Tuesday, August 9, 2011

ഭ്രാന്തിന്‍റെ പെരുവഴികള്‍..( കവിത )

അമ്മ പറയുന്നു;

ചിന്തിക്കാതിരിക്കുമ്പോള്‍

ഞാന്‍ ബുദ്ധിമാനാണെന്ന്..!

ചിന്തകള്‍ക്കൊടുവിലാണത്രെ

ഞാന്‍ ഭ്രാന്തനാകുന്നത്..!!

ദൃശ്യങ്ങളിലെ ഒബാമയും

ശ്രവ്യങ്ങളിലെ കുരകളും

തലച്ചോറ്‌ തിന്നപ്പോള്‍

ടെലിവിഷന്‍ തറയിലെറിഞ്ഞത്

ഭ്രാന്താണോ…….?!!!



കട്ടിലിലെന്‍ ചാരത്തുള്ളവള്‍

ഭരണകൂടഭീകരതയുടെ ചാരയാണ്..!

പോരുകള്‍ കണ്ട് പോരെടുക്കുന്നവള്‍

പേറിനും പരിധി പറയുന്നവള്‍..!

സ്വസ്ഥം, ശാന്തം നിരുപദ്രവം

സുഷുപ്തി പുല്‍കുമെന്നെ നോക്കി

ചതിയന്‍, ദുഷ്ടനെന്ന് പുലമ്പുന്നവള്‍

ചിന്തകളില്‍ പെറ്റിബൂര്‍ഷ്വ തന്നെ.

പൊരുന്നിക്കിടക്കുമെന്നില്‍ മെയ്യുരുമ്മി

അധിനിവേശത്തിന് പ്രേരിപ്പിക്കുന്നവള്‍

അമേരിക്കന്‍ ചാരയല്ലാതാര്….?



ചീറിപ്പാഞ്ഞ് നിപതിക്കും

തീ തുപ്പും മിസൈലുകള്‍,

തകരുന്ന കെട്ടിടങ്ങള്‍,

കണ്‍കുഴികളിലെയിരുട്ടില്‍

കണ്ണീരായ് രക്തം പെയ്യുന്നവര്‍.

ഉടലില്‍, പാതയില്‍ സര്‍വ്വത്ര രക്തം.

പിന്നെയും തെളിയുന്ന സ്ക്രീനില്‍

ചിരിക്കുന്ന മുഖങ്ങളുടെ

നയതന്ത്ര ചര്‍ച്ചകള്‍, ആശ്ലേഷങ്ങള്‍.



രക്തസ്രാവമൊരു കൈയ്യാലമര്‍ത്തി

മറുകൈയ്യാല്‍ കല്ലെറിയും ജനത.

തക്ബീര്‍ എഴുതിയ പച്ചയില്‍

പൊതിഞ്ഞെടുക്കുന്ന ജനാസകള്‍.



പരതിയൊരു കല്ലിനായിരുട്ടില്‍

തകരണമൊരു ജൂതന്‍റെ തലയെങ്കിലും…

ആഞ്ഞൊരേറ്‌…!! അല്ലാഹു അക്ബര്‍..!!

“അധിനിവേശകര്‍ ചത്ത് തുലയട്ടെ..!”



“ഈ കാലമാടന്‍ മുടിഞ്ഞ് പോട്ടെ…”

ഇരു കൈയ്യാല്‍ തലയമര്‍ത്തി

വാര്‍ന്നൊഴുകുന്ന ചോരയിലേക്ക്

ഊര്‍ന്നൂര്‍ന്ന് വീഴുന്നൊരുത്തി..!

അമ്മ പറയുന്നു;

ചിന്തകള്‍ക്കൊടുവിലത്രെ ഞാന്‍

ഭ്രാന്തനാകുന്നത്.

ഇനി നിങ്ങളുടെ ഊഴം.

9 comments:

  1. ഭ്രാന്തില്ലാതെ ജീവിക്കാന്‍ പ്രയാസമാണ് ചിന്തിക്കന്ന ഒരാള്‍ക്ക് !

    ReplyDelete
  2. ഇവനെന്നേം കൊണ്ടെ പോകൂ...


    സൈനുദ്ദീന്‍ ഖുറൈഷി

    ReplyDelete
  3. ചിന്തിക്കാതിരിക്കുമ്പോള്‍

    ഞാന്‍ ബുദ്ധിമാനാണെന്ന്..!
    സത്യം

    ReplyDelete
  4. അതേ,ചിന്തിക്കാന്‍ പോയാല്‍ ഭ്രാന്തെടുക്കും എന്നത് സത്യം തന്നെ...
    കവിത നന്നായീ ട്ടോ...

    ReplyDelete
  5. ഭ്രാന്ത്‌ അളവില്‍ കവിഞ്ഞാല്‍ മാത്രമാണ് അപകടം. നിയന്ത്രിതമായ തോതില്‍ ഭ്രാന്ത്‌ ചിന്തകളെ ഉത്തേജിതമാക്കും.

    ReplyDelete
  6. നല്ല അഭിപ്രായമാണ് കുഞ്ഞൂസിന്‍റേതും ഏറനാടന്‍റേയും. അതായത് നിങ്ങളും ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു......................
    ഈ ഭാഗം നിങ്ങള്‍ തന്നെ പൂരിപ്പിക്കുക.

    നന്ദി.
    സൈനുദ്ദീന്‍ ഖുറൈഷി

    ReplyDelete
  7. അല്പം ഭ്രാന്ത് ഇല്ലാത്തവർ ആരുമുണ്ടാകില്ല. അത് ചില സന്ദർഭങ്ങളിലേ പുറത്തു വരൂ എന്നു മാത്രം. അല്ല നമ്മൾ ഈ കഥയും കവിതയും ഒക്കെ എഴുതുന്നതുതന്നെ ഒരു തരം ഭ്രാന്തല്ലേ? മറ്റാർക്കും തോന്നാത്ത ഒരു അസുഖം. ആകെ മൊത്തം ടോട്ടൽ നോക്കുമ്പോൾ ലോകത്തുള്ള എല്ല്ലാത്തിനും വട്ടാണെന്നേ!

    വായന അടയാ‍ളപ്പെടുത്തുന്നു.ആഗോള പ്രശ്നങ്ങൾ ഒക്കെയുണ്ടല്ലോ; ചിന്തോദ്ദീപകമായ വരികൾ! ആശംസകൾ!

    ReplyDelete
  8. എന്റെ ഭ്രാന്തിനുള്ള ഔഷധമാണ് എന്റെ കവിത എന്ന് ആരോ പറഞ്ഞിട്ടില്ലേ ... ഇല്ലേ ... ഇല്ലെങ്കില്‍ വേണ്ട ...
    എന്തായാലും കവിത ബെസ്റ്റ് ...ആശംസകള്‍ ..

    ReplyDelete
  9. ഞാനുമൊരു ഭ്രാന്തനാണ്‌...

    ReplyDelete