Saturday, October 30, 2010

ദുര്‍നടപ്പുകാരന്‍റെ ആത്മഗതം ( കവിത)









എന്‍റെ കവിതകള്‍‍ ചേറുക

പതിരൊഴിവാക്കി

മൊഴികളെടുക്കുക.

കുരുന്നുകളുടെ

കണ്ണുകള്‍‍ പൊത്തുക.

വരികള്‍ മാത്രം

കാതില്‍ പറയുക.



കുഴയുന്ന നാക്കും

പിഴയ്ക്കുന്ന വാക്കും

വിറക്കുന്ന വാക്യവും

പിഴവിന്‍റെ സന്തതികള്‍.

പിഴച്ച് പിഴച്ച്

പാതയോരത്തൊരിക്കല്‍

‍വഴിപിഴച്ചവന്‍റെ

ഗുണപാഠമായ്

ഉറുമ്പരിക്കേണ്ടവന്‍..!!




ബോധമുള്ള നിങ്ങള്‍

ബോധമില്ലാത്തയെന്നെ

ബുദ്ധനെന്ന് വിളിക്കരുത്.

എന്‍റെ അക്ഷരങ്ങള്‍‍

ശരിയെന്ന് കരുതുന്ന

വലിയൊരു തെറ്റാണ് ഞാന്‍!!



നിരന്തരമെന്നെ പിന്തുടര്‍ന്ന

കൂരമ്പുകള്‍...

എന്‍റെ മക്കളാം കവിതകള്‍..!!

തുണിയില്ലാതെയും

ഈച്ചയാര്‍ത്തും ഉറുമ്പരിച്ചും

പാതി മരിച്ച് തെരുവില്‍

കിടക്കുമ്പോള്‍

കേള്‍ക്കാതെ പോയ ശകാരം

അക്ഷരങ്ങളുടേതായിരുന്നു.

വഴിപിഴച്ചൊരച്ഛനെ

പഴി പറയുന്ന മക്കള്‍.!!




വൈകിയാണെങ്കിലുമുപചാരവും

ബഹുമതിയുടെ വെടിയൊച്ചയും

അലങ്കരിച്ച പെട്ടിയിലൊരു

അഹങ്കരിച്ച കിടപ്പും തന്നത്

ഞാന്‍‍ തന്നെ അനാഥമാക്കിയ

എന്‍റെ അക്ഷരങ്ങള്‍......




ആറാമിന്ദ്രിയമുണ്ടായിരുന്നെങ്കില്‍

ജീവിതത്തില്‍ ‍ ലഭിയ്ക്കാത്തത്

മരണത്തില്‍ ലഭ്യമെന്നറിഞ്ഞിരുന്നെങ്കില്‍

ഞാനെന്നേ മരിച്ചേനെ....!!


**********************

ഹൃദയത്തിലൊരു പൂവ്

കാത്ത് വെച്ച കവേ…

അമ്ലവീര്യത്തിലും

കരിയാത്ത പൂവിനെ

കാണാതെ പോയവര്‍ ഞങ്ങള്‍

മാപ്പ്….മാപ്പ്…..മാപ്പ്.

5 comments:

  1. മഹാ കവിക്ക്‌ പ്രണാമം !
    നന്നായി..!

    ReplyDelete
  2. തന്‍റെ മരണത്തെ കുറിച്ച് പാടി മരിച്ച കവി!
    ആദരാഞ്ജലികള്‍!!

    ReplyDelete
  3. തന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിലില്ലാത്ത രഹസ്യം പറഞ്ഞ കവിക്ക് ആദരാഞ്ജലി.

    ReplyDelete
  4. ഇതു വഴി വന്നവര്‍ക്ക് നന്ദി.

    ReplyDelete