Monday, August 10, 2009

പുഴ ( കവിത ) സൈനുദ്ധീന്‍ ഖുറൈഷി



പുഴ ഒഴുകുന്നു....
ഇന്നലെ വരെ അവളുടെ കൊച്ചലക്കൈകളില്‍
മുത്തമിട്ടു കലപില കൊഞ്ചിയ
പിഞ്ചുകുഞ്ഞിന്റെ വീര്‍ത്ത ജഡവുമായ്
പുഴ ഒഴുകുന്നു......കരയില്‍
മഴയായ് പെയ്യുന്നൊരമ്മയെ കാണാതെ
പുഴ ഒഴുകുന്നു........... !

കാഴ്ചകള്‍ക്കപ്പുറമാണു പുഴയുടെ നോവെന്ന്
കാണികളാരൊ അടക്കം പറയുന്നു..
കര്‍ക്കടകത്തിന്‍ പ്രൗഡിയില്‍ ഊക്കോടെ
പുഴ ഒഴുകുന്നു...!!

മകരത്തില്‍ മൃദുമഞ്ഞ് ചൂടിയ പുലരിയില്‍
പിണക്കം നടിക്കുന്ന കാമുകിയാണിവള്‍ !
ഉള്ളില്‍ പ്രണയത്തിന്‍ ചൂടും
പുറമെ തണുപ്പിന്‍ കറുപ്പുമുള്ള
നൈല്‍ തീരത്തെ ക്ലിയോപാട്ര പോല്‍!!
പുഴ ഒഴുകുന്നു...

നിലാവ് പുണരുന്ന നിശകളില്‍
നേരറിവ് തെറ്റിയ മദാലസയാണു പോല്‍!
തൂവെള്ളയാടണിഞ്ഞിവള്‍ രാത്രിയില്‍
വശ്യവിലോലയാം യക്ഷിയെന്നും ചിലര്‍!!
ഉള്ളില്‍ ഘനീഭവിച്ചെത്ര ദുഃഖങ്ങളെങ്കിലും
ഉറക്കെ ചിരിച്ചിവള്‍ ഇന്നുമൊഴുകുന്നു...!!
പുഴ ഒഴുകുന്നു..

പുണരുവാന്‍ നീട്ടിയ കൈകള്‍ മടക്കി,
പിന്നെയും കൊതിയോടെ കര നോക്കി നില്‍ക്കെ,
അരികിലുണ്ടെങ്കിലും സ്വന്തമല്ലെന്നോര്‍ത്ത്
കരയുന്ന കരയുടെ കരളും പറിച്ച്
പുഴ ഒഴുകുന്നു.......

ആരുമറിയാത്തൊരു തേങ്ങല്‍ ഒതുക്കി
ആരോടും പരിഭവിക്കാതെ,
കാമുകഹൃദയത്തിന്‍ വേപഥു അറിയാതെ
കടലിന്നഗാധതയിലേക്കവള്‍ ഒഴുകുന്നു......
പുഴ ഒഴുകുന്നു..................

4 comments:

  1. Very nice and Touching.
    Congrats

    ReplyDelete
  2. അരികിലുണ്ടെങ്കിലും സ്വന്തമല്ലെന്നോര്‍ത്ത്
    കരയുന്ന കരയുടെ കരളും പറിച്ച്
    പുഴ ഒഴുകുന്നു.......
    വളരെ നന്നായിട്ടുണ്ട്‌ വരികളോരോന്നും
    ഇനിയും എഴുതുക, ആശംസകള്‍

    ReplyDelete
  3. പുണരുവാന്‍ നീട്ടിയ കൈകള്‍ മടക്കി,
    പിന്നെയും കൊതിയോടെ കര നോക്കി നില്‍ക്കെ,
    അരികിലുണ്ടെങ്കിലും സ്വന്തമല്ലെന്നോര്‍ത്ത്
    കരയുന്ന കരയുടെ കരളും പറിച്ച്
    പുഴ ഒഴുകുന്നു.......
    മനോഹരമായ വരികള്‍...മനസ്സിലേക്ക് ആഴ്ന്നു ഇറങ്ങുന്നവ..

    ReplyDelete
  4. വായിച്ചതിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete