Friday, May 13, 2011

പ്രളയം ( കഥ ) സൈനുദ്ദീന്‍ ഖുറൈഷി

മുകളില്‍ കത്തുന്ന ചൂട്‌.

നാട്ടുകൂട്ടം അക്ഷമരാണ്.

ഇതുവരെയും മൂപ്പനെത്തിയിട്ടില്ല.

അണക്കെട്ടിനിപ്പുറം നദിയുടെ – പക്ഷാഘാതമേറ്റിട്ടെന്ന പോലെ – നിശ്ചലം കിടക്കുന്ന വരണ്ട പ്രതലത്തില്‍ നാട്ട്‌കൂട്ടം കുശുകുശുക്കുന്നു. അവ്യക്തതകളുടെ മേളനത്തിലൂടെ അനാമികയാമൊരു താളത്തിന്‍റെ അവാച്യതയിലേക്ക് അത് രൂപാന്തരപ്പെടുന്നു.

സ്ത്രീകളുടെ ഉണങ്ങിയ ചുണ്ടുകള്‍ കോറാച്ചി പൊട്ടി പഴുത്ത് തുടങ്ങിയിരിക്കുന്നു. മടിയില്‍ ഉറങ്ങുന്ന പിഞ്ചുകിടാങ്ങള്‍ വന്നതും വരാനിരിക്കുന്നതുമായ ദുരന്തങ്ങളുടെ ശ്വാസോഛ്വാസമുള്ള പ്രതീകങ്ങളാകുന്നു. സാന്ത്വനത്തിന്‍റേയൊ ചൂഷണത്തിന്‍റേയൊ അന്യഭാഷാസങ്കേതങ്ങളുമായി ഈച്ചകള്‍ എമ്പാടും ആ ശരീരങ്ങളിലുണ്ട്.“ പാക്കരാ….. മൂപ്പനെ കാണുന്നീലല്ലാ….?? “അവ്യക്തതയില്‍ നിന്ന്‌ വ്യക്തതയിലേക്കുള്ള ഒരു വെളിപാടായിരുന്നു ആ ചോദ്യം. കുറച്ച് കൂടി ഉച്ചത്തില്‍ ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. ഇപ്പോള്‍ അപതാളങ്ങളുടെ സമ്മേളനം ഇല്ല. ഹൃദയാഘാതത്തില്‍ മരിച്ചവന്‍റെ മൌനമാണ് നിലവില്‍.പാക്കരന്‍ എഴുന്നേറ്റ് നിന്നു.“ വരും…. വരാതിരിക്കില്ല. മൂപ്പന്‍ വന്നേനെക്കൊണ്ട് കാര്യല്ലാലൊ…? ഇരുദേശം ഭരിക്കും വാഴുന്നോരെ കണ്ട് ചര്‍ച്ച ചെയ്യണ്ടെ..? എന്നിട്ടല്ലെ വരാനൊക്കൂ…?”“ വേണം…. വേണം…”അതാണ് ….. …..മൂപ്പന്‍ വൈക്കണത്….”വിദൂരതകളില്‍ നിന്ന് മണ്‍കുടങ്ങളില്‍ കൊണ്ടുവന്ന കുടിവെള്ളം വളരെ പിശുക്കിയാണ് ആളുകള്‍ ഉപയോഗിക്കുന്നത്. വേനല്‍കാലവറുതിയില്‍ വറ്റി വരളുന്ന നദിയോടൊപ്പം ശുഷ്കമാകുന്നത് ഒരു സമൂഹത്തിന്‍റെ ആമാശയവും കൂടിയാണ്. കൃഷി ഉണങ്ങുന്നു, നാല്‍ക്കാലികള്‍ ചത്തൊടുങ്ങുന്നു. കുടിവെള്ളം പോലും അന്യദേശങ്ങളില്‍ നിന്ന്‌ സംഭരിക്കേണ്ടി വരുന്നു.അണക്കെട്ടിനപ്പുറം നിറയെ ജലമാണ്. അത്കൊണ്ട് തന്നെ പച്ചപിടിച്ച ഒരു പ്രദേശമാണ് അപ്പുറത്തുള്ളത്. ഇപ്പുറത്തേക്ക് ഒഴുകേണ്ടതും ഇപ്പുറത്തുള്ളവരുടെ അവകാശവുമായ ജലാശയത്തെയാണ് അവര്‍ അന്യായമായി തടഞ്ഞു വെച്ചിരിക്കുന്നത്. ക്രമാനുഗതമായി അണക്കെട്ട് തുറന്ന് വിട്ടാല്‍ ഇരുദേശക്കാര്‍ക്കും വരള്‍ച്ചയില്ലാതെയും അല്ലലില്ലാതെയും കഴിയാം. എന്നാല്‍ അങ്ങനെ വെള്ളം പങ്ക് വെച്ചാല്‍ താമസിയാതെ അവരും വരള്‍ച്ചയെ നേരിടേണ്ടി വരുമത്രെ!!

എന്നാല്‍ വര്‍ഷക്കാലം ഈ ജനതക്ക് നല്കുന്നത് വേനലറുതിയേക്കാള്‍ വലിയ അപകടകരമായ ഭീഷണിയാണ്. ദുര്‍ബ്ബലമായ ഭിത്തിയിലെ വിള്ളലുകള്‍ ഒരു പ്രളയത്തിന്‍റെ സാധ്യത അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. പ്രവാചകനാല്‍ മലമുകളില്‍ പടക്കപ്പെട്ട പെട്ടകത്തിന്‍റെ ഛേദങ്ങള്‍ സ്വരുക്കൂട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!!വിശ്വാസികള്‍ അക്രമാസക്തരായതാവണം പ്രവാചകന്മാര്‍ ഇനിയും പിറക്കാത്തതിന്‍റെ കാരണം. അതല്ലെങ്കില്‍ വിദൂഷകവചനങ്ങള്‍ പ്രവാചകന്മാരെയും വാഗ്ദാനങ്ങളില്‍ തളച്ചിട്ടതാവാം. അതുമല്ലെങ്കില്‍ കുരിശ്‌ നിര്‍മ്മിതിയുടെ നൂതനവിദ്യകള്‍ പ്രവാചകന്മാരുടെ മനഃസ്ഥൈര്യം വേരോടെ പിഴുതെടുത്തതുമാവാം.അണക്കെട്ട്-ഇതുമൊരു കുരിശാണ്. തിരശ്ചീനമായ ഒന്നിന് കുറുകെ കല്ലും മണ്ണും ചുണ്ണാമ്പും ചേര്‍ത്ത് പടച്ചു വെച്ച കുരിശ്‌. ഒരു ജനതയുടെ അനിവാര്യമായ ജീവനവ്യവസ്ഥിതികള്‍ക്ക് കുറുകെ രക്ഷയെന്നോണം വെച്ച കുരിശ്‌. പിന്നെ വിശുദ്ധി അപഹരിക്കപ്പെട്ട് സാത്താന്‍റെ കളിപ്പാട്ടമായ കുരിശ്‌...!അണക്കെട്ടിന്‍റെ വിള്ളലുകളില്‍ നിന്ന് കിനിഞ്ഞൊഴുകുന്ന ജലധാരകള്‍ തിരുമുറിവിലെ രക്തം ഓര്‍മ്മിപ്പിക്കുന്നു. അകാരണമായ- സ്വാര്‍ഥാധിഷ്ടിതമായ ഒരു തടഞ്ഞ് വെക്കലിന് ഉപാധിയാകുന്ന അണക്കെട്ടിന്‍റെ തിരുമുറിവുകള്‍.

കണ്ണീരെന്ന് തോന്നിപ്പിക്കുന്ന ചോര്‍ച്ചകള്‍ സ്വയം തളര്‍ന്ന് ഒരു പൊട്ടിക്കരച്ചിലായി പരിണമിച്ചാല്‍ നിഷ്കളങ്കരായ ഒരു സമൂഹം തന്നെ നാമാവശേഷമാകുമെന്ന അറിവ്‌ ഒരു പക്ഷെ അണ്ക്കെട്ടിനും അന്യമായിരിക്കും.വെയിലിന്‍റെ ചൂട്‌ കൂടിക്കൂടി വരുന്നു.താത്കാലികമായി നിര്‍ത്തി വെച്ചിരുന്ന കൂട്ടവര്‍ത്തമാനത്തിന്‍റെ അപതാളങ്ങള്‍ വീണ്ടും തുടങ്ങുകയും, ഒരു തളര്‍ച്ചയുടെയും അതില്‍ നിന്ന്‌ അസഹിഷ്ണുതയുടെ ഒറ്റപ്പെട്ട ശബ്ദങ്ങളിലേക്കും അത് വ്യാപരിക്കാനാരംഭിച്ചിരുന്നു.പാക്കരന്‍ പിന്നെയും എഴുന്നേറ്റ് നിന്നു.“ മൂപ്പന്‍ ഉടന്‍ വരും. അപ്പുറദേശക്കാരുടെ മൂപ്പനേയും പ്രമാണിമാരെയും ചേര്‍ത്ത് ചര്‍ച്ച ചെയ്തിട്ടേ മൂപ്പന്‍ ഇരുദേശം വാഴുന്നോരെയും കൊണ്ട് നാട്ടുകൂട്ടത്തിലെത്തൂ. “നാട്ടുകൂട്ടത്തിന്‍റെ അക്ഷമയുടെ കലപിലയിലേക്ക് പാക്കരന്‍റെ വാക്കുകള്‍ നിശബ്ദതയുടെ നിഴല്‍ വീഴ്ത്തി.മടിയില്‍ കിടന്നിരുന്ന കുഞ്ഞിനെ മാറ്റിക്കിടത്തി മാറിലെ തുണി നേരെയാക്കി ചീരു എഴുന്നേറ്റ് നിന്നു.“ പാക്കരണ്ണാ….നുമ്മക്ക് നുമ്മടെ മണ്ണ് വിട്ട് പോകണ്ടി വരോ…?”അല്പം മൌനവലംബിച്ച പാക്കരന്‍ കരുത്തോടെ പറഞ്ഞു.“ഇത് നുമ്മടെ മണ്ണാ…. ഇത് വിട്ട് നുമ്മേ… എവിടെം പോകില്ല. “ഇരുട്ടിന്‍റെ കറുപ്പുള്ള, കരിങ്കല്ലിന്‍റെ ഉറപ്പുള്ള ചിരുകണ്ടന്‍റെ ഭാര്യയാണ് ചീരു. കാടിനുള്ളില്‍ കത്തിച്ച് വെച്ച പന്തത്തിന്‍റെ വെളിച്ചത്തില്‍ മാവോയും ചെഗുവേരയും ലെനിനുമൊക്കെ ചുവന്ന നിറമുള്ള നീളന്‍ ജൂബ്ബകളായി മനസ്സ് കീഴടക്കിയപ്പോള്‍ തങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ പര്യാപ്തമായ വാരിക്കുന്തങ്ങള്‍ ഒരു കൈദൂരത്തുണ്ടെന്ന് തിരിച്ചറിഞ്ഞവരില്‍ പ്രഥമഗണനീയനാണ് ചിരുകണ്ടന്‍.സമരമുഖത്ത് കത്തിനിന്ന പന്തം!!മലയിറങ്ങി വന്ന കോടമഞ്ഞ് പുലര്‍ വെയിലില്‍ ഉരുകി മാഞ്ഞപ്പോള്‍ തടാകത്തിലെ തണുപ്പില്‍ മീനുകള്‍ തിന്നതില്‍ ബാക്കിയുമായി ചിരുകണ്ടന്‍ ഒഴുകി നടന്നു.

കാലം ഉണക്കാത്ത മുറിവും അതിന്‍റെ നീറ്റലുമായി ചീരു സമരമുഖത്ത് തന്നെ ശക്തയായി നിലനിന്നു. നഷ്ടങ്ങള്‍ ചിലര്‍ക്ക് നേട്ടത്തിലേക്കുള്ള പ്രചോദനമാവുന്നു. ലക്ഷ്യത്തിലേക്കുള്ള ദൂരം കുറക്കുന്നു.നേരം ഇപ്പോള്‍ ഒത്തിരി വൈകിയിരിക്കുന്നു.മറുദേശം വാഴുന്ന പ്രമാണിമാരും മൂപ്പനും ഇരുദേശം വാഴുന്നോരും ഇത് വരെ വന്നിട്ടില്ല. നാട്ടുകൂട്ടത്തിന്‍റെ അതൃപ്തി അക്ഷമയിലേക്ക് ഗതി മാറിയിരിക്കുന്നു. പാക്കരന്‍ ഉപാധികള്‍ പറഞ്ഞ് മടുത്തിരിക്കുന്നു.ഒഴിഞ്ഞ മദ്യക്കുപ്പികള്‍ക്ക്‌ ചുറ്റും ചുട്ടെടുത്ത മാനിറച്ചി കടിച്ച് വലിച്ച് പ്രമാണിമാരും മൂപ്പനും വാഴുന്നോരുടെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നു.മൂപ്പന് കൂട്ട് വന്നവര്‍ നാവിലൂറിയ വെള്ളം കുടിച്ചിറക്കി മാനിറച്ചിയിലേക്ക് കിനാവുകളെ പറിച്ചു നട്ടു. സിംഹാസനതുല്യമായ ഉയര്‍ന്ന ഇരിപ്പിടത്തില്‍ വാഴുന്നോര്‍ അര്‍ദ്ധപ്രജ്ഞയില്‍ കല്പനകള്‍ വിളംബരം ചെയ്തു.മൂപ്പന് കൂട്ട്‌ വന്നവരുടെ കിനാവുകളെ മാനിറച്ചിയുടെ പ്രായോഗികതയിലേക്ക് അലസമായി ക്ഷണിച്ച് പ്രമാണിമാര്‍ ഉടമ്പടിയിലേക്ക് പാദമൂന്നി.മുന്തിയ മദ്യലഹരിയില്‍ അനീതിയിലേക്ക് കൂട് മാറിയതിന്‍റെ മനഃസാക്ഷിക്കുത്ത് മൂപ്പന്‍റെ സമ്മതമില്ലാതെ കണ്ണുകള്‍ സമ്മതിക്കുന്നുണ്ടായിരുന്നു.പ്രകൃതിഭംഗി ആസ്വദിച്ച്, കോടമഞ്ഞിന്‍റെ തണുപ്പിനെ മദ്യവും മാനിറച്ചിയും മാനിനേക്കാള്‍ ഇളം പ്രായമുള്ള പെണ്‍കിടാങ്ങളുടെ മെയ്യിലെ ചൂട് കൊണ്ടും ശമിപ്പിച്ച് കാതങ്ങള്‍ പിന്നിട്ടാല്‍ അണക്കെട്ടിന്‍റെ ഭീഷണി ഒരു ദുരന്തദൃശ്യത്തിന്‍റെ ഒഴുക്കന്‍ കാഴ്ചയും നൈമിഷികമായ നാട്യത്തില്‍ ഒരു അനുശോചനവും ആയി മാറ്റാവുന്നതേയുള്ളൂ. വാഴുന്നോര്‍പട്ടം നില നിര്‍ത്താന്‍ പ്രമാണിമാരുടെ അഭീഷ്ടത്തിന് കൂട്ട് നിന്നേ മതിയാവൂ.മദ്യലഹരിയുടെ ആലസ്യത്തില്‍ നാവു കുഴഞ്ഞ വാക്കുകള്‍ വാഴുന്നോരുടെ കല്പനകളായി.“മൂപ്പാ…. സമരവും അതിന്‍റെ വീര്യവും അങ്ങനെ തന്നെ തുടരട്ടെ. മലയ്ക്കപ്പുറം പതിച്ച് നല്‍കിയ ഭൂമിയുടെ പ്രമാണം മൂപ്പന്‍ ഭദ്രമായി വെച്ചോളൂ. മാത്രവുമല്ല; ആ ഉയര്‍ച്ചയിലേക്ക് പ്രളയം വരികയുമില്ല.

സമരമുഖങ്ങള്‍ കത്തിയെരിയട്ടെ. സമരവീര്യം കെടാതിരിക്കട്ടെ. ഭരണത്തിന് അലങ്കാരമാണത്. തീരാപ്രശ്നങ്ങളുടെ അകമ്പടി ഭരണമോഹികള്‍ക്ക് നിരുത്സാഹമാവട്ടെ. പ്രളയഭീതിയില്‍ സങ്കടപ്പെടുന്നവര്‍ക്കും വരള്‍ച്ചയില്‍ ഉണങ്ങി കരിയുന്നവര്‍ക്കും വാഴുന്നോരുടെ സമാശ്വാസമെന്നോണം ഒരു പഠനകമ്മീഷനെ നിയമിക്കുന്നു. അവര്‍ പഠിക്കട്ടെ; സമരക്കാരും. ഞങ്ങള്‍ ഭരിക്കട്ടെ. “

പ്രമാണിമാര്‍ വിധേയത്വത്തോടെ നമ്രശിരസ്കരായി. പുതിയ കുപ്പികള്‍ പഴയതിനു പകരം മേശയില്‍ സ്ഥാനം പിടിച്ചു.മൂപ്പനും കൂട്ടാളികളും കുഴയുന്ന കാലുകളോടെ ചുരമിറങ്ങാന്‍ തുടങ്ങി. ജലവിതാനം ഉയര്‍ന്ന് നില്‍ക്കുന്ന ഡാമിന്‍റെ കരയിലൂടെ വേച്ച് വേച്ച് പ്രളയം മറന്ന്, വരള്‍ച്ച മറന്ന് അവര്‍ നടന്നു.“പ്രഭോ….. നന്ദി. ദുര്‍ബ്ബലവും വിള്ളലുകളും ഉള്ള ഈ അണക്കെട്ട് ഭാവിയിലേക്ക് കരുതി വെച്ച ഒരു അണുബോംബാണ്. ഇന്നല്ലെങ്കില്‍ നാളെ അനിവാര്യമായ ഒരു കലാപത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍ മറുദേശക്കാരെ നാമാവശേഷമാക്കാന്‍ കെല്‍പ്പുള്ള ഒരു പടക്കോപ്പാണ് പ്രഭോ…ഞങ്ങള്‍ക്കീ അണക്കെട്ട്. വാഴുന്നോര്‍ നീണാള്‍ വാഴട്ടെ.”അണക്കെട്ടിനപ്പുറം ചുട്ടു പഴുത്ത മണലില്‍ കാത്തിരുന്ന് തളര്‍ന്ന നാട്ടുകൂട്ടത്തിനിടയിലേക്ക് മുദ്രാവാക്യം മുഴക്കി മൂപ്പനും കൂട്ടാളികളും നടന്നടുത്തു. ദേശവാസികളുടെ കണ്ണീരിനൊപ്പം അണക്കെട്ടും സമീപകാലദുരന്തമോര്‍ത്ത് കരഞ്ഞ് കൊണ്ടേയിരുന്നു.