Friday, October 9, 2009

കാബൂളില്‍ നിന്ന്‍ ഖേദപൂര്‍വ്വം...( കവിത )


ഹോ....പ്രിയതമേ...
ഫ്ളോറിഡയുടെ വസന്തമുറങ്ങും
വഴിയോരങ്ങളില്‍
നമ്മുടെ പ്രണയമന്ത്രങ്ങളുരുക്കഴിച്ച
ചുമ്പനജപങ്ങളുടെ
നിര്‍വൃതിയില്‍,
മഞ്ഞു പെയ്യുന്ന
പുല്‍മേട്ടിലെ മരക്കുടിലില്‍
വിജാതീയതകളുരുമ്മി
കത്തുന്ന കനലുകളില്‍
തിളച്ചുയരും നീരാവിയില്‍
മെയ്യോട് മെയ്യൊട്ടി..
നഗ്നരായ്.......!!


ഹോ....പ്രിയതമേ...
നമ്മുടെ സായാഹ്നങ്ങളിലെ
നീലത്തടാകങ്ങളിലിപ്പോഴും
വെളുത്ത മീനുകളുണ്ടോ..?
പുലര്‍ക്കാഴ്ചകളില്‍ തോട്ടങ്ങളില്‍
ഹിമകണങ്ങളുമ്മ വെയ്ക്കും
നിന്റെ കവിളഴകൊത്ത
പഴങ്ങളുണ്ടോ..........?

ഇത് മരുഭൂമിയാണ് !!
നിരാശയുടെ അഭിശപ്തഭൂമി!
ദേശസ്നേഹം നിര്‍ഭാഗ്യരും
സാമ്രാജ്യത്വം ബലിമൃഗങ്ങളുമാക്കിയ
നിരപരാധികളുടെ
കണ്ണീര്‍മഴ മാത്രമുണ്ടിവിടെ...!

ഇന്നലെ -
എന്റെ വിരല്‍ തുമ്പിനാല്‍
പിടഞ്ഞൊടുങ്ങിയ
പിഞ്ചുകുഞ്ഞിന്റെ ദീനമിഴികള്‍!
ചിതറിത്തെറിച്ച മകന്റെ
ശിഷ്ടങ്ങളൊരുക്കൂട്ടുമമ്മയുടെ
കത്തുന്ന മിഴികള്‍!


ഉറക്കിനുമുണര്‍വ്വിനുമിടയില്‍
ഒരു വാഹനത്തിനിരമ്പം പോലും
ശ്വാസം നിശ്ചലമാക്കുന്ന
ഭീതിയില്‍ ..., ഒരു വെടിക്കോപ്പിന്‍
അദൃശ്യമാം ഉന്നത്തില്‍....

ഹോ..പ്രിയേ.., നമുക്കിനി
പുനഃസമാഗമത്തിന്‍
വിദൂര പുലരികള്‍ പോലും
അന്യമാണോ..
പ്രാര്‍ത്ഥിയ്ക്കാം സഖീ..
മറുജന്മത്തിലെങ്കിലും
അമേരിക്കന്‍ ഭടനായ്
പിറക്കാതിരിയ്ക്കാന്‍!

6 comments:

  1. “ദേശസ്നേഹം നിര്‍ഭാഗ്യരും
    സാമ്രാജ്യത്വം ബലിമൃഗങ്ങളുമാക്കിയ
    നിരപരാധികളുടെ
    കണ്ണീര്‍മഴ മാത്രമുണ്ടിവിടെ...!“

    ഹോ,, ഖുറൈഷീ..
    ഈ കവിത നന്നേ പിടിച്ചു.
    യുദ്ധത്തൊഴിലാളികളായി ജീവിക്കേണ്ടി വരുന്ന അമേരിക്കൻ ഭടൻമാർ..
    ആർക്കൊക്കെയോ വേണ്ടി ഏതൊക്കെയോ നാടുകൾ ചുട്ടെരിക്കുന്നത് അവന്റെ വയറ്റിലെ തീയണക്കാൻ മാത്രമല്ലോ..

    താങ്കളുടെ കവിതകൾക്ക് കമന്റുകൾ അധികമില്ലാത്തത് അതിന് മനസിലാകായ്മയുടെ ജാഡ ഇല്ലാത്തതുകൊണ്ടാവാം...

    ReplyDelete
  2. കുഴപ്പമില്ല ശ്രീ. പള്ളിക്കുളം.
    താങ്കളെ പോലുള്ളവര്‍ വായിക്കുന്നുണ്ടല്ലോ അതു തന്നെ സന്തോഷം നല്‍കുന്നു.

    ReplyDelete
  3. കവിത, അതില്‍ത്തന്നെ പൂര്‍ണ്ണം
    പിന്നെ അഭിപ്രായങ്ങളെന്തിന്‌

    പറയാതെ വയ്യ
    നല്ല പ്രമേയം, നല്ല രചനാരീതി, നല്ല കവിത...

    ഒന്നേ ചോദിക്കാനുള്ളു,
    പ്രമേയം വ്യക്തമാക്കാന്‍ വേണ്ടിയെഴുതിയ അവസാന വരികളില്‍ ചെറിയ താളപ്പിഴയുള്ളത് ഒഴിവാക്കാമായിരുന്നില്ലേ?
    ആ വരികള്‍ തന്നെയും.

    ആശയം വ്യക്തമാക്കാന്‍ ആദ്യത്തെ കമന്റായി അത് നല്‍കിയാല്‍ മതി.
    കവിതയ്ക്ക് കൂടുതല്‍ ഭംഗി കിട്ടുമെന്ന് തോന്നുന്നു...
    ഇനിയും എഴുതുക...ആശംസകള്‍

    ReplyDelete
  4. വായനക്കും തുറന്ന അഭിപ്രായത്തിനും ഒത്തിരി നന്ദി കണ്ണുകള്‍.

    ReplyDelete
  5. Good Poem.
    what a nice presentation!! keep it up man.

    ReplyDelete