ശക്തമായി മഴ പെയ്യുന്നുണ്ടെങ്കിലും അന്തരീക്ഷം ഇരുണ്ട് തന്നെ ഇരിയ്ക്കുന്നു. നട്ടുച്ചക്കും നിലാവുള്ള രാത്രി പോലെ.
മഴയിലേക്ക് തന്നെ നോക്കി കിടക്കുകയായിരുന്നു രാധിക.
തൊടിയുടെ വടക്കെ മൂലയില്‍ പന്തലിച്ച് നില്‍ക്കുന്ന മുളം കാടുകള്‍ക്ക് മുകളിലൂടെ വിങ്ങിപ്പൊട്ടിയ ഗ്രാമകന്യകയെ പോലെ മഴമേഘങ്ങള്‍. പരിഭവിച്ച് മുഖം കറുപ്പിച്ച് മേഘങ്ങള്‍ക്കുള്ളില്‍ നിഷ്പ്രഭനായി സൂര്യന്‍. മുളംകാടുകളില്‍ കാറ്റ് തട്ടുമ്പോള്‍ എന്തെന്നില്ലാത്ത ഭംഗിയാണ്. തിരമാലകള്‍ പോലെ അവ ഒരു വശത്തേക്ക് ആര്‍ത്തലക്കുന്നു. പിന്നെ അത് പോലെ തിരിച്ച് പോകുന്നു.
അകത്തേക്ക് അടിച്ച് കയറുന്ന ശീതല്‍ മുഖത്തും മാറിലും പതിക്കുമ്പോള്‍ ഒരു തലോടലിന്‍റെ വികാരവായ്പ്പ് ഋതുഭേദങ്ങള്‍ക്ക് പുറകില്‍ നിന്ന് മനസ്സിനെയും തഴുകി കടന്നു പോകുന്നു.
പുറത്തെ മഴയുടെ സംഗീതത്തെ മറികടന്ന്‍ ഗുലാം അലി പാടുന്നു. ആഖിര്‍ ഭൈരവിയുടെ അനിര്‍വചനീയമായ ലയനചാരുതയില്‍ സംഗീതമഴ പെയ്യിക്കുന്നു ഗുലാം അലി.
ഫോണ്‍ ബെല്ലടിച്ചപ്പോള്‍ രാധിക മഴയില്‍ നിന്ന്‍ മുഖം തിരിച്ചു.
പ്രതീക്ഷയോടെ റിസീവറെടുത്തു.
കൊച്ചിയില്‍ നിന്ന് നാത്തൂനാണ്. താത്പര്യമില്ലാതെ അവളുടെ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പറഞ്ഞു. തന്‍റെ അതൃപ്തി അവളും മനസ്സിലാക്കിയെന്ന് തോന്നുന്നു.റിസീവര്‍ വെച്ച് തിരിച്ച് നടക്കുമ്പോള്‍ കാതിനും കരളിനും അമൃത വര്‍ഷമാകുന്ന നിത്യേനയുള്ള തന്‍റെ അനുമോന്‍റെ വിളിയെന്തേ ഇത്ര വൈകി എന്നായിരുന്നു ചിന്ത.
ഒറ്റക്കാണവന്‍......!
ഇവിടെ ആയിരുന്നപ്പോള്‍ ഒരു നിഴല്‍ പോലെ താനുണ്ടായിരുന്നു കൂടെ. അവനും അങ്ങനെ തന്നെ . എന്തിനും ഏതിനും അമ്മ വേണം.
അച്ഛന്‍റെ മുഖമാണവന്. ആകാരവും അത് പോലെ മുറിച്ചു വെച്ചിരിക്കുന്നു.
ഹരിയേട്ടനും സന്തോഷത്തോടെ പറയാറുള്ളതും അത് തന്നെ.
"എന്‍റെ കാല ശേഷവും നിനക്കെന്നെ കാണാം..നമ്മുടെ മകനിലൂടെ..."
അരുതെന്ന്‍ നിറഞ്ഞ കണ്ണുകളോടെ വിലക്കാറുണ്ട്.എങ്കിലും ഉള്ളില്‍ അത് സത്യമാണെന്ന് അംഗീകരിക്കാറുമുണ്ടായിരുന്നു.
അപര്‍ണ്ണയെ ഗര്‍ഭമുള്ളപ്പോള്‍ ഹരിയേട്ടന്‍ മുറി നിറയെ തന്‍റെ എന്‍ലാര്‍ജ് ചെയ്ത ഫോട്ടോകള്‍ കൊണ്ട് നിറച്ചിരുന്നു. മനസ്സ് കൊണ്ട് നിരന്തരം ആഗ്രഹിക്കുന്നതും സദാ വിചാരിക്കുന്നതും കണ്ടു കൊണ്ടിരിക്കുന്നതും ഗര്‍ഭസ്ഥ ശിശുവിനെ സ്വാധീനിക്കും എന്ന്‍ എവിടെയോ വായിച്ചതിന്റെ ഭാഗമായിരുന്നു അത്. ഇനി പിറക്കുന്നത് പെണ്‍കുട്ടി ആവണമെന്നും അവള്‍ക്ക് തന്‍റെ ച്ഛായ ഉണ്ടാവണമെന്നും ഹരിയേട്ടന് നിര്‍ബന്ധമുള്ളത് പോലെ.
എപ്പോഴും തന്നോട് പറയാറുമുണ്ട്, അമേരിക്കയില്‍ സ്വര്‍ണ്ണ നിറമുള്ള സായിപ്പിനും മദാമ്മക്കും ഇരുട്ട് പോലെ കറുത്ത മകനുണ്ടായതും അത് സ്വര്‍ഗ്ഗ തുല്യമായ അവരുടെ ജീവിതത്തിലേക്ക് സംശയത്തിന്‍റെ വിഷവിത്തുകള്‍ പാകിയതും അസ്വാസ്ഥ്യങ്ങള്‍ മൂര്‍ച്ചിച്ച് കേസ് കോടതിയിലെത്തിയതും...,
ഒടുവില്‍ കോടതി നിയമിച്ച അന്വേഷകസംഘം മദാമ്മയുടെ കിടപ്പ്മുറി പരിശോധിച്ചപ്പോള്‍ എപ്പോഴും കാണാന്‍ പാകത്തില്‍ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന - ജനലക്ഷങ്ങളുടെ ഹരമായിരുന്ന പോപ്‌സിങ്ങര്‍ ആയിരുന്ന ഒരു അമേരിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരന്‍റെ ചിത്രം....!! അതും സായിപ്പ് തന്നെ പ്രതിഷ്ടിച്ചത്.
താന്‍ പോലുമറിയാതെ ശാരീരം കൊണ്ടും രൂപം കൊണ്ടും മദാമ്മയിലേക്ക് കുടിയേറിയ ഒരു ദൌര്‍ബല്യം...!!
ഡി എന്‍ എ ടെസ്റ്റിലൂടെയും മാനസികാപഗ്രഥന ശാസ്ത്രത്തിന്റെ സഹായത്തോടെയും സംശയം മാറിയ സായിപ്പ് പക്ഷെ, ആ ചിത്രം അന്ന്‍ തന്നെ അവിടെ നിന്ന് മാറ്റിയെന്ന് പറഞ്ഞ് ചിരിച്ച് കൊണ്ടാണ് ഹരിയേട്ടന്‍ അവസാനിപ്പിച്ചത്.
"നീയും നിന്‍റെ ചിത്രം മനസ്സിലേറ്റുക. എന്‍റെ പോലെ തന്നെ എന്‍റെ മകളും ആവണേ എന്ന്‍ ധ്യാനം പോലെ കരുതുക. നമുക്ക് മകളാകും പിറക്കുക....നിന്‍റെ പോലെ..."
ഹരിയേട്ടന്‍റെ പ്രാര്‍ത്ഥന പോലെ തന്നെ പെണ്‍കുട്ടിയായിരുന്നു. തന്‍റെ പോലെ തന്നെ.
വന്നവരെല്ലാം പറഞ്ഞു.
" അമ്മയെ മുറിച്ച് വെച്ച പോലെ.....ആ നുണക്കുഴി പോലും അപ്പാടെയുണ്ട്. "
ഹരിയേട്ടന്‍റെ സന്തോഷം അവര്‍ണ്ണനീയമായിരുന്നു. അടുത്ത നിന്നിരുന്ന നഴ്സിനെ പോലും മറന്നു കൊണ്ടാണ് തന്‍റെ മുഖത്ത് ചുംബനങ്ങള്‍ കൊണ്ട് നിറച്ചത്.
ഫോണ്‍ ബെല്‍ പിന്നെയും ശബ്ദിച്ചു.
ഓടിച്ചെന്ന്‍ ഫോണെടുത്തപ്പോള്‍ മറുതലക്കല്‍ ഹരിയേട്ടനാണ്.
" അപര്‍ണ്ണ മോള്‍ വിളിച്ചോ..രാധി...?"
" ഇല്ല , അവള്‍ വരാനാവുന്നെയുള്ളൂ...ഹരിയേട്ടാ..."
" ഉം.....! മോന്‍ വിളിച്ചോ.....? "
" ഇല്ല..., " രാധികയുടെ ശബ്ദമിടറി.
" ഹേ....അവന്‍ വിളിച്ചോളും....ജോലിത്തിരക്കായിരിക്കും...."
"ഉം....."
"നമ്മുടെ അതിഥി എന്ത് പറയുന്നു....?"
"ആര്...? " രാധികക്ക് മനസ്സിലായില്ല.
" ഓ...മറന്നോ....? ആ...മഞ്ഞക്കിളി."
" ഓ...ഞാനതങ്ങ്....മറന്നു..., ഉം...ചുമ്മാ ചിണുങ്ങിക്കൊണ്ടിരിക്കുന്നു...,
" ഊം....അതിന്..എന്തെങ്കിലും തീറ്റയിട്ട് കൊടുക്ക്... ഞാന്‍ ഉടനെ വരാം...."
ഒരാഴ്ച മുന്‍പാണ് വഴി തെറ്റി പറന്നു വന്ന മഞ്ഞ നിറമുള്ള ഒരു പക്ഷിയെ കിട്ടിയത്. ഒരു റഷ്യന്‍ ജനുസ്സില്‍ പെട്ടതാണെന്ന് ഹരിയേട്ടന്‍ പറഞ്ഞു. ഇണയില്ലാത്ത ഒരു ആണ്‍പക്ഷി. കിട്ടുമ്പോള്‍ തളര്‍ന്നു പോയിരുന്നു അത്.
ഇപ്പോള്‍ തന്‍റെ എകാന്തതകളിലെ കൂട്ട്.
പുറത്ത് ഉഷ്ണം കൂടിയാല്‍ ഉറക്കെ കരഞ്ഞു കൊണ്ടിരിക്കും. കൂടെടുത്ത് അകത്തേക്ക് വെച്ച് ഫാനിട്ടാല്‍ മിണ്ടാതിരിക്കും. തന്‍റെ ഭാഷ അവനും അവന്‍റെ ഭാഷ തനിക്കും അറിയാം ഇപ്പോള്‍.
ക്ഷീണമെല്ലാം മാറിയപ്പോള്‍ ഒറ്റക്കാണെന്ന പരാതിയാണിപ്പോള്‍ മഞ്ഞക്കിളിക്ക്. അവനൊരു പുതിയ ഇണയെ കണ്ടെത്തണമെന്ന് പല തവണ ഹരിയേട്ടനോട് പറയുകയും ചെയ്തു. ഹരിയേട്ടന്‍റെ തിരക്ക് കാരണം ഇത് വരെ വാങ്ങിയില്ലെന്ന് മാത്രം...
ഹരിയേട്ടനെ കാണുമ്പോള്‍ ഉറക്കെ ഒച്ച വെയ്ക്കുന്ന കിളിയോട് കളിയായ് ഹരിയേട്ടന്‍ പറയാറുണ്ട്.
" എന്‍റെ മോന്‍ വരട്ടെ...നിന്‍റെയും അവന്‍റെയും....കല്ല്യാണം ഒരേ പന്തലില്‍ .....അത് വരെ ..ക്ഷമിയ്ക്ക്....."
മഞ്ഞക്കിളിയുടെ കൂട്ടിലേക്ക് അല്പം ധാന്യം ഇട്ടു കൊടുത്ത് തിരിയുമ്പോള്‍ കൊതിയോടെ , ഗൂഡമായ ലക്ഷ്യത്തോടെ മുഖം തിരിച്ചിരിക്കുന്ന തടിച്ചിപ്പൂച്ച. രാധിക ഒരു നിമിഷം നിന്നു. പിന്നെ ഉച്ചത്തില്‍ പറഞ്ഞു.
" അതേയ്...ഇത് കണ്ടു പനിക്കണ്ട...."
രാധികയുടെ സൂചന മനസ്സിലാക്കിയിട്ടെന്നോണം പൂച്ച തല തിരിച്ചു.
" മുഖം തിരിയ്ക്കണ്ട......നിന്‍റെ ദുര്‍നടപ്പ് ഇത്തിരി കൂടുന്നുണ്ട്.... ആരാന്‍റെ ഗര്‍ഭവും താങ്ങി കിടക്കുന്നത് കണ്ടില്ലേ...? "
ഗര്‍ഭിണിയായ എന്നെ ഇങ്ങനെ കുത്തി നോവിക്കല്ലേ..എന്ന മട്ടില്‍ തടിച്ചിപ്പൂച്ച ഒന്ന് കൂടി നിലത്ത് അമര്‍ന്ന് കിടന്നു.
പുറത്ത് കാറിന്‍റെ ശബ്ദവും അകത്ത് ഫോണ്‍ബെല്ലും.. ഒരുമിച്ചായിരുന്നു. ജനലിലൂടെ നോക്കിയപ്പോള്‍ വന്നത് ഹരിയെട്ടനാണ് എന്ന്‍ മനസ്സിലായി.
രാധിക വേഗം ചെന്ന് ഫോണെടുത്തു.
അപ്പുറത്ത് തന്‍റെ പൊന്നുമോന്‍റെ ശബ്ദം.
" ഹോ...ഈശ്വരാ...നീ...വിളിക്കാനെന്തേ...വൈകിയേ...അനുക്കുട്ടാ....."
" വൈകിയില്ലല്ലോ അമ്മെ..., അമ്മ എന്‍റെ വിളി മാത്രം കാത്തിരിക്കുന്നോണ്ടാ .....വൈകിയെന്ന്‍ തോന്നുന്നേ..."
"പോട്ടെ സാരല്ല്യാ..... , മോന്‍ ഭക്ഷണം കഴിച്ചോ...? ജലദോഷം മാറിയോ....? മരുന്ന്‍ കഴിക്കുന്നില്ലേ...?"
ചോദ്യങ്ങളുടെ ഒരു നിര തന്നെയായിരുന്നു. മറുതലയ്ക്കല്‍ നിര്‍ത്താതെയുള്ള ചിരിയും...
എല്ലാറ്റിനും മറുപടിയായി അനു പറഞ്ഞു.
" എന്‍റെ പൊന്നമ്മയ്ക്ക് ഒരു ചക്കരയുമ്മ...."
ചോദ്യങ്ങള്‍ നിര്‍ത്തി രാധിക കരയാന്‍ തുടങ്ങുകയാണ്. അത് മനസ്സിലാക്കിയ ഹരി ഇടപെട്ടു.
"രാധി...എനിക്ക് താ..., ഞാനൊന്ന് സംസാരിക്കട്ടെ...നീ പോയി ഒരു ചായ കൊണ്ട് വാ...."
രാധിക മനമില്ലാ മനസ്സോടെ റിസീവര്‍ ഹരിക്ക് നല്‍കി അകത്തേക്ക് പോയി.
ഹരി റിസീവര്‍ പിടിച്ച് മൂകനായി നിന്നു. നിറഞ്ഞ കണ്ണുകളോടെ റിസീവര്‍ ക്രാഡിലില്‍ വെച്ച് സോഫയിലിരുന്നു.
ചായയുമായി വന്ന രാധിക ചോദിച്ചു.
" എന്ത് പറ്റി...? സംസാരിച്ചില്ലേ...മോനോട്..? "
" ഇല്ല. കട്ടായി.....പിന്നെ വിളിക്കുമായിരിക്കും...."
"ഹരിയേട്ടാ... അപര്‍ണ്ണ എത്തിയില്ലല്ലോ...? സാധാരണ വരേണ്ട സമയം കഴിഞ്ഞു.!!! "
ഒരു പുഞ്ചിരിയോടെ ഹരി പറഞ്ഞു.
"നീയിവിടെ ഇരിയ്ക്ക്.......മോള്‍ എനിക്ക് വിളിച്ചിരുന്നു...ഒരു മണിക്കൂര്‍ വൈകുമെന്ന്‍ പറഞ്ഞു...."
" ഉം ...എന്നിട്ട് ഹരിയേട്ടന്‍ സമ്മതിച്ചു....? !! അതേയ്...പെണ്‍കുട്ട്യാ.... സമയത്തിനു വീട്ടിലെത്താത്ത ഒരു പഠിപ്പും വേണ്ടാ..."
" അതല്ലാ രാധി..., അവള്‍ക്കിന്ന്‍ ഡാന്‍സ് പ്രാക്ടീസ് ഉണ്ട്...ഇപ്പൊ തന്നെ നാല്പത് മിനുറ്റ് കഴിഞ്ഞു....അര മണിക്കൂറിനുള്ളില്‍ അവളിങ്ങെത്തും..."
ആ മറുപടിയില്‍ സംതൃപ്തയല്ലാത്ത രാധിക മെല്ലെ ഗേറ്റിനടുത്തെക്ക് നീങ്ങി. ഹരി മനസ്സില്‍ ചിരിച്ചു. ഇവള്‍ക്കിനി അപര്‍ണ്ണ വീട്ടിലെത്തിയാലല്ലാതെ സമാധാനമുണ്ടാകില്ല.
മഴ പിന്നെയും കനത്തു.നല്ല ഇടിയും മിന്നലുമുണ്ട്.
പെട്ടെന്ന് അത്യുഗ്രമായ ഒരു ഇടിമുഴക്കത്തില്‍ രാധിക കുഴഞ്ഞുവീണു. മിന്നല്‍പിണര്‍ കണ്ണുകളെ അഞ്ചിപ്പിക്കുന്നതായിരുന്നു.
മെല്ലെ മെല്ലെ താന്‍ ഇരുട്ടിനെ പുണരുന്നത് രാധിക അറിഞ്ഞു.
ഇരുട്ടില്‍ മേഘ ശകലങ്ങല്‍ക്കിടയിലൂടെ .......നക്ഷത്ര ജാലങ്ങള്‍ക്കിടയിലൂടെ......രാധിക ഒഴുകിയൊഴുകി....അങ്ങനെ...അങ്ങനെ....
ഓപ്പറേഷന്‍ തിയേറ്ററിനു മുന്നില്‍ ഹരി അക്ഷമനായി കാത്തിരുന്നു.
തന്‍റെ കയ്യിലിരിക്കുന്ന ഫെര്‍റ്റിലിറ്റി ടെസ്റ്റിന്റെ റിസല്‍ട്ടിലൂടെ അയാള്‍ നിസ്സംഗതയോടെ കണ്ണുകള്‍ ഓടിച്ചു. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ഒരു പ്രാര്‍ത്ഥന പോലെ ചെയ്തു വന്ന ചികിത്സക്ക് ഫലം ഉണ്ടായിരിക്കുന്നു. പാവം ഈ കാലമത്രയും ഉള്ളിലെ ദുഃഖം തന്‍റെ മുന്നില്‍ കാണിക്കാതെ പ്രാര്‍ഥനയും വഴിപാടുമായി.....
മെഡിക്കല്‍ സയന്‍സിലെ അതിനൂതനമായ സാധ്യതകള്‍ ഉപയോഗിച്ച് രാധികയ്ക്ക് ഗര്‍ഭം ധരിക്കാമെന്നും നമ്മള്‍ മൂന്നു പേരല്ലാതെ നാലാമതൊരാള്‍ അറിയില്ലെന്നും ഡോക്ടര്‍ പറയുമ്പോള്‍ നിസ്സഹായനായി തല കുനിച്ചിരിക്കുന്ന തന്‍റെ കൈ പിടിച്ച് രാധികയാണ് പറഞ്ഞത്....
" വേണ്ട ഡോക്ടര്‍ .....ഞങ്ങള്‍ക്ക് ഞങ്ങളുടെ ചോരയില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ മതി. ദൈവം ഞങ്ങളെ കൈവിടില്ല...."
സ്പേം കൌണ്ട് അറുപത് മില്യണ്‍ സി സി യും അതില്‍ ആക്ടീവ് മോട്ടയില്‍ നാല്പത് മില്ല്യന്‍ സി സി യുമുള്ള ഏറെ സന്തോഷം പകരുന്ന ഒരു റിസല്‍ട്ടാണ് തന്‍റെ കയ്യില്‍ ഇരിക്കുന്നത് എന്ന തിരിച്ചറിവ് അയാളെ കൂടുതല്‍ ദുഖത്തിലാഴ്ത്തി. ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലെ വയിസ്റ്റ് ബിന്നില്‍ ഹരി ആ റിസല്‍റ്റ് ചീന്തിയിട്ടു.
പറന്നെത്തുന്ന കിളികളെയും പെറ്റ് കൂട്ടുന്ന പൂച്ചക്കുട്ടികളെയും താലോലിച്ചും അവയോട് കളി പറഞ്ഞും ശകാരിച്ചും പിണങ്ങിയും കാലം കഴിക്കുമ്പോഴും പ്രതീക്ഷയുടെ ഒരു വെളിച്ചം രാധികയുടെ കണ്ണുകളില്‍ തനിക്ക് കാണാമായിരുന്നു. പരസ്പരം താലോലിക്കാന്‍ നമുക്ക് നമ്മളുണ്ടെന്നു പറയുമ്പോള്‍ ഉള്ളില്‍ ഘനീഭവിച്ച ദുഖത്തിന്‍റെ നനവ് വാക്കുകളില്‍ ഉണ്ടായിരുന്നു.
ആര്‍ത്തവ ക്രമങ്ങളില്‍ ഉണ്ടായ മാറ്റവും ഇടക്കിടെ അനുഭവപ്പെടുന്ന അസഹ്യമായ വേദനയും നിയന്ത്രണാധീതമായപ്പോള്‍ തന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഡോക്ടറെ കണ്ടത്. ഗര്‍ഭ പാത്രത്തില്‍ വളര്‍ന്ന മുഴകള്‍ നീക്കം ചെയ്യുന്നതിന് സാധ്യതയില്ലെന്നും ഗര്‍ഭപാത്രം തന്നെ നീക്കം ചെയ്യണമെന്നും ഡോക്ടര്‍ കര്‍ശനമായി പറഞ്ഞപ്പോള്‍ തകര്‍ന്നത് രാധികയുടെ മനസ്സ് തന്നെയായിരുന്നു. ആ ഷോക്കില്‍ നിന്ന് മുക്തയാവാനുള്ള താമസം മാത്രമാണ് ഓപ്പറേഷന്‍ ഇത്രയും വൈകിച്ചത്.
ഈതറിന്‍ മണമുള്ള ഓപ്പറേഷന്‍ തിയേറ്ററിന്റെ മുന്നിലെ ബെഞ്ചില്‍ രാധികയെ സമാധാനിപ്പിക്കാനുള്ള വാക്കുകള്‍ തിരഞ്ഞ് ഹരി ഇരുന്നു.
വെളിച്ചത്തിന്‍റെ സുതാര്യതയില്‍ നിന്ന് ഇരുട്ടിലേക്കും വീണ്ടും വെളിച്ചത്തിലേക്കും മാറി മാറി സഞ്ചരിച്ച് രാധിക ഉണരുമ്പോള്‍ ആകാശ നീലിമയുടെ നിറമുള്ള ആശുപത്രി വസ്ത്രം ധരിച്ച് സ്ട്രെച്ചറില്‍ ആയിരുന്നു.
ഒരു മയക്കത്തിനും ഉണര്‍വ്വിനും ഇടക്ക് തന്‍റെ അനുമോനും അപര്‍ണയും തുള്ളിക്കളിക്കേണ്ട ഗര്‍ഭപാത്രം പിഴുതെറിയപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ നിന്ന് കണ്ണുകളിലൂടെ ..പുറത്തേക്ക് ..ഒഴുകി.
ധാരധാരയായി ഒഴുകുന്ന രാധികയുടെ കണ്ണീര്‍ തുടച്ച് , സ്വയം നിയന്ത്രിച്ച് ഹരി സ്ട്രെച്ചരിനൊപ്പം അനുഗമിച്ചു.
നല്ല വായനാസുഖം തരുന്ന എഴുത്ത് തുടരുക.
ReplyDelete