Thursday, February 17, 2011
ഇരകളുടെ വിലാപം..( കവിത )
എന്‍ഡൊസള്‍ഫാന്‍ ജീവിതം നരകമാക്കിയ സാധുക്കള്‍ക്ക് സമര്‍പ്പണം...
ജീവശ്ചവങ്ങള്‍തന്‍ ശവപ്പറമ്പാകുമീ-
കശുമാവിന്‍ തോപ്പിലൊരു മാത്ര നില്‍ക്കാം,
കണ്ണീരിലുയിരിട്ട, കരള്‍ പൊട്ടി ചാലിട്ട-
കളിചിരികള്‍ കുഴിച്ചിട്ട ഖബറുകള്‍ കാണാം.
ഒരു മൂട് കപ്പയിലൊരു കപ്പ് ചായയില്‍
ദശാബ്ദങ്ങളായെത്ര സ്വര്‍ഗ്ഗങ്ങള്‍ തീര്‍ത്തവര്‍.!!
ചിരിക്കുവാനരുതാതെ, കരയുവാനാവാതെ
അസ്ഥികള്‍ പൊട്ടുന്ന വേദനകള്‍ താങ്ങാതെ..!!
ഉള്ളില്‍ നെരിപ്പോടിന്‍ തീക്ഷ്ണമാം നീറ്റല്‍
തൊണ്ടയില്‍ പിടയുന്ന വാക്കിന്‍ പെരുപ്പം..
ഓടാന്‍ കൊതിക്കുന്ന കാലിന്‍ കുതിപ്പുകള്‍..,
കാണാന്‍ വിതുമ്പുന്ന കണ്ണിന്‍റെ ദാഹങ്ങള്‍..,
ഒരു ചാണ്‍ വയറിന്‍ വിശപ്പിന്നു പകരമായ്
എന്തിനീ..കൊച്ചു കിനാക്കള്‍ കരിച്ചു നീ…?
കുരുക്ഷേത്രമദ്ധ്യെ അപഹരിച്ചനിച്ചത്
കവചകുണ്ഡലമല്ല; മാനവകുലത്തിന്‍
സഹജസ്നേഹ സ്നിഗ്ദ്ധ വൈഡൂര്യം!!
ആണിപ്പഴുതിലംഗുലിയാല്‍ നേടിയത്
ആര്‍ത്തിയിലേക്കുള്ള ദശരഥചക്രങ്ങളും.!!
ചരിത്രമുരുണ്ടതു,മുരുളുന്നതും തഥാ-
ചാരിത്ര്യരഹിതമാം കാലത്തിനിരുട്ടിലേക്ക്!!
ഡോളറുകളിലരിച്ച പുഴുക്കളോടൊപ്പം
കരിച്ചതും കൊന്നതും കൊല്ലാതെ കൊന്നതും
പാതിപ്രാണനായ്, ചത്ത പുഴുക്കള്‍ക്കൊപ്പം
പുഴുവായ് പിന്നെയുമിഴയും മര്‍ത്ത്യജന്മങ്ങള്‍.
കോടിയ രൂപങ്ങള്‍തന്‍ ശപ്ത വൈരൂപ്യങ്ങളാല്‍
കോടികള്‍ കൊയ്യുന്നു.. ദൃശ്യസംവേദനം..!!
ആഗോളവിപണികളില്‍ ആര്‍ത്തിയുടെ ഗര്‍ജ്ജനം
അഴലിന്‍റെ പുരികളില്‍ ആതുരരോദനം..!!
മലര്‍ക്കെ പറക്കും ലോഹച്ചിറകുള്ള കാക്കകള്‍
മരണം വിതച്ചു, മഹാമാരിയും പെയ്യിച്ചു
മറക്കാവതല്ലിരോഷിമയും നാഗസാക്കിയും
മാറിയിട്ടില്ലിന്നും ഭോപ്പാലിന്‍ തലവരയും.
ആര്‍ക്കെതിരെ നിങ്ങളീ സമരമുഖങ്ങളില്‍..???
വാരിക്കുന്തങ്ങള്‍ മുന കൂര്‍പ്പിച്ച് വെയ്ക്കാം
വാത്മീകം പൊളിച്ച് വെളിപാട് നല്‍കാം
പട്ടിണി പൂഴ്ത്തിയ പാവം ജന്മിയുടെ
പത്തായം പൊളിച്ച് കമ്മ്യൂണിസ്റ്റാവാനല്ല;
പണാധിപതികളാം അധിനിവേശകന്‍റെയും
വെള്ളിക്കാശ് കിലുക്കുമൊറ്റുകാരന്‍റേയും
നെഞ്ച് തുരന്ന് പ്രതിക്രിയ ചെയ്യുവാന്‍.
Subscribe to:
Post Comments (Atom)
വളരെ നന്നായിട്ടുണ്ട് ഇക്കാ.....!!!
ReplyDeleteഎത്രയൊക്കെ പ്രതിഷേധിച്ചാലും.. സമരം ചെയ്താലും..
കോടികള്‍ കൊയ്യേണ്ടവര്‍ കൊയ്തുകൊണ്ടെയിരിക്കും........!!!
നമ്മുടെ നാട് അങ്ങിനെയേ ആവൂ..........!!!!
ഇതിനെതിരെ പ്രകടിപ്പിച്ച രോഷം വരികളിലൂടെ ശരിക്കും അനുഭവിക്കാന്‍ കഴിഞ്ഞു........!!!
ഇക്ക പറഞ്ഞതുപോലെ അണ്ണാറക്കണ്ണനും തന്നാലായത്...!! ഈയൊരു എഴുത്തിലൂടെ
കിട്ടൂന്ന തുക ഒരുപാട് പേര്‍ക്ക് ഉപകാരപ്പെടട്ടേ എന്നാശംസിക്കുന്നു..!!
ഇക്കാക്കും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .. ആ നല്ല മനസ്സിനെ നമിക്കുന്നു.......!!
ഓരോ ദുരിതങ്ങള്‍ ഉണ്ടാവുമ്പോഴും രോഷം കൊള്ളുകയും പ്രതികരിക്കുകയും ചെയ്യുന്നു നാം.... ശേഷം രോഷാഗ്നി അണഞ്ഞു പോവുമെന്ന് ദുരിതം വിതക്കുന്നവര്‍ക്കറിയാം. അതിനാല്‍ തന്നെ ഇതൊരു തുടര്‍ക്കഥയാവുന്നു...
ReplyDeleteഎന്നാലും നമ്മള്‍ പ്രതികരിക്കുക തന്നെ വേണം.കവിതയിലെ രോഷവും വേദനയും ഹൃദയത്തിലേറ്റു വാങ്ങുന്നു, പ്രതികരിക്കാത്ത സമൂഹത്തിന്റെ മറ്റൊരു പ്രതിനിധിയായി...
താങ്കളുടെ നല്ല മനസ്സിന് മുന്നില്‍ പ്രണാമത്തോടെ....
പ്രതികരിക്കാനല്ലേ കഴിയൂ..
ReplyDeletealways my favorite Blogger..
ReplyDeletea good one
നമ്മുടെ പ്രതികരണങ്ങള്‍ക്ക് ഇതിനെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല എന്നതാണ് ദുഃഖ സത്യം
ReplyDeleteപ്രതികരിക്കുന്നു, ഈ കവിതയും ശക്തമായിത്തന്നെ!
ReplyDeleteആശംസകള്‍
പ്രിയപ്പെട്ടവരെ,
ReplyDeleteനമുക്ക് ചെയ്യാനുള്ളതിന്‍റെ ആദ്യപടിയാണിത്. എഴുത്തിന് ശക്തിയുണ്ട് എന്ന് തന്നെയാണ് എന്‍റെ പക്ഷം. ബ്ലോഗുകളില്‍ നിന്ന് മുഖ്യധാര മാധ്യമങ്ങളിലേക്ക് അത് പടരണം എന്ന് മാത്രം.
ഈ സമരത്തില്‍ മനസ്സ് കൊണ്ട് പങ്ക് ചേരുന്നവര്‍ക്ക് സ്വാഗതം, നന്ദി.
സ്വാഗതം.
ReplyDeleteഎന്റോസള്‍ഫാനെതിരെയുള്ള പ്രതിരോധത്തില്‍ കേരളം ഒറ്റപ്പെടുകയാണോ...?
ReplyDeleteഈ പ്രതിരോധത്തില്‍ ഒപ്പം ചേരുന്നു.
ReplyDeleteചിന്തകള്‍ ഇവിടെ പടവാളാകുന്നു!!!..
ReplyDeleteപടയണിയിലിതാ ഞാനും ചേരുന്നു.
ചിന്തകളിവിടെ പടവാളാകുന്നു!!!..
ReplyDeleteപടയണിയിലിതാ ഞാനും ചേരുന്നു.
ക്രിയാത്മകമായ പ്രതിഷേധത്തിലേക്ക് ഈ വരികള്‍ വളരുമെന്ന് പ്രത്യാശിക്കുന്നു.
ReplyDeleteനന്ദി.