
കദളിവാഴക്കയ്യില്‍ നിന്ന്
കടല്‍ താണ്ടി വന്നതത്രെ കാക്കകള്‍.
കാക്കകള്‍ ദേശാടനക്കാരല്ലെന്ന് ചിലര്‍!
അതിജീവനത്തിന്‍ കാറ്റില്‍ പെട്ട്
ദൂരമറിയാതെ കടല്‍ കടന്നവയെന്ന്
കാക്കകളുടെ ചരിത്രം പഠിച്ചവര്‍..!
കൊത്തിപ്പെറുക്കാനും തട്ടിപ്പറിക്കാനും
വെയില്‍ മാത്രമുള്ള മരുഭൂവില്‍
കാലം ചെയ്യുകയാണധികവും...!
വിഴുപ്പ് തിന്നുന്നവയെന്ന് മുദ്രണം ചെയ്തവര്‍
വിളിച്ചിട്ടില്ലൊരിക്കലുമൊരു പിടി-
വിരുന്നുണ്ണുവാന്‍, ബലിച്ചോറിനല്ലാതെ..!
ചത്ത് മലച്ചവന്‍റെ
ചങ്ക് കൊത്തിപ്പറിക്കുന്നവയ്ക്ക്
ചാവുകാരുടെ ബലിയൌദാര്യം..!!
ഹൃദയമില്ലാത്തവന് ആത്മശാന്തിക്കായ്
ചാമയും എള്ളും ചേര്‍ത്ത ചൊറുരുള..!!
രണ്ടേരണ്ട് വറ്റ് ജീവനുള്ളപ്പോളേകുകില്‍
ആത്മശാന്തിക്കെന്തിന് ബലിച്ചോറ്...???
മരുഭൂമിയില്‍ കാക്കകള്‍
ആയുസ്സൊടുങ്ങി മരിക്കുന്നില്ല!
കറുത്തതെല്ലാം നരച്ച്
പക്ഷങ്ങള്‍ കരിഞ്ഞ്
തളര്‍ന്നൊടുങ്ങുകയാണ് പതിവ്.
പേരുകള്‍, ജാതികള്‍ പലതായാലും
നിറവും കരച്ചിലിനൊച്ചയുമൊന്നാണ്.
വഴി ചോദിച്ചും വഴി തെറ്റിയും
വന്നവരുമുണ്ട് കൂട്ടത്തില്‍.
തിരിച്ച് പറക്കാന്‍ ചിറകുകളില്ലാത്തവയും
കാറ്റിനൊത്ത് പറന്ന് തളര്‍ന്ന് വീഴുന്നവയും..!!
മുന മുറിഞ്ഞ കൊക്കുമായ് തിരിച്ചെത്തി
അശാന്തിയുടെ മരക്കൊമ്പിലിരിക്കണമിനിയും
നിത്യശാന്തിയുടെ കൈയ്യടിയൊച്ച കാതോര്‍ത്തും
താന്‍ താനല്ലെങ്കില്‍ ആരെങ്കിലും
ചത്തെങ്കിലെന്ന ഒടുക്കത്തെ പ്രാക്കുമായ്...!!!!
കവിത അറിയില്ല,,
ReplyDeleteഎന്നാലും വായിച്ചു..
: )
കൊള്ളാം! ഇഷ്ടപ്പെട്ടു.
ReplyDeleteപുതുവത്സരാശംസകൾ
മരുഭൂമിയില്‍ കാക്കകള്‍
ReplyDeleteആയുസ്സൊടുങ്ങി മരിക്കുന്നില്ല!
നമ്മളോ???
മരുഭൂമിയില്‍ കാക്കകള്‍
ReplyDeleteആയുസ്സൊടുങ്ങി മരിക്കുന്നില്ല!
നമ്മളോ???
മലബാറിലെ 'കാക' മാരെ കുറിച്ചാണെന്ന് തോന്നുന്നു ...................... എന്തായാലും നന്നായിരിക്കുന്നു
ReplyDelete