ആഘോഷങ്ങളാലേറ്റിയ കൊടിക്കീഴില്‍
ആത്മശാന്തി ലഭിക്കാത്ത പ്രേതങ്ങളുണ്ട്.
മുഷ്ടി ചുരുട്ടാന്‍ ചവിട്ടി നില്‍ക്കുന്ന മണ്ണില്‍
മണ്ണ് തിന്നവരുടെ നിലവിളികളുണ്ട്.
ചൊല്‍ക്കാഴ്ചകള്‍ ധിഷണയെ മറച്ചപ്പോള്‍
ചൊല്ലുവിളിയില്ലാത്തവനെന്നമ്മ കരഞ്ഞപ്പോള്‍
മുഷിഞ്ഞ കവിളിലപക്വമൊരു നുള്ളലാല്‍
മറന്ന് വെച്ചതൊരിറ്റ് മുലപ്പാലിന്‍ കടം.
പടനയിച്ചവര്‍ കബന്ധങ്ങളെണ്ണുന്നു
പ്രിയപ്പെട്ടവരുടെ മുഖമാര് തിരയുന്നു..?
പിന്‍വിളിയാല്‍ വഴി നോക്കി നിന്നവര്‍
പിന്നെയും വിശപ്പിലേക്ക് മടങ്ങുന്നു.
സ്തൂപങ്ങളില്‍ തളച്ചിട്ട യൌവ്വനങ്ങള്‍
കരുവുറപ്പിച്ച കൌമാരകുരുതികള്‍.
ജീവസാക്ഷികള്‍ക്ക് പ്രജനനോപാധിയായ്
രക്തസാക്ഷികള്‍ സിന്ദാബാദ്..!! മകനേ-
ആ കൊടിത്തുണിയെങ്കിലും തരിക
നാണം മറക്കാനത്രയും മതിയാവും.
പുകയൂതിത്തുപ്പിയ ബീഡിക്കുറ്റികളിലൊരു-
വടയുടെയെങ്കിലും കൊതിയുള്ള മണമുണ്ട്.
പൊരുന്നിയ പിടക്കോഴിയൊന്ന് മണ്ടകത്തില്‍
പൊരുതാനങ്കച്ചിറകുമായ് പൂവന്മാര്‍ പുറത്ത്.
നാട്ടുവിളക്ക് നാട്ടുവാന്‍ തീ പടര്‍ത്തുമ്പോള്‍
ഇരുട്ടിനാല്‍ നാണം മറച്ചത് വിശന്നിട്ടത്രേ..!!
കുഴിമാടങ്ങളില്‍ നിന്നുയിര്‍ത്തെഴുന്നേല്‍ക്കുക
ചിതല്‍ തിന്ന് തീരാത്ത ചിന്തയുമായ്,
ശകടശലാകക്ഷതങ്ങളാല്‍ മാഞ്ഞൊരാ-
ശോണാലേഖന വിപ്ലവചീന്തുകളെടുക്കുക,
പച്ചക്ക് കത്തിച്ച കിനാക്കളൊരുക്കൂട്ടി
പ്രജാപതികളുടെയറുത്ത തലയോടൊപ്പം
രക്തസാക്ഷിമണ്ഡപങ്ങളില്‍ കാഴ്ച വെക്കുക.
നിഷേധത്താല്‍ പുറകിലുപേക്ഷിച്ച പിന്‍വിളിക്കും
പിന്നിലെ നിലയ്ക്കാത്ത തേങ്ങലുകള്‍ക്കും
ഒടുവിലെ പിടച്ചിലില്‍ തെറിച്ച മുലപ്പാലിനും
പകരമാവട്ടെയീ തിരുമുല്‍ക്കാഴ്ച…..!!!
കൊടിയിറങ്ങുന്നുവോ…?
ബലിരക്തം കുതിര്‍ത്ത മണ്ണില്‍
കൊടിമരം തന്നെ ആണ്ടിറങ്ങുന്നുവോ…??!!!
പറയാതെ പറയുന്നതിനാണോ മധുരമേറുക?
ReplyDeleteമുല്ലയ്ക്കും നികുവിനും നന്ദി. ഇത് വഴി വന്നതിന്.
ReplyDeleteമകനേ-
ReplyDeleteആ കൊടിത്തുണിയെങ്കിലും തരിക
നാണം മറക്കാനത്രയും മതിയാവും.
കവിത നന്നായിരിക്കുന്നു.
അര്‍ഥ പൂര്‍ണമാണ് സൈനുക്ക ഈ വരികളും ആശംസകള്‍.
ReplyDeleteകൊടിയിറങ്ങുന്നുവോ…?
ReplyDeleteബലിരക്തം കുതിര്‍ത്ത മണ്ണില്‍
കൊടിമരം തന്നെ ആണ്ടിറങ്ങുന്നുവോ…??!!!
ഇക്കാ...!!!