മാനം കറുക്കുന്നതും കിളികള്‍ കൂടണയാന്‍ തുടങ്ങുന്നതും അയാള്‍ കാണുന്നുണ്ടായിരുന്നില്ല. റോസ് വില്ലയുടെ ജന്നലുകള്‍ക്കിടയിലൂടെ വലിഞ്ഞ് കയറിയ മുല്ലവള്ളികളിലെ വിരിയാന്‍ പാകമായ മൊട്ടുകളും അയാള്‍ കാണുന്നുണ്ടായിരുന്നില്ല. മഴയുടെ ആരംഭമെന്നോണം പതുക്കെ വീശിയ കാറ്റ് ഇലകളില്‍ തട്ടി മര്‍മ്മരം പുറപ്പെടുവിച്ചു. അവക്കിടയില്‍ അകത്ത് നിന്ന് ഉയര്‍ന്ന് വന്നിരുന്ന തേങ്ങലിന്‍റെ സ്വരവും അയാള്‍ കേള്‍ക്കാതായി. റോസ് വില്ലയില്‍ ഏറെ ശബ്ദമുഖരിതമാകേണ്ടിയിരുന്ന ഒരു പകല്‍ തീര്‍ത്തും മൌനത്തിലമര്‍ന്നിരിക്കുന്നു.
ദീനമായ് കരഞ്ഞുകൊണ്ട് കടന്നു വന്ന ഒരു തണുത്ത കാറ്റിന്‍റെ സാന്ത്വനത്തില്‍ അയാള്‍ എപ്പോഴൊ മയങ്ങി.
ജന്നലഴികള്‍ക്കുള്ളിലൂടെ ഉള്ളിലേക്കടിച്ചു കൊണ്ടിരുന്ന ശീതല്‍ ഭാഗികമായി അയാളുടെ മുഖത്തും പതിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ മെല്ലെ ഉണര്‍ന്നു.
പുറത്ത് തിമര്‍ത്ത് പെയ്യുന്ന മഴയായിരുന്നു.
പച്ചയും നീലയും ചുവപ്പും കടലാസ് റിബണുകള്‍ക്കിടയില്‍ ഓക്സിജന്‍ നഷ്ടപ്പെട്ട ബലൂണുകള്‍ നോക്കി സോണിമോള്‍ അസന്തുഷ്ടയാകുന്നത് അയാള്‍ നിര്‍വ്വികാരതയോടെ നോക്കിയിരുന്നു.
പാതി തുറന്ന് കിടന്നിരുന്ന കിടപ്പ്മുറിയുടെ വാതിലിന്നിടയിലൂടെ അയാള്‍ എത്തിവലിഞ്ഞു നോക്കി. പാവം!! തലയണയില്‍ മുഖമമര്‍ത്തി അതേ കിടപ്പാണ്. അല്ലെങ്കിലും അവള്‍ അങ്ങനെയാണ്. ചെറിയൊരു കാര്യം മതി കരയാന്‍. കരയുന്ന കാര്യത്തില്‍ താനും മോശക്കാരനല്ലല്ലോ…!
കവിളില്‍ ഉണങ്ങിപ്പിടിച്ചിരുന്ന കണ്ണീര്‍പ്പാടുകള്‍ കഴുകി കളഞ്ഞ് വീണ്ടും കസേരയില്‍ ചാഞ്ഞ് കിടന്നു.
മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. ചെറിയ തോതില്‍ ഇടി വെട്ടുന്നുണ്ട്.
അയാള്‍ മഴത്തുള്ളികളെ നോക്കുകയായിരുന്നു. നിയോണ്‍ ബള്‍ബുകളുടെ പ്രകാശത്തില്‍ അവയ്ക്ക് കൂടുതല്‍ ഭംഗിയുള്ളതായി തോന്നി. പുറത്ത് ഗേറ്റ് കരയുന്നതും ആരൊ നടന്നടുക്കുന്നതിന്‍റെ പാദപതനവും അവ്യക്തമെന്നോണം അയാള്‍ കേട്ടു.
ശീലക്കുട മടക്കി ഇറയത്ത് വെച്ച് സച്ചിദാനന്ദന്‍ വരാന്തയിലേക്ക് കയറി.
“മഴ ഒന്ന് കുറയാന്‍ കാത്തു.. കുറഞ്ഞെന്ന് കരുതി ഇറങ്ങിയതാ… ദാ പിന്നെം കനത്തു.”
പതിവിന് വിപരീതമായി ആരുടെയും പ്രതികരണമില്ലാതെ വന്നപ്പോള്‍ അയാള്‍ ജിജ്ഞാസുവായി.
അകത്തെ മുറിയില്‍ ടേബിള്‍ ലാമ്പിന് കീഴെ നിവര്‍ത്തി വെച്ച ചിത്രപുസ്തകത്തില്‍ തല ചായ്ച്ച് സോണിമോള്‍ ഉറങ്ങുന്നു.
വരാന്തയില്‍ തൂണിന്‍റെ മറവില്‍ നിന്ന് നേര്‍ത്ത ഒരു സ്വരം.
“ സച്ചീ….”
“ ആ..ഹാ.. നീ യിവിടെ ഇരിക്ക്യാണോ….? ഇന്നെന്താ…പുതിയൊരു സറ്റൈല്‍…?“
അതിനയാള്‍ മറുപടി പറഞ്ഞില്ല. സച്ചിദാനന്ദന്‍ കസേര വലിച്ചിട്ട് അയാള്‍ക്കടുത്തിരുന്നു. “ എന്ത് പറ്റി….സാലി….?“
ശക്തിയായ മിന്നല്‍.അതിന്‍റെ വെളിച്ചത്തില്‍ സാലി ഇസ്മായിലിന്‍റെ കരഞ്ഞ് കലങ്ങിയ കണ്ണുകളും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര്‍പ്പാടുകളും..!!
അകലെയെവിടെയോ നിന്ന് ഒഴുകിയെത്തുന്ന വെടിമരുന്നിന്‍റെ ഗന്ധം..! ഇടിമിന്നലേറ്റ് തല കരിഞ്ഞ തെങ്ങിന്‍റെ മണം..!! ആ മിന്നല്‍ എവിടെയൊ ഏറ്റിരിക്കുന്നു..!!!
“എന്തേ… സാലി..? എന്ത് പറ്റി….?”
സാലി ഇസ്മായിലിന്‍റെ കണ്ണുകള്‍ ജനല്‍തിണ്ടിലേക്ക് തിരിയുന്നതും മഴത്തുള്ളികളുടെ തലോടലില്‍ വിലാസം വികൃതമായ ഒരു ഇല്ലെന്‍റില്‍ അവ തങ്ങി നില്‍ക്കുന്നതും സച്ചിദാനന്ദന്‍ കണ്ടു.
അയാള്‍ മെല്ലെ അതെടുത്തു. ശീതല്‍ ഏറ്റ് മഷി പടര്‍ന്ന അക്ഷരങ്ങളിലൂടെ അയാളുടെ കണ്ണുകള്‍ പരതി നടന്നു. വായനയുടെ അന്ത്യത്തില്‍ അയാള്‍ നിശ്ശബ്ദനാവുകയും റോസ് വില്ലയുടെ വരാന്തയില്‍ ചേതന നഷ്ടപ്പെട്ട മറ്റൊരു സാലി ഇസ്മായിലായി അയാള്‍ രൂപാന്തരപ്പെടുകയും ചെയ്തു.
നീണ്ടു നിന്ന മൌനം അസഹ്യമായപ്പോള്‍ സച്ചിദാനന്ദന്‍ തന്നെ തുടങ്ങി.
“ സലീനാ….? “
“അകത്ത് കിടക്കുന്നു…..”
“ ഈ വിവരം…..? “
“ അറിഞ്ഞു..”
പിന്നെയും മൌനം. ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ചിരുന്ന അവരുടെ മനസ്സുകള്‍ ഇരുവഴികളായി പിരിഞ്ഞു. പിന്നെ പല കൈവഴികളായി.
“ മഴയ്ക്ക് അലപം കുറവുണ്ട്…., നമുക്കൊന്ന് പുറത്തിറങ്ങാം….”
“വേണ്ട സച്ചീ…”
സച്ചിദാനന്ദന്‍റെ നിര്‍ബന്ധം അധികമായപ്പോള്‍ അയാള്‍ നിശ്ശബ്ദനായി പടികളിറങ്ങി. ഗേറ്റ് വീണ്ടും കരഞ്ഞു.
റോഡിനിരുവശവും ഓടകള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. സ്റ്റ്രീറ്റ് ലൈറ്റിന്‍റെ അരണ്ട വെളിച്ചത്തില്‍ സച്ചിദാനന്ദന്‍റെ പുറകില്‍ ഒരു നിഴല്‍ പോലെ അയാള്‍ അനുഗമിച്ചു.
“ പെന്‍ഷ്യന്‍ കുടിശ്ശിക വാങ്ങാന്‍ വന്ന രാഖവന്‍ മാഷ് പറഞ്ഞ്….ഞാന്‍ ഇന്നലെ തന്നെ വിവരമറിഞ്ഞിരുന്നു. …”
സച്ചിദാനന്ദന്‍ സന്ദേഹത്തോടെയാണ് അത് പറഞ്ഞത്.
ചളിയും മഴവെള്ളവും കുത്തിക്കലര്‍ന്ന ഓടകള്‍ക്കരികില്‍ സന്താപം കൊണ്ടൊ സന്തോഷം കൊണ്ടൊ അലമുറയിട്ടിരുന്ന തവളകളുടെയും ചിവീടുകളുടേയും ശബ്ദം സാലി ഇസ്മായിലിനെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയിരുന്നു.
“ ഇനിയിപ്പോ….ദുഃഖിച്ചിട്ട്……, വരാനുള്ളത്…വന്നു…!! “
പറഞ്ഞു തീരും മുന്‍പെ അയാള്‍ പറഞ്ഞു. “ വേണ്ട സച്ചി….. നമുക്ക് തിരിച്ച് നടക്കാം..”
സച്ചിദാനന്ദന്‍ മൌനിയായി അല്പം നിന്നു. പിന്നെ സാവധാനം പറഞ്ഞു.
“ ശരി. പ്ലീസ് സാലി…നിന്‍റെയീ…വിഷമം …ആ പെണ്ണിനെ കൂടി…കൂടുതല്‍ തളര്‍ത്തുകയേയുള്ളൂ…പ്ലീസ്… ഡോണ്ട് ബി അപ്സെറ്റ്…”
അയാള്‍ ഒന്ന് മൂളുക മാത്രം ചെയ്തു.
തിരിച്ച് റോസ് വില്ലയിലെത്തുന്നത് വരെ ആരുമൊന്നും പറഞ്ഞില്ല. യാത്ര പാറഞ്ഞ് സച്ചിദാനന്ദന്‍ തിരിച്ച് നടന്നു. ഗേറ്റടച്ച് കൊളുത്തിട്ട് സാലി ഇസ്മായില്‍ റോസ് വില്ലയിലേക്ക് നടന്നു.
സച്ചി പറഞ്ഞത് ശരിയാണ്. തന്നേക്കാള്‍ ദുഃഖം സലീനക്കാണ്. എല്ലാത്തിനും കാരണക്കാരി അവളാണെന്ന് കരുതുന്നു, പാവം!
സലീന അതേ കിടപ്പാണ്. അയാള്‍ അടുത്ത് ചെന്നു.
“ സലീനാ…, മോളുറങ്ങി….ഉണര്‍ത്തി എന്തെങ്കിലും….”
അയാളുടെ മുഖത്ത് നോക്കിയപ്പോള്‍ അവളുടെ സര്‍വ്വനിയന്ത്രണങ്ങളും അറ്റു. ശക്തിയായി ഇടി വെട്ടി. പുറത്ത് വീണ്ടും മഴ. അയാള്‍ എഴുന്നേറ്റ് ചെന്ന് ജനല്‍ പാളികള്‍ ചേര്‍ത്തടച്ചു. തിരിച്ച് വന്ന് കട്ടിലില്‍ ഇരിക്കുമമ്പോള്‍-
“ ഞാന്‍ കാരണമാണ് എല്ലാം…”
അയാള്‍ അവളെ ഒന്ന് തറപ്പിച്ച് നോക്കുക മാത്രം ചെയ്തു.
“ അല്ലെങ്കിലും എന്നെ സ്നേഹിച്ചവാര്‍ക്കൊക്കെ വേദന മാത്രമെ എനിക്ക് നല്‍കാനായിട്ടുള്ളൂ…”
“ നോക്കൂ സലീന. ആരും ആരെയും കുറ്റപ്പെടുത്തണ്ട. എല്ലാം സഹിയ്ക്കാന്‍ തയ്യാറായവരാണ് നാം.”
“പക്ഷെ…ഇത്….” അവള്‍ വീണ്ടും കരയാനുള്ള ഒരുക്കമാണ്.
പ്ലീസ് ….പ്ലീസ് സലീനാ….! എഴുന്നേറ്റ് മുഖം കഴുകി ഭക്ഷണമെടുത്ത് വെയ്ക്ക്…മോളുറങ്ങി…”
സോണിമോള്‍ ഭക്ഷണത്തിന് മുന്നിലിരുന്നും ഉറക്കം തൂങ്ങുകയാണ്. പരസ്പരം സമാധാനിപ്പിക്കാനായി അല്പം കഴിച്ചെന്ന് വരുത്തി ഇരുവരും.
പുറത്ത് മഴ തോര്‍ന്നിരുന്നു.
അയാള്‍ വരാന്തയിലെ ചാരുകസേരയില്‍ സിഗററ്റിന്‍റെ ധൂമവലയങ്ങള്‍ക്കിടയില്‍ മുഖം പൂഴ്ത്തി ശൂന്യതയില്‍ ദൃഷ്ടികളൂന്നി മലര്‍ന്ന് കിടന്നു.
വോള്‍ട്ടേജിന്‍റെ അഭാവത്തില്‍ കെട്ടു പോയ മെര്‍കുറിക് ട്യൂബിന്‍റെ പ്രതിഷേധം മിന്നി മിന്നി പ്രകടമാവാന്‍ തുടങ്ങിയപ്പോള്‍ അത് മറ്റൊരു അസ്വാസ്ഥ്യമായി അയാളില്‍ പടരാന്‍ തുടങ്ങി. പിന്നെ അലക്ഷ്യമായി പുറത്തേക്ക് നോക്കിയിരിക്കെ ഇറയത്ത് നിന്ന് ഉതിര്‍ന്ന് വീഴുന്ന മഴത്തുള്ളികളില്‍ മെര്‍ക്യുറിക് ട്യൂബിന്‍റെ പ്രതിഷേധം ഏതൊ ഒരു കലാകാരന്‍റെ ചാരുതയാര്‍ന്ന കലയായി മാറവെ അയാള്‍ അവയിലേക്ക് തന്നെ ശ്രദ്ധിയ്ക്കാന്‍ തുടങ്ങി.
നനുനനുത്ത സ്വരത്തോടൊപ്പം തണുത്ത കൈവിരലുകള്‍ തോളിലുമമര്‍ന്നപ്പോള്‍ അയാള്‍ തിരിഞ്ഞു. അവള്‍ ചോദിച്ചു.
“കിടക്കുന്നില്ലേ…?”
“ ഉറക്കം വരില്ലാ…”
മോളുണര്‍ന്ന് കരഞ്ഞപ്പോള്‍ അവള്‍ അകത്തേക്ക് പോയി.
വീണ്ടും ട്യൂബ് ലൈറ്റിന്‍റെ പ്രതിഷേധത്തിനിടയില്‍ ഖരാവൊ ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥനെ പോലെ അസഹ്യനായി അയാള്‍ ഇരുന്നു. ക്രമേണ ട്യൂബ് ലൈറ്റിന്‍റെ മിന്നല്‍ അയാള്‍ കാണാതായി.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്-
ഒരു സെപ്തംബറിലെ നനഞ്ഞ പ്രഭാതത്തിലേക്ക് അയാള്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. ഭൂതകാലത്തിന്‍റെ മാറാല കെട്ടിയ വാതായനങ്ങള്‍ തള്ളി തുറന്ന് അകത്ത് കടക്കുകയായിരുന്നു അയാള്‍.
യാത്രയുടെ അന്ത്യത്തില്‍ –
മഞ്ഞപ്പാവട്ടയും കാട്ടപ്പയും വളര്‍ന്ന് പിടിച്ച ശ്രീകൃഷ്ണ കോളേജിന്‍റെ ഓരോ കോണിലും അയാള്‍ നടന്നെത്തി. ചിതറിക്കിടക്കുന്ന ചെങ്കല്‍ പാറകളിലെല്ലാം സാലി ഇസ്മയിലിന്‍റെ ഭൂതം ദര്‍ശിച്ചു.
കെമിസ്ട്രി ലാബിന്‍റെ ഇടനാഴിയില്‍, ലൈബ്രറി ഹാളിന്‍റെ കോണുകളില്‍, രാവുണ്ണിയേട്ടന്‍റെ ചായക്കടയില്‍ …..ഒടുവില്‍-
സാലി ഇസ്മായിലിന്‍റെ ശബ്ദം പ്രതിദ്ധ്വനിക്കുന്ന ഓരോ ക്ലാസ്സ് മുറികളിലും വേദനയൊടെ അയാള്‍ കയറി ഇറങ്ങി. എവിടെയെല്ലാമൊ രക്തം മണക്കുന്നു.
നഷ്ടപ്പെട്ട സൌഹൃദങ്ങള്‍..!!
സാലി ഇസ്മായിലിലെ കലാകാരനെ ഇഷ്ടപ്പെട്ടവര്‍, രാഷ്ട്രീയക്കാരനെ ഇഷ്ടപ്പെട്ടവര്‍, ഇതിനിടയില്‍ എപ്പോഴായിരുന്നു സലീനയെ….??
ആനിജോസഫായിരുന്നു പരിചയപ്പെടുത്തിയത്. ബൂര്‍ഷ്വാവിരുദ്ധ പ്രസ്ഥാനത്തിന്‍റെ ചുവപ്പിനെ ഉള്ളില്‍ ആവാഹിച്ചിരുന്നെകിലും ഒരു പെറ്റിബൂര്‍ഷ്വ എന്ന് ഞങ്ങള്‍ കളിയാക്കാറുണ്ടായിരുന്ന ആനിജോസഫ്.
“ഇത്…സലീന. സലീനാ ആന്‍റണി. ഈ വര്‍ഷം മുതല്‍ ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍.“
ചെറുതായൊന്ന് മന്ദഹസിച്ച് നിശ്ശബ്ദയായി കടന്ന് പോയ ആ പെണ്‍കുട്ടിയെ പറ്റി പിന്നീട് അറിഞ്ഞപ്പോള്‍ അത്ഭുതത്തോടൊപ്പം നേരിയ വേദനയും തോന്നിയിരുന്നു. മനസ്സിലും തോള്‍സഞ്ചിയിലും വിപ്ലവം കുത്തി നിറച്ച പെണ്‍കുട്ടി.
വളരെ കുറച്ച് മാത്രം സംസാരിക്കുന്ന സലീന തനിക്ക് കിട്ടിയ നല്ലൊരു കൂട്ടായിരുന്നു.
മാവോയും ചെഗുവേരയും ക്യൂബന്‍ കാടുകളിലെ ഗറില്ലകളും നവമ്പര്‍ വിപ്ലവവുമൊക്കെ സംസാരത്തിനിടക്ക് കയറി വരുമ്പോള്‍ അവള്‍ അറിയാതെ വാചാലയാവും. അവള്‍ക്ക് അതിനെ കുറിച്ചൊക്കെ ഒരു പാട് പറയാനുണ്ടാവും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് അക്കാലത്ത് അനുഭവിക്കേണ്ടി വന്ന പീഢനങ്ങളിലൂടെ ചര്‍ച്ച നീണ്ട് പോകുമ്പോള്‍ സലീന ആവേശഭരിതയാവുന്നത് സന്തോഷത്തൊടെയാണ് കണ്ടിരുന്നത്. ഏത് കാര്യത്തിലും സ്വന്തമായ വീക്ഷണമുണ്ടായിരുന്ന സലീന ഒരിക്കല്‍ പറഞ്ഞു.
“ നോക്കൂ സാലീ…, മുതലാളിയും തൊഴിലാളിയും നിലനില്‍പ്പിന്‍റെ തുല്യ പ്രാധാന്യമുള്ള രണ്ട് ഘടകങ്ങളാണ്. ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല. ഇത് രണ്ടുമില്ലെങ്കില്‍ ലോകവുമില്ല.!! മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യാത്ത ഒരു സമൂഹം..!! സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്താണ് സാലി ഇതൊക്കെ. സ്വാര്‍ത്ഥരഹിതസമൂഹം..!! സ്വാര്‍ത്ഥത ലോകാവസാനത്തിന് അതീതമായി നിലനില്‍ക്കും. അതാണല്ലോ പാരത്രികജീവിതത്തോടുള്ള മനുഷ്യന്‍റെ വിശ്വാസത്തിനടിസ്ത്ഥാനം.”
സാലിയോട് മാത്രമെ സലീന ഇത്രയും തുറന്ന് സംസാരിക്കാറുള്ളൂ എന്ന് ആനിജോസഫ് ഇടയ്ക്ക് കയറി പറയുമ്പോള്‍ അവാച്യമായ ഒരു അനുഭൂതി തന്നെ വലയം ചെയ്യും.
ആയിടെ സലീന കോളേജില്‍ വരുന്നത് വളരെ കുറവായിരുന്നു.
വന്നാല്‍ തന്നെ തീര്‍ത്തും വിഷാദമുഖിയായിരിക്കും അവള്‍.
ആനിജോസഫില്‍ നിന്ന് സലീനയെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോളാണ് അറിയാതെ മനസ്സ് അവളിലേക്ക് കൂടുതല്‍ അടുത്തത്.
അപ്പച് ഛന്‍റെ രൂപം പോലും അവള്‍ക്ക് ഓര്‍മ്മയില്ല! അമ്മ രണ്ടാമത് വിവാഹിതയായി. പിന്നെ ക്രമേണ അവള്‍ അവിടെ അന്യയാവുകയായിരുന്നു. വീട്ടിലെ നരകയാതനയില്‍ നിന്നുള്ള താത്കാലിക രക്ഷപ്പെടലാണ് കോളെജ്. അതും അയാള്‍ക്കിഷ്ടമില്ല.”
ദുഃഖം ഘനീഭവിക്കുന്ന മനസ്സിന്‍റെ ഭാരം കൈകളില്‍ താങ്ങി അസ്വസ്ഥനായിരിക്കവേ…ആനിജോസഫ് തുടര്‍ന്നു.
“അര്‍ഹിക്കാത്തതാണെന്ന് അറിഞ്ഞിട്ടും സലീന അല്പമെങ്കിലും ആശ്വാസം കണ്ടെത്തിയത് തന്‍റെ സാമീപ്യത്തിലാണ്.”
അവിശ്വാസ്യതയോടെ തലയുയര്‍ത്തി നോക്കി.
ശരിയാണ് സാലി. ഇടക്കെങ്കിലും അവളിപ്പോള്‍ കോളെജിലെത്തുന്നത് തന്‍റെ സാമീപ്യത്തിന് വേണ്ടി മാത്രമാണ്.”
നമ്രശിരസ്കനായിരുന്നിരുന്ന തനിക്ക് മുന്നില്‍ നിന്ന് ആനിജോസഫ് എപ്പോഴോ നടന്നകന്നിരുന്നു.
അടുത്ത ദിവസങ്ങളിലെല്ലാം അയാള്‍ അവള്‍ക്കായി കാത്തിരുന്നു. കാത്തിരിപ്പ് അസഹ്യമായ ഒരു ദിവസം ആനിജോസഫിനെ തന്നെ ശരണം പ്രാപിച്ചു. ലൈബ്രറിഹാളിന്‍റെ ഒഴിഞ്ഞ കോണിലിരുന്ന് അക്കൌണ്ടന്‍സിയുടെ നോട്ട്സ് പകര്‍ത്തിയിരുന്ന ആനിജോസഫ് തികച്ചും ഖിന്നയായി കാണപ്പെട്ടു. തന്നോടെന്തൊക്കെയോ മറയ്ക്കാന്‍ ശ്രമിക്കുന്നതായി തോന്നാതിരുന്നില്ല. ഒടുവില്‍ തന്‍റെ നിര്‍ബന്ധം ആനിയെ വാചാലയാക്കി.
“ സാലിയെ അറിയിക്കരുതെന്ന് പറഞ്ഞതാ…അവള്‍. അല്പനേരത്തെ മൌനത്തിന് ശേഷം പതുക്കെ ആനി ജോസഫ് പറഞ്ഞു.
അവള്‍....അവള്‍...മഠത്തില്‍ ചേരാന്‍ പോകുന്നു..!! അയാളുടെ ശല്യവും അമ്മയുടെ അവഗണനയും. ഒരു പെണ്ണിന്‍റെ നിസ്സഹായത.”
“ ഇനി…വരില്ലാ…”
“ വരും. തന്നെ കാണാതെ, പറയാതെ അവള്‍ക്കെങ്ങും പോകാനാകില്ലല്ലൊ..?!“
അത് പറഞ്ഞപ്പൊള്‍ ആനിജോസഫിന്‍റെ വാക്കുകളിലെ പുച്ഛം ശരിക്കും വായിച്ചെടുക്കാമായിരുന്നു.
ഒരു തിങ്കളാഴ്ച-
സലീന വന്നു. വെയ്റ്റിങ്ങ് ഷെഡ്ഡിന്‍റെ പുറകിലെ അക്കേഷ്യയുടെ തണലില്‍ അവള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. നിറഞ്ഞ കണ്ണുകളോടെ വാക്കുകള്‍ക്കായി പരതുന്ന സലീന ഒരു നോവായി അയാളില്‍ പെയ്തു.
നീണ്ട് നിന്ന മൌനത്തിന്‍റെ അന്ത്യമെന്നോണം അയാളുടെ ശബ്ദം ഒരു പ്രതിജ്ഞയുടെ ശക്തിയോടെ പ്രതിദ്ധ്വനിക്കവെ അവര്‍ക്ക് പുറകില്‍ നിന്നുയര്‍ന്ന ആനിജോസഫിന്‍റെ കയ്യടിയൊച്ച കോമ്പൌണ്ടിനകത്ത് മുഴുവനും സന്തോഷത്തിന്‍റെ കൊച്ചലകളായി അരിച്ചു നടന്നു.
ഉറച്ച തീരുമാനമായിരുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും എതിര്‍പ്പ്., ഉപദേശങ്ങള്‍, ഭീഷണികള്‍ ..!! ഒന്നും വകവെച്ചില്ല.
“ അനക്ക്…. ഞമ്മളെ ജാതീന്നാ…മതത്തീന്നാ ഒന്നിനേം കിട്ടീല്ലെടാ….? ഈ നസ്രാണിച്ചീനന്നെ ബേണല്ലേ….? ത്ഫൂ…….!!! “
“ബാപ്പാ…”
ബ്ഫാ….!! ബാപ്പേ….? അനക്കീടെ…..ബാപ്പേല്ലാ….ഉമ്മേം ല്ലാ….! കടന്ന് പൊയ്ക്കൊ….ശെയ്ത്താനെ….!!”
കട്ടളയ്ക്കപ്പുറത്ത് ശബ്ദമടക്കി കരയുന്ന ഉമ്മയുടെ നേര്‍ക്ക് ബാപ്പ കയര്‍ത്തു.
“മുണ്ടാണ്ട്…നിന്നോ…… കൊന്ന് കളേം….ഹാ..!!!”
ഉമ്മ തട്ടം കൊണ്ട് വായ പൊത്തി.
“ അന്‍റെ കണ്ണില് ഇതൊക്കെ സര്യാകും…! പക്ഷേല്…., ഇയ്യ്…ഈ തള്ളേനെ പറ്റി ഓര്‍ക്കണ്ടേര്‍ന്ന്….മാറ്റാന്‍ കുടീല് കഴിയണ അന്‍റെ പെങ്ങന്മാരെ പറ്റി ഓര്‍ക്കണ്ടേര്‍ന്ന്…”
ചാരുകസേരയില്‍ തളര്‍ന്നിരുന്ന് വളരെ പതുക്കെയാണ് ബാപ്പ അത് പറഞ്ഞത്. ഒരു പിതാവിന്‍റെ ഹൃദയം! നിശ്ശബ്ദനായി തല കുനിച്ച് നില്‍ക്കാനെ കഴിഞ്ഞുള്ളൂ.
“ ഊം……. നിക്കണ്ടാ…., ഇനി ഈ പടി ചൌട്ടണ്ടാ….!! ഞമ്മക്കിങ്ങനെ ഒരു മോനില്ലാന്ന് കൂട്ടിക്കൊളാ…”
അടക്കിനിര്‍ത്തിയിരുന്ന തേങ്ങല്‍ പൊട്ടിക്കരച്ചിലായി കട്ടളയ്ക്കപ്പുറത്ത് നിന്ന് ചെവികളിലേക്ക് തെറിച്ചു വീണു. ഒരിക്കല്‍ കൂടി തിരിഞ്ഞ് നോക്കാനുള്ള മാനസികശേഷി നഷ്ടമായിരുന്നു. മെല്ലെ പടികളിറങ്ങി.
“മാഷേ….മാഷേ…..?”
അസമയത്ത് കയറിവന്ന ആരുടെയൊ വിളിയില്‍ സാലി ഇസ്മയിലിന്‍റെ ഓര്‍മ്മകള്‍ മുറിഞ്ഞു. ഓര്‍മ്മകളില്‍ നിന്നുണര്‍ന്നപ്പോള്‍ മാത്രമാണ് താന്‍ പൂര്‍ണ്ണ അന്ധകാരത്തിലാണെന്ന് അയാള്‍ക്ക് ബോധ്യമായത്. എഴുന്നേറ്റ് ചെന്ന് ലൈറ്റിന്‍റെ സ്വിച്ച് ഓണ്‍ ചെയ്തു. കറണ്ട് പോയിരിക്കുകയാണ്. അയാള്‍ തപ്പിത്തടഞ്ഞ് മുറിയിലെത്തി.
കിച്ചണില്‍ ഒരു മെഴുക് തിരിയില്‍ നിന്ന് മറ്റൊന്നിലേക്ക് തീ പടര്‍ത്തുകയായിരുന്നു സലീന. സലീന കൊളുത്തി വെച്ച മെഴുക് തിരിയുടെ വെളിച്ചത്തില്‍ റോസ് വില്ലയില്‍ നിന്ന് ഇരുട്ട് വീണ്ടും പിന്മാറി.
ക്ലോക്കില്‍ മണി പത്തടിയ്ക്കുന്നു.
ഉരുകിയൊലിക്കുന്ന മെഴുക് തിരിയിലേക്കും സാലി ഇസ്മായിലിന്‍റെ തളര്‍ന്ന മുഖത്തേക്കും അവള്‍ മാറി മാറി നോക്കി. പിന്നെ ഉള്ളിലെരിയുന്ന തിരിയുടെ മെഴുകെന്നോണം കവിളിലൂടെ കണ്ണീര്‍ ധാരധാരയായി ഒഴുകാന്‍ തുടങ്ങി.
റോസ് വില്ലയുടെ ജന്നല്‍ തിണ്ടില്‍ സലീന കത്തിച്ച് വെച്ച മെഴുക് തിരി മഴയ്ക്കൊപ്പം അകത്തേക്ക് ആഞ്ഞ് വീശുന്ന കാറ്റില്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുന്നത് അയാള്‍ കണ്ടു.
പുറത്ത് നിന്ന് വീണ്ടും ആരുടേയൊ വിളി.
“മാഷേ….മാഷെ……!!“
പുറത്ത് തിമര്‍ത്ത് പെയ്യുന്ന മഴയില്‍ വലിയൊരു ചേമ്പില തലയില്‍ ചൂടി കുഞ്ഞീവിത്ത നിന്ന് വിറയ്ക്കുന്നു.
“എന്തേ… എന്ത് പറ്റി…?”
കുഞ്ഞീവിത്ത മഴ നനയാതെ ഇറയത്തേക്ക് കയറി നിന്നു.
മോനെ….ഒന്ന് ന്റ്റെ... കൂടെ വരോ….? ഇച്ചിരി മൊളേന്‍റെ എല പൊട്ടിക്കാനാ…
“ എന്തിനാ കുഞ്ഞീവിത്താ.. മൊളെന്‍റെലാ ഈ അസമയത്ത്…?
“ങ്ങള് കേട്ടാ…മാഷെ…? ഓള് കാറണ കാറല്‍..?“
മഴയുടെ താളാത്മകമായ പെയ്ത്തിനിടയില്‍ കുഞ്ഞീവിത്തയുടെ ആടിന്‍റെ ചങ്ക് കാറുന്ന കരച്ചില്‍ അപ്പോള്‍ മാത്രമെ അയാള്‍ ശ്രദ്ധിച്ചുള്ളൂ.
“എന്തേ…ആടിന്…? “
“ പേറ്റ്നോവ്….!! മണിക്കൂറെത്രായി…ഈ ഹാല് തൊടങ്ങീട്ട്.! “
ടോര്‍ച്ചും കുടയുമെടുത്ത് കുഞ്ഞീവിത്തയുടെ പുറകെ നടന്നു.
“മജീദില്ലെ…കുഞ്ഞീവിത്ത അവിടെ..?“
“മജീദ്!! ഓന്‍റെ കാര്യം പറയാണ്ടിരിക്ക്യാ…മാഷെ…ഭേദം. നേരണ്ട് മോന്ത്യായപ്പോ….പോയതാ… സടീ ക്ലാസ്സൂന്നും പറഞ്ഞ്…”
വെറുതെ ഒന്ന് മൂളി. കുഞ്ഞീവിത്ത തുടരുകയാണ്.
മാഷ്…കേട്ട മാഷേ…. ഒന്നിനെ പെറ്റ് കിട്ടാന്‍ ആ തള്ള പെടണ പാട്…? ബളര്‍ന്ന് ബല്ല്യ ആളാവുമ്പോ മക്കക്കത് മനസ്സിലാവോ…?”
ദൂരെയെവിടെയൊ ഇടി വെട്ടി. മഴ വീണ്ടും കനം വെക്കുകയാണ്. മുളയില പറിച്ച് കുഞ്ഞീവിത്തയെ വീട്ടിലാക്കി തിരിച്ച് നടക്കുമ്പോള്‍ മനസ്സ് നിറയെ അവര്‍ പറഞ്ഞ വാക്കുകള്‍ ആയിരുന്നു. തിരിച്ച് റോസ് വില്ലയിലെത്തി കുട ചുരുക്കി പുറത്ത് വെച്ച് മുടിയിലെ വെള്ളം തുവര്‍ത്തുമ്പോള്‍ കുഞ്ഞീവിത്തയുടെ ആടിന്‍റെ കരച്ചില്‍ തന്‍റെ ഉമ്മയുടെ തേങ്ങലുകളായും പിന്നെ പൊട്ടിക്കരച്ചിലായും പരിണമിക്കാന്‍ തുടങ്ങി.
ഒരു ഒഴിവ് ദിവസമായിരുന്നു അന്ന്-
തികച്ചും അവിചാരിതമായിട്ടാണ് ഉമ്മ റോസ് വില്ലയിലേക്ക് കടന്ന് വന്നത്. ഉമ്മയുടെ ചുണ്ടുകള്‍ വിതുമ്പുന്നുണ്ടായിരുന്നു. പിന്നെ ആ കരവലയങ്ങളില്‍ അയാളൊരു കൊച്ചു കുഞ്ഞായി. അധരത്തില്‍ പതിഞ്ഞ കണ്ണീര്‍ തുള്ളികളില്‍ മുലപ്പാലിന്‍റെ രുചി തിരിച്ചറിഞ്ഞു. തൊട്ടിലില്‍ ഉറങ്ങുന്ന സോണിമോളെ വാരിയെടുത്ത് തെരുതെരെ ഉമ്മ വെച്ചു. അപരാധിയെ പോലെ ഒരു ഭാഗത്ത് മാറി നിന്ന സലീനയെ ചേര്‍ത്ത് പിടിച്ചു. അവളുടെ ഒഴിഞ്ഞ കൈത്തണ്ടയിലും കഴുത്തിലും തലോടി അന്ന് ഉമ്മ പറഞ്ഞു.
“ എന്താടാ….ഇത്രെം ആയിട്ടും ഒരു പൊന്നിന്‍റെ തരി വാങ്ങിക്കൊടുക്കാന്‍ മോനെക്കൊണ്ടായില്ലെ….?”
യാത്ര പറയാന്‍ നേരത്ത് ഗദ്ഗദം വാക്കുകളെ തടഞ്ഞു. തലയിലെ തട്ടത്തിന്‍റെ തല കടിച്ച് പിടിച്ച് ഉമ്മ കരച്ചിലൊതുക്കാന്‍ പ്രയാസപ്പെട്ടു. ഉമ്മയുടെ വരവില്‍ സലീനക്കായിരുന്നു ഏറെ സന്തോഷം.
ഒരു മധ്യവേനലവധിക്കാലത്താണ് ഉമ്മ രണ്ടാമത് റോസ് വില്ലയിലെത്തിയത്. ഒരു ജോഡി കമ്മലും ഒരു ചെയിനും സലീനയെ അണിയിച്ച് അന്ന് ഉമ്മ പറഞ്ഞു.
“ മോള് പൊരുത്തപ്പെടണംട്ടാ….., ഉമ്മാടെ കയ്യീ….ഇതേ ഉള്ളൂ…”
പുറത്ത് നിന്ന് നിര്‍ത്താതെയുള്ള ഹോണ്‍ മുഴങ്ങിയപ്പോള്‍ ഉമ്മയുടെ മുഖം വിളറി. നിരത്തില്‍ കൂട്ടിലിട്ട സിംഹത്തെ പോലെ ബാപ്പ. ഉമ്മ യാത്ര പോലും പറയാതെ പുറത്തിറങ്ങി. ഉമ്മയ്ക്ക് പുറകില്‍ വരാന്തയില്‍ നില്‍ക്കുമ്പോള്‍ ഗേറ്റ് കടന്ന് റോഡിലെത്തിയ ഉമ്മയുടെ ചുളിവാര്‍ന്ന കവിളില്‍ ബാപ്പയുടെ തഴമ്പുള്ള കൈതലം പതിഞ്ഞത് അവിശ്വസനീയതയൊടെയാണ് കാണാന്‍ കഴിഞ്ഞത്. സാലി ഇസ്മയില്‍ വേദന കൊണ്ട് പുളഞ്ഞു. ഓടി ഗേറ്റിനടുത്ത് എത്തുമ്പോഴേക്കും വണ്ടി അകന്ന് കഴിഞ്ഞിരുന്നു. റൊസ് വില്ലയുടെ ഗേറ്റില്‍ പിടിച്ച് അയാള്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.
അറബിക് പഠിപ്പിക്കുന്ന റഷീദ് മാഷ് പറഞ്ഞാണ് ഉമ്മ കിടപ്പിലാണെന്ന് അറിഞ്ഞത്. ശരീരത്തിന്‍റെ വലത് ഭാഗം തളര്‍ന്ന് ആഴ്ചകളോളമായി ഉമ്മ കിടപ്പിലാണെന്ന് അറിഞ്ഞപ്പൊള്‍ എങ്ങനെയെകിലും ഉമ്മയെ കണ്ടേ തീരു എന്ന് തീരുമാനിച്ചു.
സലീനയെ അറിയിക്കാതെയാണ് പുറപ്പെട്ടത്. ചുട്ട്പൊള്ളുന്ന മീനച്ചൂടിന് താഴെ നിരത്ത് പഴുത്ത് കിടക്കുന്നു.
ഒരു ഉച്ച സമയത്താണ് അയാള്‍ വീട്ടിലെത്തിയത്. നെറ്റിയിലെ വിയര്‍പ്പ് തുടച്ച് ചവിട്ട് പടിയിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോള്‍ കോലായുടെ ഒരു മൂലയില്‍ നിന്ന് ബാപ്പയുടെ പരുഷമായ ശബ്ദം കാതിലലച്ചു.
ഊം….ന്താ….? കുടുംബോണ്ടെന്ന് ഓര്‍മ്മ ബന്നപ്പ ബന്നതാ….അല്ലാ….ഓള്….ബേറെ ബല്ലോന്‍റേം കൂടെ ഓടിപ്പോയാ…..?
കേട്ടതായി ഭാവിക്കാതെ കോലായിലേക്ക് കയറുമ്പോള്‍ വീണ്ടും..
“ കേറണ്ടാ…”
അയാളറിയാതെ തന്നെ കാലുകള്‍ നിശ്ചലങ്ങളായി. പിന്നെ ഉറച്ച കാല്‍വെപ്പുകളോടെ അകത്തേക്ക് നടന്നു. അത് ബാപ്പയെ കൂടുതല്‍ പ്രകോപിപ്പിച്ചു.
“ എറങ്ങടാ…പൊറത്ത്…..!! ശക്തിയായ തള്ളലില്‍ മുറ്റത്തേക്ക് വീഴാതിരിക്കാന്‍ തൂണില്‍ ചുറ്റിപ്പിടിച്ചു. നസ്സഹായനായി നില്‍ക്കുന്ന തന്‍റെ ദയനീയ അവസ്ഥ മനസ്സിലാക്കിയിട്ടൊ എന്തൊ ബാപ്പ പറഞ്ഞു.
ഊം……. പോയി കണ്ടൊ…..!! അന്നോടുള്ള പിരിശം കൊണ്ടല്ല. ഓളെ …ഓര്‍ത്തിട്ടാ….”
കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി.
“ഊ…ഹും….. മോങ്ങണ്ട…, ഇച്ചിരി ബെശം കൂടി കരുതിക്കോ….ഓള്‍ക്ക് കൊടുക്കാലാ…”
അകത്ത്-
ഡിം ലൈറ്റിന്‍റെ മങ്ങിയ വെളിച്ചത്തില്‍ മാറാല കെട്ടിയ മച്ചിലേക്ക് മിഴികളയച്ച് മലര്‍ന്ന് കിടക്കുകയായിരുന്നു ഉമ്മ. തന്നെ കണ്ടപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങുന്നത് അയാള്‍ കണ്ടു.
പിഞ്ഞാണത്തില്‍ വെളിച്ചെണ്ണയും ചോറും കൂട്ടിക്കുഴച്ച് തന്നെയൂട്ടാന്‍ തനിക്ക് പുറകെ ഓടി നടന്നിരുന്ന തന്‍റെ ഉമ്മ. തനിക്ക് വാരിത്തന്നിരുന്ന ആ കൈകള്‍.. അവ ഇന്ന് നിശ്ചലങ്ങളാണ്. പതുക്കെ ഉമ്മയുടെ കണ്ണുകള്‍ നിറയുന്നതും ചെന്നിയിലൂടെ കണ്ണുനീര്‍ തുള്ളികള്‍ അടര്‍ന്ന് വീഴുന്നതും എന്തൊ പറയാനായി ആ ചുണ്ടുകള്‍ വിതുമ്പുന്നതും അയാളറിഞ്ഞു. ശോഷിച്ച് നിര്‍ജ്ജീവങ്ങളായ ആ കാലുകളില്‍ കെട്ടിപ്പിടിച്ച് മതിവരുവോളം കരഞ്ഞു.
തിരിച്ച് നടക്കുമ്പോള്‍ മനസ്സ് നിറയെ കുറ്റബോധമായിരുന്നു.
കുഞ്ഞീവിത്തയുടെ ആട് ഒരിക്കല്‍ കൂടി കരഞ്ഞു. പിന്നെ അതും ഇല്ലാതായി. മഴയുടെ ശക്തിയും കുറഞ്ഞിരിക്കുന്നു.
ജന്നല്‍ തിണ്ടില്‍ കത്തിച്ച് വെച്ചിരുന്ന മെഴുക് തിരി ഉരുകിയൊലിച്ച് ഇല്ലന്‍റിലേക്ക് പടരാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ വേഗം അതെടുത്തു. ഒരാവര്‍ത്തി കൂടി വായിച്ച് പുറത്തെ മഴയിലേക്ക് വലിച്ചെറിഞ്ഞു. ചാറ്റല്‍ മഴയുടെ തലോടലില്‍ അതിലെ അക്ഷരങ്ങള്‍ അവ്യക്തങ്ങളാകുന്നതും മെഴുക് തിരിയുടെ മങ്ങിയ പ്രഭയെ ഏറ്റ് വാങ്ങുന്ന മഴത്തുള്ളികളിലേക്ക് അവ കൂട് മാറുന്നതും അയാള്‍ കാണുന്നുണ്ടായിരുന്നു. ഇടക്ക് കടന്ന് വരുന്ന മിന്നല്‍ വെളിച്ചത്തില്‍ അക്ഷരങ്ങള്‍ പാടെ മാഞ്ഞ് തീര്‍ന്ന ഇല്ലന്‍റില്‍ ബാല്യത്തില്‍ തനിക്ക് പുറകെ ഓടി നടന്നിരുന്ന ഉമ്മയുടെ ആര്‍ത്ത് ചിരിക്കുന്ന മുഖം അയാള്‍ കണ്ടു. പിന്നെ വാര്‍ദ്ധക്യം മുഖത്ത് വര്‍ച്ചുണ്ടാക്കിയ ചുളിവുകളില്‍ തെളിഞ്ഞ് കിടന്ന വിരല്‍ പാടുകള്‍ കണ്ടു.!
ശക്തിയായി മിന്നി മറഞ്ഞ ഒരു മിന്നല്‍ വെളിച്ചത്തില്‍ വെളുത്ത വസ്ത്രത്തില്‍ *കഫന്‍ ചെയ്ത് കിടത്തിയിരുന്ന തന്‍റെ പ്രിയപ്പെട്ട ഉമ്മയുടെ മയ്യത്തിന്‍റെ മുഖം അവസാനമായി കാണാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍.
പെട്ടെന്നാണ് അയാള്‍ കണ്ടത്. വെളുത്ത വസ്ത്രം ധരിച്ച താടിയും തലപ്പാവുമുള്ള കുറെ മനുഷ്യര്‍..!! അവര്‍ അയാള്‍ക്ക് നേരെ അടുക്കുകയാണ്. അവരുടെ കയ്യിലെ കല്ലുകളും കുപ്പിച്ചില്ലുകളും അവര്‍ അയാള്‍ക്ക് നേരെ വലിച്ചെറിഞ്ഞു. മുറിവേറ്റ ഹൃദയവും ശരീരവുമായി തളര്‍ന്ന് വീഴുമ്പോള്‍ അയാള്‍ വെറുതെ മന്ത്രിക്കുന്നുണ്ടായിരുന്നു.
“എന്‍റെ തെറ്റെന്താണ്…..? ഞാന്‍ ചെയ്ത തെറ്റെന്താണ്….?“
അയാള്‍ വീണ്ടും വീണ്ടും അത് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.
അയാളുടെ സ്വരം ഉച്ചത്തിലാവുന്നതും റോസ് വില്ലയുടെ ഇരുട്ട് മൂടിയ മുറികള്‍ക്കുള്ളില്‍ അത് പ്രതിദ്ധ്വനിക്കുന്നതും അയാള്‍ അറിഞ്ഞില്ല. എപ്പോഴോ മയങ്ങിപ്പോയ സലീന ഞെട്ടിയുണരുമ്പോള്‍ സാലി ഇസ്മയില്‍ നിലത്ത് വിയര്‍പ്പില്‍ കുളിച്ച് കിടക്കുകയായിരുന്നു.
പുറത്ത് അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.
നിങ്ങളുടെ വായനയില്ലെങ്കില്‍ ഈ വരികള്‍ നിര്‍മൂല്യങ്ങളാണ്.
ReplyDeleteഖുറൈഷി.
ആവര്‍ത്തന വിരസമായ ആശയം പരത്തി പറഞ്ഞതില്‍ വന്ന രുചിക്കുറവു, അതു ഈ കഥക്കുണ്ട്.മഷി കുറവാകുമ്പോള്‍ ക്യാ
ReplyDeleteന്‍വാസ് ചെറുതാകണം. അപ്പോള്‍ ചിത്രത്തിനു വര്‍ണം അധികരിപ്പിച്ചു കാട്ടാം. ശ്രമിക്കുക, എഴുത്ത് തുടരുക....
ഈ കറുപ്പില്‍ വെള്ളുത്ത ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടാണ് ഖുരാശി
ReplyDeleteഷുവര്‍
ReplyDeleteഞാനിത് മാറ്റാം.
നന്ദി.
ഒറ്റ വാക്ക്. ഇഷ്ടമായില്ല! നല്ലതൊന്ന് വായിക്കാന്‍ കൂടെക്കൂടെ വരും, ഉറപ്പ്
ReplyDeleteഅവതരണം നന്നായിരിക്കുന്നു.
ReplyDeleteഎങ്കിലും ഒരു സംശയം!
'പെട്ടെന്നാണ് അയാള്‍ കണ്ടത്. വെളുത്ത വസ്ത്രം ധരിച്ച താടിയും തലപ്പാവുമുള്ള കുറെ മനുഷ്യര്‍..!!'
കഥയില്‍ മുന്‍പൊന്നും അത്തരം ഒരു കൂട്ടായ എതിര്‍പ്പിന്റെ സന്ദര്‍ഭം പറയാതെ അവസാനം ഇങ്ങനെ ഒരു പറഞ്ഞതിന്റെ സംഗത്യമെന്താണ് എന്ന് മനസ്സിലായില്ല !
കറുത്ത പ്രതലത്തില്‍ വെളുത്ത അക്ഷരങ്ങള്‍ വായിക്കുമ്പോള്‍ ആരുടേയും കണ്ണുകള്‍ നിറഞ്ഞു പോകും :) മാറ്റിക്കൂടെ?
കഥ നന്നായി.നീളം അല്പം കുറയ്ക്കാമായിരുന്നു.
ReplyDeleteഇത്തിരി നീളം കുറയ്ക്കാമായിരുന്നു. തുടക്കം cliché ആകാതിരിക്കാൻ ശ്രദ്ധിക്കുക. ചില പോരായ്മകൾ മാറ്റിയാൽ കഥ മൊത്തത്തിൽ നന്നായിരുന്നു.
ReplyDeleteയാഥാസ്ഥിതികനും തെച്ചിക്കോടനും പ്രവാസിനിക്കും നിര്‍മുഖനും നന്ദി. ഇനിയും ഈ വഴി മറക്കല്ലേ എന്ന് പ്രാര്‍ത്ഥന.
ReplyDeleteaashamsakal
ReplyDelete"ഒന്നിനെ പെറ്റ് കിട്ടാന്‍ ആ തള്ള പെടണ പാട്…? ബളര്‍ന്ന് ബല്ല്യ ആളാവുമ്പോ മക്കക്കത് മനസ്സിലാവോ…?”
ReplyDeleteതീര്‍ത്തും ചിന്തോട്ദീപകമാണ് കുഞ്ഞീവിത്തയുടെ ഈ വാക്കുകള്‍.
തീര്‍ത്തും നിസഹായമായ മനുഷ്യന്റെ ചില അവസ്ഥകള്‍ തുറന്നു കാണിക്കുന്നു.
ഒരു കാര്യം കൂടി പറഞ്ഞോട്ടെ. കഥയുടെ ആദ്യ ഭാഗങ് തീര്‍ത്തും വിരസംയാണ് തോന്നിയത്. ആദ്യ ഭാഗം വായിക്കുമ്പോള്‍ തന്നെ വായന നിറുത്താന്‍ പല തവണ തോന്നി. എന്നാല്‍ ആദ്യ പകുതി പിന്നിടുന്നതോട് കൂടിയാണ് കാര്യം എന്താണെന്നു പിടികിട്ടിതുടങ്ങിയത്
എന്തായാലും മുല്ലപ്പൂക്കള്‍ക്ക് എന്റെ ഭാവുകങ്ങള്‍ ..
നാസ്കോടുര്‍ ..