Friday, August 21, 2009

കടല്‍ കടന്നവര്‍ (കവിത)


തമോസാഗരത്തിനാഴങ്ങളില്‍ നിന്ന്

പകല്‍ക്കടലിന്‍ തീരങ്ങളില്‍ നിന്ന്

ആടലോടിരമ്പുമനന്തമാം കടലുമായ്

കടല്‍ കടന്ന തുഴയറിയാ അരയന്മാര്‍.


പുകയ്ക്കായ് പുകയുന്നടുപ്പും - മണ്‍

കലത്തില്‍ തിളയ്ക്കും വിശപ്പും - കണ്‍

തലക്കലൊട്ടിയ പുളിപ്പും - കോണില്‍

വയറൊട്ടിയുറങ്ങും പൈതങ്ങളും.....


മൂന്ന് കല്ലിനു മുന്നില്‍

കണ്ട് തീര്‍ന്ന കിനാചിത്രങ്ങളില്‍

തുണ്ട് പോലൊരു വട്ടമെങ്കിലും

പുതുവെട്ടം തിരഞ്ഞറുതിയില്‍

ചങ്ക് നനയ്ക്കാനുമിനീരു മാത്രമായ്

ചാണകത്തറയിലവളും....


എണ്ണയൊഴിഞ്ഞ വിളക്കില്‍ കരിന്തിരി-

കത്തിയമര്‍ന്നു പാതിയില്‍ മരവിച്ച

തിരികളും, പൂര്‍വ്വ പ്രതാപസ്മൃതികളാം

കരിഞ്ഞ പ്രാണികള്‍ തന്നവശിഷ്ടങ്ങളും....


ഏതേതു മുജ്ജന്മ സുകൃതക്ഷയങ്ങളെ

തൊട്ടുതൊട്ട് കണക്കുകള്‍ തിട്ടമില്ലാക്കളങ്ങളെ

പലവുരു മായ്ച്ചുമെഴുതിയുമിനിയുമെത്ര

കടലുകള്‍ താണ്ടണമരച്ചാണ്‍

വയറിനെ പ്രണയിച്ച തെറ്റിനായ്......?!


മാറോടണച്ചൊരു വീര്‍പ്പാല്‍ പൊതിഞ്ഞ്

നെറ്റിയില്‍, മൂര്‍ദ്ധാവിലും വിവര്‍ണ്ണമാം

കപോലങ്ങളിലുമാര്‍ദ്രമായ് മുത്തി,

കണ്ണെത്തും വഴിയോളം നോട്ടമെറിഞ്ഞ്

ഒരു നാളുമടയാകണ്ണിലൊരു കരുതലും

കദനക്കടലുമായിരുള്‍ക്കടലിലേക്കിറങ്ങി

കടലുകള്‍ താണ്ടിയവരെത്ര..?നിറഹസ്തങ്ങളാല്‍

ചുഴി വിഴുങ്ങാതെ മടങ്ങിയവരെത്ര...?


ദ്രവ്യത്തുരുത്തിലാകാശ ഗോപുരങ്ങള്‍ക്കടിയില്‍

പശിയൊടുങ്ങാ വയറുകളുടെ പരാതിപ്പെട്ടികള്‍.

കടലാസു തുണ്ടിലൊരു കുറിമാനവും കാത്ത്

ഒരേയാകാശവുമൊരേ സൂര്യനുമൊരേ തിങ്കളും

ഒരേ നക്ഷ്ത്രജാലവുമിരവും പകലുമൊരേ

ഈറന്‍ മിഴികളാല്‍ കണ്ടന്യോന്യം കാണാതെ

ചത്ത സ്വപ്നങ്ങള്‍ തന്‍ മരവിച്ച ജഡവുമായിരു

ധ്രുവങ്ങളില്‍ കടലെടുക്കും ഹതജന്മങ്ങള്‍ നാം!!

3 comments:

  1. ചാണകത്തറയിലവളും....
    എണ്ണയൊഴിഞ്ഞ വിളക്കില്‍ കരിന്തിരി-
    കത്തിയമര്‍ന്നു പാതിയില്‍ മരവിച്ച
    തിരികളും, പൂര്‍വ്വ പ്രതാപസ്മൃതികളാം
    കരിഞ്ഞ പ്രാണികള്‍ തന്നവശിഷ്ടങ്ങളും....
    നല്ല വരികള്‍ ആശംസകള്‍

    ReplyDelete
  2. Thnaks Mr. paavappettavan & pallikkuLam for reading
    Quraishi

    ReplyDelete