Friday, February 25, 2011

പ്രവാസിയുടെ കത്ത്

പ്രിയപ്പെട്ട ജാനൂം മക്കളും അറിയുവാന്‍,

നെനക്ക് അതിശയം തോന്നണ്ടാവും പ്രിയപ്പെട്ട ജാനൂ എന്ന വിളി വായിച്ചിട്ട്. മനസ്സീ തട്ടി തന്നെ എഴുതിയതാടീ… ന്റ്റെ ..നായിന്റെ മോളേ…..!
ഇപ്പൊ നെനക്ക് ഒരു മാതിരി സമാധാനം ആയിട്ടുണ്ടാവും. നെന്‍റെ ചേട്ടന്‍ മാറീട്ടില്ലാന്ന്.
സത്യം പറയാലൊ…? ഞാന്‍ ഇച്ചിരി മാറാന്‍ തന്നെ തീരുമാനിച്ചെടീ…

ഏയ്….നുമ്മക്കെന്തിലാടീ…കൊറവ്….?

അത്യാവശ്യം നല്ല ജോലീണ്ട്. നല്ല വരുമാനണ്ട്…, താമസാണെങ്കീ അടിപൊളി. ഇപ്പൊ പണ്ടത്തെ പോലെ തറയിലൊന്ന്വല്ല കെടപ്പ്. നല്ല ഉഗ്രന് കട്ടിലുണ്ട്. കെടക്കേണ്ട്. സൌദ്യേല് ഇണ്ടാര്ന്നേനേക്കാളും നല്ല താമസം. ഭക്ഷണാണെങ്കീ…ഓരോ ദെവസോം വ്യത്യാസപ്പെട്ടാ…നീ കലക്കിക്കൂട്ടി തന്നിരുന്ന ചാളക്കറിയൊന്ന്വല്ല. ഒരു ചൈനീസ് കൂക്കിനെ കൂടി ഉടന്‍ ഏര്‍പ്പാടാക്കൂന്ന് പറേണെ കേട്ടു.

ഇതൊക്കേണെങ്കിലും രണ്ടെണ്ണം പൂശാന് പറ്റണില്ലാട്ടാ. പക്ഷെ നിലവാരമനുസരിച്ച് തരം തിരിച്ച് ഒരു ബാറും ഒരു ചാരായഷാപ്പും അടുത്ത ബജറ്റിലുണ്ടത്രെ.

നമ്മുടെ നാട് നന്നാവും ട്ടാ… നിക്ക് പ്രതീക്ഷണ്ടെടീ….!!

ഇന്നലെ പാകിസ്താന്‍റെ കളി കാണാന്‍ പറ്റീല. ചാനലിന് എന്തൊ പ്രശ്നം.

ആ പിന്നേയ്… അടുത്ത മാസം പണമയക്കുമ്പോ… നീ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോണം ട്ടാ.. , വല്ല്യ പഠിപ്പൊന്നും വേണ്ടന്നേയ്.. ഇന്‍റര്‍നെറ്റ് ഉപയോഗിക്കേണ്ട സൂത്രം പഠിച്ചാല്‍ മതി. ഇവിടെ ഓരോരുത്തര്‍ക്കും ഓരൊ ലാപ്ടോപ് കൊടുക്കാന്‍ പരിപാടിയുണ്ട്. അത് കിട്ടിയാ പിന്നെ ചാറ്റിംഗ് തുടങ്ങാമെന്നേയ്..

നമ്മുടെ രാഷ്ട്രീയഭഗവാന്മാര്‍ക്ക് എന്നും പൂജ ചെയ്യണം. ദീര്‍ഘായുസ്സിന് പ്രാര്‍ത്ഥിക്കണം. മക്കളോടും പറയണം.

ദിനേശനോട് സവാരിഗിരിഗിരിക്ക് ചേര്‍ന്ന് പഠിക്കാന്‍ പറയണം. അത്യാവശ്യം കളരിയും കരാട്ടെയും പൃഥിരാജും ആവാം. കൊട്ടേഷന്‍ മെയിന്‍ ആയി എടുക്കാന്‍ പറയണം.

എടീ…. ഞാന്‍ സൌദ്യയില് വെറുതെ അഞ്ചെട്ട് കൊല്ലം കളഞ്ഞു അല്ലെ..?
ആ.. പോട്ടെ. അറബികളെയോക്കെ ഇവിടെ കൊണ്ട് വന്ന് കാണിക്കണം. കാണട്ടെ അവര്. കണ്ട് പഠിക്കട്ടെ.

നമ്മുടെ കുഞ്ഞാമു ഹാജിയുടെ സ്ഥലം വിറ്റോ..? ഇല്ലെങ്കില് ഞാന്‍ പോരുമ്പൊ ഏല്പ്പിച്ചിരുന്ന രണ്ട് ലക്ഷം കൊടുത്ത് കരാര്‍ എഴുതിക്കണം. ആറുമാസം കഴിഞ്ഞ് ഞാന്‍ വരുമ്പോള്‍ ബാക്കിയുള്ള അഞ്ച് ലക്ഷം കൂടി കൊടുത്ത് ആധാരമാക്കാം.
അടുത്ത പ്രൊജെക്റ്റിനുള്ള കൊട്ടേഷന്‍ ഞാന്‍ ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. പത്താണ് പറഞ്ഞിട്ടുള്ളത്, ചെലപ്പോ കൂടാനും മതി.

അല്ലെടീ…ജാനു.., ഞാനന്ന്‌ കൈ വെട്ടിയ ഭാസ്കരന്‍റെ അവസ്ഥ എന്താടീ…? എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചൂന്ന് കരുതി സന്തോഷിക്കണ്ടാവും നാറികള്‍!
മജീദ് എന്നെ കാണാന്‍ വന്നപ്പൊ പറഞ്ഞിരുന്നു അവര്‍ക്ക് കഷ്ടപ്പാടാണെന്ന്. ഭാസ്കരന്‍റെ പെണ്ണിനെ കാണുകാണെങ്കില് നീ കുറച്ച് കാശ് കൊടുക്കണം. എന്തായാലും നമുക്കീ നല്ല സ്ഥിതി വന്നത് അവര് വഴിയല്ലെ.. ? അത് മറക്കാമോടീ…?

പറ്റുമെങ്കീ.. ആരുടെയെങ്കിലും കയ്യോ കാലോ വെട്ടി ഭാസ്കരനോട് ഇങ്ങോട്ട് വരാന്‍ പറ. മോശമില്ലാത്ത വരുമാനം ഇവിടെം കിട്ടും, പോരാത്തതിന് ഇപ്പൊ വികലാംഗനും അല്ലെ.. ? പാവം!

എന്‍റെ തടിയൊക്കെ നന്നായി. അല്പം കളറും വെച്ചിട്ടുണ്ട്.




ഇപ്പൊ വല്ല്യ ആളുകളുമായും ബന്ധമുണ്ടെടീ…!! മന്ത്രിമാരും വമ്പന്മാരുമൊക്കെ ഉണ്ട്. അവര്‍ക്കൊക്കെ നല്ല സൌകര്യാ..ട്ടോ… നുമ്മക്ക് മോശായിട്ടല്ല.

നെന്‍റെ ഒരു കൊറവ് എടക്ക് തോന്നാറുണ്ട്. പ്രത്യേകിച്ച് ചിക്കന്‍ കഴിച്ച ദിവസങ്ങളില്‍. ഊം…. മെല്ലെ മെല്ലെ അതിനുള്ള ഏര്‍പ്പാടും ഉണ്ടാവും.
അയ്യേ… നീ തെറ്റിദ്ധരിക്കണ്ടാ. മാസത്തിലൊരിക്കല്‍ ഒന്ന് വന്ന് പോരാനുള്ള സൌകര്യം. അതാ ഉദ്ദേശിച്ചേ….!!

മരുഭൂമീല്… ഒട്ടകത്തിന്റെ ചവിട്ടും അറബിയുടെ തുപ്പും ഏറ്റ് ഇക്കണ്ട കാലം കഴിഞ്ഞിട്ട് എന്ത് കിട്ടി…? നമ്മുടെ നാട് സ്വര്‍ഗ്ഗാടീ....സ്വര്‍ഗ്ഗം!!!

നീ ഇങ്ങട്ട് വരണ്ടാ. ഇവിടുത്തെ പോലീസുകാര്ക്ക് ഞങ്ങളോട് അസൂയയാ. അവരിപ്പോഴും കൊമ്പത്ത് തന്ന്യാ. ഒരു പോലീസുകാരന്‍ എന്‍റടുത്ത് കാശ് കടം ചോദിച്ചിരിക്ക്യാ… മോളെ കല്ല്യാണത്തിനാത്രെ. പാവം.

ആരെങ്കിലും കൊട്ടേഷനു വന്നാല് ബൂക്കിംഗ് എടുക്കണ്ടാട്ടാ. സമയണ്ടാവില്ല.
എന്റെ ചങ്ങായി ബീരാനെ കാണുകാണെങ്കില് അവനോട് പറയണം.. ആരുടേങ്കിലും നെഞ്ചത്ത് കേറി ഇങ്ങോട്ട് പോരാന്‍. വിസയെന്നും പറഞ്ഞ് ഇല്ലാത്ത കാശും ഉണ്ടാക്കി വല്ലോനും കൊടുത്ത് പാപ്പരാവണ്ടാന്ന് പറ.

ഗള്‍ഫീ കിട്ടണേക്കാളും കൂടുതല് ഇവിടെ കിട്ടും. സുഖ താമസോം.

ഇനി അടുത്ത കത്തില്‍.
നെനക്കും കുട്ട്യോള്ക്കും ഒരായിരം മുത്തം.
പണത്തിന് ആവശ്യമുണ്ടെങ്കില് എഴുതണം.

സ്വന്തം

( ഒപ്പ് )

പെരുങ്കീരി ശശി.
ക്രമനമ്പര്‍ : 110 (സി ക്ലാസ്സ് )
സെണ്ട്രല്‍ ജയില്‍
തിരുവനന്തപുരം
കേരളം.

15 comments:

  1. ജയിലിലെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്ന് സര്‍ക്കാര്‍.
    കുറ്റം ചെയ്തവര്‍ നിര്‍ദ്ധയം ശിക്ഷിക്കപ്പെടണമെന്ന് എന്‍റെ പക്ഷം. അല്ലെങ്കില്‍ അത് അരാജകത്വം വര്‍ദ്ധിപ്പിക്കും.
    നിങ്ങളെന്ത് പറയുന്നു..?

    ReplyDelete
  2. ബഹുജോര്‍ ആയിട്ടുണ്ട്.. ശരിക്കും രസകരം.

    ReplyDelete
  3. കൊള്ളാല്ലോ... നല്ല രസായി പറഞ്ഞു...

    ReplyDelete
  4. അടുത്ത മാസം പണമയക്കുമ്പോ…
    നീ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോണം ട്ടാ.. ,
    വല്ല്യ പഠിപ്പൊന്നും വേണ്ടന്നേയ്..
    ഇന്‍റര്‍നെറ്റ് ഉപയോഗിക്കേണ്ട സൂത്രം പഠിച്ചാല്‍ മതി.
    ഇവിടെ ഓരോരുത്തര്‍ക്കും ഓരൊ ലാപ്ടോപ് കൊടുക്കാന്‍ പരിപാടിയുണ്ട്. അത് കിട്ടിയാ പിന്നെ ചാറ്റിംഗ് തുടങ്ങാമെന്നേയ്...

    ReplyDelete
  5. നല്ല ശൈലി,
    രസകരമായി തോന്നി. ആശംസകള്‍.
    ഇനിയും വരാം...

    ReplyDelete
  6. രസകരമായി വിവരിച്ചിരിക്കുന്നൂ..
    ജയിലിലെ സുഖലോലുപതകൾ...

    ReplyDelete
  7. കൊള്ളാം കേട്ടോ..രസകരമായി എഴുതി

    ReplyDelete
  8. കൊള്ളാംസ്...സൈനുക്ക....!

    ReplyDelete
  9. ചിന്തിക്കാന്‍ പര്യാപ്തമാണ് ഈ വരികളെങ്കില്‍ ഞാന്‍ സന്തോഷവാനാണ്.
    ഇത് വഴി വന്നവര്‍ക്കൊക്കെ നന്ദി.

    ReplyDelete
  10. കുട്ടവാസനകള്‍ ഇല്ലായ്മ ചെയത് അവരെ പോതുധാരയിലേക്ക് കൊണ്ടുവരാനുള്ള നടപടികളാണ് ജയിലുകളില്‍ വേണ്ടത്, മറിച്ച് കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുകയല്ല.

    എന്നിരുന്നാലും മാനുഷിക പരിഗണനകള്‍വച്ച് അവര്‍ക്കും അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കണം.

    ReplyDelete
  11. ഇക്കാ കൂട്ടത്തില്‍ വെച്ചു വായിച്ചു..!
    എന്നാല്‍ പിന്നെ ഇവിടെം കമന്‍റാന്ന് വെച്ചു....!
    രസകരമായ് അവതരിപ്പിച്ചു.....!
    അഭിനന്ദനങ്ങള്‍ ......!

    ReplyDelete
  12. http://mullappookkal.blogspot.com/2011/02/blog-കഥയും കഥ പറഞ്ഞ രീതിയും സ്റ്റൈലന്‍ ആയിട്ടുണ്ട്.
    സെല്ലിനകത് നിന്നാണ് ആശാന്‍ കതെഴുതെന്നത് എന്ന് മനസ്സിലാക്കാന്‍, ഒപ്പിനു ശേഷമുള്ള വിലാസം വരെ വായിക്കേണ്ടി വന്നു. അത് തന്നെയാണ് ഈ കഥയുടെ ഏറ്റവും വലിയ പ്രത്യേകത .

    പിന്നെ ജയിലില്‍ കഴിയുന്നവരും നമ്മെ പോലുള്ള മനുഷ്യര്‍ തന്നെയാണ് എന്നുള്ളത് നമ്മള്‍ പലപ്പോഴും മറന്നു പോകുന്ന ഒരു വസ്തുതയാണ്. സാഹചര്യങ്ങലവം ഒരു പക്ഷെ അവരെ അവരുടെ തെറ്റുകളില്‍ കൊണ്ടെത്തിച്ചത്. ഇനി അല്ലെങ്ക്ല്‍ തന്നെ അവരുടെ വിലയേറിയ ജീവിത നിമിഷങ്ങളാണ് ഇവിടെ കളഞ്ഞു കുളിക്കുന്നത്.
    അത് കൊണ്ട് ജയിലും പരിസരങ്ങളും കുറഞ്ഞത് മനുഷ്യ വസമായ രീതിയില്‍ നവീകരിക്കണം എന്നതാണ് എന്റെ അഭിപ്രായം. സര്‍കാര്‍ നടത്തുന്ന ഇത്തരം ശ്രമങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു

    എന്തായാലും ഇത്തരം ഒരു വിഷയത്തിലേക്ക് കൊണ്ടെത്തിച്ച കഥാകാരന് എന്റെ എളിയ അഭിവാദ്യങ്ങള്‍ ..

    നാസ് കോടുര്‍

    ReplyDelete