Saturday, October 17, 2009

റൂഹാനി ( The Ghost )!!! ( കഥ)

കാഞ്ഞിരമുറ്റം പരീത് ഔലിയയുടെ ആണ്ടു നേര്‍ച്ചയോടനുബന്ധിച്ചാണ് ഞങ്ങളുടെ പള്ളിയില്‍ പള്ളിയുമായി ബന്ധപ്പെടാത്ത ഒരു അനാചാരമെന്ന നിലക്ക് ചന്ദനക്കുടം നേര്‍ച്ച നടന്നു വന്നിരുന്നത്.

പള്ളിയുടെ മുറ്റത്തിനരികിലായി പള്ളിക്കാട്ടില്‍ ഏറ്റവും ഉയരം കൂടിയ വൃക്ഷം - കണ്ടാല്‍ ആര്യ വേപ്പിന്റെത് പോലെ ഇലകള്‍ ഉള്ള - ഒരു മഹാമരം ആയിരുന്നു കൊടിമരം ആയി ഉപയോഗിച്ചിരുന്നത്. തേക്കും ചന്ദനവും കൊണ്ട് സമൃദ്ധമായ പള്ളിക്കാട്ടില്‍ തലമുറകളുടെ ആത്മാവുകള്‍ രാപ്പാര്‍ക്കുന്ന ഒട്ടനവധി വൃക്ഷ ലതാതികള്‍ വേറെയുമുണ്ട്‌. ഖബര്‍ വാസികളോട് സ്വകാര്യം പറയാന്‍ മണ്ണ് മാന്തി പൊത്തുകളുണ്ടാക്കുന്ന ചെറിയ വന്യജീവികള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മറ്റു ഭീഷണികള്‍ ഒന്നുമില്ലാത്ത കാട്.
മഴക്കാലമായാല്‍ കമ്മ്യൂണിസ്റ്റ്‌ പച്ചയും കത്തിപ്പുല്ലും പേരറിയാത്ത ധാരാളം ഔഷധച്ചെടികളും നിറഞ്ഞ ഒരു ഹരിത വനം തന്നെയാണ് പള്ളിക്കാട്.
ഇങ്ങനെയൊക്കെയാണെങ്കിലും ഇഷാ നമസ്കാരം കഴിഞ്ഞാല്‍ പള്ളിയുടെ മതില്‍ക്കെട്ടിനുള്ളിലൂടെ നിര്‍ഭയം നടക്കാന്‍ ധൈര്യമുള്ളവര്‍ വളരെ ചുരുക്കം! ഇവിടെയാണ്‌ നമ്മുടെ കഥാ നായകനും രംഗപ്രവേശം ചെയ്യുന്നത്.

കരിങ്കല്ല് പോലെ എന്ന് പണ്ട് ഞങ്ങള്‍ പറഞ്ഞിരുന്നതും ഭയത്തോടെ ബഹുമാനിച്ചിരുന്നതും ആയ പള്ളിയിലെ മുക്രി ബീരാനിക്കയുടെ സ്ഥാനം കഴിഞ്ഞാല്‍ പിന്നെ സ്ഥാനം പിടിച്ചു വാങ്ങിയിരുന്നതും കൊടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരുന്നതും കാദര്‍ക്കാക്കാണ്. പ്രധാന നാടന്‍ കലകളായ കളരിപ്പയറ്റ്, ഉഴിച്ചില്‍, മുച്ചീട്ട് കളി തുടങ്ങിയവയിലൊക്കെ അതി പ്രഗത്ഭനെന്നു സ്വയം അഭിമാനിച്ചിരുന്ന കാദര്‍ക്ക തന്റെ എല്ലാ ചലനങ്ങളിലും അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഉറ്മി വീശല്‍, പന്തം വീശല്‍ , വടി വീശല്‍, ചെംട്ടടി തുടങ്ങിയവയിലൊക്കെ വ്യക്തിമുദ്ര സ്വന്തം താടിയിലും കയ്യിലും കണംകാലിലും പതിപ്പിച്ച കാദര്‍ക്ക ഞങ്ങളുടെ ഇടയില്‍ ഒരു അത്ഭുത പ്രതിഭാസവും വീര സാഹസിക നായകനുമൊക്കെ ആയിരുന്നെങ്കിലും ഞങ്ങളുടെ സീനിയര്‍സ്‌ ആയിരുന്ന കുറെ " ഹറാം പിറന്നവരുടെ" ( ഇത് കാദര്ക്കയുടെ ഭാഷയാണ്. ) ഇടയില്‍ പരിഹാസ്യനായിരുന്നു. തരം കിട്ടുമ്പോഴൊക്കെ അവര്‍ കാദര്ക്കയെ കളിയാക്കാനും ദേഷ്യപ്പെടുത്താനും മറക്കാറില്ലായിരുന്നു.

കല്ല്യാണ വീടുകളില്‍ തലേന്ന് രാത്രി അറുക്കപ്പെടുന്ന പോത്തിന്റെ മുഖ്യ ഘാതകനായ മുക്രി ബീരാനിക്കയുടെ പ്രധാന സഹായിയായി ഉറച്ച ചുവടുകളുമായി കാദര്ക്കയുമുണ്ടാവും. ഇരുകാലുകള്‍ വീതം കൂട്ടിക്കെട്ടി വാലില്‍ പിടിച്ച് പോത്തിനെ അതിസമര്‍ത്ഥമായി വന്‍ വീഴ്ച്ചയിലേക്ക് തള്ളിയിടുന്നതില്‍ അതി കേമനാണ് കാദര്‍ക്ക. അതിന്റെ അംഗീകാരം എന്ന നിലക്ക് നെറ്റിയില്‍ ഇടതു ഭാഗത്ത് കറുത്തുവീര്‍ത്ത ഒരു മുഴയുമുണ്ട്.

പള്ളിക്ക് പുറകില്‍ പള്ളിക്കുളം. അതിനപ്പുറം പിന്നെയും പള്ളിക്കാട്. അതിനുമപ്പുറം സ്വച്ഛന്ദ ശാന്തമായൊഴുകുന്ന പുഴ. പുഴയോരം ചതുപ്പ് നിലമായതിനാല്‍ ആ ഭാഗം തീര്‍ത്തും വിജനമായിരിക്കും. കയ്യെത്തിച്ച് പൊട്ടിക്കാവുന്ന ഉയരത്തില്‍ നല്ല ഇളനീരുകള്‍ ഉള്ള തെങ്ങിന്‍ തൈകള്‍ നിറഞ്ഞ പ്രദേശം ആണെങ്കിലും ഒരൊറ്റ ഇളനീര്‍ പോലും മോഷ്ടിക്കപ്പെടാത്ത ഒരേയൊരു പ്രദേശവും ഇത് തന്നെ! കാരണം, പള്ളിക്കാടിന്റെ പ്രാന്ത പ്രദേശം എന്നതിലുപരി -നാട്ടുകാരെ ഭാഗികമായും വീട്ടുകാരെ പ്രത്യേകിച്ച് കെട്ട്യോള്‍ കുഞ്ഞീവിയെയും മക്കളെയും പൂര്‍ണ്ണമായും - വിറപ്പിച്ചിരുന്ന ഗജ പോക്കിരി കൊമ്പന്‍ അവറാന്റെ അലഞ്ഞു തിരിയുന്ന * "റൂഹാനിയാണ്."
പലരും കൊമ്പനവറാന്റെ അലഞ്ഞു തിരിയുന്ന പ്രേതാത്മാവിനെ കണ്ടിട്ടുണ്ടത്രേ! ചിലര്‍ പേടിച്ച് പത്തിരിപ്പാല , ഏര്‍വാടി തുടങ്ങിയ ദര്‍ഗ്ഗകളില്‍ മാസങ്ങളോളം മന്ത്രീകരിക്കപ്പെട്ടിട്ടുമുണ്ട്. വിചിത്രമായത്, ജീവിതത്തില്‍ നേരാം വണ്ണം വസ്ത്രം ധരിക്കാത്ത കൊമ്പന്‍ അവറാന്റെ റൂഹാനിയെ പലരും കണ്ടിട്ടുള്ളത് വെള്ള തലപ്പാവും താടിയും ഉള്ള ശുഭ്ര വസ്ത്രാലങ്കാരത്തോടെയാണ്. ( ഒരു പക്ഷെ, മരണ ശേഷം അവറാന്‍ നന്നായിട്ടുണ്ടാകും!!).
എന്തായാലും കൊമ്പന്‍ അവറാന്റെ ജീവിതം കൊണ്ട് ഒരു നയാപൈസയുടെ ഗുണം നാടിനും വീടിനും ഉണ്ടായിരുന്നില്ലെങ്കിലും മരണ ശേഷം പള്ളിക്കും പള്ളിപ്പറമ്പിനും ഒത്തിരി ഗുണങ്ങള്‍ ഉണ്ടായി.

പള്ളിക്കുളം.
പണ്ടെന്നോ, ചെങ്കല്ല്‌ വെട്ടിയെടുത്ത ഭംഗിയുള്ള സമ ചതുരാകൃതിയിലുള്ള ഒരു മട. അതിനു പടവുകള്‍ ഉണ്ടാക്കിയപ്പോള്‍ ഒരു നല്ല സ്വിമ്മിംഗ് പൂള്‍ ആയി പരിണമിക്കുകയായിരുന്നു. പച്ചയും നീലയും മാറി മാറി നിറഭേദങ്ങള്‍ ഉണ്ടാക്കുന്ന മനോഹരമായ കുളം. പല തലമുറകള്‍ക്ക് നീന്തല്‍ പഠിപ്പിച്ച ഒരു കലാശാല. കൊടിയ വേനലിലും വെള്ളം വറ്റാത്തതിന്റെ പിന്നില്‍ കൊമ്പന്‍ അവറാന്റെ കയ്യുണ്ടെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.!
പള്ളിക്കുളത്തില്‍ വളര്‍ത്തുന്നതും വളരുന്നതുമായ കറുത്തു ബലിഷ്ടരായ "തിലാപ്പിയ മത്സ്യങ്ങള്‍ " അന്നും ഇന്നും എല്ലാവരുടെയും അത്ഭുതമാണ്. ഈ തിലാപ്പിയകളെ *സിയാറത്ത്‌ ചെയ്യാനും അന്നം കൊടുക്കാനും വരുന്ന ഭക്ത ജനങ്ങളും കുറവല്ല.!
അന്ന ധാതാക്കള്‍ കുളത്തിലേക്ക് അന്നത്തുണ്ടുകള്‍ എറിയുമ്പോള്‍ കൂട്ടമായി ഓടിവരുന്ന തിലാപ്പിയകള്‍ , അഭയാര്‍ത്ഥി ക്യാമ്പുകളില്‍ യു എന്‍ ട്രക്കുകള്‍ക്ക് പിറകെ ഓടുന്ന അഭയാര്‍ത്ഥികളെ ഓര്‍മിപ്പിക്കുന്നു.
പള്ളിക്കുളത്തില്‍ വെള്ളത്തേക്കാള്‍ കൂടുതല്‍ തിലാപ്പിയകള്‍ ആണെന്ന് അതിശയോക്തി.

കുളിക്കാനിറങ്ങുന്നവര്‍ കട്ടിയുള്ള അണ്ടര്‍വെയറും അതിനു മുകളില്‍ കട്ടിയുള്ള തോര്‍ത്തുമുണ്ടും ചുറ്റിയല്ലാതെ കുളത്തില്‍ ഇറങ്ങിയാല്‍ നൂറു പവനും മാരുതി കാറും ഒരു നഷ്ട സ്വപ്നമാവും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല!
എന്നാല്‍ ഇതിനെല്ലാം ഭീഷണിയായി തോര്‍ത്തും അണ്ടര്‍വെയറും ഇല്ലാതെ കുളത്തില്‍ നീരാടുന്ന ഒരേയൊരാള്‍ സാക്ഷാല്‍ കാദര്‍ക്ക മാത്രമാണ്. തിലാപ്പിയകളും കാദര്‍ക്കയും തമ്മിലുള്ള ഈ പരസ്പര ധാരണയുടെ രഹസ്യം ഇതുവരെ വെളിവാക്കിയതുമില്ല.
ഈ ഒരു അണ്ടര്‍സ്ടാണ്ടിങ്ങിനെ മുന്‍നിര്‍ത്തിയാകണം പകല്‍ നേരങ്ങളില്‍ "തിലാപ്പിയ റോബറിക്ക്" വരുന്നവരെ പിടികൂടുവാന്‍ കാദര്‍ക്ക നിയോഗിക്കപ്പെട്ടത്.
രാത്രികളില്‍ കൊമ്പന്‍ അവറാന്റെ റൂഹാനിയും പകലുകളില്‍ കാദര്‍ക്കയും തിലാപ്പിയകളുടെ സംരക്ഷകരായി.
പള്ളിക്കുളത്തില്‍ തിലാപ്പിയകള്‍ സ്വച്ചന്ദം വിഹരിച്ചു. പുഴക്കരയിലെ ഇളനീരുകള്‍ മുഴുത്ത തേങ്ങകളും ആയി.

ഇതൊക്കെയാണെങ്കിലും പള്ളിക്കുളത്തില്‍ തിലാപ്പിയകള്‍ എണ്ണം കുറയുന്നുണ്ടെന്ന തര്‍ക്കം മുക്രി ബീരാനിക്കയും കാദര്‍ക്കയും തമ്മില്‍ നടക്കാറുണ്ട്.
കാദര്‍ തന്നെ കോരി മാറ്റുന്നതാണ് എന്ന മുക്രിയുടെ ആരോപണത്തിന് " കൂമന്‍ തപ്പുന്നതാവും എന്നും മുത്ത്‌ നബിയാണെ ഞാനൊരെണ്ണം പോലും പിടിക്കാറില്ലെന്നും സംശയമുണ്ടെങ്കില്‍ എണ്ണി നോക്കിക്കോളൂ " എന്നുമുള്ള അവസാന വാക്കില്‍ തര്‍ക്കം തീരുകയും ചെയ്യും.

ഈയൊരു കാലയളവിലാണ് ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒരു ഹറാം പിറന്നവന്റെ പുതിയ കണ്ടുപിടിത്തം. "രാത്രി കാലങ്ങളില്‍ പള്ളിക്കാട്ടിലും പരിസരങ്ങളിലും പുഴക്കരയിലും അലയുന്ന കൊമ്പന്‍ അവറാന്റെ റൂഹാനിക്ക് ആകാരം കൊണ്ടും നടത്തം കൊണ്ടും കാദര്ക്കാടെ രൂപമാണെന്ന്".

അക്ഷരാര്‍ഥത്തില്‍ ഞെട്ടിയെങ്കിലും കുളത്തില്‍ എണ്ണം കുറയുന്ന തിലാപ്പിയകള്‍ നസ്രാണികള്‍ തിങ്ങി പാര്‍ക്കുന്ന പറപ്പൂരെ ചന്തയില്‍ കാദര്‍ക്ക തന്നെ വില്‍ക്കുന്നത് കണ്ടവരുണ്ടെന്ന രഹസ്യ റിപ്പോര്‍ട്ടും കൂട്ടി വായിച്ചപ്പോള്‍ എവിടെയോ എന്തോ സേതു മാധവന് അന്വേഷിക്കാനുള്ളത് ചീഞ്ഞു നാറുന്നുണ്ട് എന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നി.

കൊമ്പനവരാന്റെ റൂഹാനി ഒരു വലിയ പ്രതിബന്ധമായിരുന്നെങ്കിലും സംഗതികളുടെ നിജസ്ഥിതി അറിയുവാനുള്ള തീരുമാനത്തിലെത്തി ഞങ്ങള്‍. ഏകാങ്ക സംവിധായകന്‍ എന്ന നിലയില്‍ വലിയ പരാജയം ആയിരുന്ന ബഷീറിന്റെ സംവിധാനത്തില്‍ ആയിരുന്നു എല്ലാം.

സ്കൂളില്‍ പ്രച്ഛന്ന വേഷത്തില്‍ പങ്കെടുത്തു എന്ന അപരാധത്താല്‍ പണ്ടെന്നോ തൂങ്ങി മരിച്ച ഉമ്മാച്ചുത്തയുടെ പ്രേതമായി എന്നെ വേഷം കെട്ടിച്ചു.
അടിച്ചു മാറ്റിയ ഉമ്മയുടെ നിസ്കാര കുപ്പായവും മക്കനയും ധരിച്ച് ഞാന്‍. കുളത്തിനരികിലെ പള്ളിക്കാട്ടില്‍ . കുറച്ചു മാറി അപ്പുറത്ത് മറ്റു ഹറാം പിറന്നവരും.
എങ്ങും ഒരു പള്ളിക്കാട്മൂകത.
പള്ളിക്കാടിനോട് മത്സരിച്ച് മണ്ണില്‍ തൊടാനാവാതെ വൃക്ഷത്തലപ്പുകളില്‍ നിലാവ്.
ചിവീടുകളുടെ ഉച്ചസ്ഥായിയിലുള്ള കച്ചേരി.
കൊമ്പന്‍ അവറാന്റെ റൂഹാനി സത്യമാണെങ്കില്‍........." ന്റള്ളോ....." ഉമ്മാടെ നിസ്കാര കുപ്പായം മൂത്രം മണക്കുമെന്ന അവസ്ഥ വരെ എത്തി!
"ഡാ... അവറാന്റെ റൂഹാനി ശരിക്കും ഉള്ളതാണെങ്കിലോ...? "എന്റെ സംശയത്തിന് മുട്ടിടിച്ചിട്ടാണെങ്കിലും അവര്‍ മറുപടി പറഞ്ഞു.
" ഏയ്‌ .... അതൊന്നൂല്ലെടാ..ഒക്കെ വെറുതെ..." വിശ്വാസം ഇല്ലാത്തത് കൊണ്ടാവാം പരസ്പരം കണ്ണ് തുറിച്ചു നോക്കിക്കൊണ്ടാണ് അവര്‍ അത് പറഞ്ഞത്.

നേരം പാതിരാ കഴിഞ്ഞു കാണും. ഇരുട്ടും നിലാവും ഇട കലര്‍ന്ന് കിടക്കുന്നു പള്ളിക്കാട്ടില്‍.
പള്ളിയുടെ തെക്കേ ചരുവില്‍ പെട്ടെന്ന്.........!! ഒരു വെളുത്ത രൂപം...!! മെല്ലെ മെല്ലെ നീങ്ങി ഞങ്ങളുടെ അടുത്തേക്ക്‌...
ആ രൂപത്തിന് കാദര്ക്കയുമായി സാമ്യമുണ്ടോ എന്ന് നോക്കാനായില്ല. കൊമ്പന്‍ അവറാന്റെ റൂഹാനി അടുത്തെത്തിയതും മറഞ്ഞിരുന്ന എന്റെ കൂട്ടുകാര്‍ " ന്റള്ളോ.." എന്ന നിലവിളിയോടെ ചറപറ ചാടി ഓടി.
പെട്ടെന്നുള്ള ബഹളത്തില്‍ കൊമ്പനും ഒന്നിളകിയോ....!? കൊമ്പന്‍ എന്റടുത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു... റബ്ബേ....
ഞാന്‍ ചാടിയാല്‍ അത് അവറാന്റെ മുന്നിലേക്കാവും. എന്റെ കണ്ണുകളില്‍ ഇരുട്ട്...ഒരു നിമിഷം
"ന്റെ ബദരീങ്ങളെ..............." എന്ന വിളിയോടെ ഒരൊറ്റ ചാട്ടം! ചാടി വീണത്‌ കൃത്യമായി കൊമ്പന്‍ അവറാന്റെ മുന്നിലാണെന്ന് അറിയുന്നതിന് മുന്‍പേ ബോധം പോയിരുന്നു.

ഓര്‍മ്മ വന്നപ്പോള്‍ പനിച്ച്‌ വിറയ്ക്കുന്ന എന്റെ അരികില്‍ ഉമ്മയും വെല്ലിമ്മയും. ചന്ദനത്തിരിയുടെയും സാമ്പ്രാണിയുടെയും പുകച്ചുരുളുകള്‍ക്കുള്ളില്‍ അറിയുന്ന മന്ത്രങ്ങളുടെ കെട്ടഴിച്ച് വെള്ളത്തലപ്പാവ് കെട്ടിയ കൊയമ്മ തങ്ങള്‍.

എന്നെ കാണാന്‍ വന്ന കൂട്ടുകാരാണ് രഹസ്യമായി പറഞ്ഞത് കാദര്‍ക്ക പള്ളിക്കാട്ടില്‍ വീണ് കാലും ഒടിഞ്ഞു , കടുത്ത പനി പിടിച്ച് ആശുപത്രിയിലാണെന്ന്. തൂങ്ങി മരിച്ച ഉമ്മാച്ചുത്തയുടെ റൂഹാനി ഉപദ്രവിച്ചതാണത്രെ!!
ഇപ്പോള്‍ പള്ളിക്കുളത്തിലെ തിലാപ്പിയകള്‍ക്ക് കാവലായി രണ്ടു പ്രേതാത്മാക്കളുണ്ട്. കൊമ്പന്‍ അവറാനും ഉമ്മാച്ചുത്തയും.പറഞ്ഞു പറഞ്ഞു പള്ളിക്കാട് കയറി. ചന്ദനക്കുടത്തില്‍ തുടങ്ങി പള്ളിക്കാട്ടിലവസാനിച്ചു.അല്ലെങ്കിലും അങ്ങനെയല്ലേ വരൂ.

**********************************
സിയാറത്ത്‌ = സന്ദര്‍ശനം.

8 comments:

  1. ഒരു ഹോറര്‍ വായിച്ച് പേടിച്ച് പോയി കിടന്നുറങ്ങാമെന്ന് കരുതി വന്നിട്ട്
    ‘...നൂറു പവനും മാരുതി കാറും ഒരു നഷ്ട സ്വപ്നമാവും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല!...’എന്നൊക്കെ എഴുതി ചിരിപ്പിക്കുന്നൊ പഹയാ...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. നല്ല... കഥ ...പറച്ചില്‍ .....
    ആശംസകള്‍ ....

    ReplyDelete
  4. നല്ല രസകരമായി അവതരിപ്പിച്ചു.

    ReplyDelete
  5. sainudheen
    kure naal etthi mullappovil kayari. aakappate oru mattam. nalla pachappum niravum manavum.
    ruuhaani vaayichu. mukhathu chiriyooteyaanu athu muzhuvanum vayichu theerthathu.
    nalla rasam vaayanakku. njan muslim aanallo.athile ella bimbangalum bhashayute chaatuliyum athile ooro verukalum athinte parihaasavum minnal vekathil thalayil kayarunnathu kontu kathakku nalla ozhukku feel cheithu. nannaayi ezhuthiyirikkunnu
    nalla sukham.
    mattullava vaayikkuvan samayam kittiyilla. pinne vaayikkam.
    azeez

    ReplyDelete
  6. പറപ്പൂര്‌ നിന്ന് കാദര്‍ക്കാന്റെ കയ്യീന്ന് പിലോപ്പിയ വാങ്ങിയിട്ടുണ്ടോന്നൊരു സംശയം ഇപ്പൊ എനിക്കുമുണ്ട്‌..എന്തായാലും വളരെ നന്നായിട്ടുണ്ട്‌ സൈനുദ്ദീന്‍.. നര്‍മ്മം നന്നായി ആസ്വദിച്ചു

    ReplyDelete
  7. കാദര്‍ക്ക തന്നെ വില്‍ക്കുന്നത് കണ്ടവരുണ്ടെന്ന രഹസ്യ റിപ്പോര്‍ട്ടും കൂട്ടി വായിച്ചപ്പോള്‍ എവിടെയോ എന്തോ സേതു മാധവന് അന്വേഷിക്കാനുള്ളത് ചീഞ്ഞു നാറുന്നുണ്ട് എന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നി.
    സേതു രാമയ്യര്‍ ആണോ ഇക്കാ ?

    ReplyDelete