Tuesday, September 29, 2009

പ്രണയം കരിമ്പാണ് ....!!!

ചിത്രം : ഗൂഗിള്‍ ഇമേജ്






ശൂന്യതയിലേക്കുള്ള
യാത്രയോ പ്രണയം..?
വിശ്വൈക കവികള്‍
പാടിപ്പുകഴ്ത്തിയ
ജീവന തുടിപ്പുകള്‍
ഈ പ്രണയമോ..?

ശൂന്യതയിലുമൊരു
സത്യമന്വേഷിക്കുന്ന
നേരായ നേരല്ലേ പ്രണയം..?

ഒന്നൊന്നിലെത്തുമ്പോള്‍
സ്വയമന്യരായ് തീരുന്ന
ഉന്മൂലനങ്ങളത്രെ പ്രണയം!

രണ്ടു വൈരുദ്ധ്യങ്ങളെ
ഒന്നാക്കി മാറ്റുന്ന
ചൈതന്യമല്ലേ പ്രണയം..?

പ്രണയം കരിമ്പാണു.
വളരും തോറും നീരു നിറയുന്ന,
മൂക്കും തോറും മധുരമേറുന്ന,
തൊലിയുരിച്ച് നഗ്നമാക്കി
ചവച്ചരച്ച് നീരു കുടിച്ച്
ചണ്ടിയാക്കി തുപ്പുന്ന പ്രണയം..!!!

നാക്കിലൊരു മധുരത്തിന്‍
നനവുള്ള സ്മൃതിയുമായ്
ദ്രവിച്ചു തീരുന്ന ചണ്ടികള്‍
പ്രണയം....!!!


Thursday, September 24, 2009

കോണ്ടം തിയറി ( കവിത ) സൈനുദ്ധീന്‍ ഖുറൈഷി




ഒരു തരുവിന്‍ തനുവില്‍
നീരായിരുന്നു ഞാന്‍
തായ്തടിയുടെ നെഞ്ചു പിളര്‍ത്തി
താഴേയ്ക്കൊരു ചിരട്ടയിലേക്ക്
സ്രവസുഖമറിയാതെ
മെയ്യ് നനച്ച മിഴിനീരിനൊപ്പം....


അയയില്‍ തൂങ്ങിയുമുണങ്ങിയും
ആയത്തിലായി പല രൂപങ്ങളില്‍
യന്ത്രാവേഗങ്ങളില്‍ ചുരുങ്ങിയും
യാന്ത്രികമായലഞ്ഞലഞ്ഞും
ബഹുരൂപങ്ങളായി സ്വയം മാറിയും
കരവിരുതിന്റെ കൈപ്പിടിയില്‍
വിലയേറിയും കുറഞ്ഞും
നിലയില്ലാതസ്തിത്വം തിരഞ്ഞും
നീണ്ടും നിവര്‍ന്നും പരന്നും
നേര്‍ഗതിക്കൊടുവില്‍
നിരാലമ്പമായ് അമര്‍ഷത്തിന്‍
തീപന്തങ്ങളായും അവതരിക്കുന്നു
ഒരമ്മയുടെ മാറുപിളര്‍ന്നെടുത്ത
ഒരിറ്റ് വെളുത്ത പാല്‍.

അവതാരങ്ങളിലൊന്നില്‍
അഗ്രം മുല ഞെട്ടുപോല്‍ ത്രസിക്കും
അതിലോലമാം ഉറയായി
ഉദ്ധരണത്തിനുടലില്‍ ഒട്ടി
നിര്‍വ്വാണത്തിലഴുക്കായി
വലിച്ചെറിയപ്പെടുമ്പൊഴും
ഒരു ഗര്‍ഭപാത്രമുണ്ടായെങ്കിലെന്ന്
വെറുതെ മോഹിക്കുന്നു
പൗരുഷങ്ങളുടെ കരുത്തുകള്‍ക്ക്
കാവലായ പാവമൊരു റബ്ബര്‍ ഉറ.

Sunday, September 13, 2009

വേലികള്‍




തപ്തമീ മണ്ണില്‍ ജീവിതം നട്ടു നാം
വിയര്‍പ്പൊഴിച്ചു നനച്ചു വളര്‍ത്തിയൊരു മരം.
ഭൂഗോളമാകെപ്പടര്‍ന്നതിന്‍ ചില്ലകള്‍
തളിരേകി തണലേകി വളരുന്നതെങ്കിലും
തന്നിലേക്കൊരു പത്രത്തിന്‍ ചെറിയ
തണലു നല്‍കാതെയെന്‍ മനഃക്കാഴ്ച്ചകള്‍
മറച്ചു ശാഖകള്‍; ദൃഷ്ടിയിലിരുട്ടിന്റെ
ഭഗ്ന ചിന്തുകള്‍ പാവുന്നു.........

ആലയാണിതു കരിവാന്റെ
തീയണയാത്തുലയാണിതില്‍
പതം വന്ന ലോഹവും പ്രഹരത്താല്‍
ബഹുരൂപങ്ങളായപരന്റെ കൈകളില്‍
ആയുധമായൊടുവില്‍ തുരുമ്പിന്‍
അധിനിവേശങ്ങളില്‍ നിറം മങ്ങി, പിന്നെയും
പരിവൃത്തികള്‍ക്കായുലകളിലുരുകിയുരുകി
പുനര്‍ജ്ജനിയ്ക്കുന്നു പുതു ശസ്ത്രമായ്....!!!

പരശുഭോഗത്താലുന്മത്തയാം കടല്‍
പെറ്റിട്ട പുളിനങ്ങളില്‍ തീ നടും
പുതുപൗത്രഗണ വിക്രിയകളിലീറയായ്
പിറകൊള്ളുമിനി സംഹാര മൂര്‍ത്തിയായ്
ബലാത്കാരത്തിന്‍ തിക്ത സ്മൃതികളെ
സ്നിഗ്ദ്ധ പീഢനസ്മരണയായയവിറക്കുന്നവള്‍!
നിര്‍നിശിത മഴുവിന്‍ പിടി പോലുമോര്‍മ്മയായ്
നീല ജലാശയ ഗര്‍ഭങ്ങളില്‍ പണ്ടു പണ്ടേ...!!
നിര്‍ദ്ദോഷത്തലകളറുത്ത കുരുതിയുടെ
നിണം വാര്‍ന്നൂര്‍വ്വരമാം നെഞ്ചില്‍
കാളീയമര്‍ദ്ധനമാടിത്തിമര്‍ക്കുന്നു മക്കള്‍!!

ആരെറിഞ്ഞ മഴുവാലറ്റു പോയ് നന്മയുടെ
പ്രണയനിറമുള്ള മൃദു ചെമ്പനീര്‍ ചെടികള്‍..?
ഏതേതു വേലിയേറ്റങ്ങളീ കരകളില്‍
കയ്പ്പു കിനിയുമുപ്പളങ്ങളവശേഷമാക്കി...?
ചോരവീണു കുതിര്‍ന്ന മണ്ണിലങ്കുരിപ്പതു
ചോരനിറമുള്ള പൂക്കളതില്‍ വമിപ്പതു
ചേതനയറ്റയുടലിന്‍ ശവഗന്ധമതെങ്കിലോ
ചാവേറുകള്‍ ചുട്ടെടുത്ത പച്ച മനുഷ്യരും..!!!!
ശൂന്യതയിലാത്മാക്കള്‍ കുമ്പസരിച്ചു
കരയുന്ന കണ്ണീര്‍ മഴയായ് പെയ്യുന്നു.
ഇവനെന്റെ മകനല്ലെന്നുറക്കെ പറഞ്ഞുള്ളില്‍
കരഞ്ഞു ധീര ദേശാഭിമാനിയാമമ്മയും പെയ്യുന്നു.
യാത്രാമൊഴികളവശേഷിപ്പിച്ചു
മറുമൊഴിക്ക് കാതു നല്‍കാതെ
പടിയിറങ്ങിയ പഥികരെ കാത്ത്
പാതയില്‍ മിഴിനട്ട് കണ്ണീരു പെയ്യുന്നവര്‍...
മുലപ്പാല്‍ ചോരയായ് നുണയും മക്കളെ കാത്ത്
പെരുമഴപ്പെയ്ത്തിന്‍ തോരാത്ത മിഴികള്‍..!!!

പഴയൊരു ചര്‍ക്കയില്‍
പഴഞ്ചനൊരു വൃദ്ധ,നര്‍ദ്ധനഗ്നന്‍
പരിത്യാഗങ്ങളാല്‍ നൂറ്റെടുത്താശയുടെ
പട്ടുനൂലുകള്‍ നിറം മങ്ങീ...
ജീവിതമൂറ്റിയെടുത്ത ചോരയില്‍ തളിരിട്ട
നിറമുള്ള പൂക്കളും കരിഞ്ഞു...
തായ് വേരറ്റ ചെടികളും ശേഷാഗ്രങ്ങളില്‍
ദുരമൂത്ത കീടങ്ങളും....

പുരാണങ്ങളില്‍ ചത്തു മലച്ച
പ്രാണനാഥന്റെ ദീനപ്രണയിനിയല്ല;
സര്‍വ്വം സഹയാം ധരിത്രി, എന്‍
മാറിലെ ചൂടും തണുപ്പും മുലകളില്‍ ചുരത്തും
പാലുമെന്‍ സിരകളിലെ നീരുമെന്‍
മക്കള്‍ക്കൊരുപോലൊരേ അളവില്‍.
ജാതിമതവര്‍ണ്ണ വൈജാത്യങ്ങളാലെന്‍
നെഞ്ച് പിളര്‍ന്നതിരു കീറി വേലികളിട്ടാല്‍
ഓര്‍ക്കുക, ഒരു ശാപത്തിന്‍ പ്രകമ്പനങ്ങളെ
താങ്ങാനരുതാതെയീ ഗര്‍ത്തങ്ങളില്‍
ഒടുങ്ങിയമരും ദിഗന്തങ്ങള്‍ പോലും...!!!

Friday, September 11, 2009

കൈ രണ്ടിലും മൈലാഞ്ചി ( കഥ )


മീനത്തിനൊടുവിലും നാട്ടിലെ പൂരങ്ങളുടെയും നേര്‍ച്ചകളുടെയും പൂര്‍ണ്ണവിരാമവുമായിട്ടാണു കൊച്ചുട്ടന്റെ അമ്പലത്തിലെ പൂരം. കൊച്ചുട്ടന്റെ അമ്പലം എന്ന് പറയുമ്പോള്‍ അമ്പലത്തിലെ പ്രതിഷ്ഠ കൊച്ചുട്ടനാണെന്ന് തെറ്റിദ്ധരിക്കണ്ട. കൊച്ചുട്ടന്‍ തറവാട്ടു കാരണവരാണു. തറവാട് വക ക്ഷേത്രമാണു കൊച്ചുട്ടന്റെ അമ്പലം എന്നറിയപ്പെടുന്നത്.

ഇടവിട്ടുള്ള ചടങ്ങുകളില്‍ അമ്പലത്തില്‍ നിന്ന് കൊച്ചുട്ടന്റെ ഭാര്യ കല്ല്യാണിയമ്മ ഉണ്ടാക്കിയ പായസം ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലേക്കും കൊടുത്തയക്കും.

അമ്പലത്തിലെ പായസം ഞമ്മക്ക് ഹറാമാണെന്ന് കാദര്‍ക്കയും മറ്റും പറയുമെങ്കിലും ഞങ്ങളെല്ലാം അതിനു വേണ്ടി കാത്തിരിക്കുമായിരുന്നു. വര്‍ക്കിയേട്ടന്റെ കടയിലെ ശര്‍ക്കരയും പാലടയും ഗോതമ്പും ഒക്കെ ഏത് അടുപ്പില്‍ വെച്ച് കത്തിച്ച് പാചകം ചെയ്തെടുത്താലും , ഉണ്ടാക്കുന്ന ആളുടെ കൈപ്പുണ്ണ്യമനുസരിച്ച് രുചിഭേദം ഉണ്ടാകും എന്നതല്ലാതെ മതഭേദം ഉണ്ടാകുമെന്ന് ആ ചെറുപ്രായത്തിലും മനസ്സില്‍ തോന്നിയിരുന്നില്ല. ഈ ഒരു ചിന്താഗതി തന്നെയാണു പറമ്പന്തള്ളി ക്ഷേത്രത്തിന്റെ താഴേതൊടിയില്‍ താമസിച്ചിരുന്ന എന്റെ സുഹൃത്ത് കുമാരന്റെ ചേച്ചിയുടെ കയ്യില്‍ നിന്ന് പ്രത്യേകം പറഞ്ഞ് ഉണ്ടാക്കിച്ച കള്ളപ്പം മതിവരുവോളം കഴിച്ചിരുന്നതും.

വിഷുവിനും ഓണത്തിനും പെരുന്നാളിനും ഒക്കെയുള്ള ഇത്തരം കൊള്ളെക്കൊടുക്കകള്‍ ഗ്രാമീണജീവിതത്തിന്റെ ഹരിത ചാരുതയിലെ വര്‍ണ്ണ ഭംഗിയുള്ള പൂക്കളായിരുന്നു.

"മോനേ...അമ്മൂട്ടിയുടെ മോനാ ആ കരയുന്നത്...ഇത് കൊണ്ടോയി അവിടെ കൊടുക്ക്...." എന്ന് പറഞ്ഞ് രണ്ട് മൂട് കപ്പയും ചട്ടിയില്‍ കുറച്ച് അരിയും ഉമ്മ എന്റെ കയ്യില്‍ തന്നിരുന്നത് നിറഞ്ഞ പത്തായത്തില്‍ നിന്നല്ലായിരുന്നു. ഉള്ളതില്‍ പാതിയെടുത്ത ഇത്രയും സധനങ്ങളുമായി അമ്മൂട്ടിയേടത്തിയുടെ മാടത്തിലേക്ക് ചെല്ലുമ്പോള്‍ , കരിയും ചാണകവും ചേര്‍ത്ത് മെഴുകിയ പൊട്ടിപ്പൊളിഞ്ഞ തറയില്‍ നഗ്നനായി കരഞ്ഞിരിക്കുന്ന രണ്ടര വയസ്സുകാരന്‍ രാജു. ഉമ്മ തന്നു വിട്ട അരിയും കപ്പയും കൈ നീട്ടി വാങ്ങുമ്പോള്‍ അമ്മൂട്ടിയേടത്തിയുടെ കണ്ണുകള്‍ പറയാതെ പറഞ്ഞിരുന്ന ആ നന്ദിയും സ്നേഹവും ഇന്നും മറക്കാന്‍ കഴിയുന്നില്ല.
വിശന്നു കരയുന്ന കുഞ്ഞുരാജുവിന്റെ മുഖം മനസ്സില്‍ വരച്ചിട്ട ദുഃഖചിത്രങ്ങളേക്കാള്‍ തീക്ഷ്ണമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഫാസിസ്റ്റ് സംഘടനയ്ക്ക് വേണ്ടി രണ്ടു സഹോദരങ്ങളെ വെയിലു കൊണ്ട് കത്തുന്ന നിരത്തിലിട്ട് നിഷ്കരുണം വെട്ടിക്കൊന്നവരില്‍ മുഖ്യപ്രതി ഇതേ രാജുവാണെന്നറിഞ്ഞപ്പോള്‍ ഉണ്ടായത്.

ഒരു പക്ഷെ അമ്മുട്ടിയേടത്തി ജീവിച്ചിരുന്നുവെങ്കില്‍ രാജുവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അവര്‍ സഹായിക്കുമായിരുന്നോ..? അറിയില്ല. മനുഷ്യ മനസ്സുകളില്‍ രൂപപ്പെട്ട ഈ അനിശ്ചിതത്വം തന്നെ ഇന്നിന്റെ സന്ദേഹം...!

ക്ഷമിക്കുക. നമുക്ക് കഥയിലേക്ക് വരാം.
പറഞ്ഞു തുടങ്ങിയത് കൊച്ചുട്ടന്റെ അമ്പലത്തിലെ പൂരമാണു.
ഗ്രാമത്തിന്റെ കിഴക്കേ അതിരാണു കുന്ന്.
കുന്നിറങ്ങി വരുന്നത് വിശാലമായ പാടശേഖരത്തിലേക്ക്. കവുങ്ങുകള്‍ മുഖ്യമായി കൃഷി ചെയ്തിരുന്ന കുന്ന് വാസികള്‍ അധികവും സാധുക്കളും ഹരിജനഗളും ആയിരുന്നു.
മനുഷ്യര്‍ താമസിക്കാന്‍ മടിച്ചിരുന്ന കുറ്റികാടുകള്‍ നിറഞ്ഞതായിരുന്നു കുന്നിന്റെ വലിയൊരു ഭാഗം. കശുമാവിന്‍ തോപ്പും കവുങ്ങും കാട്ടുമുയലുകളും കുറുക്കന്മാരും ചെന്നായ്ക്കളുമുള്ള കുന്ന് ക്രമേണ ജനസാന്ദ്രമായി. സര്‍ക്കാരിന്റെ ലക്ഷം വീടുകളും വന്നതോടെ ഒരു ആദിവാസി ചേരി പോലെയായി കുന്ന്.

കുന്നിന്റെ വയലേലകളിലേക്കുള്ള ഇറക്കിലാണു കൊച്ചുട്ടന്റെ വീടും അമ്പലവും. വളരെ പ്രത്യേകതകള്‍ ഉള്ള എന്നാല്‍ ആനയില്ലാത്ത പൂരമായിരുന്നു ഇത്. ചെറുമരുടേയും പുലയരുടേയും വ്യത്യസ്തമായ തെയ്യവും മൂക്കലച്ചാത്തനുമൊക്കെ ഉറഞ്ഞു തുള്ളുന്ന പൂരം.
ഭയചകിതരായി നില്‍ക്കുന്ന ഞങ്ങള്‍ക്ക് നേരെ മൂക്കലച്ചാത്തന്റെ വേഷം കെട്ടിയ ശങ്കരന്‍ തുള്ളിയുറഞ്ഞ് ഓടി വരികയും ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് അലറുകയും ചെയ്യും.
അന്നൊക്കെ ഈ അലര്‍ച്ചയും അമറലുമൊക്കെ ഭയചകിത രാത്രികള്‍ ദിവസങ്ങളോളം സമ്മാനിച്ചിരുന്നു. വളര്‍ന്നതിനു ശേഷം ഞങ്ങള്‍ക്ക് നേരെ ഓടിയടുക്കുന്ന ശങ്കരനെ പിടിച്ചു നിര്‍ത്തി പറയുമായിരുന്നു.
"ശങ്കരാ വെറുതെ ഹറാം പിറപ്പ് വേണ്ടാട്ടാ... ദേ..അങ്ങോട്ട് വിട്..."
എന്നിട്ട് പെണ്‍കുട്ടികള്‍ നിരന്നു നില്‍ക്കുന്ന ഭാഗം ചൂണ്ടിക്കാണിക്കും. അപ്പോള്‍ നിരവധി നിറങ്ങള്‍ക്കിടയിലൂടെ ശങ്കരന്റെ ബീഡിക്കറയുള്ള പല്ലുകള്‍ തെളിഞ്ഞു വരും.

കൊച്ചുട്ടന്റെ അമ്പലത്തിലെ പൂരത്തിന്റെ സജീവസാനിദ്ധ്യമായിരുന്നു കാദര്‍ക്കയും ഉള്‍പ്പെടുന്ന ഞങ്ങളുടെ സംഘം. പാടത്തിങ്കരയിലെ കട്ടകളിയില്‍ ഞങ്ങളും മുച്ചീട്ട്കളിയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് കാദര്‍ക്കയും പുലരുവോളം ഉണ്ടാവും.

മനോഹരമായ വയലേലകളെ കീറിമുറിച്ച് ഒഴുകുന്ന രണ്ട് തോടുകളുണ്ട്. ഒന്ന് വിദൂരദിക്കില്‍ നിന്ന് ഒഴുകിയെത്തുന്ന കോഴിത്തോടും മറ്റൊന്ന് കൊഴിത്തോടിന്റെ കൈത്തോടായി കിഴക്കോട്ട് ഒഴുകുന്ന ചെറുതോടും. വേനല്‍ക്കാലമായാല്‍ രണ്ടും വറ്റി വരളും.
പാടത്ത് മേഞ്ഞ് നടക്കുന്ന കന്നുകാലികളെ പോലെ മനുഷ്യരും സ്വച്ചന്ദസുന്ദരമായ രണ്ടിനുപോക്ക് സാധിച്ചിരുന്നതും ഉണങ്ങിയ ഈ തോടുകളിലാണു. പൂരത്തിനോടനുബന്ധിച്ച് അല്‍പം തിരക്കുള്ള പ്രദേശമായി മാറും പ്രസ്തുത തോടുകള്‍.

പൂരക്കാഴ്ചകളും കളികളും മതിയാക്കി ഞങ്ങള്‍ കുന്നിറങ്ങി. കാദര്‍ക്ക, കബീര്‍, ഹമീദ് പിന്നെ ഞാനും.
എല്ലാവരുടേയും കയ്യില്‍ പൊരിയും അലുവയും ഉലക്കച്ചിറ്റും ഒക്കെയായി ഓരോ പൊതികളുമുണ്ട്. കാദര്‍ക്കയുടെ കയ്യില്‍ ഒരു വലിയ പൊതി നാരങ്ങയായിരുന്നു. കാദര്‍ക്കാടെ വെല്ലിമ്മാക്ക് ഒത്തിരി ഇഷ്ട്മാണത്രെ മധുരനാരങ്ങ.

കുന്നിറങ്ങി പാടത്ത് നടവരമ്പിലൂടെ മുച്ചീട്ട് കളിയിലെ ചാണക്യസൂത്രങ്ങള്‍ വര്‍ണ്ണിച്ച് കാദര്‍ക്ക മുന്നില്‍. ഞങ്ങള്‍ പിറകിലും.
കൂരാകൂരിരുട്ട്.
അമാവാസി അതിന്റെ പൂര്‍ണ്ണരൂപത്തില്‍. ഒരു നക്ഷത്രം പോലും മിന്നുന്നില്ല. പിന്നെയുള്ളത് മൂട്ടിലെ തീ പേടിച്ച് പരക്കം പായുന്ന മിന്നാമിനുങ്ങുകളാണു.
കൈതോട് ഇറങ്ങിക്കേറി വേണം അപ്പുറത്തെത്താന്‍. വറ്റിവരണ്ട് കിടക്കുന്നതാണെങ്കിലും നല്ല വിഷമുള്ള മൂര്‍ഖനും പുല്ലാനിയുമൊക്കെ യഥേഷ്ടം വിഹരിക്കുന്ന തോടാണു.

"ഒരു ചൂട്ടെങ്കിലും കരുതാമായിരുന്നു ..." ഹമീദിന്റെ ഓര്‍മ്മപ്പെടുത്തലിനെ കാദര്‍ക്ക ശകാരിച്ചൊതുക്കി.

"ഞമ്മക്കറിയാത്ത തോടും പാടൊം ണ്ടോ...ങ്ങളു ബരീന്‍ കുട്ട്യോളേ..."
തോടിന്റെ ചെങ്കുത്തായ മാട്ടത്തില്‍ നിന്ന് കാദര്‍ക്ക പറഞ്ഞു.
"മക്കളെ.. നോക്കീം കണ്ടും എറങ്ങണം.. ബീയണ്ട. പിന്നെ ചവ്ട്ടുമ്പോ സൂച്ചിക്കണം..നല്ല മൂര്‍ഖന്മാരും പിന്നെ ഒണങ്ങി കെടക്കണ മറ്റവനും ണ്ടാവും..ബെര്‍തെ നാറ്റിക്കണ്ടാ.."

"ഓ മറ്റവനില്‍ ചവിട്ട്യാലും കൊഴപ്പല്ലാ...മൂര്‍ഖനാണു പ്രശ്നം.."
കബീറിന്റെ മറുപടിക്ക് ചെവി കൊടുക്കാതെ മെല്ലെ മാട്ടമിറങ്ങാന്‍ തുടങ്ങി. ഓരോരുത്തരായി താഴെയെത്താന്‍ തുടങ്ങിയപ്പോള്‍ കാദര്‍ക്കാടെ ശബ്ദം.
"...ന്റെ പടച്ചോനേ........."
"...ന്താ കദര്‍ക്കാ....? "
"പണ്ടാറടങ്ങാന്‍ ........ന്റെ നാരങ്ങാ പൊതി തായത്ത് ബീണു.."
"ഓ... അത്രെയുള്ളൂ...ഞ്ഞാന്‍ കരുതി പാമ്പ് കടിച്ചൂന്ന്....."
"അയ്നിമ്മിണി പുളിക്കും...കഥ പറയാണ്ട് നാരങ്ങ പറക്ക് മക്കളെ.."
"..ന്താ കാദര്‍ക്കാ എങ്ങനെ പറക്കൂന്നാ..കണ്ണ് കാണാതെ..?"
"..ഓ... ഒരു നിര്‍ണ്ണ്യം വെച്ച് ആണ്ട് തപ്പ് മക്കളേ..."
കാദര്‍ക്കാനെ പിണക്കാനുള്ള മടി മൂലം ഞങ്ങളും ആത്മാര്‍ത്ഥമായി നാരങ്ങ തപ്പാന്‍ തുടങ്ങി.

"അയ്യേ..ശ്ചേ...! " ഹമീദിന്റെതായിരുന്നു ശബ്ദം.
"എന്തേ... ഹമീദേ...?"
"ഏയ്....ഒന്നൂല്ലാ...."
"വീണ്ടും അയ്യെ ശ്ചേ..!!" ഇത്തവണ കബീര്‍ ആയിരുന്നു.
" ..ഊം..ന്താണ്ടാ കുരുത്തം കെട്ടോരേ...? " കാദര്‍ക്കാടെ ചോദ്യം.
"ഏയ് ഒന്നുല്ലാ.." കബീറിന്റെ മറുപടി.
"ഹലാക്ക് .......കൊയഞ്ഞല്ലള്ളാ...." ഇത് സാക്ഷാല്‍ കാദര്‍ക്ക തന്നെ ആയിരുന്നു.
"..ന്താ കാദര്‍ക്കാ..? "
എന്റെ ചോദ്യത്തിന്ന് കാദര്‍ക്കാടെ മറുപടി.
"ഒന്നൂല്ലാ... ബിലാത്തീലെ നാരങ്ങ. കിട്ട്യോടത്തോളം മതി. നടക്ക് മക്കളെ........"

ഒരു വിധം തോട് കയറി. പാടമിറങ്ങി തപ്പിത്തപ്പി നടന്നു.
പാടത്തിന്‍ കരയിലെ മേലെപ്പറമ്പില്‍ ആദ്യം കിട്ടുന്നത് എന്റെ അമ്മായിയുടെ വീടാണു. ആരും നിര്‍ദ്ധേശിക്കാതെ തന്നെ എല്ലാവരും ഒരേ ദിശയിലേക്ക് യാന്ത്രികമായി നടന്നു. കണറിന്നരികിലേക്ക്.
കിണറിനരികില്‍ തൊട്ടിയും കയറും ഉണ്ട്.പക്ഷെ ആരും വെള്ളം കോരുന്നില്ല. കാദര്‍ക്ക കാബീറിനോടും കബീര്‍ ഹമീദിനോടും ഹമീദും കബീറും ചേര്‍ന്ന് കാദര്‍ക്കാടും വെള്ളം കോരാന്‍ പറയുന്നു.

"ങ്ങളെ കയ്യിലെന്താ....ബളണ്ടാ..അങ്ങട് കോരിക്കൂട് മക്കളേ..."
"കാദര്‍ക്കാ.. കയ്യില്‍ വളയില്ല. പക്ഷെ മറ്റവനുണ്ട്..ഇങ്ങളു കോരു.."
" അത് ശരി... അപ്പൊ ന്റെ കയ്യിലെന്താ മൈലാഞ്ച്യാ... ഞമ്മളെ കയ്യും ബെടക്കായി മക്കളേ..."
"എന്നാ പിന്നെ സൈനു ....നീ കോരടാ..നിന്റെ ഒച്ചേം അനക്കോം ആണല്ലൊ കേള്‍ക്കാതിരുന്നത്..?"
"ഊം...ഒച്ചേം.. അനക്കോം..ഉണ്ടായില്ലാന്നുള്ളത് ശരിയാ..പക്ഷെ, ന്റെ രണ്ട് കയ്യിലാ..മൈലാഞ്ചി...!!!!"

Tuesday, September 8, 2009

പലായനം.....( കവിത ) സൈനുദ്ധീന്‍ ഖുറൈഷി


ഹേ സോമാലിയാ................
തപ്ത നിശ്വാസമുതിര്‍ക്കും നിന്‍ മരുമണ്ണില്‍
ശപ്ത ശാപത്തിന്‍ വരമൊഴി കുറിച്ചിട്ടതാര് ....?
സപ്തവര്‍ണ്ണങ്ങളാല്‍ തമസ്സിന്‍ കറുപ്പിനെ
തിക്തമായ് നിന്നില്‍ വലിച്ചിട്ടതാര്....?

ഒരു ശവക്കുഴി -
ജലശ്ശൂന്യമാം മണ്ണിന്റെ നെഞ്ചിലൊരു വിള്ളല്‍
തിരിച്ചറിവിനായ് ആരോ നാട്ടിയ കാണ്‍ഠതാരു ശിഖരം,
ശുഷ്കപത്രം പൊഴിച്ചെല്ലിച്ചൊരാ ശിഖരത്തിനടിയില്‍
ശുഷ്കിച്ചു മറ്റൊരു പട്ടിണിപ്പേക്കോലം.....
കത്തിയമര്‍ന്ന കനലു പോലൊരു
സോമാലിയന്‍ യൗവ്വനം..!!!
അവനുള്ളിലുറയും മൗനത്തിന്‍ ചിറ പൊട്ടിച്ചു
വാക്കുകള്‍ നദികളായൊഴുകുന്നു.....

ആത്മരക്ഷയ്ക്കായ് സര്‍വ്വം ത്യജിച്ചോര്‍
അന്തര്‍ദാഹങ്ങളെ കുഴിവെട്ടി മൂടിയോര്‍
പലായനത്തിന്‍ പാപം വഹിപ്പോര്‍
പരലുകള്‍ മാതിരി വഴിയില്‍ പിടപ്പോര്‍
കത്തും വിശപ്പിന്‍ പശിപ്പാട്ടു പാടുവോര്‍
കരിയും കിനാക്കള്‍ക്ക് കണ്ണീര്‍ പൊഴിച്ചോര്‍
പെറ്റ പൈതങ്ങളെ മറമാടി ശോഷിച്ച
മാറത്തടിച്ചാര്‍ത്തു കരയുന്നോര്‍ അമ്മമാര്‍.


ഹേ സോമാലിയാ........
ആരുനിന്‍ ഗര്‍ഭാശയത്തിന്റെ ഭിത്തിയില്‍
നരപീഢനത്തിന്‍ പരാഗം വിതച്ചു പോയ്..?
ആരുനിന്‍ ശാന്തിയുടെ ഹരിത വര്‍ണ്ണങ്ങളില്‍
അശാന്തിയുടെ കൈചൂട്ടു കത്തിച്ചെറിഞ്ഞു പോയ്..?


ചൂടിന്റെ ചുരമാന്തി അഗ്നിയാവാഹിച്ചു
ചുടലകള്‍ തീര്‍ക്കുന്ന കാറ്റിന്‍ കരങ്ങളും
തപബാഷ്പജാലയെ കാറ്റില്‍ ലയിപ്പിച്ചു
ശിവനൃത്തമാടുന്ന സാഗരത്തിരകളും
മുകളില്‍ പറക്കുന്ന പോര്‍വിമാനങ്ങളും
ധരണിയില്‍ ടാങ്കറിന്‍ ശലാകക്ഷതങ്ങളും
തീയില്ല പുകയില്ല ചാരമല്ലൂ മുന്നില്‍
കാറ്റില്ല മഴയില്ല വെയിലല്ലൂ വിണ്ണില്‍
സംക്രമിച്ചെത്തും ഇരുട്ടിന്‍ കുരുക്കുകള്‍ക്കുള്ളില്‍
പിടയ്ക്കുന്ന ജീവന്റെ സ്പന്ദനം....

ഹേ സോമാലിയാ....
എവിടെ നിന്‍ സായന്തനത്തിലെ പൊന്‍ വെയില്‍,
ശാദ്വലതയില്‍ പെയ്ത മഞ്ഞും നിലാവും...
സ്നേഹമന്ത്രത്തിന്റെ *ദര്‍ഭൂഗ താളവും,
*സഹാറയില്‍ നിന്നുയരും മൃദുരാഗവീചിയും..??

ഒടുവിലൊരു നാളത്തിന്നവസാന ദീപ്തി പോല്‍
തെളിയുന്നു മമ ജീവസഖിയുടെ വദനം.!!
ശുഷ്കിച്ച ചുണ്ടുകള്‍,
കുഴിയാണ്ട കണ്ണുകള്‍,
ഒട്ടിയൊരുദരവും നീലനിറമാര്‍ന്ന മേനിയും..
കിടക്കുന്നവള്‍ തന്റെ മടിയില്‍ തലവെച്ച്
പലായനത്തിന്‍ പാതി പിന്നിട്ട പാതയില്‍.

ഒരു മാത്ര
വിണ്ടുണങ്ങിയൊരാ ചുണ്ടനങ്ങി
രക്തക്കറയോലും ദീനരോദനമിങ്ങനെ
"യാ..ഹബീബ്.........യാ.........ഹബീബ്...
തരുമോ...എനിക്കിത്തിരി കുടിവെള്ളം....?"
നിശ്ചലമിരുന്നുപോയൊരു മാത്ര!
നിശ്ചലമാകുന്നൊരു മേനിയും മടിത്തട്ടില്‍..!!

അവര്‍ പൊട്ടിച്ചെറിഞ്ഞ ടിയര്‍ഗ്യാസിന്‍ നീറ്റലില്‍
പെയ്തു തീര്‍ന്നൊരെന്‍ കണ്‍കോണിലിത്തിരി
കണ്ണുനീര്‍ പോലുമില്ലല്ലോ..മമ സഖീ....!!
ഹോ...സൊമാലിയാ...............

Saturday, September 5, 2009

വര്‍ത്തമാനത്തിലെ പകലിരവുകള്‍..!!


ലിഖിതപത്രങ്ങളെന്നെ

അക്ഷരങ്ങളെ വെറുക്കാന്‍ പഠിപ്പിച്ചു.

ദൃശ്യമാധ്യമങ്ങളെന്റെ

കാഴ്ചയെ കവര്‍ന്നെടുത്തു

ലിഖിതദൃശ്യങ്ങളൊത്ത് ചേര്‍ന്നെന്റെ

പ്രശാന്തിയുടെ പകലുകളില്‍

കനലുകള്‍ നിറച്ചു,

കത്തിയാളും കനലുകളെന്റെ

നിശകളെ നിദ്രാവിഹീനങ്ങളാക്കി.


നിശായാമങ്ങളില്‍

ചോരമണമുള്ള പൂക്കള്‍ വിരിയുന്നു.

അതിര്‍വേലിപ്പടര്‍പ്പുകളില്‍

മരണസൂനങ്ങളുടെ

ശതമൂലങ്ങള്‍...!


സന്ത്രാസരാവുകളുടെ

അനിവാര്യമാം അടിയറവില്‍

‍ചോരവാര്‍ന്ന മക്കളുടെ

ഉറുമ്പ് തിന്നും ശവങ്ങള്‍!

തൊടിയില്‍ നിന്ന് തെരുവിലേക്കിട്ട

മൃതമൂഷിക ജന്മങ്ങള്‍!


കൊല്ലാന്‍ പതിനെട്ട് വഴികള്‍

‍ജ്ഞ്ഞാനപീഠമെന്തിന്ന്..?

വിറ്റഴിഞ്ഞ കോപ്പികള്‍

ലക്ഷോപലക്ഷം,ഒടുവില്‍

ഗിന്നസ് ബുക്കിലിടം.!


ഒരു കണ്ണ് തുറന്ന്

ഒരു കണ്ണടച്ചുറങ്ങുക,

ഒരു വാള്‍തല നിന്നിലേക്കത്

നിന്നില്‍ നിന്നു തന്നെയാവാം!!







Friday, September 4, 2009

വിത്ത് കാള ( കവിത )




സനാഥ ബീജത്തിന്‍

അനാഥ ഭ്രൂണത്തിലേക്കുള്ള

ജനിത്വ പരിണാമങ്ങളില്‍

വിസര്‍ജ്ജ്യനായ

വിത്തുകാള!


വിത്തറിയാതെ

വിതയറിയാതെ

പുല്ല് കിളിര്‍ക്കാത്ത

പുല്‍മേടുകളില്‍

‍പോഷകപ്പുല്ല് തിന്നു

വിത്ത്‌ കൊഴുത്ത

വിത്ത് കാള!


ഒരു തലോടലില്ലാതെ

ഒരു സ്നേഹവായ്പ്പില്ലാതെ

പരശ്ശതമിണ ചേരലുകള്‍..!

സംഭരണക്കുഴലിലേക്ക്

തെറിച്ച് വീഴുന്ന

സ്ഖലന നിര്‍വൃതികളില്‍

ഒരു ചുംബനത്തിന്‍

ദാഹമൊടുങ്ങാത്ത വ്യഥകള്‍..!


നൂറു നൂറു മക്കളെങ്കിലും

ഒന്നിന് പോലുമച്ചനല്ലാത്ത

വിത്ത്കാള!

ഇത്തിരി വട്ടത്തില്‍

ജന്മം നടന്നൊടുങ്ങുന്ന

മക്കളില്ലാത്ത തന്ത!


അച്ഛന്റെ മുതുകില്‍ നിന്ന്

അമ്മയുടെ ഗര്‍ഭത്തിലേക്കും

തായ്‌ ഗര്‍ഭത്തില്‍ നിന്ന്

ഉര്‍വ്വരതകളിലേക്കും

പറിച്ചു നടപ്പെട്ട

വിത്തുകാള!


മൂക്ക് തുളച്ച ലോഹക്കൊളുത്തില്‍

മുതുക് വളച്ച വിത്തു കാള!

പരമ്പര പടരുമ്പോഴും

സ്വയമില്ലാതാവുന്ന

വിത്തുകാള!

Wednesday, September 2, 2009

മാവേലിയുടെ ഓണം..!!


മൂഢനെന്നല്ലാതെന്തു വിളിയ്ക്കാന്‍!

രൂഢമൂലമൊരു പഴങ്കഥത്താളില്‍

നന്മകള്‍ക്കൊരു ദിനം

നിപുണരാം നമ്മളും കുറിച്ചിട്ടു!


ആണ്ടിലൊരിക്കല്‍

ആഘോഷമോടെയോര്‍ത്തു,

ആര്‍ത്തുവിളിച്ചാര്‍പ്പുകളാലൊരു

ചതിയുടെ മൂര്‍ത്തമാം

വാര്‍ഷികപ്പെരുമകള്‍!!



പാടിപ്പുകഴ്ത്തുവാനുണ്ണുവാന്‍

ഊട്ടുവാന്‍, ആണ്ടിലൊരു

ദിനമോ വാരമോ; വയ്യ

ഇതിലേറെ നന്മകള്‍ക്കായ്

നെഞ്ചില്‍ കരുതുവാന്‍!


അഖിലലോകങ്ങളില്‍

കേരളമത്രേ സ്ഥിതി-

സമത്വത്തിന്‍ മാത്ര് രാജ്യം.!

സ്റ്റാലിനോ മാര്‍ ക്സോ

ലെനിനുമല്ല; സാക്ഷാല്‍

മാവേലിയാണാദ്യ സോഷ്യലിസ്റ്റ്!!

വര്‍ണ്ണവെറിയരീ

മണ്ണില്‍ കുഴിച്ചിട്ട

രക്തസാക്ഷിയും പാവം

മാവേലിത്തമ്പുരാന്‍!!


അരുമയാം നൃപനെച്ചവിട്ടി

പാതാളമെത്തിച്ച ദേവഗണം.!

ശത്രുവല്ല,വരോ മിത്രങ്ങളായ്

നമുക്കാരാധ്യരായിന്നും

ജന്മാന്തരങ്ങളില്‍!!


കള്ളവുമില്ല ചതിയുമില്ല

എള്ളോളമില്ല പൊളിവചനമിതില്‍

കള്ളിനെ കരുതലാല്‍ മാറ്റി; സത്യം

കള്ളില്ലാതെന്തോണം പ്രഭോ..?!


നന്മയെ കൊട്ടിഘോഷിക്കുന്നൊരോണം

തിന്മയെ പടിയിറക്കുന്നൊരോണം

മാവേലിയെ പാടിപ്പുകഴ്ത്തുമോണം

മാനുജരെല്ലാമൊന്നാകുമോണം

വാക്കി,ലാഘോഷങ്ങളില്‍ മാത്രമോണം

കോരനു കുമ്പിളില്‍ ഇന്നുമോണം!

ത്യാഗിയാമെന്നെ കോമാളിയാക്കി

മാധ്യമം ലാഭമായ് കൊയ്യുമോണം!

ഒരു മഹാമൗഢ്യത്തിന്‍

ഓര്‍മ്മപ്പെടുത്തലായ്

പാതാളത്തിലിന്നുമെന്റെ ഓണം!!!