Wednesday, September 8, 2010

ഒരു പെരുന്നാള്‍ വിചാരം

കുട്ടികള്‍ ഇപ്പോഴും നല്ല ഉറക്കത്തിലാണ്. രാത്രി മൈലാഞ്ചിയിടലും മറ്റുമൊക്കെ കഴിഞ്ഞ് ഒത്തിരി വൈകിയാണ് കിടന്നത്.


നീണ്ട മുപ്പത് നാളുകളിലെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം ഇന്ന് ആത്മസംശുദ്ധിയുടെ പുത്തനുഷസ്സിലേക്ക് ഉണര്‍ന്നിരിക്കുന്നു. ധ്യാനനിമഗ്നമായിരുന്ന ആ ദിനങ്ങളിലെ അര്‍പ്പണബോധം തുടരാനാവട്ടെ നാഥാ…


തിടുക്കത്തില്‍ കുളിയും മറ്റ് പ്രഭാതകൃത്യങ്ങളും കഴിഞ്ഞു.

ടേബിളില്‍ ചായയുണ്ട്. എത്ര നല്ലവള്‍ എന്‍റെ ഭാര്യ. ഒരു മാസത്തെ ഇടവേളയുണ്ടായിട്ടും അവള്‍ പതിവുകള്‍ മറക്കുന്നില്ല. മാത്രവുമല്ല; ഞാന്‍ കുളിമുറിയിലേക്ക് പോകുമ്പോള്‍ അവള്‍ നല്ല ഉറക്കവുമായിരുന്നു.

"റബ്ബേ..നിനക്ക് നന്ദി. ഇത്രയും കുഫ്ഫൊത്ത ഒരു ഭാര്യയെ എനിക്ക് തന്നതിന്."

വ്രതദിനങ്ങള്‍ക്ക് ശേഷമുള്ള ആദ്യ പ്രഭാത ചായ അവളുടെ കൈ കൊണ്ട് തന്നെ ആവട്ടെ.

“ഖദീജാ…..“

ശബ്ദം താഴ്ത്തി നീട്ടി വിളിച്ചു. അവള്‍ കിച്ചണില്‍ നിന്ന് വന്നു. എന്തിനെന്നറിയാതെ നില്‍ക്കുന്ന അവളോട് പറഞ്ഞു.

“ആ ചായ തന്‍റെ കൈ കൊണ്ട് തന്നെ താ…”


അവള്‍ ചിരിച്ച് കൊണ്ട് ഒന്നിരുത്തി മൂളി. എന്‍റെ ജീവിതത്തിലെ അവളുടെ പ്രാതിനിധ്യം അടിവരയിടുന്ന ഇത്തരം കോപ്രായങ്ങള്‍ അഭിമാനത്തോടെ അവള്‍ സ്വീകരിക്കുന്നു. അത് തന്നെയാണ് ഞങ്ങളുടെ ജീവിതവിജയവും. അപ്പുറത്തെ ഫ്ളാറ്റിലെ സുലൈക്കയുടെ പരാതി ഇതിന് വിപരീതമാണ്. എന്തിനും ഏതിനും ആ മനുഷ്യന് ഞാന്‍ വേണം. എന്നാണ് സുലൈക്കയുടെ പരാതി. അതിന്മേല്‍ മോശമല്ലാത്ത വഴക്കും മിണ്ടാട്ടവും മുറക്ക് ഉണ്ട് താനും. മനുഷ്യര്‍ പലവിധം.


കുറച്ച് കഴിഞ്ഞപ്പോള്‍ മകനെ ഉണര്‍ത്തി കുളിക്കാന്‍ പറഞ്ഞയച്ചു.


ഇനി പെരുന്നാള്‍ നമസ്കാരം.

ഞങ്ങള്‍ എത്തുമ്പോഴേക്കും ഈദ്ഗാഹ് ജനനിബിഢമായിരുന്നു.

ഭക്തിസാന്ദ്രമായ ആരാധനയ്ക്കും പ്രസംഗത്തിനും ശേഷം ആത്മസംതൃപ്തിയോടെ വീട്ടിലേക്ക് തിരിച്ചു.

രാവിലത്തെ പ്രാതല്‍ തയ്യാര്‍. പെണ്മക്കളും ഉണര്‍ന്ന് കുളിച്ച് പുതിയ ഉടുപ്പുകള്‍ ധരിച്ചിരുന്നു.

ഡൈനിങ് ടേബിളിന്‍ മുന്നില്‍ എല്ലാവരും ഒത്ത് കൂടി. പ്രാതലിന് ഞങ്ങള്‍ മാത്രം. പത്തിരിയും കോഴിക്കറിയും. ഭാര്യയോടും മക്കളോടുമൊത്തുള്ള ഈ നിമിഷങ്ങള്‍ മാത്രം മതി പെരുന്നാളിനെ അമൂല്യമാക്കാന്‍.

ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ഡോര്‍ ബെല്‍ ശബ്ദിച്ചു. മകള്‍ ചെന്ന് വാതില്‍ തുറന്നു നോക്കി

“ ഐ തിങ്ക്…എ ബെഗ്ഗെര്‍…..”

“ഊ..ഹും..” മകളെ വിലക്കി. “ സക്കാത്ത് വാങ്ങാന്‍ വന്നവരെ ബെഗ്ഗെര്‍ എന്ന് പറയരുത്. നമ്മള്‍ കൊടുക്കുന്നത് ഭിക്ഷയല്ല. നിര്‍ബന്ധമായും കൊടുക്കേണ്ട പാവപ്പെട്ടവന്‍റെ അവകാശമാണ്. നമ്മള്‍ കൊടുത്തില്ലെങ്കില്‍ അവര്‍ക്കത് പിടിച്ചെടുക്കാന്‍ അവകാശമുണ്ട്. ഓ..ക്കെ..മോളൂ…”

അവള്‍ കുറ്റബോധത്തോടെ തലയാട്ടി.

വീട്ടില്‍ ഉമ്മയും ഇങനെയാണ്. വരുന്നവരെ ശരിക്കും വിചാരണ ചെയ്ത് ഫേയ്ക് അല്ലെന്ന് ഉറപ്പ് വരുത്തിയെ എന്തെങ്കിലും കൊടുക്കൂ. പലപ്പോഴും ഞാന്‍ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ വെക്കേഷ്യനില്‍ നാട്ടില്‍ ചെന്നപ്പോള്‍ തികച്ചും പരിതാപകരമായ ഒരു അനുഭവത്തിന് സാക്ഷിയാകേണ്ടി വന്നു.

ഒരു പുലരിയില്‍ പത്രം വായിച്ച് , ഒരു ചായയും കുറേശെ കുടിച്ച് വരാന്തയിലിരിക്കുമ്പോള്‍ ഗേറ്റ് തുറന്ന് ഒരു സ്ത്രീ മുറ്റത്ത് വന്നു. മുപ്പത് വയസ്സില്‍ കൂടില്ലെങ്കിലും അതിലേറെ അവശത അവരുടെ മുഖത്ത് ഉണ്ടായിരുന്നു. മടിച്ച് മടിച്ച് അവര്‍ കാര്യം പറയുമ്പോഴേക്കും ഉമ്മ ഉമ്മറത്തേക്ക് വന്നു. ഉമ്മയുടെ നിശിതമായ ചോദ്യം ചെയ്യലില്‍ ആ സാധു വാക്കുകള്‍ പോലും വിഴുങ്ങാന്‍ തുടങ്ങി.

ഞങ്ങളുടെ തൊട്ടടുത്ത ഗ്രാമത്തില്‍ ഉള്ളതാണവര്‍. കഷ്ടിച്ച് രണ്ട് കിലൊമീറ്റര്‍ ദൂരത്ത്. അവരുടെ ഭര്‍ത്താവ് അപകടത്തില്‍ പെട്ട് കിടപ്പിലാണെന്നും ചികിത്സക്കുള്ള പണം സ്വരൂപിക്കലാണ് വരവിന്‍റെ ഉദ്ദേശമെന്നും അവര്‍ ബുദ്ധിമുട്ടി പറഞ്ഞൊപ്പിച്ചു. എന്നാല്‍ ഉമ്മക്ക് ഇതൊന്നും സ്വീകാര്യമല്ല. ഉമ്മക്ക് അറിയാത്തവരെ ഞാനെങ്ങനെ അറിയും. കഥയാണോ സത്യമാണൊ എന്ന ചിന്താകുഴപ്പത്തില്‍ ഞാന്‍ ഇരിക്കുമ്പോള്‍ ഉമ്മയുടെ ശബ്ദം.

“ഗള്‍ഫുകാര്‍ നാട്ടില്‍ വന്നു എന്ന് കേട്ടാല്‍ ഇല്ലാത്ത കഥകളുണ്ടാക്കി വരും..ഓരോരുത്തര്‍…”

ഞാന്‍ ഉമ്മയെ വിലക്കി.

ആ സ്ത്രീയാണെങ്കില്‍ കണ്ണ് നിറഞ്ഞ് പൊട്ടിക്കരച്ചിലിന്‍റെ വക്കത്താണ്.


ചൂട് വെള്ളത്തില്‍ വീണ പൂച്ചകളെ പോലെയാണ് എന്‍റെ ഉമ്മയടക്കമുള്ള പല ഉമ്മമാരും.


ആ സ്ത്രീയെ സമാധാനിപ്പിച്ച് വെയ്റ്റ് ചെയ്യാന്‍ പറഞ്ഞ് ഞാന്‍ അകത്ത് പോയി. നൂറ് രൂപയെടുത്ത് തിരിച്ച് വരുമ്പോള്‍ ഗേറ്റ് കടന്ന് ബിരിയാണി വെപ്പുകാരി രമണിയേച്ചി വരുന്നു. തറവാട്ടില്‍ ചെന്നപ്പോള്‍ ഉമ്മ ഇവിടെയാണെന്ന് അറിഞ്ഞ് ഉമ്മയെ കാണാന്‍ വന്നതാണ്.

രമണിയേച്ചി ആ സ്ത്രീയെ കണ്ട പാടെ ചോദിച്ചു.

“ഡേ…..ശെരീഫാ…നീയെന്താ…ഈ പുലര്‍ച്ചക്കന്നെ…ഇവിടെ….?”

അവര്‍ ജാള്യത മറക്കാന്‍ ശ്രമിച്ചു. പിന്നെ സാരിത്തലപ്പ് കൊണ്ട് പകുതി മുഖം മറച്ചു. ഉമ്മറപ്പടിയിലിരുന്ന് പൊട്ടിക്കരഞ്ഞു. രമണിയേച്ചി അവരെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.

“സാരല്ലഡേ……നീ കരയണ്ട….”

രമണ്യേച്ചിക്ക് അറിയോ….ഇവരെ….”

അറിയോന്നാ…ഇവര്‍ കുന്നത്ത് ലക്ഷം വീട്ടിലാ താമസം…ന്റ്റെ കൂടെ ബിരിയാണിപ്പണിക്കും വാര്‍പ്പിനും ഒക്കെ വന്നിരുന്നതാ..ഇവള്‍ടെ കെട്ട്യോന്‍. ഒരീസം…വാര്‍പ്പിന്‍റെ പലക തെന്നി വീണതാ…… ദേ….ഇപ്പൊ അടുത്താ..സംഭവം….നട്ടെല്ലിനാത്രെ…ചതവ്…”


എനിക്ക് വല്ലാതെ സങ്കടം വന്നു. രമണ്യേച്ചി തുടര്‍ന്നു.


അവനിവളെ പൊന്ന് പോലെ നോക്ക്യേര്‍ന്നതാ….!! എന്തിന്….. പച്ചക്കറി വാങ്ങാന്‍ പോലും പുറത്തേക്ക് അയച്ചിരുന്നില്ല ഇവളെ…..ആ മോളാ…ഈ കൈ നീട്ടി നിക്കണത്….” രമണ്യേച്ചിയുടെ ശബ്ദമിടറി, കണ്ണുകള്‍ നിറഞ്ഞു.

“ദൈവത്തിന്‍റെ ഓരോ…കളികള്‍. മോനേ ….മനസ്സറിഞ്ഞ് സഹായിക്കണം.“


ഞാന്‍ നൂറ് രൂപാ നോട്ട് പോക്കറ്റില്‍ വെച്ചു. അപ്പോഴത്തെ സാഹചര്യത്തില്‍ പറ്റുന്ന ഒരു തുക കൊടുത്തു. തിരിച്ച് അബുദാബിയിലെത്തിയാല്‍ വേണ്ടത് ചെയ്യാമെന്നും വാക്ക് കൊടുത്തു.


കട്ടളക്കപ്പുറം പമ്മി നില്‍ക്കുന്ന ഉമ്മയോട് പറഞ്ഞു.

“ഉമ്മാ…നമ്മുടെ വീട്ട്പടി കയറി വരുന്നവരെ വെറും കയ്യോടെ പറഞ്ഞയക്കരുത്. അവര്‍ നേരൊ നുണയൊ ആവട്ടെ. അത് അവരുടെ കബറിലേക്ക്. നമ്മള്‍ ചെയ്യുന്ന നന്മ നമ്മുടെ കബറിലേക്കും.”


കത്തിത്തീരാറായ സിഗരറ്റ് ഖദീജയാണ് വിരലുകള്‍ക്കിടയില്‍ നിന്ന് എടുത്ത് കളഞ്ഞത്.

“എന്താ ആലോയ്ക്കണത്….? ഭക്ഷണം കഴിഞ്ഞാല്‍ പുറത്ത് പോണ്ടെ…?“

“ഊം…പോകാം. “

പെരുന്നാള്‍ സദ്യക്ക് ശേഷം ഒരു ഔട്ടിങ്ങ്.

അതിഥികളെല്ലാം ഭക്ഷണശേഷം യാത്ര പറഞ്ഞ് പിരിഞ്ഞു. ഗള്‍ഫ് ജീവിതം സമ്മാനിച്ച പതിവുകളിലൊന്ന് – ഉച്ചയുറക്കം – പലരേയും യാത്ര പറയാന്‍ ധൃതി വെപ്പിച്ചു. ഒരു കണക്കിന് നന്നായി. ചെറിയൊരു വിശ്രമശേഷം പുറത്ത് പോകാം.


കോര്‍ണേഷ് പാര്‍ക്കില്‍ തിരക്കിന്‍ കുറവില്ല.

സെപ്തംബര്‍ ആദ്യവാരം കഴിഞ്ഞിട്ടും ചൂടിന്‍റെ കാഠിന്യം കുറഞ്ഞിട്ടില്ല. എങ്കിലും ബീച്ചിലും പാര്‍ക്കിലും ജനത്തിരക്ക് കൂടി വരുന്നത് കാണുമ്പോള്‍ കോര്‍ണേഷ് സന്ദര്‍ശനം ഒഴിച്ച് കൂടാനാവാത്ത ഒരു അനുഷ്ഠാനം പോലെ തോന്നി.

ഉഷ്ണം ഘനീഭവിച്ച് നില്‍ക്കുന്ന ആകാശച്ചരുവുകളില്‍ വിളറിയ ചിരി പോലെ സൂര്യന്‍. സായാഹ്നവും പിന്നിട്ടിരിക്കുന്നു. ഭംഗിയില്ലാത്ത അസ്തമയം നോക്കി ബീച്ചിലെ കൈവരിയില്‍ കൈകളൂന്നി ആളുകള്‍ നില്‍ക്കുന്നു. നിര്‍വ്വികാരത മാത്രം വായിച്ചെടുക്കാവുന്ന മുഖങ്ങള്‍. അതില്‍ ഏറിയ പങ്കും മലയാളികളാണ്.


കടലാഴങ്ങളിലെ പവിഴപ്പുറ്റുകളെയോ..കുമിഞ്ഞ് കിടക്കുന്ന ചിപ്പികളേയൊ..അതിനുള്ളിലെ മുത്തുകളേയോ..കുറിച്ചായിരിക്കില്ല അവര്‍ ചിന്തിക്കുന്നത്. കടല്‍ തിരകള്‍ക്ക് മുകളിലെ യാത്രക്കിടയിലെവിടെയൊ കളഞ്ഞ് പോയ സ്വന്തം ജീവിതച്ചിപ്പിയിലെ മുത്തുകളെ ഓര്‍ത്ത് മനസ്സില്‍ കരയുകയാവാം അവര്‍. ശൂന്യതയിലേക്ക് വെറുതെ നോക്കുന്നവര്‍ എന്ന് നമ്മുക്ക് തോന്നുമ്പോഴും പലയാവര്‍ത്തി വായിച്ച് തീര്‍ത്ത നഷ്ടസ്വപനങ്ങളുടെ ഗ്രന്ഥശേഖരം ഹൃദയത്തില്‍ സൂക്ഷിക്കുന്നു അവര്‍.


ഞങ്ങള്‍ നടത്തം നിര്‍ത്തി അല്പം തിരക്കൊഴിഞ്ഞ ഒരിടത്ത് ഇരുന്നു. കുട്ടികള്‍ കണ്ണെത്തും ദൂരത്ത് പല കളികളിലും ഇഴ ചേര്‍ന്നു.


മുന്നിലൂടെ രണ്ട് തവണയായി അയാള്‍ കടന്ന് പോകുന്നു. കയ്യിലെ പ്ലാസ്റ്റിക്‍ ബാഗില്‍ കുമ്പിളിലാക്കിയ കപ്പലണ്ടിയും കടലയുമാണ്. ഒരു കയ്യില്‍ ചിപ്സുമുണ്ട്. അധികം ഉച്ചത്തിലല്ലാതെ അയാള്‍ ചോദിക്കുന്നുമുണ്ട്..

“കപ്പലണ്ടീ..കടലാ….ചിപ്സ്……?” ഇടക്കിടക്ക് ഉര്‍ദുവിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. ചിലരൊക്കെ വാങ്ങുന്നുമുണ്ട്.

വളരെ തേജസ്സുള്ള മുഖമുള്ള ഒരു മനുഷ്യന്‍.

ഇയാളെ ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ട്. ശരിയാണ്. എല്ലാ നമസ്കാര വേളകളിലും നമസ്കാരശേഷം പള്ളിയുടെ പടവുകളിലെ മുകളിലത്തെ പടിയില്‍ അയാള്‍ ഇരിക്കാറുണ്ട്.

അപ്പോഴൊക്കെ ഞാന്‍ കരുതിയത് അയാള്‍ മാര്‍ക്കറ്റിലെ ഏതെങ്കിലും ചെറിയ കച്ചവടക്കാരനായിരിക്കുമെന്നാണ്. എപ്പോഴും വെളുത്ത കുപ്പായവും ഒരു ചാരനിറമുള്ള പാന്‍റ്സും ധരിച്ചാണ് കണ്ടിട്ടുള്ളത്. ഇപ്പോഴും അത് തന്നെ വസ്ത്രം. തലയില്‍ ഒരു തൊപ്പിയുമുണ്ട്. മേല്‍മീശ നേരിയതാക്കി വെട്ടിയിരിക്കുന്നു. താടിയുണ്ട്. ഒരു വിശ്വാസിയുടെ തേജസ്സ് ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കാവുന്ന ഒരു മനുഷ്യന്‍.

ഞാനിത്രയും കാര്യങ്ങള്‍ ഭാര്യയോടും പങ്കുവെച്ചു.

“മാര്‍ക്കറ്റില്‍ കച്ചവടം ഉണ്ടെങ്കില്‍ ഇവിടിങ്ങനെ കപ്പലണ്ടി വിക്കാന്‍ വരോ…?“

അവളുടെ സംശയവും നേര് തന്നെ.


അസ്തമയം കഴിഞ്ഞതും ഇരുള്‍ പരന്നതും കോര്‍ണേഷില്‍ ആരും അറിഞ്ഞില്ലെന്ന് തോന്നുന്നു. വെളിച്ചം പരന്നൊഴുകുന്ന ഈ നഗരങ്ങള്‍ക്ക് പകലിരവിന്‍റെ വ്യത്യാസമെവിടെ..?

കുറച്ച് മാറി സിമന്‍റ് ബെഞ്ചിലിരിക്കുകയാണ് അയാള്‍. ഇടക്ക് അതി കടന്ന് പോകുന്നവരോട് കപ്പലണ്ടി വേണൊ എന്ന് ചോദിക്കുന്നുമുണ്ട്. ആരും വാങ്ങാതെ കടന്നു പോകുമ്പോഴും അയാള്‍ അത് തന്നെ ആവര്‍ത്തിക്കുന്നു.

പിന്നെ അയാള്‍ ബെഞ്ചില്‍ ചാരിയിരുന്നു. വിയര്‍പ്പ് ഉറുമാല്‍ കൊണ്ട് തുടച്ചു. ഇടക്ക് മൂക്കും പിഴിയുന്നുണ്ട്. കണ്ണടയൂരി കണ്ണുകള്‍ തുടക്കുന്നത് കണ്ടപ്പോഴാണ് അയാള്‍ കരയുകയാണെന്ന് മനസ്സിലായത്.

ഖദീജയും അത് ശ്രദ്ധിച്ചിരുന്നു. കൈ കൊട്ടി അയാളെ വിളിച്ചു.

പ്രതീക്ഷയോടെ അയാള്‍ വന്നു. അഞ്ച് കുമ്പിള്‍ കപ്പലണ്ടി വാങ്ങി.

പൈസ വേടിച്ച് തിരിച്ച് നടക്കാന്‍ തുടങ്ങുന്ന അയാളോട് ചോദിച്ചു.


“ഇക്കയെ ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ട്, പള്ളിയില്‍ വെച്ച്.”


“അതെയോ…?”


“ഇതെന്താ… ഇന്ന് പെരുന്നാളായിട്ടും കച്ചവടം തന്ന്യാ…?”

അയാള്‍ ചിരിച്ചു. ദൈന്യതയാര്‍ന്ന ചിരി.


“ഞമ്മക്കൊക്കെ ന്ത്…പെരുന്നാളാ..മോനെ…?“ അത് പറഞ്ഞ് അടുത്ത് കൂടെ കടന്നു പോയവരെ നോക്കി കപ്പലണ്ടി….കടലാ…..ചിപ്സ്…എന്ന പല്ലവി ഉരുവിട്ടു.

“കുറെ കാലമായൊ..ഇവിടെ…?“

അയാള്‍ ഞങ്ങള്‍ക്കൊപ്പമിരുന്നു. പിന്നെ പറഞ്ഞു.

“പത്ത് മുപ്പത് കൊല്ലായി.“

മുപ്പത് കൊല്ലമായി ഗള്‍ഫില്‍ കഴിഞ്ഞിട്ടും ഇന്നും കപ്പലണ്ടി വില്‍ക്കുന്ന ഇയാള്‍ ഒരു അത്ഭുതമായി തോന്നി.

“ബോമ്പായീന്ന്…ലാഞ്ചില്‍ വന്നതാ….പഠിപ്പും വെവരോം ഇല്ലാത്ത ഞമ്മക്ക് എന്ത് പണി കിട്ടാനാ…? കൊറെ അറബിവീട്ടില്‍ നിന്നു. കച്ചോടം ചെയ്ത്…ഒന്നും രക്ഷപ്പെട്ടില്ല. ദേ…ഇപ്പഴും ഇങ്ങനെ….ഈനിടേല്…രണ്ട് മക്കളെ കെട്ടിച്ചയച്ച്…… അതന്നെ ഒരു കാര്യം….“

“ആണ്മക്കളില്ലെ…?” ഖദീജയുടേതായിരുന്നു ചോദ്യം.

അയാളുടെ കണ്ണുകള്‍ നിറഞ്ഞു. “ ഉണ്ടായിരുന്നു. പതിനാറാം വയസ്സില്‍ മരിച്ചു. ഹേതൂന് ഒരു പനി….!!

കുറച്ച് നേരത്തെ മൌനത്തിന് ശേഷം അയാള്‍ തുടര്‍ന്നു.

“ഇനീം ണ്ട്…രണ്ട് പെണ്‍കുട്ട്യോള്… അവരെ കൂടി കെട്ടിച്ചയക്കണം….അത് വരെ ഇങ്ങനെയൊക്കെ….പോണം…..”


അയാള്‍ പ്ലാസ്റ്റിക് ബാഗുകളെടുത്ത് എഴുന്നേറ്റു.


“ന്റ്റെ പെരേല്‍ രണ്ടീസം കയ്ഞ്ഞാ…പെരുന്നാള്‍…..!! ഇന്നും നാളേം ഒക്കെ ഇത് വിറ്റ് കിട്ടണ കായി അയച്ചിട്ട് വേണം…ഓര്‍ക്ക് പെരുന്നാച്ചോറ് തിന്നാന്‍.”

എത്ര നിര്‍ബന്ധിച്ചിട്ടും ഞാന്‍ നീട്ടിയ നൂറ് ദിര്‍ഹംസ് അയാള്‍ വാങ്ങിച്ചില്ല.

“വേണ്ട മോനെ …..പടച്ചോന്‍ ങ്ങളെ അനുഗ്രഹിക്കും.”

കപ്പലണ്ടി…കടലാ…ചിപ്സ്……

ആ വിളി ഉയര്‍ന്നും താഴ്ന്നും ഇടക്കിടെ കാറ്റിനൊപ്പം കാതില്‍ വീണിരുന്നു.

ഈ റമദാനില്‍ എത്രയോ ദാനം ചെയ്തു. സംഘടനകള്‍ക്ക് , വ്യക്തികള്‍ക്ക്, യത്തീം ഖാനകള്‍ക്ക്….അങ്ങനെയങ്ങനെ….

കണ്മുന്നില്‍ കഷ്ടപ്പെടുന്നവരെ തിരിച്ചറിയാനായില്ലല്ലൊ…സഹായിക്കാനായില്ലല്ലൊ..എന്ന ആകുലത വീട്ടിലെത്തിയിട്ടും എന്നെ അസ്വസ്ഥനാക്കിയിരുന്നു.

6 comments:

 1. പെരുന്നാള്‍ ആശംസകള്‍. ഇത് മനസ്സില്‍ തട്ടി.

  ReplyDelete
 2. പെരുന്നാള്‍ ആശംസകള്‍.
  ഒരികല്‍ കൂടി വായിച്ചു

  അങ്ങോട്ട് ഒക്കെ ഒന്ന് വാ

  ReplyDelete
 3. കണ്മുന്‍പില്‍ കാണാതെ പോകുന്ന എത്രയെത്ര ത്യാഗജീവിതങ്ങള്‍ ഇങ്ങനെ.
  ശരിക്കും ഉള്ളില്‍ തട്ടി.
  പെരുന്നാള്‍ ആശംസകള്‍.

  ReplyDelete
 4. തെച്ചിക്കോടനും ഡിയറിനും ഏറനാടനും നന്ദി.
  വീണ്ടൂം വരിക.

  ReplyDelete
 5. മനോഹരമായിരിക്കുന്നു..

  ReplyDelete
 6. വായന അല്പം വൈകി, കല ചക്രം രണ്ടു മാസം തിരിഞ്ഞു ബലി പെരുന്നാളായി...എങ്കിലും വായിച്ചു...ആഘോഷങ്ങല്‍ക്കിടയിലും പാവങ്ങളെ പറ്റി ഓര്‍ക്കുന്ന മഹാമനസ്സിനു അള്ളാഹു പ്രതിഫലം നല്‍കട്ടെ..വരാനിരിക്കുന്ന ബലി പെരുന്നാള്‍ ആശംസകള്‍.!

  ReplyDelete