Friday, March 7, 2014

മറന്ന്‍ വെച്ചത്...




പരമ കാരുണികനും
കരുണാ നിധിയുമായ റബ്ബേ...
കണ്ണീരു നനച്ച ഉമ്മയുടെ
തേട്ടങ്ങള്‍ക്ക് ഗദ്ഗദവും
നോവുമൂറുന്ന ആമീനുകള്‍.
നേരം ഒച്ചിനെ പോലെയാവാന്‍
വൃഥാ മോഹിച്ച ഒരു
രാത്രിയുടെ പകുതിയില്‍
സാരിത്തലപ്പിലും
തട്ടത്തിന്‍ ഞോറിയിലും
വിടര്‍ന്ന മിഴികളിലും
വേര്‍പാടിന്‍ നോവ് നിറച്ച്
ഭാര്യയും മക്കളും ഉടപ്പിറപ്പുകളും.
തേട്ടങ്ങള്‍ക്കൊടുവില്‍
വാക്കിനെക്കാളേറെ ഉള്ളിലൊതുക്കി
പടിയിറങ്ങുമ്പോളുമ്മയുടെ ചോദ്യം;
“ ഒന്നും മറന്നിട്ടില്ലല്ലോ..”
ഓ..പെഴ്സേടുത്തില്ല;
പടിയിറങ്ങുമ്പോള്‍ പിന്നെയും
“ഒന്നും മറന്നില്ലല്ലോ....”
നെഞ്ചിടിപ്പോടെ തപ്പി നോക്കി
ഉണ്ട്, പാസ്പോര്‍ട്ടും ടിക്കറ്റുമുണ്ട്.
ഇടറിയ തൊണ്ടയില്‍ ആത്മഗതം
“ ന്‍റെ ...മോന്‍ .. പാവാ...”
ബിസ്മി ചൊല്ലി പടിയിറങ്ങുമ്പോള്‍
പിന്നെയാരും ചോദിച്ചില്ല
മനഃപൂര്‍വ്വം മറന്ന്‍ വെച്ച
എന്‍റെ ജീവിതത്തെ പറ്റി...!!
മിഴികളില്‍ നിന്നകന്നകന്നു പോകും
നോട്ടത്തിന്‍ പിന്നിലെ ദുസ്സഹമാം

ഞരക്കങ്ങളെ പറ്റി...!!