Wednesday, December 10, 2014

സദാചാരം





വസ്ത്രം സംസ്കാരത്തെയല്ല
സംസ്കാരം വസ്ത്രത്തെയാണ്
നിജപ്പെടുത്തുന്നത്...
മുഖം വ്യക്തിത്വത്തെയല്ല
വ്യക്തിത്വം മുഖത്തെയാണ്
അലങ്കരിക്കുന്നത്.....
നടുറോട്ടില്‍ ചുംബിക്കുന്നവന്‍റെ
അമിത സ്വാതന്ത്ര്യത്തെക്കാള്‍
പര്‍ദ്ധക്കുള്ളില്‍ ഒതുങ്ങുന്നവളുടെ
മിത സ്വാതന്ത്ര്യമാണ് കാമ്യം.
നടുറോട്ടില്‍ തൂറുന്നവന്റെ സ്വാതന്ത്ര്യം
വൃത്തിയുള്ളവന്റെ പാരതന്ത്ര്യമാണ്.
മോഷ്ടാവിന്റെ സ്വാതന്ത്യ്രം
ഉടമയുടെ നഷ്ടമാണ്.
ദുരാചാരങ്ങളില്‍ നിന്ന്‍
സ്ഫുടം ചെയ്യുന്ന സദാചാരവും
പാരതന്ത്ര്യത്തില്‍ നിന്ന്‍
അഴിച്ചെടുക്കുന്ന സ്വാതന്ത്ര്യവും
മാലിന്യമുക്തമായ സമൂഹത്തെയാണ്
നിര്‍മ്മിക്കുന്നത്.
ദുര്‍ഗന്ധമില്ലാത്തിടത്തെ

ജനവാസം സുഖമമാകൂ.

Saturday, November 15, 2014

ദീര്‍ യാസീന്‍
















ഗാസാ.....
വര്‍ഗ്ഗീയതയും വംശീയതയും
രാഷ്ട്രീയവും സാമ്രാജ്യത്വവും
പകുത്തെടുത്ത ഭൂപടത്തിന്‍റെ
ഒരു തലക്കലാണ് ഞാന്‍...


ഗാസാ....
നിന്‍റെ കരള്‍ വേവുന്ന ഗന്ധം
എന്‍റെ ചിന്തകളെ കാര്‍ന്ന് തിന്നുന്നു,
നിന്‍റെ തെരുവിലെ ഉണങ്ങിയ രക്തം
എന്‍റെ സിരകളെ നിശ്ചലമാക്കുന്നു.
നിര്‍ലജ്ജം പറയട്ടെ; ലജ്ജയുണ്ടെന്‍
ഭരണകൂടം നിനക്കിട്ട വിലയോര്‍ത്ത്.
ഭൂപടത്തിന്‍റെയൊരു കോണില്‍ നിന്ന്‍
കാല്‍വരിയിലെ നക്ഷത്രമായ് ഉദിച്ചതല്ലവര്‍
നിന്‍റെ പൈതങ്ങളെ ചുട്ട് തിന്നുന്നവരുടെ
നിന്‍റെ വീഥികള്‍ രക്തപങ്കിലമാക്കുന്നവരുടെ
ഉത്പന്നമല്ലോ അവര്‍....!!
ധര്‍മ്മാധര്‍മ്മങ്ങളുടെ വേര്‍തിരിവത്രെ മഹാഭാരതം
രാമായണം നീതിബോധത്തിന്‍റെ വിളംഭരവും
താളുകളിലൊതുങ്ങിയ ധര്‍മ്മാധര്‍മ്മ-നീതികള്‍
കയ്യൂക്കുള്ളവന്റെ കയ്യിലെ ചൂഷണയന്ത്രവും.


ഗാസാ....
ചിതറിത്തെറിച്ച ഉറ്റവരുടെ കബന്ധങ്ങളില്‍
കഫന്‍തുണിക്കൊപ്പം വെയ്ക്കാനൊരു തുള്ളി
കണ്ണുനീരും , തൊണ്ടയിടറിയൊരു പ്രാര്‍ത്ഥനയും
വ്രതശുദ്ധിയോടെ നിനക്ക് വേണ്ടി.....

Friday, March 7, 2014

മറന്ന്‍ വെച്ചത്...




പരമ കാരുണികനും
കരുണാ നിധിയുമായ റബ്ബേ...
കണ്ണീരു നനച്ച ഉമ്മയുടെ
തേട്ടങ്ങള്‍ക്ക് ഗദ്ഗദവും
നോവുമൂറുന്ന ആമീനുകള്‍.
നേരം ഒച്ചിനെ പോലെയാവാന്‍
വൃഥാ മോഹിച്ച ഒരു
രാത്രിയുടെ പകുതിയില്‍
സാരിത്തലപ്പിലും
തട്ടത്തിന്‍ ഞോറിയിലും
വിടര്‍ന്ന മിഴികളിലും
വേര്‍പാടിന്‍ നോവ് നിറച്ച്
ഭാര്യയും മക്കളും ഉടപ്പിറപ്പുകളും.
തേട്ടങ്ങള്‍ക്കൊടുവില്‍
വാക്കിനെക്കാളേറെ ഉള്ളിലൊതുക്കി
പടിയിറങ്ങുമ്പോളുമ്മയുടെ ചോദ്യം;
“ ഒന്നും മറന്നിട്ടില്ലല്ലോ..”
ഓ..പെഴ്സേടുത്തില്ല;
പടിയിറങ്ങുമ്പോള്‍ പിന്നെയും
“ഒന്നും മറന്നില്ലല്ലോ....”
നെഞ്ചിടിപ്പോടെ തപ്പി നോക്കി
ഉണ്ട്, പാസ്പോര്‍ട്ടും ടിക്കറ്റുമുണ്ട്.
ഇടറിയ തൊണ്ടയില്‍ ആത്മഗതം
“ ന്‍റെ ...മോന്‍ .. പാവാ...”
ബിസ്മി ചൊല്ലി പടിയിറങ്ങുമ്പോള്‍
പിന്നെയാരും ചോദിച്ചില്ല
മനഃപൂര്‍വ്വം മറന്ന്‍ വെച്ച
എന്‍റെ ജീവിതത്തെ പറ്റി...!!
മിഴികളില്‍ നിന്നകന്നകന്നു പോകും
നോട്ടത്തിന്‍ പിന്നിലെ ദുസ്സഹമാം

ഞരക്കങ്ങളെ പറ്റി...!!