Friday, July 29, 2011
ദൈവത്തിനറിയാത്ത നിധി..!! ( കവിത )
ഈ കൊടുംചതിയറിയാതെത്ര നാളീ തിരുനടയില്‍
തൊഴുകയ്യാലഞ്ജലി കൂപ്പി വണങ്ങി നിന്നു…?
കാല്‍കീഴിലെത്ര കോടികളൊളിപ്പിച്ചു മൂകം, ജന-
കോടികളുടെ കണ്ണീര്‍ കാണാതെ നിന്നു…?
ഭിക്ഷാടനത്തിന്‍ നൂറില്‍ പത്തെടുത്ത് കാണിക്കയിട്ടു
ഭക്തിയോടശ്രുപൂജ ചെയ്തെത്ര ഹരിസഹസ്രങ്ങള്‍..!!
അന്തിയുറങ്ങാനിടമില്ലാത്തോര്‍ ഉടുതുണി പുതച്ച-
ന്തമില്ലാ സ്വപ്നങ്ങള്‍ കണ്ടുറങ്ങിയതുമീ..നടയില്‍.
മത്സരക്കുതിപ്പിന്‍ അനന്തപുരികളില്‍ നിറമുള്ള
മായക്കാഴ്ചകള്‍ കണ്ട് കണ്ട് മനം പിടയുമ്പൊഴും
മനസ്സിലൊന്നേ കല്പിച്ചുറപ്പിച്ചു ശ്രീപത്മനാഭാ..
വരുമൊരു ദിനം നിന്‍റെ തൃക്കണ്‍ തുറന്നേഴന്‍റെ
വ്രണിതഹൃത്തിന്‍ മുറിവുണക്കാനൊരു തൃക്കടാക്ഷം.
ദീക്ഷയുള്ളവര്‍ ചൊന്ന ചോരച്ചുവപ്പുള്ള വാക്കുകള്‍
ദാക്ഷിണ്യരഹിതമായുപേക്ഷിച്ചതോ തെറ്റ്, തെറ്റ്.!!
ദേവാലയങ്ങള്‍ പടച്ചതും ദേവാലയങ്ങളില്‍ പടച്ചതും
ദാരുകല്പനകളില്‍ പടപ്പിന്‍ മനോധര്‍മ്മം!!
ദൈവങ്ങളെല്ലാമെപ്പോളും മുകളിലാണ്
മുകളിലുള്ളോരെല്ലാം ദൈവങ്ങളുമാണ്.
ഒരിക്കലെങ്കിലും താഴോട്ട് നോക്കുകില്‍ കാണാം
സ്വര്‍ണ്ണത്തിളക്കത്തിലും ആരുടെയൊക്കെയൊ രക്തം,
കണ്ണീര്‍, കിടപ്പറ വിട്ടോടിയവരുടെ ചങ്കറുത്ത കിനാവുകള്‍.
പ്രതിഷ്ഠകള്‍ക്ക് ദിവ്യവിളിയുണ്ടായിരുന്നെങ്കിലെന്നേ..
വെളിപാടുകളാല്‍ ലോകമഖിലം“സുഖിനോ ഭവന്തു!!“
സമത്വത്തിന്‍ സമരഗാഥകള്‍ പാടി
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് ചുരങ്ങള്‍ താണ്ടവേ
ചോര വാര്‍ന്ന് മടച്ചവന്‍ സാക്ഷി- രക്തസാക്ഷി..!!
രക്തസാക്ഷികള്‍ തന്‍ മണ്ഡപത്തേക്കാളെന്ത് പുണ്യമീ-
കലാസാക്ഷികളാം കലവറപാലകരാം വെങ്കലങ്ങള്‍ക്ക്.
വെളിപാട് തറകള്‍ ശൂന്യം, നിശ്ശബ്ദമെന്നോ…??!!
ഇറങ്ങി വരിക ദന്തഗോപുരങ്ങളില്‍ നിന്ന്
ഉറക്കെയുദ്ഘോഷിക്കുക; കാത്തുവെച്ചത്-
കണ്ടെടുത്തവര്‍ക്ക് പകുത്തെടുക്കാനല്ല,പ്രിയ-
പ്രജകളുടെ കണ്ണീരിനിതെന്‍ വരപ്രസാദം…!!!
Subscribe to:
Post Comments (Atom)
കാലീകമാണീ കവിത. ദൈവത്തിനെന്തിനാ ഈ വിലപിടിച്ചതെല്ലാം...?
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteശ്രീ പദ്മനാഭന് ഇതൊന്നും വേണ്ട.കൂട്ടി വയ്ക്കുന്നതും ക്ഷേത്രം പണിയുന്നതും ഭഗവാനല്ല.രാജ വാഴ്ച കാലത്തെ ബാക്കിയിരിപ്പുകള്‍.ഇനി അത് രാഷ്ട്രീയക്കാര്‍ കയ്യിട്ടു വാരും.നിശബ്ദനായി നിസ്സഹായനായി അദ്ദേഹത്തിനത് കണ്ടു നില്‍ക്കാം..
ReplyDeleteസമകാലിക പശ്ചാത്തലം നന്നായിരിക്കുന്നു
ReplyDeletedaivam koottivachathalla athu ellam daivathinte aanu pinne aarudeyum kannuneer thudachilla ennu nungalode aaru paranju ? ningal ennenkilum avide poyittundo poyittullavar parayatte thudachittillannu
ReplyDeleteഈ ധനം വിനിയോഗിച്ചാല്‍ കേരളം ദാരിദ്ര്യമുക്തമാക്കാം. ദൈവം ആഗ്രഹിക്കുന്നതും അതാകാം. പക്ഷെ അതിനും മനുഷ്യരുടെ അനുമതി വേണം. ഈ നിസ്സഹായത പ്രസക്തമല്ലേ...?
ReplyDelete