പ്രവാസത്തിന്റെ ആകുലതകള്‍ : സൈനുദ്ദീന്‍ ഖുറൈഷിയുടെ രചനകളെക്കുറിച്ച് .
ഒരു എഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരി വിജയിക്കുന്നത് തന്റെ ചുറ്റുപാടുകളെ സ്വതന്ത്രമായ വീക്ഷണകോണില്‍ നിന്ന് വീക്ഷിച്ച് അനുവാചകരിലെത്തിക്കുമ്പോഴാണ് . പൊതുവില്‍ എല്ലാ വിഷയങ്ങളും എഴുത്തിന് കാരണമാകുന്നുണ്ടെങ്കിലും പ്രവാസത്തിന്റെ ആകുലതകള്‍ , അതിന്റെ ഉള്ളുരുക്കങ്ങളാണ് കഥയിലൂടെയും കവിതയിലൂടെയും കൂടുതല്‍ കടന്ന് വരുന്നത് .
അത് കൊണ്ട് തന്നെ സൈനുദ്ദീന്‍ ഖുറൈഷിയുടെ രചനയുടെ സ്ഥായീഭാവം പ്രവാസത്തിന്റെ ആകുലതകള്‍ തന്നെയാണ് , പ്രവാസമെന്നത് ഓരോരുത്തര് പറഞ്ഞ് ക്ലീഷെയായിപ്പോകുന്ന വിഷയമായിട്ട് പോലും ആളുകളെ സ്വാധീനിക്കാന് കഴിയുന്ന് രീതിയില് എഴുതാന് കഴിയുന്നതാണ് ഒരു പ്രവാസ എഴുത്തുകാരന്റെ വിജയം .
ആധുനികതയുടെ സങ്കീര്ണ്ണതയോട് കലഹിച്ച് കൊണ്ടാണ് ഖുറൈഷി എഴുതുന്നത് , യാഥാസ്തിതികന്റെ നന്മയാണ് ഖുറൈഷിയുടെ എഴുത്തുകളെന്ന് ഒറ്റവാക്കില് പറയാം . ഫെമിനിസത്തെയും , ആധുനിക പ്രണയങ്ങളെയും ഉമ്മറത്ത് ചാരു കസേരയിലിരുന്ന് ശാസിക്കുന്ന കാരണവരെപ്പോലെ വിമര്ശിക്കുന്നതാണ് ഖുറൈഷിയുടെ ചില കവിതകള് , ഈ യഥാസ്ഥിതികത്വം ഒരു പാട് എതിര്പ്പുകള് സൃഷ്ടിച്ചെങ്കിലും പിന്നെയും എഴുതിക്കൊണ്ട് ഖുറൈഷി പറയുന്നു “ഞാന് യാഥാസ്തിതികനാണ് അതാണെന്റെ എഴുത്തുകളുമെന്ന് “ .
നവീന കഥാ സാഹിത്യത്തില് എന്നും സംവാദവിഷയമായ ഒന്നാണ് ആധുനിക – ഉത്തരാധുനിക – പാരമ്പര്യ സങ്കേതങ്ങള് . ഒരു പറ്റം ആളുകള് പരമ്പരാഗതമായ രചനാ സങ്കേതങ്ങളെ പുച്ഛത്തോടെ വീക്ഷിക്കുകയും ആധുനിക – ഉത്തരാധുനിക ശൈലിയുടെ പ്രചാരകരാവുമ്പോഴും പരമ്പരാഗത രചനാ സങ്കേതങ്ങളെ മുറുകെപ്പിടിച്ച് കൊണ്ട് അതിന് വേണ്ടി വാദിക്കുന്ന ഒരാളാണ് ഖുറൈഷി .
ജീവിതാനുഭവങ്ങളുടെ ഭാവനാമയമായ പുനരെഴുത്താണ് സാഹിത്യം , അതിനെ സങ്കീര്ണ്ണമാക്കുന്നതും ലളിതവല്ക്കരിക്കുന്നതും ഏതു വീക്ഷണകോണിലൂടെ അതിനെ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത് .
പ്രവാസികള്ക്കിടയില് അടുത്തയിടെ ഏറെ ചര്ച്ച ചെയ്യപ്പെട്ട ഒരു കൊച്ച് കഥയാണ് “ഞാന് പ്രവാസിയുടെ മകന് “ പ്രവാസത്തിന്റെ ഇതിവൃത്തത്തില് ഒരു പാട് പറഞ്ഞ് പോയതാണെങ്കില് തന്നെയും ഖുറൈഷിയുടെ രചനാശൈലിയുടെ സവിശേഷത കൊണ്ട് ഒരു കഥയുടെ മെറിറ്റിലുപരി വൈകാരികമായി പ്രവാസികളെ സ്വാധീനിച്ച ഒരു സൃഷ്ടിയാണ് , അതിന്റെ തെളിവായി പലയിടത്തും എഴുത്തുകാരന്റെ പേര് പരാമര്ശിക്കാതെ ഇത് പ്രചരിക്കുകയുണ്ടായി , ഒരു കലാസൃഷ്ടി അതിന്റെ ഉടമയില് നിന്ന് വേറിട്ട് സ്വതന്ത്രമായ സ്ഥാനം കൈവരിക്കുന്നത് അതിന്റെ ഉല്കൃഷ്ടതയെയാണ് ധ്വനിപ്പിക്കുന്നത് . എല്ലാ പ്രവാസ കഥകളെയും പോലെ തന്നെ “പ്രവാസിയുടെ മകനും “ പറഞ്ഞ് വെച്ചത് നാട്ടിലും വീട്ടിലും സ്വന്തം കഷ്ടപ്പാടുകള് മറച്ച് വെച്ച് കൊണ്ട് ജീവിക്കുന്ന, ജീവിപ്പിക്കുന്ന ഒരു മലയാളി പ്രവാസിയുടെ കഥ തന്നെയാണ് .വൈകാരികമായ മുഹൂര്ത്തങ്ങളെ ജീവിതത്തോട് ചേര്ത്ത് വെച്ച് കൊണ്ടാണ് കഥാപാത്രത്തിന്റെ അന്വേഷണത്തിലൂടെ കഥ നയിക്കപ്പെടുന്നു .കരുത്തി വെച്ച സങ്കല്പ്പങ്ങള്ക്കപ്പുറത്ത് സ്ഥാനമാനങ്ങളില് ഒരു പാട് താഴെയായിരുന്നു തന്റെ അച്ഛന് എന്ന് മനസ്സിലാവുമ്പോഴാണ് മകന് ആ അച്ഛന്റെ മഹത്വം മനസ്സിലാവുന്നത് .ഓരോ പ്രവാസിയുടെ മകന്റെയും ആത്മനൊമ്പരമായി മാറാന് ആ കഥക്ക് സാധിച്ചതും അത് കൊണ്ട് തന്നെയാണ് .
പ്രവാസജീവിതത്തിന്റെ ആകുലതകളാണ് സൈനുദ്ദീന് ഖുറൈഷിയുടെ രചനകളുടെ സത്വം “ഒറ്റമുറിയിലെ കുടുംബങ്ങള് “ പറയുന്നതും ശരാശരി മലയാളിയുടെ ജീവിത സ്വപ്നങ്ങളാണ് . വിരഹത്തിന്റെ നോവുകള്…അതിനെ മറി കടക്കാനായി നല്ല പാതിയെയും മക്കളെയും കൂടെ താമസിപ്പിക്കാന് കച്ചകെട്ടിയിറങ്ങുന്ന തുച്ഛ ശമ്പളക്കാരന്റെ ധര്മ്മ സങ്കടങ്ങള് , ഒറ്റമുറിയുടെ അസൌകര്യങ്ങള് , അതിനെതുടര്ന്നുണ്ടാകുന്ന സ്വാഭാവിക സംഭവങ്ങള് എല്ലാം തന്മയത്വത്തോടെ അവതരിപ്പിക്കാന് കഴിയുന്നത് അത് കണ്മുന്നില് കണ്ട് എഴുതിയത് കൊണ്ടാണ് , അനുഭവിച്ചത് കൊണ്ടാണ് .സുഹറയിലും പറയുന്നത് പ്രവാസത്തിന്റെ കഥയാണ് , പല ജീവിതങ്ങള് പല മനുഷ്യര് അവരുടെ പശ്ചാത്തലം ഒന്നായി മാറുന്നു .
അപ്രതീക്ഷിതമായ വേര്പാടിന്റെ വേദന കൂടിയാണ് സുഹറ പറയുന്നത് , വൈകാരികമായ തലത്തില് വളരെ ലളിതമായി രേഖീയമാായ തലത്തിലൂടെയാണ് ഖുറൈഷിയുടെ കഥകള് വായനക്കാരനോട് സംവദിക്കുന്നത് , സങ്കീര്ണ്ണതകളും ഉത്തരാധുനികതയും ആ കഥകള്ക്കന്യമാണ് , വായനക്കാരന് ഒറ്റവായനയില് വികാരങ്ങള് കൈമാറുക എന്നതാണ് ഖുറൈഷിയുടെ കഥകളുടെ പ്രത്യേകത .
യുദ്ധത്തെക്കുറിച്ചെഴുതുമ്പോള് ഇരകളെക്കുറിച്ചെഴുതാനും വേട്ടനായ്ക്കളുടെ ക്രൌര്യത്തോടെ ഉന്മൂലനം ചെയ്യുന്ന അധിനിവേശസേനയെയുമാണ് നാം വായിക്കാറുള്ളത് , നിസ്സഹയാരായ അവരിലെ മനുഷ്യരെ സ്വന്തം നാടും വീടുമുപേക്ഷിക്കേണ്ടി വരുന്ന മറ്റൊരഭയാര്ത്ഥിയായ ഭടനെ കാബൂളില് നിന്ന് സ്നേഹപൂര്വ്വം എന്ന കവിതയിലൂടെ വരച്ച് കാട്ടുന്നു ,
…പ്രിയതമേ…
ഫ്ളോറിഡയുടെ വസന്തമുറങ്ങും
വഴിയോരങ്ങളില്
നമ്മുടെ പ്രണയമന്ത്രങ്ങളുരുക്കഴിച്ച
ചുമ്പനജപങ്ങളുടെ
നിര്വൃതിയില്,
മഞ്ഞു പെയ്യുന്ന
നാടും വീടും വിട്ട് , പ്രിയപ്പെട്ടവരെ അകന്ന് , നിസ്സഹായമാം വിധം യുദ്ധം ചെയ്യേണ്ടി വരുന്ന ഭടനും ഒരു പ്രവാസി തന്നെയാണ് , ചോര കണ്ട് ഭയക്കാതിരിക്കാന് അവനൊരു യന്ത്രമല്ലല്ലോ മജ്ജയും മാംസവുമുള്ള മനുഷ്യന് തന്നെയാണ് , .സാമ്രാജ്യത്ത്വത്തിനെതിരെ , ,അധിനിവേശത്തിനെതിരെ ഒരു എതിര്പ്പായി പ്രവാസിയായ ഭടന്റെ വേദനയിലൂടെ വേറിട്ട രീതിയില് കൊണ്ട് വരുന്നതാണ് “കാബൂളില് നിന്ന് സ്നേഹപൂര്വ്വം “ എന്ന കവിതയില് നിന്ന് .
നടന്ന് പഴകിയ വഴികളില് പുതിയ കാഴ്ചകള് കാണിച്ച് തരുന്നതാണ് സൈനുദ്ദീന് ഖുറൈഷിയുടെ എഴുത്തുകള് , ഇനിയും അത്തരം കാഴ്ചകള് വായനക്കാര്ക്കായി അദ്ദേഹം തുറന്ന് തരട്ടെ.
No comments:
Post a Comment