Thursday, September 23, 2010

പിരമിഡുകള്‍ ഉണ്ടാകുന്നത് ( കഥ ) സൈനുദ്ദീന്‍ ഖുറൈഷി

“ മന്സന്മാര് ഒക്കേം കണ്ട് പിടിച്ചിക്കണ്….ന്നാല്…മന്സന്മാര്ടെ മനസ്സളക്കണെ യെന്ത്രം..കണ്ട് പിടിച്ചാ…..അന്‍റെ ..സയിന്സ്‌….?”

അബ്ദുട്ടിക്കയുടെ ചോദ്യമാണ്. ഏകാന്തതകളില്‍ പലപ്പോഴും അനുവാദമില്ലാതെ മനസ്സിലേല്ക്ക് വരികയും പോകുകയും ചെയ്യുന്ന ഒരു ചോദ്യം. മനുഷ്യമനസ്സിനെ പഠിയ്ക്കുക ദുഷ്കരം തന്നെ. അതിന്‍റെ ചലനാന്തരങ്ങള്‍ അവനവന്‍റെ തന്നെ ഗ്രാഹ്യനൈപുണ്യങ്ങള്‍ക്ക് അതീതമാണ്.


ഒരു കാലത്ത്-

അബുദാബിയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയില്‍ ഉമ്മല്‍നാര്‍ കഴിഞ്ഞാല്‍ പിന്നെയങ്ങോട്ട് ദുബായ് ട്രേഡ് സെന്‍റര്‍ വരെ , കത്തിയുംകരിഞ്ഞും, നനഞ്ഞും മരവിച്ചും, വന്യതയും വശ്യതയും പുതച്ച് നീണ്ട് കിടക്കുന്ന മരുഭൂമിയായിരുന്നു. വശങ്ങളില്‍ നിന്ന് റോഡിലേക്കിറങ്ങി ഗതാഗത തടസ്സവും മരണങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളുമുണ്ടാക്കുന്ന ഒട്ടകക്കൂട്ടങ്ങള്‍ അന്നൊക്കെ സ്ഥിരം കാഴ്ചകളായിരുന്നു.

എന്‍റെ പ്രവാസജീവിതത്തിന്‍റെയും സ്വപ്നസൌധങ്ങള്‍ക്കുള്ള ശിലാന്യാസത്തിന്‍റേയും ആരംഭദശ.

ഒരു മാര്‍ച്ച് മാസത്തിലെ മെയ്യ് പൊള്ളിക്കാത്ത ഗ്രീഷ്മാന്തസായന്തനത്തില്‍ പച്ചയുടുത്ത ഗ്രാമം പിന്നിലാക്കി ഒരു മരുശൈത്യകാലത്തിലേക്ക് പറന്നിറങ്ങി.

പിന്നിലുപേക്ഷിച്ച ഹരിതാഭയേക്കാള്‍ വര്‍ണ്ണഭരിതമായിരുന്നു നെഞ്ചിലുറഞ്ഞ സ്വപ്നങ്ങള്‍. യാത്രാമൊഴിയോടെ കൈകൂപ്പി നിന്ന സുന്ദരിയായ എയര്‍ഹോസ്റ്റസിന് താങ്ക്സ് പറഞ്ഞാണ് ഫ്ളൈറ്റില്‍ നിന്ന് ഈ സ്വപ്നഭൂമിയിലേക്ക് ഇറങ്ങിയത്. ( നിര്‍വ്വികാരതയോടെ അനുവര്‍ത്തിച്ച് പോരുന്ന ഒരു തൊഴില്‍ ചര്യയായിരുന്നു അതെന്ന് മനസ്സിലായത് പിന്നീടുള്ള യാത്രകളിലാണ്.)


അബുദാബിയിലെ ഒരു ഷേക്കിന്‍റെ പ്രൈവറ്റ് ഡിപ്പാര്‍ട്ട്മെന്‍റിലായിരുന്നു ജോലി ലഭിച്ചത്.

ഞങ്ങള്‍ ഇരുപത്തിമൂന്ന് പേരുണ്ടായിരുന്നു ആ ബാച്ചില്‍. അതിരാവിലെ തന്നെ അബുദാബിയിലുള്ള ഓഫീസില്‍ എത്തി. ആകെ പരിചയമുള്ളത് കണ്ണൂര്‍ സ്വദേശി മുജീബിനെ മാത്രം. അവന്‍റെ ഉപ്പയുടെ ഗ്രോസറി ഞങ്ങള്‍ താമസിക്കുന്ന ബില്‍ഡിങ്ങിലായിരുന്നു.

യു.പിക്കാരായിരുന്നു രണ്ട് പേര്‍. മിര്‍സാ ഗാലിബിന്‍റെ മനോഹരമായ കവിതകള്‍ എനിക്ക് സുപരിചിതമാക്കിയ അല്പം പ്രായമുള്ള ഗാലിബ്. പിന്നെ അവസരത്തിലും അനവസരത്തിലും വെറുതെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഫൈദാന്‍ അഹമെദ്. ബാക്കി എല്ലാവരും മലയാളികള്‍. അധികവും കണ്ണൂര്‍ സ്വദേശികള്‍. മിക്കവരേയും പരിചയപ്പെട്ടു.

പിന്‍ഭാഗം ടാര്‍പ്പാള്‍ കൊണ്ട് കവര്‍ ചെയ്ത ഒരു പിക്കപ്പില്‍ സൈറ്റിലേക്കുള്ള യാത്ര. മാര്‍ച്ച് മാസാവസാനമായിരുന്നിട്ടും ആ പുലരിയിലെ തണുപ്പ് ഇന്നും മേനിയാകെ കുളിര്‍ കോരിയിടുന്നു. ഇന്ന് കാലവും മാറി, കാലാവസ്ഥയും.


മെയിന്‍ റോഡില്‍ നിന്ന് ഏകദേശം പത്തറുപത് കിലോമീറ്ററോളം ഉള്ളിലേക്ക് സഞ്ചരിച്ച് വേണം കൊട്ടാരത്തിലെത്താന്‍. ഹെക്ടര്‍ കണക്കിന് വിശാലമായ കോമ്പൌണ്ടില്‍ സര്‍വ്വ പ്രൌഢികളോടെയും തലയുയര്‍ത്തി നില്‍ക്കുന്ന രാജമന്ദിരം.

കൊട്ടാരകവാടത്തിലെ പട്ടാളക്കാരുടെ പരിശോധനയ്ക്ക് ശേഷം കോമ്പൌണ്ടിനകത്തേക്ക്. ഇരുവശവും പൂച്ചെടികള്‍ നട്ട് പിടിപ്പിച്ച രാജപാതയിലൂടെ സാവധാനം ഓഫീസിന് മുന്നിലെത്തി. അവിടുത്തെ ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാക്കി വീണ്ടും പിക്കപ്പില്‍.

കുണ്ടും കുഴിയുമുള്ള കച്ച റോഡിലൂടെയായിരുന്നു പിന്നത്തെ യാത്ര.

കഷ്ടിച്ച് അരമണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷം വൃത്തിഹീനമായ ഒരിടത്തെത്തി.

പ്രഥമദൃഷ്ട്യാ മനസ്സിനിണങ്ങാത്ത ഒരു അന്തരീക്ഷം. പല വൃത്തികെട്ട വാടകളുടെയും സമ്മിശ്രമായ രൂക്ഷഗന്ധം.

അവിടെ മലയാളികള്‍ വേറെയുമുണ്ട്. അധികവും പഠാണികളും പഞ്ചാബികളും ബലൂച്ചികളും ആയിരുന്നു. അല്പം ഭംഗിയിലും വൃത്തിയിലും സം‌വിധാനിച്ച ഒരു കാരവന്‍റെ മുന്നിലേക്ക് ഞങ്ങളെ കൊണ്ടുപോയി. പുറത്തേക്ക് വന്ന പഠാണിയോട് ഞങ്ങളെ കൊണ്ടു വന്ന ഇറാനി ചോദിച്ചു.

“ ഹാജി സാബ് ഹെ അന്തര്‍…?”

അയാള്‍ ഉണ്ടെന്ന് പറഞ്ഞ് അകത്തേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ അരോഗദൃഢഗാത്രനും കാണാന്‍ പ്രൌഢിയുമുള്ള ഒരു പഠാണ്‍ ഞങ്ങളുടെ മുന്നിലെത്തി.

“അസ്സലാമു അലൈക്കും ഹാജിസാബ്….” ഇറാനി അഭിവാദ്യം ചെയ്തു.

“വ അലൈക്കും സലാം….”

ഓഫീസില്‍ നിന്ന് കൊടുത്ത കടലാസുകള്‍ ഹാജിസാബിനെ ഏല്പിച്ച് ഇറാനി സ്ഥലം വിട്ടു.

ഹാജി സാബിനോടൊപ്പം ശിങ്കിടികള്‍ എന്ന് തോന്നുന്ന വേറെയും പഠാണികള്‍ ചുറ്റുമുണ്ട്. അവരെ നോക്കി ഹാജിസാബ് പറഞ്ഞു.

“സാരാ…മര്‍വാഡാ..ഹെ…”

എല്ലാവരും മലയാളികളാണെന്നാണ് അയാള്‍ പറഞ്ഞത് എന്ന് പിന്നീട് ഗാലിബ് ആണ് പറഞ്ഞ് തന്നത്.

“യൂനുസ് കിദര്‍ ഹെ…? ഉസ്കൊ ബുലാവൊ….യേ..ലോഗ്ക്കാ കമരോംകാ ഇന്തജാം കരാവൊ.”

കൂട്ടത്തില്‍ ഞങ്ങള്‍ ഒന്ന് രണ്ട് പേര്‍ക്ക് മാത്രമെ ഭാഷാപ്രതിസന്ധി ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരെല്ലാം ഹിന്ദിയും ഉറുദുവുമൊക്കെ അറിയുന്നവരായിരുന്നു. സ്കൂളില്‍ പഠിച്ചതും ഹിന്ദി സിനിമകള്‍ തന്നതുമായ പ്രാഥമിക അറിവ് ഒരു പരിധി വരെ എന്നെ സഹായിച്ചു.

അല്പം കഴിഞ്ഞപ്പോള്‍ യൂനുസ് വന്നു. ഞാന്‍ കരുതിയ പോലെ അതൊരു പഠാണിയായിരുന്നില്ല. ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരു ഒന്നാന്തരം മലയാളി. കാസര്‍ഗോട്ടുകരന്‍. കഷ്ടിച്ച് അഞ്ച് അടി ഉയരം കാണും. എന്‍റെ തന്നെ പ്രായമെ യൂനുസിനും കാണൂ.

യൂനുസ് ഞങ്ങളെ ഓരൊ റൂമുകളില്‍ ഒഴിവനുസരിച്ച് കൊണ്ട് ചെന്നാക്കി. മലയാളികളെ മലയാളികളുടെ റൂമില്‍ തന്നെ. ഗാലിബിനെയും ഫൈദാനെയും ആന്ധ്രക്കാരുടെ മുറിയിലുമാക്കി. എനിക്കും മുജീബിനും യൂനുസിന്‍റെ മുറിയില്‍ തന്നെയാണ് താമസം തരപ്പെട്ടത്. മൊത്തം ആറ് കട്ടില്‍. ഞങ്ങള്‍ മൂന്ന് പേരെ കൂടാതെ പിന്നെയുള്ള മൂന്ന് പേരില്‍ ഒരാള്‍ മാട്ടൂക്കാരന്‍ സലാമുക്ക, ഒരാള്‍ താനൂര്‍ക്കാരന്‍ അബ്ദുല്ല മറ്റൊരാള്‍ വടകരയുള്ള മൊയ്തുക്ക. മൊയ്തുക്ക മാത്രം പ്രായക്കൂടുതലുള്ള ആളായിരുന്നു. അദ്ധേഹം ക്യാമ്പിലെ കൂക്ക് ആയിരുന്നു.

പൊതുവെ സംസാരപ്രിയനായ സലാമുക്കയുമായി പെട്ടെന്ന് അടുക്കാനായി. ജോലിയെ കുറിച്ചും ക്യാമ്പിലെ രീതികളെ പറ്റിയും ഓരൊ മലയാളികളെ പറ്റിയും സലാമുക്ക വിവരിച്ചു. യൂനുസ് മുറിയിലില്ലാത്ത തക്കം നോക്കി യൂനുസിനെ പറ്റിയും.

ഹാജിസാബ് പാലസിലെ മസൂല്‍ ആണ്. മിഴിച്ചിരിക്കുന്ന ഞങ്ങളോട് മൊയ്തുക്ക പറഞ്ഞു. “മസൂല്‍ എന്ന് വെച്ചാ…. സൂപ്പര്‍ വൈസര്‍. ഈടെ ഓന്‍റെ ഭരണാ…“

തെല്ലൊരു അമ്പരപ്പോടെ ഇരിക്കുന്ന ഞങ്ങളെ സലാമുക്ക സമാധാനിപ്പിച്ചു.

“ഏയ്.. പേടിക്ക്യൊന്നും വേണ്ടാപ്പാ… നമ്മള്‍ കണ്ടും കേട്ടും നിന്നാ മതി.“

ഡിഗ്രി കഴിഞ്ഞ് ആദ്യമായി പ്രവേശിക്കുന്ന ജോലിയാണെന്നറിഞ്ഞപ്പോള്‍ മൊയ്തുക്കയും സലാമുക്കയും ദേഷ്യപ്പെട്ടു.

“നീയ്ന്ത്നാപ്പാ…ഈ പണിക്ക് വന്നെ…?ആമല്‍ നദാഫാന്ന് വെച്ചാ കണക്കെഴുതണ പണിയാന്ന് വെച്ചാ…?”

അപ്പോള്‍ മാത്രമാണ് എന്ത് തസ്തികയിലേക്കാണ് താന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് അറിയുന്നത്. കൊട്ടാരം ക്ലീനേര്‍സ്.! ഓഫീസ് ബോയ് പോലുമല്ല. അതിലും താഴെ. രാത്രിയില്‍ മുജീബുമായി എന്‍റെ ദുഖം പങ്ക് വെയ്ക്കുകയും ചെയ്തു.

“എന്ത് പണ്യായാലും എന്താ ഭായി….? ചെയ്യാനുള്ള മനസ്സ് മതി. ഇതിപ്പൊ നല്ല ശമ്പളം,..താമസം…ഭക്ഷണം….!! പിന്നെന്താ…വേണ്ടീ…..? ശീലാവുമ്പോ…ഒക്കെ ശര്യാകും..“


ക്യാമ്പിലെ ആദ്യത്തെ രാത്രി-

കൃത്യം പത്തരക്ക് ലൈറ്റ് ഓഫ് ചെയ്തു. എല്ലാവരും ഉറക്കത്തിലേക്ക്.

കണക്കിന്‍റെ ലോകത്ത് നിന്ന് ക്ലീനിങിന്‍റെ മരുഭൂവിശാലതയിലേക്ക് മനസ്സിനെ പറിച്ച് നട്ടു. എന്ത് ജോലിയും ചെയ്യാനുള്ള ഉള്‍ക്കരുത്ത് ക്യൂബന്‍ കാടുകളെയും ഗറില്ലാസമരങ്ങളെയും മറികടന്ന് ഈ മരുഭൂമിയിലെ കൊച്ചു മരക്കുടിലിലേക്ക് സന്നിവേശിക്കുന്നത് ഞാന്‍ അറിഞ്ഞു. ഇതാണ് വിപ്ലവം.! മനുഷ്യനിര്‍മ്മിതമായ പ്രത്യയശാസ്ത്രങ്ങളെ അപ്പാടെ വിഴുങ്ങി സോവിയറ്റ് രാജ്യങ്ങളിലെ മഞ്ഞുരുകുന്നതും ഉത്തരായനവും ദക്ഷിണായനവും കടന്ന് ഇന്ത്യയിലെ കടലുകളും സമതലങ്ങളും കൃഷിയിടങ്ങളും ചുവന്ന് തുടുക്കുന്നത് സ്വപ്നം കാണുന്നതിനേക്കാള്‍ എത്രയോ പ്രായോഗികമാണ് കുടുംബത്തില്‍ നിന്ന് തുടങ്ങേണ്ട വിപ്ലവം ഇവിടെ സമാരംഭിക്കുന്നത്.!!

ഒരു വ്യക്തി സമം ഒരു കുടുംബം . അങ്ങനെയെങ്കില്‍ ഒരു സമൂഹം തന്നെ എത്ര വേഗത്തില്‍ സ്വയം പര്യാപ്തരാവും. മനസ്സില്‍ ഉറച്ച തീരുമാനങ്ങളോടെ കണ്ണടച്ച് കിടന്നു.


നേരം പുലര്‍ന്ന് വരുന്നേയുള്ളൂ. ക്യാമ്പിനു ചുറ്റും പരന്ന് കിടക്കുന്ന അതിവിശാലമായ മരുഭൂമി പുലര്‍മഞ്ഞ് കാരണം അവ്യക്തമായിരുന്നു. ദൂരെയുള്ള ടോയ് ലെറ്റുകളിലേക്ക് പോയി വരുമ്പോഴേക്കും ദേഹമാസകലം ചാറ്റല്‍ മഴ പോലെ പെയ്യുന്ന മഞ്ഞ് മൂലം നനഞ്ഞിരുന്നു. നല്ല തണുപ്പും അനുഭവപ്പെട്ടിരുന്നു.

രാവിലത്തെ ഷിഫ്റ്റ് ആറ് മണി മുതല്‍ പന്ത്രണ്ട് മണി വരെ. ഉച്ചക്ക് മൂന്ന് മുതല്‍ അഞ്ച് വരെ. കൊട്ടാരത്തിന്‍റെ പ്രധാന കവാടം മുതല്‍ ഉള്ളിലെ ഗേറ്റ് വരെ ഏകദേശം രണ്ടര കിലൊമീറ്റര്‍ ദൂരത്തില്‍ വണ്‍ വെയ് റോഡാണ്. ആ റോഡിന്‍റെ ഇരുവശങ്ങളിലും മരുക്കാറ്റില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണല്‍ അടിച്ചു കോരി വൃത്തിയാക്കുക എന്നതായിരുന്നു ഞങ്ങള്‍ നാലു പേര്‍ക്ക് കിട്ടിയ ജോലി.

പണിയായുധങ്ങള്‍ ചുവന്ന നിറത്തിലുള്ള ഒരു ഹാര്‍ഡ് ബ്രഷ്, ഒരു സാധാരണ ബ്രഷ് പിന്നെയൊരു ഡസ്റ്റ്പാനും അര്‍ബാനയും. ( ഉന്ത് വണ്ടി പോലെയുള്ളത്. )

രാവിലത്തെ തണുപ്പില്‍ ശരീരം ചൂടാവാന്‍ നല്ല വ്യായാമമാണെന്ന് അപ്പോള്‍ തോന്നി. സമയം മുന്നോട്ടിഴയുന്തോറും മഞ്ഞുരുകി ചൂട് തുടങ്ങി. പത്ത് മണി ആകുമ്പോഴേക്കും ചൂടിന്‍റെ കാഠിന്യം കൂടി. ഉഷ്ണം അതിലേറെ. ഇടക്കിടെ ഗേറ്റിനടുത്തുള്ള കൂളറില്‍ നിന്ന് കുപ്പിയില്‍ വെള്ളം നിറച്ച് കൊണ്ട് വരും.


ജോലിക്കിടയില്‍ യൂനുസ് രണ്ട് മൂന്ന് തവണ മോട്ടോര്‍ സൈക്കിളില്‍ അതിലെ കടന്നു പോയി. വെള്ളമെടുത്ത് വരുന്ന എന്നോട് യൂനുസ് പറഞ്ഞു.

“ഉള്ള നേരം വെള്ളമെടുക്കാന്‍ പോയീം വന്നും നിക്കണ്ട. ഹാജിടെ കണ്ണീ പെട്ടാല്‍ *ഖാന ഖറാബാകും.”

ആദ്യദിവസം തന്നെ മുദ്രാവാക്യത്തിനും അദ്ധ്വാനത്തിനും തമ്മിലുള്ള അന്തരം വ്യക്തമായി.

റൂമില്‍ വന്നപ്പോള്‍ സലാമുക്കയാണ് പറഞ്ഞത് യൂനുസ് പഠാണികളുടെ ഒരു ചംച്ച ( ഒറ്റുകാരന്‍ ) ആണെന്നും അവനെ സൂക്ഷിക്കണം എന്നും.


“ശുഭ്രപതാക ചോരയില്‍ മുക്കി

ചെങ്കൊടിയായി പാറിക്കും..”

ചെങ്കല്ല് നിറഞ്ഞ കോളേജ് കാമ്പസില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ കാതിലലച്ചു.

“കരിങ്കാലിപ്പണി ചെയ്താല്‍ ഏതവനായാലും വിടില്ല.“

അമര്‍ഷത്തോടെ ഞാനത് പറഞ്ഞപ്പോള്‍ സലാമുക്ക ചിരിച്ചു.


തലക്ക് മുകളിലെ കത്തുന്ന ചൂടും വീശിയടിക്കുന്ന മണല്‍കാറ്റും ഇടക്കിടെയുള്ള പഠാണികളായ മസൂല്‍മാരുടെ മാനസികപീഡനവും ഒഴിച്ചാല്‍ ജോലിയും ക്യാമ്പ് ജീവിതവുമായി ഏറെക്കുറെ സമരസപ്പെട്ടു എന്ന് പറയാം. കോളേജ് കാമ്പസ് പകര്‍ന്ന് തന്ന വിപ്ലവവീര്യം തിളച്ച് പൊന്തുന്നതും നിവൃത്തിയില്ലെന്നറിഞ്ഞ് സ്വയം ആറിത്തണുത്തിരുന്നതും മസൂലന്മാരായ പഠാണികളുടെയും മലയാളി കൂടിയായ യൂനുസിന്‍റെയും ചൂഷണങ്ങള്‍ കാണുമ്പോളായിരുന്നു. സഹമുറിയനായിട്ട് പോലും കൃത്യമായ അകലം സൂഷിച്ചിരുന്നു അവന്‍. സദാസമയവും പഠാണികളുടെ കൂടെയായിരിക്കും അവന്‍. ഡ്യൂട്ടി സമയത്ത് മോട്ടോര്‍ സൈക്കിളില്‍ റോന്ത് ചുറ്റിക്കൊണ്ടിരിക്കും. ആരെല്ലാം എന്തെല്ലാം ചെയ്യുന്നു എന്ന റിപ്പോര്‍ട്ട് സമര്‍പ്പണമാണത്രെ പ്രധാന പണി.


1984 ഒക്ടോബര്‍ 31.

ഇന്ത്യയെ നടുക്കിയ ദാരുണമായ ഒരു കൊലപാതകം നടന്ന ദിവസം.

സ്വന്തം അംഗരക്ഷകരാല്‍ ശ്രീമതി. ഇന്ദിരാഗാന്ധി വെടിയേറ്റ് കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെയെല്ലാം ഞെട്ടിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യെ എല്ലാവരെയും ആ വാര്‍ത്ത ദുഃഖത്തിലാഴ്ത്തി.

പഠാണികളുടെ മുറികളില്‍ സന്തോഷത്തിന്‍റെ തിരയിളക്കം കേള്‍ക്കാം. അവര്‍ക്കേതൊ ക്രിക്കറ്റ് മാച്ച് ജയിച്ച പ്രതീതിയായിരുന്നു. ഞങ്ങളെല്ലാം വാര്‍ത്ത കേട്ട് , മൌനം പാലിച്ച് മുറിയില്‍ ഇരിക്കുകയായിരുന്നു. കയ്യില്‍ ഒരു തളിക നിറയെ ലഡുവുമായി ഹാജിസാബിന്‍റെ ശിങ്കിടികള്‍ മുറിയിലേക്ക് വന്നു.

“അരെയോ…മുസല്‍മാന്‍ ലോഗോം….., മീഠാ…ഖാവൊ…..ഖുശി മനാവൊ…..സാലീ…മര്‍ഗയീ…!!“

മറുപടി ഉച്ചത്തില്‍ വിളിച്ച് പറയണമെന്നുണ്ട് എല്ലാവരിലും. പക്ഷെ, ആരും അതിന് തുനിഞ്ഞില്ല. പഠാണികള്‍ വീണ്ടും ക്ഷണിച്ചു.

“അരെ മല്‍ബാരി ലോഗോം,……ലേലൊ….ഖാഒ….”.

ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മരണം ആഘോഷിക്കുകയാണ് പാക്കിസ്താന്‍ പഠാണികള്‍. യൂനുസിന്‍റെ കൈ തളികയ്ക്ക് നേരെ നീണ്ടതും എന്‍റെ കാല് കൊണ്ടുള്ള പ്രഹരത്തില്‍ തളിക വായുവില്‍ ഉയര്‍ന്നതും ഒരുമിച്ചായിരുന്നു.

ലഡുവെല്ലാം തറയില്‍ വീണുരുണ്ടു. തളികയുടെ വക്ക് തട്ടി എന്‍റെ കാലില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങി. രോഷാകുലരായ പഠാണികള്‍ തലങ്ങും വിലങ്ങും എന്നെ തല്ലുകയും വായിലെ നസ് വാര്‍ മുഖത്തേക്ക് തുപ്പുകയും ചെയ്തു.

ഇടക്ക് പലരും ഇടപെട്ട് പഠാണികളെ ശാന്തരാക്കി പറഞ്ഞയച്ചു. സത്യത്തില്‍ ഞാന്‍ തളര്‍ന്ന് പോയിരുന്നു. തല്ല് കൊണ്ടിട്ടല്ല; ഒരു മലയാളി പോലും എന്നെ സഹായിച്ചില്ലല്ലൊ എന്നോര്‍ത്ത്.

പഠാണികളെല്ലാം പോയപ്പോള്‍ കൂടെയുള്ളവരെല്ലാം അടുത്ത് കൂടി. മുറിവില്‍ മരുന്ന് വെച്ചു. സ്നേഹത്തോടെ ശാസിച്ചു. അല്പം അത്ഭുതവും ആശ്വാസവും നല്‍കിയത് ഹാജി അബ്ദുല്‍ സലാം ആയിരുന്നു. അയാളും പാക്കിസ്ഥാനിയാണ്. എന്‍റെ അടുത്ത് വന്ന് ശബ്ദം താഴ്ത്തി അയാള്‍ പറഞ്ഞു.

“യെ ലോഗ് പാകല്‍ ലോഗ് ഹെ..! അണ്‍പഠ് ലോഗ്. തൂ ഇസ് സെ പങ്ക മത്ത് ലോ…! അപ്പനാ ഖ്യാല്‍ കരൊ …“ അത്രയും പറഞ്ഞ് അയാള്‍ ദൈന്യതയോടെ എന്നെ നോക്കി ദീര്‍ഘശ്വാസമയച്ച് പുറത്ത് പോയി.

ലോകത്ത് ഇത്രയേറെ വിധേയത്വമുള്ള ഒരേയൊരു ജനത മലയാളികളാണെന്ന് തോന്നി അന്ന്.

മുറിയിലേക്ക് കയറിവന്ന യൂനുസ് പരിഹസിച്ചു.

“ജീവിക്കാന്‍ പഠിക്ക് ആദ്യം. സഖാവ് കളിക്കാനാണെങ്കി ഇങ്ങോട്ട് വരണോ..”

ആരും ഒന്നും പറഞ്ഞില്ല, ഞാനും.

മുറിഞ്ഞ കാലുമായി, പിരമിഡ് പോലെ കെട്ടി ഉയര്‍ത്തിയ കരിങ്കല്‍ തറയിലെ മണല്‍ അടിച്ചു വാരലായിരുന്നു ശിക്ഷ. എളുപ്പമുള്ള ജോലിയായിരുന്നില്ല എന്നല്ല ഒരിക്കലും സാധിക്കാത്ത ജോലിയായിരുന്നു അത്. എങ്കിലും കൊടും ചൂടില്‍ ആ പ്രയത്നം തുടര്‍ന്നു. പത്ത് ദിവസത്തോളം ഉണ്ടായിരുന്നു ആ ശിക്ഷ.

അപ്പോഴെല്ലാം മനസ്സില്‍ പഴുത്ത് പൊള്ളിയിരുന്നത് യൂനുസിനോടുള്ള പക മാത്രമായിരുന്നു.

നാളുകള്‍ക്ക് ശേഷം-

ഒരു ദിവസം ഉച്ചയ്ക്ക് ശേഷമുള്ള ഡ്യൂട്ടി ടൈം.

മതില്‍കെട്ടിന് പുറത്തുള്ള ഒട്ടകങ്ങളുടെ മസ്റയില്‍ ക്ലീനിങിലായിരുന്നു ഞാനും മുജീബും ജമീലും. ജമീല്‍ കോഴിക്കോട് സ്വദേശിയാണ്. ഞങ്ങളുടെ കൂട്ടത്തില്‍ വളരെ ചെറുപ്പവും പേര് പോലെ തന്നെ സുമുഖനും ആയിരുന്നു ജമീല്‍.

കളിതമാശകളൊക്കെ പറഞ്ഞ് ജോലിയില്‍ വ്യാപൃതരായിരിക്കെ, ഹാജിസാബിന്‍റെ മകനും യൂനുസും കൂടി വന്ന് ജമീലിനെ പാലസിനകത്ത് പണിയുണ്ടെന്ന് പറഞ്ഞ് കൊണ്ടു പോയി. അഞ്ച് മണിക്ക് മുന്നെ ജോലികള്‍ തീര്‍ക്കാനുള്ള തിരക്കിലായിരുന്നു ഞങ്ങള്‍. കുറച്ച് കഴിഞ്ഞപ്പോള്‍ യൂനുസ് ജമീലുമൊത്ത് മസ്‌റയിലെത്തി. ജമീല്‍ കരയുന്നുണ്ടായിരുന്നു. മുഖത്ത് അടിയുടെ പാടുകളും ഉണ്ടായിരുന്നു. ചുണ്ട് പൊട്ടി ചെറുതായി രക്തം കിനിഞ്ഞിരുന്നു.

പോകുന്നതിന് മുന്‍പ് യൂനുസ് പറഞ്ഞു.

“തല്ല് വേടിക്കേണ്ട വല്ല കാര്യോണ്ടാ….? തേരാ പാംവ് ഭാരി നയ് ഹോഗാനാ..?”

പൊടി പാറിച്ച് യൂനുസ് കടന്നു പോയി. ജമീല്‍ ഞങ്ങള്‍ക്കരികില്‍ തളര്‍ന്നിരുന്നു. വളരെയേറെ നിര്‍ബന്ധിച്ചപ്പോഴാണ് അവന്‍ സംഭവിച്ചതെന്താണെന്ന് പറഞ്ഞത്.

ഷേക്കിന്‍റെ ബെഡ്റൂം ക്ലീന്‍ ചെയ്യാന്‍ കൊണ്ട് പോയിട്ട് പല വാഗ്ദാനങ്ങളും നല്‍കി സ്വവര്‍ഗ്ഗരതിക്ക് നിര്‍ബന്ധിക്കുകയായിരുന്നു ഹാജിസാബിന്‍റെ മകന്‍. വഴങ്ങാതായപ്പോള്‍ ബലാത്കാരമായി. ഉന്തും തള്ളുമായി. ഒടുവില്‍ മര്‍ദ്ധനമായി. ഒരു വിധത്തില്‍ വാതില്‍ തുറന്ന് പുറത്ത് വന്ന ജമീലിനെ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചു യൂനുസ്.

“കള്ള നായീന്‍റെ മോനെ…..തൊട്ടാ…കൊന്ന് കളേം…പന്നി….”

ജമീലിന്‍റെ ഭാവപ്പകര്‍ച്ച യൂനുസിനെ പിന്തിരിപ്പിച്ചു.

“വൊ…..ബേന്‍ ചൂത്ത്ക്കൊ…ലേക്കിജാ…..യഹാംസെ….”

പിന്നില്‍ വിത്ത്കാളയെ പോലെ മുക്രയിട്ട് പഠാണ്‍.


വായില്‍ നിന്ന് രക്തമൊലിച്ച് നടന്നു വരികയായിരുന്ന ജമീലിനെ പറഞ്ഞ് വശത്താക്കിയാണ് യൂനുസ് മസ്റയിലെത്തിച്ചത്. സംഗതി പുറത്ത് പറഞ്ഞാല്‍ ജോലി നഷ്ടപ്പെടുക മാത്രമല്ല, എന്തെങ്കിലും കേസുണ്ടാക്കി ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തിയത്രെ.

“ഇതിങ്ങനെ വിട്ടാ പറ്റില്ല. ആദ്യം ആ നായിന്‍റെ മോനെ ഒന്ന് കാണണം. ബാക്കി പിന്നെ….” എനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. “

“ജമീലെ…വാ…..ചോദിച്ചിട്ട് തന്നെ കാര്യം.”

മൂന്ന് പേരും കൂടി ക്യാമ്പിലെത്തി. ക്ഷുഭിതനായി നില്‍ക്കുന്ന എന്നെ സലാമുക്ക സമാധാനിപ്പിച്ചു.

“ആരോട് പരാതിപ്പെട്ടിട്ടും കാര്യമില്ല. ഇതൊക്കെ ഇവിടെ സാധാരണാ…! അയ്നായിട്ട് കൊറെ നാണോം മാനോം ഇല്ലാത്തോരും ഇവടെണ്ട്…”

“ഇല്ല സലാമുക്ക. ഇത് കമ്പ്ലൈന്‍റ് ചെയ്യണം. ഹാജിയോടല്ല. പോലിസില്‍.“

ഞാന്‍ എന്തായാലും പോലിസില്‍ പരാതിപ്പെടുമെന്ന തീരുമാനത്തില്‍ ഉറച്ച് നിന്നു.

കുറച്ചപ്പുറത്ത് സ്ഥാപിച്ചിട്ടുള്ള പബ്ലിക്‍ റ്റെലിഫോണ്‍ ബൂത്ത് മാത്രമാണ് ഏക അവലംബം. ഞാന്‍ സലാമുക്കയുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ പുറത്തേക്കിറങ്ങവെ എതിരില്‍ യൂനുസ് കടന്നു വന്ന് പറഞ്ഞു. നിങ്ങളെ രണ്ടാളെം ഹാജിസാബ് വിളിക്കുന്നു എന്ന്. മടിച്ച് നിന്ന ജമീലിനെയും കൂട്ടി ഞാന്‍ ഹാജിസാബിന്‍റെ കാരവനിലെത്തി. അവിടെ അയാളുടെ മകനും മറ്റ് പഠാണികളും ഉണ്ടായിരുന്നു.

വളരെ സൌമ്യമായി ഹാജിസാബ് ഞങ്ങളെ മുറിയിലേക്ക് ക്ഷണിച്ചു. ഞങ്ങളുടെ മുന്നില്‍ വെച്ച് അയാള്‍ മകനെ തല്ലി. ജമീലിനോട് മാപ്പ് ചോദിക്കാന്‍ പറഞ്ഞു. മകന്‍ തത്തയെ പോലെ അത് അനുസരിക്കുകയും ചെയ്തു. എത്ര ലാഘവത്തോടെ അയാള്‍ ഈ പ്രശ്നം ഒതുക്കിയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. യൂനുസ് എന്നെ നോക്കി ചിരിച്ചു. പരിഹാസത്തോടെ.

ഹാജിസാബ് ഖമീസിന്‍റെ കീശയില്‍ നിന്ന് ഇരുനൂറ് ദിര്‍ഹംസ് എടുത്ത് ജമീലിന് നല്‍കി. എന്നിട്ട് പറഞ്ഞു.

“ഉസ് സെ ഗല്‍ത്തി ഹോഗയി ഹെ…, ഹം സബ് മുസല്‍മാനെ…., യേ ലോ…ആജ് മേരി തരഫ് സെ മീഠാ…ഖാഒ….”

ജമീല്‍ ഒരു സങ്കോചവുമില്ലാതെ ആ പണം വാങ്ങി. ഹാജി എന്‍റെ നേരെ നോക്കി വന്യമായി ചിരിച്ച് കൊണ്ട് ചോദിച്ചു “ അഭി ശിക്കായത്ത് കര്‍ണാഹെ ക്യാ…?”

അയാള്‍ പിന്നെയും ചിരിച്ചു. ഉച്ചത്തില്‍. മറ്റ് പഠാണികളും അയാളോടൊപ്പം കൂടി. കൂട്ടത്തില്‍ ഏറ്റവും ഉച്ചത്തില്‍ അവന്‍റെ ശബ്ദമായിരുന്നു, യൂനുസിന്‍റെ.


മുറിയില്‍ വന്ന് ആരോടും മിണ്ടാതെ കുറെ നേരമിരുന്നു. ജമീലിനോട് ദേഷ്യം തോന്നിയില്ല. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിലാണ് പ്രാരബ്ദങ്ങളുടെ ഭാണ്ഡങ്ങള്‍ പേറുന്ന അവന് താത്പര്യം. എല്ലാവരും സ്വയം ഒതുങ്ങുന്നതും അതു കൊണ്ടാവണം.

എല്ലാം മറക്കാം, പൊറുക്കാം. എന്നാല്‍ സ്വന്തം വര്‍ഗ്ഗശത്രുവിന്‍റെ ചെയ്തികളെ മറക്കാനും പൊറുക്കാനും എത്ര ശ്രമിച്ചിട്ടും ആകുന്നില്ല. യൂനുസിനോടുള്ള ദേഷ്യം ദിനം പ്രതി കൂടി വന്നു. പുറത്തെ വെയിലില്‍ ഞാന്‍ മാത്രം റോഡ് വൃത്തിയാക്കി വിയര്‍ക്കുമ്പോള്‍ അനുനിമിഷം ആ പക ഏറി വന്നു.

സുദീര്‍ഘമായ ചിന്തകള്‍ക്കൊടുവിലായിരുന്നു എന്‍റെ നല്ലൊരു സുഹൃത്തായിരുന്ന സുലൈമാന്‍റെ സഹായം തേടാന്‍ ഞാന്‍ ഉറച്ചത്. സുലൈമാന്‍ ഇറാനിയാണ്. ഈ കാലത്തിനിടയില്‍ പരിചയപ്പെട്ട നല്ലൊരു കൂട്ടായിരുന്നു സുലൈമാന്‍.

മരുഭൂമിയിലെ ഗന്ധകമടങ്ങിയ മണ്ണ് മാറ്റി ഫലഭൂയിഷ്ടമായ അല്‍ഐനിലെ മണ്ണ് കൊണ്ട് വന്ന് നിറക്കുന്ന ഒരു ടിപ്പറിലെ ഡ്രൈവറായിരുന്നു സുലൈമാന്‍. ഈ മണ്ണടിക്കല്‍ ഉള്ളതിനാല്‍ റോഡില്‍ എപ്പോഴും ടിപ്പറുകളുടെ തിരക്കാണ്. സുലൈമാനെ സംബന്ധിച്ചിടത്തോളം ഒരു ആക്‍സിഡന്‍റ് വളരെ നിസ്സാരം.

“മരിക്കുന്ന തരത്തിലാവരുത്. കിടപ്പാവണം. പിന്നെ എഴുന്നേല്‍ക്കരുത്. അത്ര മതി.“

കഥകള്‍ ഒക്കെ കേട്ടതിന് ശേഷം സുലൈമാന്‍ സമ്മതിച്ചു. അവനത് ഒരു ഗൌരവമുള്ള കാര്യമേ അല്ലെന്ന് തോന്നി. ദിവസവും സമയവും നിശ്ചയിച്ചു. വ്യാഴാഴ്ച്ച ഉച്ചക്ക്, യൂനുസ് ക്യാമ്പിലേക്ക് മോട്ടോര്‍സൈക്കിളില്‍ വരുന്ന വഴിക്ക് റൌണ്ടില്‍ വെച്ച്…..


ഇനി രണ്ട് ദിവസം ബാക്കി.

എന്തെന്നില്ലാത്ത ഒരു ഭീതിയും ഉത്കണ്ഠയും എന്നെ ആകെ വലയം ചെയ്തിരുന്നു. ആക്‍സിഡന്‍റ് വലുതായാല്‍ …. , വിചാരിച്ച പോലെ സുലൈമാന്‍റെ കൈപ്പിടിയില്‍ കാര്യങ്ങള്‍ നിന്നില്ലെങ്കില്‍ ……, അവനെങ്ങാനും മരിച്ചാല്‍……, ഹോ….വേണ്ട. ഒന്നും വേണ്ടിയിരുന്നില്ല.

ഇനി സുലൈമാനെ കോണ്ടാക്‍റ്റ് ചെയ്യാനും വഴിയില്ല. വല്ലാത്തൊരു അവസ്ഥയിലായി ഞാന്‍.


വ്യാഴാഴ്ച്ച-

ജോലിക്ക് പോയില്ല. ആകെ ഒരു മരവിപ്പ്‌. രാവിലെ ക്യാമ്പില്‍ വെള്ളമെടുക്കാന്‍ വന്ന വണ്ടിക്കാരില്‍ സുലൈമാനെ തിരഞ്ഞു. കണ്ടില്ല. കണ്ടെങ്കില്‍ അരുതെന്ന് പറയാമായിരുന്നു. ശരീരമാസകലം ഒരു പരവേശം…സമയം നീങ്ങുന്തോറും പറയാനാവാത്ത ഒരു വിമ്മിഷ്ടം. നാലഞ്ച് തവണ ടോയ് ലെറ്റില്‍ പോയി.

മുറിയിലെ എസിക്ക് തണുപ്പ് ഇല്ലാത്തത് പോലെ.

സമയം പന്ത്രണ്ട്.

റോഡിലൂടെ ട്രക്കുകളും ടിപ്പര്‍ ലോറികളും ചീറിപ്പായുന്നു. സമയം പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു. ഇത് വരെ ആരും ഒന്നും പറഞ്ഞ് കേട്ടില്ല. ആശ്വാസം.


മണി ഒന്ന് കഴിഞ്ഞു.

ഹോ..ആശ്വാസം. അല്ലാഹുവിന് സ്തുതി. അനിഷ്ടകരമായി ഒന്നും സംഭവിച്ചില്ലല്ലൊ. കൂളറില്‍ നിന്ന് വെള്ളമെടുത്ത് കുടിച്ച് ആശ്വാസത്തോടെ നില്‍ക്കുമ്പോള്‍ മൊയ്തുക്ക ഓടി വരുന്നു.

“വേഗം..വാ..…അവിടെ ആക്‍സിഡന്‍റ്. നമ്മുടെ യൂനുസ്….! യൂനുസ് മരിച്ചൂന്നാ കേട്ടത്.”

നെഞ്ചിടിപ്പ്‌ ഒരു നിമിഷത്തേക്ക് നിശ്ചലമായി. തലക്ക് കൈകളൂന്നി തറയില്‍ ഇരുന്നു പോയി. കൊല്ലാന്‍ ഞാന്‍ പറഞ്ഞിരുന്നില്ലല്ലോ….!! സുലൈമാനെ ചതിച്ചല്ലോ..നീ….”

മൊയ്തുക്കയുടെ കൂടെ റോഡിലേക്ക് കുതിച്ചു. ദൂരമറിയാതെയുള്ള ഓട്ടം.

അവിടെ ആളുകള്‍ കൂടിയിരുന്നു. യൂനുസ് ഓടിച്ചിരുന്ന മോട്ടോര്‍ സൈക്കില്‍ നിശ്ശേഷം നശിച്ചിരിക്കുന്നു. പകുതി മണ്ണിലും പകുതി റോഡിലുമായി യൂനുസ് രക്തത്തില്‍ കുളിച്ച് കിടക്കുന്നു. ഇടിച്ചിട്ട ടിപ്പര്‍ ലോറി റോഡിന് നടുക്കുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്നു.

ഒരു ഞെട്ടലോടെ ഞാന്‍ കണ്ടു. അത് സുലൈമാന്‍റെ ടിപ്പര്‍ ലോറി അല്ലായിരുന്നു. പിന്നെ ആരൊ പറയുന്നത് കേട്ടു, ഒരു സര്‍ദാര്‍ജിയായിരുന്നു ഡ്രൈവര്‍ എന്ന്. അയാളെ മറ്റ് ലോറിക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത്രെ.

ഞാന്‍ മെല്ലെ യൂനുസിന്‍റെ അടുത്ത് ചെന്നു. മനസ്സ് കൊണ്ട് തെറ്റ് പറഞ്ഞു. ഞാന്‍ മൂലമല്ലെന്ന് അറിഞ്ഞിട്ടും കുറ്റബോധം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു.

യൂനുസിന്‍റെ പോക്കറ്റില്‍ നിന്ന് തെറിച്ച് വീണ പേഴ്സില്‍ നിന്ന് ഒരു ഇന്‍ലെന്‍റ് കാറ്റില്‍ പറക്കാവുന്ന രീതിയില്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നുണ്ടായിരുന്നു.

വിറയാര്‍ന്ന കൈകളാലെ ആ കത്തെടുത്തു.

മുഹമ്മദ് യൂനുസ്, പി.ബി.നംബര്‍ ……….., അബുദാബി. അയച്ചിരിക്കുന്നത് ഒരു കയ്യുമ്മാബി , കാസര്‍ഗോഡ്,

പതുക്കെ ആ എഴുത്ത് തുറന്നു. മറ്റൊരാളുടെ കത്ത് വായിക്കരുതെന്ന് മനസ്സ് വിലക്കുന്നുണ്ടെങ്കിലും അപ്പോള്‍ അത് തുറന്ന് വായിക്കാനാണ് തോന്നിയത്.


“പിരിശത്താല്‍..ഉമ്മാടെ പൊന്നുമോന്,

ഉമ്മാക്കും പെങ്ങന്മാര്‍ക്കും ഇവിടെ സുഖം തന്നെ. അതിലുപരി ന്റ്റെ.. പൊന്നുമോനും…സുഖമായിരിക്കാന്‍ പടച്ചവനോട് ദുആയിരക്കുന്നു. “

ഞാനത് വായിക്കുകയായിരുന്നില്ല. ആ പാവം ഉമ്മ എന്‍റെ കാതില്‍ മന്ത്രിക്കുകയായിരുന്നു.

“മോനയച്ച പൈസാ കിട്ടി. താത്താന്റ്റെ പുയ്യാപ്ലക്കത് കൊടുത്തിന്……., ഓള്‍ക്കിപ്പൊ..പെരുത്ത് സന്തോശം…... ,ലൈലാക്ക് ഒരാലോചന ബന്നിന്…., അതും കൂടി കയ്ഞ്ഞാല്‍ മോന്‍റെ മീത്ത കെട്ടിബെച്ച കെട്ട് കൊറച്ച് കൊറയും…..അന്‍റെ ബാപ്പ മയ്യത്താമ്പോ അനക്ക് പത്ത് ബയസ്സാ….., അന്നേ..തൊടങ്ങീതല്ലെ..ന്റ്റെ മോന്‍റെ കഷ്ടപ്പാട്… !! ഉമ്മാന്‍റെ പൊന്നുമോനെ റബ്ബ് കാക്കും…

ന്റ്റെ മോനിക്ക് അല്ലാഹു ബര്‍ക്കത്ത് തരും….!! “

അങ്ങനെയങ്ങനെ നീണ്ട് പോകുന്നു ആ കത്ത്. വരികളിലെ ഗദ്ഗദം എന്‍റെ ചങ്കില്‍ തടയുന്നത് ഞാനറിഞ്ഞു.

തന്‍റെ കയ്യിലിരിക്കുന്നത് ഒരു കത്തല്ലെന്നും ഒരു ഉമ്മയുടെ മനസ്സാണെന്നും അറിയുന്തോറും..എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറുകയായിരുന്നു. പോലിസ് വരുന്നതും ബോഡി കൊണ്ട് പോകുന്നതുമെല്ലാം യാന്ത്രികമെന്നോണം കണ്ട് നിന്നു.

അബ്ദുട്ടിക്ക പറഞ്ഞതാ ശരി. മനസ്സ് പഠിയ്ക്കാനുള്ള യന്ത്രം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

7 comments:

 1. അങ്ങനെയങ്ങനെ നീണ്ട് പോകുന്നു ആ കത്ത്. വരികളിലെ ഗദ്ഗദം എന്‍റെ ചങ്കില്‍ തടയുന്നത് ഞാനറിഞ്ഞു.

  ഞാനും അറിഞ്ഞു. ഉള്ളില്‍ തട്ടുന്ന എഴുത്ത്.

  ReplyDelete
 2. നന്നായി എഴുതിയിരിക്കുന്നു... തുടരുക... ആശംസകള്‍...

  ReplyDelete
 3. അതെ മനസ്സ് പഠിക്കാന്‍ യന്ത്രങ്ങള്‍ ക്കാവില്ല ..
  അത് മറ്റൊരു മനസ്സിനെ ആവൂ ...
  നല്ലൊരു രചന .....ആശംസകള്‍

  ReplyDelete
 4. അതെ മനസ്സ് പഠിക്കാന്‍ യന്ത്രങ്ങള്‍ ക്കാവില്ല ..
  അത് മറ്റൊരു മനസ്സിനെ ആവൂ ...
  നല്ലൊരു രചന .....ആശംസകള്‍

  ReplyDelete
 5. നന്ദി.
  ശ്രീ. തെച്ചിക്കോടനും ജിഷാദിനും ഗൊപിയേട്ടനും..

  ഈ വഴി വരുന്നവര്‍ക്കെല്ലാം നന്മകള്‍.

  ഖുറൈഷി.

  ReplyDelete
 6. മാന്യ മിത്രമേ,
  എഴുത്ത് വായിച്ചു. വലിയകാര്യങ്ങള്‍ തന്നെ എഴുതിയതത്ത്രയും, പക്ഷെ വരികള്‍ക്കിടയില്‍ വൈകാരികത നഷ്ട മായതെങ്ങിനെ എന്ന ഒരു സ്വയം വിശകലനത്തിന് താങ്കള്‍ മുതിരണം എന്ന് ഹൃദയപൂര്‍വ്വം നിര്‍ദേശിക്കുന്നു. ഇതു എങ്ങനെയായിരുന്നോ എഴുതേണ്ടിയിരുന്നതെന്ന ഒരാലോചന താങ്കള്‍ക്കു കൂടുതല്‍ ദിശാബോതം തരട്ടെ എന്നാശംസിക്കുന്നു. എഴുത്ത് നന്നായിരിക്കുന്നു എന്നുള്ള സ്ഥിരം കമാന്റുകാരെ തിരിച്ചറിയുക. അവര്‍ താങ്കളുടെ എഴുത്ത് നശിപ്പിക്കും.
  സ്നേഹപൂര്‍വ്വം
  ധര്‍മ്മരാജ്‌ മടപ്പള്ളി
  http://saakshaa.blogspot.com/

  ReplyDelete
 7. ഖുറൈഷി സാഹിബ്, ഈ കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരങ്ങൾ വായനയ്ക്ക് സുഖകരമല്ലാത്തതിനാൽ വേർഡ് പാഡിലെ വെളുത്ത പ്രതലത്തിലേയ്ക്ക് കറുത്ത അക്ഷരങ്ങളായി കോപ്പി പേസ്റ്റ് ചെയ്താണ് ഈയുള്ളവനവർകളുടെ വായന.

  ReplyDelete