Sunday, November 22, 2009

ഇത് മരുഭൂമിയാണ്!! ( കവിത) സൈനുധീന്‍ ഖുറൈഷി




ഇത് മരുഭൂമിയാണ്.
ഫലഭൂയിഷ്ടമായ മരുഭൂമി..!!
ഭൂഗര്‍ഭങ്ങളില്‍ തിളയ്ക്കും
ഇന്ധനവിത്തുകള്‍ മുളച്ച്
അംബര ചുംബികളാം
കൃശസ്തൂപങ്ങള്‍ വളരും
വളക്കൂറുള്ള മരുഭൂമി..!!

സൈകത നടുവില്‍
മണല്‍കാറ്റ് തിന്ന
ഖാഫിലകളിലെ മനുഷ്യരും
സമതലങ്ങളിലാണ്ടു പോയ
മരുക്കപ്പലുകളും
പരിവൃത്തികളില്‍ തീര്‍ത്ത
ഒറ്റമരങ്ങള്‍ വെയില്‍ കായും
ഉര്‍വ്വരമാം മരുഭൂമി..!!

മുന്‍പേ ഗമിച്ചവര്‍
ജപിച്ചു തുപ്പിയ മന്ത്രങ്ങളില്‍
അധീനരാം ജിന്നുകളാല്‍
മണ്ണിനടിയിലെ നിധികുംഭങ്ങള്‍
തിരഞ്ഞ് തിരഞ്ഞ്
മണ്ണ് മൂടിയവരുടെയും
കുടങ്ങള്‍ കുഴിച്ചെടുത്ത്
മകുടങ്ങള്‍ ചൂടിയവരുടെയും
വളക്കൂറുള്ള മരുഭൂമി.!!

നിലാവ് പെയ്ത് തിളങ്ങും
ഗന്ധകത്തരികളും
പശ്ചിമസീമകളിലാകാശ-
ച്ചരുവികളിലടര്‍ന്നു വീഴും
മണ്ണിനസ്പര്‍ശമാമുള്‍ക്കകളും,
കിനാവായ് കണ്ട് കൊതിച്ച്
കടല്‍ നീന്തിയവരുടെ തേങ്ങലും,
കണ്ണീരു, മവര്‍ക്കു പിറകെ
അശരീരിയാം പ്രാര്‍ത്ഥനകളും
പിടഞ്ഞൊടുങ്ങിയ, സ്വപ്നങ്ങള്‍
പിന്നെയും പൂക്കുന്ന
വളക്കൂറുള്ള മരുഭൂമി!!

2 comments:

  1. nalla kavitha.. vivarthanathilum varikalk moorchayunt

    ReplyDelete
  2. ജുനയ്ദിന് നന്ദി.
    വിവര്‍ത്തനത്തിലും എന്നത് കൊണ്ട് എന്താണ് ജുനൈത് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.

    ReplyDelete