Thursday, September 19, 2013

മലബാരി(കവിത)






പരോധസമരം പിന്‍വലിച്ചു!
അനക്കെന്താ ചങ്ങായി..
ഇട്ത്താ പൊന്താത്തത്
പൊക്കാന്‍ നിക്കണാ..?
കച്ചോടം കയ്ഞ്ഞിറ്റ്
നേരണ്ടായിറ്റ് ബേണ്ടെ
യൂസഫലിക്കാക്ക്..? ചെലക്കണ്ട..ജ്ജ്.
കുഞ്ഞാലിക്കുട്ടി..ന്ത്‌ ചെയ്ത്ന്നാ..?
തൂറാന്‍ മുട്ട്യെപ്പോ...ജ്ജ്
സമരം നിര്‍ത്തീട്ട്
ഓലെ നെഞ്ഞത്ത്ക്ക് കേറല്ലാ..
സംഗതി ഹറാമന്നെങ്കിലും
ഓളെക്കണ്ടാ..ഒരു സോളാര്‍
ഞമ്മക്കും വാങ്ങാന്‍ തോന്നും.
ഞമ്മളും മനുസനല്ലെടോ..?
ഉമ്മന്‍ ചാണ്ടി എന്താക്കീന്നാ..?
മൂപ്പര് തേച്ചും ഭരിക്കും
അഴിമാതില്ലാണ്ട് ന്ത്‌ ഭരണാടോ..?
ന്താപ്പോ ഉര്‍പ്പ്യന്‍റെ കഥാ..?
ന്‍റെ കോയാ... അതൊക്കെ
അമേരിക്കടെ കള്യല്ലേ..?
ആയുധം തോറ്റപ്പോ
സാമ്പത്തികവിപ്ലവം .അത്രന്നെ..
“തആല്‍ യാ ഹിമാര്‍
ഖല്ലി ഹമ്മല്‍  സാമാന്‍
ദാഹല്‍  സയ്യാറ...”

“നഅം യാ അര്‍ബാബ്”

Monday, September 16, 2013

പ്രണയപര്‍വ്വങ്ങള്‍




















പുലരിത്തണുപ്പില്‍ പാതയോരത്ത്
പലവുരു കാത്ത് വെച്ചിട്ടെടുക്കാതെ
പോയൊരു പനിനീര്‍ പൂവായിരുന്നെന്‍
പറയാതെ പോയ പ്രണയം...
തിരണ്ട് കല്ല്യാണത്തിനൊരു തുണ്ട്
ശര്‍ക്കരയും തേങ്ങാ പൂളിലും
വരണ്ടു പോയതാണോത്ത് പള്ളി-
ക്കോലായിലെ മക്കനപ്പ്രണയം..
പിന്നിലേക്കോടി മറയും കാഴ്ചകളില്‍
പിടിവിടാതെ മിഴിവോടൊരു ഹരിത
പ്രണയമുണ്ടെന്‍ മനസ്സിലിപ്പോഴും
മരുച്ചൂട് കത്തിച്ചതിന്‍ തിരുശേഷിപ്പില്‍
തീ തിന്നാതെയൊരു നോവൂറും പ്രണയം.
തിരഞ്ഞതും കണ്ടതു,മല്ലൊടുവിലെന്നെ  
തേടി വന്ന ഭാഗ്യമാണെന്‍റെ പ്രണയം..
തള്ളുമ്പോഴും ഉള്ള് പിടയുന്നെങ്കിലത്‌
ഉള്ള് തൊട്ട നേരിന്‍റെ പ്രണയം.
അകന്നാലും മരിച്ച് മറഞ്ഞാലും
നോവുള്ളോരോര്‍മ്മ ഉള്ളിലുണ്ടെങ്കില്‍

പറയാതെപറയാം അതുതന്നെ പ്രണയം.

Saturday, July 13, 2013

വിധേയ (കവിത)


കുടുംബം പോറ്റാന്‍ വെയിലത്തും മഴയത്തും അധ്വാനിക്കുന്ന പ്രിയപ്പെട്ട സഹോദരികള്‍ക്ക് സമര്‍പ്പണം.




















ഇന്നലെ പെയ്ത മഴയില്‍
നനഞ്ഞയടുപ്പും, കരി നീക്കി
കിളിര്‍പ്പ് വീര്‍പ്പിച്ച വിറകും
വെച്ചൂതിയൂതിത്തുടങ്ങണം.
തീ പിടിപ്പിച്ചാല്‍ പിന്നെ
തൂത്ത് വാരണം അറ്റ്‌ വീണ
ഇന്നലെയുടെ ചവറുകള്‍...................
പലചരക്കുകാരന്റെ
തിളച്ചാറിയ കാമം തിളക്കുന്ന
ചോരച്ചോപ്പുള്ള ചായയിലേക്ക്
ഉണര്‍ന്നെണീക്കുന്ന അസഭ്യങ്ങള്‍.
വെയില്‍ കത്തുന്ന പകലില്‍
സൂര്യസ്നേഹം പ്രാകിയകറ്റി
മുഖം കത്തിയമരുന്ന ദിനങ്ങള്‍.
കരി പോലെ വീടണഞ്ഞു
കെട്ടു പോയ അടുപ്പൂതണം.
നാട് തെണ്ടിയെത്തും അമ്ലഗന്ധ
വാഹിക്ക് സന്ധ്യയില്‍
കലിപ്പകറ്റാന്‍ മുഖം കൊടുക്കണം.
രണ്ട് തൊട്ടി വെള്ളത്തില്‍
കഴുകിയെടുത്ത് പായ വിരിക്കണം.
ഉള്ളിലെ നെരിപ്പോടിനെ
ഊതിയൂതി കത്തിക്കാന്‍
നാട്ടിവെച്ച ഇരുകല്ലടുപ്പായ്
മലര്ന്ന്‍ കിടക്കണം.
ഊതിത്തളര്‍ന്നൊരു കിതപ്പായ്
കാല്‍ക്കീഴിലവന്‍ തളരും വരെ.

Friday, March 22, 2013

ശില്പിയും ശില്പവും





കല്ലെങ്കിലും, ചെന്നൊന്നു നുകരാന്‍
കൊതിക്കുമാ മുലയഴക് കണ്ടാല്‍.
കാറ്റ് കൊണ്ട് മതിയായെങ്കില്‍ സഖീ
കടം തരുമോ ഒരു രാത്രിയെനിക്കായ്.

കത്തിയെത്ര ദിനരാത്രങ്ങള്‍ കൊത്തി-
ക്കൊത്തിയഴക് വരുത്തുവാനീയുടല്‍...
.കിനാക്കളില്‍, സങ്കല്‍പ്പങ്ങളില്‍ വന്യ-
കാമതൃഷ്ണകളില്‍ ഉയിരിട്ടതെല്ലാം
കരാഗ്രങ്ങളിലാവാഹിച്ചു കല്ലിനെ
കരള്‍ മാന്തിപ്പറിക്കുമഴകാക്കി.
സൃഷ്ടിക്കൊടുവില്‍ തട്ടിപ്പറിച്ച പോല്‍
പടി കടത്തിയാരോ പൊതുമുതലാക്കി.
തീക്ഷ്ണമാം വെയിലില്‍ വെന്ത് വെന്ത്
കാമക്കണ്ണുകള്‍ കുടിച്ചതിന്‍ ശേഷിപ്പുമായ്
ജീവനേകുവാന്‍ നിര്‍ജ്ജീവമീ ശില്പവും
അരികില്‍ അച്ഛനോ..ദൈവമോയെന്നറി-
യാതുള്ളില്‍ മരിച്ച കമിതാവിനെയടക്കി
പെരുക്കും കമിതാക്കളെ ശപിച്ചും
പെരുകും ഇരകളെയോര്‍ത്ത് നൊന്തും
ചത്ത സംസ്കാരത്തിന്‍ കുഴിമാടത്തില്‍
ശിലാപുഷ്പമൊന്ന്‍ വെയ്ക്കട്ടെയീ ശില്പി.