Thursday, October 1, 2009

സുഹറ ( കഥ ) സൈനുദ്ധീന്‍ ഖുറൈഷി


വിന്‍ഡോ ഗ്ലാസിനപ്പുറം കത്തുന്ന ചൂട്.

നരച്ച മുടിയിഴകള്‍ പോലെ നിറം നഷ്ടപ്പെട്ട വൃക്ഷത്തലപ്പുകള്‍. സമൃദ്ദമായ്‌ കായ്ച്ചു നില്‍ക്കുമ്പോഴും ഒരു വരള്‍ച്ചയുടെ അസംതൃപ്തി വിളിച്ചോതുന്ന ഈത്തപ്പനകള്‍.മുകളില്‍ നിന്ന് നോക്കുമ്പോള്‍ കൊച്ചു കളിപ്പാട്ടങ്ങള്‍ പോലെ കാറുകളുടെ നിരന്തര പ്രവാഹം. ഭൂമിയുടെ ഞരമ്പുകള്‍ പോലെ റോഡുകള്‍.

ആഗസ്ത്‌-
ജീവിതായോധനത്തിന്റെ ചൂടിനെ അകത്തും പുറത്തും താങ്ങാനാവാതെ മരച്ചുവട്ടില്‍ തളര്‍ന്നിരിക്കുന്ന തൊഴിലാളികള്‍ പൊട്ടുകള്‍ പോലെ. സുഹറയുടെ മനസ്സ് എന്നും വേദനിക്കുന്ന കാഴ്ചയാണത്. കുടുംബത്തിനു വേണ്ടി ഉരുകിയൊലിക്കുന്ന ആ വിയര്‍പ്പു തുള്ളികള്‍, ഇത്തിരി തണലില്‍ തളര്‍ന്നിരിക്കുമ്പോഴും അകക്കണ്ണില്‍ കാണുന്ന നൈമിഷിക സ്വപ്‌നങ്ങള്‍!
അവരെ കാണുമ്പോള്‍, അവരെ പറ്റി ഓര്‍ക്കുമ്പോള്‍ സുഹറയുടെ കണ്ണുകള്‍ നിറയും. സഹോദരന്മാരെ അല്ലാഹുവിന്റെ സ്വര്‍ഗ്ഗത്തിലെ ശീതീകരിച്ച അന്തപ്പുരങ്ങള്‍ നിങ്ങളുടെ അവകാശമാണ്. അറിയാതെ അവളുടെ കൈകള്‍ പ്രാര്‍ത്ഥനയിലേക്ക് ഉയരും.സുഹറ അങ്ങനെയാണ്. തന്റെതിനെക്കാളേറെ കരുതലും സ്നേഹവും അപരന്റെതിനു നല്‍കുന്നവള്‍! പുറത്തെ വരണ്ട കാഴ്ചകള്‍ക്കപ്പുറം ഈര്‍പ്പമുള്ള കാഴ്ചകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവള്‍. കോര്‍ണേഷിനപ്പുറം ശാന്തമായ കടല്‍ കണ്ട് ആര്‍ത്തലയ്ക്കുന്ന നാട്ടിലെ കടലിനേക്കാള്‍ ശാന്ത സുന്ദരിയെന്നു അറിയാതെ പറയുന്നവള്‍. കനത്ത കമ്പിളി പുതച്ച ആഴക്കടലിനടിയിലെ ചുഴികളും അടിയൊഴുക്കും അവള്‍ക്കറിയില്ല.!
കിച്ചണില്‍ നിന്ന് പ്രഷര്‍ കൂക്കറിന്റെ ചൂളം. അവള്‍ ഓടിച്ചെന്ന് തീ കുറച്ചു വെച്ചു. വിസിലിന്റെ ശബ്ദത്തില്‍ മോനുണര്‍ന്നോ എന്ന് ബെഡ് റൂമിലും എത്തി നോക്കി.
ഹാളില്‍ ഫോണ്‍ ബെല്ലടിക്കുന്നു.വേഗം ചെന്ന് ഫോണ്‍ എടുത്തു. അപ്പുറത്ത് മജീദ്‌ക്കയുടെ നനുത്ത സ്വരം.
അഭിവാദ്യങ്ങള്‍ക്ക് ശേഷമുള്ള സ്ഥിരം ചോദ്യം. " എന്തെടുക്കാ....? "ഒറ്റ വീര്‍പ്പില്‍ അത് വരെയുള്ളതൊക്കെ പറഞ്ഞു.
" ഇന്ന് കുറച്ചു വൈകും കേട്ടോ....*സില വരെ പോകണം.സൌദിയില്‍ നിന്ന്....."
" ഇമ്മിണി വൈകോ...?" മജീദിനെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ അവള്‍ ഇടയ്ക്കു കയറി ചോദിച്ചു.
" ഓ...പറയട്ടെ സൂറ....,ചിലപ്പോ കുറച്ചുവൈകും..., രണ്ടു മൂന്നു ക്ലിയറന്‍സ് ഉണ്ട്.."
അവള്‍ മൌനിയായി. അവളുടെ മനസ്സ് വായിച്ചിട്ടാകണം മജീദ്‌ പറഞ്ഞു." സൂറ പേടിക്കണ്ട, ഇക്കയും ബാബിയും വരും കൂട്ടിന്.....ഞാന്‍ വന്നിട്ടേ അവര്‍ പോകൂ.."
" ഊം ... വേഗം ..വരണം ട്ടോ.."
" ശരി ശരി... ഈ പെണ്ണിന്റെ ഒരു കാര്യം..."
റിസീവര്‍ വെച്ച് സുഹറ സോഫയില്‍ മൂകയായ്‌ ഇരുന്നു.
ഗൃഹാതുരതകളുടെ എല്ലാ നോവുകളും മജീദ്‌ക്കയുടെ സ്നേഹമസൃണമായ സമീപനത്തില്‍ ഇല്ലാതാവുന്നു. വെല്ലിമ്മ പറയുന്നത് പോലെ; " ന്റെ മോള് പാവാ...ഓള്‍ക്ക് പടച്ചോന്റെ പുണ്യം പോലെ ഒരു മാപ്ലനെ കിട്ടും.."ഇടിച്ചു കൊടുക്കുന്ന മുറുക്കാന്‍ വായിലിട്ട് വെല്ലിമ്മ അവളെ ചേര്‍ത്ത് പിടിക്കും. സ്നേഹത്തിന്റെ അകക്കണ്ണാടികളില്‍ വെല്ലിമ്മ ഇന്നും ചിരിക്കുന്ന മുഖമായി നില്‍ക്കുന്നു.ശരിയാണ്. ആരോ ചെയ്ത അല്ലെങ്കില്‍ തന്റെ തന്നെ പുണ്യമാണ് മജീദ്‌ക്ക!
പുറത്ത്‌ ആരോ വന്നുവെന്ന് കാളിംഗ് ബെല്‍.ഇക്കയും ബാബിയുമാണ്. പൊതുവേ വാചാലനായ ഇക്ക ചോദ്യവുമായാണ് അകത്ത് കയറിയത്.
" എന്താ ന്റെ സൂറ ...അന്റെ ബേജാര്‍ മാറീല്ലേ..? "
സുഹറ നാണിച്ചു ഒതുങ്ങി നിന്നു.
"ങ്ങള് ഓളെ മക്കാരാക്കണ്ട.." ബാബിയുടെ ഇടപെടല്‍ സഹായമായി. ഇക്ക സമാധാനിപ്പിക്കാന്‍ എന്നോണം ശാന്തമായി പറഞ്ഞു . " ഇന്ന് രാത്രിയോ.. നാളെ രാവിലെയോ എത്തും...കമ്പനി കാര്യം അല്ലെ....? "
കാളിംഗ് ബെല്ലിന്റെ ശബ്ദത്തില്‍ ആവാം മോനുണര്‍ന്നു കരയാന്‍ തുടങ്ങിയിരുന്നു. സുഹറ ബാബിയുമൊത്ത് മുറിയിലേക്ക് നടന്നു.

സമയം സന്ധ്യയോടു അടുത്തു.വിളറിയ സന്ധ്യകള്‍ ഈ കോര്‍ണേഷിലെ പതിവ് കാഴ്ചയാണ്. ആവി മൂടിയ അന്തരീക്ഷത്തില്‍ ഒരു ചുവപ്പ് പൊട്ടായി സൂര്യസാനിദ്ധ്യം. ഒഴിവു ദിനങ്ങളിലെ സന്ധ്യകളില്‍ പ്രണയ പരവശനും താത്വികനും ഒക്കെ ആയി മാറുന്ന മജീദ്‌ എപ്പോഴും ചൊല്ലാറുള്ള കവിത.......
"മറക്കാം നമുക്കെല്ലാമീ സന്ധ്യയില്‍
മരിക്കുന്ന സൂര്യനുദിക്കുമുഷസ്സായ്
മരിക്കാത്ത വാക്കുകള്‍ ബാക്കിയാക്കി
മരിക്കുന്ന മനുഷ്യനില്ലിനിയുമൊരു ജന്മം."

അന്തം വിട്ടു നില്‍ക്കുന്ന സുഹറയുടെ കവിളില്‍ തലോടി മജീദ്‌ പറയും
" അന്തിച്ചോപ്പ്‌ മുഴുവനും നിന്റെ കവിളിലാണ് . പിന്നെങ്ങനെ ഇവിടുത്തെ സന്ധ്യകള്‍ക്ക് ഭംഗിയുണ്ടാവും."
" .. ങ്ങക്ക് നൊസ്സാണ്......!" നാണത്താല്‍ നനഞ്ഞ സുഹറയുടെ മന്ത്രണം. അങ്ങനെ......യങ്ങനെ...!!
"അപ്പഴേ..." ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ പുറകില്‍ ഇക്കയാണ്‌.
" ന്താ..ത്ര ആലോയ്ക്കണത്...? ഞാന്‍ നിസ്കരിച്ചിട്ടു വരാം. .. ഈ പെണ്ണിന്റെ ഒരു കാര്യം..." ഇക്ക പിറു പിറുത്ത് കൊണ്ട് തിരിഞ്ഞു നടന്നു.
പള്ളിയില്‍ നമസ്കാരത്തിനുള്ള വിളി.
മൊബൈലില്‍ സംസാരിച്ചു കൊണ്ടാണ് ഇക്ക കയറി വന്നത്. മുഖത്തെ ഉത്കണ്ഠ പുറത്തു കാണിക്കാതിരിക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ! വിയര്‍പ്പില്‍ കുളിച്ച ഇക്കയുടെ ശരീരം. ! ധരിച്ചിരുന്ന *കന്തൂറ ശരീരത്തോട് ഒട്ടിയിരുന്നു. ഇക്കയുടെ മുഖത്തെ ഭാവ ഭേദങ്ങള്‍ സുഹറയും ശ്രദ്ധിച്ചു. ബാബി കൊടുത്ത വെള്ളം ഇക്ക ഒറ്റ വീര്‍പ്പില്‍ കുടിച്ചു തീര്‍ത്തു. ഇക്കയുടെ പ്രയാസം കണ്ടിട്ടാവണം ബാബിയുടെ മുഖവും വിവര്‍ണ്ണമായി.മൊബൈലില്‍ കാളുകള്‍ നിരന്തരം വന്നു കൊണ്ടിരിക്കുന്നു. ബാബിയുടെയും സുഹറയുടെയും ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി പറയാതെ ഇക്ക ഫോണില്‍ അടക്കം പറയുന്നു.
" ...ങ്ങള് ..ങ്ങട്ട് ..പോരിന്‍...ഓളോട് എങ്ങന്യാ ...പറയ...ഒരു പിടീം കിട്ടണില്ലാ....., ദേഹം വിറച്ചിട്ട്‌ പാടില്ലാ.............."
മാനസിക സമ്മര്‍ദ്ദത്തിന്റെ വേലിയേറ്റം ക്ഷമയുടെ സീമകള്‍ ഭേദിക്കാന്‍ ബാബിയെ നിര്‍ബന്ധിച്ചു. ".... എന്താ...ന്താ ...പറ്റിയേ.....ങ്ങള് ..കാര്യം പറയ്‌..."
ജിജ്ഞാസയോടെ വിഷമിച്ചു നില്‍ക്കുന്ന സുഹറയെ ഒന്ന് നോക്കി ഇക്ക മുഖത്തെ ഭാവം മാറ്റാന്‍ വിഫല ശ്രമം നടത്തി.
"ഏയ്‌ ....ഒന്നൂലാ ...ന്റെ കമ്പനീലെ ഒരു കാര്യാ..കൊഴപ്പം ഒന്നൂല്ലാ....., ആ സൂറ..മജീദ്‌ വരാന്‍ ചിലപ്പോ നാളേം കൂടി കഴിയും...,"
സംസാരം പകുതിയില്‍ നിര്‍ത്തി അയാള്‍ ടോയിലെറ്റില്‍ കയറി കതകടച്ചു.

സുഹറയും ബാബിയും മുഖാമുഖം നോക്കി ഒന്നും പറയാതെ അല്‍പനേരം നിന്നു. നിമിഷങ്ങള്‍ നീങ്ങിയിട്ടും ടോയിലെട്ടിന്റെ കതകു തുറക്കാതായപ്പോള്‍ രണ്ടു പേരുടേയും ഉള്ള് പിടഞ്ഞു.സുഹറയുടെ മനസ്സ് വായിച്ചിട്ടാകണം ബാബി ടോയിലെട്ടിന്റെ വാതിലില്‍ മുട്ടി. തുടരെ മുട്ടിയപ്പോള്‍ അയാള്‍ വാതില്‍ തുറന്നു. അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു. അത് കണ്ടു കൊണ്ട് തന്നെ ബാബി ഗദ്ഗദത്തോടെ ചോദിച്ചു.
" ന്താ....എന്താ പറ്റിയേ...........? ങ്ങളെ...കണ്ണ് കലങ്ങീട്ടുണ്ടല്ലോ...? "
അയാള്‍ ചിരിക്കാനൊരു പാഴ് ശ്രമം നടത്തി." സോപ്പ്... സോപ്പായതാ.."
കൂടുതല്‍ പറയാന്‍ ആകാതെ അയാള്‍ മുറിയില്‍ കയറി. ഒപ്പം ബാബിയും. അനിഷ്ട കരമായത് എന്തോ സംഭവിച്ചിരിക്കുന്നു എന്ന ആവലാതിയോടെ സുഹറ പുറത്തും.

മുറിയില്‍ നിന്നു പുറത്തു വന്നപ്പോള്‍ ഇക്കയുടെ മുഖത്തെ വ്യാകുലത ബാബിയിലെക്കും പകര്‍ന്നതായി സുഹറക്ക് തോന്നി. ഒരു തളര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന സുഹറയോട് ഇക്ക പറഞ്ഞു." മോളെ...മജീദ്‌ ബോര്‍ടെരില്‍ വെച്ച് ഒരു അറബിയുമായി....ചെറിയൊരു കശപിശ."
സുഹറ തട്ടം കൊണ്ട് ചുണ്ടുകള്‍ അമര്‍ത്തി കരച്ചിലടക്കാന്‍ പാട് പെട്ടു.
" ദേ..ഇതാണ് ..ഞാന്‍ പറയാതിരുന്നത്..., മോള് സബൂറായി കേള്‍ക്ക്..വല്ല്യ പ്രശ്നം ഒന്നൂല്ലാ..ചെറിയൊരു കേസ് അത്രേയുള്ളൂ...."
" ഇക്കാ ന്റെ മജീദ്‌ക്ക.............?? "
സുഹറ മജീദിന്റെ മൊബൈലിലേക്ക് ട്രൈ ചെയ്തു. കിട്ടുന്നില്ല. വിഷമം കടിച്ചമര്‍ത്തി ഇക്ക പറഞ്ഞു.
" കിട്ടില്ല..പോലീസ് ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തിട്ടുണ്ടാകും... മോള് കരയാണ്ടിരിക്ക്‌...ഷുക്കൂറും സലീമുമൊക്കെ അങ്ങോട്ട്‌ പോയിട്ടുണ്ട്. ഇക്കേം പോണ്ണ്ട് ...ഒക്കെ ശരിയാകും..."

കുഞ്ഞിനെ മടിയിലിരുത്തി മൂകയായി ബാബി. തിമര്‍ത്തു പെയ്യാനൊരുങ്ങുന്ന ആകാശം പോലെ ബാബി.
എല്ലാവരും എന്തൊക്കെയോ തന്നില്‍ നിന്നു ഒളിക്കുന്നു എന്ന സംശയം സുഹറയെ വല്ലാതെ വിഷമിപ്പിച്ചു.
മൊബൈലില്‍ സംസാരിച്ചു കൊണ്ട് ഇക്ക പുറത്തു പോയി. സംസാരത്തിനിടയില്‍ പോലീസ്, ആശുപത്രി എന്നൊക്കെ അവ്യക്തമായി കടന്നു വരുന്നത് സുഹറയെ കൂടുതല്‍ തളര്‍ത്തി.
മണി ഒന്‍പതു കഴിഞ്ഞിട്ടുണ്ടാകും.
ഫ്ലാറ്റില്‍ സന്ദര്‍ശകരുടെ എണ്ണം കൂടി വരുന്നു. എന്തോ പറയാന്‍ വിതുമ്പി പാതിവഴിയില്‍ മൌനമായി ഘനീഭവിക്കുന്ന മുഖം എല്ലാവര്‍ക്കും.

സമാശ്വസിപ്പിക്കലിന്റെയും തേങ്ങലിന്റെയും സമ്മിശ്രതയില്‍ ഒരു രാത്രി അവസാനിച്ചു.
രാത്രിയില്‍ പുറത്തു പോയ ഇക്കയും ഇത് വരെ വന്നില്ല.ഫോണും എടുക്കുന്നില്ല.
നേരം പുലര്‍ന്നിരിക്കുന്നു.
അശുഭ ചിന്തകളാല്‍ പ്രക്ഷുബ്ദമായി ഉറങ്ങാന്‍ വിസമ്മതിച്ച മനസ്സ് . സന്ദര്‍ശകരുടെ എണ്ണം കൂടുന്നു. ഏതോ ദുരന്തത്തിന്റെ അവ്യക്ത ചിത്രങ്ങള്‍ എല്ലാ മുഖത്തും പ്രതിഫലിച്ചിരുന്നു.ഇക്ക പറഞ്ഞത് പോലെ ചെറിയൊരു കേസ് ആകുമോ..? വന്നവരുടെ മുഖത്തെ ദുഃഖം അതിനെക്കാള്‍ വലിയതെന്തോ ഒന്ന് എന്ന ദുഷ് ചിന്തകളിലേക്ക് മനസ്സിനെ വലിക്കുന്നു. ഉള്ള് പിടഞ്ഞു.
അല്പം കഴിഞ്ഞപ്പോള്‍ ശുക്കൂര്‍ വന്നു. കയ്യില്‍ ഉണ്ടായിരുന്ന കടലാസുകള്‍ സുഹറക്ക് നല്‍കി.
" അമ്മായി ഇതിലൊക്കെ ഒന്ന് ഒപ്പിടണം..ഭാര്യയുടെ ഹര്‍ജി കേസീന്ന് ഒഴിവാകാന്‍ ഒത്തിരി സഹായിക്കൂത്രേ.... പിന്നെ അമ്മയിടെ പാസ്പോര്‍ട്ടും വേണം....."
മുറിഞ്ഞു മുറിഞ്ഞു ശുക്കൂര്‍ അത്രയും പറഞ്ഞു.
" മോനെ..ശുക്കൂരെ..സത്യം പറ...മജീദ്‌ക്കാക്ക് ...???"
വൃഥാ ചിരിക്കാന്‍ ശ്രമിച്ച്‌ അടര്‍ന്നു വീഴുന്ന കണ്ണുനീര്‍ സുഹറ യില്‍ നിന്നു മറച്ചു അവന്‍ പറഞ്ഞു...
" ഇല്ല അമ്മായി...ഒന്നൂല്ലാ..ഞങ്ങളൊക്കെ ഇല്ലേ..."

ശുക്കൂര്‍ പറഞ്ഞിടത്തെല്ലാം സുഹറ ഒപ്പ് വെച്ചു. അതുമായി ശുക്കൂര്‍ വേഗം തിരിച്ചു പോയി.

പള്ളിയില്‍ നിന്നു അസര്‍ ബാങ്ക് വിളിക്കുന്നു. ഫ്ലാറ്റില്‍ വന്നവര്‍ ആരും പോയിട്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ തളര്‍ന്നവശനായി ഇക്ക വന്നു.
പ്രതീക്ഷയോടെ , ആകാംക്ഷയോടെ സുഹറ ഇക്കയുടെ അരികില്‍ എത്തി.തളര്‍ന്ന് മുഖം കുനിച്ചിരിക്കുന്ന ഇക്ക മെല്ലെ തല ഉയര്‍ത്തി.
" മോളെ.. ഇക്ക പറേണത് മോള്‍ സബൂറായി കേള്‍ക്കണം... , മജീദിന്റെ കേസ് തീരാന്‍ കുറച്ചു താമസണ്ടാവും..."
തേങ്ങല്‍ പൊട്ടിക്കരച്ചിലായി മാറവേ..ഇക്കയുടെ ശബ്ദം വീണ്ടും...
" നിക്ക് ..തോന്നണത് ...മോളും..കുഞ്ഞും..തത്കാലം നാട്ടീ പോണതാ നല്ലതുന്നാ..."
അത്ഭുതത്തോടെയും അതിലേറെ വേദനയോടെയും..ഇക്കയെ നോക്കി.
' വേണ്ട ഇക്കാ.. മജീദ്‌ക്കയില്ലാതെ...., മജീദ്‌ക്ക ഇവിടെ ഒറ്റയ്ക്ക്...."
“പറേണത് കേള്‍ക്കു മോളെ...മജീദും കൂടി പറഞ്ഞിട്ടാ..ഈ അവസ്തേല്..മോള് ഇവിടെ നിക്കണ്ട...., ഒറ്റയ്ക്ക് പോവണ്ട.. ഞാനും ബാബിയും കൂടെ വരാം...."
"അല്ലാഹ്....എന്താ ...ഇക്കാ ഇത്രേം വല്ല്യ പ്രശ്നാണോ...!!"
സുഹറയുടെ എല്ലാ നിയന്ത്രണവും തെറ്റി. അവള്‍ പൊട്ടിക്കരഞ്ഞു. അവളുടെ കരച്ചില്‍ തുടര്‍ച്ചയായി. അവിടെ ഉണ്ടായിരുന്നവരിലേക്ക് അത് പടരാന്‍ തുടങ്ങി. പക്ഷെ സ്വയം മറന്നു കരയുന്ന സുഹറ അത് കണ്ടില്ല.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു യാത്ര!
മജീദ്‌ക്കയെ കാണാതെ, സംസാരിക്കാതെ പുറപ്പെടേണ്ടി വന്ന തന്റെ വിധിയെ പഴിച്ച്, തന്റെ മജീദ്‌ക്കാക്ക് ആപത്തൊന്നും വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിച്ച് , തന്റെ കുഞ്ഞിനെ മാറോടണച്ചു ജീവശ്ചവം പോലെ അവള്‍ ഫ്ലൈറ്റില്‍ ഇരുന്നു.

എയര്‍ പോര്‍ട്ടില്‍ സുഹറയുടെ ഉപ്പയും അനിയനും ഉണ്ടായിരുന്നു. കൂട്ടത്തില്‍ അമ്മായിയെയും സുധ ടീച്ചറെയും കണ്ട് സുഹറ തെല്ല് അമ്പരന്നു!
സുഹറയില്‍ നിന്ന് കുഞ്ഞിനെ വാങ്ങി അമ്മായി. സുധ ടീച്ചറും തികച്ചും മ്ലാനയായിരുന്നു. കൂടെ ഉണ്ടായിരുന്ന ഇക്കയേയും കുറച്ചു നേരത്തേക്ക് കണ്ടില്ല. കുറെ ഏറെ കഴിഞ്ഞാണ് ഇക്ക വന്നത്.

വാഹനം മെല്ലെ മുന്നോട്ട്‌. ഹൈവേയിലൂടെ നഗരങ്ങള്‍ പിന്നിട്ട്.
ഇടക്കെപ്പെഴോ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു അപശകുനം പോലെ പിറകില്‍ ഒരു ആംബുലന്‍സ്‌.
പ്രധാന നിരത്തിലെ വളവുകളും കയറ്റവും ഇറക്കവും ഒക്കെ കഴിയുമ്പോള്‍ പിന്നില്‍ ഇടയ്ക്കിടെ കാണുന്ന ആംബുലന്‍സിന്റെ നിറവും നിലവിളിയും ഒരു അസ്വസ്ഥതയായി സുഹറയില്‍.
" ഇക്കാ, ഒരു ആംബുലന്‍സ്‌ കുറെ നേരമായി നമ്മുടെ പിന്നാലെ...!?"
ഒരു ഞെട്ടലോടെയാണ് ഇക്കയത് കേട്ടതെങ്കിലും വളരെ ലാഘവത്തോടെ മറുപടി പറയാന്‍ ഇക്ക നന്നേ ശ്രദ്ധിച്ചു.
"ഏയ്...അത് ആര്‍ക്കെങ്കിലും വയ്യാണ്ടാവും..."
മുന്‍ സീറ്റിലിരുന്ന ഉപ്പ ഇക്കയുടെ തോളിലേക്ക് അമരുന്നത് വണ്ടിയുടെ ഉലച്ചിലില്‍ ആണെന്ന് അവള്‍ കരുതിക്കാണുമോ ....?
അങ്ങാടിയില്‍ നിന്ന് വീട്ടിലേക്കുള്ള വളവു തിരിഞ്ഞപ്പോഴും നഷ്ടപ്പെടലിന്റെ നിലവിളിയുമായി അതേ ആംബുലന്‍സ്‌ അവര്‍ക്ക് പുറകെ..ഉണ്ടായിരുന്നു. കൂട്ടിയും കിഴിച്ചും കലുഷിതമായിരുന്ന സുഹറയുടെ മനസ്സ് അവളുടെ കൈപ്പിടിയില്‍ നിന്ന് വഴുതാന്‍ തുടങ്ങിയിരുന്നു.
ഗേറ്റ് കടന്ന് വണ്ടി വീട്ടിലേക്കുള്ള വഴിയില്‍ കയറിയപ്പോള്‍ ... മുറ്റത്തു നിറഞ്ഞു നില്‍ക്കുന്ന ജനക്കൂട്ടം..!! പിന്നില്‍ മരണത്തിന്റെ നിലവിളിയുമായി ആംബുലന്‍സ്‌ !
സുധ ടീച്ചറും അമ്മായിയും സുഹറയെ മുറുകെ പിടിച്ചു.

അമ്പരപ്പോടെ അവരെ നോക്കുമ്പോള്‍ അകത്തു നിന്ന് ഉമ്മയുടെ നിലവിളി...

" ന്റെ.. മജീദ്‌ മോനെ..........ഉമ്മാടെ പോന്നു മോനെ..........."
സുഹറയുടെ എല്ലാ നിയന്ത്രണവും തെറ്റി. സര്‍വ്വ ശക്തിയുമെടുത്ത് അവള്‍ കുതറി വണ്ടിയില്‍ നിന്ന് ഇറങ്ങി ആമ്ബുലന്സിനു നേരെ ഓടി.
ആംബുലന്‍സില്‍ നിന്ന് ഇറക്കുന്ന പെട്ടിയില്‍ തന്റെ പ്രിയപ്പെട്ട മജീദ്‌ക്കയാണെന്ന് അറിയുന്നതിന് മുന്‍പേ അവള്‍ തളര്‍ന്ന് വീണു. പകുതി മുറിഞ്ഞ ഉമ്മയുടെ നിലവിളികളും അവള്‍ കേള്‍ക്കാതായി.

*കന്തൂറ = അറബികളുടെ നീളന്‍ കുപ്പായം.
സില = Border of U.A.ഇ
മലബാറിലെ ഒരു ചെറു ഗ്രാമത്തില്‍ സുഹറ ഇന്നും ജീവിക്കുന്നു. തന്റെ പ്രിയപ്പെട്ട മജീദ്‌ക്കയുടെ ഛായ ഉള്ള പൊന്നുമോന്റെ കളിയും ചിരിയും തിരിച്ചറിയാന്‍ ആവാതെ........!!!
സുഹറയുടെ ബന്ധുക്കള്‍ ചെയ്തത് ശരിയോ..തെറ്റോ..എന്ന ഒരു ചോദ്യം എനിക്കിപ്പോഴും ബാക്കി...അത് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുന്നു...

1 comment: