Friday, September 4, 2009

വിത്ത് കാള ( കവിത )




സനാഥ ബീജത്തിന്‍

അനാഥ ഭ്രൂണത്തിലേക്കുള്ള

ജനിത്വ പരിണാമങ്ങളില്‍

വിസര്‍ജ്ജ്യനായ

വിത്തുകാള!


വിത്തറിയാതെ

വിതയറിയാതെ

പുല്ല് കിളിര്‍ക്കാത്ത

പുല്‍മേടുകളില്‍

‍പോഷകപ്പുല്ല് തിന്നു

വിത്ത്‌ കൊഴുത്ത

വിത്ത് കാള!


ഒരു തലോടലില്ലാതെ

ഒരു സ്നേഹവായ്പ്പില്ലാതെ

പരശ്ശതമിണ ചേരലുകള്‍..!

സംഭരണക്കുഴലിലേക്ക്

തെറിച്ച് വീഴുന്ന

സ്ഖലന നിര്‍വൃതികളില്‍

ഒരു ചുംബനത്തിന്‍

ദാഹമൊടുങ്ങാത്ത വ്യഥകള്‍..!


നൂറു നൂറു മക്കളെങ്കിലും

ഒന്നിന് പോലുമച്ചനല്ലാത്ത

വിത്ത്കാള!

ഇത്തിരി വട്ടത്തില്‍

ജന്മം നടന്നൊടുങ്ങുന്ന

മക്കളില്ലാത്ത തന്ത!


അച്ഛന്റെ മുതുകില്‍ നിന്ന്

അമ്മയുടെ ഗര്‍ഭത്തിലേക്കും

തായ്‌ ഗര്‍ഭത്തില്‍ നിന്ന്

ഉര്‍വ്വരതകളിലേക്കും

പറിച്ചു നടപ്പെട്ട

വിത്തുകാള!


മൂക്ക് തുളച്ച ലോഹക്കൊളുത്തില്‍

മുതുക് വളച്ച വിത്തു കാള!

പരമ്പര പടരുമ്പോഴും

സ്വയമില്ലാതാവുന്ന

വിത്തുകാള!

5 comments:

  1. ആഴമുണ്ടീ വരികള്‍ക്ക്
    ആശംസകള്‍.

    ReplyDelete
  2. 'അഛണ്റ്റെ മുതുകില്‍ നിന്ന്‌' എന്നു തുടങ്ങുന്ന ഭാഗം ഒഴിവാക്കിയാല്‍ കുറച്ചുകൂടി ഫോക്കസ്‌ നന്നായി കിട്ടും എന്ന്‌ തോന്നുന്നു. ശക്തിയും കൂടും എന്ന്‌ എണ്റ്റെ തോന്നല്‍.

    പുതുമയുണ്ട്‌. ആശംസകള്‍.

    ReplyDelete
  3. Dear Mr. Fazal and THalasseri,
    Thanks a lot for reading.

    ReplyDelete