Wednesday, December 10, 2014

സദാചാരം





വസ്ത്രം സംസ്കാരത്തെയല്ല
സംസ്കാരം വസ്ത്രത്തെയാണ്
നിജപ്പെടുത്തുന്നത്...
മുഖം വ്യക്തിത്വത്തെയല്ല
വ്യക്തിത്വം മുഖത്തെയാണ്
അലങ്കരിക്കുന്നത്.....
നടുറോട്ടില്‍ ചുംബിക്കുന്നവന്‍റെ
അമിത സ്വാതന്ത്ര്യത്തെക്കാള്‍
പര്‍ദ്ധക്കുള്ളില്‍ ഒതുങ്ങുന്നവളുടെ
മിത സ്വാതന്ത്ര്യമാണ് കാമ്യം.
നടുറോട്ടില്‍ തൂറുന്നവന്റെ സ്വാതന്ത്ര്യം
വൃത്തിയുള്ളവന്റെ പാരതന്ത്ര്യമാണ്.
മോഷ്ടാവിന്റെ സ്വാതന്ത്യ്രം
ഉടമയുടെ നഷ്ടമാണ്.
ദുരാചാരങ്ങളില്‍ നിന്ന്‍
സ്ഫുടം ചെയ്യുന്ന സദാചാരവും
പാരതന്ത്ര്യത്തില്‍ നിന്ന്‍
അഴിച്ചെടുക്കുന്ന സ്വാതന്ത്ര്യവും
മാലിന്യമുക്തമായ സമൂഹത്തെയാണ്
നിര്‍മ്മിക്കുന്നത്.
ദുര്‍ഗന്ധമില്ലാത്തിടത്തെ

ജനവാസം സുഖമമാകൂ.

Saturday, November 15, 2014

ദീര്‍ യാസീന്‍
















ഗാസാ.....
വര്‍ഗ്ഗീയതയും വംശീയതയും
രാഷ്ട്രീയവും സാമ്രാജ്യത്വവും
പകുത്തെടുത്ത ഭൂപടത്തിന്‍റെ
ഒരു തലക്കലാണ് ഞാന്‍...


ഗാസാ....
നിന്‍റെ കരള്‍ വേവുന്ന ഗന്ധം
എന്‍റെ ചിന്തകളെ കാര്‍ന്ന് തിന്നുന്നു,
നിന്‍റെ തെരുവിലെ ഉണങ്ങിയ രക്തം
എന്‍റെ സിരകളെ നിശ്ചലമാക്കുന്നു.
നിര്‍ലജ്ജം പറയട്ടെ; ലജ്ജയുണ്ടെന്‍
ഭരണകൂടം നിനക്കിട്ട വിലയോര്‍ത്ത്.
ഭൂപടത്തിന്‍റെയൊരു കോണില്‍ നിന്ന്‍
കാല്‍വരിയിലെ നക്ഷത്രമായ് ഉദിച്ചതല്ലവര്‍
നിന്‍റെ പൈതങ്ങളെ ചുട്ട് തിന്നുന്നവരുടെ
നിന്‍റെ വീഥികള്‍ രക്തപങ്കിലമാക്കുന്നവരുടെ
ഉത്പന്നമല്ലോ അവര്‍....!!
ധര്‍മ്മാധര്‍മ്മങ്ങളുടെ വേര്‍തിരിവത്രെ മഹാഭാരതം
രാമായണം നീതിബോധത്തിന്‍റെ വിളംഭരവും
താളുകളിലൊതുങ്ങിയ ധര്‍മ്മാധര്‍മ്മ-നീതികള്‍
കയ്യൂക്കുള്ളവന്റെ കയ്യിലെ ചൂഷണയന്ത്രവും.


ഗാസാ....
ചിതറിത്തെറിച്ച ഉറ്റവരുടെ കബന്ധങ്ങളില്‍
കഫന്‍തുണിക്കൊപ്പം വെയ്ക്കാനൊരു തുള്ളി
കണ്ണുനീരും , തൊണ്ടയിടറിയൊരു പ്രാര്‍ത്ഥനയും
വ്രതശുദ്ധിയോടെ നിനക്ക് വേണ്ടി.....

Friday, March 7, 2014

മറന്ന്‍ വെച്ചത്...




പരമ കാരുണികനും
കരുണാ നിധിയുമായ റബ്ബേ...
കണ്ണീരു നനച്ച ഉമ്മയുടെ
തേട്ടങ്ങള്‍ക്ക് ഗദ്ഗദവും
നോവുമൂറുന്ന ആമീനുകള്‍.
നേരം ഒച്ചിനെ പോലെയാവാന്‍
വൃഥാ മോഹിച്ച ഒരു
രാത്രിയുടെ പകുതിയില്‍
സാരിത്തലപ്പിലും
തട്ടത്തിന്‍ ഞോറിയിലും
വിടര്‍ന്ന മിഴികളിലും
വേര്‍പാടിന്‍ നോവ് നിറച്ച്
ഭാര്യയും മക്കളും ഉടപ്പിറപ്പുകളും.
തേട്ടങ്ങള്‍ക്കൊടുവില്‍
വാക്കിനെക്കാളേറെ ഉള്ളിലൊതുക്കി
പടിയിറങ്ങുമ്പോളുമ്മയുടെ ചോദ്യം;
“ ഒന്നും മറന്നിട്ടില്ലല്ലോ..”
ഓ..പെഴ്സേടുത്തില്ല;
പടിയിറങ്ങുമ്പോള്‍ പിന്നെയും
“ഒന്നും മറന്നില്ലല്ലോ....”
നെഞ്ചിടിപ്പോടെ തപ്പി നോക്കി
ഉണ്ട്, പാസ്പോര്‍ട്ടും ടിക്കറ്റുമുണ്ട്.
ഇടറിയ തൊണ്ടയില്‍ ആത്മഗതം
“ ന്‍റെ ...മോന്‍ .. പാവാ...”
ബിസ്മി ചൊല്ലി പടിയിറങ്ങുമ്പോള്‍
പിന്നെയാരും ചോദിച്ചില്ല
മനഃപൂര്‍വ്വം മറന്ന്‍ വെച്ച
എന്‍റെ ജീവിതത്തെ പറ്റി...!!
മിഴികളില്‍ നിന്നകന്നകന്നു പോകും
നോട്ടത്തിന്‍ പിന്നിലെ ദുസ്സഹമാം

ഞരക്കങ്ങളെ പറ്റി...!!

Thursday, September 19, 2013

മലബാരി(കവിത)






പരോധസമരം പിന്‍വലിച്ചു!
അനക്കെന്താ ചങ്ങായി..
ഇട്ത്താ പൊന്താത്തത്
പൊക്കാന്‍ നിക്കണാ..?
കച്ചോടം കയ്ഞ്ഞിറ്റ്
നേരണ്ടായിറ്റ് ബേണ്ടെ
യൂസഫലിക്കാക്ക്..? ചെലക്കണ്ട..ജ്ജ്.
കുഞ്ഞാലിക്കുട്ടി..ന്ത്‌ ചെയ്ത്ന്നാ..?
തൂറാന്‍ മുട്ട്യെപ്പോ...ജ്ജ്
സമരം നിര്‍ത്തീട്ട്
ഓലെ നെഞ്ഞത്ത്ക്ക് കേറല്ലാ..
സംഗതി ഹറാമന്നെങ്കിലും
ഓളെക്കണ്ടാ..ഒരു സോളാര്‍
ഞമ്മക്കും വാങ്ങാന്‍ തോന്നും.
ഞമ്മളും മനുസനല്ലെടോ..?
ഉമ്മന്‍ ചാണ്ടി എന്താക്കീന്നാ..?
മൂപ്പര് തേച്ചും ഭരിക്കും
അഴിമാതില്ലാണ്ട് ന്ത്‌ ഭരണാടോ..?
ന്താപ്പോ ഉര്‍പ്പ്യന്‍റെ കഥാ..?
ന്‍റെ കോയാ... അതൊക്കെ
അമേരിക്കടെ കള്യല്ലേ..?
ആയുധം തോറ്റപ്പോ
സാമ്പത്തികവിപ്ലവം .അത്രന്നെ..
“തആല്‍ യാ ഹിമാര്‍
ഖല്ലി ഹമ്മല്‍  സാമാന്‍
ദാഹല്‍  സയ്യാറ...”

“നഅം യാ അര്‍ബാബ്”

Monday, September 16, 2013

പ്രണയപര്‍വ്വങ്ങള്‍




















പുലരിത്തണുപ്പില്‍ പാതയോരത്ത്
പലവുരു കാത്ത് വെച്ചിട്ടെടുക്കാതെ
പോയൊരു പനിനീര്‍ പൂവായിരുന്നെന്‍
പറയാതെ പോയ പ്രണയം...
തിരണ്ട് കല്ല്യാണത്തിനൊരു തുണ്ട്
ശര്‍ക്കരയും തേങ്ങാ പൂളിലും
വരണ്ടു പോയതാണോത്ത് പള്ളി-
ക്കോലായിലെ മക്കനപ്പ്രണയം..
പിന്നിലേക്കോടി മറയും കാഴ്ചകളില്‍
പിടിവിടാതെ മിഴിവോടൊരു ഹരിത
പ്രണയമുണ്ടെന്‍ മനസ്സിലിപ്പോഴും
മരുച്ചൂട് കത്തിച്ചതിന്‍ തിരുശേഷിപ്പില്‍
തീ തിന്നാതെയൊരു നോവൂറും പ്രണയം.
തിരഞ്ഞതും കണ്ടതു,മല്ലൊടുവിലെന്നെ  
തേടി വന്ന ഭാഗ്യമാണെന്‍റെ പ്രണയം..
തള്ളുമ്പോഴും ഉള്ള് പിടയുന്നെങ്കിലത്‌
ഉള്ള് തൊട്ട നേരിന്‍റെ പ്രണയം.
അകന്നാലും മരിച്ച് മറഞ്ഞാലും
നോവുള്ളോരോര്‍മ്മ ഉള്ളിലുണ്ടെങ്കില്‍

പറയാതെപറയാം അതുതന്നെ പ്രണയം.

Saturday, July 13, 2013

വിധേയ (കവിത)


കുടുംബം പോറ്റാന്‍ വെയിലത്തും മഴയത്തും അധ്വാനിക്കുന്ന പ്രിയപ്പെട്ട സഹോദരികള്‍ക്ക് സമര്‍പ്പണം.




















ഇന്നലെ പെയ്ത മഴയില്‍
നനഞ്ഞയടുപ്പും, കരി നീക്കി
കിളിര്‍പ്പ് വീര്‍പ്പിച്ച വിറകും
വെച്ചൂതിയൂതിത്തുടങ്ങണം.
തീ പിടിപ്പിച്ചാല്‍ പിന്നെ
തൂത്ത് വാരണം അറ്റ്‌ വീണ
ഇന്നലെയുടെ ചവറുകള്‍...................
പലചരക്കുകാരന്റെ
തിളച്ചാറിയ കാമം തിളക്കുന്ന
ചോരച്ചോപ്പുള്ള ചായയിലേക്ക്
ഉണര്‍ന്നെണീക്കുന്ന അസഭ്യങ്ങള്‍.
വെയില്‍ കത്തുന്ന പകലില്‍
സൂര്യസ്നേഹം പ്രാകിയകറ്റി
മുഖം കത്തിയമരുന്ന ദിനങ്ങള്‍.
കരി പോലെ വീടണഞ്ഞു
കെട്ടു പോയ അടുപ്പൂതണം.
നാട് തെണ്ടിയെത്തും അമ്ലഗന്ധ
വാഹിക്ക് സന്ധ്യയില്‍
കലിപ്പകറ്റാന്‍ മുഖം കൊടുക്കണം.
രണ്ട് തൊട്ടി വെള്ളത്തില്‍
കഴുകിയെടുത്ത് പായ വിരിക്കണം.
ഉള്ളിലെ നെരിപ്പോടിനെ
ഊതിയൂതി കത്തിക്കാന്‍
നാട്ടിവെച്ച ഇരുകല്ലടുപ്പായ്
മലര്ന്ന്‍ കിടക്കണം.
ഊതിത്തളര്‍ന്നൊരു കിതപ്പായ്
കാല്‍ക്കീഴിലവന്‍ തളരും വരെ.

Friday, March 22, 2013

ശില്പിയും ശില്പവും





കല്ലെങ്കിലും, ചെന്നൊന്നു നുകരാന്‍
കൊതിക്കുമാ മുലയഴക് കണ്ടാല്‍.
കാറ്റ് കൊണ്ട് മതിയായെങ്കില്‍ സഖീ
കടം തരുമോ ഒരു രാത്രിയെനിക്കായ്.

കത്തിയെത്ര ദിനരാത്രങ്ങള്‍ കൊത്തി-
ക്കൊത്തിയഴക് വരുത്തുവാനീയുടല്‍...
.കിനാക്കളില്‍, സങ്കല്‍പ്പങ്ങളില്‍ വന്യ-
കാമതൃഷ്ണകളില്‍ ഉയിരിട്ടതെല്ലാം
കരാഗ്രങ്ങളിലാവാഹിച്ചു കല്ലിനെ
കരള്‍ മാന്തിപ്പറിക്കുമഴകാക്കി.
സൃഷ്ടിക്കൊടുവില്‍ തട്ടിപ്പറിച്ച പോല്‍
പടി കടത്തിയാരോ പൊതുമുതലാക്കി.
തീക്ഷ്ണമാം വെയിലില്‍ വെന്ത് വെന്ത്
കാമക്കണ്ണുകള്‍ കുടിച്ചതിന്‍ ശേഷിപ്പുമായ്
ജീവനേകുവാന്‍ നിര്‍ജ്ജീവമീ ശില്പവും
അരികില്‍ അച്ഛനോ..ദൈവമോയെന്നറി-
യാതുള്ളില്‍ മരിച്ച കമിതാവിനെയടക്കി
പെരുക്കും കമിതാക്കളെ ശപിച്ചും
പെരുകും ഇരകളെയോര്‍ത്ത് നൊന്തും
ചത്ത സംസ്കാരത്തിന്‍ കുഴിമാടത്തില്‍
ശിലാപുഷ്പമൊന്ന്‍ വെയ്ക്കട്ടെയീ ശില്പി.

Thursday, December 27, 2012

വീട് വിട്ടവ ന്‍റെ പ്രണയം.......








ഭൂമിക്ക് മുകളില്‍
വളര്‍ന്ന്‍ പന്തലിച്ച മരവും
വേരുകള്‍ ഗര്‍ഭത്തിലൊതുക്കിയ
ഭൂമിയും പ്രണയത്തിലാണ്.
ആഴങ്ങളിലേക്ക്
ആഴ്ന്നാന്നിറങ്ങുന്ന വേരുകളെ
നീരെല്ലാം ചേര്‍ത്ത് ഒട്ടിയൊട്ടി
പുണരുമ്പോള്‍ നിര്‍വൃതിയുടെ
മൂര്‍ച്ഛയിലാണ് മണ്ണും മരവും.
സാമീപ്യവും നൈരന്തര്യവും
പ്രണയത്തിന് ചില്ലകളും
ചില്ലകളില്‍ ഇലകളും
ഇലകളില്‍ നീരും നിറയ്ക്കുന്നു.
പരുപരുത്തത് ആര്‍ദ്രമാകുന്നതും
പ്രണയം പ്രണയാര്‍ദ്രമാകുന്നതും
അങ്ങനെയത്രെ.
നീരും ത്രാണിയുമില്ലാതാകുമ്പോള്‍
പ്രണയം അകന്നകന്ന്‍-മരം
ഭൂമിക്കൊരു തണല്‍ മാത്രം.
വേരുകളിലെ ഒടുക്കത്തെ അള്ളല്‍
തണല്‍ കാക്കുവാനോ
അതോ പ്രണയമോ..?


Saturday, December 1, 2012

ജനാധിപത്യം






പ്രയാസികളുടെ
അടുക്കളയും തീന്മുറിയും ചേര്‍ന്ന
ഒറ്റമുറികളിലേക്ക്
ചാവാലികളല്ല; തിന്ന് കൊഴുത്ത
വെളുത്ത നായ്ക്കളാണ്
വരുന്നത്.
അബ്ദങ്ങള്‍ക്കപ്പുറം
കുഴിച്ച് മൂടിയ
ഫ്യൂഡല്‍ ഡോബറുകളുടെ
പുതിയ പതിപ്പുകള്‍.
തീനും ഉറക്കവും രതിയും
ചര്യയാക്കിയവയുടെ
ചാവാതെ കിടന്ന ബീജങ്ങള്‍.
ബ്ഫാ…..!! കൊണ്ട് കളയെടോ
തന്‍റെ ജനാധിപത്യം..!!



Saturday, October 13, 2012

എമെര്‍ജിങ്ങ് പ്രവാസം




മറക്കാം നമുക്കീ പദവും
പദം തന്ന നോവും
കെടാതെ കാക്കാമിരുള്താണ്ടുവാനമ്മ
അബ്ദങ്ങള്മുമ്പേ കത്തിച്ച കൈചൂട്ട്.

ഉച്ചിയിലേക്കുരുട്ടിയ കല്ലുകളൊന്നുമേ
ഭ്രാന്തന്റെ കല്ലായ് ഗണിച്ചതില്ലാരുമേ..
കാമമേഘങ്ങള്തീണ്ടുന്ന കല്ലുകള്
മോഹവ്യാമോഹങ്ങള്തന്ബിംബങ്ങള്.
മലമുകളിലിന്നുമാ കല്ലിന്നുടമ
ചാപിള്ളകള്തന്പ്രതീകം..!!

മരുക്കടലില്നീന്താനറിയണം
മരുമണ്ണ് തിന്ന് വിശപ്പകറ്റാനും.
മനഃചിത്രങ്ങള്മണലിട്ടു മൂടണം
മിഴി നിറയാതെ നോക്കണമൊരിക്കലും.

നവാവിര്ഭാവങ്ങളിലൂടുണരുന്ന നാട്ടില്
നവജാതരെങ്കിലും കൊത്തുമോ കതിരുകള്‍.?
ദേശാടനക്കിളികള്കൊയ്ത വയലുകളില്
പതിര് തിരയുവാനാകുമോയിനിയും തലവിധി?
ഒരു കൈച്ചൂട്ടിന്വെളിച്ചത്തില്
ഒരു ജീവിതം നടന്ന് തീര്ത്തവര്
പടരുമിരുട്ടിലേക്കിനിയുമില്ലൊരു
തുമ്പോലത്തുമ്പും കത്തിച്ച് നീട്ടുവാന്‍.


ചിത്രം - കടപ്പാട് : ഗൂഗിള്‍ ഇമേജ്