അക്കരെ ഇക്കരെ നിന്നാലെങ്ങിനെ ആശ തീരും
നിങ്ങടെ ആശ തീരും............................"
ഏഷ്യാനെറ്റ് റേഡിയോവിലൂടെ ശ്രുതിമധുരമായ പഴയ സിനിമാഗാനം...
ബെഡ്ഡില്‍ അലസനായി ഇരുന്ന് ഇല്ല്യാസ് ഗാനമാസ്വദിച്ചു. മുറിയുടെ ഒരു കോണിലിരുന്ന് പയര്‍ അരിയുന്ന മൈമൂനയെ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു.
തന്നെത്തന്നെ നോക്കി മൂകനായ് ഇരിയ്ക്കുന്ന ഇല്ല്യാസിനെ നോക്കി മൈമൂന ചോദിച്ചു.
"എന്തേയ്..... ങ്ങനെ ....നോക്ക്യോണ്ടിരിക്കണ്...., ഇന്നെ ഈന് മുമ്പ് കണ്ടട്ടില്ലേ.....?"
ചിന്തയില്‍ നിന്നുണര്‍ന്ന് ഇല്ല്യാസ് ചിരിച്ചു.
"ഇതിപ്പൊ അക്കരേം ഇക്കരേം ഒന്നുമല്ല. ഒരു മുറിയില്‍ അടുത്തടുത്ത് ഉണ്ടായിട്ടും ആശ തീരണില്ലാ.... "
മൈമൂന നാണത്തില്‍ പൊതിഞ്ഞ ഒരു ചിരി പാസ്സാക്കി. അരിഞ്ഞു കൂട്ടിയ പയറുമെടുത്ത് കിച്ചണിലേക്ക് പോയി.
ഒറ്റമുറിയില്‍ മുഖത്തോട് മുഖം നോക്കി മുരടനക്കി ഉറങ്ങിത്തീരുന്ന രാവുകളെ പഴിച്ച് ഇല്ല്യാസ് ഇരുന്നു. മൂവായിരത്തി അഞ്ഞൂറ് ദിര്‍ഹംസ് വാടക. ഒരു മുറിയും അറ്റാച്ചെഡ് ബാത്ത് റൂം. കിച്ചണ്‍ കോമണ്‍.
മുറിയുടെ ഒരു ഭാഗത്ത് ഞങ്ങള്‍ക്കുള്ള കട്ടില്. മറുവശത്ത് മക്കള്‍ക്കുള്ള ബങ്ക്ബെഡ്. മുകളിലത്ത തട്ടില്‍ പെണ്മക്കളും താഴത്തെതില്‍ മകനും കിടക്കുന്നു.
ഒരു കോണില്‍ നാലു ഡോര്‍ ഉള്ള ഒരു വാര്‍ഡ്രോബ്. കട്ടിലിനും വാര്‍ഡ്രോബിനും ഇടയ്ക്കുള്ള സ്ഥലത്ത് ചെറിയൊരു മേശ.
നാട്ടിലെ നല്ലൊരു വീട് അടച്ചിട്ട് ഗള്ഫി്ല് ദാമ്പത്യമനുഭവിയ്ക്കാന്‍ വന്ന ഒരു ശരാശരി മലയാളിയുടെ ചിത്രം!!
"ചായയല്ലെ തണുക്കുന്നത്..?"
മൈമൂനയുടെ ഓര്‍മ്മപ്പെടുത്തല്‍ ചിന്തകള്‍ക്ക് വീണ്ടും ഇടവേള നല്കി.
മക്കള്‍ ഉറക്കത്തിലാണ്. രാത്രി വളരെ വൈകി ഉറങ്ങിയ അവര്‍ ഇന്ന് വൈകിയേ ഉണരു. വെള്ളിയഴ്ച്ചകളുടെ ദിനചര്യാശാസ്ത്രമാണത്.
മക്കള്‍ ഹാപ്പിയാണ്.
ബാപ്പയോടും ഉമ്മയോടുമൊത്ത് സന്തോഷമായി അവര്‍ കഴിയുന്നു.
ഞങ്ങള്‍ പിന്നിട്ട നാട്ടിന് പുറത്തെ ബാല്യകാലം ഇവരുണ്ടൊ അറിയുന്നു. നാലു ചുവരുകള്‍ക്കുള്ളില്‍ ടിവിയുടേയും കമ്പ്യൂട്ടറിന്റെയും മോണിറ്ററിന് മുന്നില്‍ നിറം മങ്ങിപ്പോയ ബാല്യമോര്‍ത്ത് വളര്‍ന്നാല്‍ അവര്‍ രക്ഷിതാക്കളെ ശപിയ്ക്കും. സ്വന്തം സുഖത്തിന് വേണ്ടി തങ്ങളുടെ നിറമുള്ള ബാല്യം കൂറകളുടെയും മൂട്ടകളുടെയും ഇടയില്‍ തളച്ചിട്ടതിന് ഒരു പക്ഷെ ചീത്തയും പറയും.
ഞങ്ങളുടെ സുഖവും ആസ്വാദനവും എന്തായിരുന്നുവെന്ന് എങ്ങനെയാണ് അവരെ ബോധ്യപ്പെടുത്തുക. മക്കള്‍ ഉറങ്ങുന്നത് വരെ ഉറങ്ങാതെ കിടന്ന് ഇടയ്ക്ക് അറിയാതെ ഉറങ്ങിപ്പോകാതെയിരുന്നെങ്കില്‍ എന്തോ ഭീകരപ്രവര്‍ത്തനം ചെയ്യുന്ന പോലെ ഒളിച്ചും പതുങ്ങിയും , അപ്പുറത്തെ കട്ടിലില്‍ നിന്ന് ഒരു അനക്കത്തിന് കാതോര്‍ത്ത്...........ഹോ.!!!
ഒരിക്കല്‍ സഹികെട്ട് മൈമൂനയോട് പറയുകയും ചെയ്തു.
"എന്തായിത് കഥ.....! ഇക്കണ്ട കാശും മുടക്കി പോത്തിനേം അറുത്ത് നാട്ടുകാര്‍ക്ക് നെയ്ച്ചോറും കൊടുത്ത് പടച്ചോന്റെ നാമത്തില്‍ ഇണയാക്കി തുണയാക്കി നിക്കാഹ് ചെയ്ത നമ്മുടെ ഒരു ഗതി!!ഇതിനേക്കാള്‍ നല്ലത് ഞാന്‍ ഇക്കരേം നീ അക്കരേം തന്നെ നിക്കണതാ....ഹല്ലാ..പിന്നെ..."
തന്റെ മട്ടും ഭാവവും കണ്ട് മൈമൂനാക്ക് ചിരി.
"ചിരിക്കണ്ട ഹിമാറേ...എത്ര നാളായി ഈ കളി.... ഒന്ന് ഉറങ്ങുമ്പോ..മറ്റേത് ഉണരും... അവരെല്ലാം ഉറങ്ങുമ്പോ..നമ്മളും ഉറങ്ങിപ്പോകും."
മൈമൂനാക്ക് ചിരി അടക്കാനാവുന്നില്ല.
"ഒന്ന് മുണ്ടാണ്ടിരിക്ക്....ഇന്ന് വെള്ള്യാഴ്ചയല്ലെ..അവര്‍ പുറത്ത് കളിച്ചോളും..."
" ഊം ....കണക്കായി...!! എന്നിട്ട് വേണം...ക്രിക്കെറ്റ് മാച്ച് കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവസാന ഓവറില്‍ കറന്റ് പോകുന്ന പോലെ വാതിലില്‍ മുട്ട് കേള്‍ക്കാന്‍....."
മൈമൂന ചിരിച്ച് കൊണ്ട് പിന്നെയും കിച്ചണിലേക്ക്.
നട്ടുച്ചയായിട്ടും സുഖമായുറങ്ങുന്ന മക്കളെ നോക്കി അസൂയപ്പെട്ട് ബാത്ത് റൂമിലേക്ക് നടന്നു.
ഒരു വെള്ളിയാഴ്ച്ച കൂടി പ്രത്യേകിച്ച് സംഭവവികാസങ്ങള്‍ ഒന്നുമില്ലാതെ കടന്നു പോയി. വിഷണ്ണനായി മൈമൂനയുടെ അടക്കിപ്പിടിച്ച ചിരിയും കണ്ട് വീണ്ടും ഡ്യൂട്ടിയ്ക്ക്.
ഓഫീസിലെ തിരക്ക് പിടിച്ച ജോലികള്‍ക്കിടയില്‍ കുറച്ച് നേരത്തേക്ക് എല്ലാം മറന്നു. ലഞ്ച് ബ്രേയ്ക്കിന്റെ സമയത്ത് മൂകനായി ഇരിക്കുന്നത് കണ്ട് ആന്റണിയാണ് ചോദിച്ചത്.
"ഇല്ല്യാസ്.. എന്തു പറ്റി..വളരെ ഗ്ലൂമിയായിട്ട്...? "
കൊച്ചുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ ആന്റണി തന്നെ ഒരു പരിഹാരവും നിര്‍ദ്ധേശിച്ചു.
"കുട്ടികളുടെ സ്കൂള്‍ ടൈമിങ്ങ് എങ്ങനാ..? "
"രണ്ട് പേര് ഏഴ് മണിക്ക് പോകും. ഒരാള്‍ എട്ട് മണിയ്ക്കും..."
"തിരിച്ചു വരവോ...? "
"മൂന്ന് പേരും ഏകദേശം രണ്ടരയ്ക്ക് ശേഷം.."
പിറ്റേന്ന് -
തിരക്കു പിടിച്ച ജോലിക്കിടയിലും ആന്റണിയുടെ ഉപദേശം മാനിച്ച് മാനേജരെ ഒരു വിധം സ്വാധീനിച്ച് രണ്ട് മണിക്കൂര്‍ ലീവെടുത്തു. മക്കളുടെ സ്കൂളില്‍ പാരെന്റ്സ് മീറ്റിങ്ങ് ആണെന്ന് കാരണവും പറഞ്ഞു. എപ്പോഴും ഭൂഷണമല്ലെങ്കിലും തീരെ നിവൃത്തിയില്ലാത്തപ്പോള് ഇങ്ങനെയുമാവാം എന്ന ഒരു മുടന്തന്‍ ന്യായം മനസ്സിലും എഴുതി വെച്ചു.
ടാക്സിയ്ക്ക് അപ് ആന്‍ഡ് ഡൗണ്‍ നാല്പത് ദിര്‍ഹംസ്.
ടാക്സി കയറുന്നതിന് മുമ്പേ മൈമൂനക്ക് ഫോണ്‍ ചെയ്തു. ഉറക്കത്തിലായിരുന്നു അവള്. കുട്ടികളെ തായ്യാറാക്കി സ്കൂളിലേക്ക് അയച്ചാല്‍ പിന്നെ ചെറിയൊരു മയക്കം പതിവാണ്.
ഫോണിന്റെ മറുതലയ്ക്കല്‍ നിന്ന് വിഭ്രാന്തിയോടെയുള്ള ചോദ്യം.
"ന്താ..പെട്ടെന്ന്...? "
"ഓ...ഒന്നൂല്ലാ..കുട്ടികളൊന്നുമില്ലല്ലോ...ഒരു ഹണിമൂണ്‍ ഓര്‍മ്മ പുതുക്കാമെന്ന് വെച്ചു..."
"ന്റെ..റബ്ബേ...ങ്ങളെ ഒരു കാര്യം...!" സന്തോഷവും നാണവും കലര്‍ന്ന മറുപടി.
ടാക്സിയിറങ്ങി വീട്ടിലേക്ക് നടന്നു. വില്ലയുടെ മെയിന്‍ ഗേറ്റ് തുറന്നതേയുള്ളൂ...
"അസ്സലാമു അലൈകും...!!" വളരെ സന്തോഷത്തോടെ മൈമൂനയുടെ പുന്നാര അനിയന്!! തന്റെ ഒരേയൊരു അളിയന്!!
സര്‍വ്വ നാഡിയും തളര്‍ന്ന് നിന്നുപോയി. വായില്‍ നിന്ന് യാന്ത്രികമായി വന്നു മറുപടി.
"വ അലൈകും സലാം......"
മുറിയിലെത്തിയപ്പോള്‍ ചിരിയൊതുക്കി മുഖം ചുവന്ന് നില്ക്കുന്നു മൈമൂന.
"ങ്ങള്...വിളിച്ചിട്ട് പത്തു മിനിട്ടെ ആയിക്കാണൂ...ഓന് വന്നു. അബുദാബീല് ച്ചിരി പണീണ്ട്ത്രെ...'"
"എത്ര നാളായി അളിയനെം പെങ്ങളെം കണ്ടിട്ട്.....? ചെറിയൊരു ഗാപ് കിട്ടിയപ്പൊ..ഓടി വന്നതാ..."
"ദുഷ്ടാ..നിന്റെ അളിയസ്നേഹം ഇന്ന് തന്നെ വേണായിരുന്നോ.. " മനസ്സില്‍ അങ്ങനെയാണ് പറഞ്ഞത്.
"അല്ലാ....അളിയനെങ്ങിനെ ഇത്ര കൃത്യായിട്ട് ഇപ്പൊ എത്തി....? മൈമൂന വിളിച്ച് പറഞ്ഞ.."
"ഏയ്...ഇതാണളിയാ മനപ്പൊരുത്തം..."
പുന്നാര അളിയന്റെ കൂടെ പത്തിരിയും ചായയും കഴിച്ച് കഴിഞ്ഞു പോയ ഹണിമൂണിന്റെ പഴയ ഓര്‍മ്മകള്‍ ചികഞ്ഞ് തിരിച്ചു പോന്നു. നാല്പത് ദിര്‍ഹംസ് പോയത് മിച്ചം.
ഒരു വാരാന്ത്യം കൂടി.
യൂട്യൂബില്‍ "റിയല്‍ ഗോസ്റ്റ്" സെര്‍ച്ച് ചെയ്യുന്ന മക്കള്‍. ഇതെല്ലാം നുണയാണെന്നും ക്രിയേറ്റഡ് ആണെന്നും പല തവണ പറഞ്ഞിട്ടും അവര്‍ വളരെ ഉത്സാഹത്തോടെ തന്നെ സെര്‍ച്ച് തുടര്‍ന്നു.
പിറ്റേന്ന് അവധിയായതിനാല്‍ കുട്ടികള്‍ ഇന്റെര്‍നെറ്റിലും ഞങ്ങള്‍ ഏഷ്യാനെറ്റിലും ബിസ്സിയായി. നേരമേറെയായപ്പോള്‍ മക്കളെ നിര്‍ബന്ധിച്ച് ഇന്റെര്‍നെറ്റ് ഓഫ് ചെയ്യിച്ചു. ഞങ്ങളും കിടന്നു.
നേരം വെളുത്തപ്പോള്‍ -
ഇളയ മോള്‍ക്ക് പൊള്ളുന്ന പനി!
പെട്ടെന്നൊരു പനി വല്ലാതെ ഭയപ്പെടുത്തി. ഓഫീസില്‍ വിളിച്ചു പറഞ്ഞു വൈകിയേ വരൂ എന്ന്.
മോളെ ഡൊക്ടറെ കാണിച്ചു. ഇന്ഫപക്ഷ്യന്‍ ഒന്നുമില്ല. പനിയുടെ കാരണവും വ്യക്തമല്ല.
പനി കുറയുകയും കൂടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് പിച്ചും പേയും പറയുന്നുണ്ട്. അവ്യക്തമായ ചില അക്ഷരങ്ങള്‍ ചേര്‍ത്തു വെച്ചപ്പോള്‍ മോള് പറയുന്നത് "ഗോസ്റ്റ് "എന്നാണെന്ന് മനസ്സിലായി.
" നട്ടപ്പാതിരാക്ക് ഓരോന്നിരുന്ന് കാണും. "
മൈമൂന പറഞ്ഞതനുസരിച്ച് സുന്നി സെന്ററില്‍ ഉണ്ടായിരുന്ന അലവി മുസ്ല്യാരെ വിളിപ്പിച്ച് മന്ത്രിപ്പിച്ചു. മന്ത്രിച്ച് ഊതിയ വെള്ളവും കൊടുത്തു.
പനിയൊന്ന് ശമിച്ചു. മോളുടെ ക്ഷീണവും മാറിത്തുടങ്ങി.
മൈമൂനയുടെ മടിയില്‍ കിടന്ന് അവള് പതുക്കെ പറഞ്ഞു.
"ബാപ്പാ..നമ്മുടെ റൂമിലും ഗോസ്റ്റുണ്ട്....!!!"
മൈമൂന തന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി.
"ഇല്ല മോളെ..ഒക്കെ തോന്നലാ.."
"അല്ലുമ്മാ... ഞാന്‍ കണ്ടതാ..രത്രീല്....... ഞാനേയ്..പെട്ടെന്ന് ഒണര്‍ന്നപ്പോ......ഉമ്മാടേം..ബാപ്പാടേം..കട്ടിന്മേ....പൊതപ്പിങ്ങനെ....പൊന്തീം...താണും....
അത് ഗോസ്റ്റന്ന്യാ....!!!
നിസ്സഹായനായി, മുഖത്ത് അല്പം പോലും രക്തമില്ലാതെ ഇരിക്കുന്ന തന്നെ ഇപ്പോള്‍ മൈമൂന നോക്കുന്നത് ചിരിച്ചു കൊണ്ടല്ല. പൂര്‍ണ്ണ ദേഷ്യത്തിലാണ്.
എഷ്യാനെറ്റ് റേഡിയോവില്‍ പാട്ട്പെട്ടി തുടരുകയാണ്.
“ അപ്പോളും പറഞ്ഞില്ലേ..
പോരണ്ടാ..പോരണ്ടാ...ന്ന്......”
Thursday, December 31, 2009
Sunday, December 27, 2009
രാവണപുരാണം - ശരിയും തെറ്റും ( കവിത )

രാവണ്‍!
കാലചക്രത്തോടൊപ്പം കറങ്ങുന്ന
കാലാനുസാരിയാം പൗരുഷത്തിന്
കറയറ്റ ലക്ഷണം നീ...!!
രാമവദനങ്ങള്‍ക്കുള്ളിലും
മറഞ്ഞിരിയ്ക്കും ധാര്‍ഷ്ട്യം
തലമുറകള്‍ നിന്നിലൊതുങ്ങുന്നതിന്‍
വ്യക്തദൃഷ്ടാന്തങ്ങള്‍..!!
നിന്റെ വഴികളിലെ സുവ്യക്തതകള്‍,
ലക്ഷ്യത്തിലേക്കുള്ള പടയൊരുക്കങ്ങള്‍,
അചഞ്ചലമാം കര്മ്മശാസ്ത്രത്തിന്
അതുല്യമാം അനുധാവനം..!!
മനം കവര്‍ന്നൊരാര്യപുത്രിയെ
ആരണ്യകമദ്ധ്യേ കണ്ടു മോഹിച്ച്
ലങ്കാപുരിക്കൊപ്പം ചുട്ടെടുത്തൊരു
വംശത്തിന് ശാപഗ്രസ്തന് നീ..!!
അഴകിന് നിറകുടമരികത്ത് വെച്ച്
അനുവാദത്തിനായ് കാത്ത
രാക്ഷസപ്പെരുമ!!!!
വീണ്ടെടുപ്പിനായ് വീര്യം
വാനരപ്പടക്കടിയറവു വെച്ച
ധീരതയുടെ പേരോ ഭവാന്..?!!
അസുരമതത്തിന്നാര്‍ജ്ജവം
സ്വയം ശിരസ്സേറ്റിയ ലങ്കേശ്വരാ..
നിനക്കെന്തു വിശേഷണം...??
പ്രണയമെന്നാരും വിളിച്ചില്ല നിന്റെ
പ്രളയമായൊഴുകിയ പ്രേമത്തിനെ.!!
പരദൂഷണം കേട്ട്
പതിവ്രതയാം പത്നിയെ
കാട്ടിലുപേക്ഷിച്ച രാമനോ....?
പ്രണയമര്യാദകള്‍ മാന്യമായ് പാലിച്ച
ലങ്കാപുരിയിലെ രാവണനോ....??
ഇതിഹാസൈതിഹ്യങ്ങളില്‍ നിന്ന്
ചരിത്രത്തിലേക്ക്
തിരുത്തിയെഴുതപ്പെടാത്ത
മഹത്വങ്ങള്‍!!
തിരുത്തിയാലുമില്ലെങ്കിലും
ചരിത്രാതീതമാണ്
മനുഷ്യനില്‍ നിന്ന്
ദൈവത്തിലേക്കുള്ള ദൂരം.
Sunday, December 20, 2009
പ്രണയം മറന്നവരോട്....( കവിത )
പറയാന്‍ മറന്ന വാക്കുകളും
കേള്‍ക്കാന്‍ കൊതിച്ച വാക്കുകളും
മഴച്ചാറലായിറ്റുമ്പോള്‍
തകരകള് പോലെ
ആഴങ്ങളില്‍ നിന്ന്
പ്രണയം മുളയ്ക്കുന്നു.
പ്രണയത്തിന്റെ വഴികളില്‍
പറഞ്ഞ വാക്കുകളത്രയും
കരിയിലകളായ് പറക്കുമ്പോള്‍
പ്രണയം മരിക്കുന്നു.
വെള്ള പുതച്ച
പ്രണയജഢങ്ങളെ
വെണ്ണക്കല്ലിനുള്ളില്‍
സ്മരണഹേതുവാക്കി
പണ്ട് പ്രണയിനികള്‍!!
പെറുക്കിയെടുത്ത
പ്രണയത്തുണ്ടുകള്‍
പായില്‍ പൊതിഞ്ഞ്
പ്രണയത്തെ തുന്നിക്കെട്ടുന്നു
പ്രണയപാളങ്ങളില്‍!
ഒരു ബര്‍ഗറിന് രുചിയ്ക്കൊപ്പം
അലിഞ്ഞു തീര്‍ന്നൊരു
മധുരത്തിനൊപ്പം, വിരല്‍തുമ്പ്-
വരയ്ക്കും വന്യമാം
വാക്കുകള്‍ക്കൊപ്പം
'ഹായില്‍' തുടങ്ങി 'ബൈയില്‍'
ഒതുക്കിക്കെട്ടിയ പ്രണയമാറാപ്പുകള്‍!!
കാഴ്ച മങ്ങിയ കണ്ണടച്ച്
ഉള്‍ക്കണ്ണാലമ്മയെ കണ്ട്
കണ്ണീര് പെയ്യുമച്ഛന്റെ മിഴികളില്‍
അമൂല്യമാം രത്നങ്ങളായി
അനശ്വരമാം പ്രണയം...
അറുപതിലുമാളുന്ന
കാട്ടുതീയായ് പടരുന്ന
പ്രണയം...!!!
കേള്‍ക്കാന്‍ കൊതിച്ച വാക്കുകളും
മഴച്ചാറലായിറ്റുമ്പോള്‍
തകരകള് പോലെ
ആഴങ്ങളില്‍ നിന്ന്
പ്രണയം മുളയ്ക്കുന്നു.
പ്രണയത്തിന്റെ വഴികളില്‍
പറഞ്ഞ വാക്കുകളത്രയും
കരിയിലകളായ് പറക്കുമ്പോള്‍
പ്രണയം മരിക്കുന്നു.
വെള്ള പുതച്ച
പ്രണയജഢങ്ങളെ
വെണ്ണക്കല്ലിനുള്ളില്‍
സ്മരണഹേതുവാക്കി
പണ്ട് പ്രണയിനികള്‍!!
പെറുക്കിയെടുത്ത
പ്രണയത്തുണ്ടുകള്‍
പായില്‍ പൊതിഞ്ഞ്
പ്രണയത്തെ തുന്നിക്കെട്ടുന്നു
പ്രണയപാളങ്ങളില്‍!
ഒരു ബര്‍ഗറിന് രുചിയ്ക്കൊപ്പം
അലിഞ്ഞു തീര്‍ന്നൊരു
മധുരത്തിനൊപ്പം, വിരല്‍തുമ്പ്-
വരയ്ക്കും വന്യമാം
വാക്കുകള്‍ക്കൊപ്പം
'ഹായില്‍' തുടങ്ങി 'ബൈയില്‍'
ഒതുക്കിക്കെട്ടിയ പ്രണയമാറാപ്പുകള്‍!!
കാഴ്ച മങ്ങിയ കണ്ണടച്ച്
ഉള്‍ക്കണ്ണാലമ്മയെ കണ്ട്
കണ്ണീര് പെയ്യുമച്ഛന്റെ മിഴികളില്‍
അമൂല്യമാം രത്നങ്ങളായി
അനശ്വരമാം പ്രണയം...
അറുപതിലുമാളുന്ന
കാട്ടുതീയായ് പടരുന്ന
പ്രണയം...!!!
Thursday, December 10, 2009
കുശവത്തി (കവിത)സൈനുദ്ധീന്‍ ഖുറൈഷി

പൊട്ടാക്കലങ്ങള്‍ക്കിടയില്‍
പൊട്ടിയ കലമായ്
നെറുകയിലെ സിന്ദൂരം
നാഭിയില്‍ പടര്‍ന്ന്
ചാക്രികക്ഷമത നിലച്ച
കുശമണ്ണുണങ്ങിയ
ചക്രത്തിന് മുന്നില്‍
കല്ലുകളില്ലാ അടുപ്പില്‍
പച്ചവിറക് കത്തിയ്ക്കുന്നു
വിശപ്പിന്റെ തീയുമായ്
കുശവത്തി.
അമ്മയുടെ കരള്‍ മാന്തിക്കുഴച്ച്
കരവിരുതാല്‍ കമ്രരൂപം പടച്ച്
പാല്‍ശുദ്ധിയുള്ള മിഴാവുകളില്‍
പതിര് തിളപ്പിയ്ക്കുന്നു
പാവം കുശവത്തി.
മണ്ണുണ്ട് മനമുണ്ട്
മണ്‍ചെരാതിലിത്തിരിയെണ്ണയില്ല
തൊട്ട് മുടിയില്‍ തേക്കാന്‍.
കയ്യുണ്ട് കലയുണ്ട്
കണ്ണില്ല മണ് രൂപങ്ങള്‍ക്കപ്പുറം
തുരുമ്പെടുക്കും
പുരാവസ്തുക്കള്‍ കാണാന്‍.
കലത്തിനില്ല വില
കലച്ചുമടേന്തിയ മുലകള്‍ക്ക്
വില നല്‍കാമരയ്ക്കോ..
അതിലിരട്ടി വില..!
മണ്ണിന്റെ മണമുണ്ട്
നിറവുമുണ്ടീ കലങ്ങള്‍ക്ക്
ഒരിക്കലല്ലെങ്കിലൊന്നു കൂടി -
യല്ലാതാര്‍ക്കു വേണമിന്നീ-
യടിയിലൊട്ടാത്ത
പാത്രങ്ങളുള്ളപ്പോള്‍!!
Monday, December 7, 2009
ഞാന്‍ പ്രവാസിയുടെ മകന്! (കഥ) സൈനുദ്ധീന്‍ ഖുറൈഷി
തികച്ചും അപ്രതീക്ഷിതമായ ഒരു യാത്ര!
ഈ നാട്ടിലേക്കുള്ള യാത്ര ആഗ്രഹിച്ചതല്ലായിരുന്നു. ഈ നാടിനെ വെറുത്തത് കൊണ്ടല്ല. ഒരിക്കലും വെറുപ്പില്ല എന്ന് മാത്രമല്ല അതിരറ്റ ആദരവും സ്നേഹവുമാണ്. പക്ഷെ, ഈ ജീവിതം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനുള്ള പ്രചോദനം തന്റെ പ്രിയപ്പെട്ട അച്ഛനും.
അച്ഛനായിരുന്നു നിര്‍ബന്ധം തന്റെ മക്കള്‍ ഈ മരുഭൂമിയില്‍ കഷ്ടപ്പെടരുതെന്ന്. നഗരത്തിന്റെ വശ്യമായ അലങ്കാരങ്ങള്‍പ്പുറം ഒറ്റപ്പെടലിന്റേയും ഏകാന്തതയുടേയും അവ സമ്മാനിക്കുന്ന വിഷാദങ്ങളുടെയും ഇടയില്‍ രോഗഗ്രസ്തമായ പ്രവാസക്കൂടുകളിലേക്ക് തന്റെ മക്കളെ ചേക്കേറാന്‍ അനുവദിക്കില്ല എന്നത് അച് ഛന്റെ ഉറച്ച തീരുമാനമായിരുന്നു.
"മക്കള്‍ പഠിയ്ക്കണം. പഠിച്ച് ഉന്നതമായ നിലകളില്‍ എത്തണം. ഒന്നിലും ഒരു കുറവ് വരാതെ എല്ലാം ചെയ്യാന്‍ ഞാനുണ്ട്, നിങ്ങളുടെ അച് ഛനുണ്ട്."
പഴയ ലിപിയില്‍ ഭംഗിയായി എഴുതിയ കത്തിലെ വരികള്‍.ഞങ്ങള്‍ക്കും അമ്മയ്ക്കും വേറെ വേറെയായിട്ടാണ് അച്ഛന് കത്തുകളയക്കാറ്. ഒരുപാട് ഉപദേശങ്ങള്‍, ഒരുപാട് തമാശകള്‍. എല്ലാം ഉണ്ടാവും കുനുകുനെ എഴുതി നിറച്ച ആ കത്തുകളില്‍. ഒരു പക്ഷെ, ഒരു നല്ല മനുഷ്യനിലേക്കുള്ള അന്വേഷണം ഉണ്ടെങ്കില്‍ ആര്‍ക്കും നിസ്സംശയം റഫര്‍ ചെയ്യാവുന്ന ഒരു ഗ്രന്ഥം തന്നെയാവും സൂക്ഷിച്ചു വെച്ചിട്ടുള്ള ആ കത്തുകള്‍. ജീവിതാനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങളില്‍ നിന്ന് നല്ലതിനെ ഞങ്ങളിലേക്ക് പകര്‍ത്താനും ദോഷങ്ങള്‍ എങ്ങിനെ ഒഴിവാക്കാമെന്ന് ഞങ്ങളെ പഠിപ്പിയ്ക്കാനും എത്ര സാരള്യത്തൊടെയാണ് ആ വരികള്‍ പരിശ്രമിക്കുന്നത്.
വളരെ പ്രൗഢമാണ് വിദ്യാഭ്യാസകാലത്തെ ഓര്‍മ്മകള്‍.
കുബേരപുത്രന്മാര്‍ക്കൊപ്പം ഇരിപ്പിടം പങ്കിട്ട്, വാഹനങ്ങള്‍ ഉപയോഗിച്ച്, വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച്, ആഢമ്പര വീട്ടില്‍ ഉറങ്ങി....ഒന്നിനും ഒരു കുറവ് അനുഭവപ്പെടാതെ..!!
ഒടുവില്‍ എഞ്ചിനീറിങ്ങ് പാസ്സായി കലാലയത്തിനോട് വിട പറയുമ്പോള്‍ പിന്നെയും ചോദ്യം.
"ഇനി മറ്റെന്തെങ്കിലും പടിയ്ക്കണോ..? ഉപരിപഠനത്തിന് ആഗ്രഹമുണ്ടെങ്കില്‍ പറയണം..അച്ഛന് അതിനെ പറ്റിയൊന്നും കൂടുതല്‍ അറിയില്ല്യാ..അതോണ്ടാ.."
അച്ഛനോട് ഉണ്ടായിരുന്ന വിയോജിപ്പ് ഒരേയൊരു കാര്യത്തില്‍ മാത്രമായിരുന്നു.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ മാത്രമേ അച്ഛന് നാട്ടില്‍ വന്നിരുന്നുള്ളൂ. അതിന് പല കാരണങ്ങളും അച്ഛന് പറയും. ലീവ് കിട്ടിയില്ല, അറബി സമ്മതിച്ചില്ല, ഇവിടെ എല്ലാം എന്റെ ചുമലിലാണ്. ഇട്ടെറിഞ്ഞ് പോരാന്‍ കഴിയില്ല.എന്നൊക്കെ.
പക്ഷെ, കോളേജില്‍ അടയ്ക്കേണ്ട ഭാരിച്ച ഫീസും ഞങ്ങള്‍ക്കുള്ള വസ്ത്രങ്ങളും ഞങ്ങള്‍ ആവശ്യപ്പെട്ട സാധനങ്ങളുമൊക്കെ മുറ തെറ്റാതെ വരും.
കൂട്ടുകാര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അച്ഛനെ പരിചയപ്പെടുത്തും.
"ഹി ഈസ് മാനേജര്‍ ഇന്‍ എ ബിഗ് കമ്പനി.."
വെസ്പ മാറ്റി പുതിയ ടു വീലറില്‍ കറങ്ങുമ്പോള്‍ കൂട്ടുകാര്‍ക്ക് അത്ഭുതവും അസൂയയും.
"യുവര്‍ ഫാദര്‍ ഈസ് റിയലി ഗ്രേയ്റ്റ് യാര്.."
ശരിയാണ്. ഞങ്ങളെ സ്നേഹിക്കുകയും ഞങ്ങള്‍ക്കായി ജീവിക്കുകയും ചെയ്യുന്ന അച്ഛന് ഗ്രേയ്റ്റല്ലാതെ പിന്നെന്താണ്.
ഫ്ളൈറ്റിലെ അസഹനീയമായ തണുപ്പില്‍ എയര്‍ഹോസ്റ്റസ് തന്ന കമ്പിളി പുതച്ച് ഇരിയ്ക്കവേ,
വിജയകരമായി ഫളൈറ്റ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ പോകുന്നു എന്ന ക്യാപ്റ്റന്റെ അനൗണ്‍സ്മെന്റ് .
പുറത്ത് അച്ഛന്റെ സ്നേഹിതന് ബാലേട്ടന് കാത്ത് നില്പുണ്ടായിരുന്നു. പുറത്തിറങ്ങിയ തന്നെ ബാലേട്ടന് കെട്ടിപ്പിടിച്ചു.
"ഇത് എന്റെ ഗംഗയുടെ മോനല്ല.. ഗംഗ തന്നെയാണ്. "ബാലേട്ടന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
"ഞാനൊരു പത്തിരുപത് വര്‍ഷം പിന്നോട്ട് പോയി മോനെ..അച്ഛനെ മുറിച്ച് വെച്ചത് പോലെ..ഇങ്ങനെയുണ്ടോ ഒരു രൂപസാദൃശ്യം!!!"
ഉള്ളില്‍ തോന്നിയ അഭിമാനം മുഖത്ത് പുഞ്ചിരിയായ് തെളിഞ്ഞു.
വണ്ടി ഓടിച്ചു കൊണ്ടിരുന്ന ബാലേട്ടനോട് വെറുതെ ചോദിച്ചു.
"ബാലേട്ടന് ...ഇന്ന് ഡ്യൂട്ടിയില്ലേ...."അയാള്‍ ചിരിച്ചു. പിന്നെ പറഞ്ഞു.
"ഇത് തന്നെയല്ലെ എന്റെ ഡ്യൂട്ടി.....!!"
തെല്ല് അത്ഭുതത്തോടെ മിഴിച്ചിരിക്കുന്ന തന്നെ നോക്കി ബാലേട്ടന് പറഞ്ഞു.
"വിശ്വാസമായില്ലെന്ന് തോന്നുന്നു. ഞാന്‍ ടാക്സി ഡ്രൈവറാണ്. പത്തിരുപത്തഞ്ച് കൊല്ലായി ഓടിച്ചു കൊണ്ടേയിരിക്കുന്നു..."ബാലേട്ടന് ഉറക്കെ ചിരിച്ചു.
ആദ്യത്തെ ആശ്ചര്യവും അതുണ്ടാക്കിയ ഞെട്ടലും ബാലേട്ടനില്‍ നിന്ന് തുടങ്ങി.
അമ്പലവീട്ടില്‍ ഗംഗാധരന്റെ ഏറ്റവും അടുത്ത കൂട്ടുകാരന് ഒരു ടാക്സി ഡ്രൈവര്‍! അച്ഛന്റെ വലിയ മനസ്സിനെ തന്റെ മനസ്സിലേക്ക് ആവാഹിയ്ക്കാന്‍ ശ്രമിച്ചു.
കാറില്‍ എസിയുടെ തണുപ്പുണ്ടെങ്കിലും കോട്ട് ഊരി മടക്കി സീറ്റില്‍ വെച്ചു. ഡല്‍ഹിയില്‍ കമ്പനി പ്രതിനിധിയായി ഒരു കോണ്ഫെറന്സില് പങ്കെടുക്കാന്‍ പോകുന്നു എന്നറിയിച്ചപ്പോള്‍ അച്ഛന് തന്നെ പണമയച്ച് തന്ന് നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചതായിരുന്നു സ്യൂട്ട്. ഇന്ന് ഷാര്‍ജയില്‍ കമ്പനിയ്ക്കു വേണ്ടി വരേണ്ടി വന്നപ്പോള്‍ അമ്മയ്ക്കായിരുന്നു നിര്‍ബന്ധം ഈ സ്യൂട്ട് തന്നെ ധരിക്കണമെന്ന്.
"അച്ഛനുറങ്ങുന്ന മണ്ണാണത്. ആ കുഴിമാടത്തില്‍ ഈ ഡ്രസ്സിട്ട് വേണം നീ പോകാന്‍ . അച് ഛനത് കാണും. സന്തോഷിക്കും."
പാവം അമ്മ! എത്രയോ കുറച്ച് മാത്രമാണ് അവര്‍ ഒന്നിച്ച് കഴിഞ്ഞത്. ജീവിതത്തിന്റെ ഭൂരിഭാഗവും ഞങ്ങള്‍ക്ക് വേണ്ടി....
കാര്‍ സഡന്‍ ബ്റേക്കിട്ട് നിന്നു.
മുന്നില്‍ ട്രാക്ക് തെറ്റിച്ച് മറ്റൊരു കാര്‍.
"ന്താ...ഭയന്നോ...? " ബാലേട്ടന്റെ ചോദ്യം.
വെറുതെ ചിരിച്ചു.
ഞങ്ങളിപ്പോള്‍ കെട്ടിടസമുച്ചയങ്ങള്‍ പിന്നിലാക്കി അല്പം വിജനമായ പ്രദേശത്ത് എത്തിയിരിക്കുന്നു. ഇരുവശങ്ങളിലും പരന്നു കിടക്കുന്ന മരുഭൂമി. അകലെ മലകളുടെ അതാര്യമായ ചിത്രങ്ങള്‍. നാട്ടില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പാലക്കാട് കഴിഞ്ഞാല്‍ ഇത്തരം കാഴ്ചകള്‍ കണ്ടിട്ടുണ്ട്.
ഇത് രണ്ടാമത്തെ ആശ്ചര്യമാണ്.
അമ്പലവീട്ടിലെ ഗംഗാധരന്റെ ഫ്ളാറ്റ് ഏതെങ്കിലും ബഹുനില കെട്ടിടത്തിലായിരിക്കുമെന്ന് കരുതിയ തനിക്ക് തെറ്റിയിരിക്കുന്നു. കാര്‍ ചെന്ന് നിന്നത് ഒരു തീരപ്രദേശത്തായിരുന്നു. മരത്തടികളും പലകകളും ഉപയോഗിച്ച് പണിതിട്ടുള്ള ചെറിയ ചെറിയ വീടുകള്‍. ഒറ്റമുറിയുള്ള വീടുകള്‍. തികച്ചും അനാസൂത്രിതമായി അവ സ്ഥാപിച്ചിരിയ്ക്കുന്നു.
കമ്പനി അറേഞ്ച് ചെയ്തിരുന്ന താമസസൗകര്യം ഒഴിവാക്കി അച്ഛന്റെ മുറിയില്‍ മൂന്നെങ്കില്‍ മൂന്ന് ദിവസം കഴിയാന്‍ തനിക്കായിരുന്നു നിര്‍ബന്ധം. പക്ഷെ ഇവിടെ പ്രതീക്ഷകള്‍ക്കും വിശ്വാസങ്ങള്‍ക്കുമെത്രയോ അപ്പുറത്താണ് കാര്യങ്ങള്‍!!
"വരൂ..ഇതാണ് ഞങ്ങളുടെ കൊട്ടാരങ്ങള്‍! കാരവന്‍സ് എന്ന് പറയും...ഹ ഹ ഹ ..."
കടലില്‍ കരയോട് ചേര്‍ന്ന് തുമ്പികള്‍ പോലെ വിവിധ വര്‍ണ്ണങ്ങളില്‍ മത്സ്യബന്ധന ബോട്ടുകള്‍.
രണ്ട്മൂന്ന് കാരവനുകള്‍ പിന്നിട്ട് പുറത്ത് ചെറിയൊരു വൃക്ഷത്തണലും തോട്ടവുമുള്ള ഒരു കാരവന് മുന്നില്‍ ഞങ്ങളെത്തി.
"ഇതാണ് ഞാനും മോന്റെ അച് ഛനും താമസിച്ചിരുന്ന വീട്. ഇപ്പോ... ഞാന്‍ മാത്രം..." അത് പറയുമ്പോള്‍ ബാലേട്ടന്റെ തൊണ്ടയിടറിയിരുന്നു.
അകത്ത്-
ഇരുവശങ്ങളിലായി രണ്ടു കട്ടിലുകള്‍. നടുക്ക്, ഒരറ്റത്ത് ചുമരിനോട് ചേര്‍ന്ന് ഒരു മേശ. അതിന്മേല് പഴയൊരു ടെലിവിഷ്യന്‍. അടിയില്‍ വളരെ പഴക്കമുള്ള തോഷിബയുടെ ഒരു സ്റ്റീരിയൊ ടേപ് റെകോര്‍ഡര്‍. അടുത്ത് തന്നെ ചിട്ടയില്‍ അടുക്കി വെച്ചിരുന്ന മെഹ്ദി ഹസ്സനും ഗുലാം അലിയും യേശുദാസും...
മുറിയുടെ ഒരു മൂലയില്‍ ചെറിയൊരു സ്റ്റൂളില്‍ ഉണ്ടായിരുന്ന കെറ്റ്ല്‍ ഓണ്‍ ചെയ്തു ബാലേട്ടന്.
എല്ലാം നോക്കി കട്ടിലില്‍ ഇരുന്നു.
"ഇതാണ് ..മോന്റെ അച് ഛന്റെ കട്ടില്...."
താനിരിക്കുന്ന കട്ടില് ചൂണ്ടിക്കാട്ടി ബാലേട്ടെന്‍ പറഞ്ഞു. കരച്ചിലടക്കാനായില്ല. ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു. ധരിച്ചിരുന്ന സൂട്ടും കോട്ടുമെല്ലാം അഴിച്ച് വലിച്ചെറിയണമെന്ന് തോന്നി. ബാലേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. വാക്കുകള്‍ പുറത്തേക്ക് വരുന്നില്ലായിരുന്നു.
ചുമരില്‍ തൂങ്ങിക്കിടന്നിരുന്ന രണ്ട് നീളന്‍ കുപ്പായങ്ങള്‍.
വളരെ പഴകിയ അവ ചൂണ്ടിക്കാട്ടി ബാലേട്ടന് പറഞ്ഞു.
"അത് മോന്റെ അച്ഛന് ബോട്ടില്‍ പോകുമ്പോള്‍ ഇട്ടിരുന്നതാ...."
മുഷിഞ്ഞതെന്ന് തോന്നുന്ന ആ അറബിക്കുപ്പായമെടുത്ത് നെഞ്ചോട് ചേര്‍ത്തു.
അച് ഛന്റെ മണത്തേക്കാള്‍ കടലിന്റെ മണമായിരുന്നു അതിന്.
"ഞാനത് അവിടുന്ന് മാറ്റിയില്ല. എന്റെ ഗംഗയുടെ സാമീപ്യം എനിക്കനുഭവിയ്ക്കാനായിരുന്നു അതവിടെ കിടക്കുമ്പോള്‍ ..."
തന്റെ സുഖങ്ങളെല്ലാം വെടിഞ്ഞ്, തന്റെ കഷ്ടപ്പാടുകള്‍ ആരെയും അറിയിക്കാതെ ഈ കടല്‍ തീരത്ത്.....ഈ ചെറിയ മരക്കുടിലില്‍...ജീവിതം ജീവിച്ചു തീര്‍ത്ത തന്റെ അച്ഛന്!
തീര്‍ത്തും ഒരു ചന്ദനത്തിരിയുടെ ..ഒരു മെഴുക് തിരിയുടെ ജന്മമായിരുന്നു തന്റെ അച് ഛനെന്നറിഞ്ഞിരുന്നെങ്കില്‍....
തന്റെ സങ്കല്പത്തിലുണ്ടായിരുന്ന ആഢ്യനായ അച്ഛനേക്കാള്‍ എത്രയോ ഉയരത്തിലാണ് ഇപ്പോള്‍ താനറിഞ്ഞുകൊണ്ടിരിക്കുന്ന സ്നേഹനിധിയായ അച്ഛന്.
"മോന്റെ പഠിപ്പ് കഴിഞ്ഞപ്പോള്‍ ഉള്ളതെല്ലാം പെറുക്കിക്കൂട്ടി നാട്ടിലേക്ക് വരാനായിരുന്നു ഗംഗ ഉദ്ദേശിച്ചിരുന്നത്. എന്നോട് പല തവണ പറയുകേം ചെയ്തു." കണ്ണു തുടച്ച് ബാലേട്ടന് പറയുന്നത് കേട്ട് മിണ്ടാതിരുന്നു.
"ബോട്ടില്‍ വെച്ചായിരുന്നു അറ്റാക്ക്. മരിച്ചതിന് ശേഷമാണ് വെള്ളത്തില്‍ വീണതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പക്ഷെ, മിസ്സിങ്ങിന് രണ്ടു ദിവസം കഴിഞ്ഞാണ് ബോഡി കണ്ടെത്താനായുള്ളൂ.......അപ്പോഴേക്കും ഒരു പാട്...."
"വേണ്ട ബാലേട്ടാ...മതി. എനിക്ക് കേള്‍ക്കാന്‍ വയ്യ."
സംസാരം പകുതിയില്‍ നിര്‍ത്തി ബാലേട്ടനും മൂകനായി ഇരുന്നു.
കയ്യിലെ അച്ഛന്റെ അറബിക്കുപ്പായം മുഖത്തോട് ചേര്‍ത്ത് ഉമ്മ വെച്ചു. പിന്നെ അച്ഛനോടെന്ന പോലെ ചോദിച്ചു."ഞങ്ങളെ പറ്റിക്ക്യായിരുന്നൂലേ...?"
കട്ടിലിനടിയില്‍ നിന്ന് ഒരു വലിയ പെട്ടി എടുത്ത് തനിയ്ക്ക് മുന്നില്‍ വെച്ചു ബാലേട്ടന്.
"ഇത് ഗംഗയുടെ പെട്ടിയാണ്. തുറന്ന് നോക്കണമെന്ന് പല തവണ കരുതി. ധൈര്യമുണ്ടായില്ല."
പോരുമ്പോള്‍ അമ്മ പറഞ്ഞത് ഓര്‍ത്തു.
"അച് ഛന്റെ സാധനങ്ങളും സാമഗ്രികളും ഒക്കെ കാണും അവിടെ. തരപ്പെടുമെങ്കില്‍ അതെല്ലാം ഇങ്ങോട്ട് അയക്കണം. അച്ഛനെയോ കാണാനായില്ല. "
കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞ് അമ്മ വീണ്ടും പറഞ്ഞു.
"എത്ര ചെലവ് വന്നാലും എല്ലാം അയച്ചോളൂ..അച് ഛന് ബാക്കി വെച്ച അച് ഛന്റെ ശേഷിപ്പുകള്‍..."
സാവധാനം പെട്ടി തുറന്നു.
തുറക്കുമ്പോള്‍ തന്നെ കാണാവുന്ന വിധത്തില്‍ ഉണ്ണിക്കണ്ണന്റെ ചിത്രം. ചുറ്റും ഞങ്ങളുടെ പല പ്രായത്തിലുള്ള ഫോട്ടൊകള്‍! അമ്മയുടെ ഫോട്ടൊ. വൃത്തിയായി റബര്‍ ബാന്റിട്ട് കെട്ടിവെച്ച കുറെ കത്തുകള്‍. ഒന്നു രണ്ട് ജോഡി ഡ്രെസ്സുകള്‍. കുറെ മരുന്നുകള്‍, ഡോക്ടറുടെ കുറിച്ചീട്ടുകള്‍...മറ്റൊന്നുമില്ലായിരുന്നു അതില്‍.
' ഒന്നുമില്ലമ്മേ...അച് ഛനായി അച് ഛന് കരുതി വെച്ചതെല്ലാം നാട്ടിലാണ്. അമ്മയുടെ രൂപത്തില്‍ , എന്റെ രൂപത്തില്‍, അനിയത്തിയുടെ രൂപത്തില്‍..വീടിന്റെ..ഭൂമിയുടെ.............
അഴുക്കു പിടിച്ച അറബിക്കുപ്പായം നെഞ്ചോട് ചേര്‍ത്തു. പിന്നെ അവ ബാഗില്‍ വെച്ചു.
ബാലേട്ടന്റെ കാറില്‍-
മരുഭൂമിയുടെ വിജനതയില്‍ അടയാളങ്ങള്‍ അപൂര്‍വ്വങ്ങളായ പൊതു ശ്മശാനത്തില്‍ ഇന്നും ഞ്ങ്ങള്‍ക്കായി തുടിയ്ക്കുന്ന മനസ്സിന്റെ സ്പന്ദനങ്ങളുമായി അശാന്തമായ് ഉറങ്ങുന്ന അച്ഛന്റെ അരികിലേക്ക്..
അച്ഛന്റെ വിയര്‍പ്പ് കുടിച്ച യഥാര്‍ത്ഥ അടയാളങ്ങളെ നെഞ്ചോട് ചേര്‍ത്ത്....

Wednesday, December 2, 2009
മലയിറങ്ങുന്ന ജിന്നുകള്‍ ( കഥ )
സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധമുള്ള പുകച്ചുരുളുകള്‍ക്കുള്ളില്‍,ചെരിഞ്ഞാടിക്കത്തുന്ന നിലവിളക്കിന്റെ മഞ്ഞ വെളിച്ചത്തില്‍ ,കരിംപച്ച കരയുള്ള കാച്ചിത്തുണിയും പെണ്‍കുപ്പായവുമിട്ട ആമിന അര്‍ദ്ധബോധാവസ്ഥയില്‍ മലര്‍ന്ന് കിടന്നു. ശില്പ സൗന്ദര്യമുള്ള അവളുടെ ശരീരത്തിന് മുന്നില്‍ ആളിക്കത്തുന്ന ചെറിയൊരു ഹോമകുണ്ഡത്തിനപ്പുറം നീട്ടി വളര്‍ത്തിയ താടിയും തലയില്‍ തൊപ്പിയുമുള്ള ബുഖാരി തങ്ങള്‍ തടിച്ച ചുണ്ടുകളനക്കി മന്ത്രങ്ങളുരുവിട്ടു.
ശക്തിയായ ശ്വാസോച് ഛാസത്തില്‍ ഉയര്‍ന്ന് താഴുന്ന ആമിനയുടെ മാറിടവും ആലസ്യത്തില്‍ കാലിളകുമ്പോള്‍ സ്ഥാനം തെറ്റുന്ന കാച്ചിത്തുണിയും ബുഖാരിത്തങ്ങളുടെ മന്ത്രങ്ങള്‍ ഉച്ചത്തിലാക്കി. ഉച്ചസ്ഥായിയിലുള്ള മന്ത്രങ്ങള്‍ക്കിടയില്‍ ബുഖാരിത്തങ്ങള്‍ തൊപ്പിയഴിച്ച് പീഠത്തില്‍ വെച്ചു. വെളുത്ത നീളന്‍ കുപ്പായം ചുമരിലെ ആണിയില്‍ തൂക്കി. കയ്യിലെ ചൂരല്‍ കൊണ്ട് ഭിത്തിയില്‍ തലങ്ങും വിലങ്ങും അടിച്ചു.
നിലവിളക്കില്‍ നിന്നും ഹോമകുണ്ഡത്തില്‍ നിന്നും പരക്കുന്ന സ്വര്‍ണ്ണ നിറമുള്ള വെളിച്ചത്തില്‍ സ്ഥാനഭ്രംശം വന്ന കാച്ചിത്തുണിക്കുള്ളില്‍ പാതിയുരിഞ്ഞ പൂവന്‍പഴം പോലെ ആമിന...!!
ബുഖാരിത്തങ്ങളുടെ മന്ത്രങ്ങളുരുവിടുന്ന ചുണ്ടുകളിലൂടെ ഉമിനീര് ഒലിച്ചിറങ്ങി.
ആമിനയുടെ കാച്ചിത്തുണി മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. മറ്റൊരു തുണിയായി അയാള്‍ ആമിനയെ ചുറ്റി വരിഞ്ഞു. ആമിനയുടെ അരയിലെ ഏലസ്സുകളില്‍ ജപിച്ച് കെട്ടിയൊതുക്കിയ ജിന്നുകള്‍ കെട്ടുകള്‍ ഓരോന്നായ് പൊട്ടിച്ച് നൃത്തം വെച്ചു.!
പുറത്ത് -ബുഖാരിത്തങ്ങളുടെ മുരീദ് പറയുന്ന ജിന്നുകളുടെ കഥകള്‍ കേട്ട് അവറുട്ടി കണ്ണ് മിഴിച്ചിരുന്നു.
" അനക്ക് മക്കളുണ്ടാവൂല്ലാന്ന് ആരാ പറഞ്ഞീ..? "
"ലാക്കിട്ടര്....""ഊം....ലാക്കിട്ടര്....ഓല്ക്ക് ബേണങ്കീ...മൂപ്പര് മക്കളെ.. ണ്ടാക്കി കൊട്ക്കും....അറ്യൊ...അനക്ക്...?"
"പിന്നല്ലാണ്ട്....? ഞ്ഞമ്മക്കറീലേ..."
" ഊം..അതാ...ഇജ്ജ് നോക്കിക്കോ...ഇന്നക്ക് പത്ത് മാസം തേച്ച് ബേണ്ടാ...അന്റെ ആമിന പെറും......!! ജിന്നുകളെ കയ്യിലിട്ട് കളിക്കുന്ന മൂപ്പരോടാ..കളി....!"
അവറുട്ടി മുരീദിന്റെ വര്‍ത്തമാനം കേട്ട് അന്ധം വിട്ടിരുന്നു.
അറയുടെ വാതില്‍ തുറന്ന് ഗാംഭീര്യത്തോടെ ബുഖാരിത്തങ്ങള്‍ ഇറങ്ങി വന്നു. തങ്ങളെ കണ്ടപ്പോള്‍ മുരീദും അവറുട്ടിയും സംസാരം നിര്‍ത്തി എഴുന്നേറ്റ് നിന്നു.
"അന്റെ പെണ്ണ് പെറ്റോളും....ഓളെ മേല്‍ കൂടീര്ന്ന ഒരു കാഫിര്‍ ജിന്നിന്റെ ഹിക്ക്മത്തേര്‍ന്ന്....അത് ഞമ്മള് എറക്ക്യേര്ക്കെണ്....ന്താ..പോരെ...?"“
ഓ..അത് മതി തങ്ങളേ..”. അവറുട്ടിയുടെ തൊണ്ടയിടറി.
"കൊറച്ച് കയ്ഞ്ഞാ...ഓള് വന്നോളും..., ഇപ്പം നേര്യേ...മയ്ക്കത്തിലാ..എടങ്ങറാക്കണ്ടാ.......ന്താ..?"
"ഓ...അങ്ങനന്നേ...തങ്ങളേ...."
"മുല്ലാക്കാ...ഇന്നിനി ആരേം നോക്കണില്ലാ....ബരണോരോട് നാളെ ബരാന് പറേയ്....."
ബുഖാരിതങ്ങള് കുളപ്പുരയിലേക്ക് നടന്നു.
വയലിനപ്പുറത്തെ തൊടിയില്‍ വരിക്കപ്പ്ളാവിന്റെ ചുവടു ചേര്‍ന്ന് ചെറ്റപ്പുരയില്‍ ആമിനക്കും ആടുകള്‍ക്കും കാവലായി അവറുട്ടി. പെറ്റ ആടുകളെ കറന്നും തീറ്റിയും ചെന പിടിച്ച ആടുകള്‍ക്ക് പരിരക്ഷ നല്കിമയും അവറുട്ടി ജീവിച്ചു.
സുന്ദരിയായ ആമിനക്ക് പിന്നെയും പിന്നെയും ദീനം വന്നു.ബുഖാരിത്തങ്ങളുടെ കിര്ഫ. അദ്ധേഹം മന്ത്രിച്ചൂതി ആധികളകറ്റി, വ്യാധികളകറ്റി.
ആമിനയുടെ വയറ് വീര്‍ക്കുന്തോറും അവറുട്ടിയുടെ നെഞ്ച് തുടിച്ചു. തങ്ങളുടെ ശുശ്രൂഷയ്ക്കായുള്ള രാത്രിസഞ്ചാരവും നിലച്ചു.
" ആമിനാക്കിപ്പോ...എത്രേണ്ടാ..യിത് മാസം....'" മുരീദിന്റെ ചോദ്യം.
പുഴുക്കുത്തേറ്റ പല്ല് കാട്ടി അവറുട്ടി ചിരിച്ചു.
"എട്ടാവണ്...."
"കണ്ടജ്ജ്...തങ്ങള്ടെ വൗസ്.....താ യിപ്പറേണത്...മരുന്നുണ്ടായാ പോരാ.. അത് കൊടുക്കനറീണം...അവറുട്ട്യേ.... ഞമ്മളെ തങ്ങക്കറീണതും അതാ...."
"അതന്നേ...." അവറുട്ടി പിന്നെയും ചിരിച്ചു.
കോലായിലിരുന്ന് ആടുകളോട് കിന്നാരം പറയുന്ന അവറുട്ടിയെ അയ്സാത്ത ശകാരിച്ചു.
"ഒരുത്തി കെടന്ന് പൊളേമ്പളാ...അന്റെ കളി..."
അവറുട്ടി കണ്ണ് മിഴിച്ച് അയ്സാത്തയെ നോക്കി.
"മിയ്ച്ച് നിക്കാണ്ട് തങ്ങളെര്ത്ത്ന്ന് ബെത്തില മന്തിരിച്ച് കൊണ്ടായോ....ഓള്ക്ക് ബരത്തം ബന്നേക്കണ്...."
നിലത്ത് വിരിച്ചിട്ട ഓലപ്പായയില്‍ കാലുകളകത്തി, ഉത്തരത്തില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന കയറില്‍ പിടിച്ച് ആമിന വിയര്‍പ്പില്‍ കുളിച്ച് കിടക്കുന്നു.
"കുന്തം മുണുങ്ങ്യേ ന്ത്യേ...നിക്കാണ്ട് ബേഗം ബെത്തില മന്തിരിപ്പിച്ച് കൊണ്ടാ...ന്റെ...ബദ്രീങ്ങളേ...മാസോം തേഞ്ഞില്ലല്ലാ......... പടച്ചോനേ..."
അവറുട്ടി വയല്‍ വരമ്പിലൂടെ ഓടി.അയ്സാത്ത ആമിനക്ക് അരികിലിരുന്ന് *നഫീസത്ത് മാല നീട്ടിച്ചൊല്ലി.
അസര്‍ നമസകരിക്കുന്ന ബുഖാരിത്തങ്ങളുടെ നമസ്കാരം കഴിയുന്നത് വരെ അവറുട്ടി മുറ്റത്ത് നിന്നു. നമസ്കാരം കഴിഞ്ഞ് ചാരുകസേരയിലിരുന്ന് ബുഖാരിത്തങ്ങള്‍ ചോദിച്ചു.
" ഊം...ന്താ അവറുട്ട്യേ...."തല ചൊറിഞ്ഞ് നിലത്ത് നോക്കി അവറുട്ടി പറഞ്ഞു.
"ഓള്ക്ക് ബരത്തം തൊടങ്ങീക്കണ്....ഇച്ചിരി ബെത്തില മന്തിരിക്കണം..."
" റജബ്... ശ അബാന്‍ ....റമളാന്‍....ശവ്വാല്‍..."തങ്ങള്‍ കൈവിരലുകളില്‍ മാസങ്ങളെണ്ണി.
"ഊം..ഒമ്പത് മൂത്തട്ടില്ലാലേ...."
അവറുട്ടി കെട്ട പല്ല് കാട്ടി ചിരിച്ചു.
ബുഖാരിത്തങ്ങള്‍ മന്ത്രിച്ചു കൊടുത്ത വെത്തിലയുമായി അവറുട്ടി പാടവരമ്പിലൂടെ ഓടി. കുടിലില്‍ നിന്ന് ആമിനയുടെ കരച്ചിലും കേള്‍ക്കാം. പാടത്ത് മേഞ്ഞിരുന്ന ആമിനയുടെ ആടുകള്‍ ഉറക്കെ കരഞ്ഞ് അവറുട്ടിയുടെ പുറകെ ഓടി.
അവറുട്ടി കൊടുത്ത വെത്തില ചവച്ചിറക്കി വേദന കടിച്ചമര്‍ത്തി ആമിന കിടന്നു.
വാതില്‍പ്പടിയില്‍ സങ്കടപ്പെട്ട് നില്ക്കുന്ന അവറുട്ടിയുടെ മുഖത്ത് നിറകണ്ണുകളോടെ അവള് നോക്കി. ജീവിതത്തില്‍ ഒരിക്കല്‍ പോലും ആത്മാര്‍ത്ഥമായി താന്‍ സ്നേഹിച്ചിട്ടില്ലാത്ത അവറുട്ടിയുടെ മുഖത്തെ ഭാവങ്ങള്‍ അവള് ആ വേദനക്കിടയിലും വായിക്കാന്‍ ശ്രമിച്ചു. പൊട്ടനാണെങ്കിലും തന്നെക്കാള്‍ നിഷകളങ്കനായ ഒരു പാവം മനുഷ്യന്.! തന്റെ ആടുകള്‍ക്കും തനിക്കും കാവലായി ജീവിക്കുന്ന മനുഷ്യന്...!
ആമിന ആദ്യമായി അവറുട്ടിയെ ഓര്‍ത്ത് കരഞ്ഞു.
ബുഖാരിത്തങ്ങളുടെ ബലിഷ്ടമായ പൗരുഷം ഒരു വെത്തിലയില്‍ ഊതിയൊതുക്കിയപ്പോള്‍ അവള് അവളെത്തന്നെ വെറുക്കാന്‍ തുടങ്ങി. താനിപ്പോള്‍ ചവച്ച് നീര് കുടിച്ചിറക്കുന്നതും അയാളുടെ വായുവാണെന്നോര്‍ത്തപ്പോള്‍ ആ വെറുപ്പിന് തീവ്രതയേറി.
മുട്ടനാടിന്റെ മണമായിരുന്നു അവറുട്ടിക്ക്.!
മരണം നടന്ന വീടുകളില്‍ മയ്യത്ത് കുളിപ്പിക്കാനും ഖബര്‍ കിളക്കാന്‍ സഹായിച്ചും നടന്നിരുന്ന അവറുട്ടിക്ക് മയ്യത്തിന്റെ മണമായിരുന്നെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ട്. അത്തറിന്റെയും പനിനീരിന്റേയും സമ്മിശ്ര ഗന്ധത്തില്‍ വെളുത്ത വസ്ത്രത്തില്‍ *കഫന്‍ ചെയ്യപ്പെട്ട മയ്യത്തുകളുടെ ആത്മാവുകള്‍ അവറുട്ടിയുടെ ചുറ്റും നൃത്തം വെയ്ക്കുന്നതായി കണ്ട് അവള് ഭയന്നിരുന്നു.
എന്നാല്‍ ഇതെല്ലാം അതിന്റെ പാരമൃതയിലെത്തിയത് ബുഖാരിത്തങ്ങളുടെ മന്ത്രണങ്ങള്‍ക്ക് ശേഷമായിരുന്നെന്നും അവള് അറിയുന്നു. മക്കത്ത് നിന്ന് കൊണ്ടു വന്ന ജന്നത്തുല്‍ ഫിര്‍ദൗസിന്റെ സുഗന്ധവും രോമ നിബിഢമായ വിരിഞ്ഞ നെഞ്ചും, *ഇഫ്രീത്ത് രാജന്റെ കോട്ടയില്‍ നിന്നെത്തിയ കിനാവുകളിലെ ജിന്നിനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു.
ആരും കൊതിക്കുന്ന ആ മൊഞ്ചിന് മുന്നില്‍ അര്‍ദ്ധമയക്കത്തിലും ഉണര്‍ന്നിരിക്കുന്ന ഉപബോധ മനസ്സ് *മഗ്രിബിലെ സെയ്ത്തൂണ്‍ കായയില്‍ നിന്ന് കിനിയുന്ന എണ്ണ പോലെ സ്വയം കിനിഞ്ഞ് വഴുതുകയും വഴങ്ങുകയുമായിരുന്നു...!!
കോലായില്‍ കുന്തക്കാലില്‍ തല കുനിച്ചിരിക്കുന്ന അവറുട്ടിയെ ആമിനക്ക് കാണാം. അയ്സാത്ത നഫീസത്ത് മാല രണ്ട് തവണ ഓതിക്കഴിഞ്ഞിരിക്കുന്നു.
"ഖോജ രാജാവായ റബ്ബേ.....ശതിക്കല്ലേ...രണ്ടും രണ്ടെടത്താക്കി തരണേ..."അയ്സാത്തയുടെ പ്രാര്‍ത്ഥന!
അന്തിച്ചോപ്പ് മാഞ്ഞു.
പുറത്തെ ഇരുട്ടില്‍ ചന്നം പിന്നം ചാറ്റല്‍ മഴ.
ഇടയ്ക്ക് തെക്ക് നിന്ന് പുഴ കടന്നെത്തുന്ന ശക്തമായ തണുത്ത കാറ്റ്. മുനിഞ്ഞ് കത്തുന്ന ചിമ്മിനി വിളക്കിന്റെ തരളിതമായ പ്രകാശത്തില്‍ ആമിനയുടെ വിളറിയ മുഖം. കഴുക്കോലില്‍ നിന്ന് തൂങ്ങുന്ന കയറിപ്പോള്‍ അനാഥമാണ്.
പുറത്ത് നിന്ന് അടിയ്ക്കുന്ന കാറ്റില്‍ ആമിനയുടെ തലക്ക് മുകളില്‍ അത് ആടുന്നു. കയറ് പിടിക്കാനുള്ള ത്രാണിയില്ലാതെ ആമിനയുടെ കൈകള്‍ വശങ്ങളിലേക്ക് വീണ് കിടക്കുന്നു.വേദന തിന്ന് പാതിപ്രാണനായ ആമിനക്കിപ്പോള്‍ ശബ്ദവുമില്ലാതായിരിക്കുന്നു. ബദ്രീങ്ങളെ വിളിച്ച് കരയുന്ന അയ്സാത്തയുടെ ശബ്ദം മാത്രം പുറത്തെ മഴയിലേക്ക് തെറിച്ച് വീഴുന്നു.
കൂട്ടില്‍ നിന്ന് ആമിനയുടെ ആടുകള്‍ ഉച്ചത്തില്‍ കരഞ്ഞു. അവറുട്ടി ദേഷ്യത്തോടെ അവയെ നോക്കി. മിണ്ടാപ്രാണികള്‍ക്ക് *അസ്രായീലിന്റെ വരവ് കാണാനാവുമെന്ന് മുരീദ് പറഞ്ഞ് അവറുട്ടി കേട്ടിട്ടുണ്ട്.
വീണ്ടും ഉച്ചത്തിലുള്ള കരച്ചില്.
ഇപ്പോളത് കൂരയ്ക്കുള്ളില്‍ നിന്നാണ്. അയ്സാത്തയാണ് നിലവിളിക്കുന്നത്. അവറുട്ടി ഓടി വാതിലിന്നടുത്തെത്തി.
"പോയി ...ന്റെ കുട്ട്യേ....പച്ച മടലിന്റെ ചേല്ക്ക്ള്ള ഒര് ബാല്യക്കാര്യല്ലെ അള്ളാ....ഈ കെടക്കണേ....ശതിച്ചല്ലാ..ബദ്രീങ്ങളെ...ഏതെങ്കിലൂ ഒന്ന് ബാക്ക്യാക്കാര്ന്നിണല്ലേ ന്റെ റബ്ബേ...."
അവറുട്ടി സ്തബ്ധനായി ചെറ്റയില്‍ പിടിച്ച് നിന്നു.
പായയില്‍ തളം കെട്ടിയ രക്തം പുറത്തേക്ക് ചാലിടുന്നു. പൊക്കിള്‍കൊടി അറുക്കപ്പെടാത്ത നിശ്ചലമായ ഒരു ചോരക്കുഞ്ഞിന്റെ മുഖം അവറുട്ടി നോക്കിയില്ല. അതിനുള്ള ശക്തി ഇല്ലായിരുന്നു അവറുട്ടിക്ക്.
ഏറെ നേരം ആമിനക്കരികില്‍ അനക്കമില്ലാതെ ഇരുന്നു അവറുട്ടി. പിന്നെ ആമിനയുടെ കൈതലം കയ്യിലെടുത്ത് തന്റെ നെഞ്ചോട് ചേര്‍ത്ത് മഴ പെയ്യും പോലെ കരഞ്ഞു.ആമിനയുടെ ഇരു കൈകളും തമ്മില്‍ പിണച്ച് അവളുടെ മാറത്ത് ചേര്‍ത്ത് വെച്ചു.
മിഴിച്ചിരിക്കുന്ന അയ്സാത്തയെ ദയനീയമായി നോക്കി ..
"അയ്സാത്താ.....നിക്കൊരു പൂവമ്പയം തരോ....!!!!!"
ആശ്ചര്യത്തോടെ തന്നെ നോക്കുന്ന അയ്സാത്തയെ ശ്രദ്ധിക്കാതെ അവറുട്ടി പുറത്തെ മഴയിലേക്കിറങ്ങി. ആട്ടിന്‍ കൂടിനരികില്‍ വെച്ചിരുന്ന തൂമ്പയെടുത്ത് മഴയിലൂടെ നടന്നു.
മഴ തോര്‍ന്ന പുലരിയില്‍ -
ആമിനയുടേയും കുഞ്ഞിന്റേയും മരണവാര്‍ത്ത നാടറിഞ്ഞു. നാട്ടുകാരറിഞ്ഞു.
പള്ളിക്കാട്ടില്‍ മുട്ടോളം മഴവെള്ളം നിറഞ്ഞ രണ്ട് ഖബറുകള്‍ കണ്ട് ജനം അമ്പരന്നു..!!
അവറുട്ടിയെ മാത്രം ആരും കണ്ടില്ല. കിഴക്ക് വെള്ള കീറുന്നതിന് മുമ്പ് അവറുട്ടി തൂമ്പയുമായി കിഴക്കന്‍ മല കയറുന്നത് കണ്ടവരുണ്ടത്രെ...!! പിന്നെയാരും അവറുട്ടിയെ കണ്ടിട്ടില്ല!
കിഴക്കന്‍ മല ചുറ്റി വരുന്ന കാറ്റിന് ചിലപ്പോളൊക്കെ മുട്ടനാടിന്റെ മണമാണത്രെ. അന്നേ ദിവസം ഒരു മുഴുത്ത പൂവമ്പഴവും മൂന്ന് യാസീനും "അവറുട്ടിമൂപ്പരുടെ" പേര്‍ക്ക് നേര്‍ച്ചയായി നിയ്യത്ത് ചെയ്താല്‍ ഏത് കൊടിയ "ബലാല് മുസീബത്തും "കടുത്ത ദീനവും മാറുമെന്ന് നാട്ടിലെ ജനങ്ങള്‍ അടക്കം പറയുന്നു...!!അല്ല; അതൊരു സുദൃഢമായ വിശ്വാസമായിരിക്കുന്നു..!!*******************************************************
മുരീദ് = ശിഷ്യന്‍കഫന്‍ = സംസ്കരിക്കാന്‍ ദേഹം പൊതിഞ്ഞ് കെട്ടുന്ന രീതി.അസ്രായീല് = മരണത്തിന്റെ മലക്ക്.മഗ് രിബ് = ഇന്നത്തെ മൊറോക്കൊ എന്ന രാജ്യം.നിയ്യത്ത് = മനസ്സില്‍ കരുതുക. ( വഴിപാട് നേരുക )ഇഫ്രീത്ത് = ജിന്നുകളുടെ രാജാവ്.

Subscribe to:
Posts (Atom)