Tuesday, November 17, 2009

മീസാന്‍ കല്ലുകള്‍ ( ചെറുകഥ )

പള്ളി മിനാരത്തിലെ തുരുമ്പെടുത്ത പഴയ ലൌഡ് സ്പീകറിലൂടെ മുക്രിയുടെ അതേ പഴയ ഈണത്തിലുള്ള ബാങ്ക് വിളി. പള്ളിയുടെ മച്ചില്‍ ചിറകൊതുക്കുന്ന പ്രാവുകള്‍ ഒരു അനുഷ്ടാനമെന്നോണം ചിറകടിച്ചുയര്‍്ന്നു. പിന്നെ അതാതിടങ്ങളില്‍ ഒതുങ്ങിക്കൂടി.

നിബിഡമായി വളര്‍ന്നു നില്ക്കുന്ന പള്ളിക്കാട്ടില്‍ ഇരുട്ട് എപ്പോഴെ സ്ഥാനം പിടിച്ചിരിക്കുന്നു. തല ഉയര്‍ത്തി നില്ക്കുന്ന ചെറുതും വലുതുമായ വൃക്ഷ ശിഖരങ്ങളില്‍ സംതൃപ്തിയുടെ പാട്ടു പാടുന്ന പക്ഷികളുടെ ആരവം. താഴെ നാമലേഖനം ചെയ്യപ്പെട്ട സ്മാരക ശിലകള്‍!

ഒരു ആയുസ്സ് മുഴുവന്‍ പ്രാരബ്ധങ്ങളുടെ ഭാരവും പേറി തളര്‍ന്നു വീണ കുറെ മനുഷ്യ ജന്മങ്ങള്‍ക്ക് മേല്‍ തിരിച്ചറിവിനായി നമ്മള്‍ കുഴിച്ചിട്ട മറ്റൊരു ഭാരം! മീസാന്‍ കല്ല്‌!
സംഭവ ബഹുലങ്ങളായ എത്രയോ ജീവിതങ്ങള്‍!
ആരുമറിയാതെ പോയ എത്രയോ നിശ്ശബ്ദ ജീവിതങ്ങള്‍!എല്ലാം മൂകസാക്ഷികളായ ഈ മീസാന്‍ കല്ലുകള്‍ക്ക് താഴെ..

അന്തിച്ചോപ്പ്‌ മാഞ്ഞു കഴിഞ്ഞു.
നമസക്കാരം കഴിഞ്ഞു ആളുകള്‍ പിരിഞ്ഞു.
നേരമിത്രയായിട്ടും അവരെന്തേ എത്തിയില്ല ..!?
ദുരിതങ്ങള്‍ക്ക് മീതെ അലോസരപ്പെടുത്താന്‍ ഏകാന്തതയുടെ സമ്മര്‍ദം കൂടിയാകുമ്പോള്‍ തീരെ അസഹനീയമാകുന്നു ജീവിതം. കൂജയില്‍ നിന്നു തണുത്ത വെള്ളമെടുത്തു ഒരു കവിള്‍ കുടിച്ചു. പിന്നെ നിരത്തിലെ ഇരുട്ടിലേക്ക് മിഴികളൂന്നി ചാഞ്ഞു കിടന്നു.
കഴിഞ്ഞ നാല്പത്തി രണ്ടു കൊല്ലം. നാല്പത്തി രണ്ടു വയസ്സ്..
ഒരു മനുഷ്യായുസ്സു കണക്കാക്കുമ്പോള്‍ വളരെ കുറഞ്ഞ കാലയളവ്. പക്ഷെ തന്റെ ജീവിതത്തില്‍ ഒരു എമ്പതുകാരന്റെ നിസ്സഹായതയിലേക്ക് വലിച്ചെറിയപ്പെട്ട കാലം.
ഇന്നലെ കഴിഞ്ഞത് പോലെ അനുഭവങ്ങള്‍ ഒന്നൊന്നായി മനസ്സിലേക്ക് ഓടിയെത്തുന്നു. ചിത്ര ശലഭത്തെ പോലെ വര്‍ണ്ണങ്ങള്‍ തേടി നടന്ന കൌമാരം. യൌവ്വനത്തിന്റെ പ്രാരംഭ ദശയില്‍ തന്നെ അറേബ്യന്‍ മണലാരണ്യത്തിലേക്ക് പറിച്ചു നടപ്പെട്ട ജീവിതം. കോണ്ക്രീറ്റ് സൌധങ്ങളിലെ ചുവരുകള്‍ക്കുള്ളില്‍ മനുഷ്യ നിര്‍മ്മിതമായ സുഖ ലോലുപതകളില്‍ ഗൃഹാതുരത്വം മറക്കാന്‍ ശ്രമിച്ച നാളുകള്‍. ബാധ്യതകളുടെ ഭാണ്ഡങ്ങള്‍ ഒന്നൊന്നായി ചുമലേറുംപോഴും സംതൃപ്തിയുടെ മധുരം നുകര്‍ന്ന് അകാല നര ബാധിക്കുന്ന മുടിച്ചുരുളുകളില്‍ കറുപ്പ് തേച്ച് ആശ്വസിക്കാന്‍ ശ്രമിച്ച പാവം പ്രവാസി.

വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ആദ്യത്തെ അവധിക്കാലം.
സുഹാനിലെ * ഡിഫെന്‍സ് ക്യാമ്പില്‍ നിന്നായിരുന്നു ആദ്യത്തെ യാത്ര.
ഒരു ജൂണില്‍-
നിമ്നോന്നതങ്ങളായ താപവാഹക മണല്‍ കാടുകളില്‍ നിന്നു വര്‍ഷപാതത്തിന്റെ ഹരിതാഭയിലേക്ക് ആകാംക്ഷയും പ്രത്യാശയും നിറഞ്ഞ മനസ്സുമായി .....
വാര്‍ധക്യം വല്ലാതെ ക്ഷയിപ്പിച്ച ഉമ്മയുടെ നിര്‍ബന്ധമായിരുന്നു വിവാഹം.
നേരിയ തോതില്‍ മഴ പെയ്തു കൊണ്ടിരുന്ന ഒരു നനഞ്ഞ ദിവസം...ചാറ്റല്‍ മഴയുടെ കുളിര് പോലെ അവള്‍ കടന്നു വന്നു.
മാറ്റങ്ങളുടെ ത്വരിത പ്രയാണം!
ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന് തുടങ്ങിയ ദിനങ്ങള്‍!
ജീവിതത്തിലെ മധുര തരങ്ങളായ ദിനരാത്രങ്ങളെ കണ്ണീര് കൊണ്ടു കഴുകിക്കളയാന്‍ വൃഥാ ശ്രമിച്ചു പടിയിറങ്ങി തിരിഞ്ഞു നോക്കാതെ നടന്നു, പ്രവാസ ജീവിതത്തിന്‍റെ മൂര്‍ത്തമായ വേദനയിലേക്ക്. ഒരിക്കലും അനുഭവപ്പെടാതിരുന്ന ഏതോ പുതിയ വികാര വിക്ഷോഭങ്ങള്‍ക്ക് പണയപ്പെട്ടു പോയി മനസ്സ്. എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിച്ച നാളുകള്‍.

ഓരോ എഴുത്തിലും വിങ്ങിപ്പൊട്ടുന്ന അവളുടെ മനസ്സും കരഞ്ഞു കനം തൂങ്ങിയ കണ്ണുകളും തനിക്ക് കാണാമായിരുന്നു. തുടക്കത്തിലെ ഒറ്റപ്പെട്ടു പോയ അവളുടെ മനസ്സിന്റെ നൊമ്പരം ഓരോ കത്തിലും പ്രതിഫലിച്ചു. ".....പ്രിയപ്പെട്ട ....., ജീവിതം നഷ്ടപ്പെടുത്തി സമ്പാദിച്ചിട്ടു് എന്തിനാ.. ഉള്ളത് കൊണ്ടു സംതൃപ്തരായി നമുക്കിവിടെ കഴിയാം.... ഈ നില തുടര്‍ന്നാ..."
കത്തിലെ വരികള്‍ ഉണ്ടാക്കിയ വേദനയെക്കാള്‍ അവള്‍ക്ക് തന്നോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കുമ്പോള്‍ ഉണ്ടാകുന്ന അഭിമാനമായിരുന്നു ഉള്ളില്‍. പക്ഷെ എടുത്തു ചാടി ഒന്നും ഒന്നും ചെയ്യാനരുതാത്ത പ്രാരബ്ധ കുരുക്കുകളില്‍ കെട്ട് പെട്ടിരുന്നു ജീവിതം. വിവാഹ പ്രായമെത്തിയ സഹോദരിമാര്‍. അവരുടെ വിവാഹം, വിവാഹം കഴിച്ചു കൊടുത്തവരുടെ ..പ്രസവം, കുട്ടികളുടെ പഠനം, അങ്ങനെ അങ്ങനെ ഒരു ഒത്ത കുടുംബത്തിന്റെ സര്‍വ്വ ഭാരവും പേറാന്‍ ഒരേ ഒരു തോള്‍!

സര്‍വം സഹിച്ചു പിടിച്ചു നില്‍ക്കാതെ നിവൃത്തിയില്ലായിരുന്നു. ഉത്തരവാദിത്വങ്ങളില്‍ നിന്നു ഒളിച്ചോടാന്‍ കഴിയില്ലെന്ന് ഉള്ളിലെ വേദന കടിച്ചമര്‍ത്തി കടലാസില്‍ കുറിക്കുമ്പോള്‍ അടര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുള്ളികളാല്‍ അക്ഷരങ്ങള്‍ വികൃതങ്ങളാകുമായിരുന്നു.
അവളുടെ കണ്ണീര് കണ്ടിട്ടാവണം ഒരിക്കല്‍ ഉമ്മ എഴുതി," ....മോനേ..പറ്റുമെങ്കില്‍ ഓളെ യ്യ് കൊണ്ടു പോണം..അയിന്റെ ചെലും കോലോം ... ഇന്നക്കൊണ്ട് കാണാന്‍ പറ്റണില്ല.." അച്ചടക്കമില്ലാതെ നിരത്തി വെച്ച കുറെ അക്ഷരങ്ങള്‍.

അവളുടെ മിക്ക കത്തുകളിലും ഒരു വാചകം ആവര്‍ത്തിച്ചു കൊണ്ടിരുന്നു.കാലാനുസാരിയായ മാറ്റങ്ങള്‍ ശൈലിയില്‍ വന്നുവെന്ന് മാത്രം." മോള്‍ ബാപ്പയെ ചോദിക്കുന്നു.., അവളിപ്പോള്‍ കുറേശെ സംസാരിക്കും.., എന്തിനാ ഇങ്ങനെ അങ്ങുമിങ്ങുമായി കഴിയുന്നത്‌ ? നമുക്കിവിടെ നമ്മുടെ മക്കളോടൊത്തു ഉള്ളത് പോലെ കഴിയാം.."
പ്രായത്തോടൊപ്പം വളര്‍ന്ന പക്വത തന്നെ നിശ്ശബ്ദമായി ചിരിക്കാന്‍ പഠിപ്പിച്ചു. മണ്ടി, ഉള്ളത് രണ്ടും പെണ്‍ മക്കളാണ്. ഇനി അവരുടെ കാര്യം കൂടി നോക്കണ്ടേ..
ബാധ്യതയുടെ ഭാണ്ഡങ്ങള്‍ ഒരിടത്ത് ഒതുക്കി വെച്ച് സ്വന്തമായി എന്തെങ്കിലും സമ്പാദിക്കാം എന്ന ഒരു അവസ്ഥയിലേക്ക് എത്തിയപ്പോഴാണ് അശനിപാതം പോലെ ...
തേര്‍ഡ് മെഡിക്കല്‍ റെജിമെന്റിന്റെ ക്യാമ്പിലായിരുന്നു. കിച്ചെനില്‍ ഉച്ച ഭക്ഷണം തയ്യാറാക്കുമ്പോഴായിരുന്നു..! പാദം മുതല്‍ ശിരസ്സ്‌ വരെ വൈദ്യുതി ഏറ്റ പോലെ.. തലക്കകത്ത് എന്തോ പൊട്ടി പൊളിയുന്നത് പോലെ .. കണ്ണുകളില്‍ ഇരുട്ട് ..പിന്നീടൊന്നും ഓര്‍മയില്ലായിരുന്നു.

ദീര്‍ഘ നാളത്തെ ആശുപത്രി ജീവിതത്തിന്‌ ശേഷം ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു..
"അല്ലാഹു അക്ബര്‍..അല്ലാഹു അക്ബര്‍...."

പള്ളിയില്‍ നിന്നു ഇഷാ ബാങ്ക് വിളിക്കുന്നു.
പള്ളിക്കാട്ടിലെ മീസാന്‍ കല്ലുകളും ദ്രവിച്ചു തീരാറായ മേല്കൂരക്ക് താഴെ ജീവശ്ചവം പോലെ ഈ ചാരു കസേരയില്‍ താനും..ഒരു പോലെ.!!കാലമേറെ ആയിട്ടും ഒരു മീസാന്‍ കല്ലിലേക്ക് കൂട് മാറാന്‍ തനിക്കായില്ലല്ലോ എന്ന് വെറുതെ അയാള്‍ ദുഖിച്ചു.
പുറത്ത് -
നിരത്തില്‍ ഓട്ടോ റിക്ഷയുടെ ശബ്ദം.അവര്‍ വന്നുവെന്ന് തോന്നുന്നു.
"കല്ല്യാണത്തിനു പോയിട്ട് നിങ്ങളെന്തേ ഇത്ര വൈകി ...?" നനുത്ത സ്വരത്തില്‍ വളരെ പതുക്കെയാണ് അയാള്‍ അത് ചോദിച്ചത്.
മക്കള്‍ ഒന്നും പറയാതെ അകത്തേക്ക് പോയി.
"ചടങ്ങുകള്‍ എല്ലാം കഴിയാന്‍ സമയമെടുത്തു.."
"...ന്നാലും.. ഇത്രേം വൈകിയപ്പോ ..
"അവളൊന്നു തറപ്പിച്ചു നോക്കി. പിന്നെ അമര്‍ത്തിച്ചവിട്ടി അകത്തേക്ക് നടന്നു.
ആത്മ രോഷമടക്കി നിസ്സങ്കനായി ചാഞ്ഞു കിടക്കാനെ കഴിഞ്ഞുള്ളു. നിത്യ ദുരിതം ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് കരുതി സ്വയം സമാധാനിക്കാന്‍ പണിപ്പെടുകയായിരുന്നു ഇതു വരെ. അല്ലെങ്കില്‍ അവളെയെന്തിനു കുറ്റപ്പെടുത്തണം? അവളുടെ ആങ്ങളമാരുടെ ചെറിയ വരുമാനത്തിന്റെ ചെറിയൊരംശം പറ്റി ജീവിതം തള്ളി നീക്കുമ്പോള്‍ ആത്മാഭിമാനം നിര്‍മൂല്യമായ ക്ലാവ് പിടിച്ച ഒരു ഓട്ടുപാത്രം മാത്രം.

നിസ്സഹായതയോട് മത്സരിച്ചു തളരവെ ..അകത്തു നിന്നു അവളുടെ അമര്‍ഷ പൂരിതമായ ശബ്ദം...
" ചുരുങ്ങിയ മട്ടിലാണെങ്കിലും യത്തീം ആയതു കൊണ്ടു ആ പെണ്‍ കുട്ടിയുടെ കല്ല്യാണമങ്ങ് നടന്നു..ഇവിടിപ്പോ അതല്ലല്ലോ....ന്റെ മക്കളുടെ ഒരു വിധി.."

തുടര്‍ന്ന് കേള്‍ക്കാനുള്ള കരുത്തില്ലായിരുന്നു. ഉള്ളിലൊരു പിടപ്പ്..ശിരസ്സില്‍ നിന്നു വിയര്‍പ്പ് ഒഴുകി നരച്ച താടിരോമങ്ങള്‍ക്കിടയിലൂടെ ......ദേഹമാസകലം വിയര്‍പ്പില്‍ കുളിച്ചു. സഹിക്കാനാവാത്ത വേദനയില്‍ മനസ്സും ശരീരവും തളര്‍ന്നു. നിശ്ചലമായിരിക്കുന്ന തന്റെ ശരീരത്തിന്റെ വലതു ഭാഗം നോക്കി നിയന്ത്രിക്കാനാവാതെ അയാള്‍ പൊട്ടിക്കരഞ്ഞു. ഉള്ളില്‍ നിന്നു സ്വയമറിയാതെ ഒരേ ഒരു വാക്ക്.
"യാ അല്ലാ ..."
പള്ളി മിനാരത്തിലെ ഉച്ചഭാഷിണി അത് ഏറ്റു പറഞ്ഞു. പള്ളിയുണര്‍ന്നു. പള്ളിക്കാടുണര്‍ന്നു. മീസാന്‍ കല്ലുകള്‍ക്ക് കൂട്ടിരുന്ന കിളിക്കൂട്ടമുണര്‍ന്നു. അയാള്‍ മാത്രം ഉണര്‍ന്നില്ല..!!
പള്ളിക്കാടിന്നോരം ചേര്‍ന്ന് കൂട്ടിയിട്ടിരുന്ന മീസാന്‍ കല്ലുകളില്‍ ഒന്നിലേക്ക് ഒരു ദുരന്ത ജീവിതത്തിന്‍റെ മൂകസാക്ഷിയാവാന്‍ അയാള്‍ യാത്രയായിരുന്നു.
Tags:

9 comments:

  1. കഥ നന്നായി പറഞ്ഞിരിക്കുന്നു ..

    ജീവിതം സമ്മാനിക്കുന്ന ഒട്ടനവധി നിസ്സഹായ മുഹൂർത്തങ്ങൾ!

    ReplyDelete
  2. ." മോള്‍ ബാപ്പയെ ചോദിക്കുന്നു.., അവളിപ്പോള്‍ കുറേശെ സംസാരിക്കും.., എന്തിനാ ഇങ്ങനെ അങ്ങുമിങ്ങുമായി കഴിയുന്നത്‌ ? നമുക്കിവിടെ നമ്മുടെ മക്കളോടൊത്തു ഉള്ളത് പോലെ കഴിയാം.."

    പ്രവാസിയുടെ മനസ്സില്‍ കോറിയിട്ട ചിത്രം ..
    നന്നായി..വായനക്കാരനെ പിടിച്ചിരുത്തുന്ന ശൈലി..
    സൈനുദ്ധീന്‍ ...ആശംസകള്‍....

    ReplyDelete
  3. ഒരു ഗള്‍ഫ്‌ ജീവിതത്തിന്റെ ബാക്കി പത്രം..നന്നായെഴുതി..അവധിക്കാലത്ത്‌ മാത്രം കാണാന്‍ കിട്ടുന്ന അച്ഛനെ കാത്തിരുന്ന ഒരു മകളായിരുന്നു ഞാനും ...

    ReplyDelete
  4. നൊന്തു.
    ഈ വരികൾ ഞാൻ കടമെടുത്തോട്ടെ;?

    ReplyDelete
    Replies
    1. എഴുതി കഴിഞ്ഞപ്പോള്‍ ഇത് പിന്നെ എന്‍റെതല്ല, നിങ്ങളുടേതാണ്.

      Delete