Tuesday, July 19, 2011

പാളങ്ങള്‍ ( കവിത )





ജീവനുകളെ വഹിച്ചുപോം പാളങ്ങള്‍

ജീവിതത്തിനോടൊരു സമദൂരത്തിന്‍റെ

അപ്രിയമാം അകലം പുലമ്പുന്നു..!

ഏകമാനയാനങ്ങളില്‍ തിരക്കിന്‍റെ

കഥ പറയുന്നവ,യെങ്കിലും,

സമാന്തരങ്ങള്‍ക്കിടയിലൊടുക്കത്തെ-

യാത്രയുടെ കാണാകാഴ്ചകള്‍ തിരയുന്നു..!!!



ഇവിടെ ഞാനും നിങ്ങളും തനിച്ചാണ്.

കാഴ്ചയുടെ ഗതിവേഗങ്ങള്‍ക്കപ്പുറം

നിയതമാമൊരു ബിന്ദുവെ കാണാതിരിക്കാം.

കിനാവുകളെ തൊട്ടുതൊട്ട് നടക്കാം

കോര്‍ത്ത് പിടിക്കാനൊരു

കൈതലം മാത്രം തരിക.



യാത്രയുടെ തുടക്കങ്ങളില്‍ നീട്ടിയ

ചെമ്പരത്തിപ്പൂക്കള്‍ ഹൃദയമെന്നും,

പാതിവഴിയില്‍ പകുത്ത് നല്‍കിയതിനെ

ചെമ്പരത്തിയെന്നും മുഖം തിരിക്കല്ലേ..!!



സാങ്കേതികത്തിളക്കത്തില,മ്മയുടെ

ഗര്‍ഭപാത്രത്തിന് വാടകച്ചീട്ട്...!!!

വിയര്‍പ്പ്‌ ‌ കുടിച്ച് കുടിച്ച്

മരുഭൂമികള്‍ പുഷ്പിച്ചു..!!

വേരുകള്‍ ചീഞ്ഞ മരം പോലെ

നീരൊഴിഞ്ഞ മെയ്യും മനവും..!



ദ്വിമുഖമുള്ള പാളങ്ങള്‍ പോലെ

ജീവിതവും വഴി തിരിയുന്നുവോ..!!

മുകളിലെ തിരക്കിനിടയിലും

തേടുകയാണിന്നുമൊരു കൈതലം

ബന്ധങ്ങള്‍ക്ക് പതിച്ചു നല്കിയതിനോടൊപ്പം

എടുക്കാന്‍ മറന്ന് വെച്ചൊരു പണയവസ്തു.

ഓര്‍ക്കാനിടക്കിടെ മനസ്സ് പറഞ്ഞെങ്കിലും

തിരക്കില്‍ കുതറിയകന്നൊരു പ്രണയം.

3 comments:

  1. റെയില്പാളങ്ങളിലൂടെ ജീവിതത്തിന്റെ പാളങ്ങളിലേയ്ക്ക് കൂകിപ്പായുകയാണല്ലോ കവിത! ഓരോ വാഹനങ്ങളിലും യാത്രകൾ സവിശേഷമായ അനുഭവങ്ങളാണ്. വാഹനങ്ങൾ റോഡിലൂടെയും ആകാശത്തിലൂടെയും റെയില്പാളത്തിലൂടെയും ജലപാതയിലൂടെയും ഒക്കെ പായുന്ന നിമിഷങ്ങളിലാണ് പലപ്പോഴും യാത്രക്കാരായ നമ്മുടെ ഓർമ്മകളും അതിവേഗം ഓളവും തിരകളും സുനാമികളുമായി പായുന്നത്. ട്രെയിൻ യാത്ര പ്രത്യേകിച്ചും. കവിതയുടെ അന്തരാർത്ഥങ്ങൾ ട്രെയിനിന്റെ ശബ്ദതാളം പോലെ മുഴങ്ങുന്നുണ്ട്. ആശംസകൾ!

    ReplyDelete
  2. നല്ല കവിത, ഇഷ്ടപ്പെട്ടു.

    ReplyDelete
  3. സജീമിനും യൂസുഫിനും നന്ദി.

    ReplyDelete