ഏടുകളിലെ ഉള്ളടക്കങ്ങളെ വായിച്ചെടുക്കാന്‍ ഞാന്‍
അപ്രാപ്തനാണ്. ഒരു പക്ഷെ ഒട്ടു മിക്ക പ്രവാസികളുടെയും അവസ്ഥ അങ്ങനെയാവണം. ചെയ്തു
തീര്‍ത്തതിനെ ഓര്‍ത്തെടുക്കാന്‍ സമയം കിട്ടാത്തത്ര തിരക്കിലാണ് ചെയ്യുവാനുള്ള
കാര്യങ്ങളുടെ അധിനിവേശം.
ഈതറിന്റെ ഗന്ധം..! മരുന്നുകളുടെ ഗന്ധം..!
മരണത്തിന്‍റെ ഗന്ധം...!
മരണത്തിന്‍റെ ഗന്ധം എന്ന് പറയാനാകുമോ..? ദുര്‍ഗന്ധം
എന്നല്ലേ കൂടുതല്‍ ചേര്‍ച്ച. മറിച്ചും ആകാമല്ലോ...? മരണം കാത്തിരിക്കുന്നവന് അത്
സുഗന്ധമല്ലേ നല്‍കുക.
അടുത്ത കട്ടിലില്‍ കിടന്നിരുന്ന ആളെ ഇന്ന്
രാവിലെയാണ് കൊണ്ട് പോയത്. “ദീര്‍ഘ നാളുകള്‍ ആയി കിടപ്പിലായിരുന്നു. ഒരു ദുരിതപര്‍വ്വം
അങ്ങ് അവസാനിച്ചു....” ആശ്വാസത്തിന്റെ നെടുവീര്‍പ്പ് ചേര്‍ന്ന്‍ പാതി മയക്കത്തില്‍
കാതിലെത്തിയ വാക്കുകള്‍ അടുത്ത കട്ടിലില്‍ ഒരു വാര്‍ഡ് സ്ക്രീനിനപ്പുറത്തെ മരണത്തിന്‍റെ
വരവിനെ സ്ഥിരപ്പെടുത്തുകയായിരുന്നു.
ഐ സി യു വില്‍ മൂട്ടകള്‍ ഇല്ല.
ചുളിഞ്ഞ തൊലികളെ വകഞ്ഞു മാറ്റി.. ഏറെ പണിപ്പെട്ട്
വേണം അല്പം ചോര ഊറ്റാന്‍ മൂട്ടകള്‍ക്ക്. അതും രക്തം കിട്ടുമെന്ന ഒരു ഗ്യാരണ്ടിയും
ഇല്ലാതെ. ഐ സി യു വിന് പുറത്താണ് മൂട്ടകള്‍. പുറത്ത് നില്‍ക്കുന്നവരെ അവ നിര്‍ദ്ദയം
കടിച്ച് ചോരയൂറ്റും. അനന്തരം അകത്തുള്ളവന്റെ ആയുസ്സൊടുങ്ങുവാന്‍ നിരന്തര പ്രാര്‍ഥനകള്‍
ഉണ്ടാവും. ദയാവധത്തിന്‍റെ നിയമ സാധ്യതകള്‍ ഇല്ലാതാക്കിയവനെ പ്രാകും.
മൂട്ടകള്‍... സര്‍വ്വത്ര മൂട്ടകള്‍....!!
മൂട്ടകള്‍ മിത്രങ്ങളാണോ ശത്രുക്കളാണോ..എന്ന്
പോലും വിവേചിക്കുവാന്‍ ആവില്ല ചിലപ്പോള്‍.
എത്ര സ്നേഹത്തോടെയാണ് അവ നമ്മോട് ഇടപഴകുന്നത്.
ഒരു പരാതിയുമില്ലാതെ അവ നമുക്കൊപ്പം ജീവിക്കുന്നു. കാമുകിയാണോ ഭാര്യയാണോ
സുഹൃത്താണോ എന്നൊന്നും വേര്‍തിരിച്ചെടുക്കനാവാത്ത അഭേദ്യമായ ഒരു ബന്ധം അവ നമ്മോട് പുലര്‍ത്തുന്നുണ്ട്.
എല്ലാ ഭാര്യമാരുടെയും സ്വകാര്യ അഹങ്കാരമായ ചില പ്രോപാര്‍ട്ടികള്‍ ഉണ്ട് പുരുഷ
ശരീരത്തില്‍. അവയിലൊക്കെ എത്ര സ്വാതന്ത്ര്യത്തോടെയാണ് ഇവ നിസ്സങ്കോചം
വിരാജിക്കുന്നത്. സ്നേഹം കൂടിയിട്ടാണോ കുറഞ്ഞിട്ടാണോ എന്ന് മനസ്സിലാക്കാന്‍
ആവാത്ത, ചില നേരങ്ങളില്‍ കിട്ടുന്ന കടിയാണ് മൂട്ടകളുടെ സാമീപ്യം ദുസ്സഹമായി
തോന്നിപ്പിക്കാറുള്ളത്. എന്തായാലും പ്രവാസത്തിന്‍റെ ഒരു അനിഷേധ്യ കാലയളവിലെ ഒരു
സുപ്രധാന മുഹൂര്‍ത്തത്തില്‍ മൂട്ടകള്‍ എന്‍റെ ജീവിതത്തിലും കടന്നു വന്നു എന്ന്‍
ഞാന്‍ ഇപ്പോള്‍ വ്യക്തമായി ഓര്‍ക്കുന്നു.
മൂട്ടകള്‍ ഇല്ലാത്ത ഒരു ജീവിത വ്യവസ്ഥയില്‍
നിന്നാണ് ഒരു വൈകുന്നേരം പ്രവാസതുരുത്തിലേക്ക് വിമാനം കയറുന്നത്. അല്ലെങ്കില്‍
മൂട്ടകളെ കുറിച്ച് ആഴത്തില്‍ അറിയാത്ത ഒരു പ്രായത്തിലാണ് എന്നും പറയാം.
ആശകള്‍ മുള പൊട്ടി നില്‍ക്കുന്ന മരുഭൂമിയിലെ
വസന്തകാലത്തിലേക്ക്, അപൂര്‍വ്വമായി പെയ്യുന്ന മഴയാല്‍ നനഞ്ഞ് തണുത്ത് കിടക്കുന്ന മാര്‍ച്ച്
മാസത്തിലേക്ക്...ആദ്യമായി വിമാനാമിറങ്ങി. സ്പയിനില്‍ നിന്ന് ഇറക്കുമതി ചെയ്ത
നനുനനുത്ത പുതപ്പിന്റെ മൃദുലതക്കുള്ളില്‍ സുഖമുള്ള ഉറക്കം. അത് വരെയും കിട്ടാത്ത
നിദ്രാസുഖം..!!
സ്വപ്നങ്ങളില്‍ പോലും മൂട്ടകള്‍ ഇല്ലാത്ത കാലം.
അപ്പുറത്തെ മുറികളിലെ വര്‍ഷങ്ങളുടെ പഴക്കമുള്ള പ്രവാസികള്‍ മൂട്ടകളെ കുറിച്ച്
വേദനയോടെയും അമര്ഷത്തോടെയും പറയാറുണ്ട്. ഇതൊക്കെ ഇത്ര വലിയ സംഭവമാണോ എന്ന് ഞാന്‍
ലാഘവത്തോടെ ചിന്തിക്കാറുമുണ്ട്. ഇടക്ക് ചോദിക്കാറുമുണ്ട്. “കുറച്ച്
കഴിയട്ടെ...മോനും ഞങ്ങളോടൊപ്പം കൂടും.” എന്ന്‍ അവര്‍ മറുപടിയും പറയും.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യത്തെ അവധി.
ആദ്യമായി എനിക്ക് മൂട്ടകളുടെ കടി അനുഭവപ്പെടുന്നത് അന്ന് മുതലാണ്.
ആ അവധിക്കാലത്ത് തന്നെ വിവാഹവും കഴിച്ചു.
മൂട്ടകളെ മറന്നു. പുതിയ അനുഭവങ്ങള്‍.. പുതിയ ലോകം....പുതിയ വികാരങ്ങള്‍....പുതിയ
അനുഭൂതികള്‍....!! എല്ലാം പുതിയത്.....!! പുതിയ ജെനുസ്സില്‍ പെട്ട
മൂട്ടകളും....!!!
അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തിയത് കത്തുന്ന
ചൂടിലേക്ക്.
ജോലിയുടെ ക്ഷീണം...., വിരഹ ദുഃഖം.....എല്ലാം ചേര്‍ന്ന്‍
ഉറക്കത്തിനും ഉണര്വ്വിനും ഇടയില്‍...തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍...വ്യക്തമായി
അറിയാന്‍ തുടങ്ങി മൂട്ടകളുടെ സാനിദ്ധ്യം. എത്ര ശ്രമിച്ചിട്ടും ഇല്ലായ്മ ചെയ്യാന്‍
സാധിക്കാത്തത്ര മൂട്ടകള്‍...!! അവ മുട്ടയിട്ട് പെരുകിക്കൊണ്ടെയിരുന്നു. കിടക്കയില്‍
മാത്രമല്ല. ജോലി സ്ഥലത്ത്..., മാര്‍കറ്റില്‍...., പള്ളിയില്‍..,ഇസ്ലാമിക്
സെന്ററില്‍, മലയാളി സമാജത്തില്‍, കേരള സോഷ്യല്‍ സെന്ററില്‍...., എയര്‍ പോര്‍ട്ടില്‍...,
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍...അങ്ങനെയങ്ങനെ എവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ...സന്തത
സഹചാരിയായി... പ്രവാസ ജീവിതത്തിന്‍റെ ഭാഗമായി....മൂട്ടകള്‍ എനിക്കൊപ്പം.
സ്വഭാവത്തില്‍ ഒന്നാണെങ്കിലും വലുപ്പത്തിലും നിറത്തിലും ചില നേരിയ വ്യത്യാസങ്ങള്‍
ഇല്ലാതില്ല.
മതേതരത്വം മുഖമുദ്രയാണ് ഇവറ്റകള്‍ക്ക്. വര്‍ഗ്ഗീയതയും
വ്ഭാഗീയതയും ഇല്ല. കുബേരനെന്നോ കുചേലനെന്നോ ഇല്ല. തികഞ്ഞ സോഷ്യലിസ്റ്റ്.
പക്ഷെ എന്‍റെ കാര്യത്തില്‍ അല്പം വ്യത്യാസമുണ്ട്.
ജന്മനാട്ടില്‍ പുലിയും പ്രവാസ ഭൂമികയില്‍ വിധേയത്വത്തിന്റെ പര്യായവുമായ ഒരു
പ്രവാസി മലയാളിയായ എനിക്ക് ഈ മൂട്ടകളുമായി സമരസപ്പെടാനല്ലാതെ മറ്റൊന്നിനും
ആവില്ലായിരുന്നു. രക്തം ഊറ്റുന്നതിനിടെ അകത്തേക്ക് കുത്തി വെച്ച എന്തോ ചിലത്
ശരീരത്തില്‍ മുഴുവന്‍ വ്യാപിച്ചിരുന്നു. ഒരിക്കലും ഡി-അടിക്റ്റ് ചെയ്യാന്‍ ആവാത്ത
വിധം അത് ഓരോ പ്രവാസിയിലും ഇഴുകി ചേര്‍ന്നിരിക്കുന്നു.
“അമ്മാവോ......നന്നായി ഉറങ്ങിയോ.....? “
നര്‍സിന്റെ ചോദ്യമാണ്. മയക്കം വിട്ടുണര്‍ന്നു.
“ഇന്ന് റൂമിലേക്ക് മാറാം ട്ടോ.... ഇപ്പൊ
ഒന്നൂല്ല്യ....ഒക്കെ നോര്‍മല്‍....”
മൂട്ടകള്‍ ഇല്ലാത്ത ഈ മരണ മുറി അസഹ്യമായിരുന്നു.
പുറത്തെ മൂട്ടകള്‍ക്ക് വലിയ സന്തോഷം ഉണ്ടാവില്ല. ചോര വറ്റിയ ശരീരം മൂട്ടകള്‍ക്ക്
എന്തിന്?
ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു.
“ ഒന്നും ഭയക്കാനില്ല. ഇപ്പൊ എല്ലാം ഓക്കേ ആണ്.
സന്തോഷായില്ലേ....? ഇനി എന്താ വേണ്ടത്....?”
വീല്‍ ചയറിനു പിന്നില്‍ നില്‍ക്കുന്ന പഴയ
മൂട്ടകളുടെ മുഖത്ത് ക്ഷീണമുണ്ട്.
“ ഡോക്ടര്‍ .... എനിക്ക് ചോര വര്‍ദ്ധിക്കാനുള്ള
എന്തെങ്കിലും മരുന്ന് വേണം..., കുറച്ച് കൂടി ആരോഗ്യം ഉണ്ടാക്കണം...., ചുറ്റും
മൂട്ടകള്‍ ഉള്ള പ്രവാസ ലോകത്തേക്ക് ഇനിയും പോകണം....അവിടെ കിടന്ന് മരിക്കണം..!!
ചിരിച്ച് പുറത്ത് തട്ടി ഡോക്ടര്‍ റൌണ്ടിന് പോയി.
ഒട്ടും മയമില്ലാതെ ചോരയില്ലാത്ത ഒരു ശരീരം ഉന്തി മൂട്ടകള്‍ ആശുപത്രിയുടെ
വെളിയിലേക്ക് നടന്നു.