല; മാനവകുലത്തിന്‍

സഹജസ്നേഹ സ്നിഗ്ദ്ധ വൈഡൂര്യം!!

ആണിപ്പഴുതിലംഗുലിയാല്‍ നേടിയത്

ആര്‍ത്തിയിലേക്കുള്ള ദശരഥചക്രങ്ങളും.!!

ചരിത്രമുരുണ്ടതു,മുരുളുന്നതും തഥാ-

ചാരിത്ര്യരഹിതമാം കാലത്തിനിരുട്ടിലേക്ക്!!

ഡോളറുകളിലരിച്ച പുഴുക്കളോടൊപ്പം

കരിച്ചതും കൊന്നതും കൊല്ലാതെ കൊന്നതും

പാതിപ്രാണനായ്, ചത്ത പുഴുക്കള്‍ക്കൊപ്പം

പുഴുവായ് പിന്നെയുമിഴയും മര്‍ത്ത്യജന്മങ്ങള്‍.കോടിയ രൂപങ്ങള്‍തന്‍ ശപ്ത വൈരൂപ്യങ്ങളാല്‍

കോടികള്‍ കൊയ്യുന്നു.. ദൃശ്യസം‌വേദനം..!!

ആഗോളവിപണികളില്‍ ആര്‍ത്തിയുടെ ഗര്‍ജ്ജനം

അഴലിന്‍റെ പുരികളില്‍ ആതുരരോദനം..!!

മലര്‍ക്കെ പറക്കും ലോഹച്ചിറകുള്ള കാക്കകള്‍

മരണം വിതച്ചു, മഹാമാരിയും പെയ്യിച്ചു

മറക്കാവതല്ലിരോഷിമയും നാഗസാക്കിയും

മാറിയിട്ടില്ലിന്നും ഭോപ്പാലിന്‍ തലവരയും.ആര്‍ക്കെതിരെ നിങ്ങളീ സമരമുഖങ്ങളില്‍..???

വാരിക്കുന്തങ്ങള്‍ മുന കൂര്‍പ്പിച്ച് വെയ്ക്കാം

വാത്മീകം പൊളിച്ച് വെളിപാട് നല്‍കാം

പട്ടിണി പൂഴ്ത്തിയ പാവം ജന്മിയുടെ

പത്തായം പൊളിച്ച് കമ്മ്യൂണിസ്റ്റാവാനല്ല;

പണാധിപതികളാം അധിനിവേശകന്‍റെയും

വെള്ളിക്കാശ് കിലുക്കുമൊറ്റുകാരന്‍റേയും

നെഞ്ച് തുരന്ന് പ്രതിക്രിയ ചെയ്യുവാന്‍.

Sunday, February 13, 2011

സഹൃദയ പുരസ്കാരം

ദുബായിൽ കേരള ഭവനിൽ നടന്ന കേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് അസോസ്സിയേഷന്റെ സഹൃദയപുരസ്കാരങ്ങള്‍ വിതരണം ചെയ്തു.


ദുബായ് :കേരളത്തിലെ വികസനപ്രവർത്തനങ്ങളിൽ ഗവണ്മെന്റിനേക്കാൾ താൽപ്പര്യം സാംസ്കാരിക പ്രവർത്തകരും,പൊതുജനങ്ങളും കാണിക്കണമെന്ന് കെ.മുരളീധരൻ ആവശ്യപ്പെട്ടു.
ദുബായിൽ കേരള ഭവനിൽ നടന്ന കേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് അസോസ്സിയേഷന്റെ സഹൃദയ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാതയുടെ വികസനത്തെ കുറിച്ച് വിശദീകരിക്കവെ ഒട്ടേറെ ഉദാഹരണങ്ങളുന്നയിച്ചാണ് പൊതുജനങ്ങളുടെ താൽപ്പര്യം നൂറു ശതമാനവും വികസന പ്രവർത്തനങ്ങളിൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
കേരളത്തിലെ വ്യവസായ വികസനത്തിന് ആദ്യം വേണ്ടത് വൈദ്യുതി ആണ്.പുതിയ വൈദ്യുത പദ്ദതികൾക്ക് തുടക്കമിടുമ്പോൾ പരിസ്ഥിതി വാദം ഉയർത്തി പദ്ദതികൾക്ക് തടസ്സങ്ങളുണ്ടാക്കിയാൽ കേരളത്തിൽ ഒരു വ്യവസായവും വളരില്ലെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.
ഗൾഫിലെ മാധ്യമ,സാമൂഹ്യ,സാംസ്കാരിക പ്രവർത്തകർ ഇത്തരം അവസ്ഥകൾക്ക് മാറ്റമുണ്ടാക്കുവാൻ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചാവക്കാട് സോഷ്യൽ നെറ്റ് വർക്ക് പ്രവർത്തകരായ ഒ.എസ്.എ.റഷീദ് (വ്യക്തിഗത സമഗ്രസംഭാവന), സൈനുദ്ദീൻ ഖുറൈഷി (കലാ സാംസ്കാരികം),എന്നിവർക്ക് പുറമെ എന്‍.വിജയമോഹന്‍ (ചീഫ്;അമൃത ടി.വി),രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ),അനില്‍ വടക്കേകര (അമൃത ടി.വി), സൈനുദ്ദീന്‍ ചേലേരി (പ്രവാസ ചന്ദ്രിക), അസ് ലം പട് ല (ഫാക്സ് ജേണലിസം),ഗൾഫ് റൌണ്ട് അപ്പ്,ഏഷ്യാനെറ്റ്,എല്വീിസ് ചുമ്മാര്‍ ,ജയ്ഹിന്ദ് ടി.വി (അന്വേഷണാത്മക മാധ്യമ പ്രവര്ത്തടനം) ,ഫസലു,ഹിറ്റ് എഫ്.എം (മികച്ച റേഡിയോ അവതാരകൻ ),നിദാഷ്,ഗൾഫ് ഫോക്കസ്, കൈരളി (മികച്ച വീഡിയോ എഡിറ്റർ) എന്നിവർ വ്യക്തിഗത സമഗ്രസംഭാവനകളിലും
ബഷീർപടിയത്ത്,ഡോ.കെ.പി.ഹുസൈൻ,അഡ്വ.ഹാഷിഖ്,പാംപബ്ലിക്കേഷന്സ്്,അബ്ദുറഹമാൻ ഇടക്കുനി,പുറത്തൂര്‍ വി.പി.മമ്മൂട്ടി പ്രഭാകരൻ ഇരിങ്ങാലക്കുട. റീന സലീം, ത്രിനാഥ്,അബ്ദുള്ള ഫാറൂഖി ,ജ്യോതികുമാര്‍ , അബൂബക്കര്‍ സ്വലാഹി ,മൌലവി ഹുസൈന്‍ കക്കാട് എന്നിവർ ഇതര മേഖലകളിലും പുരസ്ക്കാരങ്ങൾ സ്വീകരിച്ചു.
കെ.എ.ജബ്ബാരി അധ്യക്ഷനായ യോഗത്തിൽ ബഷീർ തിക്കോടി അവാറ്ഡ് ജേതാക്കളെ പരിചയപ്പെടുത്തി; ഇ .പി.കമറുദ്ദിൻ,ഇ.എം.അഷറഫ്,സാബാജോസഫ്,ഷീലാപോൾ,നാസർ ബേപ്പൂർ,പുന്നക്കൻ മുഹമ്മദലി, ഉബൈദ് ചേറ്റുവ, എന്നിവർ പ്രസംഗിച്ചു.മുഹമ്മദ് വെട്ടുകാട് സ്വാഗതവും,അബ്ദുള്ള ചേറ്റുവ നന്ദിയും പറഞ്ഞു. ... ....

സഹൃദയ പുരസ്കാരം സ്വീകരിക്കാന്‍ എന്നെ പ്രാപ്തനാക്കിയ എന്‍റെ പ്രിയപ്പെട്ട വായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേകിച്ച് കൂട്ടം സോഷ്യല്‍ നെറ്റ് വര്‍ക്കിനും എന്‍റെ ഹൃദ്യമായ നന്ദി അറിയിക്കുന്നു.