Wednesday, June 16, 2010

ഇദ്ദ....!

ഈ മതിലിനപ്പുറത്താണ് സ്വര്‍ഗ്ഗം.


മതിലിന് പുറത്ത് പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന കാട്ടപ്പയുടെ ചെറു കാടുകള്‍ നോക്കണ്ട. അത് സംരക്ഷണത്തിന്‍റെ വെട്ടിത്തെളിക്കാത്ത കവചങ്ങളത്രെ. ഇടക്കിടെ പന്തലിച്ച് നില്‍ക്കുന്ന മരങ്ങളില്‍ വയസ്സ് മൂത്ത് മരിച്ച ബീവിമാരുടേയും ആശ മുഴുമിക്കാതെ മരിച്ച കാരണവന്മാരുടേയും ആത്മാക്കളുണ്ടത്രെ....!!


ഏക്കര്‍ കണക്കിന് പരന്ന് കിടക്കുന്ന പറമ്പിന് നടുവില്‍ മാളിക നില്‍ക്കുന്ന ഭാഗം നാലു പുറവും ചെങ്കല്ല് വെട്ടി പണിതുയര്‍ത്തിയ ഭീമന്‍ മതിലാണ്. മുന്‍വശത്തെ പടിപ്പുര കടന്ന് വേണം മാളികയിലേക്ക് എത്താന്‍. പടിപ്പുരയില്‍ നിന്ന് നോക്കിയാല്‍ മാളികയുടെ അകത്ത്നടുത്തളത്തില്‍ കെടാതെ കത്തുന്ന നിലവിളക്ക് കാണാം. പകലും രാത്രിയും ശാന്തമായി കത്തുന്ന നിലവിളക്ക് മാളികയുടെ ഐശ്വര്യത്തിന്‍റെ പ്രതീകമാണത്രെ.


പുറം ലോകത്തിന്‍റെ വര്‍ണ്ണാഭമായ കാഴ്ചകള്‍ അന്യമായ ബീവിമാരുടെ സ്വര്‍ഗ്ഗവും ഇതാണ്.

നിലവിളക്കില്‍ കത്തിയൊടുങ്ങുന്ന തിരികള്‍ പോലെ......,

മുറ്റത്തെ കൂട്ടില്‍ പെറ്റ് പെരുകുന്ന മുയലുകള്‍ പോലെ......!!!!


വാല്യക്കാര്‍ ചുമന്ന് കൊണ്ട് വന്ന പല്ലക്കിനുള്ളിലൂടെ പുറത്ത് കണ്ട കാഴ്ചകള്‍ അവസാനിച്ചത് മാളികയുടെ വിശാലമായ കൂടുകളിലാണ്. സമ്രുദ്ധമായി തീറ്റ ലഭിയ്ക്കുന്ന കൂടുകള്‍..!!


പ്രായമറിയിച്ചതിന്‍റെ ഇരുപത്തെട്ടാം നാളാണ് ഖയ്യാബിയെ ചുമന്ന പല്ലക്ക് മാളികയുടെ പടിപ്പുര കടന്നത്. അന്ന് ഖയ്യാബിക്ക് കഷ്ടിച്ച് പന്ത്രണ്ട് വയസ്സ്.

ഖയ്യാബിയുടെ പുത്യാപ്ല മാളിയെക്കല്‍ ഹാജിക്ക് അറുപതിലും ചെറുപ്പം.


അടയ്ക്ക ഇടിച്ച് പൊടിച്ച് മുറുക്കാനാക്കി ഹാജിക്ക് കൊടുക്കുമ്പോള്‍ ഹാജ്യാരുടെ രണ്ടാമത്തെ കെട്ട്യോള്‍ ഉമ്മാബി പറഞ്ഞു.


“......ങ്ങള്....ഒന്ന് സബൂറാക്കണം....ഓള്....കുട്ട്യല്ലേ......”

“ഊം....അന്നെ ഞമ്മള് കെട്ടിക്കൊണ്ടരുമ്പൊ.....അനക്കെത്രേര്‍ന്ന്...ബയസ്സ്.....? യ്യ്....ചെലക്കാണ്ട്....ഓളെ കാര്യം പറഞ്ഞ് മനസ്സിലാക്ക്.....”


കോളാമ്പിയിലേക്ക് നീട്ടിത്തുപ്പി ഹാജിയാര്‍.

അറബിനാട്ടില്‍ നിന്ന് കൊണ്ടുവന്ന ഊദിന്‍റെ സുഗന്ധമുള്ള അത്തറെടുത്ത് ഹാജിയാര്‍ ചെവികള്‍ക്ക് പുറകില്‍ പുരട്ടി.


“‘...ങ്ങളെ ..പേരക്കുട്ടീന്‍റെ ....പ്രായല്ലുള്ളു...ഓള്ക്ക്.....? ഒന്നടങ്ങീന്ന്.....ഇന്ന് സുബൈദാബീന്‍റെ മുറീല്...ആവാലോ....ഓളും ചെറുപ്പല്ലേ....? “‘


ഹാജിയാരുടെ മൂന്നാമത്തെ കെട്ട്യോളാണ് സുബൈദാ ബീവി.

പിരമിഡുകളുടെ നാട്ടിലെ ഫെറോവമാരുടെ രാജമന്ദിരങളില്‍ നിന്ന് വഴിതെറ്റി വന്ന ഹൂറിയെ പോലെ സുബൈദാബീവി. സുബൈദയുടെ അഴക് കണ്ട് കണ്ട് തളര്‍ന്നുറങ്ങിപ്പോയ നാളുകള്‍ ഉണ്ടത്രെ...ഹാജിയാര്‍ക്ക്.

പൂര്‍ത്തീകരിക്കപ്പെടാത്ത രതിനിര്‍വ്രുതികളുടെ നിരാശാജന്യമായ നിമിഷങ്ങളില്‍ നിയന്ത്രണം വിടുന്ന മനസ്സില്‍ നിന്ന് അറിയാതെ വമിയ്ക്കുന്ന സുബൈദാബിയുടെ നെടുവീര്‍പ്പ് തിന്നുന്ന വാക്കുകള്‍...!!



ഉമ്മാബിയുടെ വാക്കുകള്‍ ഗൌനിക്കാതെ അറയിലേക്ക് പോയ ഹാജിയാര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ തളര്‍ന്ന് വീഴുകയായിരുന്നു. പേട്ടിച്ച് വിറച്ച് ഖയ്യാബി അറയുടെ വാതില്‍ തുറന്ന് പുറത്ത് വന്നു. ഉമ്മാബിയുടെ അരയ്ക്ക് വട്ടം പിടിച്ച് നിലവിളിച്ചു. പിന്നെ അറയിലേക്ക് ചൂണ്ടി പറഞ്ഞു....


“‘ ഉപ്പൂപ്പാ.....”


പിന്നില്‍ നിന്ന് ഒരു ആക്രോശം പ്രതീക്ഷിച്ച ഉമ്മാബി പക്ഷെ ഒന്നും കേട്ടില്ല..!!

സംശയത്തോടെയും ഭയത്തോടെയും അറവാതില്‍ തള്ളിത്തുറന്ന ഉമ്മാബി ഞെട്ടിപ്പോയി. അര്‍ദ്ധനഗ്നനായ ഹാജിയാര്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നു...!

ഖയ്യാബിയെ കെട്ടിപ്പിടിച്ച് ഉമ്മാബി നിര്‍ന്നിമേഷയായി തെല്ല് നിന്നു. കരയേണ്ടെന്ന് മനസ്സ് വിലക്കിയിട്ടും കൂട്ടാക്കാത്ത കണ്ണുകള്‍ മിഴിനീരൊലിപ്പിച്ചു കൊണ്ടിരുന്നു.

പുറകില്‍ തീക്ഷ്ണമായ ത്രിഷ്ണകളുടെ വേലിയേറ്റങ്ങളെ നെഞ്ചേറ്റി ദീര്‍ഘനിശ്വാസമയച്ച് സുബൈദാബിയും...


മാളികയുടെ പടിപ്പുര കടന്ന് മയ്യത്തുംകട്ടില്‍ തോളിറങ്ങി.

പന്ത്രണ്ടാം വയസ്സില്‍ വിധവയായ ഖയ്യാബിയടക്കം അസ്ഥികളില്‍ ലാവ തിളയ്ക്കുന്ന സുബൈദാബിയും മാളികയുടെ പ്രൌഢഗംഭീരമായ ഗ്രിഹനാഥസ്ഥാനം സ്വയം അലങ്കരിച്ച ഉമ്മാബിയും അടങ്ങുന്ന വിധവകളുടെ തേങ്ങലുകള്‍ക്കും സുഗന്ധദ്രവ്യങ്ങള്‍ കത്തുന്ന പുകച്ചുരുളുകള്‍ക്കും മരണം വിളിച്ചറിയിക്കുന്ന ഈണമുള്ള ഖുറാന്‍ പാരായണങ്ങള്ള്ക്കും നടുവില്‍ മാളിയക്കല്‍ ഹാജി ഒരു തൂവെള്ള തുണിക്കെട്ടായി പരിണമിച്ചു.


മാളികയുടെ പടിഞ്ഞാറ്റെയില്‍ കടലാമകളെ പോലെയുള്ള ഓട്ടുചെമ്പുകളില്‍ നെയ്ച്ചോറിനുള്ള വെള്ളം തിളയ്ക്കുന്നിടത്ത്

ഖയ്യാബി വെറുതെ നോക്കി നിന്നു.


“‘അല്ലാ....ബീവി....ങ്ങള്....ബടെ....നിക്കാണോ.....?“


തന്നേക്കാള്‍ എത്രയോ പ്രായമുള്ള മാളികയിലെ കാര്യസ്ഥന്‍ കുഞ്ഞോന്‍ക്ക തന്നോട് പറയുന്നത് കേട്ട് അത്ഭുതപ്പെട്ട് നിന്ന് ഖയ്യാബി.


“‘നല്ല രസണ്ട്.....വെള്ളം തെളക്കണത്....കാണാന്‍......എന്ത് ബെല്ല്യെ....ചെമ്പാ.....! ”


കുട്ടിത്തം മാറാത്ത ഖയ്യാബിയുടെ നിഷ്കളങ്കമായ മറുപടി കേട്ട് കുഞ്ഞോന്‍ സങ്കടപ്പെട്ടു.


“..ബീവി....ബടങ്ങനെ ....നിന്നൂടാ....അകത്ത് ബല്ല്യ ബീവിമാര്ടെ അടുത്ത് പോയി ഇരുന്നോളീ......”


കുഞ്ഞോന്‍ക്കാടെ നിര്‍ബന്ധം കൂടിയപ്പോള്‍ ഖയ്യാബി വലിയ ബീവിമാരുടെ അടുത്ത് ചെന്നിരുന്നു. സാമ്പ്രാണിയുടെ ഗന്ധം അവള്‍ക്ക് അസഹ്യമായി. മരത്തിന്‍റെ അഴികളുള്ള തട്ടികക്കപ്പുറം ഹാജിയാരുടെ മയ്യത്ത്. തറയില്‍ വിരിച്ചിട്ട തഴപ്പായയില്‍ കിടന്ന് അടക്കിപ്പിടിച്ച് കരയുന്ന വലിയ ബീവിമാരുടെ ഇടയില്‍ ഖയ്യാബി എപ്പൊഴോ..ഉറങ്ങിപ്പോയി.


ഹാജിയാരുടെ മക്കളെല്ലാം വന്നു.

അടുത്തും അകലെയും ഉള്ളവര്‍.

തെക്കെ ചായ്പ്പില്‍ കത്തിച്ച് വെച്ച ചന്ദനത്തിരിയുടെ സുഗന്ധത്തില്‍ മെയ് ലേ കുട്ടികള്‍ ഖുറാന്‍ ഓതുന്നു.

മാളികയുടെ നീണ്ട വരാന്തയില്‍ അന്നദാനം.


അത്ഭുതമൂറുന്ന മിഴികളോടെ ഖയ്യാബി എല്ലാം നോക്കി നടന്നു.

ഇദ്ധയിരിക്കുന്ന ഉമ്മാബിയും സുബൈദാബിയും അവളെ തടഞ്ഞില്ല. യാഥാസ്ഥിതികത്വത്തിന്‍റെ തലപ്പാവുള്ളവര്‍ മാത്രം അവളെ തടഞ്ഞു. സൌമ്യമായി ശകാരിച്ചു.

“ ഹാജിയാരുടെ കെട്ട്യോളാ...ഇജ്ജ്....! നാപ്പത് ദെവസം ഇദ്ദയിരിക്കണം....പൊറത്തെറങ്ങിക്കൂടാ......തിരിഞ്ഞാ....ബീവിക്ക്.....?”


അവള്‍ ഇല്ലെന്ന് തലയാട്ടി.


ഇല്ലായ്മയുടെ ചെറ്റവട്ടത്തില്‍ നിന്ന് മീന്‍ മണമുള്ള ഉടയാടകള്‍ വെടിഞ്ഞ്, കൈയ്യില്‍ മൈലാഞ്ചിയിട്ട്, അണിഞ്ഞൊരുങ്ങി ഉമ്മയോടും ഉണ്ണികളോടും കോഴികളോടും ആടുകളോടും സങ്കടത്തോടെ യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോള്‍ ചന്ദരത്തി പള്ളിയിലെ ചന്ദനക്കുടത്തിന് പോകുമ്പോള്‍ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നതും ഭയപ്പെടുന്നതും എന്ന ഉപ്പയുടെ ചോദ്യം മാത്രം മനസ്സില്‍ പ്രതിദ്ധ്വനിച്ചിരുന്നു.


മൂവന്തിയോട് അടക്കം പറയുന്ന മിന്നാമിനുങ്ങുകളെ ഉച്ചത്തില്‍ ശകാരിക്കുന്ന ചിവീടുകളുടെ ശബ്ദം കേട്ട് പല്ലക്കിലിരുന്ന് പാടം കടക്കുമ്പോള്‍ ഈ മഞ്ചല്‍ യാത്ര ഒരു ദുരിതാശ്വാസത്തിന്‍റെ പകരം വെക്കലാണെന്ന് തിരിച്ചറിയാനുള്ള പ്രായമെത്തിയിരുന്നില്ല ഖയ്യാബിക്ക്.


സാമ്പ്രാണിപ്പുകയില്‍ മനം മടുക്കുമ്പോള്‍ പുറത്തിറങ്ങി കയ്യാലക്കരികിലെ ഇരുമ്പാമ്പുളി മരത്തിനടുത്ത് വെറുതെ നില്‍ക്കും ഖയ്യാബി.

ചുറ്റും കാട്‌ പിടിച്ച മതില്‍ കെട്ടിനകത്തെ ഏകാന്തതയില്‍ ഖയ്യാബി സ്വന്തം കുടിലിനേയും ഉണ്ണികളേയും കളിക്കൂട്ടുകാരികളേയും പറ്റി വേദനയോടെ ഓര്‍ക്കും. മഞ്ചലില്‍ കയറാന്‍ നേരം ഉപ്പ പറഞ്ഞ ചന്ദനക്കുടം നേര്‍ച്ച ഇതു വരെ വരാത്തതെന്തെ എന്ന് പരിഭവിക്കും.


ഹാജിയാര്‍ മരിച്ച അന്ന് ഉപ്പ വന്നിരുന്നു.

തിരക്കിനിടയില്‍ ഒരു നോക്ക് കണ്ടു. തിരക്ക് കഴിഞ്ഞപ്പോള്‍ പോകാന്‍ നേരം ഉപ്പ ഖയ്യാബിക്കരികില്‍ വന്നു. കുറച്ച് നേരം ഖയ്യാബിയെ തന്നെ നോക്കി മൂകനായി നിന്നു. പുറകില്‍ തട്ടം കൊണ്ട് മൂക്ക് പിഴിഞ്ഞ് കണ്ണീരൊലിപ്പിച്ച് ഉമ്മ.

എങ്ങൊ അലക്ഷ്യമായി നോക്കിക്കൊണ്ട് മൂകനായി നില്‍ക്കുന്ന ഉപ്പയെ തറപ്പിച്ചു നോക്കുമ്പോള്‍ ഉമ്മയുടെ കണ്ണുകള്‍ കത്തുന്നത് പോലെ തോന്നി. പന്ത്രണ്ടാം വയസ്സില്‍ വിധവയായ മകളുടെ ദുര്യോഗത്തിന് കാരണക്കാരനായ ഉപ്പയുടെ നിരുത്തരവാദിത്തത്തിനെ കാര്‍ക്കിച്ചു തുപ്പി മനസ്സില്‍ ഖയ്യാബിയുടെ ഉമ്മ.


“മോള് ...പൊറത്ത് നിക്കണ്ടാ....അകത്ത് വല്ല്യ ബീവിമാരുടെ അടുത്ത് പോയിരിക്ക്...”‘ ഉമ്മ കണ്ണുകള്‍ തുടച്ച് ഖയ്യാബിയോട് പറഞ്ഞു.

എന്തിനെന്നറിയില്ലെങ്കിലും അവള്‍ തലയാട്ടി.

തിരിച്ചു നടന്ന് തുടങ്ങിയ ഉപ്പയെ പുറകില്‍ നിന്ന് വിളിച്ചു ഖയ്യാബി.


“ഉപ്പാ.....എന്നാ....ചന്ദനക്കുടം.....???”


സ്തബ്ദനായി നില്‍ക്കുന്ന ഉപ്പയുടെ മുഖത്ത് പ്രതീക്ഷയോടെ നോക്കി ഖയ്യാബി. അന്നാദ്യമായി ഉപ്പ കരയുന്നത് അവള്‍ കണ്ടു..!!


“ ഉമ്മാ....നിക്ക്....പള്ളിക്കൂടത്തീ....പോണം....”


അടക്കാനാവാത്ത വിമ്മിഷ്ടം ഒരു നിലവിളിയായി ഉമ്മയി നിന്ന് പുറത്ത് വന്നു. തന്‍റെ മുലപ്പാലിന്‍റെ ഗന്ധം ഖയ്യാബിയുടെ ഇളം ചുണ്ടുകളില്‍ നിന്ന് വായുവില്‍ പടരുന്നതും തനിക്കത് അനുഭവിക്കാനാവുന്നതും അവര്‍ അറിഞ്ഞു.

ഓടിച്ചെന്ന് മകളെ വാരിപ്പുണര്‍ന്നു.


“ ഉമ്മാനെ പിരാകരുത്...മോളേ....., ഉമ്മാടെ പൊന്നുമോള്‍ ഉമ്മാട് പൊറുക്കണം....”


കരച്ചിലിനിടയില്‍ അവ്യക്തമായി കേള്‍ക്കുന്ന വാക്കുകളുടെ പൊരുള്‍ ഖയ്യാബിക്ക് പൂര്‍ണ്ണമായി മനസ്സിലായീല്ല.

മെല്ലെ നടന്നു നീങ്ങുന്ന ഉമ്മയേയും ഉപ്പയേയും പടിപ്പുര കടന്ന് മറയുന്നത് വരെ അവള്‍ നോക്കി നിന്നു.


‘ ബീവീ...ങ്ങള്.....ഇബടെ....നിക്കാണൊ.....”


ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ പിന്നില്‍ കുഞ്ഞോന്‍ക്ക.


“ഉമ്മാബിത്ത ചോയ്ക്കണ്..ണ്ട്.....പോയി അറയില്‍ ഇരുന്നോളീ.....”


“ നീക്ക് വയ്യാ...കുഞ്ഞോന്‍ ക്കാ..... അവ്ടെ....മുയ്ക്കനൂം പൊകയാ....”


ഖയ്യാബിയുടെ അതേ പ്രായമുള്ള തന്‍റെ മകളെ കുറിച്ചാണ് കുഞ്ഞോന്‍ ക്ക അപ്പോള്‍ ഓര്‍ത്തത്.

പാവം ...!! ഈ കുട്ടിയുടെ ഒരു വിധി..!


“ അതല്ലാ..ബീവി. ഓല് കണ്ടാല്...ബയക്ക് പറേം....., ഇദ്ദയിരിക്കണ...ബീവിമാര്.... പൊറത്തെറങ്ങിക്കൂടാ.....അതാണ് വിധി...“


“ നിക്ക് .....ഇദ്ദ വേണ്ട....കുഞ്ഞോന്‍ ക്കാ.....”


നിസ്സഹായനായി കുഞ്ഞോന്‍ ക്ക ഖയ്യാബിയുടെ മുഖത്തേക്ക് വേദനയോടെ നോക്കി നിന്നു. ഈ കുട്ടിയെ എന്ത് പറഞ്ഞാണ് മനസ്സിലാക്കേണ്ടത് എന്നറിയാതെ അയാള്‍ വ്യസനിച്ചു. പിന്നെ ശബ്ദമടക്കി പറഞ്ഞു.


“ മോളെ... മാപ്ലാര് മരിച്ചാല്...ബീടര്...അന്യ ആണുങ്ങളെ കാണാതെം പറയാതേം...നാപ്പത് ദെവസം അകത്തിരിക്കണം..... അതാണ് ഇദ്ദ. മോള് ബേണ്ടാന്ന് പറഞ്ഞാലും സമുദായം മോള്ക്ക് തന്ന മുസീബത്താണിത്...!! “


നിര്‍ന്നിമേഷയായ് കുഞ്ഞോന്‍ ക്കയെ കേള്‍ക്കുന്ന ഖയ്യാബി പെട്ടെന്നാണ് പറഞ്ഞത്... “ അയിന്.....ഞാന്‍ ...ബീടരല്ലാലൊ.....?? ചന്ദരത്തി നേര്‍ച്ച കഴിഞ്ഞാല്.....നിക്ക് ...ന്റ്റെ ...കുടീ....പോവാലോ.....?? “‘


പിണ്ണാക്കും പഴത്തൊലിയുമിട്ട് കലക്കുന്ന കാടിവെള്ളത്തിലേക്ക് കുഞ്ഞോന്‍ ക്കയുടെ കണ്ണ്നീരിറ്റി.


മാളികയുടെ വരാന്തയില്‍ നിന്ന് പരുപരുത്ത ശബ്ദം.


“ഖയാബീവി...., അറയില്‍ ചെന്നിരിക്ക്.......!!! “


ആ ശബദത്തിന്‍റെ പ്രതിദ്ധ്വനിയ്ക്കൊപ്പം വെള്ളയുടുത്ത തലപ്പാവും അകത്തേക്ക് മറഞ്ഞു.

സങ്കോചത്തൊടെ അറയിലേക്ക് നടക്കുമ്പോള്‍ ഖയ്യാബി കുഞ്ഞോന്‍ ക്കയെ ദയനീയമായി നോക്കിക്കൊണ്ട് പറയുന്നുണ്ടായിരുന്നു...

“ കുഞ്ഞോന്‍ ക്കാ....നിക്ക് ഇദ്ദ വേണ്ടാ..... , നിക്ക് പള്ളിക്കൂടത്തീ...പോണം....!!!

Friday, March 12, 2010

ഞാനും സത്യവും...( കവിത )

ലോകം
വളരെ ചെറുതാണ്.
ഞാനാണ് വലുത്.
വലുതുകള്‍ ചേര്‍ന്ന് ചേര്‍ന്ന്
ഭൂമി, എന്തിന്
പ്രപഞ്ചം തന്നെ
കവിഞ്ഞു പോയി.

ഏദനില്‍
ബലാത്സംഗം ചെയ്യപ്പെട്ട പുരുഷന്‍
അവസ്ഥാന്തരങ്ങളോട്
സന്ധി ചെയ്ത് മരിയ്ക്കുന്നു.
സാത്താനോട്
സന്ധി ചെയ്ത് സ്ത്രീ
കൈകള്‍ കഴുകി
വിശുദ്ധയാകുന്നു.


രാജ്യങ്ങള്‍ കണ്ടെത്തിയ
യാത്രകള്‍ക്കൊടുവില്‍
സഞ്ചാരികള്‍ കാണാതെ പോയത്
അവനിലേക്ക് ചുരുങ്ങിയ
ആറടി മണ്ണ്!!!

ഞാനവസാനിക്കുന്നിടത്ത്
ലോകമവസാനിക്കുന്നു.
ബാക്കിയായവരുടെ ലോകത്ത്
ദുര്‍ഗന്ധജന്യമാം വെറും
ശവമവശേഷിയ്ക്കുന്നു...!!!

നിരപരാധികളുടെ
നിവേദനങ്ങളില്‍
നിയമം പടച്ചവനെ
പാടച്ചവന്‍ കഴുവേറ്റി!
സൃഷ്ടിയില്ലാത്തവന്റെ
സംഹാരനിയമങ്ങള്‍
സ്രഷ്ടാവിനേയും
തുറുങ്കിലടച്ചു..!!

അന്വേഷണം വഴിമുട്ടുന്നിടത്ത്
സത്യത്തിന്റെ ഹത്യ..!!!
ഞാനെന്നെങ്കിലും
സത്യമന്വേഷിച്ചാല്‍
വലുതാകുമീ ഭൂമിയും
പ്രപഞ്ചം തന്നെയും....!!!!

Thursday, March 4, 2010

ഭീകരതയുടെ ബലിയാടുകള്‍. ( കഥ )

അകലെ നിന്ന് കേട്ടു തുടങ്ങിയ പോലിസ് ജീപ്പിന്റെ അപായനിലവിളി തന്റെ വീടിന്റെ ഗേറ്റ് കടന്നു പോയിട്ടും രവിയെ ബാധിച്ചിരുന്ന ഉത്കണ്‍ഠയും ആധിയും വിട്ടു മാറിയില്ല.

പുറകില്‍ അപ്പോഴും അവളുടെ കരച്ചിലും പറച്ചിലും കേള്‍ക്കാമായിരുന്നു.

ഇന്നിന്റെ കാഴ്ച്ചകള്‍ എത്ര വിചിത്രമായാണ് കണ്ണുകളെ അധീനപ്പെടുത്തുന്നത്! കണ്ടതിനപ്പുറത്തേക്ക് ചിന്തിയ്ക്കുകയും കാഴ്ച്ചകള്‍ക്ക് പുതിയ രൂപവും തലവും ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അത് മനസ്സിന്റെ വ്യഭിചാരമായി പരിണമിക്കുന്നില്ലെ..? യാഥാര്‍ത്ഥ്യങ്ങളുടെ വര്‍ണ്ണങ്ങള്‍ കണ്ണുകള്‍ ധിഷണയിലേക്ക് എത്തിച്ചിട്ടും അതിനെ സങ്കല്‍പ്പങ്ങളാല്‍ മറികടക്കുന്ന മനസ്സ്.

പുറത്ത് ഇപ്പോഴും മഴ ചാറുന്നുണ്ട്. രാത്രിയില്‍ തുടങ്ങിയ മഴ കൂടിയും കുറഞ്ഞും പെയ്തു കൊണ്ടേയിരിക്കുന്നു.

ഭൂമിക്ക് കുളിരേകി, ഭൂമിയെ നനച്ച് പെയ്യുന്ന മഴ!

ചുട്ടുപൊള്ളുന്ന മണ്ണിന്റെ തേട്ടം കേട്ട് ആകാശത്ത് നിന്ന് ആരൊ ശിരസ്സില്‍ കൈ വെച്ച്

അനുഗ്രഹിക്കുന്നത് പോലെ...മഴ! കാരുണ്യത്തിന്റെ തലോടല്‍ പോലെ.

ചിലപ്പോള്‍ രൗദ്രതയാര്‍ജ്ജിക്കുന്ന മഴയ്ക്ക് ഒരു പകപോക്കലിന്റെ ഭാവവുമാണ്.


തലയണയില്‍ മുഖമമര്‍ത്തി കരയുന്ന ശാലിനിയുടെ ശബ്ദം പിന്നില്‍, പുറത്തെ മഴ പോലെ ഉയര്‍ന്നും താഴ്ന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

എന്ത് പറഞ്ഞാണ് അവളെ സമാധാനിപ്പിക്കേണ്ടത്? തന്റെ ഉള്ളിലെ വിങ്ങലൊതുക്കി, ഒന്നു കരയാന്‍ പോലുമാകാതെ എത്ര നാള്‍ തനിക്ക് പിടിച്ച് നില്‍ക്കാനാവും.?

ജന്നലഴികളില്‍ മുഖം അമര്‍ത്തി അറിയാതെ നിറയുന്ന കണ്ണുനീര്‍ അവള്‍ കാണാതെ രവി തുടച്ചു.


ബാംഗ്ലൂരില്‍ നിന്ന് ഹസ്സന്‍ റാവുത്തര്‍ ഫോണ്‍ ചെയ്ത് പറഞ്ഞപ്പോള്‍ ഇത്രയും സീരിയസായ വിഷയമാണെന്ന് നിനച്ചിരുന്നില്ല.

തന്റെ കോളേജ് വിദ്യാഭ്യാസ കാലം മുഴുവന്‍ കൂടെയുണ്ടായിരുന്ന ഏറ്റവും നല്ല സഹയാത്രികനായ റാവുത്തരുടെ സംരക്ഷണയില്‍ ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ ഒരു എഞ്ചിനീറിംഗ് കോളേജില്‍ തന്റെ ഒരേയൊരു മകന്‍ എലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിന് പഠിയ്ക്കുന്നു എന്നത് ജീവിതത്തിലെ അമൂല്യമായ നേട്ടങ്ങളില്‍ ഒന്നായി തോന്നിയിരുന്നു.


അവനെ പിരിഞ്ഞ് നില്‍ക്കാന്‍ ഏറെ വിഷമം ശാലിനിയ്ക്കായിരുന്നു. അന്നും അവള്‍ തടഞ്ഞിരുന്നു. കാണാമറയത്തുള്ള പഠനമൊന്നും വേണ്ടെന്ന് വിലക്കിയിരുന്നു. അന്ന് കാര്യകാരണസഹിതം അവളെ പറഞ്ഞ് മനസ്സിലാക്കി ധൈര്യം നല്‍കിയത് താന്‍ തന്നെ. മകന്റെ താത്പര്യവും ബാംഗ്ലൂരില്‍ പോയി പഠിയ്ക്കാനായിരുന്നു. പോരാത്തതിന് റാവുത്തരുടെ പിന്‍ബലവും കൂടിയായപ്പോള്‍ അധികമൊന്നും ചിന്തിച്ചില്ല.

റാവുത്തരുടെ കാര്യക്ഷമമായ ഇടപെടല്‍ മൂലമാണ് കോളേജില്‍ അഡ്മിഷ്യന്‍ കിട്ടിയത്. ഉന്നതരുടെ മക്കളും വിദേശികളും പഠിയ്ക്കുന്ന കോളേജ്. ബാംഗ്ലൂരിലെ കെങ്കേരിയില്‍ വശ്യസുന്ദരമായ നഗരഭംഗിയില്‍ നിന്ന് തെല്ല് മാറി തലയുയര്‍ത്തി നില്‍ക്കുന്ന കലാക്ഷേത്രം.


ആദ്യകാലങ്ങളില്‍ റാവുത്തരുടെ ഫ്ളാറ്റിലയിരുന്നു മകന്റെ താമസം. പിന്നെപ്പിന്നെ, പഠന സൗകര്യം കൂടുതല്‍ ലഭ്യം കോളെജ് ഹോസ്റ്റല്‍ ആണെന്ന അവന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹോസ്റ്റലിലേക്ക് മാറാന്‍ സമ്മതിക്കുകയായിരുന്നു. അപ്പോഴും ശാലിനിക്ക് താത്പര്യമില്ലയിരുന്നു. റാവുത്തരുടെ ഭാര്യ സഫിയാബിയും ഒട്ടു വിഷമിച്ചു. സ്വന്തം മകനെ പോലെ അവര്‍ അവനെ സ്നേഹിച്ചിരുന്നു.


റാവുത്തരുടെ ഫൊണ്‍ വിളിക്ക് ശേഷം ധൃതിപ്പെട്ട് ബംഗ്ലൂരിലേക്ക് യാത്ര തിരിക്കാന്‍ തുടങ്ങിയ തന്റെ കൂടെ ശാലിനിയും വരണമെന്ന് ശഠിച്ചതാണ്. താന്‍ സമ്മതിച്ചില്ല.

"പ്രിന്‍സിപ്പാളിന് എന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു.... അതിന് താനെന്തിനാ...? പഠനസം ബന്ധമായി എന്തെങ്കിലും സംസാരിക്കാനാവും. അതിനപ്പുറം മറ്റൊന്നും ചിന്തിയ്ക്കണ്ട...എന്തെങ്കിലും ഉണ്ടെങ്കില്‍ റാവുത്തരും സഫിയാബിയുമൊക്കെ പറയാതിരിക്കുമോ...? "

വിതുമ്പി നില്‍ക്കുന്ന ശാലിനിയുടെ കവിളില്‍ തട്ടി പറഞ്ഞു.

"പേടിയ്ക്കണ്ടാ...സമാധാനമായിരിക്ക്...എന്തെങ്കിലും വയ്യായ്ക ഉണ്ടെങ്കില്‍ അവനെ ഞാനിങ്ങ് കൊണ്ടു വരാം ...പോരെ..? "

വളരെ ബുദ്ധിമ്മുട്ടിയാണ് ശാലിനിയെ സമ്മതിപ്പിച്ച് യാത്ര തിരിച്ചത്.


എയര്‍പോര്‍ട്ടില്‍ റാവുത്തര്‍ ഉണ്ടായിരുന്നു.

പല പ്രാവശ്യം ചോദിച്ചിട്ടും ഫ്ളാറ്റില്‍ എത്തുന്നത് വരെ റാവുത്തര്‍ ഒന്നും പറഞ്ഞില്ല. തന്റെ സംശയങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി തരാതെ തെന്നി മാറുന്ന റാവുത്തരോട് തോന്നിയ ദേഷ്യം ഉള്ളിലൊതുക്കി ഫ്ളാറ്റിനകത്തേക്ക് കയറി.


സഫിയാബി കൊണ്ടുവന്ന ചൂട് ചായ കുടിച്ചിറക്കി സോഫയില്‍ ഇരുന്നു.

"പറയൂ..റാവുത്തര്‍...എന്തു പറ്റി എന്റെ മകന്..? ഗൗരവമായതൊന്നും ഇല്ല എന്ന് വിശ്വസിക്കാനാവുന്നില്ല. ഒന്നുമില്ലാതെ നീ എന്നെ ഇങ്ങോട്ട് വരുത്തുകയുമില്ല..."


റാവുത്തരും സഫിയാബിയും മുഖത്തോട് മുഖം നോക്കി.

"യെസ്..രവി...ഇറ്റ്സ് ഏന്‍ ആക്സിഡെന്റ്..ഓര്‍ ..ഏ.. ട്രാപ്.."

"എന്റെ മോന്....? "


ഇരുന്നിടത്ത് നിന്ന് അറിയാതെ എഴുന്നേറ്റ്പോയ രവിയെ റാവുത്തര്‍ സമാധാനിപ്പിച്ച് ഇരുത്തി.

"രവി ...സംശയത്തിന്റെ ചെറിയൊരു നിഴല്‍ മാത്രം...അത്രേയുള്ളൂ..സോളിഡ് പ്രൂഫുകള്‍ ഒന്നുമില്ല. അതു കൊണ്ടു തന്നെ ഭയപ്പെടാനില്ല. "


ദുരൂഹത വര്‍ദ്ധിച്ചു വരുന്ന റാവുത്തരുടെ സംസാരം രവിയെ എല്ലാ നിയന്ത്രണങ്ങള്‍ക്കും വിരാമമിടാന്‍ നിര്‍ബന്ധിതനാക്കി.

"തുറന്ന് പറയു...റാവുത്തര്‍...ഒന്നും മനസ്സിലാവുന്നില്ല."


"രണ്ടാഴ്ച്ചകള്‍ മുന്‍പ് ഫൈസലാബാദിലുണ്ടായ സ്ഫോടനത്തോട് ബന്ധപ്പെട്ട് പിടിക്കപ്പെട്ട മൂന്ന് പേരില്‍ രണ്ട് നൈജീരിയന്‍ സ്റ്റൂഡന്റ്സും ഒരു ഡല്‍ഹിക്കാരനുമായിരുന്നു. ആ നൈജീരിയന്‍ സ്റ്റുഡന്റ്സ് രാഹുലിന്റെ കോളേജിലെ കുട്ടികളാണ്. അതിലൊരാള്‍ രാഹുലിന്റെ റൂം മാറ്റ് ആയിരുന്നു...."

റാവുത്തര്‍ പറയുന്നത് ഉള്‍ക്കൊള്ളാനാവാതെ രവി വിയര്‍ത്തു.

"പ്രാഥമികാന്വേഷണത്തില്‍ ആ നൈജീരിയന്‍ സ്റ്റുഡന്റ് മൊഴി നല്‍കിയത് ബോംബ് നിര്‍മ്മിക്കാനുള്ള സാങ്കേതികോപദേശവും സഹായവും നല്‍കിയത് നമ്മുടെ രാഹുല്‍ ആണെന്നാണ്. "


"നോ.....! ഇല്ല; ഒരിക്കലുമില്ല. എന്റെ മോനതിന് കഴിയില്ല. "

"അറിയാം.......! അറിയാം...രവി. നമ്മുടെ മോന് അതിന് കഴിയില്ല. കൂള്‍ ഡൗണ്‍..രവി...റിലാക്സ്..."


"എന്റെ മോന്‍ എവിടുണ്ട്..? എനിക്കവനെ കാണണം...നമുക്കങ്ങോട്ട് പോകാം ....പ്ലീസ്..എഴുന്നേല്‍ക്ക്.."

"സമാധാനമായിരിക്ക്...രവി. അവന്‍ ഞങ്ങള്‍ക്കും മകനാണ്. "

"വിശദമായ അന്വേഷണത്തിന്റെ ഭാഗമായി രാഹുലിനെയും റൂമിലുണ്ടായിരുന്ന മറ്റൊരു കുട്ടിയേയും അറസ്റ്റു ചെയ്തു. ഇത്തരം കേസുകളില്‍ പോലിസ് സ്വീകരിയ്ക്കുന്ന രഹസ്യ സ്വഭാവം നമ്മളെ സഹായിച്ചു എന്നു വേണം കരുതാന്‍. ന്യൂസ് ഫ്ളാഷാവുന്നതിന് മുന്‍പേ പോലിസ് അവരെ വിട്ടയച്ചു. വിശദമായ അന്വേഷണത്തില്‍ ഒരു ഹിന്ദുവിന്റെ പേര് മനഃപ്പൂര്‍വ്വം പറഞ്ഞതാണെന്ന് അവന്‍ തന്നെ പിന്നീട് സമ്മതിച്ചു. മാത്രവുമല്ല; ഇത്രയും റെപ്പ്യൂട്ടഡ് ആയ ഒരു സ്ഥാപനത്തിലെ ഏറ്റവും നല്ല സ്റ്റുഡന്റ്സുകളില്‍ ഒരാളായ രാഹുലിനെ രക്ഷിയ്ക്കാന്‍ കോളേജ് അധികൃതരും നല്ല സ്വാധീനം ചെലുത്തി."

രവിയുടെ മുഖത്തെ അവിശ്വസനീതയും ആശ്വാസവും റാവുത്തര്‍ക്ക് വായിച്ചെടുക്കാമായിരുന്നു.


"അവരിപ്പോഴെത്തും. സ്റ്റേഷനില്‍ സൈന്‍ ചെയ്യാന്‍ പോയതാണ്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടം വിട്ടു പോകാന്‍ പാടില്ലെന്നാണ് ഓര്‍ഡര്‍. "


വരും വരായ്കകള്‍ ഓര്‍ത്ത്, തന്റെ മകന്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴം ഓര്‍ത്ത് അസ്വസ്ഥനായി രവി. ശാലിനിയോട് എന്തു പറയും എന്ന ചിന്തയും രവിയെ വല്ലാതെ അലട്ടി.

തുടര്‍നടപടികളെ പറ്റി ആലോചിച്ചും റാവുത്തരുമായി സംസാരിച്ചും സമയം നീങ്ങവേ...കാളിങ്ങ് ബെല്‍ ശബ്ദിച്ചു. സഫിയാബി വാതില്‍ തുറന്ന് കൊടുത്തു.

സഫിയാബിയുടെ സഹോദരന്റെ കൂടെ തളര്‍ന്നവശനായി തന്റെ പൊന്നുമോന്‍. അവന്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. മുഖത്തെ പ്രസരിപ്പെല്ലാം മാഞ്ഞിരിക്കുന്നു.

രവിയെ കെട്ടിപ്പിടിച്ച് കൊച്ചു കുട്ടിയെ പോലെ അവന്‍ കരഞ്ഞു. രവിക്കും കരച്ചിലടക്കാനായില്ല.

ഏതൊ അനിഷ്ടസംഭവങ്ങളുടെ കെടുതികള്‍ തന്റെ സന്തുഷ്ടകരമായ കുടുമ്പജീവിതത്തിലേക്ക് കരിനിഴല്‍ വിരിക്കുന്നതായി കണ്ട് രവിയുടെ ഹൃദയം കൂടുതല്‍ മിടിച്ചു. എങ്കിലും സധൈര്യം മകനെ ആശ്വസിപ്പിച്ചു. ധൈര്യം നല്‍കി.


മകനോടൊത്ത് ഭക്ഷണം കഴിക്കുന്നതിന്റെയും ഒരുമിച്ചിരിക്കുന്നതിന്റെയും ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ശാലിനിയെ തൃപ്തിപ്പെടുത്താന്‍ തത്കാലം ഇത് മതിയാവും. അമ്മയുമായി ഫോണില്‍ സംസാരിപ്പിക്കുകയും ചെയ്തു.


തിരിച്ചു പോരുന്നതിന് മുന്‍പ് വക്കീലിനെ കണ്ടു. കോളേജ് അധികൃതരെ കണ്ടു. ഉന്നത പോലിസ് ഓഫീസര്‍മാരെ കണ്ടു. എല്ലാവരില്‍ നിന്നും ഒരു പോലെ ഉറപ്പ് കിട്ടി.

" നത്തിങ്ങ് ടു വറീ...ഹി വില്‍ ബി ഫ്രീ..."

അയയാനും മുറുകാനും ഇടയുള്ള ഒരു കുരുക്കിലാണ് തന്റെ മകന്‍ അകപ്പെട്ടിരിക്കുന്നത് എന്ന് അറിയാമെങ്കിലും എല്ലാം ദൈവത്തിലര്‍പ്പിച്ച് മകനെ റാവുത്തരെ ഏല്‍പിച്ച് തത്കാലം മടങ്ങി.


സത്യമറിയാത്ത ശാലിനിയുടെ മുന്നില്‍ ഒരു അപരാധിയെ പോലെ നില്‍ക്കേണ്ട ഒരു നാള്‍ വരല്ലേ..എന്നും അതിന് മുമ്പ് എല്ലാ കെട്ടുകളും പൊട്ടിച്ച് സംശയത്തിന്റെ നേരിയ നിഴല്‍ പോലുമില്ലാതെ തന്റെ പൊന്നുമോന്‍ പടി കടന്ന് വരാനും രവി നെഞ്ചില്‍ കൈ വെച്ച് പ്രാര്‍ത്ഥിച്ചു.

ആക്സിഡന്റ് നിസ്സാരമായിരുന്നെങ്കിലും അവനെയിങ്ങ് കൊണ്ടു പോരാമായിരുന്നില്ലെ എന്ന ശാലിനിയുടെ കണ്ണീരിന്റെ നനവുള്ള കുറ്റപ്പെടുത്തല്‍ താനനുഭവിയ്ക്കുന്ന മാനസിക സമ്മര്‍ദ്ധങ്ങള്‍ക്ക് മേല്‍ എത്രയൊ നിസ്സാരമാണെന്ന് രവി തിരിച്ചറിയുന്നു. എങ്കിലും....

പുറത്തെ നിരത്തില്‍ നിന്നുയരുന്ന പോലിസ് വാഹനത്തിന്റെ സൈറണും അകത്ത് നിന്ന് ഉയരുന്ന ടെലിഫോണ്‍ ബെല്ലും രവിയുടെ നെഞ്ചിടിപ്പ് ഒരു മാത്രയെങ്കിലും നിശ്ചലമാക്കുന്നു

Tuesday, February 23, 2010

ഇടവഴികള്‍ ( കവിത )




ഇടവഴിയിലൂടാണെന്റെയമ്മ
ഞാനെന്ന ഗര്‍ഭം താങ്ങി
വേച്ച് വേച്ച് നടന്നത്...
ഈ ഇടവഴിയിലൂടാണെന്റെയച്ഛന്‍
വിപ്ലവത്തിന്‍ വിത്തുകള്‍
വാങ്ങി വന്നത്...

ഇടവഴിയവസാനിക്കുന്നിടം
ചെമ്പരത്തിച്ചോപ്പായ്
അമ്മ വയറൊഴിഞ്ഞു..
ഇതേ വഴിയിലെയിരുട്ടിലാണ്
മണ്ണ് തിന്ന് അച് ഛന്റെ
ജഢം കിടന്നത്....

ചവിട്ടേറ്റ് ചത്ത പുല്ലുകള്‍ക്കടിയില്‍
ബാല്യം മറന്നിട്ട ഓര്‍മ്മകള്‍ ചികയണം..
ഇടവഴിയില്‍ നിന്ന് ഊടുവഴിയിലേക്ക്
കൂടുമാറിയ കൗമാരവും പെറുക്കണം..
മറുവാക്കിന് കാതു നല്‍കാതെ
തീ കത്തുമാലകളിലേക്ക്
കാരിരുമ്പായ് പരിണമിച്ചതും...
എല്ലാം ഈ ഇടവഴിയുടെ
അങ്ങേ തലക്കലിന്നും മുഴങ്ങുന്ന
തേങ്ങലവഗണിച്ചായിരുന്നു.

ചെമ്പട്ടുടുപ്പിച്ചൊരു ജഢം കൂടി
വിലാപമായ് പടി കടന്നെത്തുമെന്നാരൊ
പറഞ്ഞറിവിനാലീ ഇടവഴിയില്‍
മിഴിനട്ടിരിപ്പുണ്ടാമതാര്യമാം
ഓര്‍മ്മകള്‍ക്കപ്പുറവുമീ..
ഇടവഴി തുടങ്ങുന്നിടത്തും...

Sunday, February 7, 2010

പുതുതലമുറയുടെ പാഠപുസ്തകം...( കവിത )

പാഠം 1
പുഴുക്കുത്തേറ്റ ഇലകള്‍ക്കിടയില്‍
പുഴുക്കളരിക്കാത്തൊരു പൂവ്.
ഹരിതവര്‍ണ്ണം നക്കിത്തുടയ്ക്കുന്ന
പുഴുക്കളാണെണ്ണത്തിലധികം,
ഉദ്യാനപാലകരുറക്കത്തിലും...!!

നീരേകി വളര്‍ത്തുന്നതും
വേരോടെ പറിയ്ക്കുന്നതും
നേരുള്ള, ചിലപ്പോള്‍
നെറികെട്ട കൂട്ടുകാരും.
സുഗന്ധവാഹിയാകിലു,മല്ലെങ്കിലും
കണ്ടു മടുത്താല്‍ ചവിട്ടിയരയ്ക്കും.
ഞങ്ങളിങ്ങനെ പുതുതലമുറക്കാര്‍..!

പാഠം 2
ഒരു തുണ്ടിനായ് സമരം ചെയ്യും
വീതം വെപ്പിനായ് ചോരചിന്തും
പ്രതിഷേധത്തിനന്ത്യത്തില്‍
നായ്ക്കളായ് കടിച്ചു കുടയും
രക്തപങ്കിലമാ....തുണ്ടം...!!

പാഠം 3
അച്ഛാ..വേഗം പോയി വാ..
അല്ലേല്‍ ബാറടയ്ക്കും
അമ്മേ..കുറച്ച് വെള്ളം
അച്ഛനുടനെത്തും, രണ്ടു ഗ്ലാസ്സും.

പാഠം 4
തുണിയില്ലാതെ ചത്തുകിടക്കും
തരുണിയുടെ മേനിയഴകപാരം!
ഇവനോ ഛായാഗ്രാഹകന്‍ ? അവളുടെ -
മുല മറയ്ക്കുന്ന കുഞ്ഞിന്റെ
തല മാറ്റാതെ പടം പിടിച്ചവന്‍ !

പാഠം 5
മിണ്ടാതെ കിടന്നോണം തള്ളേ..
മരുന്നൊക്കെ പിന്നെ.
മദാമ്മക്കുട്ടിയൊന്നപ്പുറത്തുണ്ട്
നെറ്റി ചുളിക്കുമവള്‍
നെറ്റില്‍ നിന്നെണീറ്റാല്‍.

പാഠം 6
ആര്‍ക്കുവേണ,മമ്മയ്ക്ക്
മരുന്നിന് തികയാത്ത ചില്ലിക്കാശ്..?
ആയിരമല്ല; ലക്ഷങ്ങള്‍ തരുവാനുണ്ട്
ദീക്ഷയുള്ളുപ്പൂപ്പമാരും
ചുവന്ന മോറുള്ള അങ്കിള്‍മാരും
ചെയ്യേണ്ടതിത്ര മാത്രം,
വെട്ടി നിരത്തണമല്ലേല്‍
ചുട്ടു കരിക്കണമീയുദ്യാനം.
സുഖമായ് കത്തുമല്‍പമെണ്ണയൊഴിച്ചാല്‍
സ്വയം കത്തുമീ പുരിയുമുദ്യാനവും.

Thursday, January 14, 2010

കുറത്തി. (കവിത)

പറഞ്ഞതൊക്കെയും
പകുതിവരെ ശരിയും
പാതി കഴിഞ്ഞപ്പോള്‍ തെറ്റും!!
അപരശിരോലിഖിതങ്ങള്‍
ആറാമിന്ദ്രിയത്താല്‍ വായിച്ചെടുക്കെ
അടിവയറിലിന്ദ്രിയം നിറച്ച
അനുതാപത്തിന്‍ പുതിയ
പ്രവാചകര്‍.

കിളിയില്ലാത്ത കൂടും
ചിത്രങ്ങള്‍ മാഞ്ഞ ചീട്ടും
പുകയുയരാത്ത അടുപ്പും
വിശപ്പ് കത്തുന്ന വയറും.

വന്നെടുക്കുകൊരു ചീട്ട്,
വ്യര്‍ത്ഥമീ ജന്മങ്ങളുടെ
വരുംവരായ്ക ചൊല്ലുക,
കെട്ടരാശിയെങ്കിലീ മതില്‍
കെട്ടിനപ്പുറം വിരിയ്ക്കാം
ചുട്ടുപൊള്ളും കുറത്തിയുടെ
പട്ടിണിത്തഴപ്പായ.

Thursday, December 31, 2009

ഒറ്റമുറിയിലെ കുടും ബങ്ങള്‍. (കഥ) സൈനുദ്ധീന്‍ ഖുറൈഷി

അക്കരെ ഇക്കരെ നിന്നാലെങ്ങിനെ ആശ തീരും
നിങ്ങടെ ആശ തീരും............................"
ഏഷ്യാനെറ്റ് റേഡിയോവിലൂടെ ശ്രുതിമധുരമായ പഴയ സിനിമാഗാനം...
ബെഡ്ഡില്‍ അലസനായി ഇരുന്ന് ഇല്ല്യാസ് ഗാനമാസ്വദിച്ചു. മുറിയുടെ ഒരു കോണിലിരുന്ന് പയര്‍ അരിയുന്ന മൈമൂനയെ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു.
തന്നെത്തന്നെ നോക്കി മൂകനായ് ഇരിയ്ക്കുന്ന ഇല്ല്യാസിനെ നോക്കി മൈമൂന ചോദിച്ചു.
"എന്തേയ്..... ങ്ങനെ ....നോക്ക്യോണ്ടിരിക്കണ്...., ഇന്നെ ഈന് മുമ്പ് കണ്ടട്ടില്ലേ.....?"
ചിന്തയില്‍ നിന്നുണര്‍ന്ന് ഇല്ല്യാസ് ചിരിച്ചു.
"ഇതിപ്പൊ അക്കരേം ഇക്കരേം ഒന്നുമല്ല. ഒരു മുറിയില്‍ അടുത്തടുത്ത് ഉണ്ടായിട്ടും ആശ തീരണില്ലാ.... "
മൈമൂന നാണത്തില്‍ പൊതിഞ്ഞ ഒരു ചിരി പാസ്സാക്കി. അരിഞ്ഞു കൂട്ടിയ പയറുമെടുത്ത് കിച്ചണിലേക്ക് പോയി.

ഒറ്റമുറിയില്‍ മുഖത്തോട് മുഖം നോക്കി മുരടനക്കി ഉറങ്ങിത്തീരുന്ന രാവുകളെ പഴിച്ച് ഇല്ല്യാസ് ഇരുന്നു. മൂവായിരത്തി അഞ്ഞൂറ് ദിര്‍ഹംസ് വാടക. ഒരു മുറിയും അറ്റാച്ചെഡ് ബാത്ത് റൂം. കിച്ചണ്‍ കോമണ്‍.
മുറിയുടെ ഒരു ഭാഗത്ത് ഞങ്ങള്‍ക്കുള്ള കട്ടില്‍. മറുവശത്ത് മക്കള്‍ക്കുള്ള ബങ്ക്ബെഡ്. മുകളിലത്ത തട്ടില്‍ പെണ്മക്കളും താഴത്തെതില്‍ മകനും കിടക്കുന്നു.
ഒരു കോണില്‍ നാലു ഡോര്‍ ഉള്ള ഒരു വാര്‍ഡ്രോബ്. കട്ടിലിനും വാര്‍ഡ്രോബിനും ഇടയ്ക്കുള്ള സ്ഥലത്ത് ചെറിയൊരു മേശ.
നാട്ടിലെ നല്ലൊരു വീട് അടച്ചിട്ട് ഗള്ഫി്ല്‍ ദാമ്പത്യമനുഭവിയ്ക്കാന്‍ വന്ന ഒരു ശരാശരി മലയാളിയുടെ ചിത്രം!!

"ചായയല്ലെ തണുക്കുന്നത്..?"
മൈമൂനയുടെ ഓര്‍മ്മപ്പെടുത്തല്‍ ചിന്തകള്‍ക്ക് വീണ്ടും ഇടവേള നല്കി‍.
മക്കള്‍ ഉറക്കത്തിലാണ്. രാത്രി വളരെ വൈകി ഉറങ്ങിയ അവര്‍ ഇന്ന് വൈകിയേ ഉണരു. വെള്ളിയഴ്ച്ചകളുടെ ദിനചര്യാശാസ്ത്രമാണത്.

മക്കള്‍ ഹാപ്പിയാണ്.
ബാപ്പയോടും ഉമ്മയോടുമൊത്ത് സന്തോഷമായി അവര്‍ കഴിയുന്നു.
ഞങ്ങള്‍ പിന്നിട്ട നാട്ടിന്‍ പുറത്തെ ബാല്യകാലം ഇവരുണ്ടൊ അറിയുന്നു. നാലു ചുവരുകള്‍ക്കുള്ളില്‍ ടിവിയുടേയും കമ്പ്യൂട്ടറിന്റെയും മോണിറ്ററിന് മുന്നില്‍ നിറം മങ്ങിപ്പോയ ബാല്യമോര്‍ത്ത് വളര്‍ന്നാല്‍ അവര്‍ രക്ഷിതാക്കളെ ശപിയ്ക്കും. സ്വന്തം സുഖത്തിന് വേണ്ടി തങ്ങളുടെ നിറമുള്ള ബാല്യം കൂറകളുടെയും മൂട്ടകളുടെയും ഇടയില്‍ തളച്ചിട്ടതിന് ഒരു പക്ഷെ ചീത്തയും പറയും.

ഞങ്ങളുടെ സുഖവും ആസ്വാദനവും എന്തായിരുന്നുവെന്ന് എങ്ങനെയാണ് അവരെ ബോധ്യപ്പെടുത്തുക. മക്കള്‍ ഉറങ്ങുന്നത് വരെ ഉറങ്ങാതെ കിടന്ന് ഇടയ്ക്ക് അറിയാതെ ഉറങ്ങിപ്പോകാതെയിരുന്നെങ്കില്‍ എന്തോ ഭീകരപ്രവര്‍ത്തനം ചെയ്യുന്ന പോലെ ഒളിച്ചും പതുങ്ങിയും , അപ്പുറത്തെ കട്ടിലില്‍ നിന്ന് ഒരു അനക്കത്തിന് കാതോര്‍ത്ത്...........ഹോ.!!!

ഒരിക്കല്‍ സഹികെട്ട് മൈമൂനയോട് പറയുകയും ചെയ്തു.
"എന്തായിത് കഥ.....! ഇക്കണ്ട കാശും മുടക്കി പോത്തിനേം അറുത്ത് നാട്ടുകാര്‍ക്ക് നെയ്ച്ചോറും കൊടുത്ത് പടച്ചോന്റെ നാമത്തില്‍ ഇണയാക്കി തുണയാക്കി നിക്കാഹ് ചെയ്ത നമ്മുടെ ഒരു ഗതി!!ഇതിനേക്കാള്‍ നല്ലത് ഞാന്‍ ഇക്കരേം നീ അക്കരേം തന്നെ നിക്കണതാ....ഹല്ലാ..പിന്നെ..."

തന്റെ മട്ടും ഭാവവും കണ്ട് മൈമൂനാക്ക് ചിരി.
"ചിരിക്കണ്ട ഹിമാറേ...എത്ര നാളായി ഈ കളി.... ഒന്ന് ഉറങ്ങുമ്പോ..മറ്റേത് ഉണരും... അവരെല്ലാം ഉറങ്ങുമ്പോ..നമ്മളും ഉറങ്ങിപ്പോകും."

മൈമൂനാക്ക് ചിരി അടക്കാനാവുന്നില്ല.
"ഒന്ന് മുണ്ടാണ്ടിരിക്ക്....ഇന്ന് വെള്ള്യാഴ്ചയല്ലെ..അവര് പുറത്ത് കളിച്ചോളും..."
" ഊം ....കണക്കായി...!! എന്നിട്ട് വേണം...ക്രിക്കെറ്റ് മാച്ച് കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവസാന ഓവറില്‍ കറന്റ് പോകുന്ന പോലെ വാതിലില്‍ മുട്ട് കേള്‍ക്കാന്‍....."
മൈമൂന ചിരിച്ച് കൊണ്ട് പിന്നെയും കിച്ചണിലേക്ക്.
നട്ടുച്ചയായിട്ടും സുഖമായുറങ്ങുന്ന മക്കളെ നോക്കി അസൂയപ്പെട്ട് ബാത്ത് റൂമിലേക്ക് നടന്നു.

ഒരു വെള്ളിയാഴ്ച്ച കൂടി പ്രത്യേകിച്ച് സംഭവവികാസങ്ങള്‍ ഒന്നുമില്ലാതെ കടന്നു പോയി. വിഷണ്ണനായി മൈമൂനയുടെ അടക്കിപ്പിടിച്ച ചിരിയും കണ്ട് വീണ്ടും ഡ്യൂട്ടിയ്ക്ക്.


ഓഫീസിലെ തിരക്ക് പിടിച്ച ജോലികള്‍ക്കിടയില്‍ കുറച്ച് നേരത്തേക്ക് എല്ലാം മറന്നു. ലഞ്ച് ബ്രേയ്ക്കിന്റെ സമയത്ത് മൂകനായി ഇരിക്കുന്നത് കണ്ട് ആന്റണിയാണ് ചോദിച്ചത്.
"ഇല്ല്യാസ്.. എന്തു പറ്റി..വളരെ ഗ്ലൂമിയായിട്ട്...? "
കൊച്ചുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ ആന്റണി തന്നെ ഒരു പരിഹാരവും നിര്‍ദ്ധേശിച്ചു.
"കുട്ടികളുടെ സ്കൂള്‍ ടൈമിങ്ങ് എങ്ങനാ..? "
"രണ്ട് പേര്‍ ഏഴ് മണിക്ക് പോകും. ഒരാള്‍ എട്ട് മണിയ്ക്കും..."
"തിരിച്ചു വരവോ...? "
"മൂന്ന് പേരും ഏകദേശം രണ്ടരയ്ക്ക് ശേഷം.."


പിറ്റേന്ന് -
തിരക്കു പിടിച്ച ജോലിക്കിടയിലും ആന്റണിയുടെ ഉപദേശം മാനിച്ച് മാനേജരെ ഒരു വിധം സ്വാധീനിച്ച് രണ്ട് മണിക്കൂര്‍ ലീവെടുത്തു. മക്കളുടെ സ്കൂളില്‍ പാരെന്റ്സ് മീറ്റിങ്ങ് ആണെന്ന് കാരണവും പറഞ്ഞു. എപ്പോഴും ഭൂഷണമല്ലെങ്കിലും തീരെ നിവൃത്തിയില്ലാത്തപ്പോള്‍ ഇങ്ങനെയുമാവാം എന്ന ഒരു മുടന്തന്‍ ന്യായം മനസ്സിലും എഴുതി വെച്ചു.

ടാക്സിയ്ക്ക് അപ് ആന്‍ഡ് ഡൗണ്‍ നാല്പത് ദിര്‍ഹംസ്.

ടാക്സി കയറുന്നതിന് മുമ്പേ മൈമൂനക്ക് ഫോണ്‍ ചെയ്തു. ഉറക്കത്തിലായിരുന്നു അവള്‍. കുട്ടികളെ തായ്യാറാക്കി സ്കൂളിലേക്ക് അയച്ചാല്‍ പിന്നെ ചെറിയൊരു മയക്കം പതിവാണ്.
ഫോണിന്റെ മറുതലയ്ക്കല്‍ നിന്ന് വിഭ്രാന്തിയോടെയുള്ള ചോദ്യം.
"ന്താ..പെട്ടെന്ന്...? "
"ഓ...ഒന്നൂല്ലാ..കുട്ടികളൊന്നുമില്ലല്ലോ...ഒരു ഹണിമൂണ്‍ ഓര്‍മ്മ പുതുക്കാമെന്ന് വെച്ചു..."
"ന്റെ..റബ്ബേ...ങ്ങളെ ഒരു കാര്യം...!" സന്തോഷവും നാണവും കലര്‍ന്ന മറുപടി.

ടാക്സിയിറങ്ങി വീട്ടിലേക്ക് നടന്നു. വില്ലയുടെ മെയിന്‍ ഗേറ്റ് തുറന്നതേയുള്ളൂ...
"അസ്സലാമു അലൈകും...!!" വളരെ സന്തോഷത്തോടെ മൈമൂനയുടെ പുന്നാര അനിയന്‍!! തന്റെ ഒരേയൊരു അളിയന്‍!!
സര്‍വ്വ നാഡിയും തളര്‍ന്ന് നിന്നുപോയി. വായില്‍ നിന്ന് യാന്ത്രികമായി വന്നു മറുപടി.
"വ അലൈകും സലാം......"

മുറിയിലെത്തിയപ്പോള്‍ ചിരിയൊതുക്കി മുഖം ചുവന്ന് നില്‍ക്കുന്നു മൈമൂന.
"ങ്ങള്...വിളിച്ചിട്ട് പത്തു മിനിട്ടെ ആയിക്കാണൂ...ഓന്‍ വന്നു. അബുദാബീല് ച്ചിരി പണീണ്ട്ത്രെ...'"
"എത്ര നാളായി അളിയനെം പെങ്ങളെം കണ്ടിട്ട്.....? ചെറിയൊരു ഗാപ് കിട്ടിയപ്പൊ..ഓടി വന്നതാ..."
"ദുഷ്ടാ..നിന്റെ അളിയസ്നേഹം ഇന്ന് തന്നെ വേണായിരുന്നോ.. " മനസ്സില്‍ അങ്ങനെയാണ് പറഞ്ഞത്.
"അല്ലാ....അളിയനെങ്ങിനെ ഇത്ര കൃത്യായിട്ട് ഇപ്പൊ എത്തി....? മൈമൂന വിളിച്ച് പറഞ്ഞ.."

"ഏയ്...ഇതാണളിയാ മനപ്പൊരുത്തം..."

പുന്നാര അളിയന്റെ കൂടെ പത്തിരിയും ചായയും കഴിച്ച് കഴിഞ്ഞു പോയ ഹണിമൂണിന്റെ പഴയ ഓര്‍മ്മകള്‍ ചികഞ്ഞ് തിരിച്ചു പോന്നു. നാല്പത് ദിര്‍ഹംസ് പോയത് മിച്ചം.


ഒരു വാരാന്ത്യം കൂടി.
യൂട്യൂബില്‍ "റിയല്‍ ഗോസ്റ്റ്" സെര്‍ച്ച് ചെയ്യുന്ന മക്കള്‍. ഇതെല്ലാം നുണയാണെന്നും ക്രിയേറ്റഡ് ആണെന്നും പല തവണ പറഞ്ഞിട്ടും അവര്‍ വളരെ ഉത്സാഹത്തോടെ തന്നെ സെര്‍ച്ച് തുടര്‍ന്നു.
പിറ്റേന്ന് അവധിയായതിനാല്‍ കുട്ടികള്‍ ഇന്റെര്‍നെറ്റിലും ഞങ്ങള്‍ ഏഷ്യാനെറ്റിലും ബിസ്സിയായി. നേരമേറെയായപ്പോള്‍ മക്കളെ നിര്‍ബന്ധിച്ച് ഇന്റെര്‍നെറ്റ് ഓഫ് ചെയ്യിച്ചു. ഞങ്ങളും കിടന്നു.

നേരം വെളുത്തപ്പോള്‍ -
ഇളയ മോള്‍ക്ക് പൊള്ളുന്ന പനി!
പെട്ടെന്നൊരു പനി വല്ലാതെ ഭയപ്പെടുത്തി. ഓഫീസില്‍ വിളിച്ചു പറഞ്ഞു വൈകിയേ വരൂ എന്ന്.
മോളെ ഡൊക്ടറെ കാണിച്ചു. ഇന്ഫപക്ഷ്യന്‍ ഒന്നുമില്ല. പനിയുടെ കാരണവും വ്യക്തമല്ല.
പനി കുറയുകയും കൂടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് പിച്ചും പേയും പറയുന്നുണ്ട്. അവ്യക്തമായ ചില അക്ഷരങ്ങള്‍ ചേര്ത്തു വെച്ചപ്പോള്‍ മോള്‍ പറയുന്നത് "ഗോസ്റ്റ് "എന്നാണെന്ന് മനസ്സിലായി.
" നട്ടപ്പാതിരാക്ക് ഓരോന്നിരുന്ന് കാണും. "

മൈമൂന പറഞ്ഞതനുസരിച്ച് സുന്നി സെന്ററില്‍ ഉണ്ടായിരുന്ന അലവി മുസ്ല്യാരെ വിളിപ്പിച്ച് മന്ത്രിപ്പിച്ചു. മന്ത്രിച്ച് ഊതിയ വെള്ളവും കൊടുത്തു.
പനിയൊന്ന് ശമിച്ചു. മോളുടെ ക്ഷീണവും മാറിത്തുടങ്ങി.
മൈമൂനയുടെ മടിയില്‍ കിടന്ന് അവള്‍ പതുക്കെ പറഞ്ഞു.
"ബാപ്പാ..നമ്മുടെ റൂമിലും ഗോസ്റ്റുണ്ട്....!!!"
മൈമൂന തന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി.
"ഇല്ല മോളെ..ഒക്കെ തോന്നലാ.."
"അല്ലുമ്മാ... ഞാന്‍ കണ്ടതാ..രത്രീല്....... ഞാനേയ്..പെട്ടെന്ന് ഒണര്‍ന്നപ്പോ......ഉമ്മാടേം..ബാപ്പാടേം..കട്ടിന്മേ....പൊതപ്പിങ്ങനെ....പൊന്തീം...താണും....
അത് ഗോസ്റ്റന്ന്യാ....!!!
നിസ്സഹായനായി, മുഖത്ത് അല്‍പം പോലും രക്തമില്ലാതെ ഇരിക്കുന്ന തന്നെ ഇപ്പോള്‍ മൈമൂന നോക്കുന്നത് ചിരിച്ചു കൊണ്ടല്ല. പൂര്‍ണ്ണ ദേഷ്യത്തിലാണ്.

എഷ്യാനെറ്റ് റേഡിയോവില്‍ പാട്ട്പെട്ടി തുടരുകയാണ്.
“ അപ്പോളും പറഞ്ഞില്ലേ..
പോരണ്ടാ..പോരണ്ടാ...ന്ന്......”

Sunday, December 27, 2009

രാവണപുരാണം - ശരിയും തെറ്റും ( കവിത )




രാവണ്‍!
കാലചക്രത്തോടൊപ്പം കറങ്ങുന്ന
കാലാനുസാരിയാം പൗരുഷത്തിന്‍
കറയറ്റ ലക്ഷണം നീ...!!
രാമവദനങ്ങള്‍ക്കുള്ളിലും
മറഞ്ഞിരിയ്ക്കും ധാര്‍ഷ്ട്യം
തലമുറകള്‍ നിന്നിലൊതുങ്ങുന്നതിന്‍
വ്യക്തദൃഷ്ടാന്തങ്ങള്‍..!!

നിന്റെ വഴികളിലെ സുവ്യക്തതകള്‍,
ലക്ഷ്യത്തിലേക്കുള്ള പടയൊരുക്കങ്ങള്‍,
അചഞ്ചലമാം കര്‍മ്മശാസ്ത്രത്തിന്‍
അതുല്യമാം അനുധാവനം..!!

മനം കവര്‍ന്നൊരാര്യപുത്രിയെ
ആരണ്യകമദ്ധ്യേ കണ്ടു മോഹിച്ച്
ലങ്കാപുരിക്കൊപ്പം ചുട്ടെടുത്തൊരു
വംശത്തിന്‍ ശാപഗ്രസ്തന്‍ നീ..!!
അഴകിന്‍ നിറകുടമരികത്ത് വെച്ച്
അനുവാദത്തിനായ് കാത്ത
രാക്ഷസപ്പെരുമ!!!!
വീണ്ടെടുപ്പിനായ് വീര്യം
വാനരപ്പടക്കടിയറവു വെച്ച
ധീരതയുടെ പേരോ ഭവാന്‍..?!!
അസുരമതത്തിന്നാര്‍ജ്ജവം
സ്വയം ശിരസ്സേറ്റിയ ലങ്കേശ്വരാ..
നിനക്കെന്തു വിശേഷണം...??

പ്രണയമെന്നാരും വിളിച്ചില്ല നിന്റെ
പ്രളയമായൊഴുകിയ പ്രേമത്തിനെ.!!
പരദൂഷണം കേട്ട്
പതിവ്രതയാം പത്നിയെ
കാട്ടിലുപേക്ഷിച്ച രാമനോ....?
പ്രണയമര്യാദകള്‍ മാന്യമായ് പാലിച്ച
ലങ്കാപുരിയിലെ രാവണനോ....??

ഇതിഹാസൈതിഹ്യങ്ങളില്‍ നിന്ന്
ചരിത്രത്തിലേക്ക്
തിരുത്തിയെഴുതപ്പെടാത്ത
മഹത്വങ്ങള്‍!!
തിരുത്തിയാലുമില്ലെങ്കിലും
ചരിത്രാതീതമാണ്
മനുഷ്യനില്‍ നിന്ന്
ദൈവത്തിലേക്കുള്ള ദൂരം.

Sunday, December 20, 2009

പ്രണയം മറന്നവരോട്....( കവിത )

പറയാന്‍ മറന്ന വാക്കുകളും
കേള്‍ക്കാന്‍ കൊതിച്ച വാക്കുകളും
മഴച്ചാറലായിറ്റുമ്പോള്‍
തകരകള്‍ പോലെ
ആഴങ്ങളില്‍ നിന്ന്
പ്രണയം മുളയ്ക്കുന്നു.

പ്രണയത്തിന്റെ വഴികളില്‍
പറഞ്ഞ വാക്കുകളത്രയും
കരിയിലകളായ് പറക്കുമ്പോള്‍
പ്രണയം മരിക്കുന്നു.

വെള്ള പുതച്ച
പ്രണയജഢങ്ങളെ
വെണ്ണക്കല്ലിനുള്ളില്‍
സ്മരണഹേതുവാക്കി
പണ്ട് പ്രണയിനികള്‍!!

പെറുക്കിയെടുത്ത
പ്രണയത്തുണ്ടുകള്‍
പായില്‍ പൊതിഞ്ഞ്
പ്രണയത്തെ തുന്നിക്കെട്ടുന്നു
പ്രണയപാളങ്ങളില്‍!

ഒരു ബര്‍ഗറിന്‍ രുചിയ്ക്കൊപ്പം
അലിഞ്ഞു തീര്‍ന്നൊരു
മധുരത്തിനൊപ്പം, വിരല്‍തുമ്പ്-
വരയ്ക്കും വന്യമാം
വാക്കുകള്‍ക്കൊപ്പം
'ഹായില്‍' തുടങ്ങി 'ബൈയില്‍'
ഒതുക്കിക്കെട്ടിയ പ്രണയമാറാപ്പുകള്‍!!

കാഴ്ച മങ്ങിയ കണ്ണടച്ച്
ഉള്‍ക്കണ്ണാലമ്മയെ കണ്ട്
കണ്ണീര് പെയ്യുമച്ഛന്റെ മിഴികളില്‍
അമൂല്യമാം രത്നങ്ങളായി
അനശ്വരമാം പ്രണയം...
അറുപതിലുമാളുന്ന
കാട്ടുതീയായ് പടരുന്ന
പ്രണയം...!!!

Thursday, December 10, 2009

കുശവത്തി (കവിത)സൈനുദ്ധീന്‍ ഖുറൈഷി




പൊട്ടാക്കലങ്ങള്‍ക്കിടയില്‍
പൊട്ടിയ കലമായ്
നെറുകയിലെ സിന്ദൂരം
നാഭിയില്‍ പടര്‍ന്ന്
ചാക്രികക്ഷമത നിലച്ച
കുശമണ്ണുണങ്ങിയ
ചക്രത്തിന്‍ മുന്നില്‍
കല്ലുകളില്ലാ അടുപ്പില്‍
പച്ചവിറക് കത്തിയ്ക്കുന്നു
വിശപ്പിന്റെ തീയുമായ്
കുശവത്തി.

അമ്മയുടെ കരള് മാന്തിക്കുഴച്ച്
കരവിരുതാല്‍ കമ്രരൂപം പടച്ച്
പാല്‍ശുദ്ധിയുള്ള മിഴാവുകളില്‍
പതിര് തിളപ്പിയ്ക്കുന്നു
പാവം കുശവത്തി.

മണ്ണുണ്ട് മനമുണ്ട്
മണ്‍ചെരാതിലിത്തിരിയെണ്ണയില്ല
തൊട്ട് മുടിയില്‍ തേക്കാന്‍.
കയ്യുണ്ട് കലയുണ്ട്
കണ്ണില്ല മണ്‍ രൂപങ്ങള്‍ക്കപ്പുറം
തുരുമ്പെടുക്കും
പുരാവസ്തുക്കള്‍ കാണാന്‍.

കലത്തിനില്ല വില
കലച്ചുമടേന്തിയ മുലകള്‍ക്ക്
വില നല്‍കാമരയ്ക്കോ..
അതിലിരട്ടി വില..!


മണ്ണിന്റെ മണമുണ്ട്
നിറവുമുണ്ടീ കലങ്ങള്‍ക്ക്
ഒരിക്കലല്ലെങ്കിലൊന്നു കൂടി -
യല്ലാതാര്‍ക്കു വേണമിന്നീ-
യടിയിലൊട്ടാത്ത
പാത്രങ്ങളുള്ളപ്പോള്‍!!