Thursday, August 5, 2010

കൊലച്ചോറ്...!! (കവിത)

വരുന്നില്ലെ...?
ഒരു കൊലച്ചോറുണ്ട്.
തൊട്ട് നക്കാന്‍ ഇലത്തലക്കല്‍
ചോരമണമുള്ള ചമ്മന്തിയും..!!

പരാതിപ്പെട്ടപ്പോള്‍
പതിരും കതിരും ചേറി
പണ്ടം കലക്കി
കൊന്നതാണൊരുത്തനെ.


മാറോടണച്ച പുസ്തകങ്ങളിലെ
മാനം കാണാ മയില്‍പീലിയും
മരിച്ച സ്വപ്നങ്ങളും കൂട്ടി
മട്ടുപ്പാവില്‍ നിന്ന്
ചാടിച്ചത്തതാണൊരുത്തി..!


ബ്യൂറൊക്രസിയും പൊട്ടിച്ചിരികളും
തലച്ചോറും ചേര്‍ത്തരച്ച
തൊട്ട്കറികളുമുണ്ടവിടെ.


വയാഗ്ര വിഴുങ്ങി വിശപ്പേറിയവന്‍റെ
ബീജഭാരം താങ്ങാനരുതാതെ
ചോര വാര്‍ന്ന് ചത്തതാണൊരുത്തി..!


കൃഷിയിറക്കാന്‍ കടമെടുത്ത്
കടമൊടുക്കാന്‍ നിലം കൊടുത്ത്
കിടപ്പറയിലപരന്‍റെ വിളവ് കണ്ട്
കരള് പൊട്ടി,യുത്തരത്തില്‍ കെട്ടി-
തൂങ്ങിച്ചത്തതാണൊരുത്തന്‍...!!


വിദ്യാലയത്തില്‍ പോയ മകള്‍
വിവസ്ത്രയാം വിപണനോത്പന്നമായ്
വിശ്വവിരാജിതയായ്
സ്വയമൊടുങ്ങിയപ്പോള്‍
വിഷം കഴിച്ച് ചത്ത
അച്ഛനാണൊരുത്തന്‍.!!


ചട്ടം തെറ്റിച്ച ജലനൌകകള്‍
ജലധികളില്‍ മുക്കിക്കൊന്ന
ചട്ടമറിയാ പൈതങ്ങളുടെ
മൂപ്പെത്താത്തിറച്ചിയുമുണ്ട് പന്തിയില്‍.


രാഷ്ട്രീയ കലാശാലകള്‍
കൽപ്പിച്ച് നല്‍കിയ ബിരുദങ്ങളറുത്ത
യുവതയുടെ തലക്കറിയുണ്ട് കൂട്ടാന്‍.

നിരാലംബരാമമ്മമാരുടെ
മുലപ്പാലും കണ്ണീരുപ്പും കലര്‍ന്ന
പാല്‍ പായസവുമുണ്ട് കുടിയ്ക്കാന്‍.


ഖദറോ...വടിവൊത്ത
ശുഭ്ര വസ്ത്രങ്ങളോ ധരിയ്ക്കൂ..
കൈ കരുത്തിനടയാളമുള്ള
ത്രിവര്‍ണ്ണ പതാകയും,
കൊയ്ത്തരിവാള്‍ വിരചിച്ച
ചെമ്പട്ട് കൊടിയുമെടുക്കൂ...

അഹിംസയുടെ കുങ്കുമത്തില്‍
പങ്കത്താല്‍ പത്മം കറുപ്പിച്ച
ഫാസിസത്തിന്‍ കാവിയെടുക്കൂ..

പിഴിഞ്ഞാല്‍ രക്തനിറമിറ്റുന്ന
പച്ചിലച്ചേലുള്ള കൊടിയെടുക്കൂ..
ഒരു കൊലച്ചോറുണ്ട്....!!!

2 comments:

  1. ശക്തമാണീ വരികൾ..
    വാക്കുകൾക്ക് വാളിന്റെ മൂർച്ച..

    ഓ.ടോ
    ആരും ശ്രദ്ധിയ്ക്കാതെ പോകുന്നതെന്ത് കൊണ്ടാണെന്ന് മനസിലാവുന്നില്ല!

    ReplyDelete