Sunday, September 13, 2009

വേലികള്‍




തപ്തമീ മണ്ണില്‍ ജീവിതം നട്ടു നാം
വിയര്‍പ്പൊഴിച്ചു നനച്ചു വളര്‍ത്തിയൊരു മരം.
ഭൂഗോളമാകെപ്പടര്‍ന്നതിന്‍ ചില്ലകള്‍
തളിരേകി തണലേകി വളരുന്നതെങ്കിലും
തന്നിലേക്കൊരു പത്രത്തിന്‍ ചെറിയ
തണലു നല്‍കാതെയെന്‍ മനഃക്കാഴ്ച്ചകള്‍
മറച്ചു ശാഖകള്‍; ദൃഷ്ടിയിലിരുട്ടിന്റെ
ഭഗ്ന ചിന്തുകള്‍ പാവുന്നു.........

ആലയാണിതു കരിവാന്റെ
തീയണയാത്തുലയാണിതില്‍
പതം വന്ന ലോഹവും പ്രഹരത്താല്‍
ബഹുരൂപങ്ങളായപരന്റെ കൈകളില്‍
ആയുധമായൊടുവില്‍ തുരുമ്പിന്‍
അധിനിവേശങ്ങളില്‍ നിറം മങ്ങി, പിന്നെയും
പരിവൃത്തികള്‍ക്കായുലകളിലുരുകിയുരുകി
പുനര്‍ജ്ജനിയ്ക്കുന്നു പുതു ശസ്ത്രമായ്....!!!

പരശുഭോഗത്താലുന്മത്തയാം കടല്‍
പെറ്റിട്ട പുളിനങ്ങളില്‍ തീ നടും
പുതുപൗത്രഗണ വിക്രിയകളിലീറയായ്
പിറകൊള്ളുമിനി സംഹാര മൂര്‍ത്തിയായ്
ബലാത്കാരത്തിന്‍ തിക്ത സ്മൃതികളെ
സ്നിഗ്ദ്ധ പീഢനസ്മരണയായയവിറക്കുന്നവള്‍!
നിര്‍നിശിത മഴുവിന്‍ പിടി പോലുമോര്‍മ്മയായ്
നീല ജലാശയ ഗര്‍ഭങ്ങളില്‍ പണ്ടു പണ്ടേ...!!
നിര്‍ദ്ദോഷത്തലകളറുത്ത കുരുതിയുടെ
നിണം വാര്‍ന്നൂര്‍വ്വരമാം നെഞ്ചില്‍
കാളീയമര്‍ദ്ധനമാടിത്തിമര്‍ക്കുന്നു മക്കള്‍!!

ആരെറിഞ്ഞ മഴുവാലറ്റു പോയ് നന്മയുടെ
പ്രണയനിറമുള്ള മൃദു ചെമ്പനീര്‍ ചെടികള്‍..?
ഏതേതു വേലിയേറ്റങ്ങളീ കരകളില്‍
കയ്പ്പു കിനിയുമുപ്പളങ്ങളവശേഷമാക്കി...?
ചോരവീണു കുതിര്‍ന്ന മണ്ണിലങ്കുരിപ്പതു
ചോരനിറമുള്ള പൂക്കളതില്‍ വമിപ്പതു
ചേതനയറ്റയുടലിന്‍ ശവഗന്ധമതെങ്കിലോ
ചാവേറുകള്‍ ചുട്ടെടുത്ത പച്ച മനുഷ്യരും..!!!!
ശൂന്യതയിലാത്മാക്കള്‍ കുമ്പസരിച്ചു
കരയുന്ന കണ്ണീര്‍ മഴയായ് പെയ്യുന്നു.
ഇവനെന്റെ മകനല്ലെന്നുറക്കെ പറഞ്ഞുള്ളില്‍
കരഞ്ഞു ധീര ദേശാഭിമാനിയാമമ്മയും പെയ്യുന്നു.
യാത്രാമൊഴികളവശേഷിപ്പിച്ചു
മറുമൊഴിക്ക് കാതു നല്‍കാതെ
പടിയിറങ്ങിയ പഥികരെ കാത്ത്
പാതയില്‍ മിഴിനട്ട് കണ്ണീരു പെയ്യുന്നവര്‍...
മുലപ്പാല്‍ ചോരയായ് നുണയും മക്കളെ കാത്ത്
പെരുമഴപ്പെയ്ത്തിന്‍ തോരാത്ത മിഴികള്‍..!!!

പഴയൊരു ചര്‍ക്കയില്‍
പഴഞ്ചനൊരു വൃദ്ധ,നര്‍ദ്ധനഗ്നന്‍
പരിത്യാഗങ്ങളാല്‍ നൂറ്റെടുത്താശയുടെ
പട്ടുനൂലുകള്‍ നിറം മങ്ങീ...
ജീവിതമൂറ്റിയെടുത്ത ചോരയില്‍ തളിരിട്ട
നിറമുള്ള പൂക്കളും കരിഞ്ഞു...
തായ് വേരറ്റ ചെടികളും ശേഷാഗ്രങ്ങളില്‍
ദുരമൂത്ത കീടങ്ങളും....

പുരാണങ്ങളില്‍ ചത്തു മലച്ച
പ്രാണനാഥന്റെ ദീനപ്രണയിനിയല്ല;
സര്‍വ്വം സഹയാം ധരിത്രി, എന്‍
മാറിലെ ചൂടും തണുപ്പും മുലകളില്‍ ചുരത്തും
പാലുമെന്‍ സിരകളിലെ നീരുമെന്‍
മക്കള്‍ക്കൊരുപോലൊരേ അളവില്‍.
ജാതിമതവര്‍ണ്ണ വൈജാത്യങ്ങളാലെന്‍
നെഞ്ച് പിളര്‍ന്നതിരു കീറി വേലികളിട്ടാല്‍
ഓര്‍ക്കുക, ഒരു ശാപത്തിന്‍ പ്രകമ്പനങ്ങളെ
താങ്ങാനരുതാതെയീ ഗര്‍ത്തങ്ങളില്‍
ഒടുങ്ങിയമരും ദിഗന്തങ്ങള്‍ പോലും...!!!

1 comment:

  1. പടച്ചോനേ ഇതാര്..
    ബ്ലോഗിലെ കുമാരനാശാനോ..

    കലക്കിയാശാനേ...

    നല്ല സുന്ദരമായിട്ടുണ്ട്..

    ReplyDelete