Friday, August 28, 2009

രക്തപതാക ( കവിത )


നേരിന്റെ വെള്ളയില്‍
നിണം ചാര്‍ത്തിയ ചോപ്പ്‌
ശസ്ത്രമോയിത് കൊയ്ത്തിന്റെ
വിതയുടെതല്ല;
കൊന്നു തള്ളുന്ന
നരജന്മ ഗണമൊത്ത്
മുകളിലൊരു ധവള
നക്ഷത്ര മുദ്രയും.

എലി ജന്മമായ്‌
ഇല്ലങ്ങളില്‍ വെന്ത
കേവല ജന്മിത്വ-
ശീര്‍ഷക പ്രാക്കുകള്‍!


തുറന്ന കണ്ണുകളില്‍
സ്ഥിതി സമത്വത്തിന്‍
സ്വപ്‌നങ്ങള്‍ തിളങ്ങുന്ന
ഉറുമ്പരിച്ചകലുന്ന
രക്തസാക്ഷി ജഡങ്ങള്‍!

സ്മൃതി മണ്ഡപങ്ങളില്‍
സ്വപ്ന സമാധിയായ്
പൂവിടും മുന്‍പേ
കൂമ്പറ്റ ജന്മങ്ങള്‍...!

രുധിരക്കറയിലൊളി വിതറും
ശുഭ്രനക്ഷത്രപ്പൊലിമയിലിന്നും
ജ്വലിക്കുന്നതൊരുപാട്
കിനാവുകള്‍ കണ്ടു കണ്ട്
മിഴിയടഞ്ഞ നിസ്വരാം
സഖാക്കളുടെയകക്കണ്ണിന്‍
കതിരുള്ള കാഴ്ചകള്‍.

ഒരു കരള്‍തുണ്ട് തെറിച്ചാ-
ധവള സുഷിരവുമടയും മുന്‍പേ
പിടയുന്ന ജീവനുകള്‍
കരു തീര്‍ത്ത,തില്‍
ഉപഭോഗ സംസ്കാരമിഴ ചേര്‍ത്ത
തീരാ കളങ്കങ്ങള്‍ മായ്ക്കുകി,ല്ലെങ്കില്‍
മക്കളാല്‍
പടു മരണമിരന്നു വാങ്ങി
ഒടുങ്ങാനാവും വിധി.

Friday, August 21, 2009

കടല്‍ കടന്നവര്‍ (കവിത)


തമോസാഗരത്തിനാഴങ്ങളില്‍ നിന്ന്

പകല്‍ക്കടലിന്‍ തീരങ്ങളില്‍ നിന്ന്

ആടലോടിരമ്പുമനന്തമാം കടലുമായ്

കടല്‍ കടന്ന തുഴയറിയാ അരയന്മാര്‍.


പുകയ്ക്കായ് പുകയുന്നടുപ്പും - മണ്‍

കലത്തില്‍ തിളയ്ക്കും വിശപ്പും - കണ്‍

തലക്കലൊട്ടിയ പുളിപ്പും - കോണില്‍

വയറൊട്ടിയുറങ്ങും പൈതങ്ങളും.....


മൂന്ന് കല്ലിനു മുന്നില്‍

കണ്ട് തീര്‍ന്ന കിനാചിത്രങ്ങളില്‍

തുണ്ട് പോലൊരു വട്ടമെങ്കിലും

പുതുവെട്ടം തിരഞ്ഞറുതിയില്‍

ചങ്ക് നനയ്ക്കാനുമിനീരു മാത്രമായ്

ചാണകത്തറയിലവളും....


എണ്ണയൊഴിഞ്ഞ വിളക്കില്‍ കരിന്തിരി-

കത്തിയമര്‍ന്നു പാതിയില്‍ മരവിച്ച

തിരികളും, പൂര്‍വ്വ പ്രതാപസ്മൃതികളാം

കരിഞ്ഞ പ്രാണികള്‍ തന്നവശിഷ്ടങ്ങളും....


ഏതേതു മുജ്ജന്മ സുകൃതക്ഷയങ്ങളെ

തൊട്ടുതൊട്ട് കണക്കുകള്‍ തിട്ടമില്ലാക്കളങ്ങളെ

പലവുരു മായ്ച്ചുമെഴുതിയുമിനിയുമെത്ര

കടലുകള്‍ താണ്ടണമരച്ചാണ്‍

വയറിനെ പ്രണയിച്ച തെറ്റിനായ്......?!


മാറോടണച്ചൊരു വീര്‍പ്പാല്‍ പൊതിഞ്ഞ്

നെറ്റിയില്‍, മൂര്‍ദ്ധാവിലും വിവര്‍ണ്ണമാം

കപോലങ്ങളിലുമാര്‍ദ്രമായ് മുത്തി,

കണ്ണെത്തും വഴിയോളം നോട്ടമെറിഞ്ഞ്

ഒരു നാളുമടയാകണ്ണിലൊരു കരുതലും

കദനക്കടലുമായിരുള്‍ക്കടലിലേക്കിറങ്ങി

കടലുകള്‍ താണ്ടിയവരെത്ര..?നിറഹസ്തങ്ങളാല്‍

ചുഴി വിഴുങ്ങാതെ മടങ്ങിയവരെത്ര...?


ദ്രവ്യത്തുരുത്തിലാകാശ ഗോപുരങ്ങള്‍ക്കടിയില്‍

പശിയൊടുങ്ങാ വയറുകളുടെ പരാതിപ്പെട്ടികള്‍.

കടലാസു തുണ്ടിലൊരു കുറിമാനവും കാത്ത്

ഒരേയാകാശവുമൊരേ സൂര്യനുമൊരേ തിങ്കളും

ഒരേ നക്ഷ്ത്രജാലവുമിരവും പകലുമൊരേ

ഈറന്‍ മിഴികളാല്‍ കണ്ടന്യോന്യം കാണാതെ

ചത്ത സ്വപ്നങ്ങള്‍ തന്‍ മരവിച്ച ജഡവുമായിരു

ധ്രുവങ്ങളില്‍ കടലെടുക്കും ഹതജന്മങ്ങള്‍ നാം!!

Tuesday, August 11, 2009

നെറ്റ് വര്‍ക്ക്‌ - സൈനുദ്ധീന്‍ ഖുറൈഷി


സംഭവിച്ചതാണെന്ന് ചിലര്‍.

സംഭവിക്കില്ലെന്നും ചിലര്‍.

സംഭവിക്കാന്‍ ഇടയുണ്ടെന്ന് മറ്റു ചിലര്‍.

പൊതു ജനം പലവിധം.

എന്തായാലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ അതിപ്രസരം കുടുമ്പ ബന്ധങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതാണു ചിന്താ വിഷയം.

നാട്ടിലുള്ള ഉത്തരവാദിത്വ ബോധമുള്ള പുരുഷന്മാരിലും സ്ത്രീകളിലും ഇത്തരം നെറ്റ് വര്‍ക്കുകളില്‍ ചടഞ്ഞിരിക്കാനും നേരം കൊല്ലാനുമുള്ള പ്രവണത കുറവാണെന്നും ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികളിലാണു ഈ പ്രവണത കൂടുതല്‍ കാണുന്നത് എന്നും ടൈംസ് ഓഫ് ഗള്‍ഫ് പബ്ളിഷ് ചെയ്ത ഒരു ലേഖനത്തില്‍ പറയുന്നു. സമയത്തിന്ന് ഭക്ഷണം കഴിക്കാതെയും കക്കൂസില്‍ പോകാതെയും ആദ്യം ഗ്യാസ്ട്രബിളും പിന്നെ അത് മൂത്ത് അള്‍സറും മുപ്പത് ശതമാനത്തിലധികം പേരില്‍ പൈല്‍സും ( മൂലക്കുരു) ബാധിച്ചതായി ഹെല്‍ത്ത് മാഗസിന്റെ ഒരു പഠനവും വെളിപ്പെടുത്തുന്നു.
ഒരു ചായ ഉണ്ടാക്കാന്‍ അപേക്ഷ അയച്ചിട്ട് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു. ജോലി കഴിഞ്ഞ് വന്നാല്‍ കൃത്യമായി ലഭിച്ചു കൊണ്ടിരുന്ന ചൂടുചായയുടെ ഓര്‍ഡര്‍ തെറ്റിയിട്ട് കുറച്ച് മാസങ്ങള്‍ ആയി. കൃത്യമായി പറഞ്ഞാല്‍ ചില സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അവള്‍ കൂടി സൈന്‍ അപ് ചെയ്തതിന്ന് ശേഷം. കുറച്ച് മാസങ്ങള്‍ മുന്‍പാണു നെറ്റ് കണക്ഷന്‍ എടുത്തത്. എനിക്കാണെങ്കില്‍ ഓഫീസില്‍ നെറ്റ് സൗകര്യം ഉള്ളതു കൊണ്ട് വീട്ടീല്‍ കൂടി ഒരു കണകഷന്‍ വേണമെന്ന് തോന്നിയിരുന്നുമില്ല.

ഓഫീസിലെ നെറ്റ് യൂസ് കൂടുതലാവുകയും മലേഷ്യന്‍ കമ്പനിക്ക് അയക്കാന്‍ ഡ്രാഫ്റ്റ് ചെയ്ത ലെറ്റര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ പോസ്റ്റുകയും " അതി ഗംഭീരം . ഒന്നു കൂടി എഡിറ്റ് ചെയ്യണം " ഇത്യാദി കമന്റുകള്‍ മലയാളത്തിലും ഇങ്ങ്ളീഷിലും കിട്ടിയപ്പോഴാണു മിനിസ്റ്റ്രി ഓഫ് ഇന്റീരിയറില്‍ നിന്ന് എല്‍.പി.ഓ ആയി പരിണമിക്കേണ്ടിയിരുന്ന ഒരു ക്വട്ടേഷ്യന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കുരുങ്ങിയ നഗ്നസത്യം മനസ്സിലാകുന്നത്.

സോഷ്യല്‍ നെറ്റ് വര്‍ക്കിലെ ഫ്രണ്ട്സുകളുടെ എണ്ണം കൂടുകയും ഓഫീസ് കാര്യങ്ങളില്‍ ശ്രദ്ധ കുറയുകയും ചെയ്തപ്പോള്‍ അബദ്ധങ്ങള്‍ സ്ഥിരമാവുകയും ജി.എമ്മിന്റെ ശകാരം മസ്തിഷ്കം റീഫ്രഷ് ചെയ്യുകയും ചെയ്തപ്പോളാണു വീട്ടില്‍ ഒരു കണക്ഷന്‍ എടുക്കാന്‍ തീരുമാനിച്ചത്.

ഓഫീസിലുള്ളവര്‍ പലരും ഇതെ നെറ്റ് വര്‍ക്കില്‍ അംഗങ്ങള്‍ ആയതിനാലും അവര്‍ക്കെല്ലാം എന്റെ ഇടപെടലുകള്‍ അറിയുന്നത് കൊണ്ടുമാണു മറ്റൊരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായത്. ഇപ്പോള്‍ സുഖം.!സ്വസ്ഥം.! വ്യാജനായതു കൊണ്ട് അല്‍പ സ്വല്‍പം ഓഫീസിലും ഒരു കൈ നോക്കാമെന്നായി.

തിരക്കിട്ട് ഒരു ചായ ടേബിളില്‍ വെച്ച് സഹധര്‍മ്മിണി തിരിച്ചു നടന്നു.

മുമ്പൊക്കെ ഓഫീസില്‍ നിന്ന് വരുന്നത് കാത്തിരിക്കുകയും വന്നാല്‍ ഒത്തിരി ചോദ്യങ്ങളാല്‍ വീര്‍പ്പു മുട്ടിക്കുകയും ചെയ്തിരുന്ന ഇവള്‍ക്കെന്നാ പറ്റിയെന്ന ആവലാതിയോടെ ചോദിചു.

" എന്നതാ നിനക്കിത്ര തിരക്ക്.............?"ഒരു ചോദ്യ ഭാവത്തോടെ അവള്‍ തിരിഞ്ഞു നിന്നു. "
ഊം...എന്താ...""
നീ എവിടേക്കാ ഇത്ര തിരക്കില്‍..?"
"ഓ.. ചുമ്മാ നെറ്റില്‍ ഒന്നു രണ്ട് കമന്റ് എഴുതണം. ഐഡിയ സ്റ്റാര്‍ സിങ്ങെറും ഇപ്പൊ തുടങ്ങും."
" ഓ..ശരി ശരി നടക്കട്ടെ.."
ഒന്നു ഫ്രഷ് ആയിട്ട് വേണം എനിക്കും നെറ്റില്‍ കയറാന്‍ എന്നുള്ളതിനാല്‍ കൂടുതല്‍ ആര്‍ഗ്യുമെന്റിന്ന് നിന്നില്ല.

ബ്ളോഗുകളില്‍ ശ്രദ്ധിച്ചിരുന്ന താനിപ്പോള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് പ്രൈവറ്റ് ചാറ്റിങ്ങിലായതിന്റെ പ്രധാന കാരണം അടുത്തിടെ പരിചയപ്പെട്ട മാളവികാ വാര്യര്‍ ആണു. അതിനു ശേഷം തന്നെയാണു പ്രണയകവിതകള്‍ കൂടുതല്‍ എഴുതാന്‍ തുടങ്ങിയതും. എന്റെ ഒരു കവിതക്ക് കര്യമായ ഒരു കമന്റ് തന്നതിന്ന് ശേഷമാണു മീരാജാസ്മിന്റെ മുഖചിത്രമുള്ള മാളവികാവാര്യരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ആദ്യം പ്രൊഫൈല്‍ പേജില്‍. അല്‍പം കൂടി അടുത്തപ്പോള്‍ ഇന്‍ബോക്സിലേക്ക് മാറ്റി കമ്മ്യൂണിക്കേഷ്യന്‍സ്.

മാളവികയോട് ഒരു തവണ സംസാരിച്ചാല്‍ ഒരായിരം പ്രണയ കവിതകള്‍ എഴുതാനാവുമെന്ന് മനസ്സില്‍ തട്ടിയാണൊ പറഞ്ഞത് എന്നറിയില്ല. പക്ഷെ, ഈ ബന്ധം ഒരു രഹസ്യ പ്രണയമായി വളരുന്നത് ഇരുവര്‍ക്കുമറിയാം. എന്നോട് അവള്‍ക്ക് ആരാധനയാണു. എന്റെ കവിതകള്‍ അവള്‍ക്ക് ജീവ വായു പോലാണത്രെ.!!

ലാപ്ടോപിനെ പ്രണയിക്കാന്‍ തുടങ്ങിയ എന്റെ ഭാര്യയും ഒരിക്കല്‍ ചോദിച്ചു. എന്താ കവിതയൊന്നും എഴുതാത്തത് എന്ന്. വ്യാജനായി ഞാന്‍ കവിതകള്‍ എഴുതുന്നതും അതിനൊക്കെ കാക്കത്തൊള്ളായിരം കമന്റുകള്‍ വരുന്നതും ഇവളുണ്ടോ അറിയുന്നു., ആ വ്യാജനെ പ്രണയിച്ച് കൊല്ലുന്ന മാളവികയെ ഇവള്‍ക്കറിയുമോ..മണ്ടി.!!

അല്ലാ, ഒരു കവിതയുടെ രണ്ട് വരി പോലും എഴുതാനറിയാത്ത ഇവള്‍ എന്നതാ ഈ നെറ്റില്‍ ചെയ്യുന്നത്.! വല്ല കൊച്ചമ്മമാരുമായും പുതിയ മത്തങ്ങാതോരന്റെ രെസിപ്പിയെ പറ്റി ചര്‍ച്ചചെയ്യുകയാവും. പാവം. !!

അവളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് പൂര്‍ണ്ണ ബോധ്യമുണ്ടാവാറുണ്ട്. പക്ഷെ മാളവിക ഓണ്‍ ലൈനില്‍ വന്നാല്‍ എല്ലാം മറക്കും. അത്രയേറെ വശ്യമാണാ ശൈലി.പല തവണ യഥാര്‍ത്ഥ ഫോട്ടൊ അയക്കാന്‍ പറഞ്ഞിട്ടും അവള്‍ നിരസിച്ചു. എന്റെ ഫോട്ടൊ ആദ്യം അയക്കണമത്രെ. പരസ്പര വിശ്വാസം ദൃഡപ്പെടുന്നത് വരെ ഇങ്ങനെ തന്നെ മുന്നോട്ട് പോകാമെന്ന ധാരണയിലായിട്ട് കുറച്ച് നാളുകളായിരിക്കുന്നു.

കുളി കഴിഞ്ഞ് വരുമ്പോഴേക്കും ചായ തണുത്തിരുന്നു. ഇനി അവ്ളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാമായിരുന്നത് കൊണ്ട് ഒരു ചായ ഉണ്ടാക്കി നേരെ ഡെസ്ക് ടോപിന്ന് മുന്നില്‍ ഇരുന്നു. നെറ്റ് തുറന്നു.

മെയില്‍ ബോക്സില്‍ ധാരാളം മെസ്സേജ്സ്. അതില്‍ മാളവികയുടെ മെസ്സേജ് തുറന്നു. നേരം ഒട്ടും കളയാതെ ക്ലിക്കി ഇന്നായി."പ്രണയത്തിന്റെ പദനിസ്വനം" വായിച്ച് സ്വയം മറന്ന മാളവികയുടെ ഉള്ളു തുറന്ന കത്തായിരുന്നു അത്. എന്നെ നേരില്‍ കാണുവാന്‍ ആഗ്രഹിക്കുന്നുവെന്നും മൊബൈല്‍ നമ്പര്‍ വേണമെന്നും എഴുതിയിരിക്കുന്നു. സത്യത്തില്‍ മാളവികയേക്കാള്‍ ആഗ്രഹം എനിക്കായിരുന്നു. ഒരു പാടു നാളത്തെ വിങ്ങല്‍.

മൊബൈല്‍ നമ്പര്‍ വേണ്ടെന്നും വരുന്ന വെള്ളിയാഴ്ച്ച നടക്കാനിരിക്കുന്ന കൂട്ടായ്മയില്‍ വരുമോ എന്നും തിരിച്ച് മെസ്സേജ് അയച്ചു.

ഉറപ്പില്ലെന്നും ശ്രമിക്കാമെന്നും മറുപടി.

അഥവാ വന്നാല്‍ എങ്ങനെ തിരിച്ചറിയും എന്ന ചോദ്യത്തിന്ന് വരുന്നുണ്ടെങ്കില്‍ വെളുത്ത കല്ലുകള്‍ പതിച്ച കടും ചുവപ്പ് നിറമുള്ള സാരിയയിരിക്കും ധരിച്ചിരിക്കുകയെന്നും പ്രണയത്തിന്റെ പദനിസ്വനം എന്ന എന്റെ കവിത അന്ന് അവള്‍ വേദിയില്‍ ചൊല്ലുമെന്നും മറുപടി വന്നു.

താങ്കളെ തിരിച്ചറിയുന്നത് എങ്ങനെ എന്ന മാളവികയുടെ ചൊദ്യത്തിന്ന് ഞാന്‍ എഴുതാനുപയോഗിക്കുന്ന സ്വര്‍ണ്ണ നിരമുള്ള തൂലിക അതേ വേദിയില്‍ വെച്ച് മാളവികക്ക് സമ്മാനിക്കുമെന്നും മറുപടി നല്‍കി.

ഹോ.. മൂന്ന് ദിവസം കഴിഞ്ഞ് കിട്ടാന്‍ പെട്ട പാട്!!

ഊണിലും ഉറക്കിലും ഭാര്യയിലും ജോലിയിലും ഒന്നും താത്പര്യമില്ലാത്ത ദിനങ്ങളായിരുന്നു അത്.എന്റെ നല്ല ഭാര്യക്കും ഇതിലൊന്നും വലിയ ശ്രദ്ധയില്ല എന്നത് വളരെ ആശ്വാസമായി. ദുബായ് ഗെറ്റുഗതറിനെ പറ്റി പറഞ്ഞപ്പോള്‍ അവള്‍ക്കും താത്പര്യമായി.കുറെ ഫ്രണ്ട്സിനെ കാണാമല്ലോ എന്ന് അവളും പറഞ്ഞു.

അതെയതെ, കുറെ മറ്റുള്ളവരുടെ കുറ്റം പറ്യുകയും പുതിയ കുറച്ച് റെസിപ്പികള്‍ ശേഖരിക്കുകയും ആവാമെന്ന് ഞാനും കളിയാക്കി.

വെള്ളിയാഴ്ച്ച-

ജിജ്ഞ്ഞാസ കൊണ്ട് ചങ്ക് തിങ്ങി സംസാരിക്കാനാവാത്ത അവസ്ഥ.

ഭാര്യ ചോദിക്കുന്നതിനൊക്കെ യാന്ത്രികമായ മറുപടികള്‍ മാത്രം.മാളവിക കാണാനെങ്ങനെയിരിക്കും?മീരാജാസ്മിന്റെ അത്രക്കങ്ങ് ഭംഗി ഉണ്ടാവില്ലെങ്കിലും മോശമായിരിക്കില്ല.

എന്നെ കണ്ടാല്‍ പ്രായമുണ്ടെന്ന് പറയുമോ..?

ഹാളില്‍ എത്തുമ്പോള്‍ പരിപാടികല്‍ തുടങ്ങിയിരുന്നു. പലരും വന്ന് പരിചയപ്പെട്ടു. ഈയിടെയായി ഒന്നും എഴുതാത്തതെന്തേ എന്ന് പലരും ചോദിച്ചു. വ്യാജനായി ഞാന്‍ ഇപ്പോഴും എഴുതുന്നുണ്ടെന്ന് എങ്ങനെ പറയും.അപ്പോഴും കണ്ണുകള്‍ തിരഞ്ഞിരുന്നത് കല്ലുകള്‍ പതിപ്പിച്ച ചുവന്ന സാരിയുടുത്ത ഒരു അപരിചിതയെ ആയിരുന്നു.

പക്ഷെ അവിടെയൊന്നും മാളവിക വാര്യരെ കണ്ടില്ല.

പോക്കറ്റിലെ സ്വര്‍ണ്ണനിറമുള്ള പെന്‍ വലിച്ചെറിയണം എന്നു തോന്നി.എന്തിനെന്നെ ഇങ്ങനെ ഭ്രാന്തനാക്കി എന്ന് മനസ്സില്‍ പല തവണ ചോദിച്ചു.അപ്പോഴും ചുവന്ന സാരിക്കാരിയായ അപരിചിതയെ തേടിക്കൊണ്ടേയിരുന്നു കണ്ണുകള്‍.

മൈക്കില്‍ അനൗണ്‍സ്മെന്റ് കേട്ടാണു പരിസര ബോധം ഉണ്ടായത്.


"അടുത്തതായി കവിതാ പാരായണം.."വളരെ ആകാംക്ഷയോടെ കണ്ണിമ വെട്ടാതെ നില്‍ക്കുമ്പോള്‍ കൂട്ടുകാരികള്‍ക്കിടയില്‍ നിന്ന് അവള്‍...കല്ലുകള്‍ പതിപ്പിച്ച ചുവന്ന സാരി....ഞെട്ടിപ്പോയി.!!


സ്തബ്ധനായി നില്‍ക്കുമ്പോള്‍ അവളുടെ മധുമൊഴി...

ശ്രീ .................ന്റെ "പ്രണയത്തിന്റെ പദനിസ്വനം" എന്ന കവിതയാണു ഞാന്‍ ഇവിടെ ചൊല്ലുന്നത്.


ഒരു പക്ഷെ, ഹൃദയമിടിപ്പ് നിന്ന് പോകുമോ എന്ന് പോലും തോന്നിപ്പോയി.

പോക്കെറ്റിലെ സ്വര്‍ണ്ണ നിറമുള്ള ക്രോസിന്റെ പേന എടുത് പാന്റ്സിന്റെ പോക്കെറ്റില്‍ ഒളിപ്പിച്ചു.

മനോഹരമായി എന്റെ കവിത ചൊല്ലിയ അവള്‍ തെല്ലുനേരം വേദിയില്‍ തന്നെ നിന്നു. ആരെയോ പ്രതീക്ഷിക്കുന്നത് പോലെ.

അഭിനന്ദനങ്ങളുടെ പ്രവാഹങ്ങള്‍ക്കിടയില്‍ അവള്‍!

അന്തം വിട്ടു നില്‍ക്കുന്ന എന്റെ കൈ പിടിച്ച് കുലുക്കി സുഹൃത്തുക്കള്‍ പറഞ്ഞു .

"തന്റെ ശ്രീമതി എത്ര മനോഹരമായിട്ടാണു ആ കവിത ചൊല്ലിയത്.. റിയലി ഇമ്പ്രസ്സീവ്..."


മാളവികയിലേക്കുള്ള കുതിപ്പിലും കിതപ്പിലും തന്റെ ഭാര്യ ധരിച്ച സാരി ശ്രദ്ധിക്കുവാനോ കഴിഞ്ഞ വിവാഹ വാര്‍ഷികത്തിന്ന് ഞാന്‍ തന്നെ സമ്മനിച്ചതാണു ഈ കല്ലു പതിപ്പിച്ച ചുവന്ന സാരിയെന്ന് ഓര്‍ക്കാനോ കഴിഞ്ഞില്ല!!

മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴമൊഴി എത്ര ശരിയെന്ന് മന്‍സ്സ് പറഞ്ഞു.


അവളിപ്പോഴും തിരച്ചിലില്‍ ആണു. ഇഷ്ടപ്പെട്ട എഴുത്തുകാരന്റെ പ്രണയവരികള്‍ നേടിക്കൊടുത്ത ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ...

മനസ്സില്‍ ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

"നിനക്കുള്ള സ്വര്‍ണ്ണപ്പേന ഞാന്‍ വീട്ടില്‍ വന്നിട്ട് തരാം."

Monday, August 10, 2009

പുഴ ( കവിത ) സൈനുദ്ധീന്‍ ഖുറൈഷി



പുഴ ഒഴുകുന്നു....
ഇന്നലെ വരെ അവളുടെ കൊച്ചലക്കൈകളില്‍
മുത്തമിട്ടു കലപില കൊഞ്ചിയ
പിഞ്ചുകുഞ്ഞിന്റെ വീര്‍ത്ത ജഡവുമായ്
പുഴ ഒഴുകുന്നു......കരയില്‍
മഴയായ് പെയ്യുന്നൊരമ്മയെ കാണാതെ
പുഴ ഒഴുകുന്നു........... !

കാഴ്ചകള്‍ക്കപ്പുറമാണു പുഴയുടെ നോവെന്ന്
കാണികളാരൊ അടക്കം പറയുന്നു..
കര്‍ക്കടകത്തിന്‍ പ്രൗഡിയില്‍ ഊക്കോടെ
പുഴ ഒഴുകുന്നു...!!

മകരത്തില്‍ മൃദുമഞ്ഞ് ചൂടിയ പുലരിയില്‍
പിണക്കം നടിക്കുന്ന കാമുകിയാണിവള്‍ !
ഉള്ളില്‍ പ്രണയത്തിന്‍ ചൂടും
പുറമെ തണുപ്പിന്‍ കറുപ്പുമുള്ള
നൈല്‍ തീരത്തെ ക്ലിയോപാട്ര പോല്‍!!
പുഴ ഒഴുകുന്നു...

നിലാവ് പുണരുന്ന നിശകളില്‍
നേരറിവ് തെറ്റിയ മദാലസയാണു പോല്‍!
തൂവെള്ളയാടണിഞ്ഞിവള്‍ രാത്രിയില്‍
വശ്യവിലോലയാം യക്ഷിയെന്നും ചിലര്‍!!
ഉള്ളില്‍ ഘനീഭവിച്ചെത്ര ദുഃഖങ്ങളെങ്കിലും
ഉറക്കെ ചിരിച്ചിവള്‍ ഇന്നുമൊഴുകുന്നു...!!
പുഴ ഒഴുകുന്നു..

പുണരുവാന്‍ നീട്ടിയ കൈകള്‍ മടക്കി,
പിന്നെയും കൊതിയോടെ കര നോക്കി നില്‍ക്കെ,
അരികിലുണ്ടെങ്കിലും സ്വന്തമല്ലെന്നോര്‍ത്ത്
കരയുന്ന കരയുടെ കരളും പറിച്ച്
പുഴ ഒഴുകുന്നു.......

ആരുമറിയാത്തൊരു തേങ്ങല്‍ ഒതുക്കി
ആരോടും പരിഭവിക്കാതെ,
കാമുകഹൃദയത്തിന്‍ വേപഥു അറിയാതെ
കടലിന്നഗാധതയിലേക്കവള്‍ ഒഴുകുന്നു......
പുഴ ഒഴുകുന്നു..................

അഭയ ( കവിത ) സൈനുദ്ധീന്‍ ഖുറൈഷി






പ്രാണപരവശയായ്
പ്രാണേശ്വരന്റെ
ആണിപ്പഴുതുള്ള ചരണങ്ങളെ
അശ്രുസ്നാനം ചെയ്യാന്‍
അള്‍താരയ്ക്കു താഴെ
മുട്ടു കുത്തിയവള്‍ ഞാന്‍
അഭയ.

അറിഞ്ഞു കൊണ്ടനേകം
സാതാന്മാര്‍ക്കിടയിലൊരൊക്കല്‍
കുരിശ്ശില്‍ പിടഞ്ഞ
ആത്മാവുള്ള ശരീരം, നിത്യവും
പിടയുന്ന ശരീരമില്ലാത്ത
ആത്മാവും.

സാലങ്കാര മനോജ്ഞ്ഞമാം
രമൃഹര്‍മ്മ്യ തളങ്ങളില്‍
മഞ്ജു ഗാത്ര വിലോലസ്മിതങ്ങളാ
ലെന്നുമൊടുങ്ങാത്ത
കുരിശുമരണങ്ങളുമായി നീ
ദൈവസുതന്‍.

അരമനകളിലതിലംഘനത്താല്‍
വിധിവിലക്കുകളടച്ചു വെച്ച്
ഭരണകൂടങ്ങള്‍ക്ക്
വിലയിടുന്ന പൗരോഹിത്യം!
പഴകിയ പത്തു കല്‍പ്പനകളല്ല;
അധിനിവേശത്തിന്‍
പുതു വഴികള്‍ വെട്ടുവാന്‍
നിയമങ്ങളെഴുതുന്നു
പുതിയ പുരോഹിതര്‍!

തിരുരൂപത്തിന്‍ മുന്നിലെരിയുന്ന
മെഴുതിരി വെട്ടത്തില്‍
അലംഘനീയ നിയമങ്ങ്ളെ
പ്രതിലംഘനത്താല്‍
തിരുത്തുന്നു തിരുവുടലുകള്‍.
ചത്ത മനസ്സുകള്‍ക്കു,മെനിക്കും
ശവക്കച്ചയുടെ നിറം വെള്ള!

ജപമണീകളുരുക്കഴിക്കും
വിരലുകളിലുടഞ്ഞ യൗവ്വനത്തിന്‍
പീഡിതമാം ഗര്‍ഭഭിത്തികളില്‍
ശുക്ളാലേപന ലിഖിതങ്ങളാം
മരിക്കാത്ത സത്യങ്ങള്‍!
പീഡനത്തനിയാവര്‍ത്തനങ്ങളില്‍
മെയ്യും മനസ്സും പിന്നെ
ജഡവുമിന്നാത്മാവും!

അഭയമില്ലാത്തൊരാത്മാവുമായ്
ദൃശ്യദൃശ്യാന്തരങ്ങളില്‍
കുതിച്ചു പായുന്ന
വിപണന കുതൂഹലത്തിന്‍
ചൂടുള്ളൊരുത്പ്പന്നം!

മരണമില്ലെനിക്കും പലവുരു
കീറിമുറിക്കുമെന്‍ മാനത്തിനും.
ഞാന്‍ അഭയയെങ്കില്‍
നീ തന്നെയാണു ഞാന്‍!

Monday, May 18, 2009

Shadows only… ( Poem ) Zainudheen Quraishi


Nobody there to come to this corridor
With the voice of my sweet hope
Nobody there to give the love of soft red roses
To my eagerly aspiring hands..
Aren’t those dead flowers of self-grief?
That growing in wet sands
This is fertilized and watered..
By the salt and sweat of tears.


Though I know that the journey is of no use
The chariot of the selfish man is in my front!

From the first day of our advent we are the dices
On the table of the unerring arithmetic
Who spin, who dictate, who judge, who win!!!
We came in to the world of arithmetic
Crying and folding empty hands!
Touching on the numbers of the calendar
We counted the birth of unseen future!
We gauged the depth of life
In the vicious circle of never ending debts!
Realizing that the ONE is above all
We lonely unfolded the empty hands!!

In an empty corner of this abundant world
In the lap of the darkness after the death of shadow
Reminiscence of the journey that passed
The day of expecting a back call

With the high sand dunes, and a hunchback
With the agony and ecstasy of the bend
Like that camel who made the sky as his roof…
In a corner of snow falling land
With the back that is humbled by worries and miserable
Like an old camel that has nothing to chew…!!

The roof that was opened for re-thatching
Who slept counting the stars of the sky?
The day I didn’t sleep waiting to see
The snake carrying the pearl
For the princess in the grandmother’s myth!!

When I was sleeping in the blanket
Under the sky where the crescent was fading
When the chants of grandmother that
Chases the birds of death!
Woke-up in to the pleasant dawn of great hopes
Without haunted by nightmares..
The color kiosk of unselfish days
Of no broken dreams and no fears!!

The time of taking without giving…
Nothing to receive nobody to give today!!!
The empty cups waiting for mercy..

“Thousand horses,
Twelve chariots,
How many warriors per chariot ????”

Horses of madness, the smell of pine oil
Laughs of the chains in the dark corners!!
Hopping the dear things
In the corridor fighting with the shadows..!!!

Friday, May 15, 2009

മരണം**** കവിത

(ചിത്രം : കടപ്പാട്‌ - ഗൂഗിള്‍ )

ഉച്ചയാകുന്നു,
ഉച്ചിയില്‍ എരിയുന്നു സൂര്യനും.
മച്ചിന്റെ സുഷിരങ്ങളെറിയുന്നു
പിച്ചകപ്പൂക്കളത്രയും തറയില്‍.
കണി വെള്ളരിക്കായ തൂങ്ങുന്നോരുത്തരം
കണ്ണീര് കയ്പായ് രുചിക്കുന്നിതധരങ്ങള്‍!

നിഴലുകള്‍ മാത്രമിഴയുന്ന മിഴികളുടെ
തിമിര ദ്രൃഷ്ടികളിലെന്നും ജ്വലിക്കുന്നു
തീരാ നഷ്ടങ്ങള്‍ തന്‍ മഞ്ജു വദനങ്ങള്‍!!
മുത്തശ്ശി മാവ് പന്തലിട്ട മുറ്റത്തീ തണലില്‍
പിച്ച വെച്ചോടുന്നു മക്കളും, ഒരു പിടി-
ച്ചോറുമായ് ഓടിത്തളരുന്നെന്‍ പകുതിയും..
മനസ്സിലിന്നെത്രമേല്‍ കൃത്യമായ് തെളിയുന്നു
പൊയ്പോയ പ്രമദ കാലത്തിന്റെ ചിത്രങ്ങള്‍!!

നീര്‍മുടിത്തുന്പിലെ തുളസിയും, നെറ്റിയില്‍
നീട്ടിക്കുറിയിട്ട ചന്ദനവുമതിന്‍ സുഗന്ധവും..
കസവ് ചേലാങ്കിത പങ്കജലോചന
കനവായ് മറഞ്ഞൊരീ നാലുകെട്ടും-മമ
നോവായ് നിറം മങ്ങി, ഭിത്തിയില്‍ ചിതലേറ്റ
നിഴലായ് തൂങ്ങുമെന്നച്ചനുമമ്മയും..
ചന്ദനപ്പുകയില്‍ ഉടുത്തൊരുങ്ങിയന്നു-
മച്ചകം വാണ ശീപോതിയും ഇന്നു
തച്ചന്റെ സ്മൃതിയായ്‌ ചമഞ്ഞു നില്പൂ...
ഒച്ചയനക്കങ്ങളാമോദ സന്താപ -
മൊക്കെയും വിരജിച്ച നടുമുറ്റവും...

ഓര്‍മ്മകള്‍ മായാത്ത ഓര്‍മ്മകള്‍ മാത്രമായ്
പതുക്കെപ്പറഞ്ഞും കരഞ്ഞും ചിരിച്ചും
പാദസ്വനത്തിനായ് കാത്തിരിപ്പൂ, പടിപ്പുര
തള്ളിത്തുറക്കാതെ വരുവാനുണ്ടൊരാള്‍ മാത്രം.

സൈനുദ്ധീന്‍ ഖുറൈഷി