Wednesday, December 2, 2009

മലയിറങ്ങുന്ന ജിന്നുകള്‍ ( കഥ )

സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധമുള്ള പുകച്ചുരുളുകള്‍ക്കുള്ളില്‍,ചെരിഞ്ഞാടിക്കത്തുന്ന നിലവിളക്കിന്റെ മഞ്ഞ വെളിച്ചത്തില്‍ ,കരിംപച്ച കരയുള്ള കാച്ചിത്തുണിയും പെണ്‍കുപ്പായവുമിട്ട ആമിന അര്‍ദ്ധബോധാവസ്ഥയില്‍ മലര്‍ന്ന് കിടന്നു. ശില്പ സൗന്ദര്യമുള്ള അവളുടെ ശരീരത്തിന് മുന്നില്‍ ആളിക്കത്തുന്ന ചെറിയൊരു ഹോമകുണ്ഡത്തിനപ്പുറം നീട്ടി വളര്‍ത്തിയ താടിയും തലയില്‍ തൊപ്പിയുമുള്ള ബുഖാരി തങ്ങള്‍ തടിച്ച ചുണ്ടുകളനക്കി മന്ത്രങ്ങളുരുവിട്ടു.
ശക്തിയായ ശ്വാസോച് ഛാസത്തില്‍ ഉയര്‍ന്ന് താഴുന്ന ആമിനയുടെ മാറിടവും ആലസ്യത്തില്‍ കാലിളകുമ്പോള്‍ സ്ഥാനം തെറ്റുന്ന കാച്ചിത്തുണിയും ബുഖാരിത്തങ്ങളുടെ മന്ത്രങ്ങള്‍ ഉച്ചത്തിലാക്കി. ഉച്ചസ്ഥായിയിലുള്ള മന്ത്രങ്ങള്‍ക്കിടയില്‍ ബുഖാരിത്തങ്ങള്‍ തൊപ്പിയഴിച്ച് പീഠത്തില്‍ വെച്ചു. വെളുത്ത നീളന്‍ കുപ്പായം ചുമരിലെ ആണിയില്‍ തൂക്കി. കയ്യിലെ ചൂരല്‍ കൊണ്ട് ഭിത്തിയില്‍ തലങ്ങും വിലങ്ങും അടിച്ചു.

നിലവിളക്കില്‍ നിന്നും ഹോമകുണ്ഡത്തില്‍ നിന്നും പരക്കുന്ന സ്വര്‍ണ്ണ നിറമുള്ള വെളിച്ചത്തില്‍ സ്ഥാനഭ്രംശം വന്ന കാച്ചിത്തുണിക്കുള്ളില്‍ പാതിയുരിഞ്ഞ പൂവന്‍പഴം പോലെ ആമിന...!!

ബുഖാരിത്തങ്ങളുടെ മന്ത്രങ്ങളുരുവിടുന്ന ചുണ്ടുകളിലൂടെ ഉമിനീര് ഒലിച്ചിറങ്ങി.
ആമിനയുടെ കാച്ചിത്തുണി മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. മറ്റൊരു തുണിയായി അയാള്‍ ആമിനയെ ചുറ്റി വരിഞ്ഞു. ആമിനയുടെ അരയിലെ ഏലസ്സുകളില്‍ ജപിച്ച് കെട്ടിയൊതുക്കിയ ജിന്നുകള്‍ കെട്ടുകള്‍ ഓരോന്നായ് പൊട്ടിച്ച് നൃത്തം വെച്ചു.!

പുറത്ത് -ബുഖാരിത്തങ്ങളുടെ മുരീദ് പറയുന്ന ജിന്നുകളുടെ കഥകള്‍ കേട്ട് അവറുട്ടി കണ്ണ് മിഴിച്ചിരുന്നു.

" അനക്ക് മക്കളുണ്ടാവൂല്ലാന്ന് ആരാ പറഞ്ഞീ..? "

"ലാക്കിട്ടര്....""ഊം....ലാക്കിട്ടര്....ഓല്ക്ക് ബേണങ്കീ...മൂപ്പര് മക്കളെ.. ണ്ടാക്കി കൊട്ക്കും....അറ്യൊ...അനക്ക്...?"

"പിന്നല്ലാണ്ട്....? ഞ്ഞമ്മക്കറീലേ..."

" ഊം..അതാ...ഇജ്ജ് നോക്കിക്കോ...ഇന്നക്ക് പത്ത് മാസം തേച്ച് ബേണ്ടാ...അന്റെ ആമിന പെറും......!! ജിന്നുകളെ കയ്യിലിട്ട് കളിക്കുന്ന മൂപ്പരോടാ..കളി....!"
അവറുട്ടി മുരീദിന്റെ വര്‍ത്തമാനം കേട്ട് അന്ധം വിട്ടിരുന്നു.
അറയുടെ വാതില്‍ തുറന്ന് ഗാംഭീര്യത്തോടെ ബുഖാരിത്തങ്ങള്‍ ഇറങ്ങി വന്നു. തങ്ങളെ കണ്ടപ്പോള്‍ മുരീദും അവറുട്ടിയും സംസാരം നിര്ത്തി എഴുന്നേറ്റ് നിന്നു.
"അന്റെ പെണ്ണ് പെറ്റോളും....ഓളെ മേല് കൂടീര്ന്ന ഒരു കാഫിര്‍ ജിന്നിന്റെ ഹിക്ക്മത്തേര്‍ന്ന്....അത് ഞമ്മള് എറക്ക്യേര്ക്കെണ്....ന്താ..പോരെ...?"“
ഓ..അത് മതി തങ്ങളേ..”. അവറുട്ടിയുടെ തൊണ്ടയിടറി.
"കൊറച്ച് കയ്ഞ്ഞാ...ഓള് വന്നോളും..., ഇപ്പം നേര്യേ...മയ്ക്കത്തിലാ..എടങ്ങറാക്കണ്ടാ.......ന്താ..?"

"ഓ...അങ്ങനന്നേ...തങ്ങളേ...."
"മുല്ലാക്കാ...ഇന്നിനി ആരേം നോക്കണില്ലാ....ബരണോരോട് നാളെ ബരാന്‍ പറേയ്....."
ബുഖാരിതങ്ങള്‍ കുളപ്പുരയിലേക്ക് നടന്നു.

വയലിനപ്പുറത്തെ തൊടിയില്‍ വരിക്കപ്പ്ളാവിന്റെ ചുവടു ചേര്ന്ന് ചെറ്റപ്പുരയില്‍ ആമിനക്കും ആടുകള്‍ക്കും കാവലായി അവറുട്ടി. പെറ്റ ആടുകളെ കറന്നും തീറ്റിയും ചെന പിടിച്ച ആടുകള്‍ക്ക് പരിരക്ഷ നല്കിമയും അവറുട്ടി ജീവിച്ചു.

സുന്ദരിയായ ആമിനക്ക് പിന്നെയും പിന്നെയും ദീനം വന്നു.ബുഖാരിത്തങ്ങളുടെ കിര്ഫ. അദ്ധേഹം മന്ത്രിച്ചൂതി ആധികളകറ്റി, വ്യാധികളകറ്റി.
ആമിനയുടെ വയറ് വീര്‍ക്കുന്തോറും അവറുട്ടിയുടെ നെഞ്ച് തുടിച്ചു. തങ്ങളുടെ ശുശ്രൂഷയ്ക്കായുള്ള രാത്രിസഞ്ചാരവും നിലച്ചു.

" ആമിനാക്കിപ്പോ...എത്രേണ്ടാ..യിത് മാസം....'" മുരീദിന്റെ ചോദ്യം.
പുഴുക്കുത്തേറ്റ പല്ല് കാട്ടി അവറുട്ടി ചിരിച്ചു.
"എട്ടാവണ്...."
"കണ്ടജ്ജ്...തങ്ങള്ടെ വൗസ്.....താ യിപ്പറേണത്...മരുന്നുണ്ടായാ പോരാ.. അത് കൊടുക്കനറീണം...അവറുട്ട്യേ.... ഞമ്മളെ തങ്ങക്കറീണതും അതാ...."
"അതന്നേ...." അവറുട്ടി പിന്നെയും ചിരിച്ചു.

കോലായിലിരുന്ന് ആടുകളോട് കിന്നാരം പറയുന്ന അവറുട്ടിയെ അയ്സാത്ത ശകാരിച്ചു.
"ഒരുത്തി കെടന്ന് പൊളേമ്പളാ...അന്റെ കളി..."
അവറുട്ടി കണ്ണ് മിഴിച്ച് അയ്സാത്തയെ നോക്കി.
"മിയ്ച്ച് നിക്കാണ്ട് തങ്ങളെര്ത്ത്ന്ന് ബെത്തില മന്തിരിച്ച് കൊണ്ടായോ....ഓള്ക്ക് ബരത്തം ബന്നേക്കണ്...."
നിലത്ത് വിരിച്ചിട്ട ഓലപ്പായയില്‍ കാലുകളകത്തി, ഉത്തരത്തില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന കയറില്‍ പിടിച്ച് ആമിന വിയര്പ്പില്‍ കുളിച്ച് കിടക്കുന്നു.
"കുന്തം മുണുങ്ങ്യേ ന്ത്യേ...നിക്കാണ്ട് ബേഗം ബെത്തില മന്തിരിപ്പിച്ച് കൊണ്ടാ...ന്റെ...ബദ്രീങ്ങളേ...മാസോം തേഞ്ഞില്ലല്ലാ......... പടച്ചോനേ..."

അവറുട്ടി വയല്‍ വരമ്പിലൂടെ ഓടി.അയ്സാത്ത ആമിനക്ക് അരികിലിരുന്ന് *നഫീസത്ത് മാല നീട്ടിച്ചൊല്ലി.
അസര്‍ നമസകരിക്കുന്ന ബുഖാരിത്തങ്ങളുടെ നമസ്കാരം കഴിയുന്നത് വരെ അവറുട്ടി മുറ്റത്ത് നിന്നു. നമസ്കാരം കഴിഞ്ഞ് ചാരുകസേരയിലിരുന്ന് ബുഖാരിത്തങ്ങള്‍ ചോദിച്ചു.
" ഊം...ന്താ അവറുട്ട്യേ...."തല ചൊറിഞ്ഞ് നിലത്ത് നോക്കി അവറുട്ടി പറഞ്ഞു.
"ഓള്ക്ക് ബരത്തം തൊടങ്ങീക്കണ്....ഇച്ചിരി ബെത്തില മന്തിരിക്കണം..."
" റജബ്... ശ അബാന്‍ ....റമളാന്‍....ശവ്വാല്‍..."തങ്ങള്‍ കൈവിരലുകളില്‍ മാസങ്ങളെണ്ണി.
"ഊം..ഒമ്പത് മൂത്തട്ടില്ലാലേ...."
അവറുട്ടി കെട്ട പല്ല് കാട്ടി ചിരിച്ചു.
ബുഖാരിത്തങ്ങള്‍ മന്ത്രിച്ചു കൊടുത്ത വെത്തിലയുമായി അവറുട്ടി പാടവരമ്പിലൂടെ ഓടി. കുടിലില്‍ നിന്ന് ആമിനയുടെ കരച്ചിലും കേള്‍ക്കാം. പാടത്ത് മേഞ്ഞിരുന്ന ആമിനയുടെ ആടുകള്‍ ഉറക്കെ കരഞ്ഞ് അവറുട്ടിയുടെ പുറകെ ഓടി.
അവറുട്ടി കൊടുത്ത വെത്തില ചവച്ചിറക്കി വേദന കടിച്ചമര്ത്തി ആമിന കിടന്നു.

വാതില്‍പ്പടിയില്‍ സങ്കടപ്പെട്ട് നില്ക്കുന്ന അവറുട്ടിയുടെ മുഖത്ത് നിറകണ്ണുകളോടെ അവള്‍ നോക്കി. ജീവിതത്തില്‍ ഒരിക്കല്‍ പോലും ആത്മാര്‍ത്ഥമായി താന്‍ സ്നേഹിച്ചിട്ടില്ലാത്ത അവറുട്ടിയുടെ മുഖത്തെ ഭാവങ്ങള്‍ അവള്‍ ആ വേദനക്കിടയിലും വായിക്കാന്‍ ശ്രമിച്ചു. പൊട്ടനാണെങ്കിലും തന്നെക്കാള്‍ നിഷകളങ്കനായ ഒരു പാവം മനുഷ്യന്‍.! തന്റെ ആടുകള്‍ക്കും തനിക്കും കാവലായി ജീവിക്കുന്ന മനുഷ്യന്‍...!
ആമിന ആദ്യമായി അവറുട്ടിയെ ഓര്‍ത്ത് കരഞ്ഞു.
ബുഖാരിത്തങ്ങളുടെ ബലിഷ്ടമായ പൗരുഷം ഒരു വെത്തിലയില്‍ ഊതിയൊതുക്കിയപ്പോള്‍ അവള്‍ അവളെത്തന്നെ വെറുക്കാന്‍ തുടങ്ങി. താനിപ്പോള്‍ ചവച്ച് നീര് കുടിച്ചിറക്കുന്നതും അയാളുടെ വായുവാണെന്നോര്‍ത്തപ്പോള്‍ ആ വെറുപ്പിന് തീവ്രതയേറി.

മുട്ടനാടിന്റെ മണമായിരുന്നു അവറുട്ടിക്ക്.!
മരണം നടന്ന വീടുകളില്‍ മയ്യത്ത് കുളിപ്പിക്കാനും ഖബര്‍ കിളക്കാന്‍ സഹായിച്ചും നടന്നിരുന്ന അവറുട്ടിക്ക് മയ്യത്തിന്റെ മണമായിരുന്നെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ട്. അത്തറിന്റെയും പനിനീരിന്റേയും സമ്മിശ്ര ഗന്ധത്തില്‍ വെളുത്ത വസ്ത്രത്തില്‍ *കഫന്‍ ചെയ്യപ്പെട്ട മയ്യത്തുകളുടെ ആത്മാവുകള്‍ അവറുട്ടിയുടെ ചുറ്റും നൃത്തം വെയ്ക്കുന്നതായി കണ്ട് അവള്‍ ഭയന്നിരുന്നു.

എന്നാല്‍ ഇതെല്ലാം അതിന്റെ പാരമൃതയിലെത്തിയത് ബുഖാരിത്തങ്ങളുടെ മന്ത്രണങ്ങള്‍ക്ക് ശേഷമായിരുന്നെന്നും അവള്‍ അറിയുന്നു. മക്കത്ത് നിന്ന് കൊണ്ടു വന്ന ജന്നത്തുല്‍ ഫിര്‍ദൗസിന്റെ സുഗന്ധവും രോമ നിബിഢമായ വിരിഞ്ഞ നെഞ്ചും, *ഇഫ്രീത്ത് രാജന്റെ കോട്ടയില്‍ നിന്നെത്തിയ കിനാവുകളിലെ ജിന്നിനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു.
ആരും കൊതിക്കുന്ന ആ മൊഞ്ചിന് മുന്നില്‍ അര്‍ദ്ധമയക്കത്തിലും ഉണര്‍ന്നിരിക്കുന്ന ഉപബോധ മനസ്സ് *മഗ്രിബിലെ സെയ്ത്തൂണ്‍ കായയില്‍ നിന്ന് കിനിയുന്ന എണ്ണ പോലെ സ്വയം കിനിഞ്ഞ് വഴുതുകയും വഴങ്ങുകയുമായിരുന്നു...!!

കോലായില്‍ കുന്തക്കാലില്‍ തല കുനിച്ചിരിക്കുന്ന അവറുട്ടിയെ ആമിനക്ക് കാണാം. അയ്സാത്ത നഫീസത്ത് മാല രണ്ട് തവണ ഓതിക്കഴിഞ്ഞിരിക്കുന്നു.

"ഖോജ രാജാവായ റബ്ബേ.....ശതിക്കല്ലേ...രണ്ടും രണ്ടെടത്താക്കി തരണേ..."അയ്സാത്തയുടെ പ്രാര്‍ത്ഥന!
അന്തിച്ചോപ്പ് മാഞ്ഞു.
പുറത്തെ ഇരുട്ടില്‍ ചന്നം പിന്നം ചാറ്റല്‍ മഴ.
ഇടയ്ക്ക് തെക്ക് നിന്ന് പുഴ കടന്നെത്തുന്ന ശക്തമായ തണുത്ത കാറ്റ്. മുനിഞ്ഞ് കത്തുന്ന ചിമ്മിനി വിളക്കിന്റെ തരളിതമായ പ്രകാശത്തില്‍ ആമിനയുടെ വിളറിയ മുഖം. കഴുക്കോലില്‍ നിന്ന് തൂങ്ങുന്ന കയറിപ്പോള്‍ അനാഥമാണ്.
പുറത്ത് നിന്ന് അടിയ്ക്കുന്ന കാറ്റില്‍ ആമിനയുടെ തലക്ക് മുകളില്‍ അത് ആടുന്നു. കയറ് പിടിക്കാനുള്ള ത്രാണിയില്ലാതെ ആമിനയുടെ കൈകള്‍ വശങ്ങളിലേക്ക് വീണ് കിടക്കുന്നു.വേദന തിന്ന് പാതിപ്രാണനായ ആമിനക്കിപ്പോള്‍ ശബ്ദവുമില്ലാതായിരിക്കുന്നു. ബദ്രീങ്ങളെ വിളിച്ച് കരയുന്ന അയ്സാത്തയുടെ ശബ്ദം മാത്രം പുറത്തെ മഴയിലേക്ക് തെറിച്ച് വീഴുന്നു.
കൂട്ടില്‍ നിന്ന് ആമിനയുടെ ആടുകള്‍ ഉച്ചത്തില്‍ കരഞ്ഞു. അവറുട്ടി ദേഷ്യത്തോടെ അവയെ നോക്കി. മിണ്ടാപ്രാണികള്‍ക്ക് *അസ്രായീലിന്റെ വരവ് കാണാനാവുമെന്ന് മുരീദ് പറഞ്ഞ് അവറുട്ടി കേട്ടിട്ടുണ്ട്.
വീണ്ടും ഉച്ചത്തിലുള്ള കരച്ചില്‍.
ഇപ്പോളത് കൂരയ്ക്കുള്ളില്‍ നിന്നാണ്. അയ്സാത്തയാണ് നിലവിളിക്കുന്നത്. അവറുട്ടി ഓടി വാതിലിന്നടുത്തെത്തി.
"പോയി ...ന്റെ കുട്ട്യേ....പച്ച മടലിന്റെ ചേല്ക്ക്ള്ള ഒര് ബാല്യക്കാര്യല്ലെ അള്ളാ....ഈ കെടക്കണേ....ശതിച്ചല്ലാ..ബദ്രീങ്ങളെ...ഏതെങ്കിലൂ ഒന്ന് ബാക്ക്യാക്കാര്ന്നിണല്ലേ ന്റെ റബ്ബേ...."
അവറുട്ടി സ്തബ്ധനായി ചെറ്റയില്‍ പിടിച്ച് നിന്നു.
പായയില്‍ തളം കെട്ടിയ രക്തം പുറത്തേക്ക് ചാലിടുന്നു. പൊക്കിള്കൊടി അറുക്കപ്പെടാത്ത നിശ്ചലമായ ഒരു ചോരക്കുഞ്ഞിന്റെ മുഖം അവറുട്ടി നോക്കിയില്ല. അതിനുള്ള ശക്തി ഇല്ലായിരുന്നു അവറുട്ടിക്ക്.
ഏറെ നേരം ആമിനക്കരികില്‍ അനക്കമില്ലാതെ ഇരുന്നു അവറുട്ടി. പിന്നെ ആമിനയുടെ കൈതലം കയ്യിലെടുത്ത് തന്റെ നെഞ്ചോട് ചേര്ത്ത് മഴ പെയ്യും പോലെ കരഞ്ഞു.ആമിനയുടെ ഇരു കൈകളും തമ്മില്‍ പിണച്ച് അവളുടെ മാറത്ത് ചേര്‍ത്ത് വെച്ചു.
മിഴിച്ചിരിക്കുന്ന അയ്സാത്തയെ ദയനീയമായി നോക്കി ..
"അയ്സാത്താ.....നിക്കൊരു പൂവമ്പയം തരോ....!!!!!"

ആശ്ചര്യത്തോടെ തന്നെ നോക്കുന്ന അയ്സാത്തയെ ശ്രദ്ധിക്കാതെ അവറുട്ടി പുറത്തെ മഴയിലേക്കിറങ്ങി. ആട്ടിന്‍ കൂടിനരികില്‍ വെച്ചിരുന്ന തൂമ്പയെടുത്ത് മഴയിലൂടെ നടന്നു.

മഴ തോര്ന്ന പുലരിയില്‍ -
ആമിനയുടേയും കുഞ്ഞിന്റേയും മരണവാര്‍ത്ത നാടറിഞ്ഞു. നാട്ടുകാരറിഞ്ഞു.
പള്ളിക്കാട്ടില്‍ മുട്ടോളം മഴവെള്ളം നിറഞ്ഞ രണ്ട് ഖബറുകള്‍ കണ്ട് ജനം അമ്പരന്നു..!!
അവറുട്ടിയെ മാത്രം ആരും കണ്ടില്ല. കിഴക്ക് വെള്ള കീറുന്നതിന് മുമ്പ് അവറുട്ടി തൂമ്പയുമായി കിഴക്കന്‍ മല കയറുന്നത് കണ്ടവരുണ്ടത്രെ...!! പിന്നെയാരും അവറുട്ടിയെ കണ്ടിട്ടില്ല!

കിഴക്കന്‍ മല ചുറ്റി വരുന്ന കാറ്റിന് ചിലപ്പോളൊക്കെ മുട്ടനാടിന്റെ മണമാണത്രെ. അന്നേ ദിവസം ഒരു മുഴുത്ത പൂവമ്പഴവും മൂന്ന് യാസീനും "അവറുട്ടിമൂപ്പരുടെ" പേര്‍ക്ക് നേര്‍ച്ചയായി നിയ്യത്ത് ചെയ്താല്‍ ഏത് കൊടിയ "ബലാല് മുസീബത്തും "കടുത്ത ദീനവും മാറുമെന്ന് നാട്ടിലെ ജനങ്ങള്‍ അടക്കം പറയുന്നു...!!അല്ല; അതൊരു സുദൃഢമായ വിശ്വാസമായിരിക്കുന്നു..!!*******************************************************

മുരീദ് = ശിഷ്യന്‍കഫന്‍ = സംസ്കരിക്കാന്‍ ദേഹം പൊതിഞ്ഞ് കെട്ടുന്ന രീതി.അസ്രായീല്‍ = മരണത്തിന്റെ മലക്ക്.മഗ് രിബ് = ഇന്നത്തെ മൊറോക്കൊ എന്ന രാജ്യം.നിയ്യത്ത് = മനസ്സില്‍ കരുതുക. ( വഴിപാട് നേരുക )ഇഫ്രീത്ത് = ജിന്നുകളുടെ രാജാവ്.

14 comments:

  1. ബ്ലോഗ്‌ കളില്‍ വളരെ സാധാരണമല്ലാത്ത ശക്തമായ ഭാഷ... വളരെ നന്നായിരിക്കുന്നു..
    !!! ആശംസകള്‍ !!!

    ReplyDelete
  2. നന്ദി. ദിവാരേട്ടാ,,,,
    നല്ല വായനയ്ക്കും അഭിപ്രായത്തിനും.

    ReplyDelete
  3. മനസ്സില്‍ ഒരു നീറ്റലായ് പടര്‍ന്നു കേറുന്ന കഥ...
    മനോഹരം ..ആയാസമായ ശൈലി..ഒരിക്കല്‍ പോലും കഥയില്‍ നിന്നു പുറത്ത്‌ പോകാതെ
    വായിച്ചു ..പിന്നെയും വായിച്ചു..
    ഒരിക്കല്‍ കൂടി പറയുന്നു അടുത്ത കാലത്ത് വായിച്ച നല്ലൊരു കഥ ...
    ആശംസള്‍ സൈനുദ്ധീന്‍

    ReplyDelete
  4. മനോഹരമായ ശൈലി..കൂട്ടം വിട്ടതിനു ശേഷം ആദ്യമായാണ് നിങ്ങള്‍ടെ ബ്ലോഗില്‍..ഈ കഥകള്‍ ഒക്കെ പ്രസിദ്ധീകരിക്കാതെ പോകുന്നത് വായനക്കാര്ടെ നഷ്ടമാണ്

    ReplyDelete
  5. ശ്രീദേവി കൂട്ടത്തില്‍ ഉണ്ടായിരുന്നൊ..? അതൊ വാക്കിലോ..എവിടെയൊ ഓര്‍മ്മയുണ്ട് ഈ പേര്.
    പ്രസിദ്ധീകരണത്തിന് അയക്കാറില്ല.
    വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
    ശ്രീ. ഗോപിയ്ക്കും എന്റെ സ്നേഹം,നന്ദി.

    ReplyDelete
  6. ശൈലിയും കഥയും നന്നായി ആസ്വദിച്ചു..

    ReplyDelete
  7. വളരെ ആകര്‍ഷണീയമായ ശൈലി കഥയുടെ അവസാനം വരെ നിലനിര്‍ത്തി.
    മനോഹരമായ ഒരു നല്ല കഥ

    ReplyDelete
  8. ശ്രീ.ഏറനാടനും തെച്ചിക്കോടനും എന്റെ നന്ദി.
    ഇനിയും ഇതു വഴി വരുമെന്ന് പ്രത്യാശിയ്ക്കുന്നു.

    ReplyDelete
  9. സൈനുദീന്‍...

    മനോഹരമായ ഒരു കഥമാത്രമല്ലിതു ..

    ഒരു സംസ്കൃതിയുടെ നിഷ്കളങ്കതയും അതിനകത്തെ ബുഹാരിമാരുടെ ചൂഷിത വക്രതകളും അന്ധവിശ്വാസങ്ങളുമെല്ലാം അടുക്കിവച്ചിരിക്കുന്നു...

    ഭാവുകങ്ങള്‍....

    ReplyDelete
  10. വളരെ മനോഹരമായ ആവിഷ്കാരം. അവറുട്ടിയും ബുകാരിതങ്ങളും ആമിനയുമൊക്കെ നമുക്കിടയില്‍ ജീവിക്കുന്നവര്‍ തന്നെ. അവറുട്ടി മൂപ്പരുടെ പേരില്‍ പൂവന്‍പഴം നേര്‍ച്ച നേര്‍ന്നാല്‍ ഫലം ഉണ്ടാകുമെന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞു തുടങ്ങുന്നിടത്ത് കഥ അവസാനിക്കുമ്പോള്‍ കഥാകൃത് അന്തവിശ്വാസങ്ങളും ചൂഷണങ്ങളും തുടര്‍ക്കഥയാകുന്ന യാഥാര്‍ത്യത്തിലേക് നമ്മെ മടക്കി വിളിക്കുന്നു. ജിന്നുകളുടെ കഥ പറഞ്ഞ സൈനുദ്ധീന്‍ ഖുറൈഷിക്ക് ആശംസകള്‍

    ReplyDelete
  11. നന്ദി.
    പ്രിയ അക്ബര്‍, അക്ബര്‍ എം.എ.
    വായനയ്ക്കും അഭിപ്രായത്തിനും വളരെ സന്തോഷം.

    ReplyDelete
  12. ഇത് നല്ലൊരു കഥ തന്നെയെന്നതില്‍ സംശയമില്ല. പുറം ചൊറിച്ചില്‍ കുറവായതിനാല്‍ കമന്റ്സ് കുറയുന്നുവെന്നേയുള്ളു.

    ഇത് പോലൊരു കഥ എഴുതി സംവിധാനിച്ചഭിനയിച്ചിട്ടുണ്ട് എന്റെ മൂത്താപ്പ. അതില്‍ നായിക(നിലമ്പൂര്‍ സീനത്ത്) ആത്മഹത്യ ചെയ്യുന്നതായിരുന്നു ക്ലൈമാക്സ്.

    ReplyDelete
  13. നന്നായി അവതരിപ്പിച്ചിട്ടുണ്ട്

    ഇപ്പോൾ പാവം ജനങ്ങളെ പറ്റിച്ച് ജിന്നിനെ വരെ പൂജിക്കാമെന്നല്ലേ അഭിനവ ഉത്പതിഷ്ണുക്കൾ പറയുന്നത്. കഷ്ടം

    ReplyDelete
  14. നല്ല കഥ ആശംസകള്‍

    ReplyDelete